Tuesday, April 30, 2024

ad

Homeപ്രതികരണം‘ഉയരാം ഒത്തുചേർന്ന് ’

‘ഉയരാം ഒത്തുചേർന്ന് ’

പിണറായി വിജയൻ

ല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്നതാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ പ്രധാന ലക്ഷ്യം. ‘ഉയരാം ഒത്തുചേര്‍ന്ന്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംസ്ഥാനത്താകെ ഒക്‌ടോബര്‍ 2 മുതൽ 16 വരെ സംഘടിപ്പിക്കുന്നത്. പൊതുസമൂഹത്തിന്റെയാകെ പിന്തുണയോടെയാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കേണ്ടത്. അവര്‍ക്കുവേണ്ടി വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മികവുറ്റ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തില്‍ പട്ടികജാതി – പട്ടികവര്‍ഗ – പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ പദ്ധതികളെല്ലാം ‘ഉന്നതി’ എന്ന കുടക്കീഴിലാണ് ഇപ്പോള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി വിവിധ വികസന-ക്ഷേമ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

2025 നകം ഭൂരഹിതരായ, ഭവനരഹിതരായ എല്ലാ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നുള്ളത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. എല്ലാ പട്ടിക വര്‍ഗക്കാര്‍ക്കും ഭൂമിയുള്ള ജില്ലയായി ഇതിനോടകം തിരുവനന്തപുരത്തെ മാറ്റിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ അതിനുവേണ്ടി കൈക്കൊണ്ടിട്ടുള്ള നടപടികള്‍ ഊര്‍ജ്ജിതമായി മുന്നോട്ടു പോവുകയാണ്.

നൈപുണ്യ വികസനം ഉറപ്പുവരുത്തിയും, തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളെ ഒരേസമയം തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരള എംപവര്‍മെന്റ് സൊസൈറ്റി രാജ്യത്തിനാകെ മാതൃകയാണ്. അതുപോലെ തന്നെ അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ പരിശീലനവും നൈപുണ്യ വികസനവും പ്രവൃത്തി പരിചയവും നല്‍കാനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കു കീഴില്‍ രണ്ടു വര്‍ഷ കാലയളവിലേയ്ക്ക് ഓണറേറിയം നല്‍കി അവരെ നിയമിക്കുന്ന ട്രേസ് – ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്‌സലന്‍സ് – എന്ന പദ്ധതിയും മാതൃകാപരമാണ്. ഇവ രണ്ടും കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഉപകരിച്ചിട്ടുണ്ട്.

500 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഒരുമിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നല്‍കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രത്യേക റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തി കേരള പി എസ് സി വഴിയാണ് ഇവര്‍ക്ക് നിയമനം നല്‍കിയത്. ഇതേ മാതൃകയില്‍ തന്നെ എക്‌സൈസ് ഗാര്‍ഡായി 100 പട്ടികവര്‍ഗ വിഭാഗക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.

ലോകത്തിന്റെ ഏതു കോണിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവസരങ്ങളും കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കു പ്രാപ്യമാക്കാനായി വിദേശ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുകയാണ്. ഇതിലൂടെ ഇതുവരെ 425 വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പഠനത്തിന് അവസരം ലഭിച്ചിട്ടുണ്ട്. 10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വ്വീസിലേക്ക് എത്തിക്കുന്നതിനുവേണ്ട പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്തുള്ള ഏത് പരിശീലന കേന്ദ്രത്തിലും പഠനം നടത്താന്‍ വേണ്ട സ്‌കോളര്‍ഷിപ്പ് സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്.

ഐ ഐ എം, ഐ ഐ ടി, എന്‍ ഐ എഫ് ടി ഉള്‍പ്പെടെയുള്ള സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സി എ, ഐ സി ഡബ്ല്യൂ എ, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്‌സുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ സര്‍വകലാശാലകളിലും വൊക്കേഷണല്‍ ട്രെയിനിങ് സ്ഥാപനങ്ങളിലും മെറിറ്റ്-റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്കുകൂടി സ്‌കോളര്‍ഷിപ്പ് ലഭ്യമാകുന്ന രീതിയില്‍ സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ള പഠനത്തിനും ഇപ്രകാരം സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുകയാണ്. ഇതിന്റെ ഫലമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്താന്‍ കഴിയുന്ന സാഹചര്യം ഒരുങ്ങിയിട്ടുണ്ട്.

രണ്ടര ലക്ഷത്തിനുമേല്‍ വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചപ്പോള്‍ സംസ്ഥാന ബജറ്റില്‍ അധിക തുക വകയിരുത്തി വരുമാനഭേദമില്ലാതെ എല്ലാ പട്ടികജാതി – പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്. കൂടാതെ, ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളിലെ പിന്നാക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്നിരുന്ന സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയപ്പോള്‍ അവര്‍ക്കുവേണ്ട അധിക തുകയും ബജറ്റില്‍ വകയിരുത്തി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ചെയ്തത്.

പഠനമുറി പദ്ധതിയും രാജ്യത്തിനാകെയുള്ള മറ്റൊരു മാതൃകയാണ്. 8 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം നല്‍കിവന്നിരുന്ന പഠനമുറി പദ്ധതി വിപുലീകരിച്ച് 5 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലെയും കേന്ദ്രീയ വിദ്യാലയത്തിലെയും വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കണക്ടിവിറ്റി ഇല്ലാതിരുന്ന 1,284 ഊരുകളില്‍ 1,083 ലും ഇന്റര്‍നെറ്റ് സൗകര്യം എത്തിച്ചിട്ടുണ്ട്. ഇടമലക്കുടിയില്‍ മാത്രം കണക്ടിവിറ്റി ഉറപ്പുവരുത്താനായി 4.31 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ഈ വര്‍ഷാവസാനത്തോടെ എല്ലാ ഊരുകളിലും കണക്റ്റിവിറ്റി എത്തിക്കാന്‍വേണ്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്.

സംസ്ഥാനത്തെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനും, അവ സുരക്ഷിതമായി ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് എ ബി സി ഡി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ഇതിനോടകം തന്നെ വയനാട്, പാലക്കാട് ജില്ലകളില്‍ പൂര്‍ത്തീകരിക്കപ്പെട്ട ഈ പദ്ധതി മറ്റെല്ലാ ജില്ലകളിലും പൂര്‍ത്തീകരണത്തോടടുക്കുകയാണ്. ഇതില്‍ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്. എജ്യൂക്കേഷന്‍, എംപ്ലോയ്‌മെന്റ്, എംപവര്‍മെന്റ് എന്നീ മൂന്ന് അടിസ്ഥാന ശിലകളില്‍ ഊന്നിനിന്നുകൊണ്ട് പട്ടികജാതി-, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളുടെ സമഗ്രമായ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന വിവിധ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കിവരുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ മികച്ചതാണ് പട്ടിക-പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിതനിലവാരം.

അത് കുറേക്കൂടി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. പല സംസ്ഥാനങ്ങളിലും അക്രമങ്ങള്‍ക്കും, പീഡനങ്ങള്‍ക്കും വിധേയരായി അവര്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വരുമ്പോള്‍ കേരളം അവര്‍ക്ക് സുരക്ഷിതമായ ഇടം ഉറപ്പുവരുത്തി ഒപ്പം നിര്‍ത്തുകയാണ്. വിവിധ ജാതി-–മത സമൂഹങ്ങളെ ഒരുമിച്ചുചേര്‍ത്ത് ഐക്യത്തിന്റെ കെടാവിളക്കുകള്‍ കേരളത്തില്‍ തെളിയിച്ച നവോത്ഥാന നായകരാണ് അയ്യാ വൈകുണ്ഠ സ്വാമിയും അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും എല്ലാം. എന്നാല്‍, കേരളം ആര്‍ജ്ജിച്ച ഈ നേട്ടങ്ങളെ എല്ലാം അട്ടിമറിക്കാന്‍ ജാതി-–മത ഭേദത്തിന്റെ പിന്തിരിപ്പന്‍ ചിന്തകളെ വളര്‍ത്തുന്ന പ്രവണതകള്‍ പലയിടങ്ങളിലും തലപൊക്കുന്നുണ്ട്. അവയെയെല്ലാം മുളയിലേ നുള്ളിക്കളയാന്‍ നമുക്കു കഴിയണം. അതിനായി കേരളീയ സമൂഹമാകെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. നവോത്ഥാന കേരളത്തിന്റെ ആശയങ്ങളെ കാലാനുസൃതമായി നവീകരിച്ച് അവതരിപ്പിക്കുന്ന നവകേരളത്തിന്റെ ഒരു വലിയ മുന്നേറ്റമായി ഐക്യദാര്‍ഢ്യ പക്ഷാചരണം മാറണം. അതുവഴി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അയിത്തത്തെയും എല്ലാം നമ്മുടെ മനസ്സുകളിലും സമൂഹത്തിലും നിന്ന് ഒഴിവാക്കാന്‍ കഴിയണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − 14 =

Most Popular