Saturday, November 23, 2024

ad

Homeകവര്‍സ്റ്റോറിസഖാവ് സീതാറാമിന് ശ്രദ്ധാഞ്ജലി

സഖാവ് സീതാറാമിന് ശ്രദ്ധാഞ്ജലി

പ്രകാശ് കാരാട്ട്

ഖാവ് സീതാറാം യെച്ചൂരിയെക്കുറിച്ച് ഭൂതകാലത്തിൽ എഴുതുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്; ഏറെ വേദനാജനകവുമാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി, ഞങ്ങളുടെ രാഷ്ട്രീയ ജീവിതങ്ങൾ വളരെ അടുത്ത് ഇടപഴകിയും സങ്കീർണമായി കെട്ടുപിണഞ്ഞുമാണ് മുന്നോട്ടുനീങ്ങിയത്; അതേസമയം പാർട്ടിയുടെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും വിവിധ ഘട്ടങ്ങളിലൂടെയും കയറ്റിറക്കങ്ങളിലൂടെയും ഞങ്ങളൊരുമിച്ച് കടന്നുപോയിട്ടുമുണ്ട്. 50 വർഷം മുൻപാണ് ഞങ്ങളുടെ സൗഹൃദം, സഖാക്കൾ എന്ന നിലയിലുള്ള ബന്ധം ആരംഭിക്കുന്നത്; 1974ൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലാണ് അതാരംഭിച്ചത്; അത് ആദ്യം എസ്എഫ്ഐയിലും പിന്നീട് പാർട്ടിയിലും തുടർന്നു. 37 വർഷത്തിലധികം ഞങ്ങൾ ഒരുമിച്ച് പാർട്ടി സെന്ററിൽ പ്രവർത്തിച്ചു; ഞാൻ 1985ൽ തന്നെ പാർട്ടി സെന്ററിൽ ഉൾപ്പെടുത്തപ്പെട്ടു; സീതാറാം രണ്ടു വർഷത്തിനുശേഷവും. പാർട്ടിയിലെ ഞങ്ങളുടെ സഞ്ചാരപഥം ഏറെക്കുറെ ഒരേ വഴിയാണ് പിന്തുടർന്നത്. ഞങ്ങൾ ഇരുവരും 1984ൽ സെൻട്രൽ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായി; 1985ൽ 12–ാം കോൺഗ്രസിൽ വെച്ച് സെൻട്രൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു; പിന്നീട് 1988ൽ 13–ാം പാർട്ടി കോൺഗ്രസിൽ ഞങ്ങൾ സെൻട്രൽ സെക്രട്ടേറിയറ്റ് അംഗങ്ങളായി. അതിനുശേഷം 1992ൽ 14–ാം കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗങ്ങളായി.

സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും പുരോഗമനപരമായ ലക്ഷ്യത്തിനുവേണ്ടി പൊതുവിലും സീതാറാം നൽകിയ ബഹുമുഖവും വെെവിധ്യമാർന്നതുമായ സംഭാവനകളെക്കുറിച്ചുള്ള ഒരു വിഹഗവീക്ഷണത്തിന് ഇനിയും ഏറെ സമയം ആവശ്യമായിവരും; അതിന്റെ ശരിയായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നതിന് കൂടുതൽ ആലോചനകളും വേണ്ടിവരും. പാർട്ടിയുടെ പ്രത്യയശാസ്ത്രപരവും പരിപാടിപരവും രാഷ്ട്രീയവുമായ നിലപാടുകളിലേക്ക് അദ്ദേഹം നൽകിയ സവിശേഷമായ സംഭാവനകൾ കേന്ദ്രീകരിച്ച് ഒരു വിലയിരുത്തൽ നടത്താനാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്.

മതനിരപേക്ഷ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളിലേക്ക് എത്തിച്ചേരാനുള്ള സീതാറാമിന്റെ കഴിവിനെ സംബന്ധിച്ചും ഒരു സംയുക്തവേദിയിലേക്ക് അവരെയാകെ ഒരുമിച്ച് കൊണ്ടുവരുന്നതിനുമുള്ള അദ്ദേഹത്തിന്റെ വെെഭവത്തെക്കുറിച്ചും മുഖ്യധാരാ മാധ്യമങ്ങളിൽ ഏറെ പറഞ്ഞുകഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ പൊതുസ്വീകാര്യമായ മുഖത്തെ സംബന്ധിച്ച് ഇതെല്ലാം ശരിതന്നെയാണ്; എന്നാൽ ഞാൻ ഇവിടെ പാർട്ടിക്കും മാർക്സിസത്തിനും അദ്ദേഹം നൽകിയ ചില പ്രധാനപ്പെട്ട സംഭാവനകളെക്കുറിച്ച് അവതരിപ്പിക്കാനാണ് താൽപര്യപ്പെടുന്നത്. പാർട്ടി സെന്ററിലെയും പൊളിറ്റ് ബ്യൂറോയിലെയും അദ്ദേഹത്തിന്റെ പ്രവർത്തനത്തിലെ വ്യതിരിക്തത മാർക്സിസം – ലെനിനിസത്തെ അടിസ്ഥാനമാക്കി പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ നിലപാട് രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കാണ്.

സ്ഥാപിക്കപ്പെട്ട ആദ്യംകാലം മുതൽ തന്നെ സിപിഐ എമ്മിന്റെ സവിശേഷത മാർക്സിസം – ലെനിനിസത്തോട് പൂർണമായി ചേർന്നുനിൽക്കുന്നുവെന്നതും വലത് – ഇടത് വ്യതിയാനങ്ങൾക്കെതിരായി പാർട്ടി നടത്തിയ പോരാട്ടങ്ങളുമാണ്. പ്രത്യയശാസ്ത്ര വിഷയങ്ങളിൽ 1968ൽ ബർദ്വാൻ പ്ലീനം അംഗീകരിച്ച റിപ്പോർട്ടും പ്രമേയവും ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്. ആ കാലത്ത് സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിലനിന്നിരുന്ന പ്രത്യയശാസ്ത്ര പ്രശ്നങ്ങളിലും അഭിപ്രായഭിന്നതകളിലും മാർക്സിസം – ലെനിനിസം പ്രയോഗിച്ച് ബർദ്വാൻ പ്ലീനം രേഖകൾ വ്യക്തത വരുത്തി തനതായ പാത വെട്ടിത്തെളിച്ചു. ഈ സമീപനമാണ് സീതാറാം മുന്നോട്ടുകൊണ്ടുപോയത്.

1987ൽ ഒക്ടോബർ വിപ്ലവത്തിന്റെ 70–ാം വാർഷിക വേളയോടനുബന്ധിച്ച് സിപിഎസ്-യു ജനറൽ സെക്രട്ടറി മിഖായേൽ ഗോർബച്ചേവ് വാർഷികാഘോഷ ദിവസം മോസ്-ക്കോയിൽ ഒരു പ്രഭാഷണം നടത്തി. സാമൂഹിക വെെരുധ്യങ്ങൾ സംബന്ധിച്ച് നിലവിലുള്ള മാർക്സിസ്റ്റ് വിശകലനത്തിൽനിന്നും സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ സ്വഭാവത്തിൽ നിന്നും വ്യതിചലിച്ചായിരുന്നു ഈ പ്രസംഗത്തിൽ പല ആശയങ്ങളും മുന്നോട്ടുവയ്ക്കപ്പെട്ടത്. 1988 മെയ് മാസത്തിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തിൽ സിപിഐ എമ്മായിരുന്നു ഗോർബെച്ചേവിന്റെ ആശയങ്ങളെ വിമർശിച്ച ആദ്യത്തെ പാർട്ടി. ഇതിനെ തുടർന്ന്, 1988 ആഗസ്തിലെ യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച, സോവിയറ്റ് യൂണിയനിലെ സമീപകാല സംഭവവികാസങ്ങൾ സംബന്ധിച്ച് എന്ന പ്രമേയത്തിൽ സോവിയറ്റ് കമ്യൂണിസ്റ്റു പാർട്ടിക്കുള്ളിലെ ആഭ്യന്തര സംഭവവികാസങ്ങളും പെരിസ്ട്രോയിക്കയുടെയും ഗ്ലാസ്-നോസ്തിന്റെയും പേരിൽ ആ പാർട്ടി ചെയ്തുകൂട്ടുന്ന പിശകുകളും സോവിയറ്റ് യൂണിയനെത്തന്നെ അപകടത്തിലാക്കുമെന്ന് നമ്മൾ താക്കീത് ചെയ്തു. 1990 മെയ് മാസത്തിൽ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച മൂന്നാമത്തെ പ്രമേയത്തിൽ സോഷ്യലിസ്റ്റ് ഗവൺമെന്റുകളുടെ പതനത്തിനിടയാക്കിയ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ അഭിമുഖീകരിച്ച പ്രതിസന്ധികളെക്കുറിച്ച്, പ്രത്യയശാസ്ത്രപരമായ ചോർച്ചയുടെയും ഈ രാജ്യങ്ങളിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിൽ സംഭവിച്ച വക്രീകരണങ്ങളുടെയും പശ്ചാത്തലത്തിൽ അവതരിപ്പിച്ചു. ഈ പ്രമേയത്തിന്റെ കരട് എഴുതുന്നതിൽ സീതാറാം പ്രധാന പങ്കു വഹിച്ചു; പിന്നീട് സമഗ്രമായ പ്രത്യയശാസ്ത്ര രേഖയ്ക്കുവേണ്ട അടിത്തറയായി ഇതുമാറി.

ഇ എം എസിനൊപ്പം ദെങ് സിയാവോ പിങ്ങിനെ കണ്ടപ്പോൾ

1991ൽ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം, സോഷ്യലിസത്തിനേറ്റ ചരിത്രപരമായ ഈ തിരിച്ചടിയെക്കുറിച്ച് പരിശോധിക്കുകയും സോവിയറ്റ് അനന്തരകാലത്തെ പ്രത്യയശാസ്ത്രപരമായ നിലപാടുകൾ ആവിഷ്കരിക്കുകയും സിപിഐ എമ്മിന് വേണമായിരുന്നു. 1992ൽ മദ്രാസിൽ ചേർന്ന 14–ാം കോൺഗ്രസിൽ ഇതാണ് ചെയ്തത്. സമഗ്രമായ ചർച്ചകൾക്കുശേഷം ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ച് എന്ന പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. പാർട്ടി കോൺഗ്രസിൽ ആ പ്രമേയം അവതരിപ്പിക്കുകയും തന്റെ മറുപടി പ്രസംഗത്തിൽ ചർച്ചകളെയാകെ ക്രോഡീകരിക്കുകയും ചെയ്തത് സഖാവ് സീതാറാം ആണ്. അതാദ്യമായാണ് ഒരു സെൻട്രൽ സെക്രട്ടേറിയറ്റംഗം പ്രത്യയശാസ്ത്രപരമായ ഒരു രേഖ തയ്യാറാക്കുകയും പൊളിറ്റ് ബ്യൂറോയ്ക്കുവേണ്ടി അത് അവതരിപ്പിക്കുകയും ചെയ്തത്; സാധാരണനിലയിൽ എം ബസവ പുന്നയ്യയാണ് ഈ ജോലി നിർവഹിക്കേണ്ടിയിരുന്നത്. ഒരു മാർക്സിസ്റ്റ് സെെദ്ധാന്തികൻ എന്ന നിലയിൽ സീതാറാമിന് പാർട്ടി നൽകിയ അംഗീകാരമാണ് ഇതിൽ പ്രകടമാകുന്നത്. അതിനുശേഷം പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിൽ പൊളിറ്റ് ബ്യൂറോയിലെ മുഖ്യചാലക ശക്തിയായി സീതാറാം മാറി.

പ്രത്യയശാസ്ത്രപരമായ പടച്ചട്ടയണിഞ്ഞ് 1993 മെയ് മാസത്തിൽ കൊൽക്കത്തയിൽ കാറൽ മാർക്സിന്റെ 175–ാമത് ജന്മവാർഷികം ആഘോഷിക്കുന്നതിന് കമ്യൂണിസ്റ്റ് പാർട്ടികളുടെ സാർവദേശീയ സെമിനാറിന് സിപിഐ എം ആതിഥ്യമരുളി. സെമിനാറിന്റെ വിഷയം സമകാലിക ലോകസാഹചര്യവും മാർക്സിസത്തിന്റെ പ്രസക്തിയും എന്നതായിരുന്നു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ഭരണസംവിധാനങ്ങളുടെ തകർച്ചയും സംഭവിച്ചതിനെ തുടർന്ന് സോഷ്യലിസത്തിനു നേരിട്ട തിരിച്ചടികളുടെ പശ്ചാത്തലത്തിൽ മാർക്സിസത്തിന്റെ പ്രസക്തിയെക്കുറിച്ച് ചർച്ചചെയ്യാനുള്ള ആദ്യത്തെ സാർവദേശീയ ശ്രമമായിരുന്നു അത്. 21 കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. പാർട്ടിയുടെ സാർവദേശീയ വിഭാഗത്തിന്റെ തലവനെന്ന നിലയിൽ സീതാറാമായിരുന്നു പാർട്ടിയുടെ രേഖ തയ്യാറാക്കിയത്; അദ്ദേഹമായിരുന്നു സെമിനാറിന്റെ സംഘാടകനും.

പിന്നീട്, പ്രത്യയശാസ്ത്രപ്രശ്നങ്ങൾ സംബന്ധിച്ച നമ്മുടെ ധാരണ കാലോചിതമായി പുതുക്കണമെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചപ്പോൾ, സമഗ്രവും കാലോചിതവുമായ ഒരു രേഖ തയ്യാറാക്കാനുള്ള ഉത്തരവാദിത്വം സ്വാഭാവികമായും സീതാറാമിനാണ് പാർട്ടി നൽകിയത്. 2012ൽ കോഴിക്കോട് ചേർന്ന പാർട്ടിയുടെ 20–ാം കോൺഗ്രസിൽ സീതാറാമായിരുന്നു ഈ പ്രമേയം– ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ സംബന്ധിച്ച പ്രമേയം –അവതരിപ്പിച്ചത്; സമഗ്രമായ ചർച്ചകൾക്കുശേഷം അത് അംഗീകരിക്കപ്പെട്ടു.

ചെെനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനൊപ്പം

ഫാസിസ്റ്റ് സ്വഭാവമുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടത്തിലെ പ്രത്യയശാസ്ത്രപരമായ സമരം എന്ന മറ്റൊരു സുപ്രധാന രംഗത്തും സീതാറാം നിർണായകമായ സംഭാവന നൽകിയിട്ടുണ്ട്. ഈ സമരത്തിൽ സീതാറാം വഹിച്ച നിർണായകമായ പങ്ക് വ്യക്തമാക്കുന്ന ഒരുദാഹരണം പറയാം. 1993ൽ ആർഎസ്എസിന്റെ രണ്ടാമത്തെ സർ സംഘ് ചാലകായ എം എസ് ഗോൾവാൾക്കർ എഴുതിയ ഒരു പുസ്തകത്തിന്റെ വിമർശനം സീതാറാം എഴുതി. 77 പേജുള്ള ഒരു പുസ്തകം ഗോൾവാൾക്കർ എഴുതി– നാം അഥവാ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു. 1939ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഹിന്ദുരാഷ്ട്രത്തിന്റെ ഫാസിസ്റ്റ് അന്തഃസത്ത ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു; പക്ഷേ, മൂലപ്രസിദ്ധീകരണത്തിന്റെ പകർപ്പുകൾ ലഭ്യമായിരുന്നില്ല. സീതാറാമിന് ഈ പുസ്തകത്തിന്റെ 1939ലെ ആദ്യപതിപ്പ് ലഭിച്ചു; പിന്നീട് അദ്ദേഹം രൂക്ഷമായതും മൂർച്ചയേറിയതുമായ ഒരു വിമർശനം എഴുതി, അതിലെ ഫാസിസ്റ്റ് സ്വഭാവമുള്ള വംശപാരമ്പര്യവാദത്തെയും ആശയങ്ങളെയും തുറന്നുകാണിച്ചു; ഹിന്ദുരാഷ്ട്രം എന്ന സങ്കൽപ്പനത്തിലേക്ക് അദ്ദേഹം കടന്നുകയറുകയായിരുന്നു. 1993 മാർച്ച് 12ന് ഫ്രണ്ട് ലെെനിൽ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു; പിന്നീട് കുറേ കൂട്ടിച്ചേർക്കലോടുകൂടി വിപുലീകൃത രൂപത്തിൽ ഫ്രണ്ട് ലെെൻ പബ്ലിക്കേഷനും ഇത് പ്രസിദ്ധീകരിച്ചു. ആർഎസ്എസിനെ സംബന്ധിച്ച കാര്യങ്ങളിൽ അഥോറിറ്റിയായി കരുതപ്പെടുന്ന എ ജി നൂറാനി ഈ ലഘുഗ്രന്ഥത്തിന്റെ പ്രാധാന്യം മനസ്സിലാക്കി; അതിനെക്കുറിച്ച് വളരെയേറെ മതിപ്പ് അദ്ദേഹം രേഖപ്പെടുത്തുകയും അത് രചിച്ചതിന് സീതാറാമിനെ അഭിനന്ദിക്കുകയും ചെയ്തു. ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറയെക്കുറിച്ചുള്ള ധാരണയിലെ ഈ വ്യക്തതയും ദീർഘവീക്ഷണവുമാണ് മതനിരപേക്ഷതയെ സംരക്ഷിക്കാനും ഹിന്ദുത്വ–വർഗീയ ശക്തികളെ ചെറുക്കാനുമുള്ള പ്രേരണയും രാഷ്ട്രീയ പ്രതിബദ്ധതയും സീതാറാമിന് നൽകിയത്.

കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ പാത ആവിഷ്കരിക്കുന്ന അടിസ്ഥാനരേഖയാണ് പാർട്ടി പരിപാടി. 1964ൽ ഏഴാം കോൺഗ്രസിലാണ് സിപിഐ എം പരിപാടി അംഗീകരിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനാധിപത്യ വിപ്ലവത്തിന്റെ തന്ത്രം എന്തായിരിക്കണമെന്നത് സംബന്ധിച്ച് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ നടന്ന സുദീർഘമായ പോരാട്ടത്തിന്റെ ഉൽപ്പന്നമായിരുന്നു ആ പാർട്ടി പരിപാടി. എന്നാൽ പ്രധാനപ്പെട്ട രണ്ട് സംഭവ വികാസങ്ങൾ– സാർവദേശീയമായും ആഭ്യന്തരമായും ഉണ്ടായത് പരിപാടി കാലോചിതമാക്കേണ്ടതും ആവശ്യമായി വന്നു. ആദ്യത്തേത്, സോവിയറ്റ് യൂണിയന്റെ അന്ത്യത്തോടും സാമ്രാജ്യത്വ അധീശാധിപത്യം ശക്തിപ്പെട്ടതോടും കൂടി സാർവദേശീയ ശാക്തികബലാബലത്തിൽ പ്രധാനപ്പെട്ട മാറ്റമുണ്ടായി. രണ്ടാമത്തേത്, നവലിബറലിസത്തിന്റെ വരവോടെ ഇന്ത്യയിലെ മുതലാളിത്ത വികസന പാതയിലുണ്ടായ മാറ്റമായിരുന്നു.

കാലോചിതമാക്കപ്പെട്ട കരട് പരിപാടി തയ്യാറാക്കുന്നതിനായി ഒരു പ്രോഗ്രാം കമ്മീഷന് പാർട്ടി രൂപം നൽകി. ഈ കമ്മീഷൻ അംഗമായിരുന്നു സീതാറാം; അതിന്റെ കൺവീനർ ഹർകിഷൻ സിങ് സുർജിത്തായിരുന്നു. അന്താരാഷ്ട്ര ധനമൂലധനത്തിന്റെയും നവലിബറൽ മുതലാളിത്തത്തിന്റെയും പ്രവർത്തനങ്ങൾ സംബന്ധിച്ച സീതാറാമിന്റെ വ്യക്തമായ ധാരണ അദ്ദേഹം മുതലാളിത്ത വികസന പാതയെക്കുറിച്ചുള്ള ഭാഗം കാലോചിതമാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നതിനിടയാക്കി. പൊളിറ്റ് ബ്യൂറോയിലും തുടർന്ന് കേന്ദ്ര കമ്മിറ്റിയിലും നടന്ന ചർച്ചകളിലെ ഇടപെടൽ സീതാറാം ഈ വിഷയങ്ങളിൽ സജീവമായ പങ്കു വഹിച്ചതിന്റെ സാക്ഷ്യപ്പെടുത്തലാണ്. ഒരു ഘട്ടത്തിൽ, സീതാറാമും ഞാനും 1964ലെ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വഭാവം സംബന്ധിച്ച ആശയം അതേപടി കാലോചിതമാക്കപ്പെട്ട പതിപ്പിലും നിലനിർത്താൻ ദൃഢചിത്തതയോടുകൂടിയ ശ്രമം നടത്തി.

ഇന്ത്യൻ രാഷ്ട്രീയത്തിൽ വന്ന വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റത്തോടും 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയും മോദി ഗവൺമെന്റ് നിലവിൽ വരികയും ചെയ്തതോടെ രൂപപ്പെട്ട പുതിയ രാഷ്ട്രീയ വെല്ലുവിളികളെയും ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷ – ജനാധിപത്യ തത്വങ്ങൾക്കുനേരെയുള്ള കടുത്ത ഭീഷണിയെയും നേരിടുന്നതിനുള്ള രാഷ്ട്രീയ – അടവുനയം രൂപപ്പെടുത്തുന്നതിൽ നേതൃത്വപരമായ പങ്കു വഹിക്കാൻ സീതാറാമിനു സാധിച്ചു.

ബിജെപിയുടെ ഭൂരിപക്ഷത്തിൽ കുറവുണ്ടായ 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിനുശേഷം സീതാറാം യെച്ചൂരി ഒരു രാഷ്ട്രീയ അടവുനയം രൂപീകരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു; ഈ വിജയത്തിൽനിന്ന് പടുത്തുയർത്താനാകുന്നതും ഒപ്പം സേ-്വച്ഛാധിപത്യ – ഹിന്ദുത്വ ശക്തികളിൽനിന്നുള്ള വെല്ലുവിളി തുടരുന്നത് കണക്കിലെടുത്തുമുള്ള രാഷ്ട്രീയ അടവുനയത്തിനാണ് അദ്ദേഹം രൂപംനൽകിക്കൊണ്ടിരുന്നത്.

അദ്ദേഹത്തിന്റെ മുൻകെെയോടെ പൊളിറ്റ് ബ്യൂറോ കെെക്കൊണ്ട അവസാന തീരുമാനം, സമ്മേളനങ്ങളുടെ ഷെഡ്യൂളിനു രൂപംനൽകുകയും അടുത്തവർഷം ഏപ്രിൽമാസത്തിൽ നടത്തുന്ന 24–ാം പാർട്ടി കോൺഗ്രസിനുള്ള രേഖകൾക്കുള്ള തയ്യാറെടുപ്പുമാണ്.

ആശുപത്രിയിലായിരിക്കവെ, തന്റെ രോഗം പാർട്ടി കോൺഗ്രസിനുള്ള തയ്യാറെടുപ്പുകളെ ബാധിച്ചേയ്ക്കുമോയെന്ന ആശങ്ക അദ്ദേഹം എന്നോട് പങ്കുവെച്ചു. എല്ലാ കാര്യങ്ങളും സുഗമമായി നടക്കുമെന്ന് ഞാനദ്ദേഹത്തിന് ആവർത്തിച്ചുറപ്പുനൽകുകയും ഏതാനും ദിവസങ്ങൾക്കകം ആശുപത്രിയിൽനിന്നു സുഖമായി പുറത്തുവരാൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ സങ്കടകരമെന്നു പറയട്ടെ അങ്ങനെയായിരുന്നില്ല സംഭവിച്ചത്.

സീതാറാം യെച്ചൂരിയുടെ കൂടുതൽ വിപുലമായ സംഭാവനകളെക്കുറിച്ച് വസ്തുനിഷ്ഠമായ ഒരു വിലയിരുത്തൽ നടത്താൻ ഈ ദശാസന്ധിയിൽ എനിക്ക് ബുദ്ധിമുട്ടുണ്ട്. അദ്ദേഹം സ്വജീവിതം പാർട്ടിക്കായി സമർപ്പിച്ചതായിരുന്നു; മാർക്സിസം – ലെനിനിസത്തോടുള്ള അദ്ദേഹത്തിന്റെ അഗാധമായ പ്രതിബദ്ധത, ‘‘മൂർത്തമായ സാഹചര്യത്തെ സംബന്ധിച്ച മൂർത്തമായ വിശകലനം’’ (അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു ലെനിനിസ്റ്റ് പ്രയോഗം) നടത്തുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ്, മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിലെ അദ്ദേഹത്തിന്റെ പങ്ക്, സോഷ്യലിസ്റ്റ് സമൂഹത്തെയും ചൂഷണരഹിതമായ അവസ്ഥയെയും സംബന്ധിച്ച അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാട് – എന്നിവയെല്ലാം പാർട്ടിയിൽ അദ്ദേഹത്തിന്റെ സഖാക്കളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇനിയും ആവേശഭരിതരാക്കും; വരുംതലമുറകളിലെ കമ്യൂണിസ്റ്റുകാരെയും പുരോഗമനവാദികളെയും അത് ആവേശംകൊള്ളിച്ചുകൊണ്ടിരിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 3 =

Most Popular