Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറിസീതാറാം യെച്ചൂരി പാർട്ടിയുടെ അതിസമര്‍ഥനായ നേതാവ്

സീതാറാം യെച്ചൂരി പാർട്ടിയുടെ അതിസമര്‍ഥനായ നേതാവ്

എസ് രാമചന്ദ്രന്‍പിള്ള

സീതാറാം യെച്ചൂരിയും ഞാനും തമ്മിലാദ്യമായി കണ്ടതും പരിചയപ്പെട്ടതും 45 കൊല്ലങ്ങള്‍ക്കുമുമ്പ് 1979 ആഗസ്തില്‍ ഡല്‍ഹിയില്‍ വച്ച് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച കേന്ദ്ര പാർട്ടി സ്കൂളില്‍ വെച്ചായിരുന്നു. അന്ന് സീതാറാം യെച്ചൂരി വിദ്യാര്‍ത്ഥി ഫെഡറേഷന്റെ അഖിലേന്ത്യ ജോയിന്റ്- സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. കേരളത്തിലെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിലാണ് കേന്ദ്ര പാർട്ടി സ്കൂളില്‍ ഞാന്‍ പങ്കെടുത്തത്. രാഷ്ട്രീയവും സാമ്പത്തികവും പ്രത്യയശാസ്ത്രപരവും സാര്‍വ്വദേശീയവും സംഘടനാപരവുമായ വിഷയങ്ങളെപ്പറ്റി നിരവധി ചോദ്യങ്ങള്‍ പാർട്ടി സ്കൂളിന്റെ ക്ലാസുകളില്‍ സീതാറാം യെച്ചൂരി ഉന്നയിക്കുകയുണ്ടായി. സീതാറാം ഞങ്ങളുടെ ശ്രദ്ധയില്‍ ആദ്യമായിവന്നത് അങ്ങനെയായിരുന്നു. സീതാറാമും ഞാനടക്കമുള്ള മറ്റു സഖാക്കളും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര പാർട്ടി സ്കൂളിലെ അധ്യാപകര്‍ ആയിരുന്ന ഇ.എം.എസും, ബി.ടി. രണദിവെയും, എം. ബസവ പുന്നയ്യയും, ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും, പി. രാമമൂര്‍ത്തിയും വിശദമായി മറുപടികള്‍ നല്‍കുകയുണ്ടായി.

സീതാറാമും ഞാനും ഒരു കമ്മിറ്റിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് 1984 മുതല്‍ ആയിരുന്നു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബുദ്ധദേവ് ഭട്ടാചാര്യ, ബിമന്‍ ബാസു, മണിക് സര്‍ക്കാര്‍, സുനില്‍ മൊയ്ത്ര, പി. രാമചന്ദ്രന്‍ തുടങ്ങിയവരെയും എന്നെയും പാർട്ടി കേന്ദ്രകമ്മിറ്റിയില്‍ ക്ഷണിതാക്കളായി പങ്കെടുപ്പിക്കാന്‍ 1984 ല്‍ പാർട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ എല്ലാ കേന്ദ്ര കമ്മിറ്റിയോഗങ്ങളിലും പങ്കെടുക്കാന്‍ തുടങ്ങി. സീതാറാമുമായി അടുത്ത് പരിചയപ്പെടാന്‍ അവസരം ലഭിച്ചതും അന്നുമുതലായിരുന്നു. പാർട്ടിയുടെ 12ാം കോണ്‍ഗ്രസ് 1985 ഡിസംബര്‍ 24 മുതല്‍ 29 വരെ കൊല്‍ക്കത്തയില്‍ ചേര്‍ന്നു. ഞങ്ങളെയെല്ലാം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായി പാർട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. അതോടെ സീതാറാമും ഞങ്ങളില്‍ പലരും കേന്ദ്ര കമ്മിറ്റി യോഗങ്ങളിലെ ചര്‍ച്ചകളില്‍ വളരെ സജീവമായി പങ്കെടുക്കാന്‍ തുടങ്ങി. 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി 1 വരെ തിരുവനന്തപുരത്ത് ചേര്‍ന്ന പാർട്ടിയുടെ 13–ാം കോണ്‍ഗ്രസ് പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, പി. രാമചന്ദ്രന്‍, സുനില്‍ മൊയ്ത്ര, എന്നിവരെയും എന്നെയും കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായി തിരഞ്ഞെടുത്തു. ഡല്‍ഹിയിലെ പാർട്ടി കേന്ദ്രത്തില്‍ ഞങ്ങളുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതിനോടൊപ്പം പാർട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗങ്ങളില്‍ ഞങ്ങളെ പങ്കെടുപ്പിക്കുവാനും പാർട്ടി തീരുമാനമെടുത്തു. ഇ.എം.എസ്, എം ബസവ പുന്നയ്യ, ജ്യോതി ബസു, ബി.ടി.രണദിവെ, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, നൃപന്‍ ചക്രവര്‍ത്തി, വി.എസ്.അച്യുതാനന്ദന്‍, ഇ.ബാലാനന്ദന്‍, സമര്‍ മുഖര്‍ജി, എല്‍.ബി ഗംഗാധര്‍ റാവു, എ.നല്ല ശിവം എന്നിവര്‍ അന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്നു. പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം ഞങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കി. 1992 ജനുവരി 3 മുതല്‍ 9 വരെ ചെന്നൈയില്‍ നടന്ന പാർട്ടിയുടെ 14–ാം കോണ്‍ഗ്രസ് പാർട്ടിയുടെ മുന്‍കാല നേതാക്കള്‍ക്കൊപ്പം പ്രകാശ് കാരാട്ട്, സിതാറാം യെച്ചൂരി, പി.രാമചന്ദ്രന്‍, സുനില്‍ മൊയ്-ത്ര എന്നി വരെയും എന്നെയും പി.ബി അംഗങ്ങളായി തിരഞ്ഞെടുത്തു. 1989ന് ശേഷം 2022 വരെ 33 കൊല്ലക്കാലം പാർട്ടിയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ സീതാറാമിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.

സീതാറാം, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പി.രാമചന്ദ്രന്‍, സുനില്‍ മൊയ്-ത്ര, എം.എ.ബേബി, ഹനന്‍ മൊള്ള, നിലോല്‍പൽ ബാസു, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും ഞാനും ഡല്‍ഹിയിലെ വിതല്‍ഭായ് പട്ടേല്‍ ഹൗസില്‍ ആയിരുന്നു താമസിച്ചിരുന്നത്. ജോണ്‍ ബ്രിട്ടാസ് അന്ന് ദേശാഭിമാനിയുടെ ലേഖകന്‍ ആയിരുന്നു. പുതുശ്ശേരിയിലെ പില്‍ക്കാലത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ വി.നാരായണ സ്വാമി എം പി എന്ന നിലയില്‍ അന്ന് വി.പി ഹൗസിലായിരുന്നു താമസം. മറ്റ് നിരവധി എം.പി മാരും അവിടെയാണ് താമസിച്ചിരുന്നത്. എം.എ.ബേബിയും ജോണ്‍ ബ്രിട്ടാസും വി.നാരായണ സ്വാമിയും എന്റെ മക്കളായ ബിപിന്‍ ചന്ദ്രനും, ബിജോയ് ചന്ദ്രനും 1990 കളുടെ ആദ്യ വര്‍ഷത്തില്‍ എതാണ്ട് എല്ലാ ദിവസവും രാവിലെ സീതാറാമിനോടൊപ്പം വി.പി ഹൗസിലെ ബാറ്റ്മിന്റണ്‍ കോര്‍ട്ടില്‍ ബാറ്റ്മിന്റണ്‍ കളിക്കാന്‍ ഒരുമിച്ച് ചേരുമായിരുന്നു. ഏതാണ്ട് ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന നിലയിലായിരുന്നു വി.പി ഹൗസിലെ ഞങ്ങളുടെ താമസം.

സീതാറാം യെച്ചൂരിയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് 2015 ഏപ്രില്‍ 14 മുതല്‍ 19 വരെ വിശാഖപട്ടണത്തു ചേര്‍ന്ന പാര്‍ട്ടിയുടെ 21–ാം പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു. 2022 ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ 23–ാം കോണ്‍ഗ്രസില്‍ വച്ച് പൊളിറ്റ് ബ്യൂറോയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും പ്രായാധിക്യം കാരണം ഞാന്‍ ഒഴിവായി. പാർട്ടി കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി തുടര്‍ന്നു. അതേ തുടര്‍ന്ന് എന്റെ പ്രവര്‍ത്തനം തിരുവനന്തപുരം കേന്ദ്രീകരിച്ചായി. കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ നടക്കുമ്പോഴും കേരള സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സീതാറാം പങ്കെടുക്കുമ്പോഴും സീതാറാമുമായി എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളും ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. മറ്റവസരങ്ങളിലും സീതാറാമുമായി ടെലിഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. സീതാറാമിനെ ഞാന്‍ ഏറ്റവുമൊടുവില്‍ കണ്ടത് ഇക്കൊല്ലം ജൂലൈ 4ന് സീതാറാം തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ വന്നപ്പോഴായിരുന്നു. അതിനുശേഷം ഞങ്ങള്‍ തമ്മില്‍ ടെലഫോണില്‍ പലതവണ ബന്ധപ്പെട്ടിരുന്നു. ആഗസ്ത് മാസം 23–ാം തീയതിയാണ് ഏറ്റവും അവസാനമായി സീതാറാമുമായി ടെലിഫോണില്‍ ഞാന്‍ ബന്ധപ്പെടുന്നത്. അല്‍പദിവസങ്ങള്‍ കഴിഞ്ഞതോടെ സീതാറാം ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയൻസ് ഇന്‍സ്റ്റിറ്റ്യുട്ടില്‍ പ്രവേശിക്കപ്പെടുകയും പിന്നെ ടെലിഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെയാവുകയും ചെയ്തു. സീതാറാമിനെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയൻസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി കാണാനോ സീതാറാമിന്റെ മരണാനന്തരം ഡല്‍ഹിയില്‍ എത്താനോ അനോരോഗ്യം കാരണം എനിക്ക് കഴിയാതെ വന്നതില്‍ അത്യധികമായ സങ്കടമുണ്ട്. പാർട്ടിയിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകരില്‍ മുന്‍നിരക്കാരില്‍ ഒരാളായിരുന്നു സീതാറാം.

മാര്‍ക്സിസത്തിലും സാമ്പത്തിക രാഷ്ട്രീയ താത്വിക സാംസ്കാരിക വിഷയങ്ങളിലും അഗാധമായ അറിവുള്ള പാര്‍ട്ടി നേതാവായിരുന്നു സീതാറാം യെച്ചൂരി. സാര്‍വ്വദേശീയ സ്ഥിതിഗതികളെപ്പറ്റി വ്യക്തവും അതിവിശദവുമായ ധാരണകള്‍ സീതാറാമിനുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായും ഇന്ത്യയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായും ബന്ധപ്പെടുന്നതിലും സീതാറാം മുന്‍നിരക്കാരനായിരുന്നു. സിപിഐ എമ്മിന്റെ ആശയപരവും രാഷ്ട്രീയവും സംഘടനാപരവുമായ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ നേതാവായിരുന്നു സീതാറാം.

ജനറല്‍ സെക്രട്ടറിയാകുന്നതിന് മുമ്പ് സീതാറാം ദീര്‍ഘകാലം പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതിനെ തുടര്‍ന്ന് സീതാറാം പാര്‍ട്ടിയുടെ ത്രൈമാസികയായ മാര്‍ക്സിസ്റ്റിന്റെ മുഖ്യപത്രാധിപരായിരുന്നു. സാമ്പത്തിക രാഷ്ട്രീയ താത്വിക സാംസ്കാരിക വിഷയങ്ങളെപ്പറ്റി ലേഖനം എഴുതിയ പാര്‍ട്ടി നേതാക്കളില്‍ മുന്‍നിരക്കാരനായിരുന്നു സീതാറാം. സാമ്പത്തിക രാഷ്ട്രീയ താത്വിക, സാംസ്കാരിക വിഷയങ്ങളെപ്പറ്റി നിരവധി പുസ്തകങ്ങളും സീതാറാം രചിച്ചിട്ടുണ്ട്. പ്രത്യയശാസ്ത്ര വിഷയങ്ങളില്‍ സീതാറാമിനുള്ള അഗാധമായ അറിവ് കണക്കിലെടുത്ത് 1990 ന് ശേഷം പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ അവതരിപ്പിച്ച പ്രത്യയശാസ്ത്ര രേഖകളുടെ ആദ്യരൂപം തയ്യാറാക്കുന്നതിന് പാര്‍ട്ടി പലപ്പോഴും ചുമതലപ്പെടുത്തിയിരുന്നത് സീതാറാമിനെയായിരുന്നു. അതിനുശേഷം പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും സീതാറാം തയ്യാറാക്കിയ കുറുപ്പുകള്‍ പരിശോധിച്ച് പ്രത്യയശാസ്ത്ര രേഖകളുടെ കരടുകള്‍ക്ക് അവസാന രൂപം നല്‍കും. അവയായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ചര്‍ച്ച ചെയ്യുന്നതിന് നല്‍കുക. പാര്‍ട്ടി കോണ്‍ഗ്രസുകള്‍ രേഖകള്‍ക്ക് ആവശ്യമായ ഭേദഗതികള്‍ വരുത്തി അവസാന രൂപം നല്‍കും.

സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് ഭരണകൂടം തകര്‍ന്നത് 1990ലായിരുന്നു. അക്കാലത്ത് കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും സോഷ്യലിസത്തിന് തിരിച്ചടിയുണ്ടായി. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസത്തിന് ഏറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന ” ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍” എന്ന രേഖ 1992 ജനുവരി 3 മുതല്‍ 9 വരെ ചെന്നൈയില്‍ ചേര്‍ന്ന സിപിഐ എമ്മിന്റെ 14–ാം കോണ്‍ഗ്രസ് അംഗീകരിക്കുകയുണ്ടായി. ഈ രേഖയുടെ ആദ്യ കരട് രൂപം തയ്യാറാക്കാന്‍ എം ബസവ പുന്നയ്യയേയും സീതാറാം യെച്ചൂരിയെയുമാണ് പാര്‍ട്ടി കേന്ദ്രം ചുമതലപ്പെടുത്തിയത്. അവര്‍ തയ്യാറാക്കിയ രേഖ പി.ബി പരിഗണിച്ച് കരട് പ്രമേയത്തിന് അവസാന രൂപം നല്‍കി. ആ രേഖ 14–ാം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തിരുത്തലുകള്‍ വരുത്തി അംഗീകരിക്കുകയുണ്ടായി. 14–ാം കോണ്‍ഗ്രസ് അംഗീകരിച്ച ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ എന്ന രേഖയില്‍ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ച പ്രമാദങ്ങള്‍ ഏതെല്ലാമെന്ന് എടുത്തു പറയുന്നു. സോഷ്യലിസത്തിന്റെ കീഴില്‍ ഭരണകൂടത്തിന്റെ വര്‍ഗ സ്വഭാവം, സോഷ്യലിസ്റ്റ് ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവും, സോഷ്യലിസ്റ്റ് സമ്പത്തിക നിര്‍മ്മാണം, സ്വത്തിന്റെ രൂപങ്ങള്‍, ആസൂത്രണവും കമ്പോളവും, ആശയപരമായ ബോധം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച വലിയ പിശകുകളാണ് സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തിനേറ്റ തിരിച്ചടിക്കുള്ള കാരണം. ഈ വിഷയത്തെപ്പറ്റി 2000 ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ പ്രത്യേക കോണ്‍ഫെറന്‍സ് അംഗീകരിച്ച പുതിയ പാര്‍ട്ടി പരിപാടിയില്‍ ഇപ്രകാരം വിവരിക്കുന്നു.

‘‘എങ്കിലും മുമ്പാരും കടന്നുപോയിട്ടില്ലാത്ത പാതയിലൂടെ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനിടയില്‍ സോവിയറ്റ് യൂണിയനും മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും ഗുരുതരമായ അബദ്ധങ്ങള്‍ പിണഞ്ഞു. സോഷ്യലിസം കെട്ടിപ്പടുക്കുന്നത് ദീര്‍ഘമായ പ്രക്രിയയാണെന്ന് ശരിയായ രീതിയില്‍ മനസ്സിലാക്കാതിരുന്നത്, പാർട്ടിയുടെയും ഭരണകൂടത്തിന്റെയും പങ്കിനെ സംബന്ധിച്ച തെറ്റായ ധാരണ, സമ്പദ്ഘടനയിലും അത് കൈകാര്യം ചെയ്യുന്ന രീതിയിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിലെ പരാജയം, പാര്‍ട്ടിയിലും ഭരണകൂടത്തിലും സമൂഹത്തിലും സോഷ്യലിസ്റ്റ് ജനാധിപത്യം അഗാധമാക്കുന്നതിലെ പരാജയം, ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ വളര്‍ച്ച, പ്രത്യയശാസ്ത്രപ്രബുദ്ധത ചോര്‍ന്നു പോയത് എന്നിവയാണ് ഈ അബദ്ധങ്ങളുടെ ഉറവിടം. മാര്‍ക്സിസം–ലെനിനിസത്തിന്റെ സാധുത നിരാകരിക്കുന്നതല്ല ഈ വൈകല്യങ്ങള്‍. മറിച്ച് വിപ്ലവസിദ്ധാന്തത്തില്‍നിന്നും പ്രയോഗത്തില്‍നിന്നുമുള്ള വ്യതിയാനത്തെയാണവ പ്രതിനിധാനം ചെയ്യുന്നത്. സോവിയറ്റ് യൂണിയനും മറ്റു സോഷ്യലിസ്റ്റു രാജ്യങ്ങളും പിരിച്ചുവിടപ്പെട്ടതും കിഴക്കന്‍ യൂറോപ്പിലേറ്റ തിരിച്ചടികളും ഒരു പുതിയ പരിതഃസ്ഥിതിയില്‍ കലാശിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സോഷ്യലിസ്റ്റ് ശക്തികള്‍ക്ക്, ഹുങ്കേറിയ സാമ്രാജ്യത്വത്തിന്റെ വെല്ലുവിളികള്‍ ഒരിക്കല്‍ക്കൂടി നേരിടേണ്ടി വന്നു. തിരിച്ചടികളെ കൂസാതെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും വിപ്ലവശക്തികളും അബദ്ധങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് പുനരണിചേരുകയും സാമ്രാജ്യത്വത്തിന്റെയും പിന്തിരിപ്പന്‍ ശക്തികളുടേയും ആക്രമണോത്സുകമായ വെല്ലുവിളിയെ നേരിടുകയും ചെയ്യുമെന്ന് സി.പി.ഐ എമ്മിന് ഉത്തമബോധ്യമുണ്ട്.” (ഖണ്ഡിക 2.3)

സാമ്പത്തിക രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സാര്‍വ്വദേശീയ വിഷയങ്ങളെപ്പറ്റി തുടര്‍ച്ചയായി ലേഖനങ്ങളും പുസ്തകങ്ങളും രചിക്കുന്നതില്‍ പാര്‍ട്ടിയിലെ മുന്‍നിരക്കാരനായിരുന്നു സീതാറാം യെച്ചൂരി. ഞാന്‍ സീതാറാം എഴുതിയ ലേഖനങ്ങളുടെയോ പുസ്തകങ്ങളുടെയോ ഉള്ളടക്കത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. ഇന്ത്യയിലെയും ലോകത്തിലെയും സ്ഥിതിഗതികള്‍ മനസിലാക്കുന്നതിന് സീതാറാം എഴുതിയ പുസ്തങ്ങലും ലേഖനങ്ങളും വളരെയധികം സഹായകരമാണ്. വികസിക്കുന്ന മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാടിലാണ് സീതാറാം സ്ഥിതിഗതികളെ വിശകലനം ചെയ്ത് നിഗമനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്. മാര്‍ക്സിസത്തെ വരട്ടുതത്വവാദം എന്നനിലയിലല്ല മറിച്ച് രചനാത്മകമായ ശാസ്ത്രമായാണ് സീതാറാം എല്ലായ്-പ്പോഴും വിലയിരുത്തിയിരുന്നത്. ചരിത്രത്തിന്റെ പൊതുവിലും മുതലാളിത്തത്തിന്റെ പ്രത്യേകിച്ചും വിശകലത്തിനുള്ള കാഴ്ചപ്പാടായ മാര്‍ക്സിസ്റ്റ് അടിത്തറയ്-ക്കുമുകളില്‍ മാര്‍ക്സിയന്‍ സിദ്ധാന്തത്തെ നിരന്തരം വികസിപ്പിച്ചുകൊണ്ട് വര്‍ത്തമാനകാല ദശാസന്ധികളെയും ഭാവിയിലെ സാധ്യതകളെയും മനസിലാക്കാനുള്ള പരിശ്രമമാണ് നാം നടത്തുന്നതെന്നാണ് സീതാറാം തുടര്‍ച്ചയായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കൊട്ടിയടയ്-ക്കപ്പെട്ട ഒരു സൈദ്ധാന്തിക വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്തമായ സൈദ്ധാന്തികമായി നിരന്തരം സമ്പുഷ്ടമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയെയാണ് മാര്‍ക്സിസം പ്രതിനിധീകരിക്കുന്നത് എന്നാണ് സീതാറാമിന്റെ പുസ്തകങ്ങളിലും ലേഖനങ്ങളിലും പ്രസംഗങ്ങളിലും എപ്പോഴും വിവരിച്ചിട്ടുള്ളത്. കാലത്തിനുസരിച്ച് മാര്‍ക്സിസത്തെ വികസിപ്പിച്ച് ഇന്ത്യന്‍ സ്ഥിതി ഗതികളെ സമര്‍ത്ഥമായി നേരിടാനാണ് സീതാറാം എക്കാലത്തും പരിശ്രമിച്ചു വന്നത്. സീതാറാമിനു സിപിഐ എമ്മിന്റെയും ഇടതുപക്ഷ പാർട്ടികളുടെയും മാത്രമല്ല മതനിരപക്ഷ ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളുടെ അടക്കം ബഹുമാനവും അംഗീകാരവും നേടാന്‍ കഴിഞ്ഞത് ഇതിനാലാണ്. സീതാറാമിന്റെ ഓര്‍മകള്‍ക്കുമുന്‍പില്‍ വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + 2 =

Most Popular