Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറിസീതാറാം യെച്ചൂരിയും 
സംസ്ഥാന സര്‍ക്കാരുകള്‍ 
സംബന്ധിച്ച കാഴ്ചപ്പാടും

സീതാറാം യെച്ചൂരിയും 
സംസ്ഥാന സര്‍ക്കാരുകള്‍ 
സംബന്ധിച്ച കാഴ്ചപ്പാടും

ഡോ. ടി എം തോമസ് ഐസക്

സംസ്ഥാന സര്‍ക്കാരുകള്‍ സംബന്ധിച്ച പാർട്ടിയുടെ കാഴ്ചപ്പാട് കരുപ്പിടിപ്പിക്കുന്നതില്‍ സ. സീതാറാം യെച്ചൂരിയുടെ സംഭാവന ശ്രദ്ധേയമാണ്. നവകേരളം സൃഷ്ടിക്കുന്നതിനുള്ള നൂതന കാഴ്ചപ്പാടാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കേരളത്തിന്റെ വികസനപാതയില്‍ ഒരുമാറ്റം കൊണ്ടുവരുന്നതിനാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്ഷേമ, സാമൂഹ്യ മേഖലകളില്‍ ഊന്നിക്കൊണ്ടുള്ള ഒരു വികസനപാതയാണ് നാം ഇതുവരെ തുടര്‍ന്നത്. അതിന്റെ ഭൂതകാല ക്ഷേമനേട്ടങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വിജ്ഞാന സമ്പദ്ഘടനയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു പുതിയ വികസനപാത തുറക്കുന്നതിനാണ് നാം ശ്രമിക്കുന്നത്. ഈയൊരു സന്ദിഗ്ധഘട്ടത്തില്‍ സീതാറാം യെച്ചൂരിയുടെ അകാല തിരോധാനം നമുക്ക് വലിയൊരു തിരിച്ചടിയാണ്.

സംസ്ഥാന സർക്കാരുകൾ:
1964ലെ പാർട്ടി പരിപാടി
1964ല്‍ അംഗീകരിച്ച പാർട്ടി പരിപാടി പ്രകാരം വളരെ പരിമിതമായപങ്കേ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അംഗീകരിച്ചിരുന്നുള്ളൂ. പാർട്ടി രൂപീകരണത്തിനുശേഷമുള്ള ഒരുദശാബ്ദക്കാലത്തെ അനുഭവവും ഖണ്ഡിക 112ലെ വിലയിരുത്തലിനെ പൂര്‍ണമായും ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു. 1957ൽ അധികാരത്തിൽവന്ന കേരള സര്‍ക്കാരിനെ രണ്ട് വര്‍ഷം പ്രവര്‍ത്തിക്കാനേ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചുള്ളൂ. 1967ലെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും രണ്ട് വര്‍ഷം തികച്ചില്ല. 1967–70 കാലത്തെ ബംഗാളിലെ രണ്ട് സര്‍ക്കാരുകളുംകൂടി കഷ്ടിച്ച് ഒന്നരവര്‍ഷമേ ഭരണത്തില്‍ ഇരുന്നുള്ളൂ. പാർട്ടി പരിപാടിയിലും 1967ലെ തിരഞ്ഞെടുപ്പിനുശേഷമുള്ള കേന്ദ്ര കമ്മിറ്റി പ്രമേയത്തിലുമെല്ലാം സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ച സമീപനം ഇങ്ങനെ ചുരുക്കിപ്പറയാം:

1) സംസ്ഥാനങ്ങളില്‍ നമ്മുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ താല്കാലികം മാത്രമായിരിക്കും. അവര്‍ക്ക് പരിമിതമായ അധികാരങ്ങളേയുള്ളൂ.

2) അതുകൊണ്ട് ഇത്തരം സര്‍ക്കാരുകള്‍ വഴി ലഭിക്കുന്ന അവസരങ്ങള്‍ സാധാരണക്കാര്‍ക്ക് സമാശ്വാസം നല്‍കുന്ന ചില ഇളവുകള്‍ നല്‍കുന്നതിനുവേണ്ടിയാണ് ഉപയോഗപ്പെടുത്തേണ്ടത്.

3) ഈ സര്‍ക്കാരുകളെ ജനകീയ സമരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമരായുധമായിട്ടാണ് കാണേണ്ടത്.

താല്കാലിക സര്‍ക്കാരുകളല്ല, 
തുടര്‍ച്ചയായ സര്‍ക്കാരുകള്‍
ഇന്ത്യയാസകലം ബഹുജനസമര വേലിയേറ്റങ്ങളുടെയും ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ രൂക്ഷമായ കുഴപ്പത്തിന്റെയും കാലത്ത് മേല്‍പ്പറഞ്ഞ വിലയിരുത്തല്‍ ശരിയായിരുന്നു. എന്നാല്‍ 1977നുശേഷം സ്ഥിതിഗതികള്‍ മാറി. ഏഴ് വര്‍ഷത്തെ അര്‍ദ്ധഫാസിസ്റ്റ് ഭീകരതയെ മറികടന്ന് ബംഗാളില്‍ നാം അധികാരത്തില്‍വന്നു. 34 വര്‍ഷം അത് തുടര്‍ന്നു. ത്രിപുരയില്‍ 1978 ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍വന്ന ഒന്നാം ത്രിപുര സര്‍ക്കാര്‍ പത്തുവര്‍ഷത്തിനുശേഷം തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. എന്നാല്‍ 1993þല്‍ അധികാരത്തില്‍വന്നശേഷം 25 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്നു. ഇത്തരമൊരു സ്ഥിതിവിശേഷം 1960 കളില്‍ ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. എന്നു മാത്രമല്ല, പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ പ്രാദേശിക അസന്തുലിതാവസ്ഥ കൂടുതല്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. ഇതുമൂലം നമ്മള്‍ തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന പ്രദേശങ്ങളില്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനം സമാശ്വാസ നടപടികളില്‍ ഒതുക്കാന്‍ കഴിയില്ല. ഭൂപരിഷ്കരണംപോലുള്ള ഘടനാപരമായ നടപടികള്‍ വിജയപ്രദമായി നടപ്പാക്കിക്കഴിഞ്ഞാല്‍ തുടര്‍ വികസന പ്രശ്നങ്ങള്‍ ഏറ്റെടുത്തേ തീരൂ. ഓരോ പ്രദേശത്തിന്റെയും ദീര്‍ഘകാല വികസനത്തിന് അനുയോജ്യമായ കാഴ്ചപ്പാടുകള്‍ക്കു രൂപംനല്‍കുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടു മാത്രമേ ജനങ്ങളുടെ വിശ്വാസത്തെ നിലനിര്‍ത്താനാകൂ.

ബംഗാളിന്റെ വ്യവസായവല്‍ക്കരണം
ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നയപരമായ പ്രശ്നങ്ങള്‍ പാർട്ടി കോണ്‍ഗ്രസുകള്‍ക്ക് കൈകാര്യം ചെയ്യേണ്ടിവന്നു. ബംഗാള്‍ ഭൂപരിഷ്കരണവും അധികാരവികേന്ദ്രീകരണവും ഫലപ്രദമായി നടപ്പാക്കുകയുണ്ടായി. എന്നാല്‍ ഏറ്റവും ഗൗരവമായ വികസനപ്രശ്നം വ്യവസായവല്‍ക്കരണം സംബന്ധിച്ചായിരുന്നു. കൊളോണിയല്‍ കാലത്ത് രാജ്യത്തിന്റെ വ്യവസായ ഉല്പാദനത്തിന്റെ നാലിലൊന്ന് ബംഗാളിന്റെ സംഭാവനയായിരുന്നു.

എന്നാല്‍ സ്വാതന്ത്ര്യാനന്തര കാലത്ത് പുറത്തുനിന്നും വന്ന മാര്‍വാഡി ക്യാപ്പിറ്റല്‍ വലിയതോതില്‍ ബംഗാളില്‍ നിന്നും പിന്‍വാങ്ങി. പശ്ചിമ ഇന്ത്യയിലെ മുതലാളിമാരില്‍ നിന്നു വ്യത്യസ്തമായി ബിര്‍ളയുടെയും മറ്റും മാര്‍വാഡി മൂലധനത്തിന് ബംഗാളിലെ ദേശീയപ്രസ്ഥാനവുമായോ സംസ്കാരവുമായോ വലിയബന്ധമൊന്നും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തരകാലത്ത് ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളില്‍ നിക്ഷേപ സാധ്യതകള്‍ ഉയര്‍ന്നതോടെ മൂലധനം ബംഗാളില്‍ നിന്നും പിന്‍വാങ്ങി. ഇങ്ങനെ തുടങ്ങിയ ബംഗാളിന്റെ അപവ്യവസായവല്‍ക്കരണം ഓരോ ദശാബ്ദം കഴിയുംതോറും കൂടുതല്‍ ശക്തമായി. 2000 ല്‍ 3.5 ശതമാനമായി അത് കുറഞ്ഞു. ഈ തിരിച്ചുപോക്കിന് എങ്ങനെ തടയിടാം? ബംഗാളിന്റെ വ്യവസായവല്‍ക്കരണം എങ്ങനെ സാധ്യമാക്കാം? ഇത് വളരെ നിര്‍ണായകമായ വെല്ലുവിളിയായിത്തീര്‍ന്നു. ഇതിനുവേണ്ടി അഖിലേന്ത്യാതലത്തില്‍ ഭരണമാറ്റം വരെ കാത്തിരിക്കണമെന്ന് ബംഗാളിലെ ജനങ്ങളോട് പറയാന്‍ കഴിയില്ലല്ലോ.

1985ലെ കല്‍ക്കട്ട പാർട്ടി കോണ്‍ഗ്രസില്‍ ബി.ടി. രണദിവെ ആണ് ഈ നയപ്രശ്നം ഏറ്റെടുത്തത്. ബംഗാള്‍ സര്‍ക്കാര്‍ ഹാല്‍ദിയ പെട്രോകെമിക്കല്‍ കോംപ്ലക്സ് സ്വകാര്യമേഖലയില്‍ നടപ്പാക്കുന്നതിന് തീരുമാനിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ എങ്ങനെ കുത്തക മുതലാളിമാരെ പ്രീണിപ്പിക്കുന്ന നയം സ്വീകരി ക്കുമെന്നായി വിമര്‍ശനം. ഭരണവര്‍ഗങ്ങള്‍ ബംഗാളിനോട് അനുവര്‍ത്തിക്കുന്ന സാമ്പത്തിക ഉപരോധ ത്തെ പൊളിക്കുന്നതിന് ഇത്തരമൊരു അടവ് അനിവാര്യമാണെന്നായിരുന്നു ബിടിആറിന്റെ വാദം. 1957 ലെ സര്‍ക്കാരിന്റെ കാലത്ത് ബിര്‍ളയെ ഗ്വാളിയോറിലേക്കു ക്ഷണിച്ച അനുഭവമുള്ള നമുക്ക് ഈ വിവാദം വിചിത്രമായി തോന്നിയേക്കാം. 1957 ല്‍ നിന്നും 1967 ല്‍ എത്തിയപ്പോഴേക്കും പാർട്ടിയുടെ നിലപാട് പാർട്ടി പരിപാടിയില്‍ നിര്‍വചിച്ചതുപോലെ ജനകീയ സമരങ്ങളെ ഉത്തേജിപ്പിക്കാനുള്ള ഉപകരണമായിട്ട് സര്‍ക്കാരുകളെ കാണുന്ന നിലയായിത്തീര്‍ന്നല്ലോ. മാറിയസാഹചര്യത്തില്‍ ഈ നിലപാട് തിരുത്തിയേ മുന്നോട്ടു പോകുവാന്‍ കഴിയുമായിരുന്നുള്ളൂ.

പുതുക്കിയ പാർട്ടി പരിപാടി
വിദേശമൂലധനം, കുത്തക മുതലാളിമാരുമായിട്ടുള്ള സഹകരണം, അവര്‍ക്ക് നല്‍കാവുന്ന ആനുകൂല്യങ്ങള്‍, പൊതുമേഖലാ സംരക്ഷണം തുടങ്ങിയവയെല്ലാം പല ഘട്ടങ്ങളില്‍ വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ട്. പലപ്പോഴും ബിടിആര്‍ തന്നെയാണ് ഇതിനു മുന്‍കൈയെടുത്തതും. ബിടിആറിനുശേഷം സീതാറാം യെച്ചൂരിയാണ് ഈ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടത്.

1994ല്‍ കേന്ദ്ര കമ്മിറ്റി സമഗ്രമായ ഒരു രേഖ തന്നെ അംഗീകരിച്ചു.‘‘പുത്തന്‍ സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ നയം” എന്നായിരുന്നു ഈ രേഖ അറിയപ്പെട്ടത്. ഇടതുപക്ഷ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ വ്യവസായവല്‍ക്കരണത്തിനായുള്ള പരിശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഈ രേഖ ഊന്നിപ്പറഞ്ഞു. പക്ഷേ, അതോടൊപ്പം തൊഴിലെടുക്കുന്നവരുടെയും പാവപ്പെട്ടവരുടെയും അവകാശവും ക്ഷേമവും വര്‍ദ്ധിപ്പിക്കാനാകണം.

ഇതിനു ശേഷമാണ് 2000 ല്‍ പാർട്ടി പരിപാടി പുതുക്കുന്നത്. 1964ലെ പാർട്ടി പരിപാടിയിലെ 112–ാം ഖണ്ഡികയ്ക്കു പകരം 7.17 ഖണ്ഡിക ചേര്‍ത്തു. നിലവിലുള്ള പരിമിതികള്‍ക്കകത്തു നിന്നുകൊണ്ടു തന്നെ അവസരം ലഭിക്കുമ്പോഴെല്ലാം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്നത് വിപ്ലവ പ്രവര്‍ത്തനത്തിന് ഉത്തേജകമാകുമെന്നതാണ് ഇതിലെ സമീപനം. ഇതുപ്രകാരം സമാശ്വാസം നല്‍കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമായ ബദല്‍ നയങ്ങള്‍ക്കു രൂപം നല്‍കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു.

Engage അഥവാ 
ഇടപെട്ടു പ്രവര്‍ത്തിക്കുക
2005ലെ ഡല്‍ഹിയിലെ 18–ാം പാർട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ–സംഘടനാ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗമായി ചില നയപരമായപ്രശ്നങ്ങള്‍” സംബന്ധിച്ച രേഖ സീതാറാം യെച്ചൂരിയാണ് അവതരിപ്പി ച്ചത്. ഇതിലാണ് ആദ്യമായി engage ചെയ്യുക അഥവാ ഇടപെട്ടു പ്രവര്‍ത്തിക്കുക എന്ന പ്രയോഗം വരുന്നത്. ബന്ധപ്പെട്ട ഒരു ഖണ്ഡിക ചുവടെ ചേര്‍ക്കുന്നു:

‘‘ബദല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കു വേണ്ടിയുള്ള സമരം നിലനില്‍ക്കുന്ന വ്യവസ്ഥയെ വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിക്കൊണ്ടുവേണം. ഇതിനാവട്ടെ ലോകയാഥാര്‍ത്ഥ്യത്തെ മാറ്റിമറിക്കുന്നതിനുവേണ്ടി ശാക്തിക ബലാബലം സോഷ്യലിസത്തിന് അനുകൂലമാക്കുന്നതിനു വിപ്ലവശക്തികള്‍ നിരന്തരമായ engagement ന് തയാറാകേണ്ടതുണ്ട്. നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന് സ്വപ്നം കണ്ടതുകൊണ്ടാവില്ല. ഇടപെട്ട് പ്രവര്‍ത്തിച്ച് വിപ്ലവകരമായ പരിവര്‍ത്തനം കൊണ്ടുവരണം. തൊഴിലാളിവര്‍ഗ നേതൃത്വത്തിലുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ ഇതേവരെയുള്ള ചരിത്രമാകെ നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ ഇത്തരത്തില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചതിന്റെ ചരിത്രമാണ്. ആ ഇടപെടലിന്റെ ലക്ഷ്യമാകട്ടെ ബദല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള ഭൗതികശക്തിയെ വളര്‍ത്തിയെടുക്കുകയാണ്.”

ഈ രേഖയില്‍ പാർട്ടി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ വിദേശ വായ്പയോടുള്ള നയം വ്യക്തമാക്കുന്നുണ്ട്. അന്തര്‍ദേശീയ മൂലധനത്തിന്റെ ഒഴുക്കും നമ്മുടെ പരമാധികാരത്തിന് അവ ഉയര്‍ത്തുന്ന വെല്ലുവിളികളുമെല്ലാം പരാമര്‍ശിച്ചശേഷം ഇന്നത്തെ സാഹചര്യത്തില്‍ ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ ഉറപ്പുവരുത്തുന്നതിന് ചില മേഖലകളില്‍ വിദേശമൂലധന നിക്ഷേപം ആകാമെന്ന് വ്യക്തമാക്കുന്നു. പാർട്ടി പരിപാടി തന്നെ ഇത് അനുവദിക്കുന്നുണ്ട്. നമ്മുടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എല്ലാ വിദേശ വായ്പകളും ഇന്നത്തെ സാഹചര്യത്തില്‍ വേണ്ടെന്നുവയ്ക്കാനാവില്ല. പക്ഷേ, ജനങ്ങളുടെയും രാജ്യത്തിന്റെയും ഉത്തമതാല്പര്യങ്ങളെ ഹനിക്കുന്ന നിബന്ധനകള്‍ ഇത്തരം വായ്പകളോടൊപ്പം ഉണ്ടാകാന്‍ പാടില്ലയെന്ന് ഈ രേഖ വ്യക്തമാക്കുന്നു.

ബംഗാളിലെ തിരിച്ചടിയും 
കേരളത്തിലെ തുടര്‍ഭരണവും
2008ലെ കോയമ്പത്തൂര്‍ പാർട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ–സംഘടനാ റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗം ബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരുകളുടെ അനുഭവങ്ങളെക്കുറിച്ചു ള്ളതാണ്. ഈ രേഖയില്‍ തന്നെ പശ്ചിമ ബംഗാളിലെ വ്യവസായനയം സൃഷ്ടിച്ച ജനകീയ പ്രതിഷേധത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. വ്യവസായവല്‍ക്കരണ നയത്തില്‍ ഒരു തെറ്റുമില്ല. പക്ഷേ, ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ അംഗീകാരത്തോടുംകൂടി വേണം ഇത്തരം നയങ്ങള്‍ നടപ്പാക്കാന്‍. ഇതില്‍വന്ന വീഴ്ച നന്ദിഗ്രാമിലും സിംഗൂരിലും വലിയ പ്രതിഷേധത്തിലേക്കു നയിച്ചു. അതിനെ നേരിട്ട രീതിയാകട്ടെ സംസ്ഥാനവ്യാപകമായി ജനമനസില്‍ നമ്മളോട് ഇൗർഷ്യ സൃഷ്ടിച്ചു. ഭൂമി ഏറ്റെടുക്കലിലെ പാളിച്ച മാത്രമാണ് ബംഗാളിലെ തിരിച്ചടിക്ക് കാരണമെന്ന വിശദീകരണം ശരിയല്ല. 34 വര്‍ഷം തുടര്‍ച്ചയായിട്ടുള്ള ഭരണം സൃഷ്ടിച്ച അപചയങ്ങളും അധ:പതനവും പോലുള്ള ഘടകങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്.

അതേസമയം, പാർട്ടിയുടെ പുതിയ കാഴ്ചപ്പാട് അനുസരിച്ചുള്ള കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നടപടികള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം ഉറപ്പാക്കുകയാണ് ചെയ്തത്. കേരളത്തിലെ അഭ്യസ്തവിദ്യരായ പുതിയ തലമുറ ആഗ്രഹിക്കുന്ന രീതിയിലുള്ള ഉയര്‍ന്ന വരുമാനം ഉറപ്പുനല്‍കുന്ന പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുകയോ പഴയ തൊഴിലുകളെ രൂപാന്തരപ്പെടുത്തുകയോ ആണ് ലക്ഷ്യം. ഇതിന് ഏറ്റവും അനുയോജ്യമായ മേഖലകള്‍ വിജ്ഞാന–വൈദഗ്ധ്യ–സേവന പ്രധാനമായ വ്യവസായങ്ങളാണ്. പരമ്പരാഗത മേഖലകളെയും കാര്‍ഷിക സംസ്കരണത്തെയും ഉന്നത മൂല്യവര്‍ദ്ധിത വ്യവസായങ്ങളാക്കണം. ഇതിന് സ്വകാര്യമൂലധനം കൂടിയേതീരൂ. സ്വകാര്യനിക്ഷേപത്തിന് കേരളത്തെ ആകര്‍ഷകമാക്കുന്നതിന് പശ്ചാത്തലസൗകര്യ പിന്നാക്കാവസ്ഥ ഇല്ലാതാക്കണം. ഇതിനു വലിയതോതിലുള്ള മുതല്‍മുടക്ക് ഉണ്ടാകണം. അതേസമയം, പാവപ്പെട്ട മുഴുവന്‍പേരുടെയും ക്ഷേമ–സുരക്ഷാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം.

ഇത് രണ്ടും ഒരേസമയം ചെയ്യാനുള്ള പണം എവിടെനിന്ന്? ഇതിനുവേണ്ടിയാണ് കിഫ്ബി സ്ഥാപിച്ചത്. സര്‍ക്കാര്‍ വര്‍ഷംതോറും നല്‍കുന്ന ഒരു ആന്വിറ്റിയെ അടിസ്ഥാനമാക്കി കിഫ്ബി വായ്പയെടുത്ത് വലിയ തോതില്‍ പശ്ചാത്തലസൗകര്യങ്ങളില്‍ മുതല്‍മുടക്കുന്നു. ഇതിനകം തന്നെ കേരളത്തിലെ പശ്ചാത്തല സൗകര്യങ്ങളിലുള്ള കുതിപ്പ് പ്രകടമാണ്. പുതിയ വ്യവസായവല്‍ക്കരണത്തിന്റെ തുടക്കവും പ്രകടമാണ്.

കേന്ദ്രസര്‍ക്കാരിന്റെ അട്ടിമറിശ്രമം
എന്നാല്‍ ഈ ബദല്‍ വികസന മാതൃകയെ അട്ടിമറിക്കാനാണ് ബിജെപി നേതൃത്വത്തുലുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കിഫ്ബി എടുത്ത വായ്പകളെ മുന്‍കാല പ്രാബല്യത്തോടെ ഇന്ന് സാധാരണഗതിയില്‍ സര്‍ക്കാരിന് അനുവദനീയമായ കമ്പോളവായ്പയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കിഫ്ബി മാതൃകയില്‍ ബജറ്റിനു പുറത്ത് വായ്പയെടുത്ത് പദ്ധതി നടപ്പാക്കുന്നതിനു തടസ്സവുമില്ല. സംസ്ഥാനങ്ങളുടെമേല്‍ പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. ഈ നിലപാട് സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു.

കേന്ദ്ര–സംസ്ഥാന ബന്ധങ്ങള്‍ അങ്ങനെ നമ്മുടെ വികസനത്തിന് വലിയ പ്രതിബന്ധമായി മാറിയിരിക്കുകയാണ്. കേന്ദ്ര–സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പാർട്ടി അംഗീകരിച്ചിട്ടുള്ള സമഗ്രമായ രേഖയുടെ സൂത്രധാരന്‍ സീതാറാം യെച്ചൂരിയാണ്. 2008ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയാണ് “”Approach Paper on Restructuring of Centre- State Relations” എന്ന രേഖ അംഗീകരിച്ചത്.

ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ പ്രചാരണവും പ്രതിരോധവും അനിവാര്യമായിരിക്കുകയാണ്.

ബിജെപിയെ തോല്‍പ്പിക്കുക
16–ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങളുടെ നികുതി വിഹിതം വെട്ടിക്കുറയ്ക്കുന്നതിനും വായ്പാ പരിധി താഴ്ത്തുന്നതിനും നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നുമാത്രമല്ല, കേരളം പോലെ പ്രതിശീര്‍ഷ വരുമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങളുടെയെല്ലാം നികുതി വിഹിതം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനു പ്രതിവിധി വേണമെങ്കില്‍ ഇത്തരം സംസ്ഥാനങ്ങളെല്ലാം ഏകോപിച്ചൊരു നിലപാട് സ്വീകരിക്കേണ്ടിവരും. പിന്നാക്കം നില്‍ക്കുന്നവര്‍ക്കു കൂടുതല്‍ നല്‍കണം. പക്ഷേ, അത് ഇന്നത്തേതുപോലെ മുന്നാക്കം നില്‍ക്കുന്നവര്‍ക്കു പിഴയിട്ടു കൊണ്ടാവരുത്. കേരളത്തിന്റെ പുതിയ വികസനപാത മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ബിജെപിയെ കേന്ദ്രത്തില്‍ നിന്നും മാറ്റേണ്ടത് അനിവാര്യമായിട്ടുവരികയാണ്.

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മേല്‍പ്പറഞ്ഞ ധനകാര്യ കമ്മീഷന്റെ സമീപനം ഒരു പ്രധാനപ്പെട്ട വിഷയമാക്കാനാകണം. ഇതില്‍ മഹാരാഷ്ട്ര ഇപ്പോള്‍ തന്നെ തങ്ങളുടെ വ്യവസായ പ്രൊജക്ടുകള്‍ ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നതില്‍ കനത്ത പ്രതിഷേധത്തിലാണ്.

കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടില്‍ ഗണ്യമായ കുറവുണ്ടായില്ലെങ്കിലും സീറ്റിന്റെ എണ്ണത്തില്‍ ഗണ്യമായ തിരിച്ചടിയുണ്ടായി. പ്രതിപക്ഷത്തിന്റെ ഏകോപിച്ചുള്ള നിലപാടാണ് ഇതിന്റെ മുഖ്യഘടകങ്ങളിലൊന്ന്. ഇടതുപക്ഷത്തിന്റെ ശക്തിയില്‍ സമീപകാലത്ത് വലിയക്ഷയം ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ മറികടക്കുന്ന ദൃശ്യസ്ഥാനമാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിനുള്ളത്. ഇതിലൊരു സുപ്രധാന ഘടകം കൂടിയാലോചനാ വൈദഗ്ധ്യവും ആഴത്തിലുള്ള, എല്ലാവർക്കും സ്വീകാര്യനായ അറിവും സ്വായത്തമാക്കിയിട്ടുള്ള സീതാറാം യെച്ചൂരിയെ പോലുള്ള നേതാക്കളാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യം പാർട്ടിക്കു മാത്രമല്ല, ഇന്ത്യയിലെ മതനിരപേക്ഷ– ജനാധിപത്യ ശക്തികള്‍ക്കാകെ തീരാനഷ്ടമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × two =

Most Popular