Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറിജനാധിപത്യ സംരക്ഷണത്തിന്റെ പോരാളി

ജനാധിപത്യ സംരക്ഷണത്തിന്റെ പോരാളി

എം വി ഗോവിന്ദന്‍

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മരണപ്പെട്ട വിവരം തികച്ചും അവിശ്വസനീയവുമാണ്. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ പോലും സജീവമായി നിറഞ്ഞുനില്‍ക്കുകയായിരുന്നു സീതാറാം യെച്ചൂരി. മനുഷ്യനുമായി ബന്ധപ്പെട്ടതൊന്നും തനിക്കന്യമല്ലയെന്ന് പറഞ്ഞ മാര്‍ക്സിന്റെ വഴികളിലൂടെ തന്നെയായിരുന്നു സീതാറാമിന്റേയും യാത്ര. ലോകത്തിലെ എല്ലാ വിഷയങ്ങളെ സംബന്ധിച്ചും അറിയാനും, പഠിക്കാനും ശ്രമിച്ച, ജിജ്ഞാസ കൊണ്ടുനടക്കുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു ജീവിതാവസാനം വരെ സീതാറാം യെച്ചൂരി.

ഇന്ത്യന്‍ ജനാധിപത്യത്തെ നിശ്ചലമാക്കിക്കൊണ്ട് 1975 ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനെതിരായുള്ള പോരാട്ടത്തിലൂടെയാണ് സീതാറാം യെച്ചൂരി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ സമരത്തില്‍ അദ്ദേഹത്തിന് ഒളിവിൽ പോകേണ്ടതായുംവന്നു. വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കത്തിലേ അദ്ദേഹം ബന്ധം പുലര്‍ത്തിയിരുന്നു. അതുവഴി ലോകത്തെ ഫാസിസ്റ്റ് ശക്തികള്‍ രൂപപ്പെടുന്ന വഴികളെക്കുറിച്ചും, അവയ്ക്കെതിരായുള്ള പ്രതിരോധത്തിന്റെ ശക്തി – ദൗര്‍ബല്യങ്ങളും നന്നായി മനസ്സിലാക്കിയ വ്യക്തി കൂടിയായിരുന്നു സീതാറാം.

മതരാഷ്ട്രവാദത്തിന്റെ വളര്‍ച്ച രാജ്യത്തിന്റെ എല്ലാവിധ നേട്ടങ്ങളേയും തകര്‍ത്തെറിയുമെന്ന വ്യക്തമായ ധാരണ സീതാറാമിനുണ്ടായിരുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൊലയാളി മതരാഷ്ട്രവാദികളും, അവയെ പിന്‍പറ്റുന്ന കോര്‍പ്പറേറ്റുകളുമാണെന്ന തിരിച്ചറിവ് അദ്ദേഹം പുലര്‍ത്തിപ്പോന്നു. ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുന്നതിനുള്ള വിശാലമായ പടയണി രൂപപ്പെടുത്തുന്നതിനും സീതാറാം മുന്‍കയ്യെടുത്തത് ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. ജീവിതത്തിന്റെ അന്ത്യഘട്ടംവരെ ഈ പോരാട്ടം അദ്ദേഹം തുടര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ സംരക്ഷണത്തിന്റെ കൊടിക്കൂറ ജീവിതാന്ത്യംവരെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.

ഇന്ത്യയിലെ വര്‍ഗീയ ശക്തികളുടെ വികാസം ഓരോ മേഖലയിലും എങ്ങനെ വികസിക്കുന്നുവെന്ന് വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്. വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവല്‍ക്കരണത്തേയും, വരേണ്യവല്‍ക്കരണത്തേയും ശക്തമായി എതിര്‍ത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി ജീവിതകാലം മുന്നോട്ടുപോയത്. സംഘപരിവാറിന്റെ കാവിവല്‍ക്കരണത്തിന്റെ അജൻഡ സംസ്ഥാനങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഘട്ടത്തില്‍ തന്നെ അതിനെതിരായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സീതാറാം മുന്നിട്ടിറങ്ങിയിരുന്നു. രാജ്യത്തെമ്പാടും ഇതിന്റെ ആപത്ത് വിശദീകരിച്ചുകൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ അജൻഡ വ്യാപിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും പ്രതിരോധത്തിന്റെ ശബ്ദമുയര്‍ത്താന്‍ സീതാറാം മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു.

വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയ്ക്ക് അവര്‍ ഉപയോഗിക്കുന്നത് ചരിത്രത്തേയും, സംസ്കാരത്തേയുമാണെന്ന നല്ല തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മിത്തുകളേയും മറ്റും പഠിക്കുന്നതിനും, അവയുടെ സവിശേഷതകളെ ലോകത്തിന് വ്യക്തമാക്കിക്കൊടുക്കുന്നതിനും അദ്ദേഹം തയ്യാറായി. ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളുടെ വൈവിധ്യങ്ങളെ ഇത്രയേറെ ഉള്‍ക്കൊണ്ട നേതാക്കള്‍ അപൂര്‍വ്വമാണെന്നു കാണാം. അതിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീയതയുടെ അടിസ്ഥാന ചിന്തകളെ തന്നെ അദ്ദേഹം വെല്ലുവിളിക്കുകയുണ്ടായി.

ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായി വികസിച്ച ഭക്ഷണ സംസ്കാരത്തിന്റെ രാഷ്ട്രീയം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. ഇത്തരത്തില്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ നാനാവശങ്ങളേയും ഉള്‍ക്കൊള്ളുന്നതിന് അദ്ദേഹം എന്നും പ്രവര്‍ത്തിച്ചിരുന്നുവെന്ന് കാണാം. രാജ്യത്തെ മതനിരപേക്ഷതയുടെ പതാകവാഹകന്‍ കൂടിയായിരുന്നു സീതാറാം യെച്ചൂരി. മതനിരപേക്ഷത നിലനില്‍ക്കണമെങ്കില്‍ ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം ഏറ്റവും പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ വ്യക്തി കൂടിയായിരുന്നു സീതാറാം യെച്ചൂരിയെന്ന് കാണാം. അത്തരത്തില്‍ ബഹുസ്വരതയുടെ കാവലാളായി സീതാറാം എന്നുമുണ്ടായിരുന്നു.

ഇന്ത്യന്‍ ഫെഡറലിസത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു ജമ്മു–കാശ്മീരിന്റെ പ്രത്യേക പദവി മോദി സർക്കാർ എടുത്തുകളഞ്ഞത്. അതിനു ശേഷം ശ്രീനഗര്‍ സന്ദര്‍ശിച്ച ആദ്യത്തെ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു യെച്ചൂരി. സുപ്രീം കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് അന്ന് വീട്ടുതടങ്കലിലായിരുന്ന തരിഗാമിയെ അദ്ദേഹം കാണാനെത്തിയത്. ഈ ഇടപെടലിലൂടെയാണ് തരിഗാമിക്ക് ഡല്‍ഹിയില്‍ ചികിത്സ ലഭിക്കുന്ന സാഹചര്യമുണ്ടായത്. കാശ്മീരിലെ യഥാര്‍ത്ഥ സ്ഥിതിവിശേഷം അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നതിനും യെച്ചൂരി മുന്‍നിരയില്‍ നിന്നു. ജമ്മുþകാശ്മീരിലെ ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഇന്ത്യന്‍ ഫെഡറലിസത്തിനെതിരായ ആക്രമണമായാണ് സീതാറാം വീക്ഷിച്ചിരുന്നത്.

ഇന്ത്യന്‍ പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്തും സീതാറാമിന്റെ സംഭാവന നിറഞ്ഞുനില്‍ക്കുന്നതാണ്. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്തെ ജനക്ഷേമകരമായ പ്രവര്‍ത്തനത്തിന് മുന്‍പന്തിയില്‍ നിന്നവരില്‍ സീതാറാമും ഉണ്ടായിരുന്നു. യു.പി.എ – ഇടതുപക്ഷ ഏകോപന സമിതിയില്‍ ഇതിനായി ശക്തിയുക്തം ഇടപെടുകയും ചെയ്തു. വിവരാവകാശ നിയമം നടപ്പിലാക്കുന്നതിനും സീതാറാമിന്റെ ഇടപെടലുണ്ടായിരുന്നു. ഈ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളേയും ശക്തിയുക്തം അദ്ദേഹം ചെറുത്തു. വനാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം എന്നിവ പോലുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നതിനും സീതാറാം വഹിച്ച പങ്ക് ചെറുതല്ല.

സാര്‍വ്വദേശീയ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ചും സജീവമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവന്ന പ്രശ്നങ്ങളിലും സീതാറാമിന്റെ സജീവ ഇടപെടലുണ്ടായിരുന്നു. സി.പി.ഐ എമ്മിന്റെ വിദേശകാര്യ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന കാലത്താണ് നേപ്പാളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അദ്ദേഹം സജീവമായി മുന്നോട്ടുവന്നത്. രാജവാഴ്ച അവസാനിപ്പിച്ച് ജനാധിപത്യത്തിലേക്ക് മുന്നേറാന്‍ അദ്ദേഹം മുന്നോട്ടുവച്ച 12 ഇന ഫോര്‍മുല പൊതുവില്‍ അംഗീകരിക്കപ്പെടുകയായിരുന്നു. വിഘടിച്ചുനിന്ന മാവോയിസ്റ്റുകളെ യോജിപ്പിച്ചു നിര്‍ത്താനും അദ്ദേഹം പ്രവര്‍ത്തിച്ചു. 2015 ല്‍ നേപ്പാളിനെ സ്വതന്ത്ര ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ഭരണഘടനാ നിര്‍മ്മാണത്തിലും അദ്ദേഹത്തിന്റെ പങ്കുണ്ടെന്ന് കാണാം.

ആണവ കരാറിന്റെ ഘട്ടത്തിൽ അതിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ വിദേശ മന്ത്രാലയം പുറത്തിറക്കിയ രേഖയില്‍ യെച്ചൂരിയുടെ വിയോജനക്കുറിപ്പും കാണാവുന്നതാണ്. 2005 ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും, 2009 ല്‍ കോപ്പൻഹേഗനിലെ കാലാവസ്ഥാ ഉച്ചകോടിയിലും അദ്ദേഹം സജീവമായി പങ്കെടുത്തു. ഇതെല്ലാം കാണിക്കുന്നത് അദ്ദേഹത്തിന്റെ ഉപദേശങ്ങളേയും ഇടപെടലുകളേയും എത്രത്തോളം മറ്റ് രാജ്യങ്ങളും നമ്മുടെ നാടും മാനിച്ചിരുന്നുവെന്നതാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗൗരവതരമായ പ്രതിസന്ധിയായിരുന്നു സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും, സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കേറ്റ തിരിച്ചടിയും. ഇത് ചരിത്രത്തിന്റെ അന്ത്യമാണെന്ന് പലരും വിലയിരുത്തിയിരുന്ന കാലമായിരുന്നു. ഈ ഘട്ടത്തില്‍ എന്തുകൊണ്ട് ഇത്തരം തിരിച്ചടി ഈ രാജ്യങ്ങളിലുണ്ടായി എന്ന് വസ്തുനിഷ്ഠമായി വിലയിരുത്തുന്നതില്‍ സി.പി.ഐ എം മുഖ്യമായ പങ്കുവഹിച്ചു. 14-–ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത് സീതാറാം യെച്ചൂരിയായിരുന്നു. സാര്‍വ്വദേശീയ സ്ഥിതിഗതികളെ കൃത്യമായ പ്രത്യയശാസ്ത്ര ധാരണയോടെ വിലയിരുത്താനുള്ള അദ്ദേഹത്തിന്റെ ശേഷി ആ പ്രമേയ അവതരണത്തില്‍ വ്യക്തമാണ്.

രാജ്യത്ത് ജനകീയ താല്‍പര്യം സംരക്ഷിക്കുന്നതിനായി തന്റെ ജീവിതം ഒഴിഞ്ഞുവച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. ഇന്ത്യന്‍ സാഹചര്യങ്ങളെ ആഗോള പശ്ചാത്തലത്തില്‍ വിലയിരുത്തിക്കൊണ്ട് നിലപാട് സ്വീകരിക്കുന്നതില്‍ ഉജ്വലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. രാഷ്ട്രീയ രംഗത്ത് പൊരുതുന്നതിന് ചരിത്രത്തേയും, സംസ്കാരത്തേയും ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും യെച്ചൂരി തിരിച്ചറിഞ്ഞു. ആഗോളവല്‍ക്കരണ നയം ജനങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയ കമ്യൂണിസ്റ്റായിരുന്നു യെച്ചൂരി. ലാളിത്യത്തിന്റെ നിറകുടം കൂടിയായിരുന്നു അദ്ദേഹം. രാജ്യം ഏറെ പ്രതിസന്ധി നേരിടുന്ന കാലത്ത് യെച്ചൂരിയുടെ വിയോഗം ഒരു തീരാനഷ്ടം തന്നെയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 3 =

Most Popular