Saturday, November 23, 2024

ad

Homeകവര്‍സ്റ്റോറിപ്രത്യയശാസ്ത്രത്തിൽ 
യെച്ചൂരിയുടെ 
സംഭാവനകൾ

പ്രത്യയശാസ്ത്രത്തിൽ 
യെച്ചൂരിയുടെ 
സംഭാവനകൾ

എം എ ബേബി

തൊരു കമ്യൂണിസ്റ്റ് പാർട്ടിയും മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് മുഖ്യമായും മൂന്ന് മണ്ഡലങ്ങളിൽ അത് നിരന്തരം നടത്തുന്ന വർഗസമരം നിമിത്തമാണ്.

ചൂഷകർക്കെതിരെ ചൂഷിതരും അടിച്ചമർത്തപ്പെട്ട വരും നിന്ദിതരും പീഡിതരുമായ സർവ്വരേയും ചേർത്തുപിടിച്ച് കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകുന്ന വർഗസമരത്തിന് പ്രത്യയശാസ്ത്ര (ആശയ)പരം, രാഷ്ട്രീയം, സാമ്പത്തികം എന്നീ മൂന്നു രൂപങ്ങളാണ് ഉള്ളത്. ഇവ ഓരോന്നും സമർഹമായ പ്രാധാന്യത്തോടെ ഏറ്റെടുക്കുവാൻ ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് എത്രമാത്രം കഴിയുമെന്നതിനെ ആശ്രയിച്ചാണ് ജനങ്ങൾ എത്രത്തോളം പാർട്ടിക്കൊപ്പം അണിനിരക്കുന്നു എന്നത് വ്യക്തമാകുന്നത്.

വ്യതിയാനങ്ങൾക്കെതിരെ പോരാടിക്കൊണ്ട് വ്യത്യസ്തവും ശാസ്ത്രീയവുമായ കാഴ്ചപ്പാടോടുകൂടി ഒരു പുതിയ അടിത്തറയിൽ ശക്തമായി സിപിഐ എം പുനഃസംഘടിപ്പിക്കപ്പെട്ടത് 1964 നവംബറിൽ കൊൽക്കത്തയിൽ ചേർന്ന പാർട്ടിയുടെ 7-–ാം കോൺഗ്രസ്സിൽ വച്ചായിരുന്നു.

പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ ചർച്ചചെയ്യുവാൻ സിപിഐ എം ആയി കമ്യൂണിസ്റ്റ് പാർട്ടി പുനഃസംഘടിപ്പിക്കപ്പെട്ടതിനുശേഷം ആദ്യ ശ്രമം നടന്നത് 1968 ഏപ്രിൽ 5 മുതൽ 12 വരെ നടന്ന ബർദ്വാൻ (പശ്ചിമബംഗാൾ) പ്ലീനത്തിൽ വെച്ചാണ്.

1992ൽ നടന്ന 14-–ാം പാർട്ടി കോൺഗ്രസിലാണ് പിന്നീട് പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ ചർച്ചചെയ്യുവാൻ ഏറ്റവും പ്രധാനപ്പെട്ട ശ്രമം നടന്നത്.

സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളും തകർന്നടിഞ്ഞതും ശിഥിലീകരിക്കപ്പെട്ടതും കമ്യൂണിസ്റ്റ് പാർട്ടികളിലും പ്രവർത്തകരിലും വലിയ ആശങ്കയും നിരാശയും പകർത്തിയിരുന്ന ഘട്ടമായിരുന്നു അത്. തൊട്ടുമുമ്പ് മാത്രം, പുതുതായി ഭരണഘടന ഭേദഗതി വഴി രൂപവൽക്കരിക്കപ്പെട്ട കേന്ദ്ര സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തപ്പെട്ട യുവ നേതാവ് സീതാറാം യെച്ചൂരിയെ ആണ് ഈ സുപ്രധാനരേഖ അവതരിപ്പിക്കുവാൻ പൊളിറ്റ് ബ്യൂറോ ചുമതലപ്പെടുത്തിയത്.

സൈദ്ധാന്തികൻ എന്നുകൂടി പ്രശസ്തനായ ഇ എം എസ് ആണ് അന്ന് പാർട്ടി ജനറൽ സെക്രട്ടറി. പ്രത്യയശാസ്ത്ര വിദഗ്ധൻ എന്ന് പേരുകേട്ട മക്കനേനി ബസവ പുന്നയ്യയും സജീവ പി ബി അംഗമായി അപ്പോൾ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് ലോകത്ത് വലിയ കോളിളക്കം ഉണ്ടാക്കിയ സംഭവ പരമ്പരകൾ സൃഷ്ടിച്ച സങ്കീർണ സാഹചര്യത്തിന്റെ നാനാവിധ സ്വാധീനതകൾ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരിലും ഊർന്നിറങ്ങിക്കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ പാർട്ടി കോൺഗ്രസിലെ ചർച്ചയെ ആധികാരികമായി നയിക്കുവാൻ തനിക്ക് കഴിയുമോ എന്ന ആശങ്ക സീതാറാമിനും ഉണ്ടായിരുന്നു. എന്നാൽ പൊളിറ്റ് ബ്യൂറോ നേതാക്കൾ പകർന്നുനൽകിയ ആത്മവിശ്വാസം മുതൽക്കൂട്ടാക്കി സീതാറാം ആ സുപ്രധാനരേഖ അവതരിപ്പിക്കുവാൻ തയ്യാറായി. മികച്ച നിലയിൽ തന്നെ സഖാവ് അതിന്റെ അവതരണം നിർവഹിച്ചു.

തലനാരിഴകീറിയുള്ള ചർച്ചകളും ഭേദഗതി നിർദ്ദേശങ്ങളും സ്വാഭാവികമായും അന്ന് പാർട്ടി കോൺഗ്രസിൽ ഉണ്ടായി. അവ ഓരോന്നും പരിശോധിച്ചു പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ പ്രതികരണവും സീതാറാം തന്നെ പാർട്ടി കോൺഗ്രസിൽ മറുപടിയായി അവതരിപ്പിച്ചു. അതിന്റെ ഭാഗമായി ചില ഭേദഗതികൾ അംഗീകരിച്ചു. ചിലത് ഭേദഗതി ചെയ്ത് ഉൾക്കൊള്ളിച്ചു. അവസാനം ‘ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ സംബന്ധിച്ച്’എന്ന പ്രസ്തുത രേഖ മദിരാശി പാർട്ടി കോൺഗ്രസ് സർവ്വസമ്മതത്തോടെ അംഗീകരിച്ചു. പല വിദേശ കമ്യൂണിസ്റ്റ് പാർട്ടികളും മതിപ്പ് രേഖപ്പെടുത്തിയ പ്രസ്തുത രേഖ പിന്നീട് കാലോചിതമാക്കിയത് 2014ൽ കോഴിക്കോട്ടു വെച്ച് നടന്ന 20–ാം പാർട്ടി കോൺഗ്രസിലാണ്. പ്രത്യയശാസ്ത്ര പ്രമേയം കാലോചിതമാക്കുന്നതിലും സീതാറാം യെച്ചൂരി വിലപ്പെട്ട സംഭാവനകൾ നൽകി. അവതരിപ്പിച്ചതും മറ്റാരുമായിരുന്നില്ല.

മദിരാശയിൽ ചേർന്ന 14–ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര രേഖയിലെ മുഖ്യ നിഗമനങ്ങൾ എന്തൊക്കെയാണ്?

1917ലെ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ സമുദ്ഘാടനം ചെയ്യപ്പെട്ട, ചൂഷണ വ്യവസ്ഥയിൽ നിന്ന് സമത്വപൂർണ്ണമായ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്കുള്ള മാനവരാശിയുടെ ഉജ്ജ്വലമായ മുന്നേറ്റത്തിന് വലിയ ആഘാതം തന്നെയാണ് സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിന്റെയും ശിഥിലീകരണം എന്ന് പ്രസ്തുത രേഖ തുറന്നു സമ്മതിച്ചു. അവിടങ്ങളിൽ മുതലാളിത്തം തിരിച്ചുവരവ് നടത്തിയിരിക്കുന്നു. എന്നാൽ ഈ തിരിച്ചടി സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനിടയിൽ സംഭവിച്ച ഗുരുതരമായ വ്യതിയാനങ്ങളുടെ ഫലം മാത്രമാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തെറ്റല്ല അത് എന്ന് പ്രസ്തുത രേഖ വ്യക്തമാക്കി.സോഷ്യലിസ്റ്റ് നിർമാണം സങ്കീർണവും നിരന്തര ജാഗ്രതയോടെ നിർവഹിക്കേണ്ടതുമായ ഒരു ബൃഹത്തായ കർത്തവ്യമാണ് എന്ന് വിസ്മരിച്ചു പോയതാണ് തിരിച്ചടി ഉണ്ടാകാനുള്ള ഒരു കാരണം എന്ന് 14–ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രേഖ ചൂണ്ടിക്കാട്ടി. പാർട്ടിയുടെയും ഭരണകൂടത്തിന്റെയും പങ്കിനെപ്പറ്റിയും ശാസ്ത്രീയമായ ധാരണ വികസിപ്പിക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും വീഴ്ച വന്നു. സമ്പദ്ഘടനയിലും അതിന്റെ മേൽനോട്ടത്തിലും കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ സംഭവിച്ച പരാജയവും തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. പാർട്ടിക്കുള്ളിലും ഭരണകൂടത്തിലും സമൂഹത്തിലും സോഷ്യലിസ്റ്റ് കാലത്തെ ജനാധിപത്യം ആഴമുള്ളതായി അനുഭവവേദ്യമാക്കുന്നതിലും പോരായ്മകൾ ഉണ്ടായി. ഉദ്യോഗസ്ഥ മേലാളത്ത മനോഭാവം പാർട്ടിയിലും ഭരണസംവിധാനത്തിലും രൂപപ്പെട്ടതും പ്രത്യയശാസ്ത്ര അവബോധത്തിൽ ചോർച്ചയുണ്ടായതും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി. ഇതെല്ലാം സോഷ്യലിസ്റ്റ് വ്യവസ്ഥയെ അട്ടിമറിക്കുവാൻ തയ്യാറെടുത്തു നീങ്ങിക്കൊണ്ടിരുന്ന സാർവദേശീയ പ്രതിലോമ ശക്തികൾക്കും സാമ്രാജ്യത്വത്തിനും കാര്യങ്ങൾ എളുപ്പത്തിലാക്കി. ഈ വ്യതിയാനങ്ങൾ, മാർക്സിസം – ലെനിനിസം അസാധുവാണ് എന്നല്ല തെളിയിക്കുന്നത്. നേരെമറിച്ച് ശാസ്ത്രീയ സിദ്ധാന്തത്തിൽ നിന്ന് മാറിനടന്നാലുള്ള അപകടമാണവ ചൂണ്ടിക്കാട്ടുന്നത്. സിദ്ധാന്തവും പ്രയോഗവും ശരിയാണെന്ന് ഉറപ്പുവരുത്തുവാൻ നിതാന്ത ജാഗ്രത വേണമെന്നും അത് ഓർമിപ്പിക്കുന്നു.

തിരിച്ചടികളെ അതിജീവിച്ച് തിരിച്ചുവരവിന് തയ്യാറാകുന്ന ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് തൊഴിലാളി പാർട്ടികൾക്ക് പ്രത്യയശാസ്ത്ര മേഖലയിൽ സിപിഐ എം നടത്തിപ്പോന്ന ഇടപെടലുകൾ വളരെ വലിയ ആവേശവും ആത്മവിശ്വാസവുമാണ് പകർന്നത് എന്ന് അന്താരാഷ്ട്ര വേദികളിൽ കണ്ടുമുട്ടുന്ന സന്ദർഭങ്ങളിൽ അവർ തുറന്നു പറയാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഇടപെടലുകളും സംഭാവനകളും നൽകുന്നതിൽ സീതാറാം യെച്ചൂരിയുടെ വ്യക്തിപരമായ പങ്കും അവർക്കറിവുള്ളതാണ്.

2000 ൽ തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക അഖിലേന്ത്യ പാർട്ടി സമ്മേളനത്തിലാണ് സിപിഐ എം പരിപാടി കാലോചിതമാക്കിയത്.അതിന്റെ രണ്ടാം ഭാഗമായ സമകാലിക ലോകത്ത് സോഷ്യലിസം എന്ന ഭാഗം14-–ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര രേഖയിലെ നിഗമനങ്ങളുടെ സാരാംശം ഉൾക്കൊള്ളുന്നു.

ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി മറ്റൊരു ബൂർഷ്വ പാർട്ടി മാത്രമാണ് എന്ന നിലയിൽ കാണുന്നത് എത്രമാത്രം അശാസ്ത്രീയവും അപകടകരവുമാണ് എന്ന് അടിവരയിട്ടു കാണിക്കുന്നതിൽ സീതാറാം യെച്ചൂരി നടത്തിയ സൂക്ഷ്മമായ വിമർശനം ശ്രദ്ധേയമാണ്. ‘What is this Hindu Rashtra’ “Communalism vs Secularism’. തുടങ്ങിയ അദ്ദേഹത്തിന്റെ മൂർച്ചയേറിയ അപഗ്രഥനങ്ങൾ വർഗീയതയ്ക്കും ഫാസിസ്റ്റിക്കായ ഭരണകൂട നീക്കങ്ങൾക്കുമെതിരായ പോരാട്ടങ്ങളിൽ കരുത്തുറ്റ ആയുധങ്ങളായി പ്രയോജനപ്പെട്ടിട്ടുണ്ട്. ഇതും രാഷ്ട്രീയ മണ്ഡലത്തിലെ പ്രത്യയശാസ്ത്ര സമരമായി കാണാവുന്നതാണ്.

രാജ്യസഭയിൽ സീതാറാം യെച്ചൂരി നടത്തിയിട്ടുള്ള മിക്കവാറും എല്ലാ പ്രസംഗങ്ങളും ശക്തമായ പ്രത്യേയശാസ്ത്ര വിമർശനങ്ങൾ കൂടിയായിരുന്നു. എതിരാളികളെക്കൂടി പിടിച്ചരുത്തി കേൾപ്പിക്കുന്ന വിധം തന്റെ വാദങ്ങൾ അവതരിപ്പിക്കാനുള്ള സീതാറാമിന്റെ അപാരമായ പ്രാഗത്ഭ്യം സാർവത്രികമായി സമ്മതിക്കപ്പെട്ടിട്ടുണ്ട്.

അന്തരിച്ച വലിയ മെത്രാ പോലീത്ത മാർ ക്രിസോസ്റ്റം തിരുമേനി ഞങ്ങൾ ഇരുവരുടെയും വളരെ അടുപ്പമുള്ള ആധ്യാത്മിക നേതാവായിരുന്നു. ക്രിസോസ്റ്റം തിരുമേനിയുമായി ഈ ലേഖകൻ നടത്തിയ ഒരു സുദീർഘ സംഭാഷണം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന് സീതാറാം യെച്ചൂരി എഴുതിയ അവതാരിക ക്രിസ്തുമതത്തെയും ബൈബിളിനെയും ഒരു മാർക്സിസ്റ്റ് എങ്ങനെ നോക്കിക്കാണണമെന്നതിന്റെ മികച്ച ഉദാഹരണമാണ്.

വർക്കല ശിവഗിരിയിൽ സീതാറാം യെച്ചൂരി നടത്തിയ ഒരു പ്രഭാഷണത്തിന്റെ മികവ് എന്നെ ഫോൺ വിളിച്ചറിയിച്ചത് അന്നവിടെ വേദിയിൽ തന്നെയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്.

നിരന്തരമായ വായനയും പഠനവും എഴുത്തും പോരാട്ടങ്ങളും രാഷ്ട്രീയ ഇടപെടലുകളായ പ്രഭാഷണങ്ങളും വഴി വിശ്രമരഹിതമായ ജീവിതമായിരുന്നു സഖാവിന്റേത്. സദാ സജീവമായ ചിന്തയും പ്രവൃത്തിയുമായി നമുക്കൊപ്പം ഉണ്ടായിരുന്ന സീതാറാം യെച്ചൂരി – – ഉറ്റ സഖാക്കളുടെ സീത -– ഇനി നമ്മോടൊപ്പമില്ല. സഖാവ് നിർവഹിച്ചുപോന്ന പ്രവർത്തനങ്ങളുടെയും പോരാട്ടങ്ങളുടെയും നല്ല മാതൃകകൾ എല്ലാം ഏറ്റെടുത്ത് മുന്നോട്ടുപോവുക മാത്രമാണ് സീതയുടെ അനശ്വര സ്മരണ നിലനിർത്തുവാനായി നാം ചെയ്യേണ്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 1 =

Most Popular