Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറിസീതാറാം യെച്ചൂരി: എളിമയുള്ള ജീവിതം തെളിമയുള്ള രാഷ്ട്രീയം

സീതാറാം യെച്ചൂരി: എളിമയുള്ള ജീവിതം തെളിമയുള്ള രാഷ്ട്രീയം

എ വിജയരാഘവൻ

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആകസ്മിക നിര്യാണം ഇന്ത്യയിലെ പുരോഗമന വീക്ഷണമുള്ള ആളുകളിൽ മാത്രമല്ല രാജ്യത്താകമാനമുള്ള എല്ലാ വിഭാഗം ജനങ്ങളിലും വേദനയുണ്ടാക്കിയ സംഭവമായിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ ഘടനയിലെ എല്ലാ വിഭാഗത്തിലുംപെട്ട നേതാക്കളും സാമൂഹ്യ, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകൾ ഇതിന്റെ ദൃഷ്ടാന്തമാണ്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട വളരെ ചടുലമായ രാഷ്ട്രീയ പ്രവർത്തനമാണ് സീതാറാം യെച്ചൂരിയുടേത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആറും ഏഴും ദശകങ്ങളിൽ അലയടിച്ച ക്ഷുഭിത യൗവനങ്ങളുടെ പോരാട്ടഭൂമികയിൽ നിന്നാണ് സീതാറാമിനെപ്പോലെയുള്ള യുവ നേതാക്കൾ ഇന്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ എത്തിയത്. അതേ ആവേശത്തോടെ പിന്നീട് ഉയർന്നുവന്ന രാഷ്ട്രീയ–സാമൂഹ്യ വ്യവഹാരങ്ങളിൽ തൊഴിലാളിപക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ്. അദ്ദേഹം പൊതുപ്രവർത്തനം നടത്തിയത്. പൊതുസ്വീകാര്യത ഉണ്ടാക്കുന്ന തരത്തിലുള്ള സാമൂഹ്യ ഇടപെടലുകൾ നടത്താനും അദ്ദേഹത്തിനായി. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന അക്കാദമിക് സമൂഹം നൽകിയ അന്ത്യാഞ്ജലി ഈ പൊതുസ്വീകാര്യതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയ വിവിധ രാഷ്ട്രീയ നേതാക്കളും പാർട്ടി പ്രവർത്തകരും കാണിച്ച ആദരവ് അദ്ദേഹത്തിന്റെ സാമൂഹ്യ സ്വീകാര്യതയുടെ തെളിവായിരുന്നു. രാജ്യം നേരിടുന്ന നാനാവിധ പ്രശ്നങ്ങളിൽ സമഗ്രതയുള്ള സമീപനം മുന്നോട്ടുവെക്കാനായതും സീതാറാം യെച്ചൂരിയുടെ സ്വീകാര്യത വർദ്ധിപ്പിച്ച സുപ്രധാന ഘടകമാണ്.

യൗവനകാലത്തുതന്നെ പാർട്ടിയുടെ നേതൃത്വനിരയിലെത്തിയ സീതാറാം ആശയ – സെെദ്ധാന്തിക തലങ്ങളിൽ പാർട്ടിക്ക് മികച്ച സംഭാവന നൽകിയിട്ടുണ്ട്. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകർച്ചയെത്തുടർന്ന് രൂപപ്പെട്ട നിരാശയുടെ ഒരുകാലത്ത് കൃത്യതയാർന്ന രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ സിപിഐ എമ്മിന് സാധിക്കുകയുണ്ടായി. എല്ലാവർക്കും തൊഴിലും വിദ്യാഭ്യാസവും നൽകാനും ആരോഗ്യം,പാർപ്പിടം എന്നീ അവകാശങ്ങൾ ഉറപ്പാക്കാനും ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനും സോഷ്യലിസത്തിന് കഴിഞ്ഞത് ലോകത്താകമാനമുള്ള പൊരുതുന്ന ജനതയ്ക്ക് എന്നും ആത്മവിശ്വാസമായിരുന്നു. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ സോഷ്യലിസം അപ്രസക്തമായി എന്ന പ്രചരണം വ്യാപകമാകുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ പിരിച്ചുവിടുകയും ചെയ്ത സന്ദർഭത്തിലാണ് ചെന്നെെയിൽ ചേർന്ന സിപിഐ എം 14–ാം പാർട്ടി കോൺഗ്രസ് സോഷ്യലിസത്തിലുള്ള അചഞ്ചലമായ വിശ്വാസം ഉറപ്പിച്ച് പ്രഖ്യാപിച്ചത്. സോഷ്യലിസത്തിനുണ്ടായ തിരിച്ചടി മാർക്സിസം–ലെനിനിസത്തിന്റെ വിശകലന വീക്ഷണങ്ങളുടെ പരാജയമല്ലെന്നും മറിച്ച് അതിന്റെ വിപ്ലവകരവും ശാസ്ത്രീയവുമായ ഉള്ളടക്കത്തിന്റെ പ്രയോഗത്തിൽ വന്ന പരിമിതിയാണെന്നും സിപിഐ എം ചൂണ്ടിക്കാട്ടി. മാർക്സിസത്തെ യാന്ത്രികമായും ഉരുവിട്ട് പറയുന്ന തരത്തിലും പ്രയോഗിച്ചതിലുണ്ടായ പ്രതിഫലനമാണിതെന്ന് ഉറപ്പിച്ചു പറയാൻ സിപിഐ എമ്മിന് സാധിക്കുകയുണ്ടായി. ഏഴ് പതിറ്റാണ്ടിന്റെ സോഷ്യലിസ്റ്റ് അനുഭവങ്ങളെ സമഗ്രതയിൽ പരിശോധിച്ചുകൊണ്ട് തിരിച്ചടിയുടെ കാരണങ്ങളെ സൂക്ഷ്മ വിശകലനം ചെയ്യുകയാണ‍് അന്ന് സിപിഐ എം ചെയ്തത്. തുടർന്നുള്ള പ്രവർത്തനങ്ങളിൽ തെറ്റുകൾ പറ്റാതിരിക്കാൻ ഈ അനുഭവങ്ങൾ ഉൾക്കൊണ്ട് സ്വന്തം പ്രവർത്തനങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് സിപിഐ എം പ്രഖ്യാപിക്കുകയുണ്ടായി. ശരിയായ ഈ രാഷ്ട്രീയ നിലപാട് പാർട്ടി കോൺഗ്രസിൽ ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ചുള്ള രേഖ അവതരിപ്പിച്ചുകൊണ്ട് സമൂഹത്തിന്റെ മുന്നിലേക്ക് അവതരിപ്പിച്ചത് അന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായിരുന്ന സീതാറാം യെച്ചൂരിയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ താത്വിക രംഗത്ത് അദ്ദേഹം കെെവരിച്ച മികവിനു പാർട്ടിയിലെ മുതിർന്ന നേതാക്കൾ നൽകിയ അംഗീകാരമായിരുന്നു ഇത്.

ലോക സാമ്രാജ്യത്വം ‘ഏക ധ്രുവലോക’ ത്തിന്റെ ഗരിമയിൽ അഭിരമിക്കുകയും വർഗ സമരത്തിന് പകരം ‘സംസ്കാരങ്ങളുടെ സംഘർഷം’ എന്ന പ്രത്യയശാസ്ത്ര പരികൽപ്പന ഉൽപ്പാദിപ്പിച്ച് ആഹ്ലാദിക്കുകയും ചെയ്യുമ്പോൾ 2008ലെ ലോക സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത ഘടനയിൽ വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ആഗാേളതലത്തിൽ ധനസ്ഥാപനങ്ങൾ തകരുകയും ലക്ഷക്കണക്കിന് ആളുകളുടെ സമ്പാദ്യം നഷ്ടമാകുകയും ചെയ്ത ആ പ്രതിസന്ധി കാലം ദശലക്ഷക്കണക്കിനാളുകളെ തൊഴിൽരഹിതരും ഭവനരഹിതരും ആക്കി. മുതലാളിത്തത്തിന്റെ സവിശേഷത അതിന്റെ പ്രതിസന്ധിദായകമായ സമ്പദ്ഘടനയാണെന്ന മാർക്സിയൻ കാഴ്ചപ്പാട് ശരിവെക്കുന്ന തരത്തിലുള്ള ചരിത്രാനുഭവമായിരുന്നു ഈ പ്രതിസന്ധി. ആഗാേളവൽക്കരണം സൃഷ്ടിച്ച വിലങ്ങുകളില്ലാത്ത മൂലധന നിക്ഷേപം എന്ന കാഴ്ചപ്പാട് കൊള്ളലാഭത്തിന്റെയും തീവ്രചൂഷണത്തിന്റെയും പുതിയ അന്തരീക്ഷമാണ് ഉണ്ടാക്കിയത്. മാർക്സിസത്തിന്റെ പുനർവായനയിലേക്ക് ലോകമാകെയും നീങ്ങിയ ആ ചരിത്രഘട്ടത്തിൽ സിപിഐ എമ്മിന്റെ 20–ാം പാർട്ടി കോൺഗ്രിൽ പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ചുള്ള രേഖ അംഗീകരിക്കുകയുണ്ടായി. സാർവദേശീയ ധനമുതലാളിത്തം ഉയർന്ന രൂപത്തിലുള്ള കൊള്ളലാഭം പരമാവധി ഉറപ്പാക്കുന്ന രീതിശാസ്ത്രത്തെ സൂക്ഷ്മ വിശകലനം ചെയ്തുകൊണ്ട് നവ–ഉദാരവൽക്കരണത്തിന്റെ ചൂഷണം എല്ലാ മേഖലയിലുംപെട്ട അധ്വാനിക്കുന്ന മനുഷ്യന്റെ ജീവിതത്തെ പിറകോട്ടടിപ്പിക്കുന്നത് എങ്ങനെയാണെന്ന് പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര രേഖ വിശദമായി തന്നെ പ്രതിപാദിക്കുകയുണ്ടായി. വ്യവസ്ഥ എന്ന നിലയിൽ മുതലാളിത്ത സാമൂഹിക ഘടനയെ മാറ്റിമറിക്കേണ്ടതുണ്ടെന്നും അതിനായി തൊഴിലാളി വർഗത്തിന്റെ രാഷ്ട്രീയ ബോധത്തിന്റെ ആത്മനിഷ്ഠ ഘടകങ്ങളെ ശക്തിപ്പെടുത്തണമെന്നും 20–ാം പാർട്ടി കോൺഗ്രസ് തീരുമാനിക്കുകയുണ്ടായി.

പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര രേഖ അമേരിക്കൻ സാമ്രാജ്യത്വം, മുതലാളിത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാറ്റോയെ ഉപയോഗപ്പെടുത്തി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധോത്സുകമായി മുന്നേറുമെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ഉക്രെയിനെ ഉപയോഗപ്പെടുത്തി റഷ്യയെ ലക്ഷ്യം വെച്ചാണ് സാമ്രാജ്യത്വം നീങ്ങുന്നതെന്നും ചെെനയുടെ വളർച്ചയെ തടയുക എന്നത് അതിന്റെ തന്ത്രപരമായ ലക്ഷ്യമാണെന്നും പ്രത്യയശാസ്ത്ര രേഖ ഒന്നരപതിറ്റാണ്ട് മുമ്പ് ചൂണ്ടിക്കാട്ടിയത് ഇന്ന് സത്യമായി വന്നിരിക്കുന്നു. ഈ രേഖ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തൊഴിലാളി വർഗ രാഷ്ട്രീയം സ്വീകരിക്കേണ്ട നിലപാടുകൾക്ക് ദിശാബോധം നൽകിയത് സീതാറാം യെച്ചൂരിയാണ്.

ഈ ആശയ സമരത്തിന്റെ തുടർച്ചയിൽ സാമ്രാജ്യത്വം അതിന്റെ ലോക മേധാവിത്വം നിലനിർത്താൻ നടത്തുന്ന പരിശ്രമത്തിൽ പ്രത്യയശാസ്ത്രമേഖലയിൽ നടത്തുന്ന കടന്നാക്രമണങ്ങളെ തുറന്നുകാണിക്കാൻ സീതാറാം പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരായും സോഷിലിസത്തിന് എതിരായും ആഗോള വ്യാപകമായും മുതലാളിത്ത ശക്തികൾ നടത്തുന്ന കടന്നാക്രമണങ്ങളെ അദ്ദേഹം തുറന്നുകാട്ടി. ഉത്തരാധുനികതപോലെയുള്ള ആശയങ്ങൾക്ക് പ്രചരണം നൽകി വർഗ സമരത്തെ ദുർബലപ്പെടുത്താനുള്ള പരിശ്രമങ്ങളെ ജാഗ്രതയോടെ നേരിടണമെന്ന് സീതാറാം നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഇത് ഉപയോഗപ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന സ്വത്വ രാഷ്ട്രീയവും ജാതിരാഷ്ട്രീയവും ശക്തിപ്പെടുന്നതിലുള്ള സാധ്യതകളും അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും സീതാറാം ഓർമിപ്പിച്ചുകൊണ്ടിരുന്നു. നവ–ഉദാരവൽക്കരണകാലത്ത് സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി സാംസ്കാരിക മേഖലയിൽ നടത്തുന്ന കയ്യേറ്റങ്ങളെ തുറന്നുകാണിക്കാൻ അദ്ദേഹത്തിനായി. ദൃശ്യമാധ്യമങ്ങൾ, അച്ചടിമാധ്യമങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവയെ ഉപയോഗിച്ച് രൂപപ്പെടുത്തുന്ന സാംസ്കാരിക ഉൽപ്പന്നങ്ങൾ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ വലതുപക്ഷത്ത് ഉറപ്പിക്കാനും അരാഷ്ട്രീയവൽക്കരിക്കാനും നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം നിരന്തരം തുറന്നുകാണിച്ചു.

സത്യാനന്തരകാലത്ത് സാമ്രാജ്യത്വം നടത്തുന്ന പ്രത്യയശാസ്ത്ര കടന്നാക്രമണങ്ങളെയും അത് അതിവെെകാരികതയുടെയും വ്യക്തിപരമായ വിശ്വാസത്തിന്റെയും മേഖലകളിൽ സാമ്രാജ്യത്വ അനുകൂല അഭിപ്രായങ്ങളുടെ പൊതുസമ്മതി ഉറപ്പാക്കുന്നത് എങ്ങനെയെന്നും സീതാറാം അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ വിശദീകരിക്കുകയുണ്ടായി. അസത്യങ്ങളുടെ അടിത്തറയിൽ സമൂഹത്തിൽ ആശയ രൂപീകരണം നടത്തി അതിന് സ്വീകാര്യത ഉണ്ടാക്കുന്ന മുതലാളിത്ത തന്ത്രം തുറന്നുകാട്ടാൻ സീതാറാമിനായി. ഇതിനെയെല്ലാം നേരിടാൻ കഴിയുന്ന തരത്തിലുള്ള പ്രതിരോധം സംഘടിപ്പിക്കാൻ സോഷ്യലിസ്റ്റ് ആശയങ്ങൾ കൂടുതലായി പ്രചരിപ്പിച്ച് ജനങ്ങളുടെ ജീവിതാവസ്ഥകളുടെ യാഥാർത്ഥ്യങ്ങൾ സമരായുധമാക്കി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സഖാവ് നിരന്തരം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തിൽ തീവ്ര ഹിന്ദുത്വ ആശയ അടിത്തറയിൽ ബിജെപി ഭരണം ഒരു പതിറ്റാണ്ടായി നടപ്പിലാക്കിയ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തേയും കുത്തകാനുകൂല സാമ്പത്തിക നയങ്ങളെയും കൃത്യമായി തുറന്നുകാണിച്ച ഇന്ത്യയുടെ ഇടതുപക്ഷ നേതാവായിരുന്നു സീതാറാം യെച്ചൂരി. ബിജെപിക്ക് ഒറ്റയ്ക്ക് ഇക്കഴിഞ്ഞ ലോക്–സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടാതെപോയതിലും ന്യൂനപക്ഷ വിരുദ്ധ–ദളിത് വിരുദ്ധ രാഷ്ട്രീയത്തെ തടയിടാനായതിലും സീതാറാമിനെ പോലെയുള്ള ഇടതുപക്ഷ നേതാക്കൾക്ക് നിർണായക പങ്ക് വഹിക്കാനായി. ഇന്ത്യയുടെ ഭരണഘടനയും മതനിരപേക്ഷതയും ഫെഡറിലിസവും ജനാധിപത്യവും തകരാതെ പ്രതിരോധിക്കാൻ കഴിയുമെന്ന് 18–ാം ലോക്–സഭാ തിരഞ്ഞെടുപ്പ് തെളിയിക്കുകയുണ്ടായി. ഇതിന് പശ്ചാത്തലമൊരുക്കിയ ഇന്ത്യാ ബ്ലോക്കിന്റെ രൂപീകരണത്തിലും പ്രചാരണത്തിലും സീതാറാം യെച്ചൂരി നിർണായക പങ്കുവഹിച്ചു.

ഉരുവിട്ടുച്ചരിക്കാനുള്ള ഒരു മന്ത്രമായല്ല പ്രയോഗത്തിന്റെ പ്രത്യയശാസ്ത്രം എന്ന നിലയിൽ മാർക്സിസത്തെ സാമൂഹ്യ സാഹചര്യങ്ങളുടെ വസ്തുനിഷ്ഠ വിശകലനം നടത്താനുപയോഗിച്ച‍് ബഹുജനപോരാട്ടങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സീതാറാം നമ്മെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ബഹുജനപോരാട്ടങ്ങൾക്ക് പ്രത്യയശാസ്ത്ര ഉൾക്കാഴ്ച നൽകുകയും അതുവഴി കരുത്തുറ്റ സംഘടന രൂപപ്പെടുത്തുകയും ചെയ്യണമെന്ന കാഴ്ചപ്പാടിലൂന്നിയ പൊതുപ്രവർത്തനമാണ് അദ്ദേഹം നിരന്തരം നടത്തിപ്പോന്നത്. തീവ്ര മതബോധവും നവലിബറൽ മുതലാളിത്തവും സംയോജിപ്പിച്ച് രൂപപ്പെടുത്തിയ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനാവുമെന്നും അന്തിമ വിജയം സോഷിലിസത്തിന്റേതാണെന്ന് ആവർത്തിച്ച് പ്രചരിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.

തെളിമയാർന്ന സെെദ്ധാന്തിക നിലപാടിൽ ഉറച്ചുനിന്ന് പാർട്ടി പ്രവർത്തനവും പാർലമെന്ററി പ്രവർത്തനവും നല്ല നിലയിൽ നടത്തുമ്പോഴും കമ്യൂണിസ്റ്റുകാരനുണ്ടാകേണ്ട ലാളിത്യവും എളിമയും അദ്ദേഹം വ്യക്തിജീവിതത്തിൽ അവസാനം വരെ ഉയർത്തിപ്പിടിച്ചു. രാജ്യത്തെ വിവിധ രാഷ്ട്രീയധാരകളിലെ നേതൃത്വ നിരയോട് ഇടപഴകുന്ന സീതാറാം പാർട്ടി കേന്ദ്രകമ്മിറ്റി ആപ്പീസിലെ റിസപ്ഷനിസ്റ്റിനോടും ഓഫീസ് ജോലി നിർവഹിക്കുന്നവരോടും സാധാരണ പാർട്ടി പ്രവർത്തകരോടും സമഭാവനയോടുകൂടിയാണ് പെരുമാറിയത്. ഉൽകൃഷ്ടമായ ഈ വ്യക്തി ജീവിതചര്യകൾ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. തൊഴിലാളിവർഗ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പ്രതിബദ്ധതയോടെ അദ്ദേഹം നടത്തിയ പ്രവർത്തനം ഭാവി തലമുറയ്ക്ക് മാതൃകയാണ്.

വിദ്യാർത്ഥി കാലം മുതൽ ഒരുമിച്ച് നാലുപതിറ്റാണ്ടുകാലം നടത്തിയ സമര സംഘടനാ പ്രവർത്തനങ്ങൾക്കിടയിൽ പരസ്പരം തർക്കിക്കാത്ത സൗഹൃദം അദ്ദേഹവുമായി നിലനിർത്താൻ എനിക്കു സാധിച്ചു. ഒടുവിൽ ആശുപത്രിയിൽ കണ്ട് പിരിയുമ്പോഴും അദ്ദേഹം ജീവിതത്തിൽനിന്ന് വിരമിക്കുകയാണെന്ന തോന്നലുണ്ടായിരുന്നില്ല. തികഞ്ഞ ആത്മവിശ്വാസമാണ് ഭാവി പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്നത്. ഏറ്റെടുക്കേണ്ട അടിയന്തിര കടമകളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അപൂർണമായ ആ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് സിപിഐ എം പ്രവർത്തകരുടെ ഇന്നത്തെ ചുമതല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 2 =

Most Popular