Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറിസഖാവ് സീതാറാം യെച്ചൂരി പ്രതിബദ്ധതയുടെ അഞ്ച് പതിറ്റാണ്ട്

സഖാവ് സീതാറാം യെച്ചൂരി പ്രതിബദ്ധതയുടെ അഞ്ച് പതിറ്റാണ്ട്

വിജൂ കൃഷ്ണൻ

ന്ത്യയിലെ സംഘടിത ഇടതുപക്ഷത്തിന്റെ ഏറ്റവുമധികം അംഗീകാരമുള്ള മുഖങ്ങളിലൊന്നാണ് സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി. തന്റെ ജീവിതത്തിന്റെ അവസാന നാളുകൾ വരെ, അധികാരത്തിന്റെ അമരത്തിലെത്തിയ കോർപ്പറേറ്റ്– വർഗീയ –സേ-്വച്ഛാധിപത്യവാഴ്ചയുടെ ഏറ്റവും കടുത്ത എതിരാളികളിലൊരാളായിരുന്നു അദ്ദേഹം. 1974ൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ, സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രവർത്തകനായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹത്തിന്റെ അടുത്ത അഞ്ച് പതിറ്റാണ്ടുകാലത്തെ ജീവിതം സോഷ്യലിസത്തിനും ജനങ്ങളുടെ മോചനത്തിനുമായുള്ള പോരാട്ടങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചതായിരുന്നു; അവയോടുള്ള പ്രതിബദ്ധതയിൽ അടിയുറച്ചു നിന്ന കാലമായിരുന്നു അത്.

1970കളിലെ കാറും കോളും കൊണ്ട് ഇളകി മറിഞ്ഞ വർഷങ്ങളിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങൾക്ക് മൂർച്ചയേറിയത്. വിയറ്റ്നാമിൽ അമേരിക്കയ്ക്ക് സംഭവിച്ച നാണംകെട്ട പരാജയം, പൊതുവിലുണ്ടായ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റം, ചിലിയിലെ ചെറുത്തുനിൽപ്പിനോടുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യം, പലസ്തീൻ വിമോചന പ്രസ്ഥാനം, വർണവിവേചന വിരുദ്ധ പ്രസ്ഥാനം, ക്യൂബൻ ജനതയുടെ ധീരോദാത്തമായ ചെറുത്തുനിൽപ്പ് എന്നിവയെല്ലാം തന്നെ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ യുവജനങ്ങളെയാകെ ആവേശഭരിതരാക്കിയിരുന്നുവെന്നത് നിസ്സംശയമാണ്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റ് അടിച്ചേൽപ്പിച്ച സേ-്വച്ഛാധിപത്യപരമായ അടിയന്തരാവസ്ഥയുടെ കരാളകാലത്ത് ഒളിവിൽനിന്ന് അദ്ദേഹം അതിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ചു; എങ്കിലും പിന്നീട് 1975ൽ തന്നെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കുശേഷം 1977–78 വിദ്യാഭ്യാസ വർഷത്തിൽ തന്നെ അദ്ദേഹം മൂന്നുതവണ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു; അദ്ദേഹത്തിനു മാത്രം കെെവരിക്കാൻ കഴിഞ്ഞ ഒരു മികവ്; വിദ്യാർഥികൾക്കിടയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യതയുടെ സാക്ഷ്യപത്രമായിരുന്നു അത്; ഒപ്പം തന്നെ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ശക്തമായ സാന്നിധ്യവും അതിൽ പങ്കുവഹിച്ചിട്ടുണ്ട്; ആ ക്യാമ്പസിൽ എസ്എഫ്ഐ കെട്ടിപ്പടുക്കാൻ അദ്ദേഹവും സഹായിച്ചിരുന്നു. 1984–86 കാലത്ത് അദ്ദേഹം എസ്-എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. മുപ്പത്തിരണ്ടാമത്തെ വയസ്സിൽ, താരതമേ-്യന ചെറിയ പ്രായത്തിൽ തന്നെ 1984ൽ അദ്ദേഹം സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തപ്പെട്ടു; അതിനടുത്ത വർഷം പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്ര സെക്രട്ടറിയറ്റിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നാൽപ്പതാമത്തെ വയസ്സിൽ 1992 ൽ അദ്ദേഹം പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അദ്ദേഹം പൊളിറ്റ് ബ്യൂറോയിൽ എത്തിയത് സോഷ്യലിസത്തിന്റെ ഭാവിയെ സംബന്ധിച്ച് ലോകമാസകലം തീക്ഷ്ണമായ ആശയസംവാദം നടന്നുകൊണ്ടിരുന്ന ഒരു കാലത്തായിരുന്നു; സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ വേളയിൽ ‘ചരിത്രത്തിന്റെ അന്ത്യ’ത്തെക്കുറിച്ചും ഉദാരവൽക്കരണത്തിന്റെ വിജയത്തെക്കുറിച്ചും ചർച്ചകൾ നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. അതേ സമയം തന്നെയാണ് ഇന്ത്യയിൽ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസിന്റെ നേതൃത്വത്തിൽ വലതുപക്ഷ രാഷ്ട്രീയം പ്രബലശക്തിയായിക്കൊണ്ടിരുന്നതും. പാർട്ടിയുടെ കൂട്ടായ നേതൃത്വത്തിനൊപ്പം അദ്ദേഹം പ്രത്യയശാസ്ത്ര വ്യക്തതയോടുകൂടി പാർട്ടിയെ മുന്നോട്ടുനയിച്ചു; അത് കാഡർമാരുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാനും അവരിൽ പ്രതീക്ഷയും ആവേശവും ജനിപ്പിക്കാനും പര്യാപ്തമായി. സാമ്രാജ്യത്തെ സംബന്ധിച്ചും നവലിബറൽ സാമ്പത്തികനയങ്ങളെ സംബന്ധിച്ചും വർഗീയശക്തികളെ കുറിച്ചും ഒപ്പം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചുമെല്ലാം ഇൗ കാലഘട്ടത്തിൽ അദ്ദേഹം എഴുതിയ കൃതികൾ ഏറെ പ്രസക്തമായവയാണ്. ഇന്ത്യയിൽ കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ കാലത്ത് പ്രത്യേകിച്ച് ഒന്നാം യുപിഎ ഗവൺമെന്റ് നിലവിൽ വന്നപ്പോൾ നയങ്ങൾക്ക് രൂപംനൽകുന്നതിലും പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഒന്നാം യുപിഎ ഗവൺമെന്റിന്റെ ഭരണകാലത്ത് ഇടതുപക്ഷത്തിനുണ്ടായിരുന്ന ശക്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, വനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങിയ പുരോഗമന നിയമനിർമാണങ്ങൾക്കും അവയുടെ നിർവഹണം ഉറപ്പാക്കുന്നതിനും ചാലകശക്തിയായി പ്രവർത്തിച്ചു.

12 വർഷക്കാലം പാർലമെന്റംഗമായിരുന്ന അദ്ദേഹം വർഗീയ–കോർപ്പറേറ്റ് ബിജെപി വാഴ്ചയ്ക്കെതിരായ ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്നായിരുന്നു. പല സന്ദർഭങ്ങളിലും അദ്ദേഹം ഗവൺമെന്റിനെ പ്രതിക്കൂട്ടിൽ നിർത്തിയിട്ടുമുണ്ട്. തൊഴിലാളി വർഗത്തിന്റെയും കർഷകജനതയുടെയും മർദിത ജനവിഭാഗങ്ങളുടെയും വിഷയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പാർലമെന്റിനുള്ളിലും തെരുവീഥികളിലും ഒരേപോലെ ആവേശകരമായ സാന്നിധ്യമായിരുന്നു. പ്രത്യേകിച്ചും, ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസിനെതിരായ പ്രതിഷേധങ്ങളുടെ കാലത്തും കോർപ്പറേറ്റനുകൂലമായ മൂന്ന് കർഷകനിയമങ്ങളും പിൻവലിക്കാനും കർഷകജനതയോട് മാപ്പുപറയാനും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റിനെ നിർബന്ധിതമാക്കിയ ഐതിഹാസികമായ കർഷകസമരവേളയിൽ അതിന് പിന്തുണ നൽകുന്നതിന് പ്രതിപക്ഷ കക്ഷികളെ അണിനിരത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമാണ്. വിഭാഗീയമായ പൗരത്വഭേദഗതി നിയമത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുന്നതിലും ഭരണഘടനയുടെയും മതനിരപേക്ഷതയുടെയും ജമ്മു–കാശ്മീർ ജനതയുടെ അവകാശങ്ങളുടെയും സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യങ്ങളുടെയും മർദിത വിഭാഗങ്ങളുടെ അവകാശങ്ങളുടെയും മറ്റും സംരക്ഷണത്തിലുമെല്ലാം വഹിച്ച പങ്ക് അദ്ദേഹത്തിന് വിപുലമായ അംഗീകാരവും ആദരവും നേടിക്കൊടുത്തു. പൊതു ആസ്തികളുടെ സ്വകാര്യവൽക്കരണം, ഭക്ഷ്യസുരക്ഷ, നോട്ട് നിരോധനം സൃഷ്ടിച്ച വിപത്തുകൾ, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിലെന്നപോലെ തന്നെ കോർപ്പറേറ്റ് ശിങ്കിടി വാഴ്ചയ്ക്കെതിരെയും ഏറ്റവും ശക്തമായ സ്വരമായിരുന്നു അദ്ദേഹത്തിന്റേത്. സാമ്രാജ്യത്വത്തെയും ഫാസിസത്തെയും മുതലാളിത്ത വികസനത്തിന്റെ നവലിബറൽ പരിപ്രേക്ഷ്യത്തെയും എതിർക്കുന്നതിന് പ്രത്യയശാസ്ത്രപരമായി ബഹുജനങ്ങളെ സജ്ജരാക്കുന്നതിനുള്ള ഏറ്റവും മികച്ച അധ്യാപകൻ കൂടി ആയിരുന്നു അദ്ദേഹം. സാമൂഹ്യമായ അടിച്ചമർത്തലിനും വിവേചനത്തിനുമെതിരായ പോരാട്ടങ്ങളെ വർഗസമരവുമായി കൂട്ടിയിണക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ആശയവ്യക്തത വേറിട്ടുനിൽക്കുകതന്നെ ചെയ്യും. സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും ലോക നേതാക്കളുമായും അദ്ദേഹത്തിനുണ്ടായിരുന്ന വിപുലമായ ബന്ധങ്ങളും പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്; നേപ്പാളിലെ രാജവാഴ്ചയ്ക്കെതിരായ പോരാട്ടത്തിലും അവിടെയുള്ള വിവിധ കമ്യൂണിസ്റ്റു പാർട്ടികളെ ഏകോപിപ്പിക്കുന്നതിൽ ഉൾപ്പെടെ ജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന പങ്ക് പലപ്പോഴും ഉയർത്തിക്കാണിക്കപ്പെടാറുണ്ട്.

നവലിബറൽ സാമ്പത്തികനയങ്ങൾ നടപ്പാക്കുന്നതോടുകൂടി കാർഷികമേഖലയിൽ ഉയർന്നുവരുന്ന വെെരുധ്യങ്ങളെ സംബന്ധിച്ച അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾ ശരിയായ കോർപ്പറേറ്റ് വിരുദ്ധ നിലപാടുകളോടുകൂടി പ്രസ്ഥാനം വികസിപ്പിക്കുന്നതിന് സഹായകമായി; ഭൂരഹിതരായ കർഷകത്തൊഴിലാളികളും ദരിദ്ര കർഷകരുമായിരിക്കും ഐക്യത്തിന്റെ കേന്ദ്ര സ്ഥാനത്ത്; അതിനു ചുറ്റുമായി പൊതുശത്രുവിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം കെെവരിക്കുന്നതിന് പ്രാപ്തമായ വിപുലമായ ഐക്യം കെട്ടിപ്പടുക്കുകയെന്ന വസ്തുതയും വിസ്മരിക്കാതെയാണ് പ്രസ്ഥാനം വികസിപ്പിക്കുന്നത്.

ആഗോള ധനമൂലധനത്തിന്റെ ആധിപത്യം സ്ഥാപിക്കലുമായും അതിന്റെ അധീശാധിപത്യവുമായും ഇന്ത്യയിലെ ഹിന്ദുത്വഫാസിസ്റ്റ് ശക്തികളുടെ ഉയർച്ചയെ ബന്ധപ്പെടുത്തുകയും ചെയ്തു സഖാവ് സീതാറാം; അതോടൊപ്പം തന്നെ ഈ വിഭാഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തുനിൽക്കാനും പരാജയപ്പെടുത്താനും തൊഴിലാളി– കർഷകസഖ്യത്തിനുമാത്രമേ കഴിയൂവെന്നും അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു.

വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടന്നാൽ, അദ്ദേഹവുമായി എനിക്ക് മൂന്ന് പതിറ്റാണ്ടു കാലത്തെ ബന്ധമുണ്ട്. 1995ൽ ജവഹർലാൽ നെഹ്റു സർവകാലാശാലയിലെ വിദ്യാർഥിയെന്ന നിലയിൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പൊതുയോഗത്തിൽ വച്ചാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. ഒരു പതിറ്റാണ്ടുകാലത്തെ എന്റെ യൂണിവേഴ്സിറ്റി വാസക്കാലത്ത്, രാഷ്ട്രീയ സംഭവ വികാസങ്ങളെ സംബന്ധിച്ച റിപ്പോർട്ടിങ്ങും തന്റെ വിപുലമായ അനുഭവ സമ്പത്തിൽനിന്നുള്ള ഉപാഖ്യാനങ്ങളും സാംസ്കാരികവും സാഹിത്യപരവുമായ പരാമർശങ്ങളും ഫലിതോക്തികളും മൂർച്ചയേറിയ വാക് പ്രയോഗങ്ങളും നിറഞ്ഞ കുശാഗ്രബുദ്ധിയോടെയുള്ള തന്റെ പ്രഭാഷണങ്ങൾ കൊണ്ട് ശ്രോതാക്കളെ അദ്ദേഹം ആവേശഭരിതരാക്കിയ അസംഖ്യം സന്ദർഭങ്ങൾക്ക് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജെഎൻയു സ്റ്റുഡന്റ്സ് യൂണിയനിലേക്കുള്ള ഓരോ തിരഞ്ഞെടുപ്പിലും യൂണിയന്റെ ഏറ്റവും ഒടുവിലത്തെ ജനറൽ ബോഡി യോഗത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രഭാഷകനായിരുന്നു അദ്ദേഹം; പൊതുവെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർദ്ധന്യാവസ്ഥയിലായിരിക്കും ആ ജനറൽ ബോഡി യോഗം; ആ പ്രഭാഷണം സംഘടിത ഇടതുപക്ഷത്തിനനുകൂലമായി നിർണായകമായ ഒരു സ്വാധീനം ചെലുത്തലാകും; സ്വാഭാവികമായും ഏറ്റവും വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നതും അതുതന്നെയാണ്. അദ്ദേഹം സംസാരിക്കുന്നതിന്റെ ഗതിക്രമം എന്തായിരിക്കുമെന്ന് പലവിധത്തിൽ നമുക്ക് മുൻകൂട്ടി കാണാനാവും; ഇംഗ്ലീഷിലാണോ ഹിന്ദിയിലാണോ അതോ തന്റെ മാതൃഭാഷയായ തെലുങ്കിലാണോ അദ്ദേഹം സംസാരിക്കേണ്ടത് എന്ന ഒരു ചോദ്യം ശ്രോതാക്കൾക്കു മുന്നിലേക്ക് ഇട്ടുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങുന്നത് (അദ്ദേഹത്തിന് പല ഭാഷകളും അറിയാമായിരുന്നു); വിദ്യാർഥിപ്രസ്ഥാനത്തിലെ തന്റെ അനുഭവങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്; ജെഎൻയുവിൽ എങ്ങനെയാണ് ജനാധിപത്യം പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാക്കാൻ മൂന്നുതവണ യൂണിയന്റെ പ്രസിഡന്റായി താൻ തിരഞ്ഞെടുക്കപ്പെട്ട കാര്യം അദ്ദേഹം വിവരിക്കുന്നു; കോൺഗ്രസ് ഭരണകാലത്ത് അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയിലെ അടിച്ചമർത്തലുകൾ, 1977ലെ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷവും സർവകലാശാലയുടെ ചാൻസലർ സ്ഥാനത്ത് തുടർന്നിരുന്ന ഇന്ദിരാഗാന്ധി തൽസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജെഎൻയു സ്റ്റുഡന്റ്സ് യൂണിയന്റെ മെമ്മോറാണ്ഡം എങ്ങനെയാണ് ഇന്ദിരാഗാന്ധിക്കുമുന്നിൽ വായിച്ചത്, പി ജി വുഡ് ഹൗസിൽനിന്നുള്ള ചില വരികൾ ഉദ്ധരിച്ചുകൊണ്ട്, മുൻപ് ആൺകുട്ടികളുടെ ഹോസ്റ്റലായിരുന്ന ഗംഗാ ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന കാലത്തെ ഓർമകൾ അയവിറക്കിക്കൊണ്ട്, മുതലാളിത്തത്തിന്റെ ടിന (TINA– മറ്റൊരു ബദലില്ല) എന്ന വാദത്തെ ‘‘സോഷ്യലിസമാണ് ബദൽ’’ എന്ന വാദമുയർത്തി ഖണ്ഡിച്ചുകൊണ്ട് അങ്ങനെയങ്ങനെ കത്തിക്കയറുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗം; സോഷ്യലിസമാണ് ബദൽ (Socialism is the Alternative) എന്നതിന്റെ ചുരുക്കപ്പേരായ (SITA) സീത എന്നു പറയുമ്പോൾ ആ മുഖത്ത് ഒരു ചെറുപുഞ്ചിരി നിറഞ്ഞുനിൽക്കുമായിരുന്നു. തുടർന്നുവരുന്ന കൂടുതൽ കനപ്പെട്ട വിഷയങ്ങളിലേക്ക് പുതിയ ശ്രോതാക്കളുടെ ശ്രദ്ധയാകർഷിക്കാനുള്ള അടിത്തറയൊരുക്കലാണ് ആദ്യം നടത്തുന്നത്. ജാതീയമായ അടിച്ചമർത്തലിന്റെയും വർഗീയ രാഷ്ട്രീയത്തിന്റെയും കടുത്ത വിമർശകനായ അദ്ദേഹം അതിൽ നിന്നു നേരെ കടക്കുന്നത് ലോകസംഭവ വികാസങ്ങളെക്കുറിച്ചുള്ള വിശകലനത്തിലേക്കാണ്–സാമ്രാജ്യത്വ ആക്രമണത്തെക്കുറിച്ചും ദേശീയ രാഷ്ട്രീയരംഗത്തെക്കുറിച്ചുമാണ്. സമകാലിക വിഷയങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഈ അവസാനഭാഗം ഏറ്റവുമധികം ഉൾക്കാഴ്ചയോടുകൂടിയതായിരിക്കും; അതായിരിക്കും പ്രസിഡൻഷ്യൽ സംവാദത്തിന്റെ അന്തഃസത്ത; മാത്രമല്ല, വോട്ടർമാരിൽ ഇത് വ്യക്തമായ മുദ്രപതിപ്പിക്കുന്നതുമായിരിക്കും. സങ്കീർണമായ വിഷയങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പോലും–പ്രസംഗത്തിലായാലും രചനകളിലായാലും ലളിതവും ആകർഷകവുമായ വിധത്തിൽ ആശയവിനിമയം നടത്താനുള്ള അദ്ദേഹത്തിന്റെ ശേഷി ശ്രദ്ധേയമാണ്.

വിദ്യാഭ്യാസപരമായ ഔന്നത്യമുള്ള ആളായിരുന്നു അദ്ദേഹം; അടിയന്തരാവസ്ഥയെ തുടർന്നുണ്ടായ അതിവേഗം മാറിക്കൊണ്ടിരുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ മൂലം അദ്ദേഹത്തിന് പിഎച്ച്ഡി ഉപേക്ഷിക്കേണ്ടതായിവന്നു. ഞാൻ പിഎച്ച്ഡി പൂർത്തിയാക്കണമെന്ന് അദ്ദേഹം എന്നെ നിർബന്ധിച്ചിരുന്ന കാര്യം സ്നേഹപൂർവം ഓർമിക്കുന്നു; അദ്ദേഹത്തെയും അതുപോലുള്ള മറ്റു നിരവധി സഖാക്കളെയും പോലെ അത് പാതിവഴിയിൽ ഉപേക്ഷിക്കരുത് എന്നും അദ്ദേഹം വാത്സല്യപൂർവം നിർബന്ധിച്ചിരുന്നു; യഥാർഥത്തിൽ എനിക്ക് പിഎച്ച്ഡി പൂർത്തിയാക്കാൻ കഴിഞ്ഞു. അധ്യാപക ജോലി ഞാൻ ഉപേക്ഷിക്കുകയും പാർട്ടിയിലും അഖിലേന്ത്യാ കിസാൻ സഭയിലും പൂർണസമയപ്രവർത്തകനായി മാറുകയും ചെയ്തതിനുശേഷം ഞങ്ങൾ വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തിയിട്ടുള്ള ഒട്ടേറെ അവസരങ്ങളുണ്ടായി– പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള ഗതിക്രമത്തെക്കുറിച്ചും വിപുലമായ അഭിപ്രായ ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാമായിരുന്നു അത്. ഞങ്ങളുടെ പ്രതികരണം അനിവാര്യമായ പല വിഷയങ്ങളും ശ്രദ്ധയിൽ കൊണ്ടുവരികയും അദ്ദേഹം ഞങ്ങളുമായി കൂടിയാലോചിക്കുകയും ചെയ്ത ഒട്ടേറെ സന്ദർഭങ്ങളുമുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ, നിരവധി ആശയസംവാദങ്ങളിൽ പലപ്പോഴും എതിർപക്ഷത്തായിരിക്കുമ്പോൾ പോലും എപ്പോഴും അദ്ദേഹം സ്നേഹോഷ്മളമായ ബന്ധം നിലനർത്തിയിരുന്നു; ഒപ്പം എന്റെ ആശയങ്ങൾ കരുപ്പിടിപ്പിക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചിരുന്നു.

നാഗാജനതയുടെ സമാധാനപ്രക്രിയയുടെ പുരോഗതിയുമായി ബന്ധപ്പെട്ട കാര്യത്തിലായിരുന്നു ഏറ്റവും ഒടുവിൽ ഞാൻ അദ്ദേഹവുമായി ആശയവിനിമയം നടത്തിയത്; ആ വിഷയം പരിഹരിച്ചുവെന്ന പ്രധാനമന്ത്രി മോദിയുടെ പൊള്ളയായ അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതിന് പ്രതിപക്ഷപാർട്ടികളെയാകെ ഒന്നിച്ചുകൊണ്ടുവരുന്നതിന് ഇടപെടുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പും നൽകി; എന്നാൽ പൂർത്തിയാക്കാനാകാത്ത ദൗത്യമായി അതവശേഷിക്കുന്നു. പ്രിയ സഖാവേ, വിട ! സഖാവ് സീതാറാമിന് റെഡ് സല്യൂട്ട് !

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + ten =

Most Popular