Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറിസീതാറാം യെച്ചൂരിയിൽ നിന്നും നാം എന്താണ് പഠിക്കേണ്ടത്?

സീതാറാം യെച്ചൂരിയിൽ നിന്നും നാം എന്താണ് പഠിക്കേണ്ടത്?

പി രാജീവ്

പ്പോൾ എയിംസിലെ മെഡിക്കൽ വിദ്യാർത്ഥികൾ സീതാറാം യെച്ചൂരിയുടെ ശരീരം പഠിക്കുകയായിരിക്കും. സിബിഎസ്ഇ പരീക്ഷയിൽ രാജ്യത്ത് ഒന്നാമനായിരുന്ന , സെന്റ് സ്റ്റീഫൻസിലേയും ജെഎൻയുവിലേയും മിടുക്കനായിരുന്ന വിദ്യാർത്ഥിയുടെ തലച്ചോറിന്റെ മികവ് വിദ്യാർത്ഥികൾ പഠിക്കുമായിരിക്കും. രാഷ്ട്രീയ സമസ്യകൾക്ക് ഉത്തരം കണ്ടെത്തിയ ധൈഷണിക മികവിന്റെ ശാരീരിക സവിശേഷതകളും കുട്ടികൾ പഠിക്കട്ടെ. എന്നാൽ, സീതാറാം യെച്ചൂരിയുടെ വിപ്ലവജീവിതത്തിൽനിന്നും രാഷ്ട്രീയ, സാമൂഹ്യ വിദ്യാർത്ഥികളും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും എന്താണ് ഈ കാലത്ത് പഠിക്കേണ്ടത്? അദ്ദേഹത്തെ സംബന്ധിച്ച ഏത് അനുസ്മരണവും രാഷ്ട്രീയ പ്രക്രിയയായി വികസിക്കുന്നത് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോൾ മാത്രമാണ്.

സിദ്ധാന്തവും പ്രയോഗവും
മാർക്സിസം താൽപര്യമുള്ളവർക്ക് വായിച്ച് പഠിക്കാൻ കഴിയും.. മാർക്സിന്റെയും എംഗൽസിന്റെയും ലെനിന്റെയും കൃതികളിൽ നിന്നും ഉദ്ധരണികൾ മനഃപാഠമാക്കാം. എന്നാൽ, ഒരാൾ എപ്പോഴാണ് ശരിയായ മാർക്സിസ്റ്റ് ആകുന്നത്? അത് മാർക്സിസത്തിന്റെ ഹൃദയം തിരിച്ചറിയുമ്പോഴാണ്. പ്രയോഗത്തിനുള്ള രീതിശാസ്ത്രമെന്ന തിരിച്ചറിവിൽ ജീവിക്കുന്ന കാലത്തെ മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനും അതിനെ മാറ്റിമറിക്കാനുള്ള പ്രയോഗം ആവിഷ്കരിക്കാനും കഴിഞ്ഞോയെന്നത് ഒരു ഉരകല്ലാണ്. അതോടൊപ്പം പ്രയോഗത്തിന്റെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാനും സിദ്ധാന്തത്തെ പുതുക്കാനും കാലികമാക്കാനും കഴിയുന്നുണ്ടോയെന്നതും പ്രധാനമാണ്. ഈ രണ്ടു കാര്യങ്ങളിലും സീതാറാം യെച്ചൂരിയിൽ നിന്നും ലോകത്തെമ്പാടുമുള്ള വിപ്ലവകാരികൾക്ക് ഏറെ പഠിക്കാനുണ്ട്.

സീതാറാമിന്റെ മാർക്സിസ്റ്റ് പഠനങ്ങൾ ധൈഷണിക വ്യായാമമായിരുന്നില്ല. പ്രയോഗത്തിനായുള്ള അന്വേഷണമായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയെ സീതാറാം പരിശോധിക്കുന്നത് കേവലം പ്രത്യയശാസ്ത്ര പഠനത്തിന്റെ ഭാഗമായി മാത്രമല്ല. അത് ഒരേസമയം പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുകമാത്രമല്ല പ്രതിസന്ധി മറികടക്കാനുള്ള ഊർജ്ജം നൽകാനും പ്രയോഗത്തിനുള്ള വഴിതുറക്കാൻ ശ്രമിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തകർച്ച സോഷ്യലിസത്തിനേറ്റ തിരിച്ചടിമാത്രമാണെന്നും അത് താൽക്കാലികമാണെന്നും സീതാറാം സ്ഥാപിച്ചു. കൊൽക്കത്തയിൽ ചേർന്ന ലോകകമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനത്തിൽ അവതരിപ്പിച്ച രേഖയും ചെന്നൈ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രത്യയശാസ്ത്ര രേഖയും നിരാശയിൽനിന്നും പ്രതീക്ഷയിലേക്കും ഭാവിയിലേക്കുമുള്ള ചരിത്ര പാഠമായി മാറി.

സിപിഐ എം പാർട്ടി പരിപാടി കാലോചിതമാക്കിയ ഘട്ടത്തിൽ പുതുതായി ഉൾപ്പെടുത്തിയ ‘സോഷ്യലിസം സമകാലിക ലോകത്തിൽ’ എന്ന രണ്ടാം അധ്യായം ഈ നിഗമനങ്ങളുടെ സ്വാംശീകരണമായിരുന്നു. യഥാർത്ഥത്തിൽ പാർട്ടി ക്ലാസ്സിനായി സീതാറാം തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയ കുറിപ്പുകൾ ആഴത്തിലുള്ള വിലയിരുത്തലാൽ സമ്പന്നമായിരുന്നു. മുതലാളിത്ത സാമൂഹ്യവ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിലെല്ലാം ഭരണകൂടത്തിന് ഒരേ രൂപമായിരിക്കുകയില്ലെന്ന് ചരിത്രവിശകലനത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യത്തുതന്നെ എല്ലാ കാലത്തും ഒരേ രൂപമാകണമെന്നില്ല. അതാതുകാലത്തെ ഭരണവർഗതാൽപര്യങ്ങൾക്കനുസരിച്ച് രൂപത്തിൽ മാറ്റം വരും. ഇത് സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയ്ക്കും ബാധകമാണെന്നും എന്നാൽ പ്രയോഗത്തിൽ ഇത് കൊണ്ടുവരാൻ കഴിയാതെ പോയെന്നും യെച്ചൂരി വ്യക്തമാക്കി.

മുതലാളിത്തത്തിന് 300 വർഷം കൊണ്ട് നേടാൻ കഴിയാത്ത കാര്യങ്ങൾ പ്രയോഗത്തിൽ കൊണ്ടുവരാൻ സോഷ്യലിസത്തിന് കഴിഞ്ഞെന്ന് ആധികാരികമായി സൂചിപ്പിക്കുമ്പോൾ തന്നെ വികസിതമുതലാളിത്ത രാജ്യങ്ങളിൽ വിപ്ലവം നടക്കാത്തതുകൊണ്ട് സോവിയറ്റ്, ചൈന സോഷ്യലിസ്റ്റ് ക്രമം മുതലാളിത്ത സന്പദ്ഘടനയ്ക്ക് വലിയ ആഘാതം ഏൽപ്പിച്ചിരുന്നില്ലെന്നും സീതാറാം വ്യക്തമാക്കി.

ആഗോളവൽക്കരണത്തിന്റെ കാലത്ത് ബദലുകളില്ല എന്ന സിദ്ധാന്തം ശക്തിപ്പെട്ടപ്പോഴാണ് കോഴിക്കോട് പാർട്ടി കോൺഗ്രസിൽ സീതാറാം അവതരിപ്പിച്ച പ്രത്യയശാസ്ത്ര പ്രമേയം പ്രയോഗത്തിന്റെ നവരൂപങ്ങൾ ആവിഷ്കരിച്ചത്. സാമൂഹ്യ പ്രശ്നങ്ങൾ ഏറ്റെടുക്കാനും വിശാല യോജിപ്പിന്റെ തലങ്ങൾ കണ്ടെത്താനും ശ്രമിച്ചു. engagement എന്ന പദം തുടർച്ചയായി പ്രസംഗങ്ങളിലും ലേഖനങ്ങളിലും രേഖകളിലും തുടർച്ചയായി ഉപയോഗിക്കുന്നത് ഈ കാലയളവിലാണ്.

മാർക്സിസത്തെ നിരന്തരം കാലികമാക്കുന്നതിനും കാലത്തിന് ചേരുന്ന പ്രയോഗരൂപങ്ങൾ ആവിഷ്കരിക്കുന്നതിനും നേതൃത്വം നൽകാൻ സീതാറാമിന് കഴിഞ്ഞു. ഏറ്റവും ഒടുവിൽ സംസാരിച്ചപ്പോൾ നിർമ്മിത ബുദ്ധി മനുഷ്യാധ്വാനത്തിലും മിച്ച അധ്വാനത്തിലും വരുത്തുന്ന മാറ്റങ്ങളെ മാർക്സിസത്തിന്റെ പ്രസക്തിയുമായി ചേർത്തുവെച്ച് ആഴത്തിൽ വിശകലനം ചെയ്യേണ്ടതിന്റെ അനിവാര്യത അദ്ദേഹം എന്നോട് സൂചിപ്പിച്ചിരുന്നു.

വർഗീയതക്കെതിരെ എങ്ങനെ പൊരുതണം?
താൻ ബാല്യത്തിൽ തന്നെ വേദങ്ങളും പുരാണങ്ങളും ശരിയായി പഠിച്ചതുകൊണ്ടുകൂടിയാണ് കമ്യൂണിസ്റ്റായതെന്ന് പാർലമെന്റിലെ വിടവാങ്ങൽ പ്രസംഗത്തിൽ യെച്ചൂരി വ്യക്തമാക്കി. സീതാ രാമനായ താൻ വിശ്വാസത്തിന് എതിരല്ലെന്നും വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കുന്നതിനെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയതയ്ക്കെതിരായ പോരാട്ടമെന്നത് വിശ്വാസസമൂഹത്തെ കൂടി ചേർത്തുനിർത്തി നടത്തേണ്ടതാണെന്ന് സീതാറാം ശരിയായി തിരിച്ചറിഞ്ഞിരുന്നു.

ഹിന്ദുത്വയെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി തുറന്നുകാണിക്കുന്നതിൽ സീതാറാം നിരന്തരം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. ഗോൾവാൾക്കർ എഴുതിയ ‘നാം അഥവാ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു’ എന്ന കൃതി കൈകാര്യം ചെയ്യുന്ന ഫാസിസ്റ്റ് പദ്ധതി രാജ്യത്തിന്റെ സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത് സീതാറാം രചിച്ച ചെറിയ ലഘുലേഖയാണ്. ഞങ്ങളുടെ കോളേജ് വിദ്യാഭ്യാസകാലത്ത് വായിച്ച ആ ലഘുലേഖ നൽകിയ ദിശാബോധം ചെറുതല്ലായിരുന്നു.

നമ്മുടെ സംസ്കാരത്തിന്റെ നേരവകാശം സംഘപരിവാരത്തിനല്ലെന്ന് സീതാറാം ആവർത്തിച്ചു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയുന്നതിനും ക്ഷണം നിരസിക്കുന്നതിനും ഒരു നിമിഷം പോലും സീതാറാം യെച്ചൂരിക്ക് വേണ്ടാതെ വന്നത് വ്യക്തമായ നിലപാട് തുടർച്ചയായി ഉണ്ടായിരുന്നതുകൊണ്ടാണ്.

വർഗീയതയ്ക്കെതിരെ വിശാല മുന്നണി എന്ന രാഷ്ട്രീയ അടവുനയം ആവിഷ്കരിക്കുന്നതിൽ സീതാറാംയെച്ചൂരി വഹിച്ച പങ്ക് നിർണായകമാണ്. ഭരണവർഗത്തിന്റെ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ്സും ബി ജെ പിയും തമ്മിലുള്ള വ്യത്യാസം, ഇന്നത്തെ കാലത്തെ മൂർത്തമായി വിലയിരുത്തി അവതരിപ്പിക്കാനായത് ശ്രദ്ധേയമാണ്, ജനാധിപത്യം നിലനിൽക്കേണ്ട അനിവാര്യതയിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവിന് കഴിഞ്ഞ ലോക്-സഭ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത് ഇതിന്റെ കൂടി ഭാഗമായാണ്.

ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ സമവായ മുഖം
മുന്നണിരാഷ്ട്രീയത്തിന്റെ കലയും രാഷ്ട്രീയവും രാജ്യത്ത് ആദ്യമായി ശാസ്ത്രീയമായി അവതരിപ്പിച്ചത് ഇ എം എസാണ്. കേരളത്തിലെ ഈ പരീക്ഷണത്തിന്റെ അഖിലേന്ത്യാ രൂപത്തിന്റെ വക്താവ് സുർജിത്തായിരുന്നു. ബി ജെ പിയെ അധികാരത്തിൽനിന്നും മാറ്റിനിർത്തിയ ഒന്നാം യുപിഎ സർക്കാരിന്റെ രൂപീകരണത്തിലും നടത്തിപ്പിലും സുർജിത്തിനൊപ്പം യെച്ചൂരിയും പ്രധാന പങ്കുവഹിച്ചു. തൊഴിലുറപ്പ് നിയമം ഉൾപ്പെടെയുള്ള നടപടികൾ ഉൾച്ചേർന്ന പൊതുമിനിമം പരിപാടി തയ്യാറാക്കിയതിൽ യെച്ചൂരി വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്.

വ്യക്തിപരമായ ഈഗോയുള്ള നേതാക്കളെയും വ്യത്യസ്ത ആശയങ്ങളുള്ള പാർട്ടികളെയും ഒന്നിച്ചുനിർത്താൻ പൊതുസ്വീകാര്യതയുള്ള നേതാവ് ആവശ്യമാണ്. വ്യക്തിപരമായോ പാർട്ടിതലത്തിലോ സങ്കുചിതമായ താൽപര്യമോ അധികാരമോഹമോ ഇല്ലാത്ത സീതാറാം കഴിഞ്ഞ രണ്ടുദശകമായി എല്ലാവർക്കും സ്വീകാര്യനായ മതനിരപേക്ഷ സഖ്യത്തിന്റെ പ്രതീകമായി മാറി. ഒടുവിൽ, ഇന്ത്യ എന്ന സംവിധാനത്തിന്റെ രൂപീകരണത്തിലും സീതാറാം യെച്ചൂരി നേതൃത്വപരമായ പങ്കുവഹിച്ചു.

അടിസ്ഥാന ആശയങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് സാഹചര്യത്തിന്റെ സവിശേഷതകളെ വിലയിരുത്തി അയവേറിയ സമീപനം സ്വീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മറ്റു പാർട്ടികളുമായി ഏതു പ്രശ്നം ചർച്ച ചെയ്യുമ്പോഴും സീതാറാമിന്റെ കയ്യിൽ ഒരു ഉത്തരം മാത്രമല്ല ഉണ്ടാകാറുള്ളത്. എല്ലാവർക്കും യോജിക്കാൻ കഴിയുന്ന ഉത്തരങ്ങളിലേക്ക് നയിക്കാൻ കഴിയുന്ന നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്ന സീതാറാം മുന്നണി രാഷ്ട്രീയത്തിന്റെ പാഠപുസ്തകമായിരുന്നു.

പാർലമെന്റ് എന്ന സമരവേദി
മുതലാളിത്ത സാമൂഹ്യവ്യവസ്ഥയിലെ ജനാധിപത്യ രൂപങ്ങളിൽ എങ്ങനെ ഇടപെടണമെന്നത് എക്കാലത്തും മാർക്സിസ്റ്റുകളുടെ സംവാദ വിഷയമാണ്. ഡ്യൂമയിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ എന്തിന് പങ്കെടുക്കണമെന്ന ചോദ്യത്തിന് ലെനിൻ നൽകിയ ഉത്തരവും സർക്കാരുകളിലെ പങ്കാളിത്തം സംബന്ധിച്ച് കമ്യൂണിസ്റ്റ് ഇന്റർനാഷണൽ പ്രമേയംമുതൽ സി പി ഐഎം പുതുക്കിയ പരിപാടി വരെയുള്ള രേഖകളും ഇതുസംബന്ധിച്ച വ്യത്യസ്ത മാനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.

ജനങ്ങളിലേക്ക് രാഷ്-ട്രീയ നിലപാടുകൾ എത്തിക്കാനുള്ള ഏറ്റവും ഉചിതമായ സന്ദർഭമാണ് തിരഞ്ഞെടുപ്പുകൾ. ഇതിൽ അസാധാരണ മികവായിരുന്നു യെച്ചൂരിക്കുണ്ടായിരുന്നത്. ദേശീയ രാഷ്ട്രീയത്തിലെ സമീപനത്തിന് എല്ലാ സംസ്ഥാനങ്ങളിലും ഒരേ വിശദീകരണം പോരാതെ വരും. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകൾക്ക് അനുസരിച്ച് ഇടതുപക്ഷത്തിന്റെ നയം വിശദീകരിക്കുന്നതിൽ സീതാറാമിന് പ്രത്യേക കഴിവുണ്ടായിരുന്നു.

ഇതേ കഴിവ് രാജ്യസഭയിലും സീതാറാമിനെ വ്യത്യസ്തനാക്കി. സീതാറാം പാർട്ടി ലീഡറായി രാജ്യസഭയിൽ പ്രവർത്തിക്കുമ്പോൾ ചീഫ-്-വിപ്പായും പിന്നീട് ഡെപ്യൂട്ടി ലീഡറായും പ്രവർത്തിക്കാൻ എനിക്ക് സന്ദർഭം ലഭിച്ചിരുന്നു. പാർലമെന്റിനെ സമരവേദിയായും ജനാധിപത്യ സാധ്യതയായും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന പാഠം പ്രവർത്തനത്തിലൂടെ സീതാറാം പകർന്നുനൽകി. പാർലമെന്ററി സംവിധാനത്തിന്റെ പുരോഗമനവശം, കാലികമാക്കിയ പാർട്ടിപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൂടി ഉൾക്കൊണ്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഞങ്ങൾക്കെല്ലാം പാർലമെന്റിൽ സജീവമായി ഇടപെടാൻ ചട്ടങ്ങളുടേയും കീഴ്-വഴക്കങ്ങളുടെയും പിൻബലം വേണമായിരുന്നു. എന്നാൽ, സീതാറാമിന് അതൊന്നും ആവശ്യമില്ലായിരുന്നു. ഏതുഘട്ടത്തിലും സീതാറാമിന് മൈക്ക് ലഭിക്കുമായിരുന്നു. സമയ നിബന്ധനകൾ പ്രസംഗത്തിന് ബാധകമായിരുന്നില്ല. അദ്ദേഹത്തിന്റെ ഓരോ പ്രസംഗവും ഉജ്വലമായിരുന്നു. ഭരണഘടനയും ചരിത്രവും പുരാണവും സാമ്പത്തിക സിദ്ധാന്തങ്ങളും ഇഴചേർന്ന പ്രസംഗങ്ങൾ സഭയെ ഇളക്കിമറിച്ചു.

കൂടെ പ്രവർത്തിക്കുന്ന സഖാക്കൾക്ക് ചുമതലകൾ ഏൽപ്പിക്കാൻ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല.

സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ച ഘട്ടത്തിൽ കമ്മിറ്റിയുടെ സാധ്യതകളെ പരമാവധി യെച്ചൂരി വിനിയോഗിച്ചു.

പാർലമെന്റിൽ ഞങ്ങളുടെ ഇരിപ്പിടം മധ്യഭാഗത്താണ്. ഒന്നാം നിരയിൽ സീതാറാമിനും രണ്ടാം നിരയിൽ എനിക്കുമായിരുന്നു ഇരിപ്പിടം. നിർണായക സന്ദർഭങ്ങളിൽ പ്രതിപക്ഷ നേതാക്കൾ സീതാറാമിനെ അന്വേഷിച്ചുവരും. കീരിയും പാമ്പുംപോലെ നിൽക്കുന്ന ചില പാർട്ടിനേതാക്കളുമായി സംസാരിക്കാൻ കഴിയുന്നത് സീതാറാമിന് മാത്രമായിരുന്നു. ഭരണപക്ഷത്തുനിന്ന് പാർലമെന്ററികാര്യ മന്ത്രിയും ചർച്ചകൾക്കായി എത്തിച്ചേർന്നിരുന്നത് സീതാറാമിന്റെ അടുത്തായിരുന്നു.

ജന്തർമന്ദിറിൽ സമരങ്ങൾ ശക്തിപ്പെടുമ്പോൾ അതിന്റെ ശബ്ദം പാർലമെന്റിൽ ഉയരണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പ്രമേയങ്ങളിലും ബില്ലുകളിലും പാർട്ടി കാഴ്ചപ്പാടിന് അനുസരിച്ച് ഞങ്ങൾ ഭേദഗതികൾ തയ്യാറാക്കുമായിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം നടന്ന ആദ്യസമ്മേളനത്തിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് ഞങ്ങൾ നൽകിയ ഭേദഗതി സഭ പാസാക്കിയത് ശ്രദ്ധേയമായിരുന്നു. ഇൻഷ്വറൻസ് രംഗത്ത് നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന ബിൽ പരിശോധിച്ച സെലക്ട് കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു. ചട്ടങ്ങൾ പാലിക്കാതെ ഭൂരിപക്ഷം ഉപയോഗിച്ച് കമ്മിറ്റി റിപ്പോർട്ട് നൽകിയപ്പോൾ , വീണ്ടും അതേ കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം ഞാൻ അവതരിപ്പിച്ചു. രാജ്യസഭയുടെ ചരിത്രത്തിൽ പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ച ആ പ്രമേയത്തിൽ നടന്ന ചർച്ചയിലുടനീളം സീതാറാമും പങ്കെടുത്തു. പരസ്പരം പന്ത് കൈമാറി ലക്ഷ്യത്തിലേക്ക് എത്താനാണ് തങ്ങൾ ശ്രമിച്ചതെന്ന് പിന്നീട് സീതാറാം പറയുകയുണ്ടായി.

പ്രസംഗത്തിലെ പാഠങ്ങൾ
കാൽനൂറ്റാണ്ടോളം സീതാറാമിന്റെ പ്രസംഗങ്ങൾക്ക് ഞാൻ മലയാള പരിഭാഷകനായിരുന്നു. പാർട്ടി കമ്മിറ്റികളിലും സമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും സെമിനാറുകളിലും പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തുന്നത് ആസ്വാദ്യകരമായ അനുഭവമായിരുന്നു. കവിത പോലെ ഒഴുക്കുള്ള പ്രസംഗങ്ങൾ ആശയംകൊണ്ട് സമ്പന്നമായിരുന്നു. ഓരോ വേദിയിലും വ്യത്യസ്തരീതിയിൽ ഒരേ ആശയം അവതരിപ്പിക്കാൻ സീതാറാമിന് കഴിഞ്ഞിരുന്നു. കേംബ്രിഡ്ജിലെ അക്കാദമിക സമൂഹത്തോട് സംസാരിക്കുമ്പോഴുള്ള പദാവലിയല്ല തെരുവിൽ സാധാരണജനങ്ങളോട് സംസാരിക്കുമ്പോൾ ഉപയോഗിക്കുക. ഏത് വിഭാഗവുമായും കണക്ട് ആകാനുള്ള അസാധാരണ സിദ്ധി സഖാവിനുണ്ടായിരുന്നു.

തെളിമയാർന്ന ആശയവ്യക്തത സീതാറാമിന്റെ പ്രസംഗം കേൾക്കുന്ന ഏതൊരാൾക്കും ലഭിക്കുമെന്നതാണ് അതിന്റെ പ്രത്യേകത. സങ്കീർണമായ പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ ലളിതമായി അവതരിപ്പിക്കാൻ സീതാറാമിനെപ്പോലെ കഴിയുന്ന മറ്റൊരാൾ ഈ കാലത്തുണ്ടായിരുന്നില്ല.

എത്ര പ്രകോപനപരമായ ചോദ്യത്തോടും ചിരിച്ച് പ്രതികരിക്കാനുള്ള യെച്ചൂരിയുടെ കഴിവും ആദരവോടെ വിയോജിക്കുന്ന രീതിയും വേറിട്ടുനിൽക്കുന്നതാണ്. സാഹിത്യവും സംഗീതവും വിഷയമായ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അതിമനോഹരങ്ങളായിരുന്നു.

സി പിഐഎം കേന്ദ്രകമ്മിറ്റി അനുശോചന പ്രമേയത്തിൽ വിശേഷിപ്പിച്ചതുപോലെ പാർട്ടിയുടെ ഏറ്റവും ഉന്നതനായ (topmost) നേതാവിനെയാണ് യെച്ചൂരിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത്. എളുപ്പത്തിൽ ഒരു പകരംവെയ്ക്കൽ അസാധ്യമാണ്.

പ്രത്യയശാസ്ത്രവും പരിപാടിയും പ്രോഗ്രാം ചെയ്ത് മാത്രം പ്രവർത്തിക്കുന്നവർ എന്ന് കമ്യൂണിസ്റ്റുകാരെ ചിലർ വിലയിരുത്താറുണ്ട്. എന്നാൽ, സീതാറാമിനെ പോലുള്ളവർ ജൈവ കമ്യൂണിസ്റ്റുകാരായിരുന്നു [organic communist ജനങ്ങളിൽനിന്ന് പഠിക്കുകയും തിരുത്തുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യാൻ എപ്പോഴും ശ്രമിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. നിരാശയുടെ പടുകുഴിയിലേക്ക് അനുഭവം എടുത്തെറിയാൻ ശ്രമിക്കുമ്പോഴും പ്രത്യയശാസ്ത്ര തെളിമയോടെയും രാഷ്ട്രീയ വ്യക്തതയോടെയും അവതരിപ്പിച്ച് പ്രത്യാശാ നിർഭരമായ ഭാവിയെ വരച്ചിട്ട വ്യക്തിത്വം. ആ ജീവിതത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുകയും ഒറ്റക്കും കൂട്ടായുമുള്ള പ്രവർത്തനത്തിലൂടെ അനുസ്മരണത്തെ അർത്ഥവത്താക്കുകയുമാണ് നാം ചെയ്യേണ്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × two =

Most Popular