Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറിഎന്തൊരു ജീവിതം! എന്തൊരു മടക്കം!!

എന്തൊരു ജീവിതം! എന്തൊരു മടക്കം!!

കെ ജെ ജേക്കബ്

മ്മുടെ കാലത്തെ, എല്ലാക്കാലത്തെയും, കമ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും ജീവിതത്തെപ്പറ്റിയും മരണത്തെപ്പറ്റിയും ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. സ്വന്തം ജീവിതം മുഴുവൻ മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു ആശയത്തിന്റെ സാക്ഷാൽക്കാരത്തിനു വേണ്ടി പോരാടി പരിമിതമായ ജയം മാത്രം നേടി വിടവാങ്ങുമ്പോൾ അവർ എന്തായിരിക്കും ബാക്കിവച്ചിരിക്കുക? സാധാരണ മനുഷ്യർ ജീവിക്കുന്നതുപോലെ ജീവിച്ചു മരിച്ചുപോകാനുള്ള സൗകര്യമുള്ളവർ എന്തിനായിരിക്കും ആ വഴി വിട്ട് കല്ലും മുള്ളുമുള്ള വഴി തേടി പോകുന്നത്, യാത്രയുടെ അവസാനം അവർ തിരിഞ്ഞുനോക്കുമ്പോൾ കാണുന്നതെന്തായിരിക്കും?

എന്റെ ഓർമ്മയിൽ എൺപതുകളുടെ രണ്ടാം പകുതിയിലെപ്പോഴോ കൂത്തുപറമ്പിലെ മാറോളിഘട്ടിൽ കറുത്തുമെലിഞ്ഞ് ഉയരം കൂടിയ ഒരു വൃദ്ധൻ പ്രസംഗിക്കുകയാണ്. അതിലൊരു ശപഥ വാക്യം കടന്നുവരുന്നു: ‘‘തൊഴിലാളി വർഗത്തിന്റെ ഭരണം ഇന്ത്യയിൽ വന്നതിനുശേഷമുള്ള ഒരു ചുവന്ന സൂര്യോദയമെങ്കിലും കാണാതെ ഞാൻ ഈ ലോകത്തുനിന്ന് പോവില്ല’’.

ഏകദേശം ആ കാലത്തായിരിക്കണം, കറുത്തുമെലിഞ്ഞ് ഉയരം കൂടിയ മറ്റൊരു മനുഷ്യൻ പാറ്റ്നയിലെ ഗാന്ധി മൈതാനത്തുനിന്നു പ്രസംഗിക്കുന്നത്: രാമ ജന്മഭൂമി പ്രക്ഷോഭം തിളച്ചുമറിയുന്ന കാലത്തു നടത്തിയ ആ പ്രസംഗത്തിന്റെ വിഷ്വലുകൾ ഏറെക്കാലം കഴിഞ്ഞാണ് ഞാൻ കാണുന്നത്.

അതിലദ്ദേഹം പറയുന്നു:‘‘ അയോധ്യയിൽ രാമന് ക്ഷേത്രം പണിയും, പക്ഷേ മസ്ജിദ് അവിടെ നിലനിൽക്കും’’.

ആ സമയത്തൊക്കെയായിരിക്കും, മറ്റൊരു കുറിയ മനുഷ്യൻ ഇവിടെ കേരളത്തിൽ, ഒരു സ്വപ്നം പങ്കുവയ്ക്കുകയാണ്: ‘‘കമ്യൂണിസത്തിന്റെ വിജയം അനിവാര്യമാണ്. എന്നുനടക്കുമെന്നു ചോദിച്ചാൽ എനിക്കുത്തരമില്ല. എന്റെ ജീവിതകാലത്തു നടക്കുമെന്ന യാതൊരു വ്യാമോഹവുമെനിക്കില്ല. നിങ്ങളിൽ ചെറുപ്പക്കാരായവരുടെ കാലത്തു നടക്കുമോയെന്നെനിക്കറിഞ്ഞുകൂടാ. എങ്കിലും നിങ്ങളിൽ ചെറുപ്പക്കാരായവരുടെ കുട്ടികളുടെ കാലമാകുമ്പോഴെക്കെങ്കിലും ലോകത്താകെ കമ്യൂണിസം വന്നിരിക്കും’’.

രണ്ടാമത്തെയും മൂന്നാമത്തെയും പ്രസംഗങ്ങളോ അവയുടെ റെക്കോർഡുകളോ വായനക്കാരിൽ പലരും കേട്ടിരിക്കും. ആദ്യത്തെ പ്രസംഗം പക്ഷേ നിങ്ങളാരും കേട്ടിരിക്കാനിടയില്ല. ബിരുദപഠനകാലത്തെ വൈകുന്നേരങ്ങളിൽ രാഷ്ട്രീയ യോഗങ്ങൾ നടക്കുന്ന കൂത്തുപറമ്പിലെ മാറോളി ഘട്ടിൽ പോയിരുന്ന് ഈ ലേഖകൻ കേട്ട നൂറുകണക്കിന് പ്രസംഗങ്ങളിൽ ഒന്നായിരുന്നു അത്. തൊഴിലാളി വർഗ ഭരണത്തെക്കുറിച്ച് ഇത്ര ഉറപ്പോടെ സംസാരിക്കുന്ന ഈ മനുഷ്യനാരാണെന്നു ഞാൻ അടുത്തുനിന്നയാളോട് ചോദിച്ചു.

“‘കെ പി ആർ’’, അദ്ദേഹം മറുപടി പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന മൊറാഴ സംഭവത്തിൽ പങ്കെടുത്തു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സാക്ഷാൽ കെ പി ആർ ഗോപാലനാണ് ചുവന്ന പ്രഭാതം ഒരു നോക്കുകണ്ടിട്ടേ മരിക്കൂ എന്ന് തന്റെ ജീവിതസായാഹ്നത്തിൽ ഉറപ്പിച്ചു പറയുന്നത്. ജയിലിൽക്കിടന്ന കാലത്തു തന്റെ മാതൃഭൂമിയുടെ മോചനത്തിനുവേണ്ടിയുള്ള സമരത്തിൽ പങ്കെടുത്തു രക്തസാക്ഷിയാകാൻ പോകുന്നു എന്ന സന്തോഷം കൊണ്ട് നാലുകിലോ തൂക്കം കൂടിയ വിപ്ലവകാരിയാണ് കെ പി ആർ ഗോപാലൻ. സിപിഐ എമ്മുമായി കലഹിച്ച് ഒറ്റയാൾ പട്ടാളമായി നടക്കുന്ന കാലത്തായിരിക്കണം ആ പ്രസംഗം നടന്നത്. ആശയത്തിന്റെ കരുത്ത്, നന്മ: അതൊക്കെയായിരിക്കും അധികമാരും കേൾക്കാനില്ലാതിരുന്ന ആ പ്രസംഗത്തെ ആവേശോജ്ജ്വലമാക്കിയത്. അതിനൊരാത്മാവ് നൽകിയത്.

രണ്ടാമത്തെ പ്രസംഗം സി പി ഐ നേതാവായിരുന്ന, പിന്നീട് ജനറൽ സെക്രട്ടറി ആയിരുന്ന, എ ബി ബർദന്റെയാണ്. ഹിന്ദുത്വ വർഗീയവാദികൾ രാഷ്ട്രീയശക്തിയാർജിക്കാൻ രാമക്ഷേത്രമെന്ന ആശയം കണ്ടുപിടിച്ച കാലത്താണ് ബർദന്റെ പ്രസംഗം. ഹിന്ദു വിശ്വാസങ്ങളെ മാനിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. അയോദ്ധ്യ രാമന്റെ ജന്മസ്‌ഥലമാണ് എന്നും അവിടെ അദ്ദേഹത്തിന് ഒരമ്പലം പണിയണമെന്നും നിങ്ങൾ പറയുന്നു; നിങ്ങൾ ക്ഷേത്രം പണിയൂ, അയോധ്യയിൽത്തന്നെ പണിയൂ, ഗംഭീരമായി പണിയൂ. പക്ഷേ എന്തിന് ഒരു പളളി പൊളിച്ചു പണിയണം? രാമന്റെ സ്മരണകൊണ്ടു പവിത്രമാകാത്ത ഒരു തരി മണ്ണ് അയോധ്യയിൽ എവിടെയെങ്കിലും നിങ്ങൾക്ക് കാണിച്ചുതരാമോയെന്നും പള്ളി പൊളിച്ച് അമ്പലം പണിയുന്നത് രാമന്റെ അന്തസ്സിനു യോജിച്ചതാണോ എന്നും അദ്ദേഹം ചോദ്യമുതിർത്തു. ഇന്ത്യ മതേതര രാജ്യമാക്കി നിലനിർത്തിയ 85 ശതമാനം വരുന്ന ഹിന്ദുക്കളിൽ വിശ്വാസമർപ്പിച്ചാണ് പള്ളി അവിടെത്തന്നെ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞത്.

മൂന്നാമത്തെ പ്രസംഗം ഇ എം എസ് നമ്പൂതിരിപ്പാടിന്റെയാണ്. സിപിഐ എം ജനറൽ സെക്രട്ടറി സ്‌ഥാനമൊഴിഞ്ഞു കേരളത്തിൽ തിരികെവന്നു പ്രവർത്തിക്കുമ്പോഴായിരിക്കണം ആ പ്രസംഗം അദ്ദേഹം നടത്തിയിട്ടുണ്ടാവുക. പരമാവധി യാഥാർഥ്യബോധത്തോടെ സംസാരിക്കാൻ ശ്രമിക്കുമ്പോഴും ഇ എം എസ് എന്ന പ്രായോഗികവാദിയായ രാഷ്ട്രീയനേതാവിനുപോലും കമ്യൂണിസത്തിന്റെ വരവിനെക്കുറിച്ചു കാല്പനികനാകാതിരിക്കാൻ പറ്റുന്നില്ല. പരമാവധി രണ്ടു തലമുറകൾകൂടി കഴിയുമ്പോൾ അത് വന്നിരിക്കും എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഇവരാരും പറഞ്ഞത് നടന്നില്ല.

തൊണ്ണൂറുകളിൽ കെ പി ആർ മരണമടഞ്ഞു; ഇന്ത്യയിൽ ഒരു വിപ്ലവവും നടന്നില്ല. ബർദൻ ജീവിച്ചിരിക്കുമ്പോൾത്തന്നെ കോൺഗ്രസ് പ്രധാനമന്ത്രി കണ്ണടച്ചുനിന്ന നേരത്ത് ഹിന്ദുത്വ തീവ്രവാദികൾ ഒരുക്കിക്കൊടുത്ത സംരക്ഷണത്തിൽ അവരുടെതന്നെ ക്രിമിനൽ സംഘം പള്ളി പൊളിച്ചു. ഇ എം എസിന്റെ പ്രസംഗം കേട്ടവരുടെ മക്കളുടെ തലമുറയായിരിക്കണം ഇപ്പോൾ. ഇ എം എസ് പറഞ്ഞരൂപത്തിൽ കമൂണിസം വന്നതിന്റെ ലക്ഷണമൊന്നും കാണാനില്ല.

അപ്പോൾ ഈ മനുഷ്യരൊക്കെ എന്താണ് പറഞ്ഞുകൊണ്ടിരുന്നത്?

ഓരോ മനുഷ്യനും സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമൊക്കെയാകുന്നത് സഹോദരന്റെ ദുഃഖം സ്വന്തം ദുഖമാകുമ്പോഴാണ്; അയാളുടെ സംരക്ഷണം സ്വന്തം ഉത്തരവാദിത്തമാകുമ്പോഴാണ്. ഭൂതകാലത്തെയും വർത്തമാനത്തെയും സൂക്ഷ്മവിശകലനം ചെയ്ത് അയാൾ ഭാവിയെപ്പറ്റി ഒരു സ്വപ്നം നിർമ്മിച്ചെടുക്കുന്നു. ചൂഷണത്തിനും ദാരിദ്ര്യത്തിനും രോഗത്തിനും അജ്ഞതയ്ക്കുമെതിരെയുള്ള മനുഷ്യന്റെ യുദ്ധത്തിൽ എത്രയും പെട്ടെന്നുള്ള വലിയ വിജയത്തിനുവേണ്ടി അയാളാഗ്രഹിക്കുന്നു. അതിനുവേണ്ടി സ്വയം ഉഴിഞ്ഞുവയ്ക്കുന്നു; ഒപ്പം കൂടാൻ ആളുകളെ തേടുന്നു.

ഇങ്ങനെ ഭാവിയെപ്പറ്റി സ്വപ്നം കാണുന്നവർ ലോകത്ത് കമ്യൂണിസ്റ്റുകളോ സോഷ്യലിസ്റ്റുകളോ മാത്രമല്ല. മുതലാളിത്തത്തിന്റെ വക്താക്കളുമുണ്ട്; ദേശീയതയുടെ ആരാധകരുണ്ട്; മതത്തിന്റെയും വംശീയതയുടെയും നിറത്തിന്റെയും ജാതിയുടെയും സംരക്ഷകരുണ്ട്. അവരൊക്കെ അവരവരുടെ രീതികളിൽ അവരവരുടേതായ അധികാര രൂപങ്ങൾ സൃഷ്ടിക്കുന്നതിൽ വ്യാപൃതരാണ്.

അവരും സോഷ്യലിസ്റ്റുകളും തമ്മിൽ കാതലായ ഒരു വ്യത്യാസമുണ്ട്. എല്ലാ വലതുപക്ഷ മുതലാളിത്ത ഫാസിസ്റ്റ് ശക്തികൾക്കും മനുഷ്യരെ അവരുടെ പ്രാഥമിക സ്വത്വത്തിലേക്കു ചുരുക്കി അവർ തമ്മിലുള്ള വൈരുദ്ധ്യങ്ങളെ പെരുപ്പിച്ചു അവയിൽനിന്ന് മുതലെടുത്തുകൊണ്ട് വിജയത്തിലെത്താം. ജാതിയും മതവും വർണവും വംശവും ദേശീയതയും ലിംഗവ്യത്യാസവും ഈ വൈരുധ്യങ്ങളെ മൂർച്ചിപ്പിക്കാനും തങ്ങൾക്കനുകൂലമായി ഉപയോഗിക്കാനും അവർക്കാകും.

എന്നാൽ ഒരു കമ്യൂണിസ്റ്റിനോ സോഷ്യലിസ്റ്റിനോ അങ്ങനെയൊരു മാർഗ്ഗമില്ല; അയാളുടെ കൈയിൽ മനുഷ്യൻ എന്ന ഒരേയൊരു ഏകകം മാത്രമേയുള്ളൂ. എല്ലാ മനുഷ്യരെയും, നിറത്തിനും ജാതിയ്ക്കും മതത്തിനും വംശത്തിനും ലിംഗഭേദത്തിനും ഉപരിയായി മനുഷ്യൻ എന്ന ഏകകത്തിലേക്കുയർത്താൻ മാത്രമേ അയാൾക്ക്‌ ശ്രമിക്കാനാകൂ. അയാൾക്കാശ്രയിക്കാൻ മനുഷ്യത്വം എന്ന ഒരേയൊരു ആശയം, ആയുധം മാത്രമേയുള്ളൂ.

ഈ യുദ്ധത്തിന്റെ പ്രത്യേകതകൊണ്ട്, ആയുധങ്ങളുടെ തെരഞ്ഞെടുപ്പുകൊണ്ട്, യുദ്ധനീതിയുടെ ഏകപക്ഷീയതകൊണ്ട് പലപ്പോഴും അയാൾക്ക്‌ തെറ്റു പറ്റാം. മിക്കവാറും അയാൾ തോറ്റുപോകും.

പക്ഷേ പോരാട്ടം അവിടെ വെച്ചവസാനിപ്പിച്ചു തിരിച്ചുപോവുകയല്ല അയാൾ ചെയ്യുന്നത്; മനുഷ്യന്റെ മോചനത്തിനുവേണ്ടിയുള്ള സ്വപ്നം അടുത്ത തലമുറയ്ക്ക് കൈമാറി അയാൾ യാത്രയാവുകയാണ്. കെ പി ആറും ബർദനും ഇ എം എസുമെല്ലാം പങ്കുവച്ച സ്വപ്‌നങ്ങൾ അവരുടേതല്ല, നിന്ദിതരും ദുഃഖിതരും ചൂഷിതരുമായ മനുഷ്യരുടെയാണ്; അവരോടുള്ള അഗാധമായ ഐക്യം പ്രകടിപ്പിക്കുകയാണ് അവർ ചെയ്തത്. എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള ഒരു സ്വപ്നം, ഒരു ലക്‌ഷ്യം നിശ്ചയിച്ച്, അതിനുവേണ്ടി തങ്ങളാൽ കഴിയുന്നത് ചെയ്ത് പിന്നാലെ വരുന്നവർക്ക് ആ ജോലി കൈമാറി അവർ യാത്രയാവുകയാണ്. അവരുടെ പോരാട്ടങ്ങളൊടുങ്ങുന്നില്ല. അവരാരും തോറ്റുമടങ്ങുകയല്ല.

പലരും സീതാറാം യെച്ചൂരിയെ ഓർക്കുന്നത് അതിബുദ്ധിമാനായ ഒരു വിദ്യാർത്ഥി എന്ന നിലയിലാണ്. പന്ത്രണ്ടാം ക്ലാസിൽ റിക്കോർഡ് മാർക്ക് വാങ്ങി ജയിച്ച, ഡൽഹിയിലെ പ്രശസ്തമായ കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ വലിയ മാർക്കോടെ ബിരുദമെടുത്ത, അതിനുശേഷം ബിരുദാനന്തര ബിരുദത്തിനായി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ ചേർന്ന ഒരു വിദ്യാർത്ഥി. കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബം. സാധാരണ ഗതിയിൽ ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്‌ഥനായി വലിയ പദവികളിലിരുന്നു ജീവിതത്തിന്റെ എല്ലാ അലങ്കാരങ്ങളും അടുത്തുനിന്നു കണ്ട് ആഘോഷിച്ചു മടങ്ങാൻ സാധ്യതയുള്ള ഒരു ജീവിതം.

പക്ഷേ ആ മനുഷ്യൻ ജീവിച്ചുതീർത്തത് തികച്ചും വ്യത്യസ്തമായ ഒരു ജീവിതമാണ് എന്ന് നമ്മൾക്കറിയാം. ഇന്ത്യൻ റിപ്പബ്ളിക്കിനെ ഇല്ലാതാക്കാൻ പോന്ന അടിയന്തരാവസ്‌ഥയ്ക്കെതിരായ പോരാട്ടത്തിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതം അവസാനിക്കുമ്പോൾ റിപ്പബ്ലിക്കിനെ ഇല്ലാതാക്കാൻ പോരുന്ന മറ്റൊരു മഹാവിപത്തായ ഹിന്ദുത്വ വർഗീയതയ്‌ക്കെതിരെ അതിശക്തമായ ഒരു ജനാധിപത്യ ചേരിയുടെ സംഘാടനം വലിയ തോതിൽ പൂർത്തിയാക്കിയിരിക്കുന്നു. അതിനുവേണ്ടി ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന എല്ലാ ഭാരതീയരെയും ഒന്നിപ്പിക്കുന്ന മഹാ പ്രക്രിയയ്ക്ക് ആവശ്യമായത്ര ആക്കം നല്കിയിട്ടുതന്നെയാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്.

പൂർണമുൻപ് പറഞ്ഞ വിപ്ലവകാരികൾ കണ്ട സ്വപ്‌നങ്ങൾ അദ്ദേഹവും കണ്ടിരിക്കും. ചൂഷണമില്ലാത്ത, എല്ലാ മനുഷ്യരും അന്തസ്സോടെ ജീവിക്കുന്ന ഒരു ലോകം ഇനിയും വളരെ ദൂരെയാണ് എന്ന യാഥാർഥ്യം അദ്ദേഹവും മനസിലാക്കിയിരിക്കും.
അപ്പോഴും അദ്ദേഹത്തിന് നഷ്ടബോധമുണ്ടായിരിക്കുമോ? ഇല്ല എന്നാണ് എന്റെ ഉത്തരം.

എല്ലാ മനുഷ്യർക്കുംവേണ്ടിയുള്ള യുദ്ധത്തിൽ തന്റെ മുൻപേ പോയവരുടെ മാതൃകയിൽ ജീവിതം മുഴുക്കെ പോരാട്ടമാക്കി മാറ്റി, തീരാത്ത ജോലി പിറകെ വരുന്ന സഖാക്കളെ ഏല്പിച്ചാണ് അദ്ദേഹം കടന്നുപോയത് . സാധാരണ കണക്കിൽ സ്വർണ ലിപികളിൽ വൻ വിജയങ്ങൾ എഴുതിച്ചേർക്കേണ്ടിയിരുന്ന ജീവിതത്തിൽ ചൂഷണത്തിനും ദാരിദ്ര്യത്തിനുമെതിരെയുള്ള യുദ്ധത്തിൽ തന്റെ കഴിവുകൾ മുഴുവനുമുപയോഗിച്ചതിന്റെ, കണക്കുകളായിരിക്കും അദ്ദേഹത്തിന്റെ ജീവിതപുസ്തകത്തിൽ. ആ സമരങ്ങൾ എല്ലാം ജയിച്ചിട്ടുണ്ടാവില്ല; പക്ഷേ ആ സമരത്തിൽ പങ്കെടുത്ത്, ഇനി വരുന്ന തലമുറയ്ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനുള്ള ശ്രമത്തിൽ തന്റേതായ പങ്കു വഹിച്ചിട്ടുതന്നെയാണ് ആ മടക്കം.

പോകുന്ന പോക്കിലും യെച്ചൂരി എന്ന പോരാളി ഒരു കാര്യം ചെയ്തു: രോഗത്തിനും അജ്ഞതയ്ക്കുമെതിരായ മനുഷ്യവംശത്തിന്റെ യുദ്ധത്തിൽ അവർക്കുപയോഗിക്കാൻ തന്റെ കൈയിലുള്ള അവസാനത്തെ ആയുധം– – തന്റെ ഭൗതിക ശരീരം– – ഏല്പിച്ചു.

ചുവന്ന പ്രഭാതം വിരിയുമെന്ന, നീതി പുലരുമെന്ന, എല്ലാ മനുഷ്യരും അന്തസോടെ ചൂഷണരഹിതമായ ജീവിതം ജീവിക്കുമെന്ന മുൻപേ പോയ സഖാക്കളുടെ സ്വപ്നം പങ്കുവെച്ചും അതിനായുള്ള സമരം തുടരാനുള്ള ആഹ്വനം നൽകിയുമാണ് ആ മടക്കം.

വിപ്ലവകാരിയായി ജീവിച്ചു.
വിപ്ലവകാരിയായിത്തന്നെ മടങ്ങി.
എന്തൊരു ജീവിതം!
എന്തൊരു മടക്കം!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − eight =

Most Popular