Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറിസീതാറാം യെച്ചൂരിയെ ഓർക്കുമ്പോൾ

സീതാറാം യെച്ചൂരിയെ ഓർക്കുമ്പോൾ

കെ എൻ ഗണേശ്

ഖാവ് സീതാറാം യെച്ചൂരിയുടെ അകാലനിര്യാണം സിപിഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും കനത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനെക്കുറിച്ച് ഒരു ആലോചനയ്ക്ക് ഇവിടെ ശ്രമിക്കുന്നില്ല. സീതാറാമിനെ ശക്തനായ ഇടതുപക്ഷ രാഷ്ട്രീയക്കാരനും സിപിഐ എം പ്രവർത്തകനുമാക്കി മാറ്റിയ ആദ്യകാലത്തെക്കുറിച്ച് മാത്രമാണ് ഇവിടെ ഓർമ്മിക്കുന്നത്. രാഷ്ട്രീയമെന്നത് വെറും ദാർശനികമായ നിലപാടു മാത്രമല്ല. അവരവർ ജീവിക്കുകയും വളർന്നുവരികയും ചെയ്യുന്ന സാഹചര്യങ്ങളും സിദ്ധാന്തങ്ങളെ പ്രയോഗ തലത്തിലെത്തിക്കുന്നതിൽ അത് വലിയ പങ്കുവഹിക്കുന്നുണ്ട്.

ജെഎൻയുവിൽ സെന്റർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിലെ വിദ്യാർത്ഥിയായി സീതാറാം ചേരുന്നത് 1973ലാണ്. പുതിയതായി രൂപീകരിക്കപ്പെട്ട സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ ആദ്യ ബാച്ചുകൾ വരുന്നത് 1972 ലാണ്. അന്ന് ജെഎൻയുവിലെ പ്രധാനപ്പെട്ട പഠന വിഭാഗം നേരത്തെ തന്നെ ഉണ്ടായിരുന്നതും പിന്നീട് ജെഎൻയുവുമായി കൂട്ടിച്ചേർക്കപ്പെട്ടതുമായ സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ആയിരുന്നു. പ്രകാശ് കാരാട്ടും അപ്പൻ മേനോൻ, ജോൺ ചെറിയാൻ, എസ് പി തിവാരി തുടങ്ങിയ ആദ്യകാല എസ്എഫ്ഐ പ്രവർത്തകരും ഈ സ്കൂളിലാണ് ഉണ്ടായിരുന്നത്. സീതാറാമിനോടൊപ്പം ഇക്കണോമിക്സ് വിദ്യാർത്ഥികളായി ചേർന്ന സി പി ചന്ദ്രശേഖർ, നരേന്ദ്രർ പാണി, കെ ഭരതൻ, സൗമിത്ര ചൗധരി തുടങ്ങിയവരെയെല്ലാം എസ്എഫ്ഐയിലേക്ക് കൊണ്ടുവന്നത് സഹപാഠിയായിരുന്ന എ ഡി നീലകണ്ഠനായിരുന്നു. 1977 ൽ ദൗർഭാഗ്യകരമായ ഒരു റോഡ് അപകടത്തിൽപ്പെട്ട് എ ഡി നീലകണ്ഠൻ അന്തരിച്ചു.

ഇക്കാലത്താണ് പ്രകാശ് കാരാട്ട് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റാകുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സർവകലാശാലയുടെ ഭരണസമിതികളിൽ വിദ്യാർഥി പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം നടക്കുന്നതും ഇക്കാലത്താണ്. സമരം തടയാൻ അധികൃതർ സർവകലാശാല അടച്ചിട്ടെങ്കിലും വിദ്യാർത്ഥികൾ തന്നെ എല്ലാം സംവിധാനങ്ങളും പ്രവർത്തിപ്പിച്ചുകൊണ്ട് സമരം തുടർന്നു. സീതാറാമും മറ്റ് സഖാക്കളും പങ്കെടുക്കുന്ന ആദ്യത്തെ ബൃഹത്തായ സമരമായിരുന്നു അത്. സമരം വിജയിച്ചു. അക്കാദമി കൗൺസിലിൽ വിദ്യാർത്ഥികൾക്ക് അംഗത്വം ലഭിച്ചു. സമരത്തിന്റെ വിജയം എസ്എഫ്ഐയുടെ യശസ് വൻതോതിൽ വർദ്ധിപ്പിക്കുകയും ക്യാമ്പസിലെ മുഖ്യ സംഘടനയായി എസ്എഫ്ഐ മാറുകയും ചെയ്തു. എസ്എഫ്ഐ വിരുദ്ധർ ഫ്രീ തിങ്കേഴ്സ് എന്ന പേരിൽ സംഘടിച്ചു. സോഷ്യലിസ്റ്റും പിന്നീട് ജെഎൻയുവിലെ സോഷ്യോളജി വിഭാഗത്തിലെ അധ്യാപകനുമായ ആനന്ദകുമാർ ആയിരുന്നു അവരുടെ നേതാവ്. അടിയന്തരാവസ്ഥക്കാലത്തെ ജെഎൻയുവിന്റെ പ്രസിഡന്റ് എസ്എഫ്ഐയിലെ ഡി പി ത്രിപാഠിയും സെക്രട്ടറി ഫ്രീതിങ്കറായ എസ് എസ് പി സിങ്ങുമായിരുന്നു. (ഡി പി ത്രിപാഠി പിന്നീട് സിപിഐ എം വിട്ട് എൻസിപിയുടെ നേതാവായി).

സീതാറാം യെച്ചൂരി ജെഎന്‍യു പഠനകാലത്ത്

1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം രാത്രി ആയിരത്തോളം വരുന്ന പോലീസ് പട ജെഎൻയു ക്യാമ്പസിലെത്തുകയും രാത്രി ഹോസ്റ്റലുകളിൽ നടത്തിയ റെയ്ഡിൽ 62 വിദ്യാർത്ഥികളെ പിടിച്ചുകൊണ്ടു പോവുകയും ചെയ്തു. ജെപി പ്രസ്ഥാനവുമായും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായും ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരെയാണ് അറസ്റ്റ്ചെയ്തത്. അവരിൽ കുറേപേരെ ഉടൻതന്നെ വിട്ടയച്ചുവെങ്കിലും ശേഷിച്ചവരെ ഏതാനും മാസങ്ങൾ കഴിഞ്ഞാണ് വിട്ടയച്ചത്. ക്യാമ്പസ് മുഴുവനും പൊലീസ് നിരീക്ഷണത്തിലായി. എസ്എഫ്ഐ നേതൃത്വം മുഴുവനും ഒളിവിലായി. സീതാറാമടക്കമുള്ള നേതാക്കൾ അന്ന് ഒളിവിൽ പോവുകയായിരുന്നു.

അടിയന്തരാവസ്ഥയ്ക്കെതിരെയും ക്യാമ്പസിലെ പൊലീസ് മർദ്ദനത്തിനെതിരെയും വിദ്യാർത്ഥികൾ രണ്ടു പ്രാവശ്യം പഠിപ്പു മുടക്കി. നേരിട്ടുള്ള പ്രചാരണം സാധ്യമല്ലാതിരുന്നതുകൊണ്ട് ഓരോ വിദ്യാർത്ഥിയെയും നേരിട്ടുകണ്ട് പഠിപ്പുമുടക്കിൽ ചേരാൻ അഭ്യർത്ഥിക്കുകയാണ് ചെയ്തത്. പഠിപ്പു മുടക്കുകൾ പൂർണ വിജയമായിരുന്നു. അന്ന് ജർമൻ സ്റ്റഡീസിലെ വിദ്യാർത്ഥിനിയായിരുന്ന മനേക ആനന്ദി (സഞ്ജയ് ഗാന്ധിയുടെ ഭാര്യ) നെയും പഠനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. എന്നാൽ അത് പൊലീസ് മർദ്ദനം വർദ്ധിപ്പിച്ചു. ഇപ്പോൾ ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്ററായ പ്രബീർ പുർകായസ്തയും ഡി പി ത്രിപാഠിയും ക്യാമ്പസിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ടു. ഇരുവരും മിസാ തടവുകാരായി. അതിനിടെ അറസ്റ്റുചെയ്യപ്പെട്ട ജസ്ബീർ സിങ്ങിനെ (അദ്ദേഹവും ഇക്കണോമിക്സ് വിദ്യാർത്ഥിയായിരുന്നു ) മൂന്നാംമുറ പീഡനങ്ങൾക്ക് വിധേയനാക്കുകയും തുടർന്ന് ശാരീരികവും മാനസികവുമായി തകർന്ന അദ്ദേഹം പഠനം നിർത്തി പോവുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് സീതാറാം എസ്എഫ്ഐയുടെ നേതൃത്വനിരയിലേക്ക് വരുന്നത്. പിന്നീട് എസ്എഫ്ഐ അഖിലേന്ത്യാ ട്രഷററായ സുഹൈൽ ഹാശ്മിയായിരുന്നു അന്ന് യൂണിറ്റ് സെക്രട്ടറി. പി വിജയൻ, അശോക് ലതാ ജയിൻ (അകാലത്തിൽ നിര്യാതയായി), ഇന്ദ്രാണി മജുംദാർ എന്നിവരടങ്ങിയ സെക്രട്ടറിയേറ്റും പ്രവർത്തിച്ചു. ഇവരുടെ നേതൃത്വത്തിൽ അന്നുണ്ടായിരുന്ന ആറു ഹോസ്റ്റലുകളിലായി പ്രവർത്തനക്ഷമമായ സംഘടന സൃഷ്ടിക്കപ്പെട്ടു. പുതിയ വിദ്യാർഥികളെ മാത്രം പാർപ്പിച്ചിരുന്ന ഗംഗാ ഹോസ്റ്റലിലായിരുന്നു (ഇപ്പോൾ ഇത് വിമെൻസ് ഹോസ്റ്റലാണ്) സീതാറാം താമസിച്ചിരുന്നത്. അടിയന്തരാവസ്ഥക്കാലത്തെ മർദ്ദനത്തെക്കുറിച്ചുള്ള തുടർച്ചയായ പ്രചരണം, സമകാലിക രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചുള്ള പഠനങ്ങൾ, ചർച്ചകൾ, സാധ്യമായ എല്ലാ മേഖലകളിലും, പ്രത്യേകിച്ച് വിദ്യാർഥികളെ ബാധിക്കുന്ന പങ്കിനെക്കുറിച്ചുള്ള ഇടപെടലുകൾ ഇവയിലെല്ലാം സംഘടന സജീവമായി പ്രവർത്തിച്ചു. ഈ ഇടപെടലുകളിലൂടെയാണ് സീതാറാം തന്റെ നേതൃത്വപരമായ കഴിവുകൾ പ്രദർശിപ്പിച്ചത്. വിദ്യാർഥി പ്രശ്നങ്ങളെ സംബന്ധിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും അധികാരികളെ സ്വന്തം വാദഗതികൾ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള കഴിവും സീതാറാമിനെ വിദ്യാർഥികൾക്കു പ്രിയങ്കരനാക്കി.

1977 ഏപ്രിലിൽ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടു. ജെഎൻയു വിദ്യാർഥികൾ ശ്വാസം നേരെവിട്ട അവസരമായിരുന്നു അത്. ഡിപി ത്രിപാഠി ജയിലിലായതുകൊണ്ടും യൂണിയൻ സെക്രട്ടറി പഠിത്തം അവസാനിപ്പിച്ചതുകൊണ്ടും ജെഎൻയുഎസ്-യു പ്രവർത്തനരഹിതമായിരുന്നു. സാധാരണ രീതികൾക്ക് വ്യത്യസ്തമായി വിദ്യാർഥികൾ തന്നെ നിയോഗിക്കുന്ന ഇലക്ഷൻ കമ്മീഷനായിരുന്നു ജെഎൻയുഎസ്-യു തിരഞ്ഞെടുപ്പുകൾ നടത്തിപ്പോന്നത്. യൂണിയനുവേണ്ടി വിദ്യാർഥികളിൽനിന്നു ശേഖരിക്കുന്ന ഫീസ് ഒരു പ്രത്യേക ഫണ്ടായി നിക്ഷേപിക്കുകയാണ് പതിവ്. പുതിയതായി രൂപീകരിക്കപ്പെട്ട ഇലക്ഷൻ കമ്മീഷൻ 1977ൽ തന്നെ പുതിയ തിരഞ്ഞെടുപ്പ് നടത്തി. ഇതിൽ സുപ്രധാനമായ ജെഎൻയുഎസ–്-യു പ്രസിഡന്റിനെക്കുറിച്ചു നടത്തിയ ചർച്ചകളിൽ സംഘടനയ്ക്കകത്ത് ഏറ്റവും സ്വീകാര്യത സീതാറാമിന്റെ പേരിനായിരുന്നു. സീതാറാം അതിനകം നേടിയെടുത്ത ജനസമ്മതിയുടെ ഏറ്റവും വലിയ തെളിവായിരുന്നു അത്. പ്രതീക്ഷിച്ചതുപോലെ, സീതാറാം ജെഎൻയുഎസ്-യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി പുറത്താക്കപ്പെടുകയും ജനതാപാർട്ടി അധികാരത്തിൽ വരികയും ചെയ്തുവെങ്കിലും ജെഎൻയുവിലെ ഭരണാധികാരിയായി അവർ തുടർന്നു. അടിയന്തരാവസ്ഥക്കാലത്ത് എല്ലാ വിധ പൊലീസ് മർദനങ്ങൾക്കും കൂട്ടുനിന്ന വെെസ് ചാൻസലർ, രജിസ്ട്രാർ, റെക്ടർ മുതലായവർ അതേ സ്ഥാനത്തുതന്നെ തുടർന്നു. ജെഎൻയുവിന്റെ ചാൻസലറായി മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തുടർന്നു. ഭരണാധികാരികളെ മാറ്റണമെന്ന് ജെഎൻയുഎസ്-യു പല തവണ നിവേദനം നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് 1978ൽ എമർജെൻസി കുറ്റവാളികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജെഎൻയുഎസ്-യുവിന്റെ കീഴിൽ സമരമാരംഭിച്ചത്. രാഷ്ട്രീയഭേദമെനേ-്യ ജെഎൻയുവിലെ എല്ലാ വിദ്യാർഥികളും പങ്കെടുത്ത സമരമായിരുന്നു അത്. അടിയന്തരാവസ്ഥയിലെ മർദ്ദനത്തെക്കുറിച്ച് അപ്പോഴും നിലനിന്ന ഓർമകളായിരുന്നു ഇത്രയും വിപുലമായ ഐക്യം സാധ്യമാക്കിയത്.

1978 ഒക്ടോബർ–നവംബറിൽ 29 ദിവസമാണ് സമരം നീണ്ടുനിന്നത്. സമരം ആരംഭിച്ചപ്പോൾ തന്നെ അധികൃതർ സർവകലാശാല അടച്ചിടുകയും വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. സീതാറാമിന്റെ നേതൃത്വത്തിൽ യൂണിയൻ ജനറൽ ബോഡി കൂടി സമരം തുടരാൻ തീരുമാനിച്ചു. ഹോസ്റ്റലുകൾ ഒഴിഞ്ഞുകൊടുക്കാൻ വിദ്യാർഥികൾ തയ്യാറായില്ല. മെസ്സുകൾ വിദ്യാർഥികൾ നേരിട്ടു പ്രവർത്തിപ്പിച്ചു. ലെെബ്രറി, ലാബുകൾ, റീഡിങ് റൂം തുടങ്ങിയവ വിദ്യാർഥികൾ ഏറ്റെടുത്തു പ്രവർത്തിപ്പിച്ചു. വെെദ്യുതി, വെള്ളം മുതലായവയും ലഭ്യമാക്കി. എല്ലാ ക്ലാസ് മുറികളും തുറന്നു എന്നു മാത്രമല്ല, എല്ലാ വിദ്യാർഥികളോടും ക്ലാസുകളിലേക്കു പോകാനാവശ്യപ്പെടുകയും അധ്യാപകരെക്കൊണ്ടു ക്ലാസെടുപ്പിക്കുകയും ചെയ്തു. അന്നു ക്യാമ്പസിലുണ്ടായിരുന്ന ആയിരത്തി അഞ്ഞൂറിലധികം വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും ഈ പ്രവർത്തനത്തിൽ പങ്കെടുത്തു. ഈ സമരത്തിന് നേതൃത്വം നൽകുന്നതിൽ അന്നത്തെ ജെഎൻയുഎസ്-യുവും സീതാറാമും ധീരോദാത്തമായ നേതൃത്വമാണ് നൽകിയത്. അധികാരികളുടെ ശ്രമങ്ങളെ പിന്തിരിപ്പിക്കുക മാത്രമല്ല, പൊലീസിനെ നിർവീര്യമാക്കാനും യൂണിയൻ നേതൃത്വത്തിന് സാധിച്ചു. 29 ദിവസത്തിനിടയിൽ ഒരൊറ്റ അക്രമസംഭവം പോലും ക്യാമ്പസിലുണ്ടായില്ലെന്നതും എടുത്തുപറയേണ്ടതാണ്. പൊലീസ് ഇടപെടൽ ഒഴിവാക്കുന്നതിന് അക്രമസംഭവം ഉണ്ടാകരുത് എന്ന ബോധ്യം സമരത്തിൽ പങ്കെടുത്ത ഓരോ വിദ്യാർഥിക്കും ഉണ്ടായിരുന്നു.

അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി പാർലമെന്റിൽ രേഖാമൂലം നൽകിയ ഉറപ്പിനെത്തുടർന്നാണ് സമരം പിൻവലിച്ചത്. അന്നത്തെ വിദ്യാർഥികളുടെ ജനാധിപത്യബോധത്തിന്റെ വ്യക്തമായ തെളിവാണ് പിന്നീടുണ്ടായത്. സമരം ഏകപക്ഷീയമായി പിൻവലിച്ചുവെന്നും അത് ജനാധിപത്യവിരുദ്ധമാണെന്നും ഫ്രീ തിങ്കേഴ്സിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആരോപിക്കുകയും ജെഎൻയുഎസ്-യു നേതൃത്വത്തിനുമേൽ സെൻഷർ പ്രമേയം കൊണ്ടുവരികയും ചെയ്തു. സെൻഷർ പ്രമേയം പാസായി. നേതൃത്വത്തിനെതിരായ അവിശ്വാസമായി സെൻഷർ അംഗീകരിച്ചു. സീതാറാമടക്കമുള്ള നേതൃത്വം രാജിവച്ചു. തുടർന്ന് വീണ്ടും തിരഞ്ഞെടുപ്പു നടക്കുകയും ഫ്രീ തിങ്കേഴ്സിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട വിശാലസഖ്യത്തെ (മലയാളിയും മുൻ എഐടിയുസി പ്രവർത്തകനുമായ രാജൻ ജി ജെയിംസ് ആയിരുന്നു അവരുടെ സ്ഥാനാർഥി) പരാജയപ്പെടുത്തി സീതാറാമും എസ്-എഫ്ഐ സഖ്യവും വീണ്ടും വിജയിക്കുകയും ചെയ്തു. എന്തൊക്കെ അഭിപ്രായഭിന്നതകളുണ്ടെങ്കിലും ജെഎൻയു വിദ്യാർഥികളുടെ മുഖ്യസംഘടനയായി എസ്എഫ‍്ഐ വളർന്നുകഴിഞ്ഞിരുന്നു.

മൂന്നാമത്തെ പ്രസിഡന്റ് സ്ഥാനത്തിനുശേഷം സീതാറാം ക്യാമ്പസിലുണ്ടായിരുന്നുവെങ്കിലും പ്രവർത്തനരംഗം മാറിക്കഴിഞ്ഞിരുന്നു. എസ്എഫ്ഐ ഡൽഹി തലത്തിലും അഖിലേന്ത്യാ നേതൃത്വത്തിന്റെ ഭാഗമായും പ്രവർത്തനമാരംഭിച്ചിരുന്നു. 1979ൽ എസ്എഫ്ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു: സൊഹെെൽ ഹാശ്മി ട്രഷററായും (എം എ ബേബിയായിരുന്നു പ്രസിഡന്റ്). 1984ൽ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റാകുമ്പോൾ തന്നെ അദ്ദേഹം സിപിഐ എമ്മിന്റെയും മുഴുവൻ സമയപ്രവർത്തകനായി മാറിയിരുന്നു.

ഇന്ത്യയിലെത്തിയ വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘത്തെ ഇ എം എസിനൊപ്പം യെച്ചൂരി സ്വീകരിച്ചപ്പോൾ

ഈ കാലഘട്ടത്തിൽ സീതാറാം ജെഎൻയുവിൽ സാമ്പത്തികശാസ്ത്രത്തിലെ പിഎച്ച്ഡി വിദ്യാർഥിയുമായിരുന്നു. സാർവദേശീയ പ്രശസ്തിയുള്ള സാമ്പത്തികശാസ്ത്രജ്ഞയും ഇടതുപക്ഷ സഹയാത്രികയുമായിരുന്ന പ്രൊഫ: കൃഷ്ണ ഭരദ്വാജ് ആയിരുന്നു അദ്ദേഹത്തിന്റെ ഗെെഡ്. ഈ കാലഘട്ടത്തിൽ സ്വന്തം ഗവേഷണവുമായി മുന്നോട്ടുപോയിരുന്നു. 1979–80ൽ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക് ലിയിൽ അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിചക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തികശാസ്ത്രത്തെ കുറിച്ച്, പ്രത്യേകിച്ച് മാർക്സിസ്റ്റ് സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് നിരവധി പുസ്തകങ്ങൾ സമാഹരിച്ചിരുന്നതായി ഈ ലേഖകന് അറിയാം. മുഴുവൻ സമയപ്രവർത്തകനായി മാറിയതിനുശേഷം തന്റെ പഠനപ്രവർത്തനങ്ങൾ തൃപ്തികരമായ വിധം മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിച്ചില്ല. താൻ മുമ്പുതന്നെ സമാഹരിച്ച ഗ്രന്ഥങ്ങളെ ആധാരമാക്കി തൃപ്തികരമായ ഇടപെടൽ നടത്താൻ അദ്ദേഹത്തിനു സാധിച്ചത് സോവിയറ്റു യൂണിയന്റെ തകർച്ചയ്ക്കുശേഷം പാർട്ടിയിൽ നടന്ന പ്രത്യയശാസ്ത്ര ചർച്ചകളിലാണ്.

ഈ ചെറിയ ഓർമക്കുറിപ്പ് അവസാനിപ്പിക്കുന്നതിനു മുമ്പ് സീതാറാമിന്റെ രണ്ടു സവിശേഷതകളെക്കുറിച്ച് സൂചിപ്പിക്കേണ്ടതുണ്ട്. ഒന്ന്, സംഗീതത്തിലും കലയിലുമുള്ള അദ്ദേഹത്തിന്റെ താൽപ്പര്യമായിരുന്നു. ജെഎൻയുവിൽ നടന്ന കവി സമ്മേളനങ്ങളിലും (മുശായിര) സംഗീതമേളകളിലുമെല്ലാം സീതാറാം ഒരു സജീവസാന്നിധ്യമായിരുന്നു. ഹിന്ദി–ഹിന്ദുസ്ഥാനി ഗാനങ്ങളുടെ ഒരു കലവറയായിരുന്നു സീതാറാം എന്നു വേണമെങ്കിൽ പറയാം. രാത്രികൾ മുഴുവൻ പാട്ടുകൾ കേട്ടും പാടിയും (അദ്ദേഹം വലിയ പാട്ടുകാരനൊന്നുമല്ല) കഴിച്ചുകൂട്ടാൻ അദ്ദേഹം സന്നദ്ധനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അർദ്ധരാത്രിയിൽ ജനനാട്യമഞ്ചിന്റെ നാടകങ്ങൾ ക്യാമ്പസിൽ അവതരിപ്പിച്ചതിനു പിന്നിൽ സൊഹെെലും (സഫ്ദർ ഹാശ്മിയുടെ സഹോദരനാണ് സൊഹെെൽ) സീതാറാമുമെല്ലാമുണ്ടായിരുന്നു (ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ ദുഃസ്വപ്ന നഗരിയായിരുന്നു അന്നഭിനയിച്ച നാടകം. അടിയന്തരാവസ്ഥക്കാലത്തിന് ഏറ്റവും യോജിച്ചത്). ഇത്തരം സദിരുകളിലെ പങ്കാളിത്തം അവസാനകാലം വരെ സീതാറാം കാത്തുസൂക്ഷിച്ചതായി എനിക്കറിയാം. (1948ൽ ഇറങ്ങിയ ‘അന്ദാസ്’ സിനിമയുടെ പോസ്റ്റർ അദ്ദേഹം സൂക്ഷിച്ചിരുന്നത് ഇപ്പോൾ ഏറെ പ്രശസ്തമാണല്ലോ).

രണ്ടാമത്തേത് അദ്ദേഹത്തിന്റെ വിപുലമായ സുഹൃദ് വലയമാണ്. അന്നു തന്നെ ക്യാമ്പസിലെ ഏതാണ്ടെല്ലാവരെയും അദ്ദേഹത്തിനു നേരിട്ടു പരിചയമുണ്ടായിരുന്നു. കൂടാതെ, അധ്യാപകരും അനധ്യാപകരുമടക്കം ഏതാണ്ടെല്ലാവരെയും ഒരുപോലെ കാണാനും പെരുമാറാനുമുള്ള അസാമാന്യമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇതുകൊണ്ടാണ് സ്വന്തം നിലപാടുകൾ ശക്തമായി അവതരിപ്പിക്കുമ്പോൾ, എതിരാളികളെ മുഷിപ്പിക്കാതിരിക്കാനും അവരെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചത്. ഇൗ സുഹൃദ് വലയത്തിൽ എല്ലാവരുമൊന്നും എസ്എഫ്ഐ പ്രവർത്തകരാകണമെന്നില്ല. ഇത്തരത്തിലുള്ള ബന്ധങ്ങൾ വ്യക്തിഗതമായി സ്വാർഥ താൽപ്പര്യങ്ങൾക്കുപയോഗിക്കാനുള്ള ഒരു താൽപ്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന് നിലനിൽക്കാനും വിജയിക്കാനും കഴിഞ്ഞത് ഈ സ്വഭാവ വിശേഷം കൊണ്ടുകൂടിയാണ്. സീതാറാമിന്റെ ഈ കഴിവുകൊണ്ടു മാത്രം മറ്റു പശ്ചാത്തലങ്ങളിൽനിന്ന് ഇടതുപക്ഷ സഹയാത്രികരായി മാറിയവരെയും ഈ ലേഖകന് അറിയാം.

സിപിഐ എമ്മിന്റെ അമരക്കാരനെ മാത്രമല്ല, ഇന്ത്യയിലെ ഇടതുപക്ഷത്തെ ബഹുദൂരം മുന്നോട്ടു നയിക്കാൻ കഴിവുള്ള ഒരു കമ്യൂണിസ്റ്റിനെയാണ് നമുക്കു നഷ്ടപ്പെട്ടിരിക്കുന്നത്; അദ്ദേഹത്തിന്റെ ഓർമകൾക്കുമുമ്പിൽ ഒരിക്കൽ കൂടി ലാൽസലാം അർപ്പിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + eight =

Most Popular