Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറിസീതാറാം യെച്ചൂരിയുടെ 
ജീവിതത്തിലൂടെ

സീതാറാം യെച്ചൂരിയുടെ 
ജീവിതത്തിലൂടെ

വി ബി പരമേശ്വരൻ

ന്ത്യൻ രാഷ്ട്രീയത്തിൽ തലയെടുപ്പുള്ള മുഖമായിരുന്നു സീതാറാം യെച്ചൂരിയുടേത്. ഇടതുപക്ഷത്തിന്റെ മുഖം മാത്രമായിരുന്നില്ല അദ്ദേഹം. ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെയെല്ലാം ജ്വലിക്കുന്ന മുഖമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ ഇന്ത്യ എന്ന ആശയം ഉയർത്തി പ്രതിരോധം തീർത്തവരിൽ പ്രധാനി. യോഗേന്ദ്ര യാദവിന്റെ ഭാഷയിൽ ആർഎസ്എസിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ വിശാലമായ പോപ്പുലർ ഫ്രണ്ട് കെട്ടിപ്പടുക്കാൻ അക്ഷീണം യത്നിച്ച കമ്യൂണിസ്റ്റുകാരൻ. പദവിയിലിരിക്കെ മരണമടഞ്ഞ സിപിഐ എമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി. ഒരു അധികാര പദവിയും കാംക്ഷിക്കാതെ രാജ്യത്തെ സാധാരണക്കാരനുവേണ്ടി ഓരോ നിമിഷവും പൊരുതിയ നേതാവ്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കും മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കുമെതിരെ പ്രക്ഷോഭം നയിച്ച ആ പോരാളി സെപ്തംബർ 12 ന് വിട പറഞ്ഞു.

ആന്ധ്രപ്രദേശിലെ കാക്കിനഡയിലെ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് യെച്ചൂരിയുടെ ജനനം. ചെന്നൈ ജനറൽ ആശുപത്രിയിൽ 1952 ആഗസ്ത് 12 ന് . അച്ഛൻ സർവേശ്വര സോമയാജലു ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എഞ്ചിനീയറായിരുന്നു. അമ്മ കൽപകം ഉന്നത സർക്കാർ ഉദ്യോഗസ്ഥയും. വെങ്കട്ട സീതാരാമറാവു എന്നായിരുന്നു മുഴുവൻ പേര്. ജാതിവാൽ മുറിച്ച് അത് സീതാറാം യെച്ചൂരി എന്ന് ചുരുക്കുകയായിരുന്നു. സമ്പന്നതയുടെ നടുവിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അമ്മയുടെ അച്ഛൻ ഹൈക്കോടതി ജഡ്ജിയായ കഡഭീമ ശങ്കര റാമായിരുന്നു. അമ്മയുടെ സഹോദരൻ മോഹൻ കഡ ഐഎഎസുകാരനും. അതിനാൽ മകനെ ഒരു ഡോക്ടറായി കാണാനായിരുന്നു അമ്മയ്ക്ക് ആഗ്രഹം. മറ്റുള്ളവർക്കാകട്ടെ ഐഎഎസുകാരനാകാനും. എന്നാൽ യെച്ചൂരി തെരഞ്ഞെടുത്തതാകട്ടെ കമ്യൂണിസത്തിന്റെ പാതയും. കുടുംബാംഗങ്ങൾ സ്നേഹത്തോട വിളിച്ച ബാബു ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറിയായാണ് മാറിയത്.

ഹൈദരാബാദിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീനും മറ്റും പഠിച്ച ഒന്നര നൂറ്റാണ്ടിലേറേ പഴക്കമുള്ള ക്രിസ്ത്യൻ മിഷനറി സ്കൂളായ ആൾ സെയിന്റ്സിലായിരുന്നു പഠനം. ഈ സ്കൂൾ ക്രിക്കറ്റ് കളിക്ക് പ്രസിദ്ധമാണങ്കിലും ടെന്നീസിലായിരുന്നു യെച്ചൂരിക്ക് താൽപര്യം. ഹൈദരാബാദിലെ നിസാം കോളേജിൽ പ്രീ യൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോൾ ഇന്റർ കോളേജ് ടെന്നീസ് മത്സരത്തിൽ യെച്ചൂരിയുടെ ടീം ചാമ്പ്യന്മാരായി, ജെ എൻ യുവിൽ പഠിക്കുമ്പോൾ ടെന്നീസ് ടീമിന്റെ ക്യാപ്ടനായിരുന്നു. ഒരിക്കൽ ഝാർഖണ്ഡിലെ ധൻബാദിൽ അന്തർ സർവകലാശാലാതല മത്സരത്തിൽ യെച്ചൂരിയുടെ ടീം സെമിഫൈനൽ വരെയെത്തി. ടെന്നീസിനോടുള്ള കമ്പം യെച്ചൂരി ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. റാഫി മാർഗിലെ വിത്തൽ ഭായ് പട്ടേൽ ഹൗസിൽ താമസിക്കുന്ന കാലത്ത് ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്നത് ഞാൻ നേരിട്ടുകണ്ടിട്ടുണ്ട്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി, ദേശാഭിമാനിയിലെ സഹപ്രവർത്തകനും ഇപ്പോൾ രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ്, പിണറായി സ്വദേശിയും ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരനുമായിരുന്ന പവിത്രൻ ( ഇപ്പോൾ ജീവിച്ചിരിപ്പില്ല), മാതൃഭൂമിയിലെ വി.കെ മാധവൻ കുട്ടി (ജീവിച്ചിരിപ്പില്ല) എസ് ആർ പി യുടെ മകൻ ബിജോയ് എന്നിവരോടൊപ്പം യുഎൻഐ ലോണിൽ വെച്ചായിരുന്നു കളി. അന്ന് യുഎൻഐ കാന്റീൻ നടത്തിയിരുന്ന തമിഴ്നാട്ടുകാരനായ സ്വാമിയുടെ ചായയും ഷട്ടിൽ കളിയും യെച്ചൂരിയുടെ ദിനചര്യയുടെ ഭാഗമായിരുന്നു.

ആൾ സെയിന്റ്സ് സ്കൂളിലെ മിടുക്കനായ വിദ്യാർഥിയായിരുന്നു യെച്ചൂരി. 1966 ൽ യുണെെറ്റഡ് ഓർഗനൈസേഷൻ പുരസ്കാരം ലഭിച്ച യെച്ചൂരി അമേരിക്കയുടെ അധികാരകേന്ദ്രമായ വൈറ്റ് ഹൗസിലെത്തി പ്രസിഡന്റ് ലിൻഡൻ ബി ജോൺസിനൊപ്പം പ്രാതൽ കഴിക്കാൻ അർഹത നേടിയതായി സജ്ഞയ് ബാരു ഓർക്കുന്നുണ്ട് (‘ദ വയറി’ലെഴുതിയ ലേഖനം). ഏതായാലും ജൂനിയർ സ്റ്റേറ്റ്സ്മാൻ എന്ന മാസിക ഇന്ത്യയുടെ ഭാവിപ്രധാനമന്ത്രിയായി യെച്ചൂരിയെ തിരഞ്ഞെടുക്കുകയുണ്ടായി. ഹൈദരാബാദിലെ നെെസാം സ്കൂളിൽ പഠിച്ച് സിബിഎസ്ഇ പരീക്ഷയിൽ രാജ്യത്ത് ഒന്നാം റാങ്കോടെയാണ് യെച്ചൂരി പാസായത്. ഡൽഹി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസിലായിരുന്നു ഡിഗ്രി പഠനം. വിഷയം ഇക്കോണമിക്സ്. എസ്എഫ്ഐയെക്കുറിച്ചും മാർക്സിസത്തെക്കുറിച്ചും യെച്ചൂരി അറിയാനാരംഭിച്ചത് ഈ കോളേജ് അങ്കണത്തിൽവെച്ചായിരുന്നു. സിപിഐ എം പ്രഥമ ജനറൽ സെക്രട്ടറി പി. സുന്ദരയ്യ കുടുംബസുഹൃത്തായതിനാൽ ഇടയ്ക്കിടെ യെച്ചൂരിയുടെ വീട്ടിൽ വന്നു താമസിക്കാറുണ്ടായിരുന്നു. അദ്ദേഹവുമായുള്ള സംഭാഷണത്തിൽ നിന്നാണ് യെച്ചൂരി കമ്യൂണിസത്തെക്കുറിച്ച് ആദ്യം കേൾക്കുന്നത്. നെെസാം കോളേജിലെ പഠനകാലത്ത് ഒസ്മാനിയ സർവകലാശാലയിൽ ജോർജ് റെഡ്ഡിയെപ്പോലുള്ള ഇടതുപക്ഷക്കാരുടെ പ്രസംഗങ്ങൾ ആകാംക്ഷയോടെ കേൾക്കുകയും ചെയ്തു. സെന്റ് സ്റ്റീഫനിലെ അധ്യാപകനായ പങ്കജ് ഗാംഗുലിയായിരുന്നു യെച്ചൂരിയെ മാർക്സിസത്തിലേക്ക് നയിച്ചത്. അതുവരെയും രാഷ്ട്രീയ വിഷയങ്ങളിലൊന്നും അദ്ദേഹം താൽപര്യം കാണിച്ചിരുന്നില്ല. എന്നാൽ സെന്റ് സ്‌റ്റീഫൻസിലെ പഠനകാലത്ത് പ്രസിദ്ധ ചരിത്രകാരൻ ഇ.പി. തോംസണിന്റെയും മാർക്സിന്റെയും എംഗൽസിന്റെയും കൃതികളിലേക്ക് ശ്രദ്ധതിരിച്ചു. അമേരിക്കയിൽ ഉയരുന്ന ട്രേഡ് യൂണിയൻ ചെറുത്തുനിൽപുകളെക്കുറിച്ചുള്ള പല പുസ്തകങ്ങളും ഇക്കാലത്താണ് വായിച്ചതെന്ന് യെച്ചൂരി പറയാറുണ്ട്. ഫസ്റ്റ് ക്ലാസോടെ ഡിഗ്രി പാസായ യെച്ചൂരിക്ക് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ അഡ്മിഷൻ ലഭിച്ചെങ്കിലും ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ആദ്യമായി ആരംഭിക്കുന്ന ഇക്കണോമിക്സ് ബിരുദാനന്തര പഠന കോഴ്‌സിന് ചേരാനാണ് യെച്ചൂരി തയ്യാറായത്. അതിനു കാരണമായത് അവിടത്തെ അഭിമുഖമായിരുന്നു. അഭിമുഖം നടത്തിയ അധ്യാപകൻ പ്രൊഫ. അമിത് ഭാദുരി പോക്കറ്റിൽ സിഗരറ്റ് ഉണ്ടോ എന്ന് ചോദിക്കുകയും ഇരുവരും പുകവലിച്ചു കൊണ്ട് അഭിമുഖം പൂർത്തിയാക്കുകയും ചെയ്തുവെന്നാണ് കേൾവി. എം.എയും ഫസ്റ്റ് ക്ലാസോടെയാണ് യെച്ചൂരി പാസായത്. പ്രൊഫ. കൃഷ്ണ ഭരദ്വാജിന്റെ കീഴിൽ ഗവേഷണ പഠനത്തിന് ചേർന്നെങ്കിലും അത് പൂർത്തിയാക്കാനായില്ല. ഏതായാലും യെച്ചൂരിയുടെ ജീവിതത്തെ മാറ്റിമറിച്ചത് ജെ എൻ യു ജീവിതമായിരുന്നു. വികാരവായ്പോടെ യെച്ചൂരിക്ക് വിടനൽകാൻ ജെഎൻയു തയ്യാറായതും ഈ പശ്ചാത്തലത്തിലാണ്.

1973 ലാണ് യെച്ചൂരി ജെഎൻയുവിൽ ചേരുന്നത്. അടുത്ത വർഷം എസ് എഫ് ഐയിൽ അംഗമായി. അന്ന് ജെ എൻ യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന പ്രകാശ് കാരാട്ടിനു വേണ്ടി പ്രചാരണം നടത്തിയായിരുന്നു യെച്ചൂരിയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം. 1975 ൽ സിപിഐ എമ്മിൽ അംഗമായി. ഇക്കാലത്താണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. എസ്എഫ്ഐ വിദ്യാർഥികളെ തേടി ആദ്യദിവസം തന്നെ പൊലീസ് ജെഎൻയു ഹോസ്റ്റലിലും എത്തി. എന്നാൽ ആൺകുട്ടികളുടേതെന്ന് കരുതി പെൺകുട്ടികളുടെ ഹോസ്റ്റലാണ് പൊലീസ് വളഞ്ഞത്. അതിനാൽ ആദ്യ ദിവസം യെച്ചൂരിയെ അറസ്റ്റു ചെയ്യാനായില്ല. തുടർന്ന് പാർട്ടി ആവശ്യപ്പെട്ടതനുസരിച്ച് ഒളിവിൽ പോയി. നാലു മാസത്തോളം ഈ ഒളിവു ജീവിതം തുടർന്നു. പൊലീസ് രാത്രി ഒരു മണിക്കും നാലു മണിക്കും ഇടയിലാണ് അന്വേഷിച്ച് വന്നിരുന്നത്. അതുകൊണ്ട് വീട്ടിലോ ഹോസ്റ്റലിലോ രാത്രി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കോമ്പൗണ്ടിലെ പുൽമൈതാനിയിൽ രോഗികളുടെ ബന്ധുക്കൾക്കൊപ്പമാണ് യെച്ചൂരി അന്തിയുറങ്ങിയത് (അന്ത്യയാത്രയും ഇവിടെ തന്നെയായത് യാദൃച്ഛികമാകാം). ഇക്കാലത്ത് ക്ലാസിലേക്ക് പോകുന്ന വിദ്യാർഥികളെയും അധ്യാപകരെയും പ്രതിരോധിക്കാൻ എസ്എഫ്ഐ പ്രത്യേക സ്ക്വാഡുകൾ സജ്ജമാക്കിയിരുന്നു. ഈ സമരത്തിന്റെ ഭാഗമായാണ് യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് മേനക ആനന്ദിനെ(മേനക ഗാന്ധി) തടഞ്ഞത്. ഇതോടെ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലെത്തിയ സംഘം കാമ്പസിൽ നരനായാട്ട് നടത്തി. ജെഎൻയു വിദ്യാർഥിയായ പ്രബീർ പുർകായസ്തയെ (ഇപ്പോൾ ന്യൂസ് ക്ലിക്ക് എഡിറ്റർ) പൊലീസ് തട്ടിക്കൊണ്ടുപോയത് ഈയവസരത്തിലാണ്. അടിയന്തരാവസ്ഥയിലെ കുപ്രസിദ്ധമായ ആറ് പൊലീസ് തട്ടിക്കൊണ്ടുപോകൽ കേസിൽ ഒന്നായിരുന്നു ഇത്.

ഇതിനിടയിലാണ് യെച്ചൂരിയുടെ അച്ഛൻ അസുഖമായി രാം മനോഹർ ലോഹ്യ ആശുപത്രിയിലായതും ശസ്ത്രക്രിയക്ക് വിധേയനായതും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് അച്ഛനെയുംകൊണ്ട് വീട്ടിലേക്ക് പോയ വേളയിൽ യെച്ചൂരി അറസ്റ്റു ചെയ്യപ്പെട്ടു. നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ജാമ്യം കിട്ടുന്ന വകുപ്പാണ് ചാർത്തിയിരുന്നത്. അതുകൊണ്ടു തന്നെ മൂന്നാം ദിവസം ജാമ്യം ലഭിച്ചു. ഭയന്നുവശായ കുടുംബം ഇടപെട്ട് യെച്ചൂരിയെ ഹൈദരാബാദിലുള്ള അമ്മാവന്റെ അടുത്തേക്ക് കുറച്ചുകാലം താമസം മാറ്റിയെങ്കിലും അതൊന്നും യെച്ചൂരിയുടെ രാഷ്ട്രീയ മനസ്സിനെ ഇളക്കാൻ പര്യാപ്തമായില്ല.

1977 ൽ അടിയന്തരാവസ്ഥയ്ക്ക് അന്ത്യമായെങ്കിലും ജെ എൻ യുവിൽ സമരത്തീ അണഞ്ഞിരുന്നില്ല. ക്യാമ്പസിൽ അടിയന്തരാവസ്ഥയെ അനുകൂലിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിന് യെച്ചൂരി നാവ് നൽകി. അക്കാലത്ത് വിദ്യാർഥികൾക്ക് പ്രവേശനവും സ്കോളർഷിപ്പും നിഷേധിക്കുകയും പൊലീസ് അറസ്റ്റിന് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്ത സർവകലാശാല അധികൃതർക്കെതിരെയും നടപടി വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. എന്നാൽ സർവകലാശാല തന്നെ അടച്ചിട്ടാണ് വൈസ് ചാൻസലർ നാഗചൗധരി ബസന്തി ദുലാൽ എസ്എഫ്ഐ സമരത്തെ നേരിട്ടത്. വിദ്യാർഥികളും അധ്യാപകരും കൈകോർത്ത് സർവകലാശാല സാധാരണ പോലെ പ്രവർത്തിപ്പിച്ചു. ലൈബ്രറി 24 മണിക്കൂറും തുറന്നു. ക്ലാസുകൾ സാധാരണ പോലെ നടന്നു. മെസും തുറന്നു. “സർവകലാശാല പ്രവർത്തിക്കുന്നു. വി സി സമരത്തിൽ’എന്ന പ്ലക്കാർഡുമായി കുട്ടികൾ സരോജിനിനഗർ മാർക്കറ്റിലും കോണോട്ട് പ്ലേസിലും പണപ്പിരിവിനിറങ്ങി. സർവകലാശാല പ്രവർത്തിപ്പിക്കാനുള്ള പണം കണ്ടെത്താനായിരുന്നു ഈ സമരമുറ. ജെഎൻയുവിലെ ഏറ്റവും അംഗീകാരമുള്ള നേതാവായി ഇതോടെ യെച്ചൂരി മാറി. അടിയന്തരാവസ്ഥക്ക് മുമ്പുതന്നെ 1974 ൽ ജെഎൻയു കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അടിയന്തരാവസ്ഥയ്ക്ക് ശേഷം മൂന്നു തവണ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി. അടിയന്തരാവസ്ഥക്ക് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നപ്പോഴാണ് അദ്ദേഹം ആദ്യം പ്രസിഡന്റായത്. എല്ലാ വർഷവും നടക്കാറുള്ളതുപോലെ ഒക്ടോബറിൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോഴും യെച്ചൂരി തന്നെ പ്രസിഡന്റായി. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരമേറിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സർക്കാരിനെതിരെ ഡൽഹി സർവകലാശാലയുമായി യോജിച്ച് പ്രക്ഷോഭം നടത്താൻ യെച്ചൂരിയുടെ നേതൃത്വത്തിൽ ജെഎൻയു യൂണിയൻ തീരുമാനിച്ചത് വിവാദമായതിനെ തുടർന്ന് അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയപ്പോഴും യെച്ചൂരി തന്നെ പ്രസിഡന്റായി വിജയിച്ചു. എന്നാൽ യെച്ചൂരി ഏറ്റവും പ്രസിദ്ധനായത് ജെഎൻയു ചാൻസലർ സ്ഥാനത്തുനിന്നും ഇന്ദിരാഗാന്ധിയെ മാറ്റിയതോടെയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നും രാജ് നാരായണനോട് തോറ്റതിന് ശേഷവും ജെഎൻയു ചാൻസലർ സ്ഥാനത്ത് ഇന്ദിരാഗാന്ധി തുടർന്നതിനെതിരെയാണ് എസ്എഫ്ഐ സമരം നടത്തിയത്. ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് അഞ്ഞൂറിലധികം വിദ്യാർഥികൾ അവരുടെ വസതിയിലേക്ക് മാർച്ച് ചെയ്തു. ഇന്ദിരാഗാന്ധിയെ കാണാൻ അഞ്ചു പേരെ അനുവദിച്ചെങ്കിലും വിദ്യാർഥികൾ അതിന് തയ്യാറായില്ല. ഈ ഘട്ടത്തിൽ വിദ്യാർഥികളെ കാണാനായി ഇന്ദിരാഗാന്ധി ഇറങ്ങിവന്നു. എന്തിന് രാജിവെക്കണമെന്ന് വിശദമാക്കുന്ന പ്രമേയം യെച്ചൂരി ഇന്ദിരാഗാന്ധിയെ വായിച്ചു കേൾപ്പിച്ചു. അതിനു ശേഷം പ്രമേയം മുൻ പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു. ഏതാനും ദിവസത്തിനു ശേഷം ഇന്ദിരാഗാന്ധി ചാൻസലർ സ്ഥാനം രാജിവെച്ചു.

ഇതേ വർഷമാണ് എസ്എഫ്ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടത്. 1984 ൽ അഖിലേന്ത്യാ പ്രസിഡന്റുമായി. എസ്എഫ്ഐയുടെ മുഖമാസികയായ സ്‌റ്റുഡന്റ് സ്ട്രഗിളിന്റെ എഡിറ്ററായും യെച്ചൂരി പ്രവർത്തിച്ചു. ശ്രദ്ധിക്കപ്പെടുന്ന പ്രസിദ്ധീകരണമായി ഇതിനെ മാറ്റിയത് ബിടി ആറിന്റെയും ബസവ പുന്നയ്യയുടെയും മറ്റും പ്രശംസ പിടിച്ചുപറ്റാൻ കാരണമായി. 1985 ൽ കൊൽക്കത്തയിൽ ചേർന്ന പന്ത്രണ്ടാം പാർട്ടി കോൺഗ്രസിലാണ് പ്രകാശ് കാരാട്ടിനും എസ് ആർ പിക്കുമൊപ്പം യെച്ചൂരിയും കേന്ദ്രകമ്മിറ്റി അംഗമാകുന്നത്. തിരുവനന്തപുരത്ത് ചേർന്ന പതിമൂന്നാം പാർട്ടി കോൺഗ്രസിൽ ഇവർ കേന്ദ്രസെക്രട്ടറിയറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1992 ൽ ചെന്നൈയിൽ ചേർന്ന പതിനാലാം പാർട്ടി കോൺഗ്രസിൽ കാരാട്ടിനും എസ് ആർപിക്കുമൊപ്പം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗമായി. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തി “ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ’ എന്ന സുപ്രധാന രേഖ ചെന്നൈ സമ്മേളനത്തിൽ അവതരിപ്പിച്ചത് യെച്ചൂരിയായിരുന്നു. ഈ രേഖ തയ്യാറാക്കുന്നതിലും ബസവ പുന്നയ്യക്കൊപ്പം യെച്ചൂരി പ്രധാന പങ്കുവഹിക്കുകയുണ്ടായി.

പി.ബി.യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതു മുതൽ വിശാഖപട്ടണത്ത് 2015 ൽ ചേർന്ന 21-–ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നതുവരെയും സിപിഐ എമ്മിന്റെ അന്താരാഷ്ട്ര വിഭാഗം കൈകാര്യം ചെയ്തത് യെച്ചൂരിയായിരുന്നു. ഫിദൽ കാസ്ട്രോ, യാസർ അറഫാത്ത്, നെൽസൺ മണ്ടേല തുടങ്ങി ലോകം ആദരിക്കുന്ന നേതാക്കളുമായി ബന്ധമുണ്ടായിരുന്ന നേതാവാണ് യെച്ചൂരി. നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി അടുത്ത ബന്ധം തന്നെ യെച്ചൂരിക്കുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) പാർലമെന്ററി പാതയിലേക്ക് മാറുന്നതിന് മുമ്പ് പ്രചണ്ഡയും ബാബുറാം ഭട്ടാറായിയും ഡൽഹിയിലെത്തി യെച്ചൂരിയുമായും പ്രകാശ്കാരാട്ടുമായും ചർച്ചനടത്തിയിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ സർവകലാശാലകളിൽ സെമിനാറുകളിലേക്ക് ക്ഷണിക്കപ്പെടാറുള്ള യെച്ചൂരി മസൂറിയിലെ ഐ എ എസ് അക്കാദമിയിലും ഇന്ത്യൻ ഡിഫൻസ് കോളേജിലും പൊലീസ് അക്കാദമിയിലും സ്ഥിരം ലക്ചർ നടത്താറുണ്ട്. ഒരു വേള ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരവും യെച്ചൂരിക്ക് ലഭിക്കുകയുണ്ടായി. 2009 ൽ കമ്യൂണിസ്റ്റ് പാർട്ടികളുടെയും വർക്കേഴ്സ് പാർട്ടികളുടെയും പതിനൊന്നാമത് അന്താരാഷ്ട്ര സമ്മേളനം ഡൽഹിയിൽ സംഘടിപ്പിക്കുന്നതിന് ചുക്കാൻപിടിച്ചതും യെച്ചൂരി തന്നെ.

ഒരു പാർലമെന്റേറിയൻ എന്ന നിലയിലും യെച്ചൂരി വ്യക്തിമുദ്ര പതിപ്പിച്ചു. 2005 മുതൽ 2017 വരെ പശ്ചിമ ബംഗാളിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്. ഇക്കാലത്ത് പശ്ചിമ ബംഗാളിന്റെ അംബാസഡറായി ഡൽഹിയിൽ പ്രവർത്തിച്ച യെച്ചൂരി രാജ്യത്തെ സാധാരണക്കാരുടെ വിഷയങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന് ഭേദഗതി അവതരിപ്പിച്ച് ചരിത്രത്തിൽ ഇടംനേടാനും യെച്ചൂരിക്കായി. മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഉപരിസഭയിലെ പ്രതിപക്ഷ നേതാവിന്റെ റോളിൽ തിളങ്ങിയത് യെച്ചൂരിയായിരുന്നു (കോൺഗ്രസിലെ ഗുലാം നബി ആസാദായിരുന്നു പ്രതിപക്ഷ നേതാവ്). എന്റെ മകനെ ഞാൻ ഇന്ത്യക്കാരനെന്നല്ലാതെ മറ്റെന്തു പേരിട്ട് വിളിക്കുമെന്ന് ചോദിച്ചുകൊണ്ടുള്ള യെച്ചൂരിയുടെ 2017 ലെ വിടവാങ്ങൽ പ്രസംഗം പാർലമെന്ററി പ്രസംഗങ്ങളിൽ എന്നെന്നും ഓർമിക്കപ്പെടുന്ന ഒന്നായി മാറുകയും ചെയ്തു.

കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ മർമം അറിയുന്ന നേതാവു കൂടിയായിരുന്നു യെച്ചൂരി. ഇന്ത്യൻ രാഷ്ട്രീയത്തിൽ യെച്ചൂരി ശ്രദ്ധിക്കപ്പെട്ടത് വ്യത്യസ്ത ധാരകളിൽപെട്ട രാഷ്ട്രീയ പാർട്ടികളെ ഒരു ചരടിൽ കോർത്തിണക്കി കൂട്ടായ്മ രൂപീകരിക്കുന്നതിലാണ്. ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിനെതിരെ ഇന്ത്യ എന്ന ആശയം ശക്തമായി മുന്നോട്ടുവെക്കുന്നതിന്റെ ഭാഗം കൂടിയായിരുന്നു യെച്ചൂരിക്ക് ഈ കൂട്ടായ്മ. ഹർകിഷൻ സിങ് സുർജിത്തിന്റെ വലംകയ്യായി പ്രവർത്തിച്ച പരിചയമാണ് സഖ്യരൂപീകരണത്തിൽ മാസ്റ്റർ വോയ്സായി മാറാൻ യെച്ചൂരിയെ സഹായിച്ചത്. വ്യത്യസ്ത വീക്ഷണഗതികളെ ബഹുമാനിക്കാനും അതുവഴി ഒരു പൊതു ലക്ഷ്യത്തിനായി അവരെയൊക്കെ ഒരു പ്ലാറ്റ്ഫോമിൽ അണിനിരത്താനും പ്രത്യേക വൈദഗ്ധ്യം തന്നെ യെച്ചൂരിക്കുണ്ടായിരുന്നു. 1996 ലെ ഐക്യമുന്നണി (യുണെെറ്റഡ് ഫ്രണ്ട്) സർക്കാർ രൂപീകരണത്തിലും 2004 ലെ ഐക്യപുരോഗമന സഖ്യ(യുപിഎ) സർക്കാർ രൂപീകരണത്തിലും സുർജിത്തിനൊപ്പം പ്രവർത്തിച്ച യെച്ചൂരി 2023 ൽ ഇന്ത്യ കൂട്ടുകെട്ട് രൂപീകരിക്കുന്നതിൽ നിർണായക പങ്കു തന്നെ വഹിച്ചു. 1996 നെയും 2004 നെയും അപേക്ഷിച്ച് ബിജെപി വിരുദ്ധ കൂട്ടുകെട്ട് രൂപീകരിക്കുക ഏറ്റവും പ്രയാസകരമായ കാലഘട്ടമാണ് 2023 എന്ന് ഓർക്കണം. ബിജെപി വിരുദ്ധ വേദിയിലേക്ക് അടുക്കുന്ന രാഷ്ട്രീയ കക്ഷിനേതാക്കളെ കേന്ദ്ര ഏജൻസികളെ അയച്ച് ഭീഷണി പ്പെടുത്താനും ജയിലിലടയ്ക്കാനും മടിക്കാത്ത ഏകാധിപത്യസ്വഭാവമുള്ള ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലുള്ളപ്പോഴാണ് ‘ഇന്ത്യ’ രൂപീകരണം എന്നോർക്കുക. പല ഘട്ടങ്ങളിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ യെച്ചൂരിയുടെ സഹായം തേടിയതായി ദേശീയ മാധ്യമങ്ങൾ തന്നെ റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഇതിന് പ്രധാന കാരണം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി യെച്ചൂരി പുലർത്തിയ ബന്ധമാണ്. ആ കണ്ണിയാണിപ്പോൾ പൊട്ടിയത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + one =

Most Popular