Saturday, September 21, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍യുഗപ്രഭാവനായ ഇ.എം.എസ്‐2

യുഗപ്രഭാവനായ ഇ.എം.എസ്‐2

കെ ബാലകൃഷ്ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 48

ണ്ടനിൽ രണ്ടാം വട്ടമേശസമ്മേളനം പരാജയപ്പെടുകയായിരുന്നു. വട്ടമേശസമ്മേളനത്തിൽ പങ്കെടുത്ത്‌ ബോംബെയിൽ തിരിച്ചൈത്തിയ ഗാന്ധിജിയെ മാത്രമല്ല, വല്ലഭബായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ് എന്നിവരടക്കമുള്ള നേതാക്കളെയും അറസ്റ്റ്ചെയ്തതിനെ തുടർന്നാണ് രണ്ടാം നിയമലംഘനസമരം തീരുമാനിക്കപ്പെട്ടത്. കോൺഗ്രസ്സിന്റെ കേന്ദ്രീകൃതസംഘടനാസംവിധാനം പിരിച്ചുവിട്ട്‌ സമരത്തിനായി ഓരോ കേന്ദ്രത്തിലും ഡിക്റ്റേറ്ററെ‐ സർവാധിപതിയെ‐ നിശ്ചയിക്കുകയായിരുന്നു. ഒരു സർവാധിപതി അറസ്റ്റിലാകുമ്പോൾ അടുത്ത സർവാധിപതി വരും. ഇത് മുൻകൂട്ടി നിശ്ചയിക്കുന്നതാണ് രീതി. 1932 ജനുവരി നാലിനാണ് കെ.പി.സി.സി. പിരിച്ചുവിട്ടത്. ആദ്യത്തെ ഡിക്റ്റേറ്ററായി കെ.പി.സി.സി. പ്രസിഡണ്ടായ എൻ.എസ്. പ്രഭുവിനെ നിശ്ചയിച്ചു. രണ്ടാമത്തേത് എം.ഗോവിന്ദമേനോൻ. ലണ്ടനിൽനിന്നെത്തുന്ന ഗാന്ധിജിയെ സ്വീകരിക്കാൻ ബോംബെയിലേക്കുപോയ പ്രഭു തിരിച്ചെത്തിയെങ്കിലും നിശ്ചയിച്ചദിവസം സമരത്തിനെത്താനായില്ല. അതിനാൽ ഗോവിന്ദമേനോനാണ് ആദ്യം നിയമം ലംഘിച്ചത്. താൻ അറസ്റ്റ് ചെയ്യപ്പെട്ടാൽ ആരാകണം ഡിക്റ്റേറ്റർ എന്ന് പ്രഖ്യാപിക്കേണ്ടത് ഗോവിന്ദമേനോനാണ്. ആരെ വേണമെന്ന് നിശ്ചയിക്കാൻ പ്രയാസപ്പെടുമ്പോഴാണ് സമരത്തിൽ പങ്കെടുക്കാൻ ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എത്തുന്നത്. മോഴിക്കുന്നത്ത് ഭവത്രാദൻ നമ്പൂതിരിപ്പാടിനും കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിനും ശേഷം നിയമലംഘനത്തിനെത്തുന്ന നമ്പൂതിരിപ്പാട്.. ഗോവിന്ദമേനോൻ തനിക്കുശേഷം ഡിക്റ്റേറ്റർ ഇ.എം.എസ്. എന്ന് പ്രഖ്യാപിച്ചു. കുടുംബത്തിൽനിന്നും ഔദ്യോഗികസംവിധാനത്തിൽനിന്നുതന്നെയും ഇ.എം.എസിനെ പിന്തിരിപ്പിക്കാൻ വലിയ സമ്മർദമുണ്ടായി. എന്നാൽ നേരത്തെ നിശ്ചയിച്ചതുപ്രകാരം കോഴിക്കോട്ട് കടപ്പുറത്ത് നിയമലംഘനംനടത്തി ഇ.എം.എസ്. അറസ്റ്റ് വരിച്ചു. ഏതാനുംദിവസം കോഴിക്കോട് സബ്ജയിലിൽ.

ഇ.എം.എസിനെയും കൂട്ടരെയും കയ്യാമംവെച്ചാണ് കോടതിയിൽ ഹാജരാക്കിയത്. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് വിചാരണയിൽ പങ്കെടുക്കുന്നില്ലെന്ന മറുപടിയാണ് ഇ.എം.എസ്. പറഞ്ഞത്. രണ്ടുവർഷത്തെ തടവും 100 രൂപ പിഴയും ശിക്ഷ. പിഴയടക്കാഞ്ഞാൽ ഒരു വർഷംകൂടി തടവ്. ഇ.എം.എസ്. അറിയാതെ വീട്ടുകാർ പിഴയൊടുക്കിയതിനാൽ ശിക്ഷ രണ്ടുവർഷം. അതിൽ ചില ഇളവുകളെല്ലാമുള്ളതിനാൽ ഒന്നേ മുക്കാൽ കൊല്ലത്തിനുശേഷം 1933 സെപ്റ്റംബറിൽ ജയിൽമോചിതനായി.

ആദ്യം ഏതാനും ആഴ്ച കണ്ണൂർ സെൻട്രൽ ജയിലിലും പിന്നെ വെല്ലൂർ ജയിലിലുമാണ് തടവ്. സമ്പന്ന കുടുംബത്തിലായതിനാലും ബ്രാഹ്മണനായതിനാലും ഇ.എം.എസിന് എ. ക്ലാസാണ്. ഇ.എം.എസ്. കണ്ണൂർ ജയിലിലെത്തുമ്പോൾ കൃഷ്ണപിള്ളയും എ.കെ.ജി.യുമടക്കമുള്ളവർ അവിടെയുണ്ട് അവർ സി.ക്ലാസിലാണ്. കഠിനാധ്വാനം‐ അതിൽ പ്രതിഷേധിക്കുമ്പോൾ മർദനം അതായിരുന്നു അവരുടെയെല്ലാം അനുഭവം. കൃഷ്ണപിള്ളയെയും എ.കെ.ജി.യെയും ഇ.എം.എസ്. കാണുന്നതും പരിചയപ്പെടുന്നതും കണ്ണൂർ ജയിലിൽവെച്ചാണ്. പരിചയപ്പെട്ട മറ്റൊരാൾ ബിഹാറിൽനിന്നുള്ള തീവ്രവാദി ഗ്രൂപ്പിലെ കമൽനാഥ് തിവാരിയാണ്. സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും കുറിച്ച് ഇ.എം.എസിനോടും വിശദമായി പറയുന്നത് തിവാരിയാണ്. ഇ.എം.എസിന് പുറകെ തിവാരിയെയും വെല്ലൂർ ജയിലിലേക്ക് മാറ്റിയിരുന്നു. അത് സ്റ്റഡിക്ലാസിന് കൂടുതൽ സാഹയകമായി. കമൽനാഥ് തിവാരിയടക്കമുള്ള അനുശീലൻ സമിതിയുടെയും ഉത്തരേന്ത്യൻ വിപ്ലവകാരികളുടെയും സാമിപ്യത്തിലൂടെ ഇ.എം.എസും കൃഷ്ണപിള്ളയും കെ.പി.ആറും എൻ.സി.ശേഖറും എ.വി.കുഞ്ഞമ്പുവും കെ.പി.ഗോപാലനുമടക്കമുള്ളവർ സോഷ്യലിസ്റ്റ് അനുഭാവികളായി മാറുന്നതുസംബന്ധിച്ച് ആദ്യഅധ്യായങ്ങളിൽ പ്രതിപാദിച്ചതിനാൽ ഇവിടെ വിശദാംശങ്ങളിലേക്കു പോകുന്നില്ല.

തൃശൂർ സെന്റ് തോമസ് കോളേജിനോട് വിടപറഞ്ഞ് ഒരാഴ്ചക്കകമാണ് അവിടുത്തെ ജൂനിയർ ബി.എ. വിദ്യാർഥിയായ ഇ.എം.എസ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിലാകുന്നത്. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയോട് താല്പര്യമുള്ള മാനേജ്മെന്റാണ് കോളേജ് നടത്തുന്നത്. അതൊന്നും കണക്കിലെടുക്കാതെ അവിടുത്തെ അധ്യാപകനും പ്രശസ്ത സാഹിത്യകാരനുമായ എം.പി.പോൾ കോളേജ് മാഗസിനിൽ പ്രത്യാഘാതങ്ങൾ എന്ന തലക്കെട്ടിൽ ഒരു മുഖപ്രസംഗമെഴുതി. വിഷയം തന്റെ പ്രിയ വിദ്യാർഥിയായ ഇ.എം.എസ്സിന്റെ അറസ്റ്റ്. കോളേജ് നടത്തിപ്പുകാരായ പുരോഹിതന്മാർ ക്ഷുഭിതരായി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ചക്രവർത്തിയെ എതിർത്ത് സമരം നടത്തി ജയിലിൽപോയ വിപ്ലവകാരിയെ ശ്ലാഘിക്കുക, പരോക്ഷമായും ആക്ഷേപഹാസ്യരീതിയിലും ചക്രവർത്തിയെ ഭർത്സിക്കുക‐ നേരത്തെതന്നെ കണ്ണിലെ കരടാണ് എം.പി.പോൾ. പ്രത്യാഘാതങ്ങൾ എന്ന മുഖപ്രസംഗമടക്കമുള്ള കാരണങ്ങളും ഈർഷ്യ വർധിപ്പിച്ചു. അധ്യാപകരുടെ അവകാശങ്ങൾ‐ വേതനം നൽകുന്നതുൾപ്പെടെ പ്രശ്നത്തിലായിരുന്നു. ഇതിനെല്ലാമെതിരെ ശക്തമായി പ്രതികരിച്ചതാണ് പോളിനെ പൗരോഹിത്യമേധാവിത്വത്തിന്റെ ശത്രുപക്ഷത്താക്കിയത്. പോളിനെ കോളേജിൽനിന്ന് പിരിച്ചുവിടുന്നതിലേക്കാണതെത്തിയത്. പിന്നീട് ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ ചേർന്നെങ്കിലും അവിടെയും മാനേജുമെന്റുമായി സമരത്തിലായി. ഒരു തരത്തിൽ ഭ്രഷ്ടനാക്കപ്പെടുന്നതിലേക്കാണതെത്തിയത്.

ജയിൽമോചിതനായെത്തിയ ഇ.എം.എസ്. തുടർന്ന് വള്ളുവനാട് കേന്ദ്രീകരിച്ച് ദേശീയപ്രസ്ഥാനത്തിന്റെ സംഘാടകപ്രവർത്തനത്തിൽ മുഴുകി. 1933 ഡിസംബറിൽ ഹരിജൻ ഫണ്ടുപിരിവിനായി ഗാന്ധിജി മലബാർ പര്യടനം നടത്തുമ്പോൾ വള്ളുവനാട് താലൂക്കിലെ സ്വീകരണ കമ്മിറ്റിയുടെ സെക്രട്ടറിയായി ഇ.എം.എസ്. നിയോഗിക്കപ്പെട്ടു. ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടാണ് ചെയർമാൻ. ഈ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഇ.എം.എസ്. താലൂക്കിലാകമാനം സഞ്ചരിച്ച് ബഹുജനങ്ങളുമായി ബന്ധപ്പെടുന്നത്. 1934 സെപ്റ്റംബർ ആദ്യം കെ.പി.സി.സി. പുനഃസംഘടിപ്പിക്കപ്പെട്ടു. രണ്ടാം നിയമലംഘനസമരം തീരുമാനിച്ചതിനെ തുടർന്ന് പിരിച്ചുവിട്ടതായിരുന്നുവല്ലോ കമ്മിറ്റി. പുനഃസംഘടിപ്പിച്ച കമ്മിറ്റിയുടെ പ്രസിഡണ്ട് സി.കുഞ്ഞിക്കാവമ്മയായിരുന്നു. സെക്രട്ടറിമാരായി ഇ.എം.എസിനെയും സി.കെ.ഗോവിന്ദൻനായരെയും തീരുമാനിച്ചു. പി.കൃഷ്ണപിള്ള, ഇ.സി.കുഞ്ഞിക്കണ്ണൻ നമ്പ്യാർ, സി.കുഞ്ഞിക്കാവമ്മ, കെ.കുമാർ, മഞ്ചുനാഥറാവു, ആർ. കൃഷ്ണയ്യർ, പരമേശ്വരപിള്ള, ഇ.എം.എസ്. എന്നിവർ എ.ഐ.സി.സി. അംഗങ്ങൾ. 1934 ഡിസംബർ 29‐ന് എം.പി.നാരായണമേനോൻ ജയിൽ മോചിതനായി വന്നു. മലബാർ കലാപവുമായി ബന്ധപ്പെട്ട് ജയിലിലായ നാരായണമേനോൻ 13 വർഷത്തെ ജയിൽവാസത്തിനുശേഷമാണ് മോചിതനാകുന്നത്. കുഞ്ഞിക്കാവമ്മ രാജിവെച്ചതിനെ തുടർന്ന് കെ.പി.സി.സി.യുടെ പ്രസിഡണ്ടായി അദ്ദേഹം അവരോധിക്കപ്പെട്ടു. സംഘടനയിൽ പല മാറ്റങ്ങളുമുണ്ടായി. കെ.പി.സി.സിയെന്നാണ് പേരെങ്കിലും മലബാറിലെ നേതാക്കൾ മാത്രമാണ് സമിതിയിൽ ഉണ്ടായിരുന്നത്. നാട്ടുരാജ്യങ്ങളിൽ ശക്തമായ സമരം വേണ്ടെന്ന നിലപാടാണ് ദേശീയനേതൃത്വത്തിനുണ്ടായിരുന്നതെന്നതിനാലാണ് അവിടെ ശക്തമായ സംഘടന ഇല്ലാതെ പോയതും കേരളാടിസ്ഥാനത്തിൽ ഏകോപനമില്ലാതെപോയതും.

1934 മെയ് മാസം കോഴിക്കോട്ട് കോൺഗ്രസ്സിലെ ഇടതുപക്ഷക്കരുടെ സമ്മേളനം ചേർന്നു. ഇടതുപക്ഷക്കാരനല്ലെന്ന് പിൽക്കാലത്ത്‌ തെളിയിക്കപ്പെട്ട കെ.കേളപ്പനാണ് അധ്യക്ഷൻ. സംഘാടകരിൽ പ്രമുഖൻ സി.കെ.ഗോവിന്ദൻനായരും. പക്ഷേ യഥാർഥ സംഘാടകൻ പി.കൃഷ്ണപിള്ളയായിരുന്നു. സോഷ്യലിസ്‌റ്റ് ഗ്രൂപ്പിന്റെ പ്രസിഡണ്ടായി സി.കെ.ഗോവിന്ദൻനായരെയും സെക്രട്ടറിയായി കൃഷ്ണപിള്ളയെയും തിരഞ്ഞെടുത്തു. ഇ.എം.എസ്. നിർവാഹകസമിതി അംഗം. ദേശീയ സമ്മേളനത്തിലേക്കുള്ള പ്രതിനിധിയും. അതേവർഷം പട്നയിൽ എ.ഐ.സി.സി.ക്ക് മുന്നോടിയായി സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ സമ്മേളനവും നടന്നു. ആചാര്യ നരേന്ദ്രദേവ്, ജയപ്രകാശ് നാരായണൻ എന്നിവരുടെ നേതൃത്വം. പിന്നീട് ബോംബെയിൽ സി.എസ്.പി.യുടെ സമ്മേളനം നടന്നു. സി.എസ്.പി.യുടെ ദേശീയ ജോയന്റ് സെക്രട്ടറിയായി ഇ.എം.എസ്. തിരഞ്ഞെടുക്കപ്പെട്ടു.

സി.എസ്.പി.യുടെ കേരളഘടകത്തിന്റെ രൂപീകരണത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചെങ്കിലും അതിവേഗംതന്നെ കേളപ്പനും സി.കെ.ഗോവിന്ദൻനായരും അതിൽനിന്ന് പുറത്തേക്കുകടന്നു.

ഈ സംഭവങ്ങൾക്കെല്ലാം മുമ്പ് ഇ.എം.എസിന്റെ വസതിയിലേക്ക് ഒരു അതിഥിയെത്തുന്നുണ്ട്. രണ്ടാണ്ട് മുമ്പ് കണ്ണൂർ ജയിലിൽവെച്ച് പരിചയപ്പെട്ട കൃഷ്ണപിള്ളയായിരുന്നു അത്. സുദീർഘമായ ചർച്ചയാണവിടെ നടന്നത്. സി.എസ്.പി. രൂപീകരണം, ബഹുജനസംഘനകളുടെ രൂപീകരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം വ്യക്തത വരുത്തിയാണ് ആ ചർച്ച സമാപിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവൽക്കരണത്തിന്റെ ആദ്യപടികളിലൊന്നായിരുന്നു അതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കുഞ്ഞിക്കാവമ്മയുടെ രാജിക്കുശേഷം കണ്ണൂരിൽ ചേർന്ന കെ.പി.സി.സി. എം.പി.നാരായണമേനോനനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതിനൊപ്പം ഇ.എം.എസിനെ സെക്രട്ടറിസ്ഥാനത്ത് നിലനിർത്തിയിരുന്നു. ആ സമ്മേളനത്തിൽ സോഷ്യലിസ്റ്റ് ഗ്രൂപ്പിന് നല്ല മേൽക്കൈയുണ്ടായിരുന്നു. തൊഴിലാളികളെ സംഘടിപ്പിക്കാൻ കൃഷ്ണപിള്ളയും കെ.പി.ഗോപാലനും ചന്ദ്രോത്തുമടങ്ങിയ ഉപസമിതി, പ്രചാരണം നടത്താൻ എ.കെ.ജിയടക്കമുള്ളവരടങ്ങിയ ഉപസമിതി‐ അങ്ങനെ പല തീരുമാനങ്ങളുമുണ്ടായി. നേരത്തതന്നെ കെ.പി.സി.സി. ഓഫീസ് ഷൊർണൂരിലേക്ക് മാറ്റിയിരുന്നല്ലോ. അവിടെ 1935 ജനുവരി ഒമ്പതിന് പ്രഭാതം എന്ന പത്രം ജനിക്കുകയാണ്. ഇ.എം.എസ്. പത്രാധിപർ. ഐ.സി.പി. നമ്പൂതിരി പ്രന്ററും പബ്ലിഷറും. സി.എസ്.പി. കേരളഘടകത്തിന്റെ മുഖപത്രം. ആ പത്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തൊട്ടുമുമ്പത്തെ‐ ഐ.സി.പി.യെക്കുറിച്ചുള്ള‐ അധ്യായത്തിൽ വിശദമാക്കിയത് ഓർക്കുമല്ലോ. ഉണ്ണിനമ്പൂതിരിയിലൂടെ പത്രപ്രവർത്തനമാരംഭിച്ച ഇ.എം.എസ്. പ്രഭാതത്തിലൂടെ പത്രാധിപരാവുകയായിരുന്നു. വാസ്തവത്തിൽ അതിന്റെ മുതൽമുടക്കുകാരനും അദ്ദേഹംതന്നെ. പിൽക്കാലത്ത് അരനൂറ്റാണ്ടിലേറെക്കാലം തുടർന്ന പ്രസിദ്ധമായ ചോദ്യങ്ങൾക്കു മറുപടി ഇ.എം.എസ് തുടക്കംകുറിച്ചത് പ്രഭാതത്തിലാണ്. ഞാൻ പറയാം എന്ന പേരിൽ. അടുത്തവർഷം ആദ്യം മീററ്റിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ വിശാലമായ രണ്ടാം അഖിലേന്ത്യാസമ്മേളനം. കേരളത്തിൽനിന്ന് പ്രതിനിധികളായി ഇ.എം.എസും എ..മാധവനും. (മാധവനാണ് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യത്തെ കാര്യദർശി). ആ സമ്മേളനത്തിന് പോകുന്നതിന് മുമ്പായി പെരിന്തൽമണ്ണ പുളിങ്കാവിലെ ഇ.എം.എസിന്റെ പുതിയ വസതിയിലേക്ക് രണ്ടുപേർ എത്തുന്നു. പി.സുന്ദരയ്യയും എസ്.വി.ഘാട്ടെയുമാണത്. സി.പി.ഐ.യുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണവർ. അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാസംവിധാനത്തെയും പരിപാടിയെയും കുറിച്ച് വിശദമായ ചർച്ച നടക്കുന്നു. ഇ.എം.എസിനെ ഇ.എം.എസ്. പോലുമറിയാതെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു.

മീററ്റ് സമ്മേളനത്തിൽവെച്ചാണ് പി.സി.ജോഷിയെയും അജയഘോഷിനെയും ഇ.എം.എസ്. പരിചയപ്പെടുന്നത്. തിരിച്ചുവരുമ്പോൾ ആന്ധ്രയിൽ വെച്ച് ബസവപുന്നയ്യയെയും. മീററ്റ് സമ്മേളനത്തിൽ കമലാദേവി ചതോപാദ്ധ്യായയായിരുന്നു അധ്യക്ഷ. ആ സമ്മേളനത്തോടെയാണ് ഇ.എം.എസ്സിന്റെ കമ്യൂണിസ്റ്റ് പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നത്.

എന്നാൽ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെയാകെ ഇടതുപക്ഷത്തേക്ക് റാഞ്ചാനാണ് സി.എസ്.പി. ശ്രമിക്കുന്നതെന്ന നിഗമനത്തിലായി വലതുപക്ഷം. അത് കേരളത്തിന്റെ കാര്യത്തിൽ മാത്രമായിരുന്നില്ല. ദേശീയതലത്തിലേ ഉള്ളതായിരുന്നു. പി.സി.സി.കളിലെ അംഗസംഖ്യ വൻതോതിൽ വെട്ടിക്കുറയ്‌ക്കാൻ പ്രമേയമവതരിപ്പിച്ചത് ഗാന്ധിജി തന്നെയായിരുന്നു. കെ.പി.സി.സി. അംഗസംഖ്യ 60‐ൽനിന്ന് പത്തായി കുറച്ചത് സോഷ്യലിസ്റ്റുകളെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. ഇ.എം.എസ്സടക്കം നേതത്വത്തിൽനിന്ന് പുറത്താകുന്ന സാഹചര്യമാണ് അതേ തുടർന്ന് ഉണ്ടായത്. കെ.പി.സി.സി. എന്നാൽ വാസ്തവത്തിൽ മലബാർ ഡി.സി.സി. തന്നെയാണ്. ആ മലബാർ ഡി.സി.സി.യെ പിരിച്ചുവിട്ടത് സോഷ്യലസിസ്റ്റ് ഭൂരിപക്ഷത്തോടുള്ള അസഹിഷ്ണുത കാരണമാണ്. അതിനെതിരെ ഡി.സി.സി. സെക്രട്ടറി കെ.എ.കേരളീയൻ എ.ഐ.സി.സി. പ്രസിഡണ്ടായ നെഹ്റുവിന് അപ്പീൽ നൽകിയെങ്കിലും ഫലമൊന്നമുണ്ടായില്ല. ഇരുവിഭാഗവും സമാന്തരമായി പ്രവർത്തനം തുടരുന്ന സ്ഥിതിയാണുണ്ടായത്. ഈ ഘട്ടത്തിൽ സംഘടനാപരമായി തികച്ചും ശിഥിലമായ അവസ്ഥയിലായിരുന്നു കെ.പി.സി.സി… ഇ.എം.എസ്സിനെ ഓർഗനൈസിങ്ങ് സെക്രട്ടറിയായി എ.ഐ.സി.സി. നിയോഗിച്ചെങ്കിലും വിഭാഗീയത രൂക്ഷമായതിനാൽ അധികമൊന്നും മുന്നോട്ടുപോകാനായില്ല. നാട്ടുരാജ്യങ്ങളിൽ കോൺഗ്രസ് പ്രവർത്തനവും സ്വാതന്ത്ര്യസമരപ്രസ്ഥാനവും ശക്തിപ്പെടുത്താനുള്ള ഇ.എം.എസിന്റെ നിർദ്ദേങ്ങൾ കേന്ദ്രനേതൃത്വം അവഗണിക്കുകയായിരുന്നു.

ഈ ഘട്ടത്തിലാണ് ഇ.എം.എസ്സും കെ.ദാമോദരനും നേതൃത്വം നൽകി പുരോഗമനസാഹിത്യപ്രസ്ഥാനം രൂപവൽക്കരിക്കാൻ ശ്രമം തുടങ്ങിയത്. 1935‐ൽ ലണ്ടനിൽ ഇന്ത്യയിലെ പുരോഗമനവാദികളായ എഴുത്തുകാർ ഇന്ത്യൻ റൈറ്റേഴ്സ് പ്രോഗ്രസ്സീവ് അസോസിയേഷൻ രൂപീകരിച്ചിരുന്നു. മുൽക് രാജ് ആനന്ദ്, സജ്ജാദ് സഹീർ തുടങ്ങിയവരാണ് അതിന് നേതൃത്വം നൽകിയത്. അവർ ഇന്ത്യയിൽ തിരിച്ചെത്തിയശേഷം ലണ്ടനിൽ തയ്യാറാക്കിയ മാനിഫെസ്റ്റോ പ്രകാരം പുരോഗമന സാഹിത്യസംഘടന രൂപീകരിക്കാൻ ശ്രമം തുടർന്നു. പ്രേംചന്ദ്, കമലാദേവി ചതോപാധ്യായ, സരോജിനി നായിഡു തുടങ്ങിയവരെല്ലാം അതുമായി സഹകരിച്ചു. അങ്ങനെയാണ് 1936‐ൽ ലഖ്നോവിൽ ഇന്ത്യൻ പുരോഗമനസാഹിത്യസംഘടന രൂപീകൃതമാകുന്നത്. പ്രേംചന്ദുമായി അടുത്ത ബന്ധമുണ്ടായിരുന്ന കെ.ദാമോദരനാണ് കേരളത്തിൽ പുരോഗമനസാഹിത്യപ്രസ്ഥാനം രൂപീകരിക്കാൻ ഇ.എം.എസ്സിനൊപ്പം മുഖ്യപങ്ക് വഹിച്ചത്. 1937 ഏപ്രിൽ 14‐ന് തൃശൂരിൽ നടന്ന സമ്മേളനം എ.മാധവൻ സെക്രട്ടറിയായി ജീവൽ സാഹിത്യസംഘടന രൂപീകരിച്ചു. പിൽക്കാലത്ത് കമ്യൂണിസ്റ്റുകാരായി പ്രഖ്യാപിക്കാൻപോകുന്നവരാണ് പങ്കെടുത്തവരിൽ ഏറിയ പങ്കും. പി.നാരായണൻനായർ, കെ.കെ.വാര്യർ, എൻ.പി.ദാമോദരൻ, എ.മാധവൻ എന്നിവർ. കമ്മ്യൂണിസ്റ്റുകാരാകാതെ പോയ കെ.എ.ദാമോദരമേനോൻ, പി.കേശവദേവ് എന്നിവരുമുണ്ടായിരുന്നു. കേശവദേവ് കമ്യൂണിസ്റ്റ് പാർട്ടിക്കാരനല്ലായിരുന്നെങ്കിലും ആദ്യകാല സ്വയംപ്രഖ്യാപിത കമ്യൂണിസ്റ്റും പിൽക്കാലത്ത് കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനുമായി. എ.മാധവൻ സെക്രട്ടറിയായാണ് സംഘടന നിലവിൽവന്നത്.

1944‐ലാണ് ഇ.എം.എസ്സും കെ.ദാമോദരനുംതന്നെ നേതൃത്വം നൽകി പുരോഗമനസാഹിത്യസംഘടന രൂപീകരിച്ചത്. ജീവൽ സാഹിത്യപ്രസ്ഥാനം വിപുലപ്പെടുത്തി, തലയെടുപ്പുള്ള സർഗാത്മകസാഹിത്യകാരന്മാരെക്കൂടി ചേർത്താണ് ആ സംഘടന രൂപീകരിച്ചത്. ഷൊർണൂരിൽ നടത്തിയ സമ്മേളനത്തിൽ എം.പി.പോൾ പ്രസിഡണ്ടും സി.അച്ചുതക്കുറുപ്പ്, പി.കേശവദേവ് എന്നിവർ സെക്രട്ടറിമാരുമായി കമ്മിറ്റി രൂപീകരിച്ചു. മുണ്ടശ്ശേരിയും തകഴിയും പൊൻകുന്നം വർക്കിയുമെല്ലാം നേതൃത്വത്തിലുണ്ടായിരുന്നു. എന്നാൽ രൂപീകൃതമാകുന്ന കാലത്തുതന്നെ രണ്ട് ആശയധാരകൾ തമ്മിലുള്ള ഏറ്റുമുട്ടൽ പ്രകടമായിരുന്നു. കമ്യൂണിസ്റ്റുകാരും ലിബറലുകളും തമ്മിലുള്ള ഏറ്റുമുട്ടൽ. കൊൽക്കത്തയിൽ കമ്യൂണിസ്റ്റുപാർട്ടിയുടെ രണ്ടാം കോൺഗ്രസ് നടക്കുന്നതിന് രണ്ടുമാസം മുമ്പ് നടന്ന പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സമ്മേളനത്തിൽ പ്രകടമായ പൊട്ടിത്തെറിതന്നെയുണ്ടായി. ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം. സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റു യൂണിയനിൽ നടക്കുന്നത് സ്വേഛാധിപത്യഭരണമാണെന്ന് സംഘടനയുടെ പ്രസിഡണ്ട് എം.പി.പോൾ തുറന്നടിച്ചതും പൊട്ടിത്തെറിക്ക് കാരണമായി. പിന്നെയും രണ്ടുവർഷംകൂടി നിലനിന്ന സംഘടന മുണ്ടശ്ശേരിയുടെ രൂപഭദ്രതാ സിദ്ധാന്തവുമുായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ പൂർണമായും തകർന്നു. സാഹിത്യത്തിലെ ഈ തർക്കങ്ങളുമായി ബന്ധപ്പെട്ട് അക്കാലത്ത് ഇ.എം.എസ്. എഴുതിയ ലേഖനങ്ങളും ലഘുലേഖകളും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരമായ മുന്നോട്ടുപോക്കിൽ വലിയ പങ്കുവഹിച്ചു.

1937‐ജൂണിലോ ജൂലൈയിലോ ആണ് കോഴിക്കോട്ടുവെച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകം കേന്ദ്ര കമ്മിറ്റി അംഗമായ എസ്.വി.ഘാട്ടെയുടെ സാന്നിധ്യത്തിൽ രൂപീകരിക്കുന്നത്. ഇ.എം.എസും കൃഷ്ണപിള്ളയും എൻ.സി.ശേഖറും കെ.ദാമോദരനും ചേർന്ന യൂണിറ്റ്. 1939‐ൽ കോഴിക്കോട്ട് മഞ്ചുനാഥറാവുവിന്റെ വീട്ടിൽചേർന്ന സി.എസ്.പി. നേതൃയോഗത്തിലാണ് കൃഷ്ണപിള്ള ഇങ്ങനെയൊരു കമ്മ്യൂണിസ്റ്റ്ഘടകം രൂപീകൃതമായ കാര്യം ആദ്യം വെളിപ്പെടുത്തുന്നത്. ആ യോഗമാണ് സി.എസ്.പി.യുടെ കേരളഘടകം കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറുന്നതിനുള്ള പ്രത്യയശാസ്ത്ര ഒരുക്കത്തിനായുള്ള ക്യാമ്പുകളും പിണറായി പാറപ്രത്തെ സമ്മേളനവും തീരുമാനിക്കുന്നത്. ഇതിലെല്ലാം പ്രത്യയശാസ്ത്രപരമായ കാര്യങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്നത് ഇ.എം.എസ്സാണ്. പിണറായി പാറപ്രം സമ്മേളനത്തിൽ മാർക്സിസം‐ലെനിനിസത്തെക്കുറിച്ച് ക്ലാസെടുക്കുന്നതും ഇ.എം.എസ് തന്നെ.

(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − 8 =

Most Popular