Saturday, September 21, 2024

ad

Homeസിനിമദൃശ്യപരിചരണത്തിന്റെ ആഖ്യാന മിടുക്ക്

ദൃശ്യപരിചരണത്തിന്റെ ആഖ്യാന മിടുക്ക്

കെ എ നിധിൻ നാഥ്

ഥയിലും സംഭാഷണത്തിലും മാത്രം ഊന്നുന്ന മലയാള സിനിമയുടെ സ്ഥിരം വാർപ്പ്‌ മാതൃകയെ നവ സിനിമക്കാർ പുനർനിർമിച്ചിരുന്നു. എന്നിരുന്നാലും ആഖ്യാനത്തിലും കഥപറച്ചലിലുമെല്ലാം ആ വിജയ ഫോർമുല ശൈലി പലപ്പോഴും ഇവരും പിൻപറ്റിയിരുന്നു. ഈ പതിവ്‌ രീതികളെല്ലാം അപ്പാടെ അകറ്റി നിർത്തിയുള്ള സിനിമാ നിർമിതി വളരെ അപൂർവമായി മാത്രമാണ്‌ മലയാളത്തിൽ സംഭവിക്കാറ്‌. അത്തരത്തിലൊരു സിനിമാ കാഴ്‌ചയാണ്‌ ഫൂട്ടേജ്‌. ‘ഫൗണ്ട്‌ ഫൂട്ടേജ്‌’ ജോണറിലാണ്‌ സിനിമ ഒരുക്കിയിട്ടുള്ളത്‌. ഒപ്പം ഒരു ത്രില്ലറിന്റെ സ്വഭാവവും സിനിമ കൈവരിക്കുന്നുണ്ട്‌. സിനിമയുടെ ശൈലിയും അതിനോട്‌ പുലർത്തുന്ന ആഖ്യാന ഘടനയും മലയാള സിനിമയിൽ അധികം സംഭവിക്കാൻ സാധ്യതയില്ലാത്ത സിനിമാറ്റിക്ക്‌ അനുഭവമായി ഫൂട്ടേജിനെ മാറ്റുന്നുണ്ട്‌.

സിനിമയുടെ ജോണറിനോടും അതിന്‌ നൽകുന്ന ചലച്ചിത്രഭാഷയിലെ വിട്ടുവീഴ്‌ചയില്ലാത്ത ദൃശ്യ പരിചരണവുമാണ്‌ സിനിമയുടെ ഏറ്റവും വലിയ മികവ്‌. പ്രശസ്‌ത എഡിറ്ററായ സൈജു ശ്രീധറിന്റെ ആദ്യ സിനിമയാണ്‌ ഫൂട്ടേഷ്‌. ഒരു കച്ചവട സിനിമ ഒരുക്കുന്നു എന്നതിനോട്‌ പാടെ അകന്ന്‌ നിന്ന്‌ സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതയിൽ ഊന്നിയാണ്‌ സിനിമ ഒരുക്കിയിട്ടുള്ളത്‌. ആഖ്യാന മികവിന്റെ പിൻബലത്തിലുള്ള ദൃശ്യപരിചരണമാണ്‌ ഫൂട്ടേജിന്റേത്‌. വളരെ റോ ആയി മാത്രമുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചാണ്‌ സിനിമയുടെ കഥപറച്ചിൽ. ഇത്തരത്തിലുള്ള വിട്ടുവീഴചയില്ലാത്ത ഫിലിം മേക്കിങ്ങിന്റെ ബലത്തിൽ ഇന്റർനാഷണലായ സിനിമയാണ്‌. സിനിമ എന്ന ഓഡിയോ വിഷ്വൽ മീഡിയത്തിനെ അതിന്റെ എല്ലാവിധ സാധ്യതകളെയും സന്നിവേശിപ്പിച്ചുള്ള മിടുക്ക് കൂടിയാണ് ഫൂട്ടേജ്.

കൊച്ചിയിൽ താമസിക്കുന്ന യൂട്യൂബർ ദമ്പതിമാരിലൂടെയാണ്‌ കഥപറച്ചിൽ. വിശാഖ്‌ നായർ, ഗായത്രി അശോക് എന്നിവരാണ്‌ പ്രധാനകഥാപാത്രങ്ങൾ. അവരുടെ പ്രവൃത്തികൾ, അന്വേഷണങ്ങൾ എന്നിവയിലൂടെ അവർ എത്തിപെടുന്ന സംഭവ വികാസങ്ങളും അതിലൂടെയുണ്ടാകുന്ന കണ്ടെത്തലുകളുമാണ്‌ ചിത്രം. തങ്ങളുടെ ജീവിതത്തിലേത്‌ അടക്കം ഫൂട്ടേജുകൾ ശേഖരിച്ചും ആളുകളുമായി അഭിമുഖം നടത്തിയും വിചിത്രമായ സ്ഥലങ്ങളെക്കുറിച്ച് കഥകൾ പറയുന്ന യൂട്യൂബർമാരാണിവർ. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്ന്‌ കയറ്റത്തെക്കുറിച്ച്‌ ഇവർ ഫൂട്ടേജ്‌ ശേഖരത്തിലൂടെ കാണിക്കുന്നുണ്ട്‌. ഇത്തരത്തിൽ അയൽക്കാരിയുടെ ഫ്ലാറ്റിലേക്കുള്ള ദൃശ്യ ചിത്രീകരണത്തിനിടയിൽ അവരിൽ ഉയരുന്ന സംശയങ്ങളും അതിന്‌ പിന്നിലെ കാര്യങ്ങളും അറിയാനുള്ള ഇവരുടെ ശ്രമമാണ്‌ ചിത്രം. നിഗൂഢമായ പെരുമാറ്റമുള്ള അയൽക്കാരി (മഞ്ജു വാര്യർ) പിൻതുടർന്ന്‌ കാട്ടിലേക്ക് എത്തുന്നു. തുടർന്ന്‌ ഇവരുടെ ജീവതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ.

യൂട്യൂബർമാരായ ദമ്പതിമാരുടെ രണ്ട് വ്യത്യസ്ത ക്യാമറകളിൽ റെക്കോർഡ് ചെയ്ത സംഭവങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ഇവരുടെ കാഴ്‌ച പ്രേക്ഷകന്റേത്‌ കൂടിയാക്കി മാറ്റുന്ന തരത്തിലാണ്‌ സിനിമയുടെ കാഴ്‌ച. അഭിനേതാക്കളുടെ ശരീരത്തിൽ ക്യാമറകൾ ഘടിപ്പിച്ച് ചിത്രീകരിച്ച നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്‌. ചിത്രസംയോജകൻ സൈജു ശ്രീധരറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൂട്ടേജ്. മലയാളത്തിൽ ഇനിയും അതിഭംഗീര പരീക്ഷണങ്ങൾക്ക്‌ സാധ്യതയുണ്ടെന്ന്‌ സൈജു ആദ്യ സിനിമയിലൂടെ തെളിയിക്കുന്നുണ്ട്‌. കച്ചവട സിനിമയുടെ സാധ്യതയ്ക്കായി യാതൊരു നേർപ്പിക്കലും നടത്താതെ ഉള്ളടക്കത്തിനോട് നീതി പുലർത്തിയുള്ള അവതരണത്തിന്റെ പേരിലാണ്‌ ഫൂട്ടേജ്‌ മലയാള സിനിമ ഭൂപടത്തിൽ അടയാളമാകുക. പ്രേക്ഷകനെ സിനിമാകാഴ്ചയിലേക്ക്‌ പിടിച്ച് നിർത്തുന്ന അനുഭൂതി സൃഷ്ടിക്കുന്ന ചിത്രം തിയറ്ററിൽ നിന്ന് അനുഭവിക്കേണ്ട, വളരെ അപൂർവമായി മാത്രം ലഭിക്കുന്ന ഒരു സിനിമയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − nine =

Most Popular