Saturday, September 21, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബിജെപിയെ തോൽപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച

ബിജെപിയെ തോൽപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച

കെ ആർ മായ

മൂന്ന്‌ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ മോദി ഗവൺമെന്റിനെ നിർബന്ധിതമാക്കിയ ചരിത്രപരമായ കർഷക പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ കർഷക സംഘടനകളുടെ യോജിച്ച വേദിയായ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) വരാൻപോകുന്ന ഹരിയാന, ജമ്മു കാശ്‌മീർ തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ ശക്തമായ പ്രചരണം നടത്തുമെന്ന്‌ പ്രഖ്യാപിച്ചു. സ്വാമിനാഥൻ കമീഷന്റെ നിർദേശപ്രകാരമുള്ള മിനിമം താങ്ങുവില (എംഎസ്‌പി) നടപ്പാക്കുമെന്ന വാഗ്‌ദാനം പാലിക്കുന്നതിൽ ബിജെപി ഗവൺമെന്റ്‌ പരാജയപ്പെട്ടതിനാൽ അവർക്ക്‌ വോട്ട്‌ നൽകരുതെന്ന്‌ വീടുവീടാന്തരം കയറി അഭ്യർഥന നൽകണമെന്ന്‌ എസ്‌കെഎം ഘടകകക്ഷികൾക്ക്‌ ആഹ്വാനം നൽകി.

തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി സെപ്‌തംബർ ഏഴിന്‌ ഹിസാറിൽ വച്ച്‌ തൊഴിലാളികളുടെയും സ്ഥിര‐കരാർ ജീവനക്കാരുടെയും വമ്പിച്ച യോഗം നടന്നു. ബിജെപി സർക്കാരിന്റെ വർഗീയ‐കോർപറേറ്റ്‌ അജൻഡയും കർഷകവിരുദ്ധ, തൊഴിലാളിവിരുദ്ധ മനോഭാവവും തുറന്നുകാട്ടി അവരെ പരാജയപ്പെടുത്തുമെന്നും അഖിലേന്ത്യാ കിസാൻ സഭ ഉറച്ച തീരുമാനമെടുത്തു. അതിനായുള്ള പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ അഞ്ച്‌ സീറ്റുകളാണ്‌ ബിജെപിക്ക്‌ നഷ്ടമായത്‌. നിയമസഭാ തിരഞ്ഞെടുപ്പിലും അതാവർത്തിക്കുമെന്ന്‌ എസ്‌കെഎം നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നു.

തുടർച്ചയായി അധികാരത്തിൽ വന്ന ബിജെപി മുഖ്യമന്ത്രിമാർ കർഷക സമരകാലത്ത്‌ നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ല. താങ്ങുവിലയുടെ കാര്യത്തിലും പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുന്ന കാര്യത്തിലും സർക്കാർ വാക്കുപാലിച്ചില്ല. കർഷകർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കുമെന്ന്‌ കേന്ദ്രത്തിലെ മോദി സർക്കാർ തത്വത്തിൽ അംഗീകരിച്ചിരുന്നതാണ്‌. വൈദ്യുതി ഭേദഗതി നിയമത്തിലെ കർഷകരെ ബാധിക്കുന്ന വ്യവസ്ഥകൾ എടുത്തുകളയുമെന്നും വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ ഇവയൊന്നും പാലിക്കപ്പെട്ടില്ല. ഇവയെല്ലാം തുറന്നുകാട്ടി പ്രചരണം നടത്താനാണ്‌ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. തീർച്ചയായും ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിധിയെഴുതും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലുടനീളം ബിജെപിക്ക്‌ തിരിച്ചടിയുണ്ടായി. 159 ഗ്രാമീണ മണ്ഡലങ്ങളിൽ ബിജെപി പരാജയപ്പെട്ടു. കർഷകർ, തൊഴിലാളികൾ, യുവജനങ്ങൾ, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള അരികുവൽക്കരിക്കപ്പെട്ടവർ എന്നീ വിഭാഗങ്ങൾക്കിടയിൽ ഉയർന്ന രോഷമാണ്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തൂത്തെറിഞ്ഞത്‌.

ഹരിയാനയിലെ പോലെ ജമ്മു കാശ്‌മീരിലും ബിജെപി ഭരണത്തിൽ ജനങ്ങൾ കടുത്ത അസംതൃപ്‌തരും രോഷാകുലരുമാണ്‌. എന്തായാലും ഈ രണ്ടിടത്തും ബിജെപിയെ ഭരണത്തിൽനിന്നും തുടച്ചുനീക്കാൻ അവർക്കെതിരായ പ്രചരണം ശക്തമാക്കാൻ എല്ലാ സംഘടനാശേഷിയും ഉപയോഗിക്കാനാണ്‌ എസ്‌കെഎമ്മിന്റെ ഉറച്ച തിരുമാനം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 11 =

Most Popular