Monday, September 23, 2024

ad

Homeകവര്‍സ്റ്റോറിആദ്യത്തെ കർഷകത്തൊഴിലാളി സമരവും അയ്യൻകാളിയും

ആദ്യത്തെ കർഷകത്തൊഴിലാളി സമരവും അയ്യൻകാളിയും

കെ എൻ ഗണേശ്‌

1907ലാണ് പുലയ വിഭാഗത്തിൽപ്പെട്ട കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചുകൊണ്ടുള്ള തിരുവിതാംകൂർ ഗവൺമെന്റിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. അയ്യൻകാളിയുടെയും സാധുജന പരിപാല സംഘത്തിന്റെയും സമ്മർദ്ദത്തിന്റെ ഫലം കൂടിയായിരുന്നു ആ ഉത്തരവ്. ഇതിനകം അയ്യൻകാളി വെങ്ങാനൂരിൽ പുലയർക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചിരുന്നു. ഈ പള്ളിക്കൂടം സവർണരുടെ ആക്രമണത്തിനു പാത്രമായിരുന്നു. ഉത്തരവ് ഇറങ്ങിയ ഉടൻതന്നെ അയ്യൻകാളിയും സുഹൃത്തുക്കളും ഇതിന്റെ വിശദാംശങ്ങൾ തേടുകയും ഉത്തരവ് നടപ്പിലാക്കണമെന്ന് അവിടുത്തെ സ്കൂൾ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. സർക്കാർ ഉത്തരവ് അവർക്ക് ബാധകമല്ലെന്ന നിലപാടാണ് സ്കൂൾ മാനേജ്മെന്റുകൾ സ്വീകരിച്ചത്. സ്കൂളിൽ കുട്ടികളെ പ്രവേശിപ്പിച്ചില്ലെങ്കിൽ ജന്മിമാരുടെ പാടത്തു പണിയെടുക്കാൻ തയ്യാറല്ലെന്ന് അയ്യൻകാളിയും സംഘവും തീരുമാനിച്ചു. സ്കൂൾ മാനേജ്മെന്റ് കർക്കശമായ നിലപാട് തുടർന്നു.

ഈ പശ്ചാത്തലത്തിലാണ് കേരളത്തിൽ ആദ്യത്തെ കർഷക തൊഴിലാളി സംഘാടനം നടന്നത്. പുലയർ മാത്രമല്ല പറയരടക്കം എല്ലാ ദളിത് വിഭാഗങ്ങളും കൃഷി ചെയ്യുന്നതിൽ നിന്നു മാറിനിന്നു.അയ്യൻകാളി തന്നെ എല്ലാ പാടങ്ങളിലും പോയി കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. സമരം പൊളിക്കാനുള്ള ജന്മിമാരുടെ ശ്രമങ്ങളെ സംഘടിതമായി നേരിട്ടു. ജന്മിമാരുടെ ചട്ടമ്പിമാർ എന്ന ഗുണ്ടകളെ നേരിടാനാണ് അയ്യൻകാളിപ്പട എന്ന സന്നദ്ധസംഘം വളർന്നുവന്നത്.തൊഴിലാളികളെ പാടത്ത് നിർബന്ധിച്ചിറക്കാനുള്ള ശ്രമങ്ങളെയെല്ലാം അയ്യൻകാളിപ്പട പരാജയപ്പെടുത്തി. അയ്യൻകാളി പിന്നീട് പറഞ്ഞതുപോലെ ഒരു പുലയി ഒരു ദിവസം കൊണ്ടു ചെയ്യുന്ന ജോലിയെല്ലാം നായന്മാർക്ക് ആറു ദിവസം കൊണ്ടു ചെയ്യേണ്ടിവന്നു. ജോലി ചെയ്തു ശീലമില്ലാത്തതുകൊണ്ട് പലർക്കും രോഗങ്ങൾ പിടിപെട്ടു.

സമരം ഒരു വർഷക്കാലം നീണ്ടുനിന്നു. അന്നത്തെ ദിവാനായിരുന്ന പി രാജഗോപാലാചാരി സമരത്തെ അടിച്ചമർത്താൻ തയ്യാറായില്ല. അവസാനം ഒരു മജിസ്ട്രേറ്റിനെ മധ്യസ്ഥനായി നിയോഗിക്കുകയും അദ്ദേഹം ഇരുവിഭാഗക്കാരെയും വിളിച്ചുവരുത്തി ഒത്തുതീർപ്പിലെത്തിക്കുകയും ചെയ്തു. കുട്ടികളെ സ്കൂളിൽ ചേർക്കണമെന്നും അയിത്തംപോലുള്ള അനാചാരങ്ങൾ പിന്തുടരുകയില്ലെന്നുമുള്ള ഒത്തുതീർപ്പിന് ഇരുകൂട്ടരും തയാറായി.

എന്നാൽ, ഈ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാൻ സവർണ വിഭാഗം തയ്യാറായില്ല. ഈ പ്രദേശത്തെ സ്കൂളുകളിൽ പുലയ കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടില്ല. 1914ൽ ഉൗരുവിട്ടമ്പലം സർക്കാർ സ്കൂളിൽ പൂജാരി അയ്യപ്പന്റെ മകളായ പഞ്ചമി എന്ന പെൺകുട്ടിയെ ചേർക്കാൻ അയ്യൻകാളി ശ്രമിച്ചു. വീണ്ടും മാനേജ്മെന്റ് സമ്മതിച്ചില്ല. സർക്കാർ ഉത്തരവുണ്ടെന്ന് അന്ന് ശ്രീമൂലം പ്രജാസഭാ അംഗം കൂടിയായ അയ്യൻകാളി വാദിച്ചെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. തുടർന്ന് സവർണരും അയ്യൻകാളിയുടെ അനുയായികളും തമ്മിൽ നേരിട്ടുള്ള സംഘട്ടനത്തിലേക്കു നീങ്ങി.

സവർണരുടെ നിലപാടിനെതിരായ പ്രതിഷേധം വെങ്ങാനൂരും ചുറ്റുപാടും വ്യാപിച്ചു. സവർണർ ചട്ടമ്പികളെ ഉപയോഗിച്ച് ഇവരെ നേരിടുകയും പുലയർ സംഘടിതമായി തന്നെ ചെറുത്തുനിൽക്കുകയും ചെയ്തു. ഔദ്യോഗിക രേഖകളിൽ പുലയ ലഹളകൾ എന്നറിയപ്പെട്ട ഈ സംഘർഷങ്ങൾക്ക് മുഖ്യ ഉത്തരവാദികൾ സവർണർ തന്നെയായിരുന്നു. തുടർന്ന് അയിത്തത്തിനെതിരെയും വസ്ത്രധാരണത്തിലും മറ്റുമുള്ള വിവേചനത്തിനെതിരെയും നടന്ന നിരവധി സംഘർഷങ്ങൾക്ക് ഇത് തുടക്കമിട്ടു.

പ്രക്ഷോഭങ്ങളുടെ സംഘടിത രൂപം
1890 കളിലെ വില്ലുവണ്ടി സമരം മുതൽ അയിത്തത്തിനും ജാതി മർദ്ദനത്തിനും എതിരായ അയ്യൻകാളിയുടെ സമരങ്ങൾ ആരംഭിച്ചിരുന്നു. ഈ ആദ്യകാല സമരങ്ങളെല്ലാം അതിലംഘന രൂപങ്ങളായിരുന്നു, അതായത് സവർണ നാടുവാഴിത്തത്തിനെതിരെ അവരുടെ തട്ടകങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങളായിരുന്നു. എന്നാൽ സാധുജന പരിപാലനസംഘം സ്ഥാപിക്കപ്പെട്ടതിനുശേഷം അയ്യൻകാളിയുടെ രീതികളിൽ മാറ്റം വരുന്നുണ്ട്. ജാതി ക്രമത്തിന്റെ നിലനിൽപിന് നാടുവാഴിത്ത വ്യവസ്ഥയുടെ നിയമസംഹിതകളുടെ സ്വാധീനം അദ്ദേഹം തിരിച്ചറിയുന്നുണ്ട്. നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അതിനോടൊപ്പം കാർഷികാധ്വാനത്തിന്റെ അടിമത്തത്തിൽ കെട്ടിയിടുന്നതിനായി അയിത്തത്തിന്റെയും മറ്റു വിവേചന രൂപങ്ങളുടെയും വിലങ്ങുകൾ ജന്മി നാടുവാഴിത്തം ഉപയോഗിക്കുകയാണെന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ടാകുന്നു.ഇതിനെതിരായി പുലയജാതിയെ മാത്രമല്ല ഇത്തരത്തിലുള്ള മർദ്ദിതരെയെല്ലാം യോജിപ്പിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹത്തിന് ബോധ്യപ്പെടുന്നു. ഈ ചെറുത്തുനിൽപ്പിന് തയ്യാറാകുന്ന സന്നദ്ധസംഘങ്ങൾ രൂപീകരിക്കേണ്ടതുണ്ട്. അയ്യൻകാളിപ്പട അത്തരം ഒരു പ്രതിരോധ സംഘമാണ്. ഈ പ്രതിരോധത്തിൽ പോരാളികളുടെ നിലനിൽപിനായി സമാനമനസ്കരായ തൊഴിലാളികളുടെ സഹായം തേടാനും അദ്ദേഹം തയ്യാറാകുന്നുണ്ട്. പണിയിൽ നിന്നു വിട്ടുനിന്നവരുടെ അതിജീവനത്തിനായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ചിലരെ പുനരധിവസിപ്പിക്കുന്നത് ഇതിന് ഉദാഹരണമാണ്.

ഈ പുതിയ സംഘടിത രൂപം സവർണരെ എത്രമാത്രം ഭയപ്പെടുത്തി എന്നതിന്റെ സൂചനയാണ് അടുത്ത ദശകത്തിൽ അവർ തുടർച്ചയായി നടത്തിയ ആക്രമണങ്ങൾ. അയ്യൻകാളിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും നേതൃത്വത്തിൽ കീഴാളരെ സംഘടിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സവർണ ഗുണ്ടാ സംഘങ്ങൾ നേരിട്ടു. ജാതി ജന്മി നാടുവാഴിത്തത്തെ നിലനിർത്താനും അതിനെ നേരിട്ട് ഒരു പുതിയ സമൂഹത്തിലേക്ക് നീങ്ങാനും നടന്ന ഏറ്റുമുട്ടലുകളായാണ് ഈ സംഘർഷങ്ങളെ വിലയിരുത്തേണ്ടത്. 1907ൽ ആരംഭിച്ച സമരം ഒരു ദശകത്തിനകം തിരുവിതാംകൂറിന്റെ നല്ലൊരു ഭാഗത്തേക്ക് പടർന്നു പിടിക്കുന്നതു കാണാം.

വളരുന്ന സാമൂഹ്യ വൈരുധ്യങ്ങൾ
അയ്യൻകാളിയും സംഘവും നേരിട്ട ജാതി വൈരുധ്യങ്ങളുടെ വേരുകൾ തേടി അല്പം കൂടി പിറകോട്ട് സഞ്ചരിക്കേണ്ടിയിരിക്കുന്നു.

തിരുവനന്തപുരത്തിനു തെക്കോട്ടുള്ള കാർഷിക പ്രദേശങ്ങളുടെ ഭൂവുടമാവകാശം സവർണ നായർ വിഭാഗങ്ങളിലെത്തുന്നത് 1865ലെ പണ്ടാരപ്പാട്ട വിളംബരത്തോടെയാണ്. പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളുടെ കീഴിൽ ശ്രീ പണ്ടാരവക (ദേവസ്വം) യായി കിടന്ന ഏതാനും ഭൂമികളെ മാറ്റിനിർത്തിയാൽ ഏതാണ്ട് എല്ലാം ഭൂമികളും തിരുവിതാംകൂർ സർക്കാർ നേരിട്ടു നിയന്ത്രിച്ച പണ്ടാരവക ഭൂമികളായിരുന്നു. പണ്ടാരവക ഭൂമികളിലെ കുടിയാന്മാരെന്ന നിലയിൽ നായന്മാരും ചില പ്രദേശങ്ങളിൽ നാടാന്മാരും ഈഴവരുമാണ് ഭൂവുടമകളായിരുന്നത്. ഇത്തരം കുടുംബങ്ങൾ പരമ്പരാഗതമായി തന്നെ ഭൂമി കൈവശം വയ്ക്കുകയും അവയിൽ കർഷകത്തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടർന്നത്. പണ്ടാരവക ഭൂമികളുടെ മേലുള്ള ഉടമാവകാശം ലഭിച്ചതിനുശേഷം നായന്മാർ ഏറ്റവും ശക്തരായ സമൂഹ വിഭാഗമായി മാറി. നാടാന്മാരും ഈഴവരും പറയരും പുലയരുമടക്കമുള്ള മറ്റു വിഭാഗങ്ങളെ അടക്കിനിർത്തുന്നതിനും അവരുടെ അധ്വാനം ഉറപ്പുവരുത്തുന്നതിനും ജാതീയമായ വേർതിരിവുകളെ ഉപയോഗിക്കുകയും ചെയ്തു.

ഇതേ കാലത്തുതന്നെയാണ് സവർണ ജാതി വിരുദ്ധ സമരങ്ങളും വളർന്നുവരുന്നത്. പിന്നോക്ക സമുദായങ്ങളിൽ പെട്ട സ്ത്രീകൾ റൗക്കയും മേൽമുണ്ടും ധരിക്കുന്നതിനെതിരായി സവർണ വിഭാഗങ്ങൾ അഴിച്ചുവിട്ട മർദ്ദനം ജാതികോയ്മയെ മാത്രമല്ല, സമ്പത്തിന്റെ മേലുള്ള പിന്തുടർച്ചാവകാശം ഉറപ്പിക്കുന്നതിനുവേണ്ടി കൂടിയായിരുന്നു. തിരുവിതാംകൂർ ഭരണകൂടത്തിന്റെ നിയമവാഴ്ചയുടെ പിന്തുണയും അവരുടെ സവർണ ആശയ സംഹിതകളുടെ പിൻബലവും നായർ പ്രമാണിമാർക്കുണ്ടായിരുന്നു. ഇതിനെതിരെ പൊരുതി നിൽക്കാവുന്ന ആശയസംഹിതകൾക്കും അറിവിനും വേണ്ടിയുള്ള അന്വേഷണമാണ് ഈ പ്രദേശത്തെ പിന്നോക്ക സമുദായങ്ങളെ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിലേക്കും അരുവിപ്പുറം പ്രതിഷ്ഠ പോലുള്ള ബദൽ ആരാധനാ രൂപങ്ങളിലേക്കും എത്തിക്കുന്നത്. ഈ പ്രദേശത്ത് സജീവമായി പ്രവർത്തിച്ചിരുന്ന എൽ എം എസ് മിഷനറിമാരുടെ സ്വാധീനവും ക്രൈസ്തവ ആശയ സംഹിത പ്രചരിപ്പിച്ച ധാർമിക സങ്കല്പങ്ങളും ബദൽ രൂപങ്ങളായി പലരും കണ്ടു.

ഈ സാഹചര്യങ്ങളിലാണ് വിദ്യാലയങ്ങളിലേക്കുള്ള പിന്നോക്ക സമുദായങ്ങളുടെ പ്രവേശനം ഒരു പ്രധാന ആവശ്യമായി വളർന്നുവരുന്നത്. കൊളോണിയലിസം സൃഷ്ടിച്ച പുതിയ ജീവിത സാഹചര്യങ്ങളിൽ വാണിജ്യ കൃഷിക്കാരെന്ന നിലയിൽ കൂടി വളർന്നുവന്ന ഈഴവരുടെ ഇടയിൽ നിന്നാണ് ഈ ആവശ്യം ഉയർന്നുവന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ഘട്ടത്തിൽ നിരവധി ഈഴവരും നാടാന്മാരും സ്കൂൾ വിദ്യാഭ്യാസം നേടുന്നതും സ്വന്തമായി സ്കൂളുകൾ ആരംഭിക്കുന്നതും കാണാം. വിദ്യാഭ്യാസം ഇവിടെ കേവലം തുല്യതയ്ക്കുവേണ്ടിയുള്ള ശ്രമം മാത്രമായിരുന്നില്ല. സവർണ മേധാവിത്വം ഉറപ്പിച്ച സമ്പത്തിന്റെയും അധികാരത്തിന്റെയും മേലുള്ള ജാതീയമായ വിലക്കുകളെ ലംഘിക്കുന്നതിനുള്ള ഉപാധി കൂടിയായിരുന്നു. പുലയരുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായിരുന്നു.

എന്നാൽ, അയ്യൻകാളി നയിച്ച കർഷകത്തൊഴിലാളി സമരം ഇത്തരം പ്രതിരോധ രൂപങ്ങളിൽ നിന്ന് ഒരു പടി കൂടി മുന്നോട്ടുപോകുന്നുണ്ട്. സമ്പത്തിന്റെയും അധികാരത്തിന്റെയും ഉറവിടങ്ങൾ ഏതാണ് എന്ന തിരിച്ചറിവ് ഇവിടെ കാണാം. ഉടമകളുടെ സമ്പത്തും അധികാരവും ഉണ്ടാകുന്നത് പണിയെടുക്കുന്നവന്റെ അധ്വാനത്തിൽ നിന്നാണ്. ഈ അധ്വാനമാണ് സമൂഹത്തെ നിലനിർത്തുന്നത്. പണിയെടുക്കുന്നവർ ഒരു ദിവസം കൃഷി ചെയ്യാൻ വിസമ്മതിച്ചാൽ ഉടമയ്ക്ക് നഷ്ടപ്പെടുന്നത് അത്രയും വരുമാനമാണ്. പണിയെടുക്കുന്നവരെ അയിത്തത്തിനും മറ്റു ജാതീയമായ മർദ്ദന രൂപങ്ങൾക്കും ഇരയാക്കുന്നത് അവരുടെ അധ്വാനത്തെയും ജീവിതരീതിയെയും നിയന്ത്രിക്കാനും നിർണയിക്കാനുമുള്ള മേലാളരുടെ ശ്രമത്തിന്റെ ഭാഗമായി കൂടിയാണ്. പണിയെടുക്കുന്നവർ ജാതീയമായ വിലക്കുകൾ ലംഘിച്ച് വിദ്യാഭ്യാസം നേടുകയും ഉടമകൾക്ക് തുല്യമായ തൊഴിലുകളിൽ ഏർപ്പെടുകയും ചെയ്താൽ, ഉടമകൾക്ക് നഷ്ടപ്പെടുന്നത് അവരുമായി ബന്ധിക്കപ്പെട്ട, പുറത്തു പോകാൻ വഴിയില്ലാത്ത കീഴാളരുടെ അധ്വാനമാണ്. ഈ അധ്വാനം ഉടമകൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ സില്‍ബന്തികൾക്കോ ചെയ്യാൻ കഴിയുന്നതുമല്ല. ഒരു പുലയിയുടെ ഒരു ദിവസത്തെ അധ്വാനം ഉടമകളുടെ ആറു ദിവസത്തെ അധ്വാനമാണെന്ന അയ്യൻകാളിയുടെ പരാമർശം ഇതിന്റെ സൂചനയാണ്. അതുകൊണ്ട് പണിമുടക്ക് എന്നത് ഉടമയെ മുട്ടുകുത്തിക്കാനുള്ള ശക്തമായ ഉപാധിയുമാണ്.
പിന്നീട് കേരളത്തിൽ വളർന്നുവന്ന വർഗസമരങ്ങളുടെ തുടക്കം നമുക്കിവിടെ കാണാം. വർഗസമരം കേവലം സമുദായങ്ങൾ തമ്മിലുള്ള സംഘർഷമല്ല. ഇവിടെ നായന്മാരും ദളിതരും തന്നെയാണ് ഏറ്റുമുട്ടുന്നത്. ആ ഏറ്റുമുട്ടൽ നടക്കുന്നത് ദളിതരുടെ ജീവിതാവകാശത്തിനുള്ള പോരാട്ടം എന്ന നിലയിലാണ്. ഏറ്റുമുട്ടൽ നടക്കുന്ന ഇടം പണിയിടമായ കൃഷിഭൂമിയാണ്. ഇവിടെ നായന്മാർ ഉടമകളും ദളിതർ തൊഴിലാളികളുമാണ്. ഇവിടെ അയ്യൻകാളി ഉപയോഗിച്ച സംഘടനാ രീതികളും ശ്രദ്ധേയമാണ്. പാടങ്ങൾ തോറുമുള്ള ഘടകങ്ങൾ, അവിടെ മറ്റാരെയും കൃഷിക്കു പ്രവേശിപ്പിക്കാൻ അനുവദിക്കാത്ത സന്നദ്ധ സംഘങ്ങൾ. ഇത്തരത്തിലാണ് ആദ്യത്തെ ഒരു സന്നദ്ധ കർഷക തൊഴിലാളി സംഘരൂപം ജന്മമെടുക്കുന്നത്. ഒരു വർഷത്തോളം ഈ സമരത്തെ നിലനിർത്തിക്കൊണ്ടുപോകാൻ കഴിഞ്ഞു എന്നതുതന്നെ ഈ സംഘടനാരീതിയുടെ വിജയത്തെ കാണിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ ഭരണകൂടത്തിനുതന്നെ രംഗത്തു വരേണ്ടി വന്നു എന്നതും സമരത്തിന്റെ വിജയത്തിന്റെ തെളിവാണ്.

‘‘പുലയ ലഹള’’കൾ
പക്ഷേ, ഈ സമരം ഒരു സംഘടിത കർഷകത്തൊഴിലാളി പ്രസ്ഥാനമായി വികസിച്ചില്ല. ‘‘അയ്യൻകാളിപ്പട’ക്കു ഒരു നേതാവിലൂന്നിയ പ്രതിരോധ പ്രസ്ഥാനമെന്നതിലപ്പുറം പോകാൻ കഴിഞ്ഞില്ല. ഹോബ്സ് ബോമും ഇപി തോംപ്സണും വിശദീകരിക്കുന്ന ആദ്യകാല പ്രതിരോധ പ്രവർത്തകരുടെ സ്വഭാവം ഇവരിലും കാണാം. അയ്യൻകാളി സ്വാനുഭവങ്ങളിലൂടെ എത്തിച്ചേർന്ന സവർണ ജാതി വിരുദ്ധതയുടെയും ആധുനികതയുടെയും ആശയസംഹിതകളാണ് ഈ പ്രസ്ഥാനത്തെയും നിലനിർത്തിയത്. അയ്യൻകാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിനും അതിലേറെ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. അന്നത്തെ ക്രിസ്തീയ സഭകൾ സ്വീകരിച്ച മതപരിവർത്തന സംരംഭങ്ങൾക്ക് അയ്യൻകാളി എതിരായിരുന്നു. അതേസമയം അന്ന് ഇവരുടെ ഇടയിൽ പ്രവർത്തിച്ച സദാനന്ദ സ്വാമികളെ പോലുള്ളവരുടെ ആധ്യാത്മികാശയങ്ങളെയും അദ്ദേഹം അംഗീകരിച്ചില്ല. ഒരു ഘട്ടത്തിനുശേഷം ഒരു എം എൽ സി എന്ന നിലയിലുള്ള തന്റെ പ്രവർത്തനം സൃഷ്ടിച്ച നിയമപരമായ പരിവർത്തനം എന്ന ആശയവും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഇതിന്റെയൊക്കെ ഫലമായി താൻ തന്നെ തുടങ്ങിവെച്ച പ്രതിരോധ പ്രസ്ഥാനത്തിന് പുതിയ രൂപങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

അതേസമയം, അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. അന്നു വളർന്നുവന്ന സാഹചര്യങ്ങളുടെ സ്വാധീനം ഇവിടെയും കാണാം. ആദ്യത്തെ കർഷക തൊഴിലാളി സമരത്തിൽ അല്പം പിന്നോക്കം പോയ സവർണ നായർ ഭൂവുടമകൾ പിന്നീട് പല്ലും നഖവും ഉപയോഗിച്ച് ദളിതരെയും പിന്നോക്ക സമുദായങ്ങളെയും കീഴ്പ്പെടുത്താൻ ശ്രമിച്ചു. പഞ്ചമിയുടെ സ്കൂൾ പ്രവേശനത്തിന്റെ അനുഭവം ഇതിന്റെ സൂചനയാണ്. ആഭരണങ്ങളുടെ ഉപയോഗം, വസ്ത്രധാരണം, കല്ലുമാലയും തളയും ഉപേക്ഷിക്കൽ, വഴി നടത്തം, പന്തിഭോജനം, ക്ഷേത്രപ്രവേശനം തുടങ്ങി പിന്നീട് വളർന്നുവരുന്ന ഓരോ സമരത്തിലും സവർണ വിഭാഗം കൂട്ടായോ അല്ലാതെയോ സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാടുകൾ ഈ സംഘർഷത്തെ നിലനിർത്തുകയാണ് ചെയ്യുന്നത്.

1914ലെ മുൻ സൂചിപ്പിച്ച ‘‘പുലയ ലഹള’’കൾ നല്ലൊരുദാഹരണമാണ്. നെയ്യാറ്റിൻകര ഭാഗത്തും വൈക്കത്തും പൊട്ടിപ്പുറപ്പെട്ടതായി രേഖപ്പെടുത്തുന്ന ‘പുലയ ലഹളകൾ’ പുലയർ സൃഷ്ടിച്ചതല്ല. നെയ്യാറ്റിൻകര ഭാഗത്തു നടന്നതു മുഴുവനും പാറശാല മുതൽ തിരുവനന്തപുരം വരെയുള്ള സവർണ നായർ ഭൂവുടമകൾ ഉണ്ടാക്കിയ ചട്ടമ്പി സംഘങ്ങൾ പുലയ – പറയ വിഭാഗങ്ങളുടെ മേൽ അഴിച്ചുവിട്ട ആക്രമണങ്ങളുടെ ഫലമാണ്. ഇവരുടെ ആക്രമണങ്ങളുടെ ഫലമായി നിരവധി വീടുകൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. പുലയ കുട്ടികൾക്ക് പ്രവേശനം നൽകിയ പുല്ലാട്ടെ സ്കൂൾ തീവെച്ചു നശിപ്പിച്ചു.പാങ്ങോട്ടെ മിലിട്ടറി ക്യാമ്പിലുണ്ടായിരുന്ന നായർ പട്ടാളം ഗൂഢമായി ക്യാമ്പ് വിട്ട് ഗുണ്ടാസംഘങ്ങൾക്കൊപ്പം ചേർന്നു.

ഇത്തരം ആക്രമണങ്ങൾക്കെതിരെ അയ്യൻകാളിപ്പടയുടെ പ്രതിരോധ പ്രവർത്തനമാണ് ‘പുലയ ലഹളകൾ’ എന്നു മുദ്രകുത്തപ്പെടാൻ കാരണമായത്. പലയിടങ്ങളിലും ആക്രമണങ്ങളെ നേരിടാൻ ആണ് അവർ സംഘടിച്ചത്. ചില സ്ഥലങ്ങളിൽ അവർ അക്രമകാരികളെ സായുധമായും നേരിട്ടു. ഈ ചെറുത്തുനിൽപ്പാണ് പിന്നീട് നടന്ന സവർണ ജാതി വിരുദ്ധ സമരങ്ങൾക്ക് അടിത്തറയായത്. സവർണ ചട്ടമ്പികൾക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞതുമില്ല. സർക്കാർ സ്കൂളുകളിലും മിഷൻ സ്കൂളുകളിലും പുലയ കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. അവർ പിന്നീട് സർക്കാർ സർവീസിലും മറ്റെല്ലാ മേഖലകളിലും പ്രവേശിച്ചു. അവസാനം, സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വൈക്കം സത്യാഗ്രഹത്തിന് അനുകൂലമായി അവരുടെ തന്നെ സംഘടനയായ നായർ സർവീസ് സൊസൈറ്റി സവർണ ജാഥ നടത്തുന്നത് കണ്ടുനിൽക്കേണ്ടി വന്നു.

അനിവാര്യമായ മാറ്റം
കേവലമായ സാമുദായിക പ്രവർത്തനം കൊണ്ടുണ്ടായതല്ല ഈ മാറ്റം എന്ന് വ്യക്തമാണ്. എസ്എൻഡിപി യോഗം പോലുള്ള സംഘടനകൾക്ക് സാമുദായിക പ്രവർത്തനം വഴി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു എന്നത് വസ്തുതയാണ്. സാമൂഹ്യമായി അധഃസ്ഥിതരായിരുന്നെങ്കിലും സാമ്പത്തികമായി മുന്നോട്ടു വരാൻ അവർക്ക് കഴിഞ്ഞിരുന്നുവെന്നത് അവരുടെ സാമൂഹ്യമായ വിലപേശൽ കഴിവുകളെ വർധിപ്പിച്ചു. എങ്കിലും പ്രാദേശിക തലങ്ങളിൽ സവർണ മേധാവിത്വവുമായി പോരാട്ടങ്ങൾ നടത്തേണ്ടി വന്നു എന്നത് തിരുവിതാംകൂറിൽ ഉടനീളം പൊട്ടിപ്പുറപ്പെട്ട നായരീഴവ സംഘർഷങ്ങൾ തെളിയിക്കുന്നു. പിന്നീട് ഈഴവർ തൊഴിലാളികളുടെ ഭാഗമായതും വ്യത്യസ്ത മേഖലകളിൽ സമ്പന്ന വർഗമായതും അവരുടെ സംഘർഷങ്ങളെ പുതിയൊരു തലത്തിൽ കൊണ്ടെത്തിച്ചു.

എന്നാൽ പുലയരുടെയും പറയരുടെയും സ്ഥിതി വ്യത്യസ്തമായിരുന്നു. കാർഷിക അടിയാളർ എന്ന നിലയിൽ ഈഴവർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും ഉണ്ടായിരുന്ന വിഭവങ്ങൾ അവർക്ക് നിഷേധിക്കപ്പെട്ടു. പലരും മതപരിവർത്തനത്തിലൂടെ പുതിയ വിഭവങ്ങൾ കണ്ടെത്താൻ ശ്രമിച്ചു എങ്കിലും അതെപ്പോഴും ഫലപ്രദമായിരുന്നില്ലെന്ന് പൊയ്കയിൽ അപ്പച്ചനെ പോലുള്ളവരുടെ അനുഭവങ്ങൾ തെളിയിക്കുന്നു. മതപരിവർത്തനം ജാതീയതയെ ഇല്ലാതാക്കുന്നില്ല. പിന്നീടുള്ള മാർഗങ്ങൾ രണ്ടെണ്ണം മാത്രമായിരുന്നു. ഒന്ന്, ആധുനിക രാഷ്ട്രത്തിന്റെയും നിയമവ്യവസ്ഥയുടെയും സൗകര്യങ്ങൾ സ്വന്തം മോചനത്തിനുവേണ്ടി പ്രയോജനപ്പെടുത്തുക, രണ്ട്, ജാതി മർദ്ദനം അടിച്ചേൽപ്പിക്കുന്ന സവർണാധിപത്യത്തിനെതിരെ പോരാടുക. പിന്നീട് സംവരണമടക്കമുള്ള പൗരാവകാശങ്ങൾക്കുവേണ്ടിയും ബ്രാഹ്മണാധിപത്യത്തിനെതിരെയുമുള്ള പോരാട്ടങ്ങളുടെ ഉറവിടം ഇവിടെ കാണാം.

അയ്യൻകാളി നയിച്ച ആദ്യത്തെ കർഷകത്തൊഴിലാളി സമരത്തിന് ഈ സ്വഭാവമുണ്ട്. സർക്കാർ തന്നെ അംഗീകരിച്ച പൗരാവകാശമായ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് സമരം നടന്നത്. സമരത്തിന് ഉപയോഗിച്ച വിഭവം അടിയാളർക്ക് ലഭ്യമായ ഒരേയൊരു സമ്പത്തായിരുന്നു, അവരുടെ അധ്വാനശക്തി. ഇതിന്റെ ഉപയോഗം ഉടമകൾക്ക് നിഷേധിച്ചതായിരുന്നു സമരരൂപം. ഇതുകൊണ്ടാണ് അയ്യൻകാളിയുടെ സമരം വ്യത്യസ്തമാകുന്നത്. സവർണ ഭൂവുടമകളെ പ്രകോപിപ്പിച്ചതും അതിക്രൂരമായ മർദ്ദനമുറകൾ പോരാടിയവർക്കെതിരെ അഴിച്ചുവിടപ്പെട്ടതും ഇതിന്റെ ഫലമായിരുന്നു. ഈ പോരാട്ടത്തിന്റെ അനുഭവങ്ങളായിരുന്നു കല്ലുമാല സമരമടക്കമുള്ള മറ്റെല്ലാ സമരങ്ങളിലേക്കും അവരെ നയിച്ചതും പിന്നീട് സ്വന്തം അധ്വാനത്തിനു മേലുള്ള അവകാശപ്പോരാട്ടങ്ങളിൽ അവർ സജീവ പങ്കാളികളായതും ഇതേ കാരണം കൊണ്ടുതന്നെ.

അയ്യൻകാളിയെ ഒരു വർഗസമരനായകനായി ചിത്രീകരിക്കുകയല്ല ഇപ്പറഞ്ഞതിന്റെ ലക്ഷ്യം. വർഗസമരങ്ങൾ രൂപപ്പെടുന്നത് മൂർത്തമായ സാഹചര്യങ്ങളിലാണ്. അവ സൃഷ്ടിക്കുന്നത് സമൂഹത്തിലെ ആധിപത്യം ചെലുത്തുന്ന വൈരുധ്യങ്ങളുമാണ്. ഇക്കാലത്ത് തിരുവിതാംകൂറിലെ അടിസ്ഥാന വൈരുധ്യം അധീശത്വം ചെലുത്തിയ ജാതി ജന്മി നാടുവാഴിത്തവും അവരുടെ കീഴിൽ അധ്വാനിക്കേണ്ടി വന്ന ജനവിഭാഗങ്ങളും തമ്മിലായിരുന്നു. കാർഷികരംഗത്തും മറ്റു തൊഴിൽ രംഗങ്ങളിലുമുള്ള അടിമ – ഉടമ ബന്ധങ്ങളിലാണ് ഈ വൈരുധ്യം പ്രകടമായത്. അയ്യൻകാളിയുടെ നേതൃത്വത്തിലുള്ള കർഷക തൊഴിലാളി സമരം ഇതേ വൈരുദ്ധ്യമാണ് പ്രകടിപ്പിച്ചത്. അയ്യൻകാളിയെ ഒരു സമുദായ നേതാവായി കാണുന്നവർ മറക്കുന്നത് സ്വന്തം ചരിത്ര സന്ദർഭത്തിൽ അദ്ദേഹം സ്വീകരിച്ച സമരമുറകളുടെ അടിസ്ഥാന വർഗസ്വഭാവമാണ്. ഇക്കാലത്ത് കേവലമായി സമുദായങ്ങൾക്കുവേണ്ടി വിലപേശിയ മറ്റുള്ളവരിൽനിന്ന് അയ്യൻകാളിയെ വേർതിരിക്കുന്നതും അതുതന്നെ. തന്റെ പോരാട്ട രൂപങ്ങളെ വ്യക്തമായ ആശയ സംഹിതകളാക്കി മാറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരിക്കാം. അത്തരം പരാജയങ്ങളും ചരിത്ര സന്ദർഭങ്ങളിൽ തന്നെ പരിശോധിക്കേണ്ടതാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − sixteen =

Most Popular