Thursday, September 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെതെലങ്കാനയിൽ ഭൂമിക്കും പാർപ്പിടത്തിനുമായുള്ള പോരാട്ടം

തെലങ്കാനയിൽ ഭൂമിക്കും പാർപ്പിടത്തിനുമായുള്ള പോരാട്ടം

സഹാന പ്രദീപ്‌

തെലങ്കാനയിൽ ബിആർഎസ് സർക്കാരിനെതിരായ ഒരു സമരം മുഖ്യധാരയുടെ ശ്രദ്ധയിലോ മാധ്യമങ്ങളുടെ പരിഗണനയിലോ പെടാതെ പതിനാലു മാസം പിന്നിടുകയാണ്. ഭൂമിക്കും ഭാവനത്തിനും വേണ്ടി ദരിദ്രരും അരികുവൽക്കരിക്കപ്പെട്ടവരുമായ ജനത നടത്തുന്ന അവകാശ പോരാട്ടമാണിത്‌.

2022 ജൂലൈ മാസം വാറങ്കൽ കോർപ്പറേഷനിലെ ജാക്കായിൽ ആരംഭിച്ച സമരം സർക്കാരിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും തികഞ്ഞ അവജ്ഞയിലും ഭരണകൂടത്തിന്റെയും ഭൂമാഫിയയുടെയും തുടർച്ചയായ പീഡനത്തിലും തളരാതെ സി പി ഐ എമ്മിന്റെയും വർഗ്ഗ ബഹുജന സംഘടനകളുടെയും നിരന്തര പരിശ്രമത്തിലൂടെ ശക്തമായി തുടരുകയാണ്. തെലങ്കാനയിലെ 23 ജില്ലകളിലായി സമരം വ്യാപിച്ചിരിക്കുന്നു. തെലങ്കാനയിലെ ബഹുജന സംഘടനകളുടെ പോരാട്ട ഐക്യവേദിയാണ് സമരം നയിക്കുന്നത്.

ആദ്യ ഘട്ടത്തിൽ, സി ഐ ടി യു, ജനാധിപത്യ മഹിളാ സംഘം, ഡി വൈ എഫ് ഐ തുടങ്ങിയ സംഘടനകൾ 20 മുൻസിപ്പൽ കോർപ്പറേഷനുകളിലെ 195 വാർഡുകളിലും മുൻസിപ്പൽ നഗരങ്ങളിലും 172 ഡിവിഷനുകളിലുമായി ഒരാഴ്ച് നീണ്ട സർവേ നടത്തുകയും ഭവനരഹിതരായ കുടുംബങ്ങളെ കണ്ടെത്തുകയും ചെയ്യുകയുണ്ടായി. എ ഐ എ ഡബ്ല്യു, എ ഐ കെ എസ്, കെ വി പി എസ് തുടങ്ങിയ സംഘടനകളാണ് ഗ്രാമീണ പ്രദേശങ്ങളിലെ സമരങ്ങൾക്ക്‌ നേതൃത്വം നൽകിയത്. വിവിധ വിഭാഗങ്ങളോടുള്ള സർക്കാരിന്റെ നിസ്സംഗതയും അവഗണനയും ഞെട്ടിക്കുന്നതായിരുന്നു. സർവേയുടെ പരിണതിയായി 2023 ഫെബ്രുവരി മൂന്നിന് തഹസിൽ ഓഫീസുകൾക്കു മുന്നിൽ ധർണകൾ സംഘടിപ്പിക്കപ്പെട്ടു. ഭരണകൂടത്തിന്റെ ശ്രദ്ധയിലേക്ക് ഈ നീറുന്ന പ്രശ്നം എത്തിക്കുക എന്നതായിരുന്നു ഈ ധർണകളുടെ പ്രധാനോദ്ദേശ്യം. ആയിരക്കണക്കിന് ഭവനരഹിതരും ഭൂരഹിതരുമായ ജനത ഈ ധർണകളിൽ പങ്കാളികളായി. സുരക്ഷയും സ്വകാര്യതയും അവകാശമാണെന്ന് വിളിച്ചോതുന്ന പങ്കാളിത്തം സ്ത്രീകളിൽ നിന്നും ഉണ്ടായി.

എന്നാൽ അടിസ്ഥാന ജനതയുടെ പ്രശ്നങ്ങൾ കാണാൻ ബി ആർ എസ്‌ ഗവണ്മെന്റിനു മനസ്സില്ല എന്നാണ്‌ സർക്കാരിന്റെ ഈ ധർണ്ണകളോടുള്ള നിർവികാര പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. സമരങ്ങൾ ശക്തിയാർജ്ജിക്കുന്നത്, തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ ആശാസ്യമല്ലെന്നു മനസ്സിലായപ്പോൾ കെ സി ആർ ഗവണ്മെന്റിന്‌ മൂന്ന് ലക്ഷം രൂപ സ്വന്തമായി ഭൂമി ഉള്ളവർക്ക് ഭവനനിർമാണത്തിനായി പ്രഖ്യാപിക്കേണ്ടി വന്നു. എന്നാൽ ഭവനരഹിതരും കുടിയേറ്റ ഭൂമിയിൽ കുടിൽകെട്ടി പാർക്കുന്നവരുമായ അതിദരിദ്ര ജനവിഭാഗവും അപ്പോഴും സർക്കാരിന്റെ പരിഗണയിൽ വന്നതേയില്ല. പ്രഖ്യാപിച്ച മൂന്ന് ലക്ഷം രൂപ തന്നെ ഭവനനിർമാണത്തിന് അപര്യാപ്തമായ തുകയാണെന്നു ചൂണ്ടിക്കാട്ടി സംയുക്ത പോരാട്ടസമിതി അത് അഞ്ച് ലക്ഷമാക്കി ഉയർത്താൻ ആവശ്യപ്പെട്ടതിനോടും സർക്കാർ പിന്നെ പ്രതികരിച്ചില്ല.

ഈ പശ്ചാത്തലത്തിലാണ് ഫെബ്രുവരി ഒൻപതിന്, നിയമ സഭാ സമ്മേളനം നടക്കുന്ന ഘട്ടത്തിൽ, ആയിരക്കണക്കിന് വരുന്ന ഭവനരഹിതരും ഭൂരഹിതരുമായ ജനത ഹൈദരാബാദിലേക്ക് മാർച്ചു ചെയ്തത്. മുൻകൂട്ടി അനുവാദം നേടിയ പ്രതിഷേധമായിട്ടു കൂടി വർഗ്ഗ ബഹുജന സംഘടനകളുടെ 168 നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധ പ്രകടനത്തെ ക്രൂരമായ ലാത്തിചാർജ്ജുകൊണ്ട് നേരിട്ടു. കൂടുതൽ ജനങ്ങൾ ഹൈദരാബാദിലേക്ക് വന്നുചേരുന്നത് തടയാൻ പൊലീസ് ആവുംവിധം പരിശ്രമിച്ചിട്ടും ജനസാഗരം തന്നെ ഒഴുകിയെത്തി.

വീടോ വീട് വെക്കാൻ സ്ഥലമോ ഇല്ലാത്തവർക്കായി സംസ്ഥാന സർക്കാർ നേരത്തേ രണ്ട്‌ മുറികളുള്ള വീടുകൾ വാഗ്ദാനം ചെയ്തിരുന്നു.അത്തരത്തിൽ അഞ്ചര ലക്ഷം വീടുകൾ നിർമ്മിച്ച് നല്കുമെന്നും അതിൽ ഒരു ലക്ഷം വീടുകൾ ഹൈദരാബാദിൽ തന്നെ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. കഴിഞ്ഞ ആറ് വർഷമായി സർക്കാർ ആ വാഗ്ദാനം നടപ്പിലാക്കുന്നതും കാത്ത് ഇരിക്കുകയായിരുന്നു ഈ അശരണരായ ജനത. എന്നാൽ സർക്കാരാവട്ടെ ആകെ 2,92,000 വീടുകൾ മാത്രമാണ് നിർമ്മാണം ആരം ഭിച്ചിരിക്കുന്നത്, അതിൽ തന്നെ വെറും 130000 വീടുകളെ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. മുപ്പതു ലക്ഷമാണ് തെലങ്കാനയിലെ ഭവനരഹിതരുടെ എണ്ണം!!!

ഒരു വശത്ത് സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ വാഗ്ദാനലംഘനങ്ങളിൽ ജനങ്ങൾ ഉഴറുമ്പോൾ മറുവശത്ത് ‘പ്രധാൻമന്ത്രി ആവാസ് യോജന’ എന്ന പേരിൽ വഞ്ചനയുടെ ഇരട്ട ആഘാതം ഏൽപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. എല്ലാവർക്കും വീട് എന്ന മോഹന സുന്ദര പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോഡി 2022ൽ നടത്തുകയുണ്ടായി. എന്നാൽ തെലങ്കാനയിലെവിടെയും ആ പദ്ധതിയിൽപ്പെട്ട വീടുകൾ കാണാൻ കഴിയില്ല. നിരാലംബരായ മനുഷ്യരെ സാമൂഹികോന്നമനത്തിന്റെ പാതയിൽ നിന്നും പുറന്തള്ളുന്ന, കൂടുതൽ അരികുവൽക്കരിക്കുന്ന സമീപനമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇരുസർക്കാരുകളും അലംഭാവം തുടരുകയും പ്രതിഷേധങ്ങൾക്ക് തൃപ്‌തികരമായ മറുപടികളോ നടപടികളോ ഉണ്ടാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് 2023 ജൂണിൽ തെലങ്കാന ബഹുജന സംഘടനകളുടെ പോരാട്ട ഐക്യവേദി ബസ് ജാഥ സംഘടിപ്പിക്കുന്നത്. 19 ജില്ലകളിലും 64 കേന്ദ്രങ്ങളിലുമായി 5000ത്തിലധികം ഭവനരഹിതരായ കുടുംബങ്ങളാണ് സർക്കാർ ഭൂമിയിൽ കുടിൽകെട്ടി താമസിയ്ക്കുന്നത്. സഖാവ് വീരയ്യ കൺവീനർ ആയിട്ടുള്ള പോരാട്ട സമിതിയും നിന്നും എട്ട് അംഗങ്ങൾ ഈ 64 കേന്ദ്രങ്ങളും സന്ദർശിക്കുന്ന രീതിയിൽ ആണ് ബസ് ജാഥ സംഘടിപ്പിക്കപ്പെട്ടത്. സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് മഹാബുദാബാദിൽ ഉദ്ഘാടനം ചെയ്ത ജാഥ പത്ത് ദിവസത്തെ പര്യടനത്തിന് ശേഷം ജൂൺ 27നു പി ബി അംഗം ബി രാഘവുലു പങ്കെടുത്ത രംഗറെഡ്ഢി ജില്ലയിലെ സമ്മേളനത്തിൽ സമാപിച്ചു. ഭവനരഹിതരും ഭൂരഹിതരമുയ മനുഷ്യർക്ക് ഐക്യദാർഢ്യവും ആത്മവിശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ വിഭാവനം ചെയ്യപ്പെട്ടിരുന്നത്.

നേരത്തെ രണ്ട്‌ മുറികളോടുകൂടിയ വീടുകൾ വാഗ്ദാനം ചെയ്ത ബി ആർ എസ് ഗവണ്മെന്റ് നിലവിൽ അതിൽ നിന്നും പുറകോട്ടു പോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പകരം ഗൃഹലക്ഷ്മി പദ്ധതി എന്ന പേരിൽ അപ്രായോഗികമായ, ഒരു സ്വപ്നം കാണിച്ച് ജനങ്ങളെ കൂടുതൽ വഞ്ചിക്കുകയാണ് ഗവണ്മെന്റ് ഇപ്പോൾ ചെയ്യുന്നത്. ഗൃഹലക്ഷി പദ്ധതിയുടെ നിബന്ധനപ്രകാരം സ്ത്രീയുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഭവനനിർമാണത്തിനായുള്ള 3 ലക്ഷം സർക്കാർ അതാത് കുടുംബങ്ങൾ അനുവദിക്കുകയുള്ളു. എന്നാൽ പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ, അതും പുരോഗമപരമായ ആനുകൂല്യങ്ങളിൽ നിന്നും പുറന്തള്ളപ്പെട്ട വിഭാഗങ്ങൾക്കിടയിൽ, സ്ത്രീകളുടെ പേരിൽ ഭൂമി വാങ്ങിയിട്ടുള്ള കുടുംബങ്ങൾ വിരളമാണ്. ഈ സാമൂഹിക യാഥാർഥ്യത്തെ മുതലെടുത്തതുകൊണ്ട് വെറും നാമമാത്രമായൊരു പദ്ധതി കാണിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ബി ആർ എസ് സർക്കാർ. എന്നുമാത്രമല്ല, മൂന്ന് ലക്ഷം രൂപയെന്നത്‌ ഗൃഹനിർമാണത്തിനു അപര്യാപതമായ തുകയാണെന്ന് സർക്കാരിന്റെ തന്നെ കണക്കുകളിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രണ്ട്‌ മുറികളുള്ള വീടുകളുടെ നിർമ്മാണച്ചെലവായി സർക്കാർ കണക്കാക്കിയിരിക്കുന്നത്. ലക്ഷം രൂപയാണെന്നിരിക്കെ തുച്ഛമായ തുക കാണിച്ച് ദരിദ്രരും അശരണരുമായ ജനതയെ പരിഹസിക്കുകയാണ്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പോരാട്ട സമിതി സംസ്ഥന സർക്കാരിനോട് അഞ്ച് ലക്ഷവും കേന്ദ്ര സർക്കാരിനോട് പത്ത് ലക്ഷവും ഭവന നിർമാണത്തിനും ഭൂമിക്കുമായി ആവശ്യപ്പെടുന്നത്.

ഈ ഭവനരഹിതരെ അധിവസിപ്പിക്കുന്നതിനും അവർക്ക് നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിക്കുന്നതിനും പകരം ഉദ്യോഗസ്ഥവൃന്ദം ചെയ്യുന്നത് ഭൂമാഫിയകളുമായി ചേർന്ന് കുടിലുകൾ ആക്രമിക്കുകയാണ്. കുടിയേറ്റഭൂമിയിലെ കുടിലുകൾ ബലംപ്രയോഗിച്ച് നീക്കുകയും ചിലയിടങ്ങളിൽ പോലീസിനെപോലും ഇത്തരം അക്രമങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. പോലീസ് അതിക്രമത്തിൽ മർദനമേറ്റ ഗർഭിണികൾ വരെ ഈ അധിവാസ ഇടങ്ങളിൽ ഉണ്ട്. ഇവർക്കെതിരെ അനവധി കേസുകളും ചാർജ്ജ് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സ്ത്രീകളടക്കം 530 പേർക്കെതിരെ ക്രിമിനൽ കേസുകൾ ചാർജ്ജ് ചെയ്തിട്ടുണ്ട്. സമരം ശക്തിപ്പെടുകയും സി പി ഐ എമ്മിന്റെയും വർഗ്ഗ ബഹുജന സംഘടനകളുടെയും നേതാക്കൾ നിരന്തരം ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ ആരംഭിച്ചതോടെ സമരങ്ങളെയും പ്രതിഷേധ പ്രകടനങ്ങളെയും ബലപ്രയോഗത്തിലൂടെ അടിച്ചൊതുക്കാൻ നിരന്തര ശ്രമങ്ങൾ ഭരണകൂടത്തിന്റെയും ഭൂപ്രഭുക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. പോരാട്ട സമിതിയുടെ ജാഥ, പോലീസ് ക്രൂരമായി കുടിലുകൾ തകർത്ത മഹാദാബാദിൽ എത്തിയപ്പോൾ ജാഥ തടയുകയും രണ്ട് ജാഥാ നേതാക്കളെ അറസ്റ്റു ചെയ്യുകയും ബസ് ഡ്രൈവറെ മർദ്ദിക്കുകയും ബസ് പിടിച്ചെടുക്കുകയും വരെ ചെയ്യുന്ന സാഹചര്യമുണ്ടായി. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് പോലീസ് പിൻവാങ്ങിയത്.

പോലീസ് നായാട്ടിനു പുറമെ ജാതിവാദികളായ ഭൂപ്രഭുക്കൾ പലവിധ വിഘ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകൾക്കു സമാന്തരമായി ഈ ഭൂപ്രഭുക്കൾ ഗ്രാമ വികസന കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മറ്റികൾ വഴി ജാഥയിൽ പങ്കെടുക്കന്നതിൽ നിന്നും ഗ്രാമവാസികളെ വിലക്കുകയും അനുസരിക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ട്.

സമരം വ്യാപിക്കുന്നതോടൊപ്പം തന്നെ അടിച്ചമർത്താനും ഉന്മൂലനം ചെയ്യാനുമുള്ള അധികാരവർഗ്ഗത്തിന്റെ ശ്രമങ്ങളും വർദ്ധിക്കുന്നുണ്ട്. ചെന്നൂരിൽ നൂറോളം ഗുണ്ടകൾ ചേർന്ന് സമരത്തിനുനേരെ അക്രമം അഴിച്ചുവിടുകയുണ്ടായി. കുടിലുകൾക്ക് തീ വെച്ചു. ജഗ്ഗിത്യാലയിൽ, അവർക്കനുവദിക്കപ്പെട്ട ഇടങ്ങളിൽ ഗൃഹനിർമാണത്തിലേർപ്പെട്ടിരുന്ന ആളുകളെ മർദ്ദിച്ചവശരാക്കി. ബോണ്ടിവാഴുവിലും ചിന്ന വടപ്പള്ളിയിലും ഗുണ്ടാസംഘങ്ങളും പോലീസും ചേർന്ന്‌ അക്രമം അഴിച്ചുവിട്ടു. സെപ്റ്റംബർ ഒന്നിന് ഭൂമാഫിയയുടെ ഗുണ്ടകൾ കുടിലുകൾക്കു തീ വെക്കുകയും ആവശ്യവസ്തുക്കളുൾപ്പെടെ എല്ലാം നശിപ്പിക്കുകയും ചെയ്തു. നൂറുകണക്കിന് കുടുംബങ്ങളാണ് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടത്. പ്രാദേശിക ബിആർഎസ്‌ നേതാക്കളുടെ ഒത്താശയോടെയാണ് പോലീസിന്റെ ഗുണ്ടാവിളയാട്ടം നടന്നതും വസ്തുവകകൾ നശിപ്പിക്കപ്പെട്ടതും. അക്രമിസംഘത്തോടൊപ്പം ഉണ്ടായിരുന്ന ബി ആർ എസ് നേതാക്കളെ സമീപവാസികൾ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ബി ആർ എസിൽ നിന്ന് മാത്രമല്ല ഭൂപ്രഭുക്കൾക്കും മാഫിയകൾക്കും കോൺഗ്രസ്സിൽ നിന്നും ബി ജെ പിയിൽ നിന്നും സംരക്ഷണവും സഹായവും ലഭിക്കുന്നുണ്ട്. അക്രമം നടന്ന ഇടങ്ങൾ സി പി ഐ എം പ്രതിനിധികളായ സ. വീരയ്യയും സ മല്ലു ലക്ഷ്മിയും മറ്റു സംസ്ഥാന കമ്മറ്റി അംഗങ്ങളോടൊപ്പം സന്ദർശിക്കുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.

ഭീഷണികൾക്കും തടസ്സ ശ്രമങ്ങൾക്കും പോലീസ്-‐ഭൂപ്രഭുത്വ കൂട്ടുകെട്ടുകൾക്കും മാഫിയ ഗുണ്ടാ സംഘങ്ങളുടെ അക്രമങ്ങൾക്കും മുന്നിൽ തളരാതെ, മുട്ടുമടക്കാതെ പാർപ്പിടം തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്‌ കാലങ്ങളായി അരികുവൽക്കരിക്കപ്പെട്ട ഒരു ജനത ശക്തമായ സമരവുമായി മുന്നോട്ടു പോവുകയാണ്. ഒരു വർഷത്തിലധികമായി തുടരുന്ന സമരത്തിന്‌ സർക്കാരോ മുഖ്യധാരാ മാധ്യമങ്ങളോ ഒരു പരിഗണനയും നൽകിയിട്ടില്ല. എന്നാൽ അവകാശങ്ങൾ ആരുടെയും ഔദാര്യമല്ലെന്ന തിരിച്ചറിവുമായി സമരം പൂർവ്വാധികം ശക്തിയായി മുന്നോട്ടു പോവുകയാണ്. സമരം നയിച്ചുകൊണ്ട് പോരാട്ടവേദിയിൽ സി പി ഐ എമ്മും അവർക്കൊപ്പമുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 1 =

Most Popular