Saturday, May 18, 2024

ad

Homeമുഖപ്രസംഗംമാധ്യമ അടിയന്തരാവസ്ഥ

മാധ്യമ അടിയന്തരാവസ്ഥ

രുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 28 പ്രതിപക്ഷ കക്ഷികൾ ബിജെപിക്കെതിരെ, കെെകോർക്കാൻ തീരുമാനിക്കുന്നതുവരെ മൂന്നാം വട്ടവും തിരഞ്ഞെടുപ്പു വിജയം ഉറപ്പാണെന്നു കരുതിയിരിക്കുകയായിരുന്നു നരേന്ദ്രമോദിയും സഹപ്രവർത്തകരും. അതേ തുടർന്ന് ഹാലിളകിയിരിക്കുകയാണ് അവർക്ക്. 2019ൽ 38 ശതമാനത്തിലും കുറവ് വോട്ടാണ് രാജ്യത്താകെ ബിജെപിക്ക് ലഭിച്ചത്. 62 ശതമാനം വോട്ട് അതിനു എതിരാണ് എന്നർഥം. ഈ ആറുപത്തിരണ്ട് ശതമാനത്തിൽ വലിയ പങ്ക് ഓരോ നിയോജക മണ്ഡലത്തിലും ‘ഇന്ത്യാ’ പക്ഷത്തെ സ്ഥാനാർഥികൾക്ക് ലഭിച്ചതാണ്. എൻഡിഎ കക്ഷികൾക്കെല്ലാം കൂടി 2019ൽ 543ൽ 353 സീറ്റ് കിട്ടിയ സ്ഥാനത്ത് 2024ൽ 200 സീറ്റ് തികയാൻ കഷ്ടപ്പെടേണ്ടിവരും. ഇതാണ് ഉരുത്തിരിഞ്ഞുവരുന്ന ഇന്ത്യൻ രാഷ്ട്രീയം.

ഈയൊരു പശ്ചാത്തലത്തിലാണ് ഒക്ടോബർ 3ന് ന്യൂസ് ക്ലിക്ക് എന്ന ഓൺലെെൻ മാധ്യമത്തിന്റെ മുഖ്യപത്രാധിപർ പ്രബീർ പുർകായസ്ത, അതിന്റെ മനുഷ്യവിഭവശേഷി തലവൻ അമിത് ചക്രവർത്തി എന്നിവരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം) അനുസരിച്ച് അറസ്റ്റുചെയ്ത് . പൊതുപ്രവർത്തകയായ ടിസ്ത സെത്തൽവാദ്, പരഞ്ജൊയ് ഗുഹ താക്കൂർത്ത, ശാസ്ത്രജ്ഞനും ജനകീയശാസ്ത്ര പ്രസ്ഥാനത്തിന്റെ നേതാവുമായ ഡി രഘുനന്ദൻ, സാംസ്കാരിക ചരിത്രകാരനായ സുഹെെൽ ഹാഷ്-മി, എഴുത്തുകാരിയായ ഗീതാ ഹരിഹരൻ തുടങ്ങി അറിയപ്പെടുന്ന പത്രപ്രവർത്തകർ, എഴുത്തുകാർ, വിദ്യാഭ്യാസ–സാമൂഹ്യ പ്രവർത്തകർ, ഗവേഷകർ എന്നിങ്ങനെ 46 പേരുടെ ഓഫീസുകളും വീടുകളും അതോടൊപ്പം ഡൽഹി പൊലീസ് റെയ്ഡ് ചെയ്തിട്ടുണ്ട്. അവരുടെ മൊബെെൽഫോൺ, ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു. ന്യൂസ് ക്ലിക്കിന്റെ ഓഫീസ് പൊലീസ് പൂട്ടി മുദ്രവച്ചിരിക്കുകയാണ്. സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സർക്കാർ അനുവദിച്ച വസതിയുടെ ഒരു ഭാഗത്ത് സിപിഐ (എം) സിസി ഓഫീസ് ജീവനക്കാരൻ പാർക്കുന്നു. അയാളുടെ മകൻ ന്യൂസ് ക്ലിക്കിലെ ഒരു പ്രവർത്തകൻ ആണ്. അയാൾ അവിടെ പാർക്കുന്നതിന്റെ പേരിൽ പൊലീസ് അവിടെയും കയ്യേറി അയാളുടെ ലാപ്ടോപ് പിടിച്ചെടുത്തിരുന്നു. മാധ്യമങ്ങളെയും അവയിൽ പ്രവർത്തിക്കുന്നവരെയും ഭയപ്പെടുത്തി കീഴ്പ്പെടുത്തുക ഈ നടപടിയുടെ ലക്ഷ്യമാണ്.

ഓൺലെെൻ മാധ്യമമായതിന്റെ പരിമിതി ന്യൂസ് ക്ലിക്കിനുണ്ട്. എങ്കിലും ഓൺലെെനിലൂടെ എവിടെയുള്ളവർക്കും അത് വായിക്കാനാകും. വൻകിട മാധ്യമങ്ങൾ മിക്കതിനെയും മോദിയും സഹപ്രവർത്തകരും നേരത്തെ തന്നെ പണം കൊടുത്തോ ഭീഷണിപ്പെടുത്തിയോ വശത്താക്കിയിട്ടുണ്ട്. പ്രധാന മാധ്യമങ്ങളിൽ അദാനി–അംബാനി കുടുംബങ്ങൾ ഗണ്യമായ തോതിൽ ഓഹരി വാങ്ങിക്കൂട്ടിയിട്ടുണ്ട്. അവയുടെ മുഖപ്രസംഗങ്ങളും വാർത്തകളും ബിജെപിയുടെ താൽപ്പര്യങ്ങൾക്കൊത്ത വിധമായി മാറിയിട്ട് നാളേറെയായി. ബിബിസിയെപ്പോലുള്ള ചില വിദേശമാധ്യമങ്ങളും ഇവിടെ വിവിധ ഭാഷകളിലായി വിരലിലെണ്ണാവുന്നവയും മാത്രമാണ് മോദി സർക്കാരിനെയും ബിജെപിയെയും വിമർശിക്കുന്നതിനു ധെെര്യം കാണിക്കുന്നത്. എന്നിട്ടും ന്യൂസ് ക്ലിക്കിനെപ്പോലുള്ള ഓൺലെെൻ മാധ്യമത്തിന്റെ ഓഫീസ് അടച്ചുപൂട്ടാനും അതിന്റെ പത്രാധിപർ ഉൾപ്പെടെയുള്ള പ്രവർത്തകരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കാനും മോദി സർക്കാർ ഒരുമ്പെട്ടതിൽ നിന്നുതന്നെ അത് മാധ്യമങ്ങളെയും അവ വഴി പ്രചരിക്കുന്ന വസ്തുതാപരമായ വിവരത്തെയും എത്രമാത്രം ഭയക്കുന്നു എന്നു വ്യക്തമാക്കുന്നതാണ്.

ഡൽഹി പൊലീസ് പ്രസ്താവിക്കുന്നത് ‘‘ചെെനീസ് ബന്ധമുള്ള ഒരു ഭീകരസംഭവ’’വുമായി ന്യൂസ് ക്ലിക്കിനുള്ള ബന്ധം അനേ-്വഷിക്കാനാണ് ഈ നടപടികൾ എന്നാണ്. തങ്ങളുടെ പേരിൽ ആരോപിക്കുന്ന കുറ്റമെന്താണ് എന്ന് ന്യൂസ് ക്ലിക്ക് പ്രവർത്തകർ ചോദിച്ചപ്പോൾ പൊലീസിനു മറുപടിയില്ല; എഫ്ഐആർ നൽകിയിട്ടുമില്ല. അത് കാണിക്കുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഈ പൊലീസ് നടപടി എന്നാണ്. ന്യൂസ് ക്ലിക്കിന്റെ വായ് അടപ്പിക്കണമെന്നു മോദി സർക്കാർ തീരുമാനിച്ചു. പെട്ടെന്നൊന്നും കോടതിയിൽ നിന്നു പരിരക്ഷ കിട്ടാതാക്കാൻ യുഎപിഎ ചുമത്തുകയും ചെയ്തു എന്നതിൽ കവിഞ്ഞ് ഈ കേസിൽ എന്തെങ്കിലും തെളിവുകൾ ഉള്ളതായി സൂചനയില്ല. ഉണ്ടെങ്കിൽ അറസ്റ്റിനെതുടർന്നു ചോദിച്ചപ്പോൾ വ്യക്തമായ ചാർജുകൾ പറഞ്ഞുകൊടുക്കാമായിരുന്നല്ലോ. അതുണ്ടാകാത്തത് ഒരു സൂചനയാണ്.

ന്യൂസ് ക്ലിക്കിനെ കേസിൽ കുടുക്കി നിശ്ശബ്ദമാക്കാൻ മോദി സർക്കാർ ശ്രമിച്ചു തുടങ്ങിയിട്ട് നാളേറെയായി. ഇഡിയും ആദായനികുതി വകുപ്പും അതിനെ കുറിച്ച് അനേ-്വഷണം ആരംഭിച്ചിട്ടു വർഷങ്ങളായി. അവ 2021ൽ ആ മാധ്യമത്തിന്റെ ഓഫീസ് കയ്യേറി പല യന്ത്രോപകരണങ്ങളും പിടിച്ചെടുത്തിരുന്നു. അവയിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു തുടർനടപടിയും ഉണ്ടായില്ല. ഒരു കുറ്റപത്രവും നൽകപ്പെട്ടില്ല. ഒരു കേസിന്റെ അടിസ്ഥാനത്തിൽ ഡൽഹി ഹെെക്കോടതി പ്രബീർ പുർകായസ്തക്ക് അറസ്റ്റിൽ നിന്നു താൽക്കാലിക സംരക്ഷണം അനുവദിച്ചു. ആ സ്ഥാപനത്തിനു എതിരായി ശിക്ഷാ നടപടികൾ കെെക്കൊള്ളുന്നതിൽനിന്നു ഇഡിയെ തടയുകയും ചെയ്തു. ആദായനികുതി വകുപ്പ് സമാനമായ കാരണങ്ങൾ പറഞ്ഞ് കേസെടുക്കുന്നതിനെ ഡൽഹിയിലെ കീഴ്-ക്കോടതി തടയുകയും ചെയ്തിരുന്നു. ഇത്രയും സൂചിപ്പിച്ചത് മോദി സർക്കാർ ന്യൂസ് ക്ലിക്കിനെയും പുർകായസ്തയെയും എങ്ങനെയെങ്കിലും കേസിൽ കുടുക്കി നിശ്ശബ്ദരാക്കാൻ നടപടികൾ ആരംഭിച്ചിട്ട് നാളേറെയായി എന്നു വ്യക്തമാക്കാനാണ്.

ശ്രീലങ്കൻ വംശജനായ അമേരിക്കൻ പൗരൻ നെവിൽ റോയ്സിംഗം ഓഹരി വാങ്ങി ന്യൂസ് ക്ലിക്കിന് ധനസഹായം ചെയ്തതായി അമേരിക്കയിലെ ദിനപ്പത്രമായ ന്യൂയോർക്ക് ടെെംസ് കഴിഞ്ഞ ആഗസ്ത് മാസം റിപ്പോർട്ടു ചെയ്തിരുന്നു. ചെെനയുടെ പ്രചരണത്തിനു വേണ്ടിയാണ് സിംഗം ഇതുചെയ്തത് എന്നു ആരോപിച്ചാണ് പുർകായസ്തയുടെ മേൽ മോദി സർക്കാർ കുറ്റം ആരോപിച്ചത്. പുർകായസ്ത 1970കളുടെ ആദ്യവർഷങ്ങളിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥി നേതാവായിരുന്നു. അക്കാലത്തും പിന്നീടും അവിടെ പഠിച്ചിരുന്ന പലരുമായി അദ്ദേഹത്തിന് സുഹൃദ്ബന്ധമുണ്ട്. ന്യൂസ് ക്ലിക്കിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ അവരെല്ലാം പലപ്പോഴായി ധനസഹായം ചെയ്തിട്ടുണ്ട്.

ഇവരിൽ പലരും ഇന്നു വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരാണ്, അല്ലെങ്കിൽ താമസം ഉറപ്പിച്ചവരാണ്. അവർ പത്രത്തെ സഹായിക്കാനായി നൽകിയ ധനസഹായത്തെ രാജ്യദ്രോഹത്തിനാണെന്നു വ്യാഖ്യാനിച്ചുകൊണ്ടാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

ഈ ധനസഹായങ്ങൾ മോദി സർക്കാരിനെ തകർക്കാനോ ഖലിസ്ഥാൻ പ്രസ്ഥാനം പോലുള്ള ഇന്ത്യാ വിരുദ്ധ സംഘങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കാനോ ആണെന്നു ആരോപിച്ചാണ് പുർകായസ്തയുടെ മേൽ യുഎപിഎ ചുമത്തിയിരിക്കുന്നത് എന്നു വ്യക്തം. പെട്ടെന്നൊന്നും കോടതി ഇടപെട്ട് അദ്ദേഹത്തെയും ന്യൂസ് ക്ലിക്കിനെയും ആരോപണവിമുക്തരാക്കാതിരിക്കാനാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്.

മാധ്യമപ്രചാരണങ്ങളുടെ സോപ്പുകുമിളമേലാണ് മോദി സർക്കാർ കുറെക്കാലമായി നിലനിൽക്കുന്നത്. അദാനി–അംബാനി ഗുജറാത്ത് കുത്തകകൾക്കു വേണ്ടിയുള്ള മോദി വാഴ്ച ജനങ്ങളിൽനിന്നു ഒറ്റപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങളുടെ വാഴ്-ത്തുപാട്ടിലും ജനങ്ങളിൽ സൃഷ്ടിച്ച ഭയാശങ്കകളിലുമാണ് അതിന്റെ നിലനിൽപ്പ്. രാജ്യവ്യാപകമായ തിരഞ്ഞെടുപ്പ് പ്രചരണം വരുമ്പോൾ അതിന്റെ കാറ്റിൽ ഈ മാറാലകളെല്ലാം പറന്നുപോകുമെന്ന ഭയം മോദി പ്രഭൃതികൾക്കുണ്ട്. അടിയന്തരാവസ്ഥാ സമാനമാണ് രാജ്യത്ത് ഇന്നത്തെ സ്ഥിതി. ഇത്തരത്തിലുള്ള ഭീകരാവസ്ഥയുടെ തണലിൽ ആയിരുന്നു 1977ൽ ഇന്ദിരാ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷ പാർട്ടികൾ പൊതുവിൽ യോജിച്ചു മത്സരിച്ചതോടെ അത് കരിയിലപോലെ പറത്തപ്പെട്ടു. ആ ചുവരെഴുത്ത് കണ്ടുപേടിച്ചാണ് തങ്ങളെ തുറന്നു കാട്ടുന്ന ന്യൂസ് ക്ലിക്ക് പോലുള്ള വാർത്താമാധ്യമത്തിനുനേരെ മോദി സർക്കാർ കിരാത നടപടികൾ കെെക്കൊണ്ടിരിക്കുന്നത്. ജനങ്ങൾ ഒരുമ്പെട്ടിറങ്ങിയാൽ അതിനെ തടുക്കാൻ ഒരു സർക്കാരിനും കഴിയില്ല. ന്യൂസ് ക്ലിക്ക് ജനാധിപത്യ വ്യവസ്ഥയിൽ ഒരു മാധ്യമം നിർവഹിക്കുന്ന കടമ മാത്രമാണ് ചെയ്തത്. അതിനെ രാജ്യദ്രോഹമായി വ്യാഖ്യാനിക്കുന്നത് രാജ്യദ്രോഹികളുടെ സർക്കാരാണ്. അതിനെ ജനാധിപത്യവ്യവസ്ഥയോ ജനങ്ങളോ വച്ചുപൊറുപ്പിക്കില്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − two =

Most Popular