“ഇടതുമുന്നണിയുടെ ഭരണകാലത്ത് ഞാൻ പ്രതിദിനം 300 രൂപ സമ്പാദിച്ചിരുന്നു. ഇപ്പോൾ, 12 വർഷത്തിനുശേഷം അത് 200 രൂപയായി കുറഞ്ഞിരിക്കുന്നു. ഗ്രാമീണ സമ്പന്നർ ഞങ്ങളെ ചൂഷണം ചെയ്യുകയാണ്.”
കൊൽക്കത്തയിലെ റാണി റാഷ്‌മണി അവന്യൂവിൽ സെപ്തംബർ 25 ന് പതിനായിരക്കണക്കിന് കർഷകർ ഒത്തുചേർന്ന് നടത്തിയ വമ്പിച്ച റാലിയിൽ പങ്കെടുത്ത ഒരു കർഷകന്റെ വാക്കുകളാണിത്. ദിവസവേതനമായി 600 രൂപയും വർഷത്തിൽ 200 തൊഴിൽദിനങ്ങളും എന്ന ഏറ്റവും പരിമിതമായ ആവശ്യം ഉയർത്തിയാണ് കർഷകർ കൊൽക്കത്ത ചെങ്കടലാക്കിയ പ്രതിഷേധറാലി സംഘടിപ്പിച്ചത്. റാലിയിൽ പങ്കെടുത്ത കർഷകർക്ക് മമതാ വാഴ്ചയിൻ കീഴിൽ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ ഒട്ടേറെക്കഥകളുണ്ട് പറയാൻ. ചില ഭൂവുടമകൾ മതിയായ കൂലിനൽകാതെ പകരം അരിയാണ് കർഷകന് നൽകുന്നത്. അതാകട്ടെ ഒട്ടും ഭക്ഷ്യയോഗ്യമല്ലാത്തതും. കൂലികിട്ടാത്തതുകൊണ്ടുതന്നെ തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നു. തങ്ങളുടെ അതേ ജോലിചെയ്യുന്ന കർഷകർക്ക് കേരളത്തിലാണെങ്കിൽ ദിവസം 700 രൂപവരെ സമ്പാദിക്കാൻ കഴിയുന്നതായും കർഷകർ പറയുന്നു.
കഴിഞ്ഞ 15 വർഷമായി മമത സർക്കാർ സംസ്ഥാനത്തെ കൊള്ളയടിക്കുകയാണ്. മോദി സർക്കാരിനെപോലെ കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾക്കായാണ് ഈ സർക്കാർ നിലകൊള്ളുന്നത്. സംസ്ഥാനത്തെ “ചോളം പാത്രം” എന്നറിയപ്പെടുന്ന ബർദ്വാൻ ജില്ലയിലെ കൃഷിയുടെ അവസ്ഥ പരിതാപകരമാണ്. വളത്തിന്റെയും വൈദ്യുതിയുടെയും വിലവർധനയും അതേസമയം ഉൽപന്നത്തിന് ന്യായ വില ലഭിക്കാതെയും ചണകൃഷിക്കാർ ദുരിതത്തിലാണ്. കൃഷിയല്ലാതെ തങ്ങൾക്ക് മറ്റൊരു തൊഴിലും അറിയില്ലെന്നും അതിനാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവിലകിട്ടണം; കോർപ്പറേറ്റനുകൂല നയം ഉപേക്ഷിക്കണം. കർഷകർ ഒന്നടങ്കം ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയാണ് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ റാലിയിൽ അണിനിരന്നത്. കർഷകസംഘം അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി വിജൂകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ ഹനൻ മൊള്ള, അമൽ ഹൽദാർ തുടങ്ങിയവർ റാലിയെ അഭിസംബോധന ചെയ്തു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായ കാർഷികമേഖലയോടുള്ള അവഗണനയ്ക്കെതിരെ രാജ്യത്തുടനീളം 500 ഓളം സംഘടനകൾ ഒറ്റക്കെട്ടായി പൊരുതുകയാണ്. പശ്ചിമബംഗാളിലെ തൃണമൂലിന്റെ ഗുണ്ടാരാജിനെതിരെ പൊരുതുമ്പോഴും ഡൽഹി കേന്ദ്രീകരിച്ചും രാജ്യത്തുടനീളവും കർഷകരുടെ മുന്നേറ്റം വ്യാപിപ്പിക്കേണ്ടതാണെന്ന് ഹനൻമൊല്ല പറഞ്ഞു. കർഷകരുടെ ഐക്യത്തെ തകർക്കുന്നതിനായി പശ്ചിമബംഗാൾ സംസ്ഥാനത്ത് വർഗീയാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇതിനെതിരെ നവംബർ 26 മുതൽ 28 വരെ രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും. ♦