Monday, May 20, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്പുതിയ മനുഷ്യനെ (തൊഴിലാളിയെയും) സൃഷ്ടിച്ച വ്യവസായിക വിപ്ലവം

പുതിയ മനുഷ്യനെ (തൊഴിലാളിയെയും) സൃഷ്ടിച്ച വ്യവസായിക വിപ്ലവം

കെ എസ്‌ രഞ്‌ജിത്ത്‌

നിരന്തര പരിണാമങ്ങളുടെ ചരിത്രമാണ് മനുഷ്യജീവിതം. പ്രകൃതിയിൽ നിന്നും കിട്ടുന്നത് മാത്രം പെറുക്കിത്തിന്ന് ഏതാണ്ട് മൃഗതുല്യരായി ജീവിച്ച ഒരു കാലം, ചെറിയ ഉപകരണങ്ങളുപയോഗിക്കുകയും മൃഗങ്ങളെ ഇണക്കി അവയുടെ ശക്തി അധികമായി ഉപയോഗിക്കുകയും ചെയ്തു തുടങ്ങിയ കാലം, കാർഷിക സമൂഹത്തിന്റെ സുദീർഘമായ കാലം, ആധുനിക വ്യവസായങ്ങളുടെയും യന്ത്രങ്ങളുടെയും ലോകം എന്നിങ്ങനെ പോകുന്നു ഈ പരിണാമ ചരിത്രം. ഒടുവിൽ നിർമിതബുദ്ധി വരെയെത്തി നിൽക്കുന്നു ലോകം. ഇതിൽ ഓരോ കാലഘട്ടത്തിലെയും മനുഷ്യനും അവൻ/അവൾ ജീവിക്കുന്ന സമൂഹവും ഒന്നിനൊന്നറിയാത്തവിധം വ്യത്യസ്തങ്ങളായിരുന്നു, അത് തുടർച്ചകളെക്കാൾ കൂടുതൽ ഇടർച്ചകളുടേതായിരുന്നു. ഈ ഓരോ കാലഘട്ടത്തിലും മനുഷ്യന്റെ ചിന്തകളും ജീവിതശൈലികളും സാമൂഹിക സ്ഥാപനങ്ങളും തിരിച്ചറിയാനാവാത്തവിധം വ്യത്യസ്തങ്ങളായിരുന്നു. ഇതുവരെയുള്ള പരിണാമചരിത്രത്തിലെ ഏറ്റവും നിർണായകമായ ഘട്ടമാണ് കാർഷിക സമൂഹത്തിൽ നിന്നും വ്യവസായിക സമൂഹത്തിലേക്കുള്ള മാറ്റം. ആധുനിക മനുഷ്യന്റെ നിർമിതിയാണ് ഇതിനനുബന്ധമായി അരങ്ങേറിയത് എന്ന്‌ വേണമെങ്കിൽ പറയാം.

കൃഷിയെയും കൈത്തൊഴിലിനേയും അടിസ്ഥാനമാക്കിയ സമ്പദ്ഘടനയിൽ നിന്നും യന്ത്രങ്ങളും നിർമാണപ്രവർത്തനങ്ങളുമടങ്ങുന്ന വ്യവസായ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ചുവടുവെയ്പിനെയാണ് വ്യവസായികവിപ്ലവം എന്ന് പൊതുവെ വിളിക്കുന്നത്. 18‐ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ തുടങ്ങിയ ഈ പ്രക്രിയ പിന്നീട് ലോകമെമ്പാടും വ്യാപിച്ചു. 1760നും 1840നുമിടയിൽ ഇംഗ്ലണ്ടിൽ സംഭവിച്ച സാമ്പത്തിക വികാസത്തെ കുറിക്കാനാണ് വ്യാവസായിക വിപ്ലവമെന്ന പേര് സാമ്പത്തിക ചരിത്രകാരനായ അർണോൾഡ് ടോയൻബി ആദ്യമായി ഉപയോഗിക്കുന്നത്. പശ്ചിമ യൂറോപ്പിലും അമേരിക്കയിലും ഇത്തരമൊരു പ്രക്രിയ അരങ്ങേറുന്നത് 19‐ാം നൂറ്റാണ്ടിലാണെങ്കിൽ ഇന്ത്യയിലും ചൈനയിലും ഇതിന് 20‐ാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു.

എന്തായിരുന്നു വ്യാവസായിക വിപ്ലവമെന്ന് വിളിക്കപ്പെടുന്ന പ്രക്രിയയിലും അതിനനുബന്ധമായ സാമൂഹിക മാറ്റങ്ങളിലും മൂർത്തമായി അരങ്ങേറിയത്? സാങ്കേതികമായ മാറ്റങ്ങൾ ഈ പറയുന്നവയാണ്. (1) ഇരുമ്പിന്റെയും ഉരുക്കിന്റെയും വ്യാപകമായ ഉപയോഗം (2) പുതിയ ഊർജ സ്രോതസ്സുകൾ – കൽക്കരി, ആവി യന്ത്രങ്ങൾ, വൈദ്യുതി, പെട്രോളിയം- എന്നിവയുടെ ഉപയോഗം, (3) പുതിയ യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഉല്പാദന പ്രവർത്തനങ്ങൾ. തുണി വ്യവസായത്തിലേക്ക് കടന്നുവന്ന നൂൽനൂൽപ് യന്ത്രങ്ങളും നെയ്ത്ത് യന്ത്രങ്ങളും ഇതിൽ പ്രധാനമാണ്. (4) ഫാക്ടറികൾ പോലെയുള്ള പുതിയ സംഘാടന രീതികൾ ഉപയോഗിച്ചുകൊണ്ടുള്ള ഉല്പാദന രീതികളുടെ കടന്നുവരവും അവയിലൂടെ നടപ്പിലാക്കിയ തൊഴിൽ വിഭജന സമ്പ്രദായവും (5) പുതിയ ഗതാഗത സംവിധാനങ്ങൾ – ആവിഎഞ്ചിനുകളെ അടിസ്ഥാനമാക്കിയ കപ്പലുകളും റയിൽവെയും, മോട്ടോർ വാഹനങ്ങൾ, വിമാനങ്ങൾ (6) റേഡിയോയും കമ്പിത്തപാലും പോലുള്ള വിവരവിനിമയ സംവിധാനങ്ങൾ (7) ഉല്പാദന പ്രവർത്തനങ്ങളിലേക്ക് ശാസ്ത്രസാങ്കേതിക വിദ്യകളുടെ കടന്നു വരവ്.

ഇതിനു സമാന്തരമായ മാറ്റങ്ങൾ മനുഷ്യന്റെ പരസ്‌പരബന്ധങ്ങളിലും അവൻ/അവൾ രൂപപ്പെടുത്തിയ സാമൂഹിക സ്ഥാപനങ്ങളിലുമുണ്ടായി. (1) എല്ലാവരും ഭക്ഷ്യോത്പാദനപ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ട ആവശ്യം ഇല്ലാതായി (2) ഭൂ ഉടമസ്ഥതയാണ് സമ്പത്തിന്റെ അടിസ്ഥാനം എന്ന നില മാറി (3) അന്താരാഷ്ട്ര വ്യാപാരം വൻതോതിൽ വർധിച്ചു (4) ഉല്പാദന പ്രവർത്തനങ്ങളുടെ കേന്ദ്രമായി നഗരങ്ങൾ ഉയർന്നു വന്നു (5) പുതിയ രീതിയിലുള്ള അധികാര കേന്ദ്രങ്ങൾ ഉയർന്നുവന്നു (6) ഒരു വർഗം എന്ന നിലയിൽ തൊഴിലാളികൾ ആവിർഭവിച്ചു, അതോടൊപ്പം തൊഴിലാളി സംഘടനകളും ശക്തമായി.

അടുത്ത രണ്ടു നൂറ്റാണ്ടുകാലത്തെ മനുഷ്യചരിത്രത്തെ മാറ്റിമറിച്ച പ്രക്രിയയുടെ തുടക്കമായിരുന്നു 18‐ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ആവിർഭവിച്ചത്. നിലവിലുണ്ടായിരുന്ന സാമ്പത്തിക പ്രക്രിയകളെയും അധികാരഘടനകളെയും ഇത് ഒരേപോലെ പൊളിച്ചെഴുതി. ആധുനിക മുതലാളിത്തത്തിന് അത് അടിത്തറയിട്ടു, ഒപ്പം കമ്മ്യൂണിസമെന്ന ആശയത്തിനും. സാമ്പത്തിക ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എങ്ങനെ അധികാര ഘടനയടക്കമുള്ള മനുഷ്യന്റെ സാമൂഹിക സ്ഥാപനങ്ങളെയും അവന്റെ സാംസ്കാരിക ജീവിതത്തെയും സമൂഹത്തിൽ നിലനിൽക്കുന്ന അധികാര ബന്ധങ്ങളെയും മാറ്റിമറിക്കുന്നുവെന്ന നിരീക്ഷണങ്ങൾ മാർക്സ് രൂപപ്പെടുത്തിയത് ഇംഗ്ലണ്ടിലും യൂറോപ്പിലും വ്യവസായിക വിപ്ലവത്തെത്തുടർന്നുണ്ടായ മാറ്റങ്ങളെ നിരീക്ഷിച്ചുകൊണ്ടായിരുന്നു. മാർക്സിയൻ സിദ്ധാന്തത്തിന്റെ മർമമായ അടിത്തറ മേൽപ്പുര ബന്ധത്തിന്റെ അടിസ്ഥാനവും ഇങ്ങനെ രൂപപ്പെട്ടതാണ്.

ഇംഗ്ലണ്ടിലെ വ്യവസായികവിപ്ലവത്തിന്റെ കാരണങ്ങൾ എന്തായിരുന്നുവെന്നതിനെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളിലുള്ള നിരവധി സിദ്ധാന്തങ്ങളുണ്ട്. ചരിത്രകാരരും സാമ്പത്തികശാസ്ത്രജ്ഞരുമൊക്ക തങ്ങളുടേതായ നിഗമനങ്ങൾ ഇത് സംബന്ധിച്ച് മുന്നോട്ടുവെക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ അക്കാലത്ത് നിലനിന്നിരുന്ന ഉയർന്ന കൂലിനിരക്കുകളും ആവശ്യമായ കൽക്കരിയുടെ ലഭ്യതയും ഇതിനു കാരണമായി പലരും പറയാറുണ്ട്. എങ്ങിനെയാണ് ഉയർന്ന കൂലി നിരക്കുകൾ വ്യാവസായിക വിപ്ലവത്തിലേക്ക് നയിക്കാനിടയാക്കുന്ന പ്രബലമായ കാരണമായി മാറുന്നത്? അധ്വാന ശക്തിയും മൂലധനവുമാണല്ലോ ഉല്പാദന പ്രവർത്തനത്തിലെ ഏറ്റവും നിർണായകമായ രണ്ടു ഘടകങ്ങൾ. ഇതിൽ ഏതാണോ കുറഞ്ഞ നിരക്കിൽ ഉപയോഗിക്കാൻ പറ്റുക അത് കൂടുതൽ ഉപയോഗിക്കാനുള്ള പ്രേരണ സ്വാഭാവികമായും ഉണ്ടാകും . അധ്വാനശക്തിയുടെ ഉയർന്ന നിരക്കുകൾ അതിന് ബദൽ മാർഗങ്ങൾ തേടാനുള്ള സമ്മർദം ചെലുത്തി. മനുഷ്യാധ്വാനം കുറയ്ക്കാൻ പറ്റുന്ന യന്ത്രോപകരണങ്ങളെക്കുറിച്ചുള്ള അന്വേഷണം പല കണ്ടുപിടുത്തങ്ങളിലേക്കും നയിച്ചു. ബ്ലാസ്റ്റ് ഫർനസ് (1710), ആവിയന്ത്രം (1776), ഫ്ലൈ ഷട്ടിൽ (1773 ), സ്പിന്നിങ് ജെന്നി (1770 ) ഇതൊക്കെ ഈ കാലഘട്ടത്തിൽ ആവിർഭാവം ചെയ്യുകയും ഉല്പാദന പ്രവർത്തനങ്ങളെ പാടെ മാറ്റിമറിക്കുകയും ചെയ്ത കണ്ടുപിടുത്തങ്ങളാണ്. പുതിയ യന്ത്രോപകരണങ്ങളുടെ ഒരു തരംഗം തന്നെ 1760 കളോടെ ഇംഗ്ലണ്ടിൽ ഉണ്ടായി എന്നാണ്’ The Industrial Revolution എന്ന വിഖ്യാത പുസ്തകത്തിൽ ടി എസ് ആഷ്ടൺ എഴുതുന്നത്. അധ്വാനശക്തിയെ മൂലധനം കൊണ്ട് പകരംവെയ്ക്കുന്ന പ്രക്രിയയ്ക്കാണ് ഒരർത്ഥത്തിൽ വ്യവസായ വിപ്ലവം തുടക്കം കുറിച്ചത് എന്ന് പറയാം. മൂലധനവും അധ്വാനശക്തിയും തമ്മിലുള്ള ഒരിക്കലുമൊടുങ്ങാത്ത സംഘർഷങ്ങൾക്ക് കൂടി അത് തുടക്കമിട്ടു. മൂലധന രൂപീകരണ നിരക്കുകൾ കുത്തനെ ഉയർന്നു.

ഇതിനു സമാന്തരമായി അധികാര ഘടനകളിലും മാറ്റമുണ്ടായി .പൗരോഹിത്യത്തിന്റെ പിന്തുണയോടെയുള്ള രാജഭരണത്തെ വെല്ലുവിളിക്കുന്ന ചരിത്ര സംഭവങ്ങൾ അരങ്ങേറി. ‘മഹത്തായ വിപ്ലവം’ എന്ന് വിളിക്കപ്പെടുന്ന അധികാര കൈമാറ്റത്തിൽ ജെയിംസ് രണ്ടാമൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ഭരണഘടനയെ അടിസ്ഥാനമാക്കിയ ഭരണത്തിനും പാർലമെൻററി സമ്പ്രദായത്തിനും ഇത് തുടക്കമിട്ടു. മുതലാളിത്ത വികാസത്തിന് ഏറ്റവും അനിവാര്യമായ കാലാവസ്ഥ സൃഷ്ടിക്കാൻ ഇത്തരമൊരു ഭരണമാറ്റം അനിവാര്യമായിരുന്നു. യൂറോപ്യൻ നവോത്ഥാനം പുതിയൊരു തൊഴിൽ സംസ്കാരം സൃഷ്ടിക്കാനാവശ്യമായ പശ്ചാത്തലം നേരത്തെ തന്നെ ഒരുക്കിയിരുന്നു . ലോകത്ത് മറ്റെവിടെയും സംഭവിക്കുന്നതിനു രണ്ടു നൂറ്റാണ്ടു മുൻപേതന്നെ രാജഭരണത്തിന് അന്ത്യം കുറിക്കാനായത് ആധുനിക മുതലാളിത്തത്തിന് ഏറ്റവും വേരോട്ടമുള്ള സ്ഥലമായി ഇംഗ്ലണ്ടിനെ മാറ്റി.

വ്യവസായിക വിപ്ലവത്തിന്റെ ആവിർഭാവത്തെകുറിച്ചുള്ള മറ്റ് നിരവധി സിദ്ധാന്തങ്ങളുണ്ട്. ആ വിശദാംശങ്ങളിലേക്ക് കടക്കുക ഈ കുറിപ്പിന്റെ പരിമിതിയിൽ നിൽക്കുന്നതല്ല.

ഇംഗ്ലണ്ടിനെ ആധുനിക സമ്പദ്‌വ്യവസ്ഥയിലേക്ക് പരിണമിപ്പിക്കാൻ സാങ്കേതികവിദ്യയിലും ഉല്പാദന സമ്പ്രദായങ്ങളിമുണ്ടായ മാറ്റങ്ങൾക്ക് കഴിഞ്ഞു. പ്രതിശീർഷ ആഭ്യന്തരോത്പാദനവും വേതന നിരക്കുകകളും ഗണ്യമായി ഉയർന്നു. മാൽത്തൂസ് പാതിരിയുടെ ജനസംഖ്യാ സിദ്ധാന്തങ്ങളെ വ്യവസായികവിപ്ലവം അപ്രസക്തമാക്കി. 1750 ൽ ഇംഗ്ലണ്ടിലും വെയ്ൽസിലും കൂടിയുണ്ടായിരുന്നു ജനസംഖ്യ 60 ലക്ഷമായിരുന്നു. (നഗര ജനസംഖ്യ ക്രമാതീതമായി പെരുകിയ കാലമായിരുന്നു മാൽത്തൂസിന്റെ സിദ്ധാന്തം പുറത്തു വരുന്ന 1798) 1800ൽ ആദ്യ സെൻസസ് നടക്കുമ്പോൾ ജനസംഖ്യ 1.1 കോടിയായി ഉയർന്നിരുന്നു. പക്ഷെ മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുന്ന തലത്തിലേക്ക് അന്ന് ഉല്പാദനപ്രവർത്തനങ്ങൾ ഉയർന്നിരുന്നു .നഗരകേന്ദ്രങ്ങളായ ലണ്ടനും മാഞ്ചസ്റ്ററും വമ്പിച്ച തോതിൽ ജനങ്ങൾ അധിവസിക്കുന്ന നഗരങ്ങളായി പരിണമിച്ചിരുന്നു.

പക്ഷെ ഉല്പാദനത്തിലുണ്ടായ ഈ കുതിപ്പ് തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കുമിടയിൽ വിതരണം ചെയ്യപ്പെടുകയുണ്ടായോ. The Technology Trap എന്ന പുസ്തകത്തിൽ ബെനഡിക്ട് ഫ്രേ ഇത് സംബന്ധിച്ച് പറയുന്നത് 1780‐1840 കാലയളവിൽ തൊഴിലാളികളുടെ ഉല്പാദനക്ഷമതയിൽ ശരാശരി 46 ശതമാനം വർദ്ധന ഉണ്ടായപ്പോൾ കൂലിനിരക്കുകളിലുണ്ടായ വർധന 12 ശതമാനം മാത്രമായിരുന്നുവെന്നാണ്. വരുമാനത്തിൽ മാത്രമല്ല മറ്റു പല സൂചികകളും കാണിക്കുന്നത് ഇതുതന്നെയാണ്. ആയുർ ദൈർഘ്യം 1850ൽ വെറും 40 വർഷമായിരുന്നു. ഒരു നൂറ്റാണ്ടു മുൻപത്തെ അതേ സ്ഥിതി. ആദ്യം സാമ്പത്തികരംഗം കുതിക്കട്ടെ, അതിന്റെ മെച്ചം പതിയെ എല്ലാവർക്കുമിടയിലേക്കു കിനിഞ്ഞിറങ്ങുമെന്ന സിദ്ധാന്തം മുതലാളിത്തത്തിന്റെ പ്രാരംഭം മുതൽക്കേ പിശകായിരുന്നുവെന്ന് ഈ വസ്തുതകൾ തെളിയിക്കുന്നു. പക്ഷേ ഇതിനു സമാന്തരമായി മറ്റൊന്ന് കൂടി സംഭവിച്ചു. തൊഴിലാളികൾ സംഘടിതരായി വിലപേശാൻ തുടങ്ങി. ഇത് വ്യാവസായിക വിപ്ലവത്തിന്റെ രണ്ടാം പകുതിയിൽ തൊഴിലാളികളുടെ ജീവിതാവസ്ഥ മെച്ചപ്പെടാൻ ഏറെ സഹായിച്ചു. 1835ൽ ഇംഗ്ലണ്ടിലെ തുണി ഫാക്ടറികളിൽ പണിയെടുത്തിരുന്നവരിൽ 63 ശതമാനവും 12 വയസ്സിൽ താഴെയുള്ള കുട്ടികളും സ്ത്രീകളുമായിരുന്നു. ഇംഗ്ലണ്ടിലെ അക്കാലത്തെ തൊഴിലാളികളുടെ ദയനീയ സ്ഥിതിയെ സംബന്ധിച്ച് ഏറെ പഠനങ്ങൾ നടന്നിട്ടുണ്ട്. എംഗൽസിന്റെ ‘The condition of the working class in England’ എന്ന കൃതി ഏറെ പ്രസിദ്ധമാണല്ലോ.

(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × two =

Most Popular