അനിശ്ചിതകാല പണിമുടക്ക് അഞ്ചുമാസത്തിലേക്ക് എത്തുമ്പോൾ ഹോളിവുഡിലെ എഴുത്തുകാരും അഭിനേതാക്കളും നടത്തിവരുന്ന പണിമുടക്ക് പ്രക്ഷോഭം ഒത്തുതീർപ്പിലേക്ക് എത്തുകയാണ്. മെയ് 2ന് റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക (WGA) എന്ന സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട 146 ദിവസംനീണ്ട പണിമുടക്ക് ഒടുവിൽ സ്റ്റുഡിയോ മുതലാളിമാരുമായുള്ള ഒത്തുതീർപ്പ് കരാറിലേക്ക് എത്തിയിരിക്കുന്നു. ജൂലൈ 14ന് സ്ക്രീൻ ആക്ടർസ് ഗിൽഡ് – അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ് (SAG – AFTRA) എന്ന സംഘടന കൂടി സമാന്തര സമരം ആരംഭിച്ചതോടെ സ്റ്റുഡിയോ മേലാളന്മാർക്ക് മുട്ടുമടക്കുകയല്ലാതെ മറ്റു നിവർത്തിയില്ലാതെ വന്നു. എന്തുതന്നെയായാലും ഒത്തുതീർപ്പ് ഉടമ്പടിയുടെ കരട് തയ്യാറായാൽ അത് റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക എന്ന സംഘടനയുടെ പന്ത്രണ്ടായിരത്തോളം വരുന്ന അംഗങ്ങളുടെ വോട്ടെടുപ്പിന് വിടുകയും ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിൽമാത്രം അതുമായി മുന്നോട്ടുപോകാൻ സംഘടന തയ്യാറാവുകയും ചെയ്യും. അതുകൊണ്ടുതന്നെ സമരം ഇപ്പോഴും പിൻവലിക്കപ്പെട്ടിട്ടില്ല.
ഡബ്ല്യുജിഎയുടെയും SAG- AFTRA യുടെയും തൊഴിൽപരമായ സമരങ്ങൾ സമാന്തരമായി മുന്നേറിയപ്പോൾ കാലിഫോർണിയിലും മറ്റ് ഇടങ്ങളിലും അത് സ്റ്റുഡിയോകൾക്കുണ്ടാക്കിയ നഷ്ടം അഞ്ഞൂറ് കോടി ഡോളറിൽ അധികമാണ്. പ്രധാനപ്പെട്ട ടെലിവിഷൻ സിനിമ ഉല്പാദനങ്ങൾ എല്ലാം തന്നെ നിശ്ചയലാവസ്ഥയിൽ എത്തുകയും ചെയ്തു. 1960 നു ശേഷമുണ്ടായ ഏറ്റവും ശക്തമായ സമരം ആയിരുന്നു എഴുത്തുകാരും അഭിനേതാക്കളും ചേർന്ന് നടത്തിയ ഈ പണിമുടക്ക് പ്രക്ഷോഭം. പരമ്പരാഗത ടെലിവിഷൻ പ്ലാറ്റ്ഫോമുകളിൽ നിന്നും ഇതര പ്ലാറ്റ്ഫോമുകളിലേക്കുള്ള മാറ്റം എഴുത്തുകാർക്കും അഭിനേതാക്കൾക്കും സൃഷ്ടിച്ച നഷ്ടം നികത്തുന്ന രീതിയിൽ നഷ്ടപരിഹാരം ലഭ്യമാക്കുവാനും ഒന്നുംതന്നെ സ്റ്റുഡിയോ മേലാളന്മാർ തയ്യാറായില്ല എന്നതാണ് സമരത്തിന്റെ കേന്ദ്ര വിഷയം. അതുപോലെ തന്നെ വിദേശകാണികൾക്കു കൂടി ലഭ്യമാകുന്ന രീതിയിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് പ്രദർശനങ്ങൾ വിപുലീകരിക്കപ്പെട്ടപ്പോഴും എഴുത്തുകാർക്ക് നൽകപ്പെട്ട ശമ്പളം വളരെ തുച്ഛമായിരുന്നു. സർഗാത്മക പ്രവർത്തനത്തിന്റെയടക്കം രംഗങ്ങളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കൊണ്ടുവന്നതും ആയിരക്കണക്കിന് എഴുത്തുകാർക്ക് വെല്ലുവിളിയായി മാറി. നിർമിതബുദ്ധി ഉത്പാദിപ്പിക്കുന്ന കഥകളും തിരക്കഥകളും ഉപയോഗിച്ചുതുടങ്ങിയത് ഭാവിയിൽ തങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറും എന്ന് തിരിച്ചറിഞ്ഞ എഴുത്തുകാർ സന്ധിയില്ലാത്ത സമരത്തിലേക്ക് നീങ്ങിയതും അതുകൊണ്ടുതന്നെയായിരുന്നു. കരട് ഉടമ്പടി, സമരം ചെയ്യുന്നവരിൽ ഭൂരിപക്ഷത്തിന് സ്വീകാര്യമാകുന്നു എങ്കിൽ ഹോളിവുഡിലെ മാസങ്ങൾ നീണ്ട പണിമുടക്ക് പ്രക്ഷോഭം വിജയം കാണുകയും ഈ ഒരു വൻ വ്യവസായ മേഖല നിശ്ചലാവസ്ഥയിൽ നിന്ന് വീണ്ടും പ്രവർത്തനക്ഷമമാവുകയും ചെയ്യുമെന്ന് കരുതാം. ♦