Thursday, September 19, 2024

ad

Homeരാജ്യങ്ങളിലൂടെമെക്സിക്കോയിൽ സൈനിക ആസ്ഥാനത്ത് രക്ഷിതാക്കളുടെ സമരം

മെക്സിക്കോയിൽ സൈനിക ആസ്ഥാനത്ത് രക്ഷിതാക്കളുടെ സമരം

ഷിഫ്‌ന ശരത്‌

മെക്സിക്കോയിലെ അയോത്സിനാപ്പ നഗരത്തിലെ റൗൾ ഇസിദ്രോ ബർഗോസ് റൂറൽ ടീച്ചേഴ്‌സ് കോളേജിലെ 43 വിദ്യാർത്ഥികളുടെ തിരോധാനം സംബന്ധിച്ച വിഷയത്തിൽ മെക്സിക്കോ നഗരത്തിലെ മിലിറ്ററി ക്യാമ്പ് നന്പർ 1നുമുന്നിൽ രക്ഷിതാക്കൾ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഞങ്ങളുടെ മക്കൾ എവിടെ?, ഞങ്ങൾക്ക് നഷ്ടപ്പെട്ടത് 43 പേരെയാണ്, ജീവനോടെയാണ് അവരെ നിങ്ങൾ കൊണ്ടുപോയത് എന്നതുകൊണ്ടുതന്നെ ഞങ്ങൾക്ക് അവരെ ജീവനോടെതന്നെ തിരിച്ചുവേണം എന്നിങ്ങനെ എഴുതിയ ബാനറുകളും ഉയർത്തിപ്പിടിച്ചുകൊണ്ട് തങ്ങളുടെ മക്കളുടെ തിരോധാനം സംബന്ധിച്ച എല്ലാവിധ വിവരങ്ങളും മെക്സിക്കൻ സൈനിക സേന തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കൾ പട്ടാള ക്യാമ്പിന് മുന്നിൽ സെപ്റ്റംബർ 21 മുതൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചിരിക്കുന്നു. വിവരങ്ങൾ തങ്ങൾക്ക് ലഭിക്കാതെ സമരത്തിൽ നിന്നും അണുവിട പിന്നോട്ടുചലിക്കില്ല എന്ന ദൃഢനിശ്ചയത്തിലാണ് അവർ. സമരം ചെയ്യുന്ന രക്ഷിതാക്കൾക്ക് ഭക്ഷണവും മറ്റവശ്യ വസ്തുക്കളും എത്തിച്ചു കൊടുത്തുകൊണ്ട് നീതിക്കുവേണ്ടിയുള്ള ഈ സമരത്തിന് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരിക്കുകയാണ് മനുഷ്യാവകാശ സംഘടനകളും സാമൂഹ്യ സംഘടനകളും.

9 വർഷങ്ങൾക്കു മുൻപ് ഈ വിദ്യാർത്ഥികൾക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സാക്ഷികളും അതിജീവിതകളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലും മറ്റു സ്വതന്ത്ര മനുഷ്യാവകാശ പ്രവർത്തകർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും ലഭ്യമാകുന്ന വിവരം ഇതാണ്:- 1968ൽ നടന്ന Tlatelolco കൂട്ടക്കൊലയുടെ സ്മരണയിൽ പങ്കെടുക്കുന്നതിനുവേണ്ടി മെക്സിക്കോ നഗരത്തിലേക്ക് തങ്ങളുടെ കോളേജിൽ നിന്നും ബസിൽ യാത്ര ചെയ്യുകയായിരുന്നു ഈ വിദ്യാർത്ഥികൾ. യാത്രാമധ്യേ ഇഗ്വാള നഗരത്തിൽ വച്ച് നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ ബസ്സുകൾക്ക് നേരെ വെടിവയ്ക്കുകയും ആക്രമിക്കുകയും അവരിൽ ആറുപേരെ (ഇതിൽ മൂന്നുപേർ വിദ്യാർത്ഥികളാണ്) അപ്പോൾതന്നെ കൊലപ്പെടുത്തുകയും 43 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ 43 വിദ്യാർത്ഥികളെ പിന്നീടാരും കണ്ടിട്ടില്ല. അവർ എവിടെയെന്നോ ജീവനോടെയുണ്ടോയെന്നോ ഒന്നുംതന്നെ അറിയുകയുമില്ല.

അന്ന് അധികാരത്തിലിരുന്ന തീവ്ര വലതുപക്ഷ ഗവൺമെന്റിന്റെ പ്രസിഡന്റായിരുന്ന നീറ്റോ പറഞ്ഞത്, വിദ്യാർത്ഥികളെ ആക്രമിച്ച, അറസ്റ്റ് ചെയ്ത പോലീസുകാരൻ അവരെ മയക്കുമരുന്ന് കൊള്ളസംഘത്തിന് കൈമാറുകയും അവർ ഈ വിദ്യാർത്ഥികളെ കൊന്നു ശരീരം പർവതനിരയിൽ ദഹിപ്പിക്കുകയും മറ്റു അവശിഷ്ടങ്ങൾ സാൻ ജുവാൻ നദിയിൽ ഒഴുക്കുകയും ചെയ്തുവെന്നാണ്. എന്തുതന്നെയായാലും, ഈ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും മനുഷ്യാവകാശ സംഘടനകളും ആരും തന്നെ പ്രസിഡന്റിന്റെ ഈ വ്യാഖ്യാനം വിശ്വസിക്കുന്നില്ല. രാജ്യത്തെ ഫെഡറൽ ഗവൺമെന്റും സേനയും വിദ്യാർത്ഥികളുടെ തിരോധാനത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട് എന്ന് അവർ ആവർത്തിച്ചുപറയുന്നു. ഭരണകൂടവും ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരും ഒന്നിച്ചുനിന്ന് നടപ്പാക്കിയിട്ടുള്ള അതിക്രൂരമായ കുറ്റകൃത്യത്തെ മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് മയക്കുമരുന്ന് കൊള്ളസംഘത്തിന്റെ കഥ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് അവർ പറയുന്നത്. 2013ൽ നിറ്റോ ഗവൺമെന്റ്‌ മുന്നോട്ടുവെച്ച നവലിബറൽ വിദ്യാഭ്യാസ ബില്ലിനെ എതിർത്ത, ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചിരുന്ന വിദ്യാർത്ഥികളാണ് ഇരകളാക്കപ്പെട്ടത് എന്ന കാര്യം ഭരണകൂടത്തെ സംശയലേശമെന്യേ പ്രതിക്കൂട്ടിൽ നിർത്തുന്നു.

2018ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ രാഷ്ട്രീയക്കാരനായ പ്രസിഡന്റ്‌ ആന്ദ്രെ മാന്വൽ ലോപ്പസ് ഒബ്രദോർ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിക്കൊണ്ട് ഈ കേസ് പുനരാരംഭിക്കുകയും അന്വേഷണത്തിനായി ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. എന്തുതന്നെയായാലും മുൻ അറ്റോർണി ജനറൽമാരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് തെളിവുകൾ നശിപ്പിക്കുകയും സത്യം വളച്ചൊടിക്കുകയും ചെയ്തതുമൂലം വിദ്യാർത്ഥികൾക്ക് എന്ത് സംഭവിച്ചു എന്നതിനെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ വളരെ ചെറിയ തോതിലുള്ള പുരോഗതി മാത്രമേ ലോപ്പസ് ഗവൺമെന്റിന് കൈവരിക്കാൻ കഴിഞ്ഞുള്ളൂ. കഴിഞ്ഞ അഞ്ചുവർഷകാലയളവിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ചില സുപ്രധാന വികാസങ്ങൾ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്; അതിൽ പ്രധാനപ്പെട്ടതാണ് കാണാതായ വിദ്യാർത്ഥികളിൽ മൂന്നുപേരുടെ ശരിരാവശിഷ്ടങ്ങൾ മുൻഗവൺമെന്റിന്റെ വിവരണത്തിൽ പറഞ്ഞിട്ടുള്ള ഇടങ്ങളിൽനിന്ന് വ്യത്യസ്തമായ ഇടങ്ങളിൽ നിന്നും കണ്ടെടുക്കാനായത്. പോലീസ് ഉദ്യോഗസ്ഥരും ആർമി ജനറൽമാരും മുതിർന്ന ഗവൺമെന്റ്‌ ഉദ്യോഗസ്ഥരും അടക്കമുള്ള 120 ഓളം പേരെ ഈ അന്വേഷണസംഘം അറസ്റ്റു ചെയ്യുകയും ചെയ്തു. പക്ഷേ അവരിൽ ഭൂരിപക്ഷം പേരെയും മുൻപത്തെ തീവ്ര വലതുപക്ഷ ഗവൺമെന്റിനോട് ആഭിമുഖ്യം പുലർത്തുന്ന ജഡ്ജിമാർ വിട്ടയച്ചു.

സെപ്റ്റംബർ 21ന് പ്രസിഡന്റ് ലോപ്പസ് ഈ രക്ഷിതാക്കളെ കാണുകയും മെക്സിക്കൻ ഭരണകൂടവും യുഎസ് അധികാരികളും സംയുക്തമായി നടത്തിയ അന്വേഷണത്തിലെ ചില പുരോഗതി സംബന്ധിച്ച റിപ്പോർട്ട് അവർക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇനിയും സൈന്യം വിവരങ്ങൾ മറച്ചു പിടിക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ട രക്ഷിതാക്കൾ സെപ്റ്റംബർ 21ന് സമരത്തിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.

“ഞങ്ങൾ ഇവിടെ വന്നിട്ടുള്ളത് പട്ടാളത്തോട് ഏറ്റുമുട്ടുവാനല്ല, അവർ ചെയ്യാൻ വിസമ്മതിക്കുന്ന ഉത്തരവാദിത്വവും പ്രതിബദ്ധതയും അവർക്കുണ്ട് എന്ന് അവരോട് പറയുവാനാണ്’‐ മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ കുടുംബങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന മെലിറ്റൻ ഓർട്ടേഗ പറഞ്ഞു. 9 വർഷത്തോളമായി തങ്ങളുടെ മക്കൾ ജീവനോടെയുണ്ടോ, അവർക്ക് എന്ത് സംഭവിച്ചു എന്നൊന്നും അറിയാതെ ഓരോ നിമിഷവും മനസ്സുരുകി ജീവിക്കുന്ന, വലതുപക്ഷ ഭരണകൂട വാഴ്ചയുടെ ഇരകളായ അച്ഛനമ്മമാർ നടത്തുന്ന ഈ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം യഥാർത്ഥത്തിൽ ഭരണകൂട ഭീകരതയ്ക്കെതിരായി നടത്തുന്ന പ്രക്ഷോഭമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − nine =

Most Popular