Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെഗ്രീസിൽ തൊഴിലാളി പണിമുടക്ക്

ഗ്രീസിൽ തൊഴിലാളി പണിമുടക്ക്

പത്മരാജൻ

ഗ്രീസിലെ ന്യൂ ഡെമോക്രസി ഗവൺമെന്റ് മുന്നോട്ടുവെച്ച തൊഴിലാളിവിരുദ്ധ ബില്ലിനെതിരായി സെപ്റ്റംബർ 21ന് നടന്ന ദേശീയ പണിമുടക്ക് രാജ്യത്തുടനീളം തൊഴിലാളികളുടെ ശക്തമായ അണിനിരക്കലിനാണ് സാക്ഷ്യംവഹിച്ചത്. യാഥാസ്ഥിതിക വലതുപക്ഷ ഗവൺമെന്റായ ന്യൂ ഡെമോക്രസി ഗവൺമെന്റ്‌ മുന്നോട്ടുവെച്ചിട്ടുള്ള ഈ പുതിയ ബില്ലിന്റെ ഏറ്റവും വലിയ ദോഷഫലം എന്നത് അത് ആത്യന്തികമായി രാജ്യത്തെ തൊഴിലാളികൾക്കെതിരാണ് എന്നതാണ്. പ്രധാനമായും എടുത്തുപറയേണ്ടത് തൊഴിൽ സമയത്തിന്റെ കാര്യമാണ്. പ്രതിദിനം എട്ടുമണിക്കൂർ തൊഴിൽ സമയം എന്നത് 13 മണിക്കൂറിലേക്ക് നീട്ടുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്. അതുപോലെതന്നെ തൊഴിൽദാതാക്കൾക്ക് ആവശ്യമെങ്കിൽ ആഴ്ചയിൽ ആറു ദിവസം വരെ പണിയെടുപ്പിക്കാം. ഒരു തൊഴിലാളിയെ അഥവാ ജീവനക്കാരനെ ആദ്യ തൊഴിൽ വർഷംതന്നെ മുന്നറിയിപ്പോ പ്രതിഫലമോ ഒന്നുംതന്നെ നൽകാതെ പിരിച്ചുവിടുവാനും തൊഴിൽദാതാവിന് കഴിയും. തൊഴിലാളികൾക്ക് പണിമുടക്കുകയോ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയോ ചെയ്താൽ പിഴയും ആറുമാസം തടവും ശിക്ഷയായി നൽകുന്നതാണ് ഈ കുപ്രസിദ്ധമായ ബില്ല്. അടുത്തകാലത്ത് നടന്ന പ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളും ഭരണ വ്യവസ്ഥയുടേതായ ചൂഷണവും എല്ലാമൂലം ജീവിതം വഴിമുട്ടിനിൽക്കുന്ന ഒരു ജനതയെ ആധുനിക അടിമത്വത്തിലേക്ക് കൊണ്ടുപോകുവാനുള്ള ബില്ലാണ് ന്യൂ ഡെമോക്രസി ഗവൺമെൻറ് രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് തൊഴിലാളിവർഗ്ഗ വിഭാഗങ്ങൾ പറയുന്നു. ഈ ബില്ല് ബൂർഷ്വാ ഭൂപ്രഭു വിഭാഗത്തിന് അനുകൂലവും രാജ്യത്തെ ഭൂരിപക്ഷംവരുന്ന തൊഴിലാളി വർഗ്ഗത്തിന് ഹാനികരവുമാണെന്ന് ഒറ്റനോട്ടത്തിൽതന്നെ മനസ്സിലാക്കാൻ സാധിക്കും.

അതുകൊണ്ടുതന്നെ ബില്ലിനെതിരായ ദേശീയപണിമുടക്കിൽ പതിനായിരക്കണക്കിന് തൊഴിലാളികളാണ് തെരുവിൽ അണിനിരന്നത്. ആൾ വർക്കേഴ്സ് മിലിറ്റന്റ് ഫ്രന്റ്(PAME) എന്ന മുന്നണിയിൽ ചേർന്നിട്ടുള്ള തൊഴിലാളികളും മറ്റു യൂണിയനുകളും പണിമുടക്കിലും പ്രകടനങ്ങളിലും അണിനിരന്നു. ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏതൻസിൽ നിന്ന് തുടങ്ങിയ പതിനായിരക്കണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രകടനം അവസാനിച്ചത് സിന്താഗ്മ സ്ക്വയറിലാണ്. തെസ്സലോണിക്കി, ലാറിസ്സ, പത്രാസ്, ലോണിന, കോർഫ്യൂ, കാറ്റെറിനി എന്നീ നഗരങ്ങളിലും ശക്തമായ റാലികൾ നടക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രീസും (KKE) അതിന്റെ യുവജന വിഭാഗമായ കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസും (KNE) പ്രതിഷേധിക്കുന്ന തൊഴിലാളികൾക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നു. എന്നാൽ ജനറൽ കോൺഫെഡറേഷൻ ഓഫ് ഗ്രീക്ക് വർക്കേഴ്സ് (GSEE) എന്ന സംഘടന രാജ്യത്തെ ഭരണവുമായി സന്ധിചെയ്തുകൊണ്ട് ഒന്നും രണ്ടും പറഞ്ഞ് ഈ തൊഴിലാളി പണിമുടക്കിൽ നിന്നും വിട്ടുനിൽക്കുകയും അതിനെ വിമർശിക്കുകയും ചെയ്തു.

നിലവിൽ പാർലമെന്റിൽ ചർച്ച ചെയ്യുന്ന തൊഴിലാളിവിരുദ്ധ ബില്ല് മുന്നോട്ടുവച്ച ഗവൺമെന്റിനും ഭരണകൂടത്തിനും വൻകിട തൊഴിൽദാതാക്കൾക്കും ഇവരുമായി സന്ധി ചെയ്ത GSEE യുടെ നേതാക്കൾക്കും എതിരായ ശക്തമായ പ്രതികരണമാണ് രാജ്യത്തുടനീളം തൊഴിലാളി ട്രേഡ് യൂണിയൻ പ്രസ്ഥാനം ഈ ദേശീയ പണിമുടക്കിലൂടെ നൽകിയത് എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രീസിന്റെ ജനറൽ സെക്രട്ടറിയായ ദിമിത്രിസ്‌ കൗസുംപാസ്‌ പറഞ്ഞത്. തീർച്ചയായും അത് ശരിതന്നെയാണ്, രാജ്യത്തെ തൊഴിലാളിവർഗ്ഗമാകെ ഒന്നിച്ച് ഈ മനുഷ്യത്വഹീനമായ നടപടിക്കെതിരെ അണിനിരക്കുന്ന കാഴ്ചയാണ് സെപ്റ്റംബർ 21ന് ഗ്രീസ് കണ്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × five =

Most Popular