Saturday, November 23, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍വിപ്ലവത്തിന്റെ പാട്ടുകാരനായ തിരുമുമ്പ്

വിപ്ലവത്തിന്റെ പാട്ടുകാരനായ തിരുമുമ്പ്

കെ ബാലകൃഷ്ണൻ

പൊങ്ങുക, പൊങ്ങുക, വാനിലേക്കാശു നീ,
മംഗള രക്തപതാകേ, മേൻമേൽ
മർദിതലക്ഷത്തെ കോൾമയിർകൊള്ളിക്കും
മഞ്ജുളച്ചെമ്പനീർപൂന്തോട്ടമേ
ഭാവുകദായകം ഭാവിതെളിയിക്കും
ഭാസുരകാഞ്ചനക്കൈവിളക്കേ
ദാരിദ്ര്യപീഡിതർക്കേകാവലംബമേ
പാരിജാതച്ചെന്തളിർപ്പടർപ്പേ

എന്നാണ് മഹാകവി സുബ്രഹ്മണ്യൻ തിരുമുമ്പ്് ചെങ്കൊടിയെ വാഴ്ത്തിയത്. ആ പാട്ടാണ് ഉത്തരകേരളത്തിൽ പലേടത്തും പാർട്ടി സമ്മേളനങ്ങളുടെ തുടക്കത്തിൽ പതാകാവന്ദനമായി ഇക്കാലത്തും ആലപിക്കുന്നത്. തലനരയ്ക്കുവതല്ലെന്റെ വൃദ്ധത്വം തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും എന്നു തുടങ്ങുന്ന കവിത കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പാട്ടാണ്. ടി.എസ്.തിരുമുമ്പ് ഇന്ന് പരക്കേ ഓർമിക്കപ്പെടുന്നത് ആ പാട്ടിന്റെ പേരിലാണ്. അത്യുത്തരകേരളത്തിൽ മാത്രമല്ല മലബാർമേഖലയിലാകെ ദേശീയപ്രസ്ഥാനവും തുടർന്ന് കമ്യൂണിസ്റ്റ് കർഷകപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിന് അഹോരാത്രം ത്യാഗപൂർവം പ്രവർത്തിച്ച വിപ്ലവകാരിയായിരുന്നു തിരുമുമ്പ്. അതിനുള്ള ബഹുമുഖപ്രവർത്തനത്തിൽ ഒന്നുമാത്രമായിരുന്നു കവിതയും പാട്ടുകളും. പാടുന്ന പടവാൾ എന്ന് പിൽക്കാലത്ത് ഇ.എം.എസ്. വിശേഷിപ്പിച്ച ആ മഹാനുഭാവൻ നിർണായകമായ സന്ദർഭത്തിൽ പാർട്ടിയിൽനിന്ന് രാജിവെച്ചുപുറത്തുപോവുകയും ഭക്തകവിത്വത്തിൽ മാത്രം കേന്ദ്രീകരിക്കുകയും ചെയ്‌തെങ്കിലും തിരുമുമ്പിനെ പാർട്ടി പിൽക്കാലത്തും തള്ളിപ്പറഞ്ഞില്ലെന്നുമാത്രമല്ല, ആദരബഹുമാനങ്ങളോടെ അനുസ്മരിച്ചുപോരികയുംചെയ്യുന്നു.

പിലിക്കോട് ഇപ്പോഴത്തെ കാർഷികഗവേഷണകേന്ദ്രത്തിന്റെതന്നെ ഭാഗമായ സ്ഥലത്താണ് തിരുമുമ്പുഭവനം. കണ്ണൂർ ജില്ലയുടെയും കാസർകോട് ജില്ലയുടെയും ഭാഗങ്ങൾ ചേരുന്ന വിശാലമായ ഭൂപ്രദേശത്തിന്റെ ജന്മിമാരായ താഴെക്കാട്ടുമനയിലെ നാലു സഹോദരങ്ങളിലൊരാളാണ് സുബ്രഹ്മണ്യൻ. ഉണ്ണികൃഷ്ണൻ, ഹരീശ്വരൻ, കൊച്ചുനാരായണൻ എന്നിവർ സഹോദരങ്ങൾ. നാലുപേരും ദേശീയപ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രമുഖനേതാക്കൾ. തൊള്ളായിരത്തി ഇരുപതുകളുടെ അവസാനഘട്ടത്തിൽ കാഞ്ഞങ്ങാട്കേന്ദ്രീകരിച്ച് എ.സി.കണ്ണൻനായർ നടത്തിയ ശക്തി മാസികയിലെ എഴുത്തുകാരിലൊരാളായിരുന്നു സുബ്രഹ്മണ്യൻ തിരുമുമ്പ്. കവിതകൾ തുടരെ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ പേര് ചുരുക്കി ടി.എസ്.തിരുമുമ്പ് എന്നാക്കി. ജ്യേഷ്ഠനായ ഉണ്ണികൃഷ്ണൻ തിരുമുമ്പ് പയ്യന്നൂർ കേന്ദ്രമാക്കി 1928‐ൽ ആരംഭിച്ച ദേശബന്ധു മാസികയുടെ സാഹിത്യവിഭാഗം എഡിറ്ററും മുഖ്യഎഴുത്തുകാരനും ടി.എസ്. തിരുമുമ്പായിരുന്നു. ലാലാ ലജ്പത് റായിയെ ക്രൂരമായിമർദിച്ചതും ജയിലിൽ യതീന്ദ്രദാസ് നടത്തിയ നിരാഹാരസമരവുമാണ് തിരുമുമ്പിനെ ദേശീയപ്രസ്ഥാനത്തിലേക്ക് അഗാധമായി ആകർഷിച്ചത്.

1930ൽ ഉപ്പ് സത്യാഗ്രഹത്തിന്റെ തയ്യാറെടുപ്പു നടക്കുന്ന വിവരമറിഞ്ഞപ്പോൾ ആദ്യം കോഴിക്കോട്ടേക്ക് വണ്ടികയറിയത് ജ്യേഷ്ഠൻ ഹരീശ്വരൻ തിരുമുമ്പാണ്. അടുത്തദിവസംതന്നെ ദേശബന്ധു മാസികയുടെ പത്രാധിപത്യം രാജിവെച്ച് സുബ്രഹ്മണ്യനും കോഴിക്കോട്ടേക്ക്. ഇരുവരും ഉപ്പുസത്യാഗ്രഹജാഥയിലെ അംഗങ്ങൾ. തിരുമുമ്പ് രചിച്ചുകൊണ്ടിരുന്ന ഗാനങ്ങൾ ജാഥയുടെ പ്രധാന പടപ്പാട്ടുകൾ. ജാഥ പയ്യന്നൂരിലെത്തിയപ്പോൾ സ്വീകരിച്ചതും ത്രിവർണ പതാക ഉയർത്തിയതും മൂത്ത ജ്യേഷ്ഠൻ ഉണ്ണികൃഷ്ണൻ തിരുമുമ്പ്. പയ്യന്നൂരിലെ ഉപ്പുകുറുക്കൽ സമരം കഴിഞ്ഞശേഷം പയ്യന്നൂരിൽനിന്ന് ഹോസ്ദുർഗ് കടപ്പുറത്തേക്ക് തിരുമുമ്പിന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹജാഥ നടന്നു. കൃഷ്ണപിള്ളയും ജാഥയിലുണ്ടായിരുന്നു.

ഉപ്പ് സത്യഗ്രഹജാഥയിലെയും സത്യാഗ്രഹത്തിലെയും തിരുമുമ്പിന്റെ ഊർജസ്വലതയും കവനങ്ങളിലൂടെ ജനങ്ങളെ ആകർഷിക്കാനുള്ള സവിശേഷ കഴിവും ഒരാൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഉപ്പ് സത്യാഗ്രഹജാഥയുടെ നാല് ഉപവിഭാഗങ്ങളിലൊന്നിന്റെ ക്യാപ്റ്റനും പതാകാവാഹകനുമായ കൃഷ്ണപിള്ള (ജാഥയുടെ പൊതു ക്യാപ്റ്റൻ കെ.ടി.കുഞ്ഞിരാമൻ നമ്പ്യാരാണ്). ഭാവിയിൽ കെട്ടിപ്പടുക്കാൻപോകുന്ന കൃഷിക്കാരുടെ പ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകനാകാൻ എന്തുകൊണ്ടും യോഗ്യൻ. ചിറക്കൽ താലൂക്കിൽ വിഷ്ണുഭാരതീയൻ, കാസർകോട് താലൂക്കിൽ തിരുമുമ്പ്. രണ്ടുപേർക്കും പൊതുവായുള്ളത് കടുത്ത ഈശ്വരവിശ്വാസവും പുരാണേതിഹാസങ്ങളിലുള്ള ഭക്തിയും വ്യുൽപ്പത്തിയും. കർഷകരെ സംഘടിപ്പിക്കാൻ ഇത് അനുകൂലഘടകമാണെന്ന് കാണുകയായിരുന്നു കൃഷ്ണപിളള. കാസർകോട് കെ.മാധവനും ചിറക്കലിൽ കേരളീയനും നിയന്ത്രണശക്തിയായി ഒപ്പമുണ്ടുതാനും.

പയ്യന്നൂരിലെ ഉപ്പുകുറുക്കലും തുടർന്ന് കോഴിക്കോട്ട് കടപ്പുറത്ത് നടന്ന നിയമലംഘനസമരവും നാടാകെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ അലകളുയർത്തുകയായിരുന്നു. ഹരീശ്വരൻ തിരുമുമ്പും സുബ്രഹ്മണ്യൻ തിരുമുമ്പും നിയമലംഘനത്തിന്റെ പേരിൽ ജയിലിലായി. ആറുമാസത്തെ തടവുശിക്ഷ. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ടി.എസ്. തിരുമുമ്പ് നേരേ പോയത് ചീമേനിക്കടുത്ത് തിമിരിയിലേക്കാണ്. താഴക്കാട്ടുമനയുടെ അധീനതയിലുള്ള അതിവിശാലഭൂപ്രദേശം. അവിടെ അദ്വൈതം എന്ന പേരിൽ ഒരു വിദ്യാലയം തുടങ്ങുകയാണ്. ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസം. അതിന്റെ ലക്ഷ്യങ്ങളിലൊന്ന് ദേശീയപ്രസ്ഥാനത്തിന്റെ സന്ദേശമെത്തിക്കൽകൂടിയായിരുന്നു. ഏതാനും ആഴ്ചകളേ ആയുള്ളൂ, അപ്പോഴേക്കും കേളപ്പന്റെ സന്ദേശമെത്തി. സ്കൂൾ നടത്തിപ്പിനൊക്കെ മറ്റ് സംവിധാനമുണ്ടാക്കി ഉടനെ കോഴിക്കോട്ടെത്തണം. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ മുന്നോടിയായി കണ്ണൂരിൽനിന്ന് ഗുരുവായൂരിലേക്ക് ജാഥ സംഘടിപ്പിക്കണം.

സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിൽ 1931 ഒക്ടോബർ 21ന് ഗുരുവായൂർ ക്ഷേത്രപ്രവേശനജാഥ കണ്ണൂരിൽനിന്നാരംഭിച്ചു. ജാഥയുടെ ക്യാപ്റ്റൻ. എ.കെ.ഗോപാലൻ. ഉപ്പ് സത്യാഗ്രഹജാഥയുടെ സ്വീകരണപരിപാടിയിൽ കേളപ്പന്റെ പ്രസംഗം കേട്ടതോടെ ആവേശഭരിതനായി അധ്യാപക ജോലി രാജിവെച്ച് സജീവരാഷ്ട്രീയപ്രവർത്തകനായതാണ് ഗോപാലൻ. തിരുമുമ്പും എ.കെ.ഗോപാലനും നയിച്ച ജാഥ ഫറോക്ക് വരെ നടന്നും ഫറോക്ക് മുതൽ തിരൂർവരെ ട്രെയിനിലും തുടർന്ന് വീണ്ടും കാൽനടയായുമാണ് ഗുരുവായൂരിലെത്തിയത്. മലബാർ കലാപത്തിന്റെ മുറിവുണങ്ങിയിയിട്ടില്ലാത്ത ഏറനാട്ടിൽ എന്തെങ്കിലും അനിഷ്ടസംഭവമുണ്ടായേക്കുമോ എന്ന ആശങ്കയാണ് ഫറോക്ക് മുതൽ തിരൂർവരെ യാത്ര ട്രെയിനിലാക്കാൻ കാരണം.

ഗുരുവായൂർ സത്യഗ്രഹസമരം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് തിരുമുമ്പിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ടി.ആർ.കൃഷണസ്വാമി അയ്യർ പത്രാധിപരായ യുവഭാരതം എന്ന മാസികയിൽ തിരുമുമ്പ്് ആയിടെ എഴുതിയ ‘കഴിഞ്ഞ ധർമയുദ്ധത്തിന്റെ നിരീക്ഷണം’ എന്ന കവിത രാജ്യദ്രോഹമാണെന്നാണ് സർക്കാർ ആരോപിച്ചത്. കൃഷ്ണസ്വാമി അയ്യരെയും അറസ്റ്റ്‌ ചെയ്തു. കോടതിയിൽ രാജ്യദ്രോഹകുറ്റത്തിന് വിചാരണനടന്നു. മഹാകവി കുട്ടമത്തും ഭാഷാപണ്ഡിതനായ കുട്ടികൃഷ്ണമാരാരും കോടതിയിൽ ഹാജരായി ആ കവിതയിൽ രാജ്യദ്രോഹം ആരോപിക്കത്തക്ക പരാമർശങ്ങളോ വിവക്ഷകളോ ഒന്നുമില്ലെന്ന് വ്യക്തമാക്കി മൊഴിനൽകി. എന്നാൽ സാമ്രാജ്യത്വത്തിന്റെ കോടതി അത്‌ വകവെച്ചില്ല. കവിതയെഴുതിയതിന്റെ പോരിൽ തിരുമുമ്പിന് ഒമ്പത് മാസം തടവ്, പ്രസിദ്ധപ്പെടുത്തിയതിന് കൃഷ്ണസ്വാമി അയ്യർക്കും ഒമ്പത് മാസം തടവ്.

ആ കവിത ഇങ്ങെയായിരുന്നു..
തീണ്ടാടിവന്ന പരദേശികളേ, ഭവാന്മാർ‐
ക്കുണ്ടാകുമോ കരുണ ഞങ്ങളിലെന്തുകൊണ്ടും
കൊണ്ടാടി നാടിതുഭരിച്ചതു കണ്ടു, വേണ്ട
വേണ്ടാ മടങ്ങുകിനി വന്ന വഴിക്കുതന്നെ

പൊന്നുംപണങ്ങളുമസംഖ്യതമം കവർന്ന്്്
തിന്നുള്ളൊരീ ഭരണരാക്ഷസ നീചനീചർ
ചിന്നുംമദത്തൊടു ജനങ്ങടെ ജീവരക്ത‐
മെന്നുംകുടിച്ച്് കരിനാവു വലിച്ചിഴയ്പ്പൂ

ആ രാജമാനസ ഗുണൻ ജനകന്റെ രാജ്യ‐
രാധ്യബുദ്ധമുനിതൻ തിരുവാസഭൂമി
ശ്രീരാമചന്ദ്രനുടെ ജന്മധാത്രി, കഷ്ട‐
മീരാക്ഷസർക്കൊരു നികേതനമായിതല്ലൊ.

ഒമ്പത് മാസത്തെ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും ഗുരുവായൂർസമരം തുടരുകയായിരുന്നു. ഇല്ലത്തേക്കല്ല, സമരഭൂമിയിലേക്കുതന്നെയാണ് തിരുമുമ്പ് എത്തിയത്. അപ്പോഴേക്കും സമരസമിതിവക ഒരു തീരുമാനം. സമരത്തിന് പിന്തുണതേടി തിരുവിതാംകൂറിലേക്ക് ജാഥ പോകണം. ജാഥ നയിക്കേണ്ടത് മറ്റാരുമല്ല, തിരുമുമ്പുതന്നെ. എ.കെ.ജി.ക്യാപ്റ്റൻ. മന്നത്ത് പത്മനാഭൻ പയലറ്റ്. പദയാത്ര ഓരോ കേന്ദ്രത്തിലുമെത്തുമ്പോൾ പ്രസംഗിക്കുക, മറ്റാരെങ്കിലും ഇംഗ്ലീഷിൽ പ്രസംഗിക്കുകയാണെങ്കിൽ അത് തർജമ ചെയ്യുക, കവിതയെഴുതി അവതരിപ്പിക്കുക, തന്റെയും കേളുനായർ ഉൾപ്പെടെയുളളവരുടെയും ദേശഭക്തിഗാനങ്ങൾ ആലപിക്കുക‐ ഇതെല്ലാമാണ്് ജാഥയിലുടനീളം തിരുമുമ്പ് ചെയ്തുപോന്നത്.

ഈ ജാഥയെല്ലാം കഴിഞ്ഞ് കുറച്ചുകാലത്തിനുശേഷമാണ്, 1934 ഏപ്രിൽ 13‐നാണ് കരിവെളളൂരിൽ എ.വി.കുഞ്ഞമ്പു അഭിനവഭാരത് യുവക് സഘം രൂപവൽക്കരിക്കുന്നത്. അതിൽചേരുന്നതിനുള്ള പ്രായപരിധി കഴിഞ്ഞെന്നതിനാൽ തിരുമുമ്പിന് അംഗത്വം ലഭിക്കില്ല. രൂപീകരണസമ്മേളനത്തിന്റെ സദസ്സിൽ അദ്ദേഹം ഇരിക്കുന്നുണ്ട്. സമ്മേളനത്തിൽ കവിത വായിക്കാൻ തിരുമുമ്പിനും ക്ഷണമുണ്ട്. അദ്ദേഹം കവിത ചൊല്ലുകയാണ്.

“തലനരയ്ക്കുവതല്ലെന്റെ വൃദ്ധത്വം
തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും
പിറവിതൊട്ടുനാളെത്രയെന്നെണ്ണുമ‐
പ്പതിവുകൊണ്ടല്ലളപ്പതെൻ യൗവനം
വിഷമഘട്ടത്തിലേതിലും ചെറ്റുമേ
പതറിടാത്ത ഹൃദന്തമെൻ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ
തലകുനിക്കാത്ത ശീലമെൻ യൗവനം
ധനികധിക്കൃതിതൻ കണ്ണുരുട്ടലിൽ
പനിപിടിക്കാത്ത ശീലമെൻ യൗവനം
വിരവൊടക്രമം ചീറ്റിയടുക്കുമ്പോൾ
പൊരുതുവാനാഞ്ഞെത്തുമക്ഷമ”
വഴിമുടക്കുന്ന മാമൂൽതലകളെ
പിഴുതെടുക്കുന്ന തീവ്രാസഹിഷ്ണുത
പ്രതിനിമിഷം വളരാൻ വികസിക്കാൻ
കൊതിപെരുകിയുഴറുമശാന്തത
അവശലോകത്തെ ഞെക്കിഞെരുക്കുന്ന
ദുരധികാരത്തെ വെല്ലുവിളിക്കുവാൻ
പ്രഭുതതൻ വിഷപ്പല്ലുപറിക്കുവാൻ
വിഭുതയാളുമമോഘസുധീരത
വിവിധ ദുഃഖങ്ങളാർത്തടുക്കുമ്പോഴും
വിരളവാവാത്ത ദുർദ്ധഷ വിക്രമം
അലസത ചളി തേക്കാത്ത ജീവിതം
ഭയമൊരിത്തിരി തീണ്ടാത്ത പൗരുഷം
ജയലഹരിയിൽ മങ്ങാത്ത തന്റേടം
അപജയത്തിൽ കലങ്ങാത്ത സൗഹൃദം
ഇവയെഴുന്നോർ സദാപി യുവാക്കന്മാ‐
രിവയെഴാത്തവർ വൃദ്ധരിൽ വൃദ്ധരും

നിരുപമം യുവലോകമുഛൃംഖലം
സമരസന്നാഹമുണ്ടൊന്നൊരുക്കുന്നു
ഉദധിയേഴും കലങ്ങിമറിയുമാ‐
റഖിലലോകവും ഞെട്ടുന്ന മട്ടിലും
പഴകി ജീർണിച്ചൊരീ സ്സമുദായത്തിൻ‐
ഘടന മാറ്റിപ്പുതുക്കിപ്പണിയുവാൻ
ഒരുമയോടൊരുമ്പെട്ട യുവത്വത്തിൻ‐
സമരകാഹളമുണ്ടതാ കേൾക്കുന്നു
അലയടിച്ചാർത്തിരമ്പുന്ന വിപ്ലവ‐
ക്കടലിളകി മറിഞ്ഞുവരുന്നതാ!
കരുതിനിൽക്കുക! ദുഷ്ട സാമ്രാജ്യമേ!
കരുതിനിൽക്കുക! ദുഷ്ട പ്രഭുത്വമേ!
നിജനനിജാധികാരായുധമൊക്കെയും,
നിജശിരസ്സുറ്റുവീഴുന്നതിൻമുമ്പേ,
അണിനിരന്ന യുവജനശക്തിതൻ
നികടഭൂവിലടിയറ വെക്കുക!

ഈ കവിത കേരളത്തിലെ പുരോഗമനപ്രസ്ഥാനത്തിന്റെ വളർച്ചയിൽ എത്രമാത്രം സ്വാധീനശക്തിയായി മാറിയെന്നത് ചരിത്രം. 1938 ജൂൺ 30‐ന്റെ ലക്കം പ്രഭാതത്തിൽ അടിയറവെക്കുക എന്ന തലക്കെട്ടിൽ ഈ കവിത പൂർണരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ നാലുവരിക്കുശേഷം കവിത ചുരുക്കിയും വരികൾവിട്ടുമൊക്കെയാണ് പിൽക്കാലത്ത് ഉദ്ധരിക്കാറെന്നതിനാലണ് പ്രഭാതത്തിൽനിന്നും കവിത അതേപടി മുകളിൽ എടുത്തുചേർത്തത്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന്റെ കേളികൊട്ടുപോലെ കാസർഅതിന്റെ ലക്ഷ്യങ്ങളിലൊന്ന്. അതിന്റെ ലക്ഷ്യങ്ങളിലൊന്ന്. കാസർകോട്‌ താലൂക്കിലെ എല്ലാ ഗ്രാമത്തിലൂടെയും കടന്നുപോയ ഒരു ജാഥ‐ മുപ്പതുകളുടെ മധ്യത്തിൽ നടന്നു. തിരുമുമ്പ് തന്നെയാണ് ആ ജാഥയും നയിച്ചത്. കെ.മാധവനടക്കമുള്ളവരടങ്ങിയ ജാഥ, എ.വി.കുഞ്ഞമ്പുവും മൊയാരത്ത് ശങ്കരനും ഭാരതീയനുമെല്ലാം പ്രാസംഗികർ. ജന്മിത്തത്തിനെതിരെ അന്തിമസമരപ്രഖ്യാപനവുമായി ജാഥ. ജന്മിത്തത്തിനെതിരെ നടത്തുന്ന ജാഥയിലെ നേതാക്കൾ മിക്കവരും നാട്ടിലെ പ്രമുഖജന്മികുടുംബങ്ങളിലെ ഇളമുറക്കാർ. തിരുമുമ്പും കോടോത്ത് നാരായണൻനായരും കെ.മാധവനും സി.എം.കുഞ്ഞിരാമൻനായരും…. ജാഥ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞപ്പോൾ ഇടനീർ മഠത്തിൽനിന്ന്് മൃഷ്ടാന്നം ഭക്ഷണം കിട്ടുന്നതിന് തിരുമുമ്പിന്റെ ശ്ലോകം പ്രയോജനപ്പെട്ടതും ചരിത്രത്തിന്റെ ഭാഗം. ഇടനീർമഠം കാസർകോടിന്റെ വടക്കൻമേഖലയിലെ ഏറ്റവും വലിയ ഭൂവുടമകളാണ്‌ (കേശവാനന്ദഭാരതി കേസ് ഈ മഠവുമായി ബന്ധപ്പെട്ടതാണ്). ജന്മിത്തം അവസാനിപ്പിക്കണം എന്ന മുദ്രാവാക്യം അവർക്കെതിരാണ്. ഭക്ഷണത്തിന് മഠത്തെ ആശ്രയിക്കുന്നതെങ്ങനെ. അവരിൽനിന്നും കാരുണ്യം പ്രതീക്ഷിക്കാമോ.. സംഘത്തിന് ആ മേഖലയിലെവിടെയും ഒരു ഘടകമെന്നല്ല, ഒരനുഭാവിപോലുമില്ലാത്ത കാലമാണ്. മഠാധിപതിയെ സ്തുതിക്കുന്ന ഒരു സംസ്കൃതശ്ലോകം നിമിഷങ്ങൾക്കകം തിരുമുമ്പ് സംസ്കൃതത്തിൽ രചിക്കുന്നു, മനസ്സിൽ. അത് കെ.മാധവൻ ദേവനാഗരി ലിപിയിലാക്കുന്നു. വലിയ ഭക്ത്യാദരങ്ങളോടെ ജാഥാംഗങ്ങൾ മഠത്തിലെത്തുന്നു. മുദ്രാവാക്യങ്ങളില്ല. ശ്ലോകം സമർപ്പിക്കുന്നു. പായസവും പപ്പടവും ഉപ്പേരിയുമടക്കമുള്ള സദ്യയുണ്ട് നിറയുന്നു. തിരിച്ച് ഗേറ്റിന് പുറത്തെത്തിയതും ജന്മിത്തം തുലയട്ടേ എന്ന മുദ്രാവാക്യവും!.

1941 മാർച്ചിൽ കയ്യൂർസംഭവം നടക്കുമ്പോൾ തിരുമുമ്പ് ജയിലിലായിരുന്നു. 1940 സെപ്‌റ്റംബർ 15‐ന്റെ സംഭവങ്ങളുമായി ബന്ധപ്പെട്ട് കയ്യൂരിൽ നടത്തിയ ഒരു പ്രസംഗത്തെ തുടർന്ന്് ആ വർഷം അവസാനം അറസ്റ്റിലായ തിരുമുമ്പിനെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ച് ജയിലിലടച്ചിരുന്നു. അതിനൊക്കെ ശേഷമാണ് കയ്യൂർ ചെറുത്തുനിൽപ്പും സംഭവങ്ങളും. ജയിലിന് പുറത്തായിരുന്നെങ്കിൽ ഉറപ്പായും കയ്യൂർക്കേസിൽ പ്രതിയാവുകയും തൂക്കിക്കൊല്ലുകയും ചെയ്തേനെയെന്ന് തിരുമുമ്പ് പിൽക്കാലത്ത് അനുസ്മരിക്കുകയുണ്ടായി.

ജയിൽമുക്തരായി പുറത്തുവന്ന തിരുമുമ്പ് സഹോദരങ്ങൾക്ക് തറവാട്ടിലെ മേധാവികൾ ക്ഷേത്രപ്രവേശനം നിഷേധിച്ചു. 18 ക്ഷേത്രങ്ങളുള്ള തറവാടാണ്. തിരുമുമ്പ് സഹോദരങ്ങൾ കുട്ടമത്ത് ക്ഷേത്രത്തിൽ പ്രവേശിച്ച് തൊഴുത് തിരിച്ചുപോയപ്പോൾ പുണ്യാഹം തളിക്കപ്പെട്ടു. മൂന്നുദിവസം ഇതാവർത്തിച്ചപ്പോൾ 41 ദിവസത്തെ അഖണ്ഡജപത്തിനാണ് വന്നതെന്ന് പ്രഖ്യാപിച്ച് സമരംനടത്തുകയായിരുന്നു അവർ.

കർഷകസംഘവും കമ്യൂണിസ്റ്റ് പാർട്ടിയും കാസർകോട് താലൂക്കിൽ രൂപംകൊള്ളുന്നതിന് മുമ്പാണ് കാറഡുക്കയിൽ അഥവാ കാടകത്ത് വനസത്യാഗ്രഹം നടന്നത്. എ.വി.കുഞ്ഞമ്പുവടക്കമുള്ള യുവകോൺഗ്രസ് നേതാക്കളാണതിന് നേതൃത്വം നൽകിയത്. ആ സമരവുമായി ആശയപരമായി ബന്ധമുള്ള ഒരു സമരമാണ് 1945‐46 കാലത്ത് തിരുമുമ്പ്‐കെ.മാധവൻ നേതൃത്വംനൽകുന്ന കർഷകസംഘം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീമേനി‐കയ്യൂർ മേഖലയിൽ നടന്ന തോൽവിറക് സമരം. വനങ്ങളിലെ വിറകും വളത്തിനായി പച്ചിലയും മറ്റും നാട്ടുകാർക്ക് സൗജന്യമായി ശേഖരിക്കുന്നതിന് കാലാകാലമായി അവകാശമുളളതാണ്. താഴേക്കാട്ടുമനവകയായിരുന്ന അയ്യായിരത്തിലധികം ഏക്കർ സ്ഥലം തിരുവിതാംകൂറിൽനിന്നെത്തിയ ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി നിസ്സാരവിലകൊടുത്ത് വാങ്ങി എസ്റ്റേറ്റാക്കുന്നു. ക്ലായിക്കോട്, തിമിരി, ചെറുവത്തൂർ, കയ്യൂർ മേഖലയിലെ ജനങ്ങൾ പച്ചിലവളത്തിനും വിറകിനും ആശ്രയിക്കുന്നസ്ഥലം. കൊട്ടുകാപ്പള്ളി ചീമേനി എസ്റ്റേറ്റ് എന്ന ബോർഡുവെച്ചതോടെ ജനത്തിന് അവിടെ പ്രവേശനം നിഷേധിക്കപ്പെട്ടു. പ്രാചീനകാലംമുതലേയുള്ള അവകാശത്തിേന്മലുള്ള ഈ കയ്യേറ്റത്തെ കർഷകസംഘം ചെറുത്തു. നിരോധനാജ്ഞ ലംഘിച്ച് സ്ത്രീകളും പുരുഷന്മാരും സംഘടിതമായി കാട്ടിൽ കയറി വനവിഭവങ്ങൾ ശേഖരിച്ചു. നേതൃത്വംനൽകിയ ടി.കെ.ചന്തനടക്കുമുള്ളവരെ പോലീസ് അറസ്റ്റ്‌ ചെയ്ത് മർദിച്ചു. സമരം കൂടുതൽ വ്യാപിച്ചു. കൃഷ്ണപിള്ള നേരിട്ട് സ്ഥലത്ത് ക്യാമ്പ്ചെയ്ത് നിർദേശങ്ങൾ നൽകി. കർഷകസംഘം സംസ്ഥാന സെക്രട്ടറി കേരളീയൻ ചീമേനിയിൽ ക്യാമ്പ് ചെയ്തു.

‘തോലും വിറകും ഞങ്ങളെടുക്കും
കാലൻ വന്നുതടുത്തെന്നാലും
കാവൽക്കാരേ സൂക്ഷിച്ചോളിൻ
പാവങ്ങളെ മെയ് തൊട്ടുകളിച്ചാൽ
അരിവാൾ തോലരിയാനായി മാത്രം
പരിചൊടു കയ്യിൽ കരുതിയതല്ല’

എന്ന തിരുമുമ്പിന്റെ കവിത മുദ്രാവാക്യമായി വിളിച്ചാണ് തിരുമുമ്പിന്റെതന്നെ നേതൃത്വത്തിൽ വനപ്രവേശസമരം നടത്തിയത്. സ്ത്രീകളെ അണിനിരത്തിയാണ് സമരം നടത്തിയത്. ചെട്ടിച്ചിപ്പാറു, മാരാത്ത് പാർവതി, എടാടംവീട്ടിൽ മാധവി, മീത്തൽവീട്ടിൽ ലക്ഷ്മി, വാണിയത്ത് ചെറിയ തുടങ്ങിയവർ ധീരോദാത്തമായി തോൽവിറക്് സമരത്തെ നയിച്ചു. കേരളീയൻ, തിരുമുമ്പ്, യു.നാരായണൻ നായർ, കെ.ടി.കുമാരൻ, ടി.കെ.ചന്തൻ, സി.കൃഷ്ണൻനായർ, നാപ്പയിൽ കുഞ്ഞമ്പു തുടങ്ങിയവരായിരുന്നു സമരനേതാക്കൾ. സി.കൃഷ്ണൻനായരടക്കമുള്ള ആറുപേർക്കെതിരെയാണ് കേസെടുത്തത്. കർണാടകയിലെ പുത്തൂരിലെ കോടതിയിലാണ് കേസുനടന്നത്. എത്രയോ മണിക്കൂറുകളോളം വനത്തിലൂടെ നടന്നാണ് പുത്തൂരിലെ കോടതിയിലേക്ക് സഖാക്കൾ പോയത്…

ഉത്തരകേരളത്തിലാകെ ആവേശംവിതച്ചതും വിജയത്തിലെത്തിയതുമായ ഈ സമരത്തെക്കുറിച്ച് തിരുമുമ്പ് എഴുതി:

നൂറുനൂറായന്നും കാട്ടിൽ ധീരകർഷകസ്ത്രീകൾ‐
കേറിപ്പാട്ടും മുദ്രാവാക്യവുമുദ്ഘോഷിച്ചുംകൊണ്ടവർ
പെണ്ണുങ്ങടെ പിന്നാലെ നാട്ടാർ തിണ്ണമന്നു കാടേറി
പെണ്ണുങ്ങളെ നേർക്കാശു ചാടിവീണാലോ പോലീസെങ്ങാൻ
എന്താവേശ!മെന്തുേന്മഷ‐മെന്തൊരാഹ്ലാദഘോഷം
ഹന്ത! തൊലുംവിറകുംകെട്ടി പെണ്ണുങ്ങൾ പുറപ്പാടായ്!
ചിത്രാർപ്പിതരൂപങ്ങൾപോലെ തത്ര നില്പായി
സത്രപം പോലീസും പോലീസൊറ്റുകാർ, കാവൽക്കാരും!
മിണ്ടീലാരും, തൊട്ടീലാരും നാവും കയ്യും പൊന്തീല്ല!
കണ്ടോ! നിങ്ങളാരാനുമാരംഗം ചങ്ങാതിമാരേ!
ഇങ്ക്വിലാബ് സിന്ദാബാദെന്നുള്ളൊരാർപ്പിൻ ഘോഷങ്ങൾ
ഇന്നും മാറ്റൊലിക്കുന്നുണ്ടാക്കാട്ടിലെ ഗുഹകളിൽ……

തൊള്ളായിരത്തി നാല്പതുകളുടെ മധ്യഘട്ടത്തിൽ അഖിലകേരള കിസാൻസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു തിരുമുമ്പ്. യുദ്ധം സൃഷ്ടിച്ച ദുരിതങ്ങൾ നേരിടാൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവൽക്കരിച്ച റിലീഫ് കമ്മിറ്റിയുടെ സെക്രട്ടറി, അഖിലകേരള ഫുഡ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ദുരതാശ്വാസപിരിവിനായി തിരുമുമ്പും എ.കെ.ജി.യും ശ്രീലങ്കയിൽ പര്യടനംനടത്തുകയുണ്ടായി. തെലങ്കാനമേഖലയിലും പാർട്ടി തീരുമാനപ്രകാരം പര്യടനം നടത്തുകയുണ്ടായി.

ഇങ്ങനെയെല്ലാം കേരളത്തിൽ കർഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർട്ടിയും കെട്ടിപ്പടുക്കാൻ ത്യാഗോജ്ജ്വലമായ നേതൃത്വം നൽകിയ, അനന്യസാധാരണമായ സേവനം ചെയ്ത തിരുമുമ്പ് ഏറ്റവും നിർണായകമായ ഒരു ഘട്ടത്തിൽ പാർട്ടിവിടുകയും അത് പരസ്യപ്പെടുത്തി പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കുകയുംചെയ്തു. കൊൽക്കത്തയിൽനടന്ന പാർട്ടിയുടെ രണ്ടാം കോൺഗ്രസ്സിൽ കാസർകോട്ടുനിന്നുള്ള പ്രതിനിധികളായിരുന്നു തിരുമുമ്പും കെ.മാധവനും. നാട്ടിൽത്തന്നെ നിൽക്കേണ്ട സാഹചര്യമുള്ളതിനാൽ കൃഷ്ണപിള്ളയുടെ നിർദേശാനുസരണം യാത്ര റദ്ദാക്കുകയായിരുന്നു മാധവൻ. കോൺഗ്രസ്സിൽ പങ്കെടുത്ത തിരുമുമ്പ് കൊൽക്കത്ത തീസിസ് എന്നറിയപ്പെട്ട രാഷ്ട്രീയപ്രമേയത്തെ ശക്തമായി എതിർക്കുകയായിരുന്നു. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് തിരിച്ചെത്തിയ തിരുമുമ്പ് കാസർക്കോട്ട് താലൂക്കിലെ പാർട്ടി യോഗങ്ങളിൽ റിപ്പോർട്ടിങ്ങ് നടത്തിയപ്പോൾ ബലംപ്രയോഗിച്ച് നെല്ലെടുപ്പ് സമരം നടത്തൽപോലുള്ള സമരങ്ങൾക്ക് ആഹ്വാനംചെയ്തില്ല. അഥവാ അക്കാര്യം വേണ്ടവിധത്തിൽ വ്യക്തമാക്കിയില്ല. ഗറില്ലാസമരരൂപത്തിലുള്ള സമരം ശരിയല്ലെന്ന നിലപാടാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. നെഹ്റുവിനെയും സ്വതന്ത്ര ഇന്ത്യാ ഗവൺമെന്റിനെയും പൂർണമായും നിരാകരിക്കാനും അദ്ദേഹം ഒരുക്കമായിരുന്നില്ല. എന്നാൽ പാർട്ടി ആഹ്വാനപ്രകാരം നെല്ലെടുപ്പ് സമരം കാസർകോട് മേഖലയിലും നടത്തി. നെല്ലിന് വിലനൽകിയാണെന്ന് മാത്രം. വിലയാകട്ടെ ജന്മി, സംഘത്തിനുതന്നെ തിരിച്ചുനൽകുന്ന അനുഭവവുമുണ്ടായി. ഇതിനിടെ ഒളിവിൽപോയ തിരുമുമ്പ്് മടിക്കൈയിൽവെച്ച് അറസ്റ്റിലായി. അറസ്റ്റല്ല, കീഴടങ്ങൽ തന്നെയായിരുന്നു. തിരുമുമ്പ് പോലീസിൽ വാചികമായും രേഖാമൂലവും നൽകിയ മൊഴിയുടെ ചുരുക്കം ഇങ്ങനെ: “എന്റെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയും കമ്മ്യൂണിസ്റ്റ് പാർട്ടി മലബാറിൽ സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചും ജില്ലാ കമ്മിറ്റിക്ക് ഞാൻ കത്തെഴുതി. വടക്കേ മലബാറിൽ നടക്കുന്ന കൊള്ളകളും പോലീസിനെതിരായ ആക്രമണങ്ങളും ഗറില്ലാസമരവും സായുധസമരങ്ങളുമെല്ലാം എനിക്ക് അരോചകമായി തോന്നി. പാർട്ടിതന്നെ മുങ്ങുവാൻപോവുകയാണെന്നും തോന്നിച്ചു. ചിറയ്ക്കലിലും മറ്റും സ്വീകരിച്ച നടപടികളെ ന്യായീകരിച്ചും നെഹ്റു ഗവർമെന്റിൽ വിശ്വാസമർപ്പിക്കുന്ന കാസർകോട് പാർട്ടിയുടെ നിലപാട് റിവഷനിസമാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടും ജില്ലാ കമ്മിറ്റി എനിക്ക് കത്തയച്ചു. ജനകീയതയ്ക്കു വിരുദ്ധമായ ഇത്തരം ദുരുപദിഷ്ടമായ നയം സ്വീകരിച്ചതിനെ വിമർശിച്ചുകൊണ്ട്് ഞാനെന്റെ വിയോജനക്കുറിപ്പ് അയച്ചു. അതിനുശേഷം ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള എല്ലാബന്ധവും വിഛേദിക്കുവാനും തെക്കൻ കർണാടക ജില്ലാ കളക്ടർക്കും മദ്രാസ് പ്രധാനമന്ത്രിക്കും കത്തയക്കാനും തീരുമാനിച്ചു.’

1948 മെയ് 21‐നാണ്് തിരുമുമ്പ് പാർട്ടിയെ ഒറ്റുകൊടുക്കുന്ന നിലയിലുള്ള കത്തെഴുതിയത്. ഏതാനും മാസത്തിന് ശേഷം ജയിൽമോചിതനായ തിരുമുമ്പ് പിന്നീട്് പൂർണമായും ഭക്തകവിയായി. ദേവീഭാഗവതം തർജമചെയ്യുന്നതിൽ മുഴുകി.

കൊൽക്കത്താ തീസിസുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും നേരത്തതന്നെ അന്വേഷണ ഏജൻസികൾക്ക് ലഭ്യമായിരുന്നെങ്കിലും പാർടിയുടെ അകത്തുനിന്നുതന്നെ വലിയൊരു തെളവ് ലഭിക്കുന്നത് തിരുമുമ്പിന്റെ കത്തിലൂടെയാണ്. ആ കത്ത് മദ്രാസ് സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കുന്നതിനുള്ള തെളിവുകളിലൊന്നായി എടുത്തുകാട്ടപ്പെട്ടു.

തിരുമുമ്പിന് വിയോജിപ്പുണ്ടായിരുന്ന കൊൽക്കത്താ തീസിസ് പൂർണമായും അബദ്ധവും ആത്മഹത്യാപരവുമായിരുന്നുവെന്ന് മൂന്നുവർഷത്തിനകം പാർട്ടി വിലയിരുത്തുകയും ആ നയത്തിന്റെ ഉപജ്ഞാതാവായ ബി.ടി.രണദിവെയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. നയപരമായി തിരുമുമ്പിന്റെ സമീപനം ഏറെക്കുറെ ശരിയായിരുന്നെങ്കിലും സംഘടനാപരമായി പാർട്ടിയെ പൂർണമായി വഞ്ചിക്കുകയും സഹപ്രവർത്തകരെയടക്കം ചതിക്കുകയുമാണ് ചെയ്തത്. ഇക്കാര്യം എടുത്തുപറഞ്ഞുകൊണ്ടുതന്നെ അദ്ദേഹം പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി നടത്തിയ പ്രവർത്തനങ്ങളെ കമ്മ്യൂണിസ്റ്റുകാർ ആവേശപൂർവം അനുസ്മരിക്കുന്നു.

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − 7 =

Most Popular