Friday, November 22, 2024

ad

Homeചിത്രകലരാജാരവിവർമയുടെ കലാപ്രപഞ്ചം

രാജാരവിവർമയുടെ കലാപ്രപഞ്ചം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

തിരുവനന്തപുരത്ത്‌ ഇന്നത്തെ മ്യൂസിയം വളപ്പിനുള്ളിൽ തിരുവിതാംകൂർ സർക്കാർ 1897ലാണ്‌ രാജാരവിവർമയുടെ ചിത്രങ്ങൾ ആദ്യമായി പ്രദർശിപ്പിക്കുന്നതും പിന്നീട്‌ ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്ത്‌ ചിത്രാലയം ആർട്ട്‌ ഗ്യാലറിയായി തുടക്കമിടുന്നതും. ആർട്ട്‌ ഗ്യാലറി പിൽക്കാലത്ത്‌ പല പരിഷ്‌കാരങ്ങളിലൂടെ വിപുലപ്പെടുത്തപ്പെട്ടെങ്കിലും രാജാരവിവർമയുടേതടക്കമുള്ള ചിത്രങ്ങൾ ശേഖരിച്ച്‌ പ്രദർശിപ്പിച്ചുവെങ്കിലും ലോകോത്തര നിലവാരമുള്ള ഗ്യാലറിയായി ഉയർത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നാൽപതുവർഷമായി ഇതിനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരാണ്‌ അത്‌ സഫലമാക്കിയിരിക്കുന്നത്‌. രാജാരവിവർമയുടെ 46 പെയിന്റിംഗുകളും അത്യപൂർവമായ പെൻസിൽ രേഖാചിത്രങ്ങളും അദ്ദേഹത്തിന്റെ അനുജൻ രാജരാജവർമയുടെയും സഹോദരി മംഗളാഭായി തന്പുരാട്ടിയുടെയും സമകാലിക ചിത്രകാരരുടേതുമുൾപ്പെടെ 135 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന അന്തർദേശീയ നിലവാരമുള്ള ഗ്യാലറിയാണ്‌ 2023 സെപ്‌തംബർ 25ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തത്‌. രാജാരവിവർമയുടെ ചിത്രങ്ങളെ വേണ്ടവിധം സംരക്ഷിക്കാനും നമ്മുടെ പാരന്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളപ്പെടുത്തലുകളെ വേണ്ടപോലെ പരിപാലിക്കാനും ഈ സർക്കാരിനു കഴിഞ്ഞു.

രാജകൊട്ടാരങ്ങളിലും ധനികരായ സ്വകാര്യവ്യക്തികളുടെ ബംഗ്ലാവുകളിലും ദേവാലയങ്ങളിലെ ഇടനാഴികളിലുമൊക്കെ തടവിലാക്കപ്പെട്ട ഭാരതീയ ചിത്രകലയ്‌ക്ക്‌ മോചനം നൽകുകയും സാമാന്യജനങ്ങളിലേക്ക്‌‐ അവരുടെ വീടുകളിലേക്ക്‌ ചിത്രങ്ങൾ എത്തിക്കുകയും ചെയ്‌ത നമ്മുടെ അഭിമാനമാണ്‌ വിശ്വോത്തര ചിത്രകാരനായ രാജാരവിവർമ. ഇതിഹാസങ്ങളിൽനിന്നും പുരാണങ്ങളിൽനിന്നുമുള്ള ദേവീദേവതാ രൂപങ്ങളെ സമകാലീന ഇടങ്ങളിലേക്ക്‌ എത്തിച്ചതിലൂടെ കലയിലെ നവോത്ഥാന നായകനും ആധുനിക ചിത്രകലയുടെ പ്രയോക്താവുമായി രാജാരവിവർമ മാറുകയായിരുന്നു. ഒപ്പം ഭാരതീയ ചിത്രകലയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ചിത്രകലയിലെ രാജാവും.

കലാലോകത്തോട്‌ വിടപറഞ്ഞ്‌ ഒരു നൂറ്റാണ്ട്‌ കഴിഞ്ഞിട്ടും രാജാരവിവർമയുടെ കലാലോകത്തെയും രചനാശൈലിയെയും കുറിച്ചുള്ള ചർച്ചകളും പഠനങ്ങളും ഇപ്പോഴും തുടരുകയാണ്‌. കാലഘട്ടത്തിലൂന്നിയുള്ള വ്യത്യസ്‌തമായ രാഷ്‌ട്രീയ‐സാമൂഹ്യ‐സാംസ്‌കാരിക ചുറ്റുപാടുകളിലും വ്യത്യസ്‌തമായ കലാസങ്കൽപത്തിന്റെ വെളിച്ചത്തിലുമാണ്‌ രാജാരവിവർമയുടെ കല വിലയിരുത്തപ്പെടുന്നത്‌‐ സവിശേഷമായ ചരിത്രപ്രസക്തി ചർച്ചചെയ്യപ്പെടുന്നത്‌.

ആചാരാനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രരചനയും ശിൽപരൂപ നിർമാണങ്ങളുമാണ്‌ ചിത്രകാരന്റെ ധർമമെന്ന കാഴ്‌ചപ്പാട്‌ പൂർണമായും വിട്ടുമാറാത്ത കാലത്താണ്‌ സ്വതന്ത്രമായി, നമ്മുടെ സംസ്‌കാരത്തനിമ പ്രകടമാക്കി ശൈലീകൃതമായ ഒരു ചിത്രഭാഷ രവിവർമ സ്വരൂപിച്ചത്‌. ചിത്രകാരന്‌ സമൂഹത്തിൽ അർഹമായ സ്ഥാനം ലഭിക്കുവാനും കല ജനങ്ങളിലേക്കെത്തിക്കാനും അവസരമൊരുക്കിയതിന്റെ പ്രഭാവം എക്കാലവും അദ്ദേഹത്തിന്‌ അവകാശപ്പെട്ടതാണ്‌. ചിത്രകലയുടെ രചനാസങ്കേതങ്ങളിലെ പ്രത്യേകതയായ നിഴലിനും വെളിച്ചത്തിനും തിളക്കം നൽകുക മാത്രമല്ല പ്രസാദാത്മകമായി അവതരിപ്പിക്കുന്നതിലും രവിവർമയുടെ സ്ഥാനം വിശ്വോത്തരരായ കലാകാരരോടൊപ്പം ഇഴചേർന്നു നിൽക്കുന്നു. യൂറോപ്യൻ അക്കാദമിക്‌ റിയലിസ്റ്റിക്‌ (യഥാതഥമായ) എണ്ണച്ചായ ചിത്രങ്ങളുടെ ആവിഷ്‌കാരത്തിൽ ലോകമെന്പാടും പ്രശസ്‌തിയാർജിച്ച രാജാരവിവർമയുടെ രചനകൾ എക്കാലവും രൂപവർണ പ്രത്യേകതകളാൽ ശ്രദ്ധേയമായിരുന്നു. ചിത്രതലത്തിൽ രൂപങ്ങളുടെ സ്ഥാനം, നിറങ്ങളുടെ ലയനരീതി, പെഴ്‌സ്‌പെക്ടീവ്‌ സിദ്ധാന്തം, നിഴലും വെളിച്ചത്തിന്റെയും അവതരണം, യഥാതഥമായ രൂപനിർമിതിയും പ്രയോഗരീതിയും എന്നിവകൊണ്ട്‌ രവിവർമ ചിത്രങ്ങൾ എക്കാലവും വേറിട്ട അനുഭവങ്ങളായി മികച്ചുനിന്നു, ഛായാചിത്ര രചനയിലും പുരാണേതിഹാസ‐വിഷയ ചിത്രരചനയിലും പ്രകൃതിദൃശ്യരചനയിലുമൊക്കെ.

മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയും തെക്കേ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ കെടുകാര്യസ്ഥതയും ഭരണത്തിലെന്നപോലെ കലാരംഗത്തും തകർച്ചയുണ്ടാക്കുകയും യൂറോപ്യൻ ചിത്രരചനാ ശൈലിയുടെ പകിട്ടിൽ നാട്ടുരാജാക്കന്മാർ ആകൃഷ്‌ടരാവുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ഈ കാലഘട്ടത്തിലാണ്‌ രാജാരവിവർമ ചിത്രകലാരംഗത്തേക്ക്‌ കടന്നുവന്നത്‌.

നവോത്ഥാനകാലത്തെ ഇറ്റാലിയൻ ചിത്രങ്ങളുടെ പകർപ്പുകൾ കാണുകയും രചനാരീയതി മനസ്സിലാക്കുകയും ചെയ്‌ത രവിവർമ ഭാരതീയ ക്ലാസിക്കൽ പാരന്പര്യത്തിന്റെ ഉൾക്കാഴ്‌ച പ്രകടമാക്കുന്ന ശൈലീസങ്കേതങ്ങളുമായി ഇഴചേർന്ന രചനാസമ്പ്രദായമായിരുന്നു സ്വീകരിച്ചത്‌. പാശ്ചാത്യ ചിത്രകാരരിൽ സജീവമായിരുന്ന ഛായാചിത്ര രചനാസങ്കേതം രവിവർമയുടെ വൈവിധ്യമാർന്ന രചനാരീതികൊണ്ട്‌ വേറിട്ട്‌ നിന്നിരുന്നു. യഥാതഥമായ അവസ്ഥയിലൂടെ രൂപങ്ങളും വസ്‌തുക്കളും (Objects) മറ്റ്‌ പാശ്ചാത്യദൃശ്യങ്ങളും നിഴലും വെളിച്ചവും പകർന്ന്‌ ദൃശ്യതലം ത്രിമാനതയോടെയാണ്‌ അദ്ദേഹം ആവിഷ്‌കരിച്ചത്‌. പാശ്ചാത്യ രചനാസങ്കേതം ഭാരതീയ ചിത്രകാരർ പൂർണമായി സ്വീകരിക്കുന്നിടത്താണ്‌ രവിവർമ പാശ്ചാത്യ രചനാസങ്കേതത്തിന്റെ ഉൾക്കരുത്ത്‌ സ്വീകരിച്ചുകൊണ്ട്‌ ജലച്ചായാ രചനയിൽ പുതിയൊരു കാഴ്‌ചയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. നമ്മുടെ നാടിന്റെ കലാപാരമ്പര്യത്തിലൂന്നിയ അനുഷ്‌ഠാന കലാരൂപങ്ങളുടെയും പാരമ്പര്യ‐നാടൻ കലാരൂപങ്ങളുടെയും ശക്തിസ്രോതസ്സിൽ നിന്ന്‌ സ്വാംശീകരിച്ചെടുത്ത രൂപവർണമേളനം രവിവർമയുടെ കലയ്‌ക്ക്‌ പിൻബലമേകിയിട്ടുണ്ട്‌. നാടൻ കലാരൂപങ്ങളിലെ മുഖത്തെഴുത്ത്‌, ചമയങ്ങൾ, അലങ്കാരങ്ങൾ, ധൂളീചിത്രങ്ങൾ, ചുവർചിത്രങ്ങൾ ഇവയിലൊക്കെ പ്രകടമാകുന്ന നിറപ്രയോഗങ്ങളുടെ ചാരുത രവിവർമ ചിത്രങ്ങളിലും സ്വാധീനിച്ചിട്ടുണ്ട്‌. മേൽപറഞ്ഞ കലാരൂപങ്ങളിലെ മുദ്രകൾ, അലങ്കാരപ്പൊലിമകൾ, അംഗചലനങ്ങൾ ഇവയുമൊക്കെ രാജാരവിവർമ അപഗ്രഥിച്ചിരുന്നതായി കാണാം. പ്രാദേശികമായി രൂപപ്പെട്ടിട്ടുള്ള കലാശൈലികളും രവിവർമയുടെ കലയിൽ ദർശിക്കാവുന്നതാണ്‌. ഇത്തരത്തിൽ സ്‌ഫുടം ചെയ്‌തെടുത്ത കലാവിഷ്‌കാരങ്ങളാണ്‌ രാജാരവിവർമയെ ലോകശ്രദ്ധയിലേക്കെത്തിച്ച ചിത്രകാരനാക്കിയത്‌. രവിവർമയുടെ അമ്മാവനായിരുന്ന രാജരാജവർമയിലൂടെ തുടക്കമിട്ട കലാപഠന നാൾവഴികൾക്ക്‌ ദൈർഘ്യം കുറവാണ്‌. കലാപഠനത്തിനപ്പുറമുള്ള നിരീക്ഷണപാടവവും പരിശീലനവുമാണ്‌ അദ്ദേഹത്തിന്റെ പ്രധാന ഗുരുക്കന്മാർ ഏത്‌ വസ്‌തുവിന്റെയും രൂപഘടനയ്‌ക്കും പൂർണതയ്‌ക്കും യഥാതഥമായ ഭാവം പ്രകടമാക്കാൻ ജലച്ചായാ രചനകളെക്കാൾ എണ്ണച്ചായത്തിന്‌ കഴിമെന്നുള്ള പ്രായോഗികമായ അറിവിൽനിന്നാണ്‌ രവിവർമ എണ്ണച്ചായ രചനയിൽ പരിശീലനം നേടിയത്‌. പ്രകൃതിയുടെ ദൃശ്യചാരുതകൾ, പകലിന്റെയും രാത്രിയുടെയും ദൃശ്യവ്യതിയാനങ്ങൾ, മനുഷ്യരൂപങ്ങൾ ഇവയൊക്കെച്ചേർന്ന ദൃശ്യയാഥാർഥ്യത്തെ എണ്ണച്ചായത്തിലൂടെ പാശ്ചാത്യ ചിത്രരചനാ ശൈലിയിൽനിന്ന്‌ മാറി വേറിട്ട രചനാരീതിയിലാണ്‌ രവിവർമ സഞ്ചരിച്ചത്‌. ഛായാചിത്രങ്ങൾ, പുരാണേതിഹാസ കഥാചിത്രങ്ങൾ, വിഷയാധിഷ്‌ഠിത ചിത്രങ്ങൾ, ഭൂഭാഗചിത്രങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലൂടെ നൂറുകണക്കിന്‌ എണ്ണച്ചായാ ചിത്രങ്ങൾ രാജാരവിവർമ വരയ്‌ക്കുകയുണ്ടായി.

ചിത്രകല സാമാന്യജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ വിലയ്‌ക്ക്‌ ചിത്രങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെ 1894ൽ പൂനയ്‌ക്കടുത്ത്‌ ലോണാവാലയിൽ ലിത്തോഗ്രാഫിക്‌ പ്രസ്‌ സ്ഥാപിക്കുകയും സ്വദേശത്തും വിദേശത്തും ചിത്രങ്ങളുടെ പകർപ്പുകൾ പ്രചരിപ്പിക്കുകയും ചെയ്‌തു. ചിത്രങ്ങൾ വാങ്ങി വീട്‌ അലങ്കരിക്കുന്ന രീതിക്ക്‌ തുടക്കംകുറിക്കുന്നതും സജീവമാകുന്നതും രവിവർമ ചിത്രങ്ങളിലൂടെയായിരുന്നു.

19‐ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്‌ കേരളത്തിൽ മേൽമുണ്ട്‌ കലാപമുണ്ടാകുന്നതും സ്‌ത്രീകൾക്ക്‌ മാറുമറയ്‌ക്കാനുള്ള അവകാശം നേടിയെടുക്കുന്നതും. വസ്‌ത്രസങ്കൽപത്തിൽ വിപ്ലവാത്മക പുരോഗമനചലനങ്ങൾ വേണ്ടത്ര ഉണ്ടാകാതിരുന്ന സാംസ്‌കാരിക ദശാസന്ധിയിലാണ്‌ രാജാരവിവർമ വസ്‌ത്രസങ്കൽപത്തിന്‌ ദേവീദേവന്മാരിലൂടെ നവീനമായ രീതി കാണിച്ചുകൊടുത്തത്‌. വസ്‌ത്രസങ്കൽപത്തിൽ പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ ‘സാരിയും ബ്ലൗസും’ രവിവർമയുടെ സംഭാവനയാണ്‌. മനുഷ്യരൂപങ്ങളിലെ ആടയാഭരണങ്ങൾ, നവീനഭാവം സ്വീകരിക്കുന്ന വസ്‌ത്രങ്ങൾ, പശ്ചാത്തലത്തിലെ കർട്ടനുകൾ ഇവയുടെയൊക്കെ ആവിഷ്‌കാരങ്ങളിലെ സവിശേഷമായ അവതരണങ്ങൾ അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്‌. നിഴലിന്റെയും വെളിച്ചത്തിന്റെയും സാധ്യതകളും എടുത്തു പറയേണ്ടതാണ്‌.

ഭാരതത്തിന്റെ സ്വദേശിപ്രസ്ഥാനം സജീവമായപ്പോൾ വൈദേശികമായി കടന്നുവന്ന സംസ്‌കാരവും ഭാഷയും കലാചിന്തകളുമൊക്കെ ഉപേക്ഷിക്കണമെന്ന കാഴ്‌ചപ്പാടിലാണ്‌ ഒരു വിഭാഗം കലാചിന്തകരും നിരൂപകരും രാജാരവിവർമയുടെ കലയെ തള്ളിപ്പറയാൻ തയ്യാറായത്‌. രവിവർമയുടെ കലയിലെ മഹത്വവും പെരുമയും വിമർശകരുടെ വാദമുഖങ്ങളും ഇഴചേർത്തുകൊണ്ടുതന്നെ രവിവർമ ചിത്രങ്ങൾ വരുംതലമുറകളിലൂടെ സജീവമായി നിറക്കാഴ്‌ച സമ്മാനിച്ചുകൊണ്ടിരിക്കുന്നു, കാലാതിവർത്തിയായി.

ഈ ലഘുവായ കുറിപ്പിൽ സൂചിപ്പിച്ച വസ്‌തുതകളുടെ കാഴ്‌ചാനുഭവം ഉൾക്കരുത്തോടെ കലാസ്വാദകരിലേക്കെത്തിക്കാൻ പാകത്തിലാണ്‌ രാജാരവിവർമയുടെയും (46 ചിത്രങ്ങൾ), രാജരാജവർമയുടെയും (41 ചിത്രങ്ങൾ), മംഗളാദേവി തന്പുരാട്ടിയുടെയും (2 ചിത്രങ്ങൾ) പെയിന്റിംഗുകൾ ഉൾപ്പെടുന്ന ഗ്യാലറി അന്തർദേശീയ നിലവാരത്തിൽ ഒരുക്കിയിട്ടുള്ളത്‌. ആവശ്യമായ നിർദേശങ്ങൾ നൽകിയ ചീഫ്‌ സെക്രട്ടറി ഡോ. വി വേണു ഐഎഎസ്‌, മ്യൂസിയം ഡയറക്ടർ എസ്‌ അബു, രൂപകൽപനയ്‌ക്കു മേൽനോട്ടം നൽകിയ ആർ ചന്ദ്രൻപിള്ള (കേരള മ്യൂസിയം), ചിത്രങ്ങളുടെ ഡിസ്‌പ്ലേ മനോഹരമാക്കിയ ചിത്രകാരൻ സി ബി ജിനൻ, സൂപ്രണ്ട്‌ പി എസ്‌ മഞ്‌ജുളാദേവി എന്നിവരും അഭിനന്ദനമർഹിക്കുന്നു, രാജ്യത്തിന്റെ അഭിമാനമായ രവിവർമ ചിത്രങ്ങളുടെ പരിപാലനത്തിലൂടെ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − two =

Most Popular