Sunday, December 3, 2023

ad

Homeപുസ്തകംഗുരുവചനങ്ങൾ

ഗുരുവചനങ്ങൾ

ജി വിജയകുമാർ

ശ്രീനാരായണഗുരുവിന്റെ കത്തുകളും സന്ദേശങ്ങളും
എഡിറ്റർ: എ ലാൽസലാം
മൈത്രി ബുക്‌സ്‌
വില: 165 രൂപ

കേരളത്തിലെ നവോത്ഥാന നായകർ ഏതെല്ലാം ആശയങ്ങളും നിലപാടുകളുമാണോ ഉയർത്തിപ്പിടിച്ചത്‌ അവയെയാകെ തമസ്‌കരിക്കാനും അതിൽനിന്നും പിന്തിരിഞ്ഞോടാനും സംഘടിതമായ നീക്കങ്ങളാണ്‌ ഇന്ന്‌ നമുക്ക്‌ ചുറ്റും നടക്കുന്നത്‌. ഇത്‌ പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച പ്രതിഭാസമൊന്നുമല്ല. നവോത്ഥാന നായകരുടെ ജീവിതകാലത്തുതന്നെ അവർ രൂപംനൽകിയ സംഘടനകളെ കേവലമായ ജാതിസംഘടനകളാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ശ്രീനാരായണഗുരുവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമായിരുന്നു അദ്ദേഹത്തിന്റെ അനുയായികളായി കൂടിയ പലരും അദ്ദേഹം തെളിച്ച പാതയിൽനിന്നും വേറിട്ട്‌ സ്വാർത്ഥതാൽപര്യ സംരക്ഷണത്തിനായി അദ്ദേഹം രൂപം നൽകിയ സംഘടനയെ വെറുമൊരു ജാതിസംഘടനയാക്കി മാറ്റാൻ നടത്തിയ നീക്കം. അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമായിരുന്നു ‘‘നമുക്ക്‌ ജാതിയില്ല’’ എന്ന പ്രസിദ്ധമായ വിളംബരം.

1959ലെ വിമോചനസമരകാലത്ത്‌ ഉരുവംകൊണ്ട ജാതിമത പിന്തിരിപ്പൻ കൂട്ടായ്‌മ നവോത്ഥാന മൂല്യങ്ങളിൽ നിന്നുള്ള കൃത്യമായ പിൻമടക്കമായിരുന്നു. നവലിബറൽ കാലമായപ്പോൾ അത്തരം ശക്തികളുടെ അഴിഞ്ഞാട്ടത്തിനും കേരളം സാക്ഷ്യം വഹിച്ചു തുടങ്ങി. ഈയൊരു സാഹചര്യത്തെ മുറിച്ചുകടക്കുന്നതിന്‌ ശ്രീനാരായണഗുരുവിനെ പോലെയുള്ള നവോത്ഥാനനായകർ എന്തിനുവേണ്ടിയാണ്‌ നിലകൊണ്ടത്‌ എന്ന നിരന്തര വായനയും ഓർമപ്പെടുത്തലും എല്ലാ പുരോഗമനവാദികളുടെയും കടമയായി മാറിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്‌ എ ലാൽസലാം എഡിറ്റു ചെയ്‌ത്‌ മൈത്രി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ‘‘ശ്രീനാരായണഗുരുവിന്റെ കത്തുകളും സന്ദേശങ്ങളും’’ എന്ന കൃതി പ്രസക്തമാകുന്നത്‌.

കത്തുകൾ, സന്ദേശങ്ങൾ, പ്രസംഗങ്ങൾ, വിജ്ഞാപനങ്ങൾ, വിളംബരം, ലേഖനം, പ്രമേയം, മുക്ത്യാർ, വ്യവസ്ഥകൾ, പത്തു കൽപനകൾ, കുറിപ്പ്‌, ഒസ്യത്ത്‌, കൈപ്പടകൾ, അനുബന്ധം എന്നിങ്ങനെയാണ്‌ 114 പേജുള്ള ഈ കൃതിയെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നത്‌. ഗുരുദർശനങ്ങളുടെ സത്ത കണ്ടെത്താനാകുന്നതിനൊപ്പം അദ്ദേഹം മികച്ചൊരു ഭരണാധികാരിയും കാര്യനിർവഹണത്തിൽ അതുല്യ പ്രതിഭയും കൂടിയായിരുന്നുവെന്ന്‌ അടയാളപ്പെടുത്തുകയും കൂടി ചെയ്യുന്നു ഈ ലഘു കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കത്തുകളും സന്ദേശങ്ങളും. എന്നാൽ കേരളം കണ്ട മികച്ച കവിയും ദാർശനികനും കൂടിയായിരുന്നു ശ്രീനാരായണഗുരുവെന്ന്‌ ഓർമപ്പെടുത്താനാവുന്ന പ്രസക്തമായ ചില കവിതാഭാഗങ്ങൾ കൂടി ഈ കൃതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇതിന്റെ പ്രസക്തിയും പ്രാധാന്യവും ഏറെ വർധിക്കുമായിരുന്നു.

എസ്‌എൻഡിപി യോഗം സെക്രട്ടറിക്ക്‌ അയച്ച കത്താണ്‌ ഒന്നാമത്തേത്‌. കെട്ടുകല്യാണം, പുളികുടി, തിരണ്ടുകല്യാണം, ബഹുഭാര്യത്വവും ബഹുഭർതൃത്വവും തുടങ്ങിയ അനാചാരങ്ങൾ സമൂഹത്തിൽനിന്ന്‌ പാടേ ഇല്ലാതാക്കാൻ വേണ്ട നടപടി കൈക്കൊള്ളണമെന്ന നിർദേശമാണ്‌ ഈ കത്തിലൂടെ നൽകിയിരിക്കുന്നത്‌. 1908ൽ എസ്‌എൻഡിപി യോഗത്തിെന്റെ വാർഷികത്തിന്‌ സെക്രട്ടറിക്ക്‌ നൽകിയ സന്ദേശത്തിൽ രാഷ്‌ട്രീയ വിഷയങ്ങളെക്കാളുപരി സമൂഹത്തിലെ അനാചാരങ്ങൾ മാറ്റുന്നതിനുള്ള പദ്ധതികൾ ചർച്ചചെയ്‌ത്‌ നടപ്പാക്കണമെന്ന നിർദേശമാണ്‌ നൽകിയിട്ടുള്ളത്‌.

1916 മെയ്‌ 22ന്‌ ഡോ. പൽപുവിന്‌ എഴുതിയ കത്തിൽ അദ്ദേഹം പറയുന്നു‐ ‘‘യോഗത്തിനു ജാത്യാഭിമാനം വർധിച്ചുവരുന്നതുകൊണ്ട്‌ മുമ്പേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു’’. ജാതിക്കെതിരായ ഗുരുവിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിന്റെ പ്രതിഫലനമാണിത്‌. ഈ കത്തിൽ മാത്രമല്ല, അദ്ദേഹത്തിന്റെ മറ്റു സന്ദേശങ്ങളിലും പ്രസംഗങ്ങളിലും വിളംബരത്തിലുമെല്ലാം ഈ നിലപാട്‌ കർക്കശമായി തുടരുന്നതായി കാണാം. ഗുരുവിന്റെ പിൻഗാമികളായി മേനിനടിക്കുന്നവർ ഇക്കാലത്ത്‌ ജാതിയും മതവും വിട്ടുള്ള ഒന്നിനും തങ്ങളില്ലെന്ന്‌ പറയുന്നതാണ്‌ നാം കാണുന്നത്‌.

അരുവിപ്പുറത്ത്‌ സവർണാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട്‌ ശിവപ്രതിഷ്‌ഠ നടത്തിയ ഗുരു, അവർണ‐സവർണ ഭേദമെന്യേ സർവ മനുഷ്യർക്കും പ്രവേശിക്കാൻ കഴിയുന്ന ക്ഷേത്രങ്ങൾ, പിന്നീട്‌ കണ്ണാടി പ്രതിഷ്‌ഠ എന്നിവയിലൂടെ ഒരു സാമൂഹ്യവിപ്ലവം തന്നെയായായിരുന്നു നടത്തിയത്‌. എന്നാൽ 1909 ആയപ്പോൾ ക്ഷേത്രനിർമാണത്തിനായി വർധിച്ചുവരുന്ന ആവശ്യത്തിന്‌ അറുതി വരുത്തേണ്ടതാണെന്നും അദ്ദേഹം കണ്ടു. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ നോക്കൂ‐ ‘‘ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം’’. ഇതിനായി ക്ഷേത്രങ്ങൾ നിലവിലുള്ള ഇടങ്ങൾ ജനങ്ങളെ മതതത്വങ്ങൾ പഠിപ്പിക്കുന്നവയായി മാറണമെന്നും അല്ലാത്തിടങ്ങളിൽ പുതിയ ക്ഷേത്രങ്ങൾ ഉണ്ടാക്കുകയല്ല ഇക്കാര്യങ്ങൾ പഠിപ്പിക്കാൻ പ്രഭാഷകരെ അയയ്‌ക്കുകയാണ്‌ വേണ്ടതെന്നും ഗുരു തുടർന്നു പറയുന്നു.

1888ൽ ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്‌ഠ കഴിഞ്ഞയുടനെ ചുമരിൽ, ‘‘ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാമിത്‌’’ എന്ന്‌ എഴുതിവെച്ചുവെന്ന പ്രചാരത്തിലുള്ള കാര്യം യാഥാർഥ്യമല്ലെന്നും ലാൽസലാം ഒരു ഗവേഷകനെപ്പോലെ വസ്‌തുതകൾ നിരത്തി വ്യക്തമാക്കുന്നു. നോക്കൂ: ‘‘പ്രതിഷ്‌ഠ കഴിഞ്ഞ്‌ ഏതാനും വർഷം കഴിഞ്ഞ്‌ നെയ്യാറ്റിൻകരയ്‌ക്കടുത്തുള്ള ചെങ്കല്ലൂർ എന്ന ഗ്രാമത്തിൽ താമസിക്കുന്ന ചായൻ എന്ന പറയജാതിയിൽപെട്ട യുവാവും കൂട്ടുകാരും ഗുരുവിനെ കാണാനെത്തി…. അമ്പലത്തിനു പുറത്തുനിന്ന്‌ നാദസ്വരം വായിക്കാൻ തുടങ്ങിയ ചായനെ ഗുരു അകത്തേക്ക്‌ കടന്ന്‌ ഒപ്പമിരുന്ന്‌ വായിക്കാൻ ആവശ്യപ്പെട്ടു. ചില യാഥാസ്ഥിതികരായ ഈഴവർ എതിർപ്പ്‌ പ്രകടിപ്പിച്ചെങ്കിലും ഗുരു അത്‌ ചെവിക്കൊള്ളാതെ ചായനെയും കൂട്ടരെയും അടുത്തിരുത്തി വായിപ്പിച്ചു. ഈ സന്ദർഭത്തിലാണ്‌ ജാതിഭേദം എന്ന്‌ തുടങ്ങുന്ന മഹദ്‌ സന്ദേശം അമ്പലത്തിന്റെ ചുമരിൽ എഴുതിവച്ചത്‌. പട്ടികജാതിക്കാരുടെ ക്ഷേത്രപ്രവേശനത്തിനും സാമൂഹിക സമത്വത്തിനും വേണ്ടി ഗുരു നടത്തിയ ഇടപെടൽ ഇതിൽനിന്നും പ്രകടമാണ്‌. 1990ത്തിലാണ്‌ ഇതെഴുതിയതെന്നും അഭിപ്രായമുണ്ട്‌’’.

‘‘പെരേയ്‌രയുടെ വീട്ടിൽ മേലിൽ യാതൊരു ഉപദ്രവവും ചെയ്യരുതെ’’ന്ന കുട്ടിച്ചാത്തനുള്ള കത്ത്‌ ശ്രീനാരായണഗുരിവിന്റെ നർമബോധത്തിന്റെ ദൃഷ്ടാന്തമാണ്‌. ഒപ്പം അന്ധവിശ്വാസങ്ങളോടുള്ള പ്രതികരണവും. മറ്റുള്ളവർക്ക്‌ വേണ്ട സഹായങ്ങൾ നൽകാൻ സദാ സന്നദ്ധനായ പൊതുപ്രവർത്തകനായാണ്‌ കുളത്തൂരെ മാതു വൈദ്യർക്കയച്ച കത്തിൽ ഗുരുവിനെ നമുക്ക്‌ കാണാനാവുന്നത്‌.

‘‘ക്ഷേത്രനിർമാണത്തെ പ്രോത്സാഹിപ്പിക്കരുത്‌’’, ‘‘സംഘടനയിൽ ജാതി‐മത വിവേചനം പാടില്ല’’, ‘‘മരണാനന്തര ചടങ്ങുകൾ ഒഴിവാക്കണം’’, ‘‘കള്ളുചെത്ത്‌ കളയണം’’, ‘‘വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക’’ തുടങ്ങിയ അതിപ്രശസ്‌തങ്ങളായ നിരവധി സന്ദേശങ്ങൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

കൊല്ലം പട്ടത്താനത്ത്‌ 1916 ജൂലൈ 18ന്‌ നടത്തിയ പ്രസംഗത്തിൽ ഗുരു തറപ്പിച്ചുപറയുന്ന കാര്യം ‘‘നമുക്ക്‌ ഒരു മതത്തോടും ജാതിയോടും മമതയില്ല’’ എന്നാണ്‌. ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട്‌ ജാതിക്കും മതത്തിനുമതീതമായ കൂട്ടായ്‌മയുടെ ആവശ്യകതയിലേക്ക്‌ അദ്ദേഹം വിരൽചൂണ്ടുകയാണ്‌. ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ‘‘മതത്തിന്റെ പേരിൽ ചേരിതിരിവ്‌ പാടില്ല’’ എന്നും തറപ്പിച്ചു പറയുന്നു. ഇതേ ആശയം തന്നെയാണ്‌ നിരവധി വിജ്ഞാപനങ്ങളാലും അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ളത്‌. ജാതിക്കതീതമായ, ജാതിരഹിതമായ, മതരഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഗുരുവിന്റെ നിശ്ചയദാർഢ്യത്തോടുകൂടിയ പോരാട്ടത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.

ഗുരു ആലുവാ അദ്വൈതാശ്രമം നടത്തിപ്പു സംബന്ധിച്ച്‌ ചൈതന്യ സ്വാമിക്ക്‌ എഴുതിയ കത്ത്‌ അദ്ദേഹത്തിന്റെ ഭരണമികവിന്റെയും കാര്യനിർവഹണത്തിലെ സൂക്ഷ്‌മതയുടെയും ഉത്തമ നിദർശനമാണ്‌. ഇതിൽ ഒരു നിർദേശം (10) നോക്കൂ: ‘‘നിങ്ങൾ ചെയ്യുന്ന ജോലികൾക്ക്‌ നിങ്ങൾ പ്രത്യേകം എഴുതിവയ്‌ക്കേണ്ടതു പോലെ ആശ്രമത്തിൽ സകലയാളുകളും അവരവരുടെ പ്രവൃത്തികൾക്ക്‌ ഡയറി എഴുതിവെയ്‌ക്കേണ്ടതും അവയെ നിങ്ങൾ പരിശോധിച്ച്‌ അവയുടെ ചുരുക്കം നമ്മെ അറിയിക്കേണ്ടതും ആകുന്നു’’. ഇങ്ങനെ നിസ്സാരമെന്നോ തീരെ ചെറുതെന്നോ തോന്നാവുന്ന കാര്യങ്ങളിൽ വരെ കൃത്യമായി എന്താണ്‌ ചെയ്യേണ്ടതെന്ന നിർദേശം നൽകുന്നതിന്‌ ഗുരു എപ്പോഴും ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, സാമ്പത്തികമായ കൈമാറ്റങ്ങളുടെ കാര്യത്തിലും കൃത്യത വേണമെന്നതിൽ ഗുരുവിന്‌ നിർബന്ധമുണ്ടായിരുന്നുവെന്ന്‌ ഈ കത്തുകളിലും സന്ദേശങ്ങളിലും നിന്ന്‌ വ്യക്തമാകുന്നുണ്ട്‌.

ഇത്തരമൊരു സമാഹരണത്തിന്‌ തയ്യാറായ എ ലാൽസലാമും അത്‌ പ്രസിദ്ധീകരിച്ച മൈത്രി ബുക്‌സും അഭിനന്ദനമർഹിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =

Most Popular