Monday, May 6, 2024

ad

Homeനാടൻകലകുറിച്യരുടെ നാരായി പാട്ടും മാൻപാട്ടും

കുറിച്യരുടെ നാരായി പാട്ടും മാൻപാട്ടും

പൊന്ന്യം ചന്ദ്രൻ

കേരളത്തിലെ വിവിധ വനമേഖലകളിൽ താമസിക്കുന്ന ആദിവാസി ജനവിഭാഗമാണ്‌ കുറിച്യർ. മലബാറിൽ വയനാട്ടിലും കണ്ണൂർ ജില്ലയിലെ കണ്ണവത്തും കുറിച്യരുടെ കോളനിയുണ്ട്‌. ഈ ആദിവാസി വിഭാഗത്തിന്റെ ഭാഷയും സംസ്‌കാരവും ആചാരങ്ങളും ഓരോയിടത്തും മിക്കവാറും വ്യത്യസ്തമാണ്‌. വയനാടൻ കുറിച്യർക്കിടയിൽ കാണാൻ സാധിക്കുന്ന ജീവിതചര്യകളും സർഗാത്മക പ്രവർത്തനവും കണ്ണവം വനാന്തരങ്ങളിൽ അധിവസിക്കുന്ന കുറിച്യരുടേതിൽനിന്നും തീർത്തും വ്യത്യസ്തമാണ്‌.

നാരായി പാട്ട്‌, മാൻപാട്ട്‌, കോൽക്കളി പാട്ട്‌, ചോവിപാട്ട്‌, പൂതംപാട്ട്‌, നെല്ലുകുത്തും പാട്ട്‌ തുടങ്ങി വിവിധ പാട്ട്‌ രൂപങ്ങളും ജനനം മുതൽ മരണംവരെയുള്ള കാലയളവിൽ നടക്കുന്ന വിവിധങ്ങളുമായ ആചാരങ്ങളുമുണ്ട്‌. വീട്ടുമുററങ്ങളിലും പൊതുസ്ഥലങ്ങളിലെ ആഘോഷസ്ഥലങ്ങളിലും അവതരിപ്പിക്കുന്ന പാട്ട്‌ രൂപങ്ങളിൽ പെടുന്ന കലാ അവതരണമാണ്‌ നാരായി പാട്ടും മാൻപാട്ടുമൊക്കെ.

നാരായിപാട്ട്‌: പ്രധാനമായും കല്യാണസമയങ്ങളിലാണ്‌ വീട്ടുമുറ്റത്ത്‌ ഈ കലാരൂപം അവതരിപ്പിക്കുന്നത്‌. നാമമാത്രമായിപോലും ചമയങ്ങളോ വേഷങ്ങളോ ഇല്ലാതെയാണ്‌ നാരായി പാട്ട്‌ അവതരിപ്പിക്കുന്നത്‌; കല്യാണ തലേന്നാണ്‌ ആണുങ്ങൾ പാടുന്ന നാരായിപാട്ട്‌ അവതരിപ്പിക്കുന്നത്‌. കൂടുതൽപേർ പങ്കെടുത്തുകൊണ്ട്‌ വട്ടം ചേർന്നുകൊണ്ടാണ്‌ പാടുന്നത്‌. വൃത്താകൃതിയിൽനിന്ന്‌ കൈകൊട്ടി പാടുന്നതിനിടയിൽ വൃത്തത്തിൽ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും.

ഗണപതിയെ സ്‌തുതിച്ചുകൊണ്ട്‌ തുടങ്ങുന്ന പാട്ട്‌ നാരായണ സ്‌തുതിയിൽ അവസാനിക്കുകയാണ്‌ പതിവ്‌. വിവിധ കഥകൾ പറഞ്ഞുകൊണ്ടും നേരം പലുരുന്നതുവരെ പാട്ടുപാടി കളിയിൽ ഏർപ്പെടാറുണ്ട്‌. നാരായിപാട്ടിന്‌ ഉശിര്‌ പകരാൻ പാട്ട്‌ രൂപം അവതരിപ്പിക്കുന്നതിനിടയിൽ ചിലർ വൃത്തത്തിന്റെ മധ്യത്തിലേക്ക്‌ കയറിനിന്നും താളത്തിന്‌ തുള്ളുന്ന നിലയുണ്ടാകും. ചിലരാകട്ടെ തലയിൽ തോർത്തുമുണ്ട്‌ കൊണ്ട്‌ കെട്ടി പാട്ടിന്‌ ആവേശം പകരുന്ന നില സ്വീകരിക്കും. പാട്ട്‌ പാടിക്കൊടുക്കുന്ന ആൾ പലപ്പോഴും മാറുകയും മറ്റൊരാൾ പാട്ട്‌ ഏറ്റെടുത്ത്‌ പാടുകയും ചെയ്യും. പാടുന്നതിനിടയിൽ അയാൾ ‘‘ഏറ്റുപിടിച്ചോ…’’ എന്ന്‌ ഉറക്കെ പറയുമ്പോഴേക്കും പാട്ട്‌ മറ്റൊരാൾ ഏറ്റെടുക്കുകയാണ്‌ പതിവ്‌. സംഭാഷണത്തിനു മാത്രം ഉപയോഗിക്കുന്ന കുറിച്ച്യ ഭാഷ, ആദിമ മലയാളത്തിന്റെ സ്വരത്തോട്‌ ചേർന്നുനിൽക്കുന്നതാണ്‌.
‌‌
മാൻപാട്ട്‌/നരിപ്പാട്ട്‌
ആണുങ്ങൾതന്നെയാണ്‌ ഈ പാട്ടുപാടുന്നതിനും തയ്യാറാകുന്നത്‌. കല്യാണപ്പുരയിലും പൊതു ആഘോഷങ്ങളിലും ഈ പാട്ട്‌ ഉപയോഗിക്കാറുണ്ട്‌. നമ്പൂതിരി അമ്പലത്തിൽ വിളക്കുവെക്കാൻ പോകുമ്പോൾ നരി കടന്നുവരികയും നമ്പൂതിരിയെ കൊല്ലുകയും ചെയ്യുന്ന കഥയെ ആസ്‌പദമാക്കിയാണ്‌ നരിപ്പാട്ട്‌ അവതരിപ്പിക്കുന്നത്‌.

മാൻരൂപത്തിൽ (മാൻ ചാടുന്നതുപോലെ ചാടിക്കൊണ്ട്‌ യാത്ര) ഒരാൾ വരികയും അതിനെ പിന്തുടർന്ന്‌ പാടുകയും ചെയ്യുന്ന പാട്ടാണ്‌ മാൻപാട്ട്‌. കണ്ണവത്തിനടുത്ത കൊമ്മേരിയിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ്‌ ഈ പാട്ട്‌ രൂപംകൊണ്ടതെന്ന്‌ കരുതുന്നു. നാടുവാഴിയായ രാജാവ്‌ ഒരു വിളി വിളിക്കുമ്പോഴേക്കും ആയിരം ആളുകൾ വരികയും അതിൽനിന്നും ഇരുപത്തിരണ്ട്‌ ആളുകളെ മാത്രം തിരഞ്ഞെടുത്ത്‌ നായാട്ടിന്‌ പുറപ്പെടുകയും ചെയ്യുന്നു. കാട്‌ വളഞ്ഞ്‌ കാട്ടിനകത്തെ മാനിനെ പുറത്തു ചാടിക്കുന്നു. ചീനക്കാട്‌, ഉതിരക്കാട്‌ എന്നിവിടങ്ങളിൽ ഈ മാനുകൾ പോവുന്നു. ചീനക്ക തിന്നാൻ മാനുകൾ പോകുമ്പോൾ ഏറുമാടത്തിൽനിന്നും അമ്പ്‌ ഉപയോഗിച്ച്‌ എയ്‌തുപിടിക്കുന്ന രീതിയാണ്‌ ഇത്‌. ഇതിന്റെ പാട്ട്‌ പാടുന്നത്‌ കൃത്യമാകാതിരുന്നാൽ ആൾക്കൂട്ടത്തിൽനിന്നും ഒരാൾ നരിയായി വന്ന്‌ കൃത്യമായി പാടിക്കും. ഇരുപത്തഞ്ച്‌ കൊല്ലം മുമ്പുവരെ കണ്ണവം കോളനിയിൽ കുറിച്യർ അവതരിപ്പിച്ചിരുന്ന ഈ പാട്ടുകൾ ഇപ്പോൾ ഏതാണ്ട്‌ അസ്തമിച്ച മട്ടാണ്‌. ഇതിനു സമാനമായ രീതിയിൽ കല്യാണത്തിന്റെ ഭാഗമായി ചോവിപ്പാട്ട്‌ അവതരിപ്പിക്കുന്ന രീതിയുമുണ്ട്‌. ഒരാൾ സ്‌ത്രീരൂപമായി ഉലക്ക എടുത്തുകൊണ്ടു വരും. അവർ നിർത്താതെ ഹാസ്യം അവതരിപ്പിക്കും. ഹാസ്യം നിറഞ്ഞ വാക്കുകളാകും ഏറെയും. ഏതാണ്ട്‌ തുള്ളൽ കഥയ്‌ക്ക്‌ സമാനമായ അവതരണരീതിയാണ്‌ ഇത്‌. നെല്ല്‌ കുത്തുമ്പോൾ പാടുന്ന പുനംപാട്ടും ഇതുതന്നെ. വയനാടൻ കുറിച്യർക്കിടയിൽ നെല്ലുകുത്തു പാട്ട്‌ എന്നും ഇതറിയപ്പെട്ടിരുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × one =

Most Popular