കെ ജി ജോർജ് എന്ന പ്രതിഭാധനനായ സംവിധായകനുള്ള ആദരവായി ഈ കുറിപ്പ് വായിക്കാം. അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിലൊന്നായി ഞാൻ ‘മറ്റൊരാൾ’ എന്ന ചിത്രത്തെ അടയാളപ്പെടുത്തുന്നു. വ്യക്തിഗത ആകുലതകളുടെ അടിത്തറയായി കെ ജി ജോർജ് അടയാളപ്പെടുത്തുന്നത് സമൂഹത്തിന്റെ പലതരത്തിലുള്ള ബോധനിർമിതികളെയാണ്. സമൂഹത്തിന്റെ ഏറ്റവും പഴക്കംചെന്ന നിർമിതികളിലൊന്നാണ് പുരുഷാധിപത്യത്തിലൂന്നിയ സ്‌ത്രീവിരുദ്ധത. സമൂഹത്തിൽ സ്‌ത്രീയ്‌ക്കുള്ള രണ്ടാം പദവി ജൈവമോ ‘ദൈവനിർമിതി’യോ അല്ല. അത് വർഗബന്ധങ്ങളുടെ നിർമിതിയാണ്. ലിംഗപരമായ മേൽ‐കീഴ് ബന്ധം മുതലാളിത്തത്തിനു കീഴിലെ വർഗബന്ധങ്ങളുടെ സവിശേഷതയാൽ അടിച്ചേൽപ്പിക്കപ്പെടുന്നതാണ്. ഈ കാഴ്‌ചപ്പാട് കെ ജി ജോർജിന്റെ സിനിമകളിൽ അന്തർലീനമായിട്ടുണ്ട്. അതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ് ‘മറ്റൊരാൾ’.
ദാമ്പത്യത്തിലെ ‘മറ്റൊരാൾ’ കഥകളിലും സിനിമകളിലും എത്രയോവട്ടം ആവർത്തിക്കപ്പെട്ട വിഷയമാണ്. അവിടെയെല്ലാം പ്രണയത്തിന്റെ ബഹുവർണങ്ങളുമായിട്ടായിരിക്കും ‘മറ്റൊരാൾ’ കടന്നുവരുന്നത്. ഒടുവിൽ കുടുംബം എന്ന ‘മഹത്തായ’ സഥാപനത്തെ ഉദ്‌ഘോഷിച്ചുകൊണ്ട് സിനിമ അവസാനിക്കും. അത്തരമൊരു വാർപ്പ് മാതൃകയെ കെ ജി ജോർജ് പൂർണമായും നിരാകരിക്കുന്നു.
ഉദ്യോഗസ്ഥപ്രമത്തത ആസ്വദിക്കുന്ന കൈമൾ എന്ന മധ്യവയസ്‌കന്റെയും അയാളുടെ ഭാര്യയും പ്രത്യക്ഷത്തിൽതന്നെ താരാതമ്യേന പ്രായക്കുറവുള്ളവളുമായ സുശീലയുടെയും ജീവിതത്തിൽ വന്നുചേരുന്ന ആഴക്കലക്കങ്ങളും പിളർപ്പുകളുമാണ് ‘മറ്റൊരാളി’ലെ പ്രമേയം. കലക്കങ്ങൾ ശമിപ്പിക്കാനും പിളർപ്പുകളെ യോജിപ്പിക്കാനും എത്തുന്ന ഇവരുടെ ഉത്തമ സുഹൃത്താണ് ബാലൻ എന്ന കോളേജ് അധ്യാപകൻ. അയാളുടെ ഭാര്യ വേണിയും പ്രധാനപ്പെട്ട ഒരു കഥാപാത്രമാണതിൽ.
മ്ലാനമായ ഒരു പ്രഭാതത്തിന്റെ വിശദാംശങ്ങൾ കാണിച്ചുകൊണ്ട് മന്ദമായ ഗതിവേഗത്തിലാണ് സിനിമ ചലിച്ചു തുടങ്ങുന്നത്. പത്രക്കാരൻ, പാൽക്കാരൻ, വീട്ടുജോലിക്കാരി എന്നിവരുടെ വരവ്, അടയുകയും തുറക്കുകയും ചെയ്യുന്ന ഗേറ്റ് എന്നിവയിൽനിന്നും ഉള്ളിലേക്കു കടക്കുമ്പോൾ അവിടെ ഒരാൾ മാത്രമേയുള്ളൂ എന്നു നാം തിരിച്ചറിയുന്നു. അയാളുടെ മാനസികാവസ്ഥയ്‌ക്ക് അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് വേലക്കാരി, ഭാര്യ സുശീല, മക്കളായ രജനി, ഉണ്ണി എന്നിവർ.
ഈ സിനിമയിൽ കൈമൾ ഷേവ് ചെയ്യുന്ന രംഗം ആവർത്തിക്കുന്നുണ്ട്. അയാളുടെ ഒരു ദിവസം തുടങ്ങുന്നതുതന്നെ ഷേവിങ്ങിലൂടെയത്രെ. ഷേവു ചെയ്‌തു കഴിയുമ്പോഴേക്കും സുശീലയെത്തി ടൗവൽ കൈമാറുന്നു, മുഖം തുടയ്‌ക്കാൻ. അവർ പ്രത്യക്ഷപ്പെടുന്ന ആദ്യ രംഗം ഇത്തരത്തിലൊരു ടൗവൽ കൈമാറ്റത്തിലൂടെയാണ്. തികച്ചും യാന്ത്രികമായി ടൗവൽ ഇട്ടുകൊടുക്കുകയാണ് സുശീല. സ്വന്തം മുഖം മിനുക്കാൻ സദാ ശ്രമിക്കുന്ന കൈമളിന് ജീവിതം കൈവിട്ടുപോകുന്നതിന്റെ സൂചന ആദ്യ രംഗത്തുതന്നെ സംവിധായകൻ നൽകുന്നു.
കൈമളിന്റെ അംബാസിഡർ ഒരുദിവസം സ്റ്റാർട്ടാകുന്നില്ല. ഗിരി എന്ന മെക്കാനിക്കിനെ അയാൾ വിളിച്ചുവരുത്തുന്നു. ആരെയും കൂസാത്ത ഗിരി സുശീലയെ ശ്രദ്ധിക്കുമ്പോൾ അവൾ ജനാലയ്‌ക്കരികിൽനിന്നും മാറിക്കളയുന്നു. കൈമൾ ജോലി കഴിഞ്ഞെത്തുമ്പോൾ പതിവുകൾ കാത്തിരിക്കുന്നു. ഭക്ഷണവേളകളിലും അയാളുടെ ഇഷ്ടങ്ങൾക്കാണ് പ്രഥമ പരിഗണന. അയാളെ പരിചരിക്കാനുള്ള ഒരു യന്ത്രം മാത്രമാണ് ഭാര്യ. സ്‌നേഹത്തിന്റേയോ പരിഗണനയുടേയോ അംശംപോലുമില്ല. ഭാര്യയ്‌ക്കും കുട്ടികൾക്കുമൊപ്പം കൈമൾ കടപ്പുറത്ത് പോകുന്നു. അവിടെ അയാൾക്കൊപ്പമല്ല അവൾ ഇരിക്കുന്നത്. അയാളുടെ പിന്നിലായി അൽപം അകലെയായി മ്ലാനമുഖവുമായി ഇരിക്കുമ്പോഴാണ് ആർത്തുല്ലസിച്ചു പോകുന്ന യുവമിഥുനങ്ങളെ അവൾ കാണുന്നത്. നമ്മൾ ആദ്യമായി ഇവിടെ വന്നത് ഓർമയുണ്ടോ എന്ന ഭർത്താവിന്റെ ചോദ്യംപോലും അവൾ കേൾക്കുന്നില്ല. ഒരുമിച്ചുള്ളപ്പോഴും അവർ കാതങ്ങൾ അകലെയാണ്. ഇരുവരുടെയും ലൈംഗികബന്ധത്തെപ്പറ്റി സൂചനകളില്ല. മരവിച്ച ബന്ധമാണുള്ളതെന്ന് നമുക്ക് വായിച്ചെടുക്കാം.
ഒരുദിവസം ജോലികഴിഞ്ഞെത്തുന്ന കൈമൾ സുശീലയെ കാണുന്നില്ല. മാറ്റിയുടുക്കാനുള്ള വസ്‌ത്രങ്ങളുമായി അവൾ അവിടെയില്ല. പ്രകടമായും അസ്വസ്ഥനായ അയാൾ മുറികളിലെല്ലാം തിരയുന്നു. അമ്മയെ കാണാത്തതിനാൽ കുട്ടികളും പരിഭ്രാന്തരാണ്. അടുത്തുള്ള വീടുകളിൽ അന്വേഷിച്ചിട്ടും സുശീലയെ കണ്ടുകിട്ടിയില്ല. കൈമൾ എന്ന അന്തർമുഖന്റെ ലോകം പിളർന്നുമാറുന്നു.
ബാലനും വേണിയും അയാൾക്ക് തുണയായെത്തി അന്വേഷണം തുടങ്ങി. രാത്രി കനക്കുമ്പോൾ ഒരാളെത്തി താൻ ഗിരിക്കൊപ്പമുണ്ടെന്ന സുശീലയുടെ സന്ദേശം ബാലനു കൈമാറുന്നു. മെക്കാനിക്കിനൊപ്പം ഭാര്യ ഇറങ്ങിപ്പോയി എന്ന അവസ്ഥയിൽ വന്നുപൊതിയുന്ന അപമാനം അയാളുടെ ആണഹന്തയെ ചോർത്തിക്കളയുന്നു. കെട്ടിയുയർത്തിയ ഗർവ് തരിപ്പണമാകുന്നു. ഓഫീസിലെ സഹപ്രവർത്തകരെയും അയൽക്കാരെയും അഭിമുഖീകരിക്കാൻ അയാൾക്ക് കഴിയുന്നില്ല. അപമാനത്തിന്റെയും അധികാരത്തകർച്ചയുടെയും ചുഴിയിൽപ്പെട്ടുപോകുന്ന അയാൾ സഹപ്രവർത്തകരോട് തട്ടിക്കയറുന്നു.
ബാലൻ ഗിരിയുടെ വീട്ടിൽ പോയി സുശീലയെ കാണാൻ ശ്രമിക്കുന്നു. അത് യഥാർഥത്തിൽ ഒരു വീടല്ല. ഒരൊറ്റ മുറിയും അടുക്കളയും മാത്രമുള്ള ചേരിപ്രദേശത്തെ പാർപ്പിടമാണ്. അവൾ ബാലനോടൊപ്പം പോകുന്നില്ല. ഗിരിയോടൊപ്പമുള്ള അവളുടെ ജീവിതം സൗഭാഗ്യങ്ങളുടേതല്ല. പരിമിതികളുടേതാണ്. മധ്യ ഉപരിവർഗ ജീവിതത്തിൽനിന്നും കീഴാള ജീവിതത്തിലേക്കുള്ള പതനം. സൗകര്യങ്ങളുടെ അഭാവം അവളെ അസ്വസ്ഥമാക്കുന്നില്ല. സ്വഗൃഹത്തിൽ ഭർത്താവിന്റെ ഊഴം കഴിഞ്ഞേ അവൾക്ക് ഭക്ഷണത്തിനായി മേശയ്‌ക്കരികിൽ ഇരിക്കുവാനാകുമായിരുന്നുള്ളൂ. ഇപ്പോൾ ഗിരി കൊണ്ടുവരുന്ന ‘ചിക്കൻ ഫ്രൈ’യും ‘പെറോട്ട’യും അവർ തറയിലിരുന്ന് പങ്കിടുകയാണ്. അവളുടെ ചെലവിനുള്ള പൈസ കൈമാറുകയാണ്.
കൈമൾ ഇപ്പോൾ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നു. സംവിധായകൻ കൈമൾ എന്ന കഥാപാത്രത്തെ ഇവിടംമുതൽ വിശകലനം ചെയ്യുന്നു. ബാലൻ എന്ന താക്കോലുപയോഗിച്ച് കൈമൾ എന്ന ഇരുട്ടുമുറിയുടെ പൂട്ടുതുറന്ന് അകത്തേക്കു കടക്കുന്നു. കൈമൾ ചുറ്റുപാടുകളെയോ സമൂഹത്തെയോ അറിയാത്തയാളല്ല. വായനയുടെ ലോകം അയാൾക്കുണ്ടായിരുന്നു. ജോലി, കുടുംബം തുടങ്ങിയ പതിവുകൾ അയാളുടെ മാനവികതയെ ചോർത്തിക്കളഞ്ഞ് ഒരു മരക്കഷ്‌ണമാക്കി മാറ്റിക്കളയുകയാണ്. സാർത്രിന്റെ വരികൾ കൈമൾ ബാലനെ ഓർമിപ്പിക്കുന്നു. ‘അപരൻ നരകമാണ്: തന്റെ ദുരന്തത്തിൽ സന്തോഷിക്കുന്നവരാണ് അവരെല്ലാം. ഫിക്‌ഷനെക്കാൾ ഗദ്യരചനകൾ ഇഷ്ടപ്പെടുന്ന കൈമളിന് റുഷ്‌ദിയുടെ ‘ദ ജാഗ്വാർ സ്‌മൈൽ‐ എ നിക്കാരാഗ്വൻ ജേർണി’ കൈമാറുന്നു. 1987ൽ നടത്തിയ നിക്വാരാഗ്വൻ യാത്രകളുടെ അനുഭവങ്ങളാണ് ആ പുസ്‌തകം പറയുന്നത്. ഈ ചലച്ചിത്രം 1988ൽ പുറത്തിറങ്ങിയതാണ്. അത്രയും ‘സമകാലിക’മാണ് അയാളുടെ അന്വേഷണങ്ങൾ. നിക്കാരാഗ്വ ഒരു രാഷ്‌ട്രീയ ദർശനത്തിന്റെ പ്രതിനിധാനമാണ്. വ്യക്തിഗത രാഷ്‌ട്രീയ ചായ്‌വുകൾക്കപ്പുറമാണയാളുടെ അന്തർമുഖത്വവും മരവിപ്പും. എന്തുകൊണ്ട് തന്നെവിട്ടവൾ പോയി എന്നതിനെക്കുറിച്ചുള്ള അന്വേഷണം അയാൾ നടത്തുന്നുണ്ട്. അവൾ ഒരു പച്ചപ്പാവമായിരുന്നുവെന്ന് കൈമൾ തിരിച്ചറിയുന്നു. പുരുഷത്വം അവമതിക്കപ്പെട്ടു എന്നതാണയാൾ നേരിടുന്ന പ്രഥമ പ്രതിസന്ധി. അതിൽനിന്നും പുറത്തുകടക്കാൻ അയാൾക്ക് കഴിയാതെ പോകുന്നത് സമൂഹനിർമിതയായ മാനാപമാന സങ്കൽപം സൃഷ്ടിച്ച തടവറമൂലമാണ്.
കൈമളിൽനിന്നും തികച്ചും വ്യത്യസ്‌തനാണ് ബാലൻ. അയാൾ ആഴത്തിൽ വായിക്കുന്നു. വേണിയോട് തുല്യതയോടെ പെരുമാറുന്നു. എന്നാൽ ചെറിയതോതിലുള്ള മദ്യപാനം പോലുള്ള ‘ഉല്ലാസ’വുമുണ്ട്. വേണി ഒരു പരസ്യ കന്പനിയിൽ തൊഴിൽ ചെയ്യുന്നു. അവിടെയെല്ലാം അവൾ തനിക്കനുകൂലമാക്കുന്നു. തികച്ചും സ്വാതന്ത്ര്യബോധമുള്ളവൾ. അവളെ ആർക്കും മെരുക്കാനാവില്ല. കൈമൾ‐സുശീല ദന്പതികളുടെ നേരെ വിപരീതമായാണ് കെ ജി ജോർജ് ബാലൻ‐വേണി ദന്പതികളെ വാർത്തെടുക്കുന്നത്. സ്വന്തം ബോസ് കയറിപ്പിടിക്കുമ്പോൾ എത്ര സമചിത്തതയോടെയാണവൾ അതു നേരിടുന്നത്. ഇത്ര ചീപ്പാണോ താൻ എന്നവൾ അയാളുടെ മുഖത്തുനോക്കി ചോദിക്കുകയും വീട്ടിൽനിന്നും ഇറക്കിവിടുകയും ചെയ്യുന്നു. മറ്റു കാര്യങ്ങളിൽ പുരോഗമനവീക്ഷണം വച്ചുപുലർത്തുന്ന പുരുഷന്മാരും അവസരമൊരുങ്ങിയാൽ സ്‌ത്രീകൾക്കുനേരെ അവളുടെ ആത്മാഭിമാനത്തെ ചവിട്ടിമെതിച്ച് ലൈംഗികാതിക്രമങ്ങൾ നടത്താൻ മടികാട്ടില്ലെന്ന സാമൂഹ്യാവസ്ഥയുടെ പ്രതിഫലനം ജോർജ് വരച്ചുകാട്ടുന്നു. ജോലി ഉപേക്ഷിക്കുക, ഭർത്താവിനോട് പറഞ്ഞ് പ്രതികാരം ചെയ്യുക തുടങ്ങിീയ ‘ക്ലീഷേ’കൾക്കൊന്നും അവൾ തയ്യാറാകുന്നില്ല. സ്വന്തമായി എല്ലാം നേരിടാൻ തന്റേടമുണ്ടവൾക്ക്. സ്‌ത്രീയുടെ സ്വതന്ത്രപദവി പുരുഷന്റെ കൂടി സ്വാതന്ത്ര്യമാണെന്ന സത്യം ഈ സിനിമ മുന്നോട്ടുവയ്‌ക്കുന്നു. വ്യക്തികളിലല്ല സമൂഹത്തിലേക്കാണ് കെ ജി ജോർജ് തന്റെ ക്യാമറ തിരിക്കുന്നത്. സ്‌നേഹവും വിദ്വേഷവും ദ്വന്ദ്വാത്മകമാണ്. ഒന്നിന്റെ വിപരീതം എന്ന നിലയിലായിരിക്കും മറ്റൊന്നു നിലനിൽക്കുന്നത്. കൈമളിന് സുശീലയോട് കടുത്ത സ്‌നേഹമായിരുന്നു എന്നയാൾ തിരിച്ചറിയുന്നത് അവളുടെ അഭാവത്തോടെ മാത്രമാണ്. എന്നാൽ താൻ അനുഭവിക്കുന്ന അപമാനത്തിന് പ്രതികാരം ചെയ്യാൻ അയാൾ ഒരു കത്തി വാങ്ങുന്നു. അവളെ അയാൾ ഒരുദിവസം അടുത്തുള്ള തെരുവിൽ കാണുന്നു. കത്തിയുമായി അയാൾ ഒരിടത്ത് ഒളിക്കുന്നുവെങ്കിലും കൃത്യം നിർവഹിക്കാനാകുന്നില്ല. അയാളെ അത്തരം കടുംകൈയിൽനിന്നും പിന്തിരിപ്പിക്കാൻ ബാലൻ തയ്യാറാകുന്നെങ്കിലും കൈമൾ അതിനു വഴങ്ങുന്നില്ല.
സുശീലയുടെ ജീവിതം ആദ്യ കൗതുകത്തിൽനിന്നും യാഥാർഥ്യത്തിലേക്ക് കടക്കുന്നു. കുട്ടിക്കാലത്തേ വീടുവിട്ട ഗിരി ഒരുതരം കുടുംബമൂല്യങ്ങൾക്കും വഴങ്ങുന്നില്ല. സുശീലയെ സഹായിക്കാനെന്ന പേരിൽ അയാൾ കൊണ്ടുവന്നു പാർപ്പിക്കുന്ന മറ്റൊരു യുവതിയുടെ സാന്നിദ്ധ്യം സുശീലയെ ബുദ്ധിമുട്ടിലാക്കുന്നു. തന്നെ ഇവിടെനിന്നും രക്ഷിക്കണമെന്ന് സുശീല ബാലനോട് ആവശ്യപ്പെട്ടു. ഇവിടെ വളരെ കൈത്തഴക്കത്തോടെയും യാഥാർഥ്യബോധത്തോടെയുമാണ് ജോർജ് ഗിരിയുടെ ഒന്നും കൂസാത്ത, പരന്പരാഗത സദാചാരബോധത്തോട് കലഹിക്കുന്ന ക്യാരക്ടറിനെ നിർമിച്ചിരിക്കുന്നത്. അദ്ദേഹം ആരെയും പഴിക്കുന്നില്ല. മുന്പുണ്ടായിരുന്നതുപോലെ രഹസ്യബന്ധം മതിയായിരുന്നുവെന്ന് അയാൾ പരിതപിക്കുന്നുപോലുമുണ്ട് (സുശീലയുടെ മുറിയിൽനിന്നും കൈമൾ ഗിരിയുടെ പണിയായുധങ്ങൾ കണ്ടെടുക്കുന്ന രംഗം ഗിരി‐സുശീല ബന്ധത്തിന്റെ ആഴവും പഴക്കവും കാട്ടിത്തരുന്നുണ്ട്).
സുശീലയെയും കൈമളിനെയും കൂട്ടിച്ചേർക്കാൻ മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം, ബാലൻ കടപ്പുറത്തെത്തുമ്പോൾ നെഞ്ചിൽ കുത്തിയിറക്കിയ കത്തിയുമായി ചത്തുമലച്ചു കിടക്കുന്ന കൈമളിനെയാണ്. 1988ൽ റിലീസ് ചെയ്‌ത മറ്റൊരാൾ വീണ്ടും കാണുന്നത് 2023ലാണ്. മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം കാണുമ്പോഴും മനുഷ്യബന്ധങ്ങൾക്ക് വാർപ്പുമാതൃകകൾ സൃഷ്ടിക്കുന്ന സമൂഹത്തെ വിമർശിക്കുന്ന കെ ജി ജോർജിന്റെ കാലാതിവർത്തിയായ നിരീക്ഷണത്തെ ബഹുമാനത്തോടെയല്ലാതെ നമുക്ക് കാണാനാവുന്നില്ല. മനുഷ്യജീവിതം സമൂഹത്തിൽ വരുന്ന മാറ്റങ്ങൾക്കൊപ്പം ചിട്ടപ്പെടുത്തപ്പെട്ടില്ലെങ്കിൽ, വലിയ തുറസ്സുകളിലേക്ക് വികസിച്ചില്ലെങ്കിൽ, വ്യക്തി ദുരന്തങ്ങളിൽ പെട്ടുപോകുമെന്ന സൂചന ഈ സിനിമ മുന്നോട്ടുവയ്‌ക്കുന്നു.
മുദ്രാവാക്യ പ്രകടനപരതയോടെയല്ല അതീവ സൂക്ഷ്‌മതയോടെയാണ് സ്‌ത്രീകളുടെ സ്വത്വപ്രതിസന്ധി സംവിധായകൻ കൈകാര്യം ചെയ്‌തിട്ടുള്ളത്.
സിനിമയുടെ കളർ ടോണും മൂഡും സവിശേഷതയർഹിക്കുന്നു. പ്രമേയത്തിനനുസരിച്ച് ദൃശ്യദൈർഘ്യം നിശ്ചയിച്ച് സിനിമയുടെ കാഴ്‌ചയെ സസൂക്ഷ്‌മമാക്കുന്നതിന് കെ ജി ജോർജിനുള്ള വൈഭവം എടുത്തുപറയേണ്ടതാണ്. പുതിയ സിനിമകളുമായി തട്ടിച്ചുനോക്കിയാൽ മറ്റൊരാളിന്റെ സവിശേഷത അത് കൂടുതൽ സമയമെടുത്ത് ഒരു ക്യാരക്ടറിനെ വികസിപ്പിച്ചെടുക്കുന്നു എന്നതാണ്. വന്നുമറിയുന്ന ദൃശ്യക്കൂന്പാരങ്ങളിൽപെട്ട് മയങ്ങിപ്പോകുന്ന പ്രേക്ഷകനോടല്ല അവധാനതയോടെ കലയെ ആസ്വദിക്കാൻ വരുന്നവരോടാണ് ജോർജ് സംസാരിക്കുന്നത്. സമൂഹത്തെ നിയന്ത്രിക്കുന്ന ചലനനിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു സംവിധായകനായിരുന്നു കെ ജി ജോർജ്. വ്യക്തിപ്രശ്‌നങ്ങളുടെ ഉത്തരത്തിനായി സാമൂഹ്യാവസ്ഥയിലേക്ക് നോക്കിയ ആ പ്രതിഭാധനന്റെ ചലച്ചിത്രങ്ങൾക്ക് ഇനിയും കാഴ്‌ചക്കാരുണ്ടാകും. ♦