കലാമണ്ഡലം ഗോപിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് നമ്മോടൊപ്പമല്ല സഞ്ചരിക്കുന്നതെന്നു തോന്നും. നമ്മള്‍ പറഞ്ഞുകഴിഞ്ഞ് ഒരു ഇടവേളയെടുത്ത്, അല്ലെങ്കില്‍ പെട്ടെന്നായിരിക്കും പ്രതിവചനം. അന്നേരവും ഭാവനയുടെ ഏതോ ഗഗനസ്ഥലികളിലാകാം ആ അഭിനയചക്രവര്‍ത്തിയെന്നാണ് എന്റെ ഊഹം. വെറുതെയിരിക്കെ, യാത്രാവേളകളിലൊക്കെ സൂക്ഷിച്ചുനോക്കിയാല്‍ ആലോചനയിലാണ്ട കണ്ണുകളും ശോകച്ഛായ പച്ചകുത്തിയ മുഖവും ദൃശ്യമാകും. ഘോരമാം വിധിയുടെ ആഘാതമേറ്റു പിടഞ്ഞ് നിലവിളിക്കുന്ന ബാഹുകനും കര്‍ണനും ധര്‍മ്മപുത്രരും തുടങ്ങി അനേകം വേഷങ്ങള്‍ കുടികൊള്ളുകയാണ് ആ ശരീരത്തില്‍.
അതുകൊണ്ട് ഏതു ദേശമാണ് ഗോപിയുടേതെന്നു തിരക്കിയിട്ടു കാര്യമില്ല. ജനിച്ച കോതച്ചിറയോ വളര്‍ന്ന ചെറുതുരുത്തിയോ ജീവിക്കുന്ന പേരാമംഗലമോ അല്ല ആ ദേശം. ‘‘എന്റെ ദേശമായിരുന്നത് ഈ സ്ഥലങ്ങളായിരുന്നോ? കളിയരങ്ങുകളില്‍ ഞാന്‍ കൊണ്ടാടിയ കുണ്ഡിനവും കോസലവും സാകേതവും സ്വര്‍ഗവും വനപ്രദേശവുമൊക്കെയായിരുന്നു ഞാന്‍ കൂടുതല്‍ പരിചയിച്ചവ…. സ്വപ്‌നത്തിലും ഭാവനയിലും പിന്നീട് അരങ്ങുകളിലും ഞാന്‍ പാര്‍ത്ത ആ ദേശങ്ങളാണോ അതോ എന്റെ മേല്‍വിലാസങ്ങളില്‍ ഒരുവരി മാത്രമായിരുന്ന പ്രദേശങ്ങളാണോ യഥാര്‍ത്ഥത്തില്‍ എന്റെ നാടുകള്‍” എന്ന് അദ്ദേഹം തന്നെ ചോദിച്ചിട്ടുണ്ട്. അതാണ് യാഥാര്‍ഥ്യം. ആ ദേശങ്ങളും കഥാപാത്രങ്ങളും സദാ ആ ഉടലിലും ഉയിരിലുമുണ്ട്.
കഥാപാത്രങ്ങള്‍ സ്വത്വത്തില്‍നിന്നുണര്‍ന്നു തുടങ്ങുന്നത് കളിയുള്ള ദിവസങ്ങളില്‍ പിടികൂടുന്ന അസ്വസ്ഥതയിലും ചുട്ടി തുടങ്ങിയാല്‍ വീഴുന്ന മൗനത്തിലും കാണാനാവും. കഥാപാത്ര പ്രവേശത്തിലേയ്ക്കുള്ള ക്ലേശപൂര്‍ണമായ സഞ്ചാരമാണത്. ആധുനിക നാടകവേദിയുടെ കുലപതി സ്റ്റാന്‍സ്ല്‌ലാവ്‌സ്‌കിയുടെ ‘മൈ ലൈഫ് ഇന്‍ ആര്‍ട്ട്’ എന്ന അനുഭവവിവരണ ഗ്രന്ഥത്തില്‍ അതുല്യപ്രഭാവന്മാരായ രണ്ടു നടന്മാരുടെ രീതികള്‍ വിശകലനം ചെയ്യുന്നുണ്ട്. ഐതിഹ്യസമാനമായ പ്രേക്ഷകകഥകളുടെ പരിവേഷത്തില്‍ ജീവിച്ച ഷേക്‌സ്പീരിയന്‍ നടന്‍ എഡ്മണ്ട് കീനും ഇറ്റാലിയന്‍ നടന്‍ സാല്‍വിനിയുമാണവര്‍. കഥാപാത്രമായി മാറുന്ന സാല്‍വിനിയില്‍ സംഭവിക്കുന്ന അത്ഭുത പരിണാമത്തെ കുറിച്ചെഴുതിയതാണ് ഇവിടെ പ്രസക്തം.
വളരെ നേരത്തെ തിയേറ്ററിലെത്തുന്ന സാല്‍വിനി, അണിയറയില്‍ കടക്കുന്നതോടെ അസ്വസ്ഥനും മൗനിയുമാകും. ഇടയ്ക്കിടെ വേദിയിലും അണിയറയിലുമായി, കൂട്ടിലടച്ച മൃഗത്തെപ്പോലെ ഉലാത്തും. കൈകള്‍ കൂട്ടി തിരുമ്മിക്കൊണ്ടിരിക്കും. അരങ്ങിലെത്തിയാലോ, ഏതോ മാന്ത്രിക സ്പര്‍ശത്താലെന്നപോലെ കാണികള്‍ ഒന്നടങ്കം അയാളില്‍ കണ്ണും മനസ്സും അര്‍പ്പിക്കുമത്രേ. വേദിയില്‍നിന്നയാള്‍ ഇരുകൈകളും നീട്ടിപ്പിടിച്ചാല്‍ മതി കാണികള്‍ അതിനുള്ളിലകപ്പെടും. കൈകള്‍ കൂട്ടിത്തിരുമ്മുമ്പോള്‍ താനടക്കമുള്ളവര്‍ ശ്വാസംമുട്ടനുഭവിച്ചിരുന്നതായി സ്റ്റാന്‍സ്ല്‌ലാവ്‌സ്‌കി സാക്ഷ്യപ്പെടുത്തുന്നു. ഇതിനു സമാനമായ ഒരാകര്‍ഷണശക്തി കഥകളിനടന്മാരില്‍ കലാമണ്ഡലം ഗോപിക്കേ ഉള്ളൂ. നളചരിതം ഒന്നാംദിവസം ‘ഹരിമന്ദിരത്തില്‍നിന്നോ….’ എന്ന ഭാഗത്ത് അനന്തശായിയായ വിഷ്ണുവിനെ ദൃശ്യപ്പെടുത്തും മുമ്പുള്ള, കൈകള്‍ ഇരുവശത്തേയ്ക്കും വിടര്‍ത്തി കാലുകളകറ്റിയുള്ള ആ നില കണ്ടപ്പോഴത്തെ ഒരനുഭൂതിവിശേഷമാണ് ഒരു മിന്നല്‍പ്പിണര്‍പോലെ, മഹാനടന്മാരെക്കുറിച്ച്, പ്രത്യേകിച്ചും സാല്‍വിനിയെക്കുറിച്ചുള്ള അറിവ്.
ധര്‍മപുത്രര്‍ നല്‍കുന്ന ഗ്രീഷ്മതാപവും കര്‍ണന്റെ ഘോരസംഘര്‍ഷവും രൗദ്രഭീമന്റെ ഭയങ്കരതയും അനുഭവിക്കാന്‍ പ്രയാസമുണ്ടാക്കിയില്ല. ഗോപിയാശാന് പത്മശ്രീ പ്രഖ്യാപിച്ച ദിവസം, യാദൃച്ഛികമെന്നോണം പട്ടാമ്പിക്കടുത്ത ഏതോ കളിസ്ഥലത്തു കണ്ട രൗദ്രഭീമന്റെ ക്രോധമൊടുങ്ങാത്ത ശരീരഭാവം കണ്ടുനടുങ്ങിയത് ഇപ്പോഴും ഓര്‍ക്കുന്നു. പ്രേക്ഷകര്‍ക്ക് ഇരിപ്പിടം വിട്ടെഴുന്നേല്‍ക്കാന്‍ ആ സമയം കുറച്ച് വൈഷമ്യമുണ്ടാകും.
കേരളത്തിലെ അഞ്ചു സുന്ദരവസ്തുക്കളില്‍ ഒന്ന് കലാമണ്ഡലം ഗോപിയുടെ പച്ചയാണെന്ന പ്രസ്താവം മതിയല്ലോ ആ സൗന്ദര്യപ്രതിഭയെ അടയാളപ്പെടുത്താന്‍. ആ കോംപ്ലിമെന്റ് നല്‍കിയതോ വരകളുടെ തമ്പുരാനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും.
നാട്യശാസ്ത്രത്തിലൊരിടത്ത് നടന്റെ ഗുണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ‘ഉജ്ജ്വലോ രുപമാഠശ്ചൈവ….’ എന്നു തുടങ്ങുന്ന ശ്ലോകം. തെളിഞ്ഞ വേഷം, ജന്മസിദ്ധമായ ശരീരസൗന്ദര്യം, അഭിനയം കണ്ടിട്ടുള്ള പരിചയം, ഓര്‍മശക്തി, ശാസ്ത്രജ്ഞാനം, അഭിനയത്തിലുള്ള വൈദഗ്ദ്ധ്യം എന്നിവയാണത്. ഗോപിയാശാനുവേണ്ടി എഴുതിയ ശ്ലോകംപോലെ തോന്നില്ലേ ഇത്. മറ്റൊരിടത്ത് നടന്മാരാകാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്കു വേണ്ട ഗുണങ്ങളെക്കുറിച്ച് ഭരതമുനി പറയുന്നത് ബുദ്ധിസാമര്‍ത്ഥ്യം, വിവേകം, ധൈര്യം, ആരോഗ്യം എന്നിവയാണ്. ഗോപിയാശാന്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കും, – ഉയരാനുള്ള വാശി തന്റെ പ്രവൃത്തി നന്നാക്കിക്കൊണ്ട് എന്നും പറയും.
പിന്നാമ്പുറങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് അംഗീകാരങ്ങള്‍ തരപ്പെടുത്തുന്ന പുഷ്‌കരജന്മമാകരുത് കലാകാരന്റെ ജീവിതമെന്നര്‍ത്ഥം.
കഥകളിയടക്കമുള്ള ക്ലാസിക്കല്‍ കലകളിലും പൊതുവെ കലാകാരരിലും അയ്യോ പാവമെന്ന രീതിയില്‍ ഇടപെടുന്നവരുണ്ട്. സാമൂഹിക ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനും നിലപാടുറപ്പിച്ചു പറയാതിരിക്കാനുമുള്ള പൊട്ടന്‍കളിയായി ഇതിനെ കാണാം. ഭൗതിക ലാഭങ്ങള്‍ വരാനുള്ള വഴിയില്‍ തങ്ങുമെന്ന മിഥ്യാഭയം! ഇവിടെയും ഗോപിയാശാന്‍ വ്യത്യസ്‌തന്‍. വിനയമൊരു നയമാക്കി മിണ്ടാതിരിക്കലല്ല, പറയേണ്ടത് ഏത് അധികാരിയുടെ മുന്‍പിലും പറയും. തന്റെ രാഷ്ട്രീയ ഇച്ഛാശക്തി പരസ്യമാക്കുകയും ചെയ്യും. പരിഷ്‌കൃത വിദ്യാഭ്യാസം ലഭിച്ച ഒരാളേക്കാള്‍ വിവേകം പ്രകടിപ്പിക്കും. ജീവിതാനുഭവങ്ങളുടെ കടലാഴം സമ്മാനിച്ച പവിഴങ്ങളും മുത്തുകളും അനവധിയുണ്ട് ആ സ്വഭാവത്തില്‍. പെട്ടിക്കാരന്‍ മുതല്‍ മന്ത്രിമാര്‍വരെയുള്ളവരോട് സമഭാവനയോടെയുള്ള ഇടപെടല്‍ കണ്ടുമനസ്സിലാക്കേണ്ടതു തന്നെ. ഒരു കൂട്ടത്തിലേയ്ക്ക് അദ്ദേഹം കടന്നുവന്നാല്‍ അന്തരീക്ഷം ദീപ്തമാകുന്നതു കാണാം. സരസസംഭാഷണപ്രിയന്‍. എന്നാലോ, വളരെ വലിയവരും കൂടെ കൊണ്ടുനടക്കുന്ന ദൂഷണം പറച്ചില്‍ തൊട്ടുതീണ്ടിയിട്ടില്ല. ശത്രുവിനെക്കുറിച്ചുപോലും ഇല്ലാവചനം പറയില്ല. ഉള്ളതു പറയാനൊട്ടു മടിയുമില്ല.
കലാമണ്ഡലം പത്മനാഭന്‍ നായര്‍ മരിച്ചപ്പോള്‍ വിങ്ങിപ്പൊട്ടുന്നതും, പത്മഭൂഷണ്‍ ലഭിച്ചശേഷം ഗുരുവന്ദനത്തിനായി കലാമണ്ഡലത്തിലെത്തിയ രാമന്‍കുട്ടിനായരെ സാഷ്ടാംഗപ്രണാമം നടത്തുന്നതും – ഈ രണ്ടു കാഴ്ചകള്‍ ഗോപിയാശാന്റെ ഔന്നത്യം കൂട്ടി മനസ്സിലുണ്ട്. ഇവര്‍ രണ്ടുപേരുമാണല്ലോ, മനുഷ്യജീവിതത്തിന്റെ ഇരുണ്ട പ്രലോഭനങ്ങളിലേയ്ക്ക് ഓടിമറയാനുള്ള കുറുമ്പ് ഇടയ്ക്കിടെ കാണിച്ചിരുന്ന ഈ കഥകളിയിലെ മേഘരൂപനെ ഇടവും വലവുംനിന്ന് മെരുക്കിയെടുത്ത വലിയ പാപ്പാന്മാര്‍_ ഗുരുക്കന്മാർ. മാമലനാട്ടിലെ കഥകളിദേവന്റെ തിടമ്പേറ്റേണ്ടത് ഇവന്റെ മസ്തകത്തിലാണെന്ന് അവര്‍ക്ക് ബോധ്യമായിരുന്നിരിക്കും.
‘പൊന്‍തിടമ്പേറിദേവന്‍ പെരുമാറുമാപ്പെരും
മസ്തകകടാഹത്തില്‍ മന്ത്രിപ്പൂ പിശാചുക്കള്‍’ എന്ന് വൈലോപ്പിള്ളി.
ആ പിശാചുക്കളെ ഉച്ചാടനം ചെയ്ത് കലയുടെ ദേവതയെ പ്രതിഷ്ഠിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ഗുരുക്കന്മാര്‍ ഉപയോഗിച്ചു. കളരിയിലേയ്ക്കു വിളിച്ചുവരുത്തി അമ്പതുവയസ്സുകാരനായ ശിഷ്യനെ- കലാമണ്ഡലം ഗോപിയെ -ചെകിടടച്ച് രാമന്‍കുട്ടിനായര്‍ ഒന്നു പൊട്ടിച്ചു എന്നൊരു കഥയുണ്ടല്ലോ. അതാണ് ഗോപിയാശാനു കിട്ടിയ ആദ്യ പത്മശ്രീ. പിന്നീടാ ജീവിതവും പച്ചകുത്തി തുടങ്ങിയില്ലേ?
ഗോപിയുടെ ജീവിതകാലത്ത് ആ നടനം കണ്ട് ജീവിക്കാന്‍ കഴിഞ്ഞതു ഭാഗ്യമെന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി എഴുതിയല്ലോ. അതിവിടെ ആവര്‍ത്തിക്കാം – ആയിരമായിരം വേഷങ്ങള്‍ ആ ഉടലില്‍ ഇനിയും വിടരട്ടെ. ♦