കോവിഡ് വ്യാപനം കാരണം 2023ലേക്ക് മാറ്റിവയ്ക്കപ്പെട്ട ഏഷ്യാ വൻകരയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ചൈനയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധക്കെടുതികൾക്കുശേഷം ഏഷ്യൻ രാജ്യങ്ങളുടെ കരുത്തും കഴിവുകളും ഏകോപനവും പ്രകടിപ്പിക്കുവാൻ പൊതുവായ ഒരു കായികമേള ആവശ്യമാണെന്ന നിരന്തര ആവശ്യത്തിൽ നിന്നാണ് ഏഷ്യൻ ഗെയിംസ് പിറവികൊള്ളുന്നത്. ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റി പ്രതിനിധിയായിരുന്ന ഗുരുദത്ത് സോധിയായിരുന്നു ഏഷ്യൻ ഗെയിംസ് എന്ന ആശയം മുന്നോട്ടുവച്ചത്.ഇതേത്തുടർന്ന് ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ രൂപീകരിക്കുകയും ആദ്യ ഏഷ്യൻ ഗെയിംസ് ന്യൂഡൽഹിയിൽ വച്ച് 1951ൽ സംഘടിപ്പിക്കുകയും ചെയ്തു. ഫെഡറേഷൻ രൂപീകരിച്ചതിനുശേഷം ഗുരുദത്ത് സോധി രൂപകല്പന ചെയ്ത് നിർദ്ദേശിച്ച “എന്നും മുന്നോട്ട്’ (Ever Onward) എന്നതാണ് ഏഷ്യൻ ഗെയിംസ് ഔദ്യോഗിക മുദ്രാവാക്യം.സാധാരണയായി നാലു വർഷത്തിലൊരിക്കൽ നടക്കേണ്ട കായിക മാമാങ്കം കോവിഡ് കാരണം ചരിത്രത്തിലാദ്യമായി അഞ്ചാം വർഷത്തിൽ ചൈനീസ് നഗരമായ ഹാങ്ങ് ചോവിൽ ആരംഭിച്ചു. 2023 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഗെയിംസിന്റെ കാലയളവ്.
വന്മതിൽക്കെട്ടിലെ വിസ്മയത്തുടക്കം
ചൈനയുടെ കായിക പാരമ്പര്യത്തെ വെളിവാക്കുന്ന നിലയിലുള്ള വിസ്മയത്തുടക്കമായിരുന്നു ഏഷ്യൻ ഗെയിംസിൽ അരങ്ങേറിയത്. സംസ്കാരസമ്പന്നമായ ക്വിയാന്റങ്ങ് നദീതീരത്തെ ഹാങ്ങ്ചോ സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിലാണ് ഗെയിംസിന്റെ ഔദ്യോഗിക തുടക്കം കുറിച്ചത്. ‘ബിഗ് ലോട്ടസ്’ എന്നറിയപ്പെടുന്ന താമരയുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്ത അതിമനോഹരമായ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. “ഹൃദയം തൊട്ട് ഹൃദയം വരെ ഭാവിയിലേക്ക്” എന്ന മുദ്രാവാക്യമാണ് 2023ലെ ഏഷ്യൻ ഗെയിംസിനു വേണ്ടി ചൈന തിരഞ്ഞെടുത്തത്.ഗെയിംസ് നടക്കുന്ന പ്രധാന നഗരങ്ങളെ ബന്ധപ്പെടുത്തി “ഭൂമിയിലെ സ്വർഗം” എന്ന വിശേഷണമാണ് ചൈന നൽകിയിട്ടുള്ളത്. ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ കോങ്‌കോങ്, ലിയാൻലിയൻ, ചെഞ്ചൻ എന്നീ മൂന്ന് റോബോട്ടുകളാണ്. ഏഷ്യൻ ഗെയിംസിന്റെ പത്തൊമ്പതാം പതിപ്പിൽ 45 രാജ്യങ്ങളിൽ നിന്നായി 12417 കായിക താരങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന കായികതാരങ്ങളുടെ എണ്ണം ഇത്തവണയാണ്. ഉത്തരകൊറിയ നാലു വർഷങ്ങൾക്കുശേഷം രാജ്യാന്തര മത്സരവേദിയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ഗെയിംസിനുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ത്രീഡി ആനിമേഷൻ, ഓഗ്മെന്റഡ് റിയാലിറ്റി ഉൾപ്പെടെയുള്ള ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ നൂതനമായ സാധ്യതകളും പ്രയോഗിക്കപ്പെടുന്നു. ഗെയിംസ് പരിസ്ഥിതി സൗഹൃദമാക്കുവാനുള്ള എല്ലാവിധ ഇടപെടലുകളും സംഘാടകരുടെ ഭാഗത്തുനിന്ന് പാലിക്കപ്പെട്ടിട്ടുള്ളതിന്റെ തെളിവായി ഇലക്ട്രോണിക് വെടിക്കെട്ടാണ് ഉദ്‌ഘാടന വേദിയിൽ അവതരിപ്പിച്ചത്. ഔപചാരിക തുടക്കങ്ങളുടെ ഭാഗമായി ദീപശിഖയിൽ ദീപം തെളിയിച്ചത് നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ പ്രകാരം രൂപപ്പെടുത്തിയ ഡിജിറ്റൽ മനുഷ്യനാണ്.ഇത് ലോക കായിക മേളകളുടെ ചരിത്രത്തിലെ അത്യപൂർവ്വ കാഴ്ചയായി മാറി.ഹാങ്ങ്ചോക്കിനുപുറമേ മറ്റ് അഞ്ച് ചൈനീസ് നഗരങ്ങൾ കൂടി ഗെയിംസിന് വേദിയാണ്. ഗതാഗത സംവിധാന വികസനത്തിന്റെ ഭാഗമായി മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രത്യേക ബുള്ളറ്റ് ട്രെയിൻ തന്നെ ചൈന പുറത്തിറക്കി. കായിക ഉദ്യോഗസ്ഥർക്കു പുറമേ നാൽപ്പതിനായിരത്തോളം വോളണ്ടിയർമാരാണ് മത്സരസംഘാടനത്തിന് പിന്നിൽ അണിനിരക്കുന്നത്. ഹാങ്‌ഷുവിലെ ഏഷ്യൻ ഗെയിംസ് ദീപശിഖയ്‌ക്ക് “എറ്റേണൽ ഫ്ലേം’ എന്നാണ് പേര് നൽകിയിട്ടുള്ളത്. 5000 വർഷം പഴക്കമുള്ള ചൈനീസ് നാഗരികതയുടെ സാക്ഷ്യപത്രമായ ലിയാങ്‌ഷു സംസ്‌കാരത്തിൽ നിന്നാണ് ദീപശിഖ രൂപകൽപന ചെയ്തതിന്റെ പ്രചോദനം ഉൾക്കൊണ്ടത്. ചൈനീസ് രൂപകൽപനയുടെ അതുല്യമായ സർഗ്ഗാത്മകതയും നിർമ്മാണ വൈദഗ്ധ്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുവാൻ ദീപശിഖ പ്രകാശനത്തിലൂടെയായി.
പ്രതീക്ഷയോടെ ഇന്ത്യൻ സാന്നിധ്യം
ഏഷ്യൻ ഗെയിംസിന്റെ എല്ലാ പതിപ്പുകളിലും മത്സരിച്ച ഏഴ് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്നും 39 കായിക ഇനങ്ങളിലായി 655 താരങ്ങളാണ് ഏഷ്യൻ പോരാട്ടത്തിന് അണിനിരക്കുന്നത്. ജാവലിൻ ഹീറോ നീരജ് ചോപ്ര ഉൾപ്പെടെ 5 ഒളിമ്പിക് മെഡൽ ജേതാക്കളാണ് ഇന്ത്യയ്ക്കു വേണ്ടി മത്സരിക്കുന്നത്.പുരുഷ, വനിത ഹോക്കിയിൽ ഇന്ത്യ സുവർണ്ണ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. മാർച്ച് പാസ്റ്റില്‍ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റന്‍ ഹർമൻപ്രീത് സിങ്ങും ഒളിമ്പിക് മെഡല്‍ ജേതാവായ ബോക്സിങ് താരം ലവ്ലിന ബൊർഗോഹെയ്നും ചേർന്നാണ് ഇന്ത്യന്‍ പതാകയേന്തിയത്. സോണി സ്പോർട്സ് നെറ്റ്‌വർക്ക് ആണ് ഏഷ്യൻ ഗെയിംസിന്റെ മാധ്യമ അവകാശം സ്വന്തമാക്കിയത്.ടെലിവിഷനിലും ഒ.ടി.ടി.പ്ലാറ്റ്ഫോം ആയ സോണി ലൈവിലും തത്സമയ സംപ്രേക്ഷണം ലഭ്യമാണ് .”ഇന്ത്യ ഇത്തവണ 100 മെഡൽ കടക്കും’ എന്നുള്ള പേരിൽ പ്രത്യേക പ്രോത്സാഹന ക്യാമ്പയിനും ഇവർ സംഘടിപ്പിച്ചിരുന്നു. എല്ലാ ഏഷ്യൻ ഗെയിംസുകളിലും കുറഞ്ഞത് ഒരു സ്വർണ്ണമെഡലെങ്കിലും ഇന്ത്യ നേടിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട് . കൂടാതെ 1990 ലെ ഏഷ്യൻ ഗെയിംസ് ഒഴികെ മെഡൽ പട്ടികയിലെ ആദ്യ 10 സ്ഥാനം നേടിയ രാജ്യങ്ങളിൽ ഇടം നേടുവാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.
2018 ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടങ്ങൾ ആയിരുന്നു സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.ഇപ്രാവശ്യം അംഗബലത്തിലെ എണ്ണക്കൂടുതലിലൂടെ ഉണ്ടായ സംഘടിതശക്തിയുടെ പ്രചോദനം മെഡലുകളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുകയാണ്.വർഷങ്ങളായി ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ മെഡൽ നേട്ടങ്ങളിൽ ഭൂരിഭാഗവും അത്ലറ്റിക്സിൽ നിന്നാണ് ലഭിക്കുന്നത്.ഇപ്രാവശ്യം മറ്റു ഗെയിംസ് ഇനങ്ങളിലും ഇന്ത്യ പ്രതീക്ഷ പുലർത്തുന്നു. ഇപ്രാവശ്യം ആദ്യമായി ഏഷ്യൻ ഗെയിംസിൽ പുരുഷ, വനിതാ ക്രിക്കറ്റ് ടീമിനെ പങ്കെടുപ്പിക്കുന്നുണ്ട്.ഹോക്കി, ഗുസ്തി, ബോക്സിങ്, ഭാരോദ്വഹനം, ബാഡ്മിന്റൺ, അമ്പെയ്ത്ത്, ഷൂട്ടിംഗ് തുടങ്ങിയ ഇനങ്ങളിലും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ വാനോളം വലുതാണ്.
ഇന്ത്യയിലെ ഗുസ്തി, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ കായിക സംഘടനകളുടെ പ്രവർത്തനം കോടതിയോ ഒളിമ്പിക് അസോസിയേഷനോ നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റികളുടെ നിയന്ത്രണത്തിലാണ്. മറ്റു പല കായിക അസോസിയേഷനുകളുടെ സെലക്ഷൻ രീതികളും കോടതി കയറിയിരുന്നു.ഏഷ്യൻ ഗെയിംസ് തയ്യാറെടുപ്പുകൾക്കിടെ ഇത്തരം സംഘടനകളുടെ ആഭ്യന്തര പ്രശ്നങ്ങളും ചേരിപ്പോരും നിരവധി പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. ഐ.എസ്.എൽ ഫുട്ബോൾ താരങ്ങളെ ഏഷ്യൻ ഗെയിംസിന് വിട്ടുനൽകുവാൻ ആദ്യഘട്ടങ്ങളിൽ വിവിധ ഫ്രാഞ്ചൈസികൾ തയ്യാറാകാത്തത് ആശയക്കുഴപ്പത്തിനും ടീം ഏകോപനം ഫലപ്രദമായി സാധ്യമാക്കാതെ വരുത്തുന്നതിനും ഇടയാക്കിയിരുന്നു.
ചൈനയിലെ മലയാളി സാന്നിധ്യം
ഹോക്കിയിലെ വിസ്മയതാരം പി.ആർ ശ്രീജേഷ്, വനിതാ ക്രിക്കറ്റ് ടീമിൽ അംഗമായ മിന്നുമണി, അന്തർദേശീയ നീന്തൽ താരം സജൻ പ്രകാശ്, പ്രശസ്ത ലോങ്ങ് ജംപ് താരം എം.ശ്രീശങ്കർ തുടങ്ങി 45 ഓളം കായികതാരങ്ങളാണ് ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം.ഇതുകൂടാതെ 12 മലയാളി പരിശീലകരും വിവിധ ടീമുകൾക്ക് നിരന്തര പിന്തുണയുമായി ഇന്ത്യൻ ടീമിനോടൊപ്പം ഉണ്ട്. അത്‌ലറ്റിക്സ് ടീമിൽ പി. രാധാകൃഷ്ണൻ നായർ, മുൻ അന്തർദേശീയ വോളിബോൾ താരമായ ടോം ജോസഫ് തുടങ്ങിയവർ പരിശീലകനിരയിലെ പ്രമുഖരാണ്.
മെഡൽ തേരോട്ടവുമായി ചൈന
ഏഷ്യൻ ഗെയിംസിൽ മുമ്പുള്ളതുപോലെതന്നെ ചൈനീസ് കായികതാരങ്ങളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനാണ് ലോകം സാക്ഷിയാകുന്നത്. 36 ഒളിമ്പിക് ചാമ്പ്യന്മാർ ഉൾപ്പെടെ 886 കായിക താരങ്ങളെയാണ് ചൈന ഏഷ്യൻ ഗെയിംസിന് വേണ്ടി കളത്തിൽ ഇറക്കിയത്. മറ്റു രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ഏറ്റവുമധികം സ്വർണ്ണ നേട്ടത്തോടെ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്നത് ചൈനയാണ്.നീന്തൽ, ഇ-സ്‌പോർട്‌സ്, ഷൂട്ടിംഗ്, സെയിലിംഗ് തുടങ്ങി വിവിധ കായിക ഇനങ്ങളിൽ രാജ്യത്തെ അത്‌ലറ്റുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 25 വയസ്സാണ് ചൈനീസ് കായികതാരങ്ങളുടെ ശരാശരി പ്രായം.1982 മുതൽ തുടർച്ചയായി ഏഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനത്താണ് ചൈനയുടെ സ്ഥാനം. ഏഷ്യയിലെ അംഗരാജ്യങ്ങൾ തമ്മിൽ പരസ്പരം ഒത്തുചേരുവാനും കായികവേദികളിൽ രക്തച്ചൊരിച്ചിലില്ലാത്ത പോരാട്ടങ്ങൾക്ക് വേദിയൊരുക്കുകയുമാണ് ഏഷ്യൻ ഗെയിംസിലൂടെ ആത്യന്തികമായി ലക്ഷ്യമിടുന്നത്.വിവിധ കായിക ഇനങ്ങളിൽ പങ്കെടുക്കുവാൻ അവസരം നൽകുന്നതോടൊപ്പം തന്നെ ദേശീയോദ്ഗ്രഥനത്തിന് കൂടി പ്രാധാന്യം നൽകുന്ന പൊതുരീതിയും ഏഷ്യൻ ഗെയിംസിന്റെ ഭാഗമായി പിന്തുടരുന്നുണ്ട്. ♦