ഫുട്ബോളിനോടുള്ള അടങ്ങാത്ത ആവേശമാണ് ഒരു സംഘം കൗമാരക്കാരായ പെൺകുട്ടികളെ സ്വന്തം നാടുവിട്ട് പോകാൻ പ്രേരിപ്പിച്ചത്. കളിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിച്ചാലും കുഴപ്പമില്ല എന്ന നിശ്ചയദാർഢ്യമാണ് മുപ്പതോളം ഫുട്ബാൾ താരങ്ങൾക്ക് കരുത്തായത്. ഒരു ചലച്ചിത്രത്തെ വെല്ലുന്ന നാടകീയതയുണ്ട് ഇവരുടെ സാഹസിക കഥക്ക്.
2021 ആഗസ്ത് 15ന് അഫ്ഗാനിസ്ഥാൻ രണ്ടാമതും താലിബാന്റെ കാൽക്കീഴിൽ അടിയറവ് പറഞ്ഞതാണ് അവിടുത്തെ സ്ത്രീകൾക്ക് വിനയായത്. പ്രത്യേകിച്ചും കായികതാരങ്ങൾക്ക്. പെൺകുട്ടികൾ സ്‌കൂളിൽ പോലും പോകുന്നതിനു വിലക്ക് ഏർപ്പെടുത്തിയ താലിബാൻ ഭരണകൂടത്തിന് പെൺകുട്ടികൾ പന്തുകളിക്കുന്നത് ഒരിക്കലും അനുവദിക്കാനാവില്ല.
എത്രയും പെട്ടെന്ന് രാജ്യം വിടുകയല്ലാതെ വേറെയൊരു മാർഗവും ഈ പെൺകുട്ടികളുടെ മുന്നിൽ ഉണ്ടായിരുന്നില്ല. മത പോലീസിന്റെയും വെടിയുണ്ടകളുടെയും ഇടയിൽ നിന്ന് എങ്ങനെ രക്ഷ പെടാൻ കഴിയുമെന്ന് അവർക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. പക്ഷേ അവർ വെറുതെയിരുന്ന് കരയുകയല്ല ചെയ്തത്. രക്ഷപെടാനുള്ള മാർഗങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു.
അവർക്ക് അപ്രതീക്ഷിതമായി ഒരു സഹായ ഹസ്തം എത്തിയത് കാനഡയിൽ നിന്നാണ്. അഫ്ഗാനിസ്ഥാൻ ഫുട്‍ബോൾ ഫെഡറേഷൻ കാനഡയിൽ താമസിക്കുന്ന 24 കാരിയായ ഫർഖുൻഡാ മുഹ് താജിനോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. മുഹ്താജിനും ഉണ്ട് ഒരു കഥ. ഇപ്പോൾ കാനഡയിലെ ഒരു അറിയപ്പെടുന്ന കായികതാരമായ മുഹ്താജിന്റെ അച്ഛനമ്മമാർ 1990കളിൽ അഫ്ഗാനിസ്ഥാനിൽ നിന്നും കാനഡയിലേക്ക് കുടിയേറിയവരാണ്. മുഹ്താജ് അഫ്ഗാൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻ ആയും കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. ഫുട്ബാൾ താരങ്ങളായ കൗമാരക്കാരുടെ അവസ്ഥ മനസ്സിലാക്കിയ മുഹ്താജ് സഹായിക്കാൻ സന്നദ്ധയായി.
ആദ്യമായി അവർ ചെയ്തത് ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയാണ്. മുഹ്താജിനെ അവർ അന്ധമായി തന്നെ വിശ്വസിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വ്യക്തി മൈലുകൾക്കപ്പുറത്തിരുന്ന് തങ്ങളെ സഹായിക്കുന്നു എന്നത് പെൺകുട്ടികളെ അമ്പരപ്പിച്ചിട്ടുണ്ടാകാം. മുഹ്താജ് അമേരിക്കയിലെ മനുഷ്യാവകാശ പ്രവർത്തകരുമായും രാഷ്ട്രീയ നേതാക്കളുമായും ബന്ധപ്പെട്ടു. എല്ലാ ആശയവിനിമയവും വാട്ട്സാപ്പ് വഴി മാത്രം. പെൺകുട്ടികൾ അവരുടെ പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ അയച്ചുകൊടുത്തു. അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറിയതോടെയാണ് താലിബാൻ ഭരണം പിടിച്ചെടുത്തത്. അമേരിക്കൻ വിമാനങ്ങളിൽ കയറി രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു ആയിരങ്ങൾ. അവർ വിമാനത്താവളത്തിൽ തടിച്ചു കൂടി. താലിബാൻ സൈനികർ അഴിഞ്ഞാടി.
20 ദിവസം ഫുടബോൾ ടീം അംഗങ്ങൾക്ക് വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞില്ല. ഒരു അംഗത്തിന് മൂന്ന് കുടുംബാംഗങ്ങളെ കൂടെ കൂട്ടാം എന്നായിരുന്നു തീരുമാനം. ഏതാണ്ട് എൺപതിലേറെ പേർ. മുഹ്താജിന്റെ നിർദേശപ്രകാരം അവർ വടക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു സുരക്ഷാ കേന്ദ്രത്തിൽ 20 ദിവസം ഒളിച്ചു താമസിച്ചു. ഒടുവിൽ ജീവൻ കയ്യിലെടുത്തു കൊണ്ട് 21‐ാം ദിവസമാണ് വിമാനത്തിനുള്ളിൽ കടക്കാൻ കഴിഞ്ഞത്. ഈ സംഘം പോർച്ചുഗീസിലേക്കാണ് പോയത്. പോർച്ചുഗീസ് സർക്കാർ അഭയാർത്ഥികളെ സ്വീകരിക്കാൻ സന്നദ്ധമായിരുന്നു. ഫുട് ബോൾ താരങ്ങളായ പെൺകുട്ടികളെയും കുടുംബങ്ങളെയും താമസിപ്പിക്കാൻ പ്രത്യേക വീടുകൾ തയാറാക്കി. സാമ്പത്തികമായി സഹായിക്കാൻ പോർച്ചുഗീസിന് കഴിവില്ലാത്തതിനാൽ അമേരിക്ക ഉൾപ്പടെ ഉള്ള രാജ്യങ്ങളുടെ സഹായം തേടി.
പെൺകുട്ടികൾക്ക് ഇത് തികച്ചും പുതിയ ഒരു ലോകമായിരുന്നു. സുരക്ഷിതമെന്ന അറിവ് അവരെ ആശ്വസിപ്പിച്ചു. അപരിചിതമായ സംസ്കാരവും ഭാഷയും ആഹാരരീതികളും ആണെങ്കിലും അവർ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു. ഇവരെ കാണാനായി കാനഡയിൽ നിന്നും മുഹ്താജ് എത്തുകയും അവർക്ക് പരിശീലനം തുടങ്ങുകയും ചെയ്തു.
“അയേണ്ട എഫ് സി’ എന്ന പേരിൽ ഇവരുടെ ടീം പോർച്ചുഗീസിൽ ടൂർണമെന്റുകളിലും പങ്കെടുത്തു. അയേണ്ട ടീമിന്റെ അമ്പരപ്പിക്കുന്ന സാഹസിക കഥ ഡോക്യുമെന്ററിയായി. വാട്ട്സാപ്പ് തന്നെ ഈ ഡോക്യുമെന്ററി നിർമിക്കാൻ മുൻകൈ എടുത്തു. കാരണം, വാട്ട്സാപ്പ് എന്ന ആശയവിനിമയ ഉപാധിയാണ് പെൺകുട്ടികളുടെ രക്ഷയ്‌ക്ക് തുണയായത്. ആമസോൺ പ്രൈമിൽ ഡോക്യുമെന്ററി ഉണ്ടെങ്കിലും ഇന്ത്യയിൽ അതിനു സംപ്രേക്ഷണാനുമതി ഇല്ല.
അയേണ്ട എഫ് സി മാത്രമല്ല. മറ്റൊരു സംഘം ഖാലിദ പോപ്പാൽ എന്ന മറ്റൊരു അഫ്ഗാൻ ഫുടബോൾ കൊച്ചിന്റെ സഹായത്തോടെ ആസ്‌ത്രേലിയയിൽ എത്തിയിട്ടുണ്ട്. ജീവന് ഭീഷണി ഉയർന്നപ്പോൾ 2011 ൽ ഡെന്മാർക്കിലേക്ക് കുടിയേറിയതാണ് ഖാലിദ. ഖാലിദയുടെ ധൈര്യവും നിശ്ചയദാർഢ്യവുമാണ് ഇവരെ ആസ്‌ത്രേലിയയിൽ എത്തിച്ചത്. ഇവർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇങ്ങനെ രക്ഷപെടാൻ ശ്രമിച്ച ഒരു 17കാരനായ ഫുടബോൾ താരം താലിബാന്റെ വെടിയേറ്റ് മരിച്ചത് ഇവരുടെ ഭയം ഇരട്ടിപ്പിച്ചു. പക്ഷെ പിന്തിരിയാതെ അവർ തങ്ങളുടെ ലക്ഷ്യത്തിൽ എത്തുകയായിരുന്നു.
ആസ്‌ത്രേലിയയിൽ മെൽബൺ വിക്ടറി എന്ന എ ലീഗ് ക്ലബ് ഇവർക്ക് ഇടം നൽകി. മുഹ്തജിനെ പോലെ ഖാലിദയും ഡെന്മാർക്കിൽ നിന്നും ഇവരെ കാണാൻ വന്നു. ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകി. ഏറ്റവും ആവേശകരമായത് നോബൽ സമ്മാന ജേതാവായ മലാല യുസഫ് സായ് ആസ്‌ത്രേലിയയിൽ വന്ന് ഫുടബോൾ ടീമിന് പിന്തുണ നൽകിയതാണ്. മലാല വന്നതിനെക്കുറിച്ച് ഖാലിദ പോപ്പാൽ പറഞ്ഞത് “ഇത് ഏറ്റവും പരിപൂർണമായ സ്വപ്നതുല്യമായ കൂട്ടായ്മയാണ്; അതിനു കാരണം ഞങ്ങളുടെ ചരിത്രങ്ങളും ഞങ്ങളുടെ നഷ്ടങ്ങളും ഞങ്ങളുടെ പൊതുവായ ശത്രുവും ആണ്’ എന്നാണ്.
എങ്കിലും ഇവർ നിരാശരാണ്. കാരണം ഫുടബോളിന്റെ ആഗോള സംഘടനയായ ഫിഫ അഫ്ഗാൻ വനിതാ ഫുട്‌ബോൾ ടീമിനെ അംഗീകരിക്കുന്നില്ല. അടുത്തയിടെ ആസ്‌ത്രേലിയയിൽ നടന്ന ലോക വനിതാ ഫുട്‌ബോൾ മത്സരം ഗാലറിയിൽ ഇരുന്ന് കാണാൻ മാത്രമേ ഇവർക്ക് കഴിഞ്ഞുള്ളു. ഫിഫയുടെ നിയമപ്രകാരം അതാത് അംഗ ഫെഡറേഷൻ അംഗീകരിച്ചാൽ മാത്രമേ ഫിഫയ്‌ക്ക് ഔദ്യോഗികമായി ഇവരെ പരിഗണിക്കാൻ ആകൂ. അതായത് അഫ്ഗാനിസ്ഥാൻ അംഗീകരിക്കണം. താലിബാൻ ഭരിക്കുന്നിടത്തോളം അസാധ്യമാണത്.
എങ്കിലും അവർ പിന്തിരിയുന്നില്ല. പ്രതീക്ഷയോടെ മുന്നേറുക തന്നെയാണ്. ♦