2023 ആഗസ്‌ത് 31ന് ചിലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റായ ഗ്വില്ലെർമൊ ടെയ്‌ലിയർ ചരിത്രപ്രധാനമായ റെക്കലോട്ട സെമിത്തേരിയിൽ അടക്കം ചെയ്യപ്പെട്ടു. ഈ സെമിത്തേരിയിലാണ് ചിലിയൻ പ്രസിഡന്റായിരുന്ന സാൽവദോർ അലൻഡെ മുതൽ സോഷ്യലിസ്റ്റ് ഗായകനായിരുന്ന വിക്ടർ ഹാറവരെയുള്ള പ്രമുഖ വ്യക്തികൾ അന്തിയുറങ്ങുന്നത്. 50 വർഷങ്ങൾക്കു മുമ്പ്, അതായത് 1973 സെപ്‌തംബർ 11ന് നടന്ന സൈനിക അട്ടിമറിയുടെ ഇരകളായിരുന്നു അലൻഡെയും ഹാറയും. അട്ടിമറിയെത്തുടർന്ന് വർഷങ്ങളോളം ജയിലഴികൾക്കുള്ളിൽ പീഡിപ്പിക്കപ്പെട്ട ടെയ്‌ലിയർ പുറത്തിറങ്ങിയശേഷം ഒളിവിൽപോയി; ഒളിവിലിരുന്ന് അദ്ദേഹം ഒളിവിലെ കമ്യൂണിസ്റ്റ് പാർട്ടിയെയും (സിപി) അതിന്റെ സായുധസേനയെയും (El Frente Patriotico Manuel Rodriguez) 1990ൽ ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിലേക്ക് നയിച്ച വിശാല ജനകീയ മുന്നേറ്റത്തെയും വീണ്ടും കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചിലിയുടെ പ്രസിഡന്റ് ഗബ്രിയേൽ ബോറിക്, ടെയ്‌ലിയറിന്റെ ശവസംസ്‌കാരത്തിനു മുമ്പു നടന്ന സ്‌മരണാഞ്ജലിയിൽ പങ്കെടുക്കുകയും, ‘‘മഹത്തരമായ, അന്തസ്സുറ്റ ജീവിതം’’ നയിച്ചവൻ എന്നു ടെയ്‌ലിയറെ വിശേഷിപ്പിക്കുകയും ചെയ്‌തു. ആഗസ്‌ത് 30, 31 തീയതികളിൽ രാജ്യത്ത് രണ്ടുദിവസത്തെ ദേശീയ ദുഃഖാചരണത്തിന് പ്രസിഡന്റ് ബോറിക് ആഹ്വാനം ചെയ്‌തു.
സംസ്‌കാരചടങ്ങിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ലൗതാരോ കാർമൊണ, ടെയ്‌ലിയറിന്റെ നേതൃത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആവർത്തിച്ചൂന്നി പറഞ്ഞു‐ സൈനിക സ്വേച്ഛാധിപത്യത്തിനെതിരായി നടത്തിയ പോരാട്ടത്തിലും ചിലിയിലെ സോഷ്യലിസ്റ്റ് പദ്ധതി പുനരുദ്ധരിക്കുന്നതിനുവേണ്ടി കഴിഞ്ഞ മൂന്ന് ദശകങ്ങളായി നടത്തിയ പോരാട്ടത്തിലും അദ്ദേഹം വഹിച്ച നേതൃത്വപരമായ പങ്ക് ത്യാഗോജ്വലമായിരുന്നു. സാൽവദോർ അലൻഡെ നയിച്ച പോപ്പുലർ യുണിറ്റി ഗവൺമെന്റ് സഫലമാക്കിയ മുന്നേറ്റങ്ങളെയടക്കം ഇടതുപക്ഷ പാരമ്പര്യത്തെയാകെ കുഴിച്ചുമൂടാനുള്ള ശ്രമങ്ങളെയെല്ലാം മറികടന്നുകൊണ്ട്, നിലവിലെ ബോറിക് ഗവൺമെന്റിന്റെ ഭാഗം കൂടിയായിട്ടുള്ള കമ്യൂണിസ്റ്റുകാർ ചിലിയുടെ സമ്പദ്‌ഘടനയ്‌ക്കു മേൽ പരമാധികാരം സ്ഥാപിക്കുവാനും രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനുമുള്ള അജൻഡ നടപ്പാക്കുന്നതിനുവേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. ടെയ്‌ലിയറുടെ സംസ്‌കാരചടങ്ങിൽ കാർമോണ പറഞ്ഞതുപോലെ, “las banderas Allendistas“ൽ (Flags of Allendism) എഴുതപ്പെട്ടിട്ടുള്ള ഈ സോഷ്യലിസ്റ്റ് പദ്ധതിയെ അടുത്തകാലത്ത് ചിലിയിലെ വലതുപക്ഷ മാധ്യമകേന്ദ്രങ്ങളും മധ്യ വലതുപക്ഷവും കൊടിയ തോതിൽ ആക്രമിക്കുകയാണ്.
‘‘പാർട്ടി രണ്ട് അപകടങ്ങൾ നേരിടുന്നു: ഒന്ന്, വലതുപക്ഷത്തിന്റെ ആക്രമണത്തിന് മതിയായ പ്രാധാന്യം നൽകാത്തതുവഴിയുള്ള അപകടം; രണ്ട്, അത് നുണകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള പ്രചരണമായതുകൊണ്ടുതന്നെ, അത് ഫലപ്രദമാകുകയില്ല എന്നു വിശ്വസിക്കുന്നതുവഴിയുണ്ടാകുന്ന അപകടം’’ |
എന്തുകൊണ്ടാണ് കമ്യൂണിസ്റ്റുകാർക്കുനേരെ ഇത്ര നിഷ്‌ഠുരമായ ആക്രമണമുണ്ടാകുന്നത്? പ്ലാസ ഡി ല ഡിഗ്‌നിഡാഡിനു സമീപമുള്ള സാന്റിയാഗോയിലെ കാര്യാലയത്തിൽവെച്ച് ഞങ്ങൾ ലൗതാറോ കാർമോണയോട് സംസാരിച്ചപ്പോൾ അദ്ദേഹം രാജ്യത്തെ സാമൂഹിക രാഷ്‌ട്രീയ പശ്ചാത്തലത്തെക്കുറിച്ച് വളരെ വിശദമായ വിവരണംതന്നെ ഞങ്ങൾക്കു നൽകി. കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവെക്കുന്ന നയങ്ങളെ സംബന്ധിച്ച് ഗവൺമെന്റിനകത്ത് ആശങ്കകൾ വിതയ്‌ക്കുവാൻ തങ്ങൾക്ക് കഴിഞ്ഞാൽ, അതുവഴി കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനത്തിന് കോട്ടംതട്ടിക്കുവാനും ഇടതുപക്ഷത്തെ തമ്മിലടിപ്പിക്കുവാനും വലതുപക്ഷത്തെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാനും പിന്നീടുള്ള അനേകം തിരഞ്ഞെടുപ്പുകളിൽ അതങ്ങനെതന്നെ നിലനിർത്താനും സാധിക്കുമെന്നൊരു കാഴ്‌ചപ്പാട് വലതുപക്ഷ മാധ്യമരംഗത്ത് വ്യാപകമായുണ്ടെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. മെയ് 2023ൽ നടന്ന ചിലിയിലെ ഭരണഘടനാ കൗൺസിൽ തിരഞ്ഞെടുപ്പിൽ വലതുപക്ഷത്തിനായിരുന്നു ജയം; എന്നാൽ, ലിബറൽ പാർടികൾക്കും ഇടതുപക്ഷ പാർടികൾക്കുമിടയിൽ, കമ്യൂണിസ്റ്റ് പാർട്ടിക്കാണ് ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചത്. ഈ തിരഞ്ഞെടുപ്പ് ഫലവും ബോറിക് ഗവൺമെന്റിൽ കമ്യൂണിസ്റ്റുകാർ വഹിക്കുന്ന നിർണായക കടമയുമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായി വലതുപക്ഷ മാധ്യമങ്ങൾ ഇത്ര നിഷ്‌ഠുരമായ പ്രചരണം തുടങ്ങിവെക്കാൻ കാരണമായത് എന്നാണ് കാർമോണ പറയുന്നത്.
സാമൂഹികമായ പൊട്ടിത്തെറിയുടെ ആഘാതം
2019ൽ, ചിലിയിലാകെ ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു, സാമൂഹിക നിരാശയുടേതായ ഒരു പൊതുബോധമായിരുന്നു ആ പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദു. ആ നിരാശ ഇടത്തരം വർഗത്തെ ഏറെക്കുറേ തകർത്തിരുന്നു, കാർമോണ പറഞ്ഞു. അടിസ്ഥാന മധ്യവർഗത്തിനും താഴ്‌ന്ന‐ഇടത്തരം വർഗത്തെ അവരുടെ ജീവിതശൈലി മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരേയൊരു മാർഗം സ്ഥായിയായി കടംവാങ്ങലാണെന്ന നിലയ്‌ക്ക് എത്തുന്നു. അത്തരമൊരു സംവിധാനത്തോടുള്ള നിരാശയാകെ പ്രക്ഷോഭമായി മാറുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഈ കടങ്ങളിലെ പ്രധാന ഘടകങ്ങളിലൊന്ന് വിദ്യാഭ്യാസത്തിനുള്ള കടമായിരുന്നു; അതുകൊണ്ടുതന്നെയാണ് ചിലിയിലെ യുവതയുടെ ചുമലിൽനിന്നും ഈ ‘‘അദൃശ്യമായ ഭാരം’’ എടുത്തുമാറ്റുവാനുള്ള വഴി സർക്കാർ കാണണമെന്ന് പ്രക്ഷോഭം ആവശ്യപ്പെട്ടത്. ഒരു ഗവൺമെന്റിനും അതായത് 2014‐2018 കാലയളവിൽ അധികാരത്തിലിരുന്ന മിഷേൽ ബാഷ്‌ലെയുടെ മധ്യ‐ഇടതുപക്ഷ ഗവൺമെന്റിനോ 2022ൽ അധികാരത്തിലെത്തിയ ഗബ്രിയേൽ ബോറിക്കിന്റെ ഗവൺമെന്റിനോ വിദ്യാഭ്യാസ വായ്‌പയെന്ന ഈ പ്രശ്‌നത്തെ നേരിടുവാൻ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ വായ്‌പകൾ നീക്കംചെയ്യുന്നതിനായി മുന്നോട്ടുവെയ്‌ക്കപ്പെട്ട നിർദേശങ്ങൾ നികുതി പരിഷ്‌കാരംപോലെയുള്ള മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുകയും, അത്തരം വിഷയങ്ങൾ കടാശ്വാസത്തിനുള്ള ഏതൊരു നീക്കത്തിനും തടയിടുകയും ചെയ്‌തു. ‘‘നിങ്ങൾക്ക് നിങ്ങളുടെ ജീവിതകാലത്തു വായ്‌പാ പ്രശ്‌നത്തെ പരിഹരിക്കണമെങ്കിൽ നിങ്ങൾ മറ്റൊരു വായ്‌പയെടുക്കണം’’‐ കാർമോണ പറഞ്ഞു. ചിലിയിലെ ധനസംബന്ധമായ പ്രതിസന്ധി ഇപ്പോഴും ധനകാര്യമേഖലയെ ബാധിച്ചിട്ടില്ല, അത് ദശലക്ഷക്കണക്കിന് ചിലിയൻ പൗരരുടെ ജീവിതത്തെ തകർക്കുകയാണ്. ഈ പ്രക്ഷോഭങ്ങളെ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ടെന്ന് കാർമോണ എടുത്തുപറയുന്നു. ചിലിയൻ ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് തങ്ങളുടെ അവസ്ഥയെക്കുറിച്ച് ‘‘വ്യക്തമായ ബോധ്യ’’മുണ്ടെന്ന് ഈ പ്രക്ഷോഭങ്ങൾ കാണിച്ചുതരുന്നുണ്ട്. വ്യവസ്ഥിതിയോടുള്ള അസന്തുഷ്ടി ഒട്ടനവധി രീതികളിൽ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്; ഒട്ടേറെ പ്രകടനങ്ങളിലൂടെയും (മഹാമാരിമൂലമാണവ നിർത്തിവെക്കപ്പെട്ടത്), 2022ൽ ഗബ്രിയേൽ ബോറിക്കിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതിലൂടെയും ഒരു പുതിയ ഭരണഘടനയ്‌ക്കു വേണ്ടിയുള്ള മുറവിളി തെരുവിൽ ഉയർത്തപ്പെട്ടതിലൂടെയും ഒരു പുതിയ ഭരണഘടനയ്‌ക്കു വേണ്ടിയുള്ള മുറവിളി തെരുവിൽ ഉയർത്തപ്പെട്ടതിലൂടെയെല്ലാം നിലവിലെ സംവിധാനത്തോടുള്ള അസംതൃപ്‌തിയാണ് പ്രകടമായത്. നിലനിൽക്കുന്ന വായ്‌പാ സംവിധാനത്തോടുള്ള പൊതുസമൂഹത്തിന്റെ മനോനില നിരാശയാണ്, അത് ക്ഷുഭിതമാണ്. എന്നാൽ ഈ മനോനിലയുടെ രാഷ്‌ട്രീയമായ സാക്ഷാത്‌കാരം, 2022ലെ തിരഞ്ഞെടുപ്പിൽ മധ്യ‐ഇടതുപക്ഷത്തിന്റെ വിശാല മുന്നണി ക്യാമ്പയിന് പിന്തുണ നൽകിയിടത്തുനിന്നും ഭരണഘടനാ നിർമാണസഭയിലേക്കു നടന്ന 2023 മെയിലെ തിരഞ്ഞെടുപ്പിൽ വലതുപക്ഷ റിപ്പബ്ലിക്കൻ പാർട്ടിക്കു വോട്ടുചെയ്യുന്നതിലേക്കു നാടകീയമായി തെന്നിമാറി.
കമ്യൂണിസ്റ്റുകാർക്കുനേരെയുള്ള കടന്നാക്രമണം
ഇവാൻ ജുബെട്ടിക്ക് വർഗാസിന്റെ El Partido Communista de Chile (2014)ൽ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ, ചിലിയിൽ കമ്യൂണിസ്റ്റ് പാർട്ടിക്കുനേരെയുള്ള ആക്രമണം പുതുതായുണ്ടായ ഒന്നല്ല. 1912ൽ തൊഴിലാളികളുടെ പാർട്ടിയായി സ്ഥാപിക്കപ്പെടുകയും 1922ൽ കമ്യൂണിസ്റ്റ് പാർട്ടിയെന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്‌ത ഈ പാർട്ടി ആദ്യമായി നിരോധിക്കപ്പെടുന്നത് 1927 മുതൽ 1931 വരെയായിരുന്നു; പിന്നീട് 1948 മുതൽ 1958 വരെ വീണ്ടും നിരോധിക്കപ്പെട്ടു. 1973ലെ സൈനിക അട്ടിമറിക്കുശേഷം 11 ദിവസങ്ങൾ കഴിഞ്ഞ്, അതായത് 1973 സെപ്‌തംബർ 22ന് സൈന്യം എല്ലാ മാർക്‌സിസ്റ്റ് പാർട്ടികളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആറ് കേന്ദ്രകമ്മിറ്റി അംഗങ്ങളെ സൈന്യം കൊന്നു; മറ്റ് 11 പേരെ 1976ൽ ‘അപ്രത്യക്ഷ’രാക്കി.
കമ്യൂണിസ്റ്റ് പാർട്ടിക്കുനേരെ ഇപ്പോൾ നടത്തുന്ന കടന്നാക്രമണം കെട്ടിപ്പടുത്തിരിക്കുന്നത് അടിച്ചമർത്തലിന്റെ ഈ നീണ്ടകാല ചരിത്രത്തിനു മുകളിലാണ്. പാർട്ടിക്കുനേരെ ആക്രമണങ്ങൾ നടത്തുന്നതുകൊണ്ട് വലതുപക്ഷം ഉദ്ദേശിക്കുന്നത് പാർട്ടിയുടെ ആശയങ്ങളെ ഇല്ലായ്‌മ ചെയ്യൽ മാത്രമല്ല, മറിച്ച് കമ്യൂണിസ്റ്റ് പാർട്ടി സഖ്യങ്ങളിലേർപ്പെട്ടിട്ടുള്ള മറ്റു മേഖലകളിൽനിന്നും അതിനെ ഒറ്റപ്പെടുത്തുക കൂടി വലതുപക്ഷം ലക്ഷ്യംവെയ്‌ക്കുന്നുണ്ടെന്ന് കാർമോണ കൂട്ടിച്ചേർത്തു.
ചിലിയിലെ ജനാധിപത്യത്തിന്റെ വീണ്ടെടുക്കലിനൊപ്പം ‘‘ചിലിയിൽ കമ്യൂണിസ്റ്റ് പാർട്ടി അനിവാര്യതയാണ്’’ എന്ന മുദ്രാവാക്യത്തോടുകൂടി കമ്യൂണിസ്റ്റ് പാർട്ടി ഈ വിഷയത്തെ അതിന്റെ നിയമസാധുതയ്‌ക്ക് വിടുകയാണ്. പാർട്ടിക്കെതിരായ ആക്രമണത്തെ പാർട്ടി തന്നെ വിലകുറച്ചു കണ്ടുകൂടാ എന്നതുകൊണ്ട് ഈ ക്യാമ്പയിനെ കമ്യൂണിസ്റ്റ് പാർട്ടി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്‐ കാർമോണ പറയുന്നു. ബോറിക് ഗവൺമെന്റിനുള്ളിൽ തന്നെ നിന്നുകൊണ്ട് അടിവേരറുക്കുവാൻ കമ്യൂണിസ്റ്റുകാർ ശ്രമിക്കുന്ന നവലിബറൽ മാതൃക ചിലിയിൽ കൂടുതൽ ശക്തിപ്പെടുത്തുകയാണ് വലതുപക്ഷത്തിന് വേണ്ടത്. കാർമോണയുടെ വാക്കുകളിൽ പറഞ്ഞാൽ, ‘‘പാർട്ടി രണ്ട് അപകടങ്ങൾ നേരിടുന്നു: ഒന്ന്, വലതുപക്ഷത്തിന്റെ ആക്രമണത്തിന് മതിയായ പ്രാധാന്യം നൽകാത്തതുവഴിയുള്ള അപകടം; രണ്ട്, അത് നുണകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള പ്രചരണമായതുകൊണ്ടുതന്നെ, അത് ഫലപ്രദമാകുകയില്ല എന്നു വിശ്വസിക്കുന്നതുവഴിയുണ്ടാകുന്ന അപകടം’’.
ചിലി നേരിടുന്ന ഒരു സാമൂഹിക പ്രശ്‌നമുണ്ട്. ചിലിയുടെ ജനസംഖ്യയിൽ അട്ടിമറിയുടെ കാലത്തുണ്ടായിരുന്നതിൽ 30 ശതമാനം മാത്രമേ ഇന്നു ജീവിച്ചിരിക്കുന്നുള്ളൂ; അതായത് ഭൂരിപക്ഷം പേരും വലതുപക്ഷത്തിന്റെ ആക്രമണത്തെ വിലകുറച്ചു കാണാൻ സാധ്യതയുണ്ടെന്നർഥം; അവർ അട്ടിമറിയെയും നവലിബറൽ നയങ്ങളെയും ന്യായീകരിച്ചേക്കാമെന്നർഥം. മൊത്തത്തിലുള്ള മാധ്യമപരിസരം ടെലിവിഷനിലും വലതുപക്ഷ പത്രങ്ങളിലുമെല്ലാം ബാലിശമായ പരിപാടികൾ നടത്തുകവഴി രാജ്യം നേരിടുന്ന വെല്ലുവിളികളെ ഗൗരവത്തിലെടുക്കുന്നില്ലെന്നും കാർമോണ പറഞ്ഞു. സാമൂഹ്യപ്രസ്ഥാനങ്ങളും യൂണിയനുകളുമെല്ലാം തന്നെ ദുർബലമാണ്; അവയുടെ സമീപനം നിഷ്‌ക്രിയവും നിസ്സംഗവുമാണ്. തെരുവിലേക്കിറങ്ങിയ കമ്യൂണിസ്റ്റുകാരോടൊപ്പം നിന്നുകൊണ്ട് അട്ടിമറിയുടെ ആഴത്തിൽ വേരുകളുള്ള പാരമ്പര്യത്തെ പരാജയപ്പെടുത്തുവാൻ ചിലിയിലെ ജനങ്ങൾക്ക് കഴിയുമോയെന്നതിലും ഇപ്പോഴും വ്യക്തതയില്ല. ♦