Saturday, May 18, 2024

ad

Homeഇവർ നയിച്ചവർകെ അനിരുദ്ധൻ: മികച്ച സംഘാടകനും പോരാളിയും

കെ അനിരുദ്ധൻ: മികച്ച സംഘാടകനും പോരാളിയും

ഗിരീഷ്‌ ചേനപ്പാടി

മികച്ച സംഘാടകൻ, കരുത്തനായ പോരാളി, ജനക്കൂട്ടത്തെ ആവേശഭരിതനാക്കുന്ന പ്രസംഗകൻ, തൊഴിലാളിതാൽപര്യം എന്നും ഉയർത്തിപ്പിടിച്ച ട്രേഡ്‌ യൂണിയൻ നേതാവ്‌, ഉറച്ച നിലപാടുള്ള പത്രാധിപർ… ഇങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു കെ അനിരുദ്ധൻ. ആറു പതിറ്റാണ്ടിലേറെക്കാലം തലസ്ഥാനത്തെ പോരാട്ടങ്ങളുടെ മുൻനിരയിൽ നിറഞ്ഞുനിന്ന അദ്ദേഹം സമരസഖാക്കൾക്ക്‌ ആത്മധൈര്യവും സംരക്ഷണവും നൽകിയ നേതാവായിരുന്നു. സാധാരണക്കാർക്ക്‌ ഏതുസമയത്തും ആരുടെയും ശുപാർശയില്ലാതെ സമീപിക്കാവുന്ന പൊതുപ്രവർത്തകനായി ബഹുജനങ്ങൾ അദ്ദേഹത്തെ കണ്ടു. തന്നെ സമീപിക്കുന്നവരിൽ പലരെയും പേരെടുത്തു വിളിക്കാനുള്ള അടുപ്പവും ചങ്ങാത്തവും അദ്ദേഹത്തിനുണ്ടായിരുന്നു.

വിനയത്തോടെയുള്ള പെരുമാറ്റം, പ്രശ്‌നങ്ങളെ സമഗ്രമായി മനസ്സിലാക്കാനും അവയിൽ ഇടപെട്ട്‌ വളരെവേഗം പരിഹാരം കാണാനുള്ള സ്വതസിദ്ധമായ കഴിവ്‌, ആത്മാർത്ഥമായ പ്രവർത്തനശൈലി, നർമംനിറഞ്ഞ സംഭാഷണശൈലി ഇതൊക്കെയാണ്‌ കെ അനിരുദ്ധനെ ജനപ്രിയ നേതാവാക്കിയത്‌.

കൃഷ്‌ണൻ കോൺട്രാക്ടറുടെയും ചക്കി ഭഗവതിയുടെയും മകനായി 1924 സെപ്‌തംബർ എട്ടിനാണ്‌ കെ അനിരുദ്ധൻ ജനിച്ചത്‌. തിരുവനന്തപുരത്തെ പട്ടത്തിനു സമീപം പൊട്ടക്കുഴിയിൽ അതിസന്പന്ന കുടുംബമായിരുന്നു കൃഷ്‌ണൻ കോൺട്രാക്ടറുടേത്‌. പല സർക്കാർ മന്ദിരങ്ങളുടെയും നിർമാണത്തിനുള്ള കോൺട്രാക്ട്‌ ഏറ്റെടുത്തത്‌ അദ്ദേഹമായിരുന്നു. അദ്ദേഹം അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ശക്തമായി പോരാടിയ വ്യക്തിയായിരുന്നു. ശ്രീനാരായണ ഗുരുവുമായി നല്ല അടുപ്പം ഉണ്ടായിരുന്ന അദ്ദേഹം ആദ്യകാല ശ്രീനാരായണ പ്രചാരകരിലൊരാളായിരുന്നു. എസ്‌എൻഡിപി യോഗം രൂപീകരിക്കുന്നതിനുള്ള പ്രാഥമിക ആലോചനകളിൽ ഗുരുവിനൊപ്പം അരുവിപ്പുറത്ത്‌ പങ്കെടുത്തവരിൽ ഒരാൾ കൃഷ്‌ണൻ കോൺട്രാക്ടറായിരുന്നു.

കെ അനിരുദ്ധന്റെ കുട്ടിക്കാലത്തുതന്നെ മാതാപിതാക്കൾ മരണപ്പെട്ടു. മൂത്ത സഹോദരനും കോൺട്രാക്ടറുമായിരുന്ന കുമാരന്റെയും അദ്ദേഹത്തിന്റെ ഭാര്യ നാഗരുലക്ഷ്‌മിയുടെയും സംരക്ഷണത്തിലാണ്‌ അനിരുദ്ധനും അനുജൻ സഹദേവനും ഉൾപ്പെടെയുള്ള സഹോദരങ്ങൾ വളർന്നത്‌. കുട്ടിക്കാലംമുതൽ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടും സ്‌റ്റേറ്റ്‌ കോൺഗ്രസിനോടും തികഞ്ഞ ആഭിമുഖ്യമാണ്‌ അദ്ദേഹം പുലർത്തിയത്‌. പുരോഗമന ചിന്താഗതിയോടും സോഷ്യലിസ്റ്റ്‌ ആശയങ്ങളോടുമുള്ള അഭിനിവേശം കുട്ടിക്കാലത്തുതന്നെ അനിരുദ്ധനെ ആവേശം കൊള്ളിച്ചുവെന്നു മാത്രമല്ല പോരാളിയാക്കി മാറ്റുകയും ചെയ്‌തു.

തിരുവനന്തപുരത്ത്‌ സെന്റ്‌ ജോസഫ്‌ സ്‌കൂളിൽ വിദ്യാർഥിയായിരിക്കെ, കാശ്‌മീരിൽ ജവഹർലാൽ നെഹ്‌റുവിനെ ബയണറ്റ്‌ ചാർജ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ അനിരുദ്ധൻ പഠിപ്പുമുടക്കിനു നേതൃത്വം നൽകി. പഠിപ്പുമുടക്ക്‌ പ്രഖ്യാപിച്ചുകൊണ്ട്‌ അദ്ദേഹം സ്‌കൂൾ ബെല്ലടിച്ചു. പഠിപ്പുമുടക്കിന്‌ നേതൃത്വം നൽകിയത്‌ അനിരുദ്ധനാണെന്നറിഞ്ഞ ഐറിഷുകാരനായ സ്‌കൂൾ പ്രിൻസിപ്പൽ അദ്ദേഹത്തെ ചേമ്പറിലേക്ക്‌ വിളിപ്പിച്ചിട്ടു പറഞ്ഞു: ‘‘മിസ്റ്റർ അനിരുദ്ധൻ, താങ്കൾ ഈ സ്‌കൂളിനേക്കാൾ വലുതായിപ്പോയി. താങ്കളെപ്പോലെ ഒരാളെ ഉൾക്കൊള്ളാൻ ഈ സ്‌കൂളിന്‌ ശേഷിയില്ല..’’

സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിൽനിന്ന്‌ പുറത്താക്കപ്പെട്ട അനിരുദ്ധന്‌ അഭയമായത്‌ എസ്‌എംവി സ്‌കൂളാണ്‌. വഞ്ചിയൂരിൽ ഇപ്പോഴത്തെ ജില്ലാ കോടതി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലായിരുന്നു അന്ന്‌ എസ്‌എംവി സ്‌കൂൾ പ്രവർത്തിച്ചത്‌. ഈറ്റൺ മാതൃകയിൽ പണികഴിപ്പിക്കപ്പെട്ട എസ്‌എംവി സ്‌കൂൾ അന്ന്‌ റസിഡൻഷ്യൽ സ്‌കൂളായിരുന്നു. ജാതിവ്യവസ്ഥയ്‌ക്കും അയിത്തവും കൊടികുത്തിവാണിരുന്ന അന്ന്‌ കുട്ടികൾക്ക്‌ ഇരിപ്പിടങ്ങൾ നൽകിയതും ഭക്ഷണം വിളന്പിയതുമെല്ലാം ജാതീയമായ വേർതിരിവുകളോടെയായിരുന്നു. അയിത്തത്തിനെതിരെ പോരാടുന്ന കുടുംബപശ്ചാത്തലത്തിൽനിന്നു വന്ന അനിരുദ്ധനെ സംഭവിച്ചിടത്തോളം അത്‌ സഹിക്കാവുന്നതിനപ്പുറമായിരുന്നു. അതിനെതിരെ അദ്ദേഹം ശക്തിയായി പ്രതികരിച്ചു. ആദ്യംതന്നെ അദ്ദേഹം സ്‌കൂൾ അധികാരികൾകളുടെ കണ്ണിലെ കരടായി മാറി.

നാടാകെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും വിദേശവസ്‌ത്ര ബഹിഷ്‌കരണത്തിന്റെയും ആവേശത്തിൽ കഴിയുന്ന സമയമാണല്ലോ അത്‌. സ്ഥിരമായി ഖാദി വസ്‌ത്രമണിഞ്ഞ്‌ സ്‌കൂളിലെത്തുന്ന അനിരുദ്ധൻ സ്‌കൂൾ അധികൃതരെ പ്രകോപിപ്പിച്ചു. സ്‌റ്റേറ്റ്‌ കോൺഗ്രസ്‌ പ്രക്ഷോഭത്തിന്‌ അഭിവാദ്യമർപ്പിച്ചുകൊണ്ട്‌ വിദ്യാർഥികൾ നടത്തിയ പ്രകടനത്തിൽ പങ്കെടുക്കുകകൂടി ചെയ്‌തതോടെ എസ്‌എംവി സ്‌കൂളിൽനിന്നും അദ്ദേഹം പുറത്താക്കപ്പെട്ടു.

ജ്യേഷ്‌ഠൻ കുമാരൻ കോൺട്രാക്ടറുടെ ശ്രമഫലമായി കന്യാകുമാരി ജില്ലയിലെ കോട്ടാർ കവിമണി ദേശിക വിനായകം പിള്ളൈ സ്‌കൂളിൽ പ്രവേശനം ലഭിച്ചു. തമിഴ്‌ ഭാഷ നന്നായി സ്വായത്തമാക്കാൻ ഈ അവസരം അദ്ദേഹം നന്നായി പ്രയോജനപ്പെടുത്തി. പ്രമുഖ സ്വാതന്ത്ര്യസമര നേതാക്കളായിരുന്ന പെരിയാർ ഇ വി രാമസ്വാമി നായ്‌ക്കർ, കെ കാമരാജ്‌ തുടങ്ങിയവരുടെ പ്രസംഗങ്ങൾ പതിവായി കേട്ടു. പെരിയാറിന്റെ കടുത്ത ആരാധകനായി അദ്ദേഹം മാറി. മികച്ച പ്രസംഗകനായി അനിരുദ്ധനെ രൂപപ്പെടുത്തുന്നതിൽ ഈ നേതാക്കളുടെ സ്വാധീനം വളരെ വലുതായിരുന്നു. തമിഴിൽ നന്നായി പ്രസംഗിക്കാൻ കഴിവുണ്ടായിരുന്ന അനിരുദ്ധൻ പിൽക്കാലത്ത്‌ കന്യാകുമാരി, തിരുനെൽവേലി തുടങ്ങിയ ജില്ലകളിലെ പൊതുയോഗങ്ങളിൽ ജനക്കൂട്ടത്തിന്റെ പ്രിയപ്പെട്ട പ്രസംഗകനായിരുന്നു എന്നുകൂടി സൂചിപ്പിക്കട്ടെ.

കോട്ടാർ സ്‌കൂളിൽനിന്ന്‌ മെട്രിക്കുലേഷൻ പാസായി തിരുവനന്തപുരത്ത്‌ മടങ്ങിയെത്തിയ അദ്ദേഹം നാടകപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. പ്രശസ്‌ത നടൻ മധു ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിനൊപ്പം നാടകപ്രവർത്തനങ്ങളിൽ പങ്കാളികളായി. തിരുവനന്തപുരം മേയറും കോൺഗ്രസ്‌ നേതാവുമായിരുന്നു മധു സാറിന്റെ അച്ഛൻ പരമേശ്വരൻപിള്ള. കോർപറേഷൻ തിരഞ്ഞെടുപ്പിൽ പരമേശ്വരൻപിള്ളയ്‌ക്കെതിരെ മത്സരിച്ചുകൊണ്ടാണ്‌ അനിരുദ്ധൻ കന്നിയങ്കം കുറിച്ചത്‌.

ആ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിക്കൊണ്ട്‌ അനിരുദ്ധൻ പകരംവീട്ടി. അമ്മാവനും കോൺഗ്രസ്‌ നേതാവുമായിരുന്ന ടി പി ജനാർദനൻ കോൺട്രാക്ടറെയാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌.

സോഷ്യലിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്‌ടനായ അനിരുദ്ധൻ കെഎസ്‌പിയുടെ സജീവ പ്രവർത്തകനായി. കെ ആർ ചുമ്മാർ, കെ പങ്കജാഷൻ തുടങ്ങിയവരായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ. കെഎസ്‌പിക്കാരിൽ ഒരുവിഭാഗം പിന്നീട്‌ ആർഎസ്‌പിക്കാരായി; മറ്റൊരു വിഭാഗം കമ്യൂണിസ്റ്റുകാരായും മാറി.

അനിരുദ്ധൻ യൂണിവേഴ്‌സിറ്റി കോളേജ്‌ വിദ്യാർഥിയായി ചേർന്ന സമയത്ത്‌ വിദ്യാർഥി ഫെഡറേഷന്റെ നേതാവ്‌ പി കെ വാസുദേവൻനായരായിരുന്നു. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർഥിയായിരുന്ന പി കെ വിയും അനിരുദ്ധനും ചേർന്ന്‌ ഒട്ടനവധി സമരങ്ങൾക്ക്‌ നേതൃത്വം നൽകി. പ്രക്ഷോഭരംഗത്തായിരുന്ന പി കെ വിയെയും അനിരുദ്ധനെയും വിലങ്ങുവെച്ച്‌ പുത്തൻചന്ത പൊലീസ്‌ സ്‌റ്റേഷൻ വരെ നടത്തിച്ചു; മൂന്നുദിവസം സ്‌റ്റേഷനിലുള്ളിലെ ലോക്കപ്പിൽ അടയ്‌ക്കുകയും ചെയ്‌തു.

അന്ന്‌ വിദ്യാർഥി ഫെഡറേഷന്റെ നേതാക്കളിലൊരാളായിരുന്ന ആർ ബാലകൃഷ്‌ണപിള്ള ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്‌: ‘‘1950‐57 കാലഘട്ടത്തിൽ കിരീടംവെക്കാത്ത രാജാവായി പട്ടം താണുപിള്ള വാഴുന്ന കാലത്ത്‌ അതിനെതിരെ നിരവധി പ്രക്ഷോഭങ്ങൾ മുന്നിൽനിന്ന്‌ നയിച്ച കെ അനിരുദ്ധന്റെ കരളുറപ്പും ചങ്കുറപ്പും മറ്റൊരാളിലും ഞാൻ പിന്നീട്‌ കണ്ടിട്ടില്ല. വിദ്യാർഥി നേതാവാകുംമുമ്പുതന്നെ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കാണ്‌ വഹിച്ചത്‌. എംജി കോളേജിലും മാർ ഇവാനിയോസ്‌ കോളേജിലും അക്കാലങ്ങളിൽ നടന്ന രണ്ട്‌ ഐതിഹാസിക സമരങ്ങളുടെ നെടുനായകത്വം അനിരുദ്ധൻ എന്ന ആജാനുബാഹുവിനായിരുന്നു. ഏത്‌ അതിക്രമിയായ പൊലീസ്‌ ഉദ്യോഗസ്ഥന്റെയും ലത്തി അദ്ദേഹം പിടിച്ചുനിർത്തുമായിരുന്നു… ഏത്‌ പ്രക്ഷോഭങ്ങളുടെയും മുന്നിൽ തലയെടുപ്പോടെ നിൽക്കാൻ അദ്ദേഹം തന്റേടം കാണിച്ചു…’’

1954 മാർച്ച്‌ മുതൽ ഒരുവർഷക്കാലം പട്ടം താണുപിള്ളയായിരുന്നല്ലോ തിരു‐കൊച്ചി സംസ്ഥാനത്തെ മുഖ്യമന്ത്രി. അന്ന്‌ വിദ്യാർഥി‐ബഹുജന സംഘടനാരംഗങ്ങളിൽ നിരവധി സമരങ്ങൾക്ക്‌ തിരുവിതാംകൂർ‐കൊച്ചി മേഖല വേദിയായി. തിരുവനന്തപുരത്ത്‌ നടന്ന ഐതിഹാസികമായ ട്രാൻസ്‌പോർട്ട്‌ സമരത്തെ ഗവൺമെന്റ്‌ അതിക്രൂരമായ മർദന നടപടികളിലൂടെയാണ്‌ നേരിട്ടത്‌. നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും ഭീകരമായ മർദനമേറ്റ സമരമായിരുന്നു അത്‌. സമരത്തിന്റെ മുൻനിരയിൽ നിന്ന്‌ ഭീകരമായ മർദനം ഏറ്റുവാങ്ങിയവരിൽ ഒരാൾ അനിരുദ്ധനായിരുന്നു.

പട്ടത്തിനെ വിറപ്പിക്കുന്നു
കടുത്ത കമ്യൂണിസ്റ്റ്‌ വിരോധിയായിരുന്ന പട്ടം ഭരണാധികാരിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും കമ്യൂണിസ്റ്റ്‌ വേട്ടയ്‌ക്ക്‌ നേതൃത്വം നൽകിയിരുന്നു. 1959ലെ വിമോചനസമരത്തോടെ ആ വേട്ട ശക്തിപ്പെടുത്തുകയും ചെയ്‌തു. 1960ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായി കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി എം എൻ ഗോവിന്ദൻ നായർ ഒരു പൊതുയോഗത്തിൽ അനിരുദ്ധനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു: ‘‘ഈ തിരഞ്ഞെടുപ്പിൽ പട്ടത്തിനെ അനിരുദ്ധൻ കെട്ടുകെട്ടിക്കും…’’

അന്ന്‌ യുവജനങ്ങളുടെ ഹരമായിരുന്ന അനിരുദ്ധന്റെ സ്ഥാനാർഥിത്വത്തെ ആവേശത്തോടെയാണ്‌ ജനങ്ങൾ ഏറ്റെടുത്തത്‌. ആദ്യമൊക്കെ അനിരുദ്ധന്റെ സ്ഥാനാർഥിത്വത്തെ പുച്ഛിച്ച പട്ടത്തിന്‌ പ്രചാരണരംഗത്ത്‌ എത്തിയപ്പോൾ ശരിക്കും വെള്ളം കുടിക്കേണ്ടിവന്നു. ആയിരത്തോളം വോട്ടിന്‌ കഷ്ടിച്ച്‌ കരകയറാനേ പട്ടത്തിന്‌ സാധിച്ചുള്ളൂ. അതോടെ അനിരുദ്ധന്റെ പ്രശസ്‌തി മലയാളക്കരയാകെ വ്യാപിച്ചു.

1960 ഫെബ്രുവരി 22ന്‌ പട്ടം മുഖ്യമന്ത്രിയായി സത്യപ്രിജ്ഞ ചെയ്‌തു. കോൺഗ്രസ്‌‐പിഎസ്‌പി തർക്കം രൂക്ഷമായതിനെത്തുടർന്ന്‌ 1962 സെപ്‌തംബർ 26ന്‌ അദ്ദേഹത്തിന്‌ രാജിവെക്കേണ്ടിവന്നു. തുടർന്ന്‌ കോൺഗ്രസ്‌ പ്രതിനിധി ആർ ശങ്കർ മുഖ്യമന്ത്രിയായി. പട്ടത്തിനെ പഞ്ചാബ്‌ ഗവർണറായി കേന്ദ്രസർക്കാർ നിയോഗിച്ചു. പട്ടം എംഎൽഎ സ്ഥാനം രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പ്‌ നടത്തേണ്ടിവന്നു.

1963 മെയ്‌ 16ന്‌ നടന്ന തിരഞ്ഞെടുപ്പിൽ പട്ടം താണുപിള്ള വിജയിച്ച തിരുവനന്തപുരം നിയോജകമണ്ഡലം പിടിച്ചെടുത്തുകൊണ്ട്‌ അനിരുദ്ധൻ തിരിച്ചടിച്ചു.

ജയന്റ്‌ കില്ലർ
1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ ആർ ശങ്കറെ തോൽപിച്ചതോടെ അനിരുദ്ധൻ ദേശീയ രാഷ്‌ട്രീയത്തിൽ പോലും ശ്രദ്ധേയനായി. ജയന്റ്‌ കില്ലർ എന്ന്‌ ദേശീയമാധ്യമങ്ങൾ അദ്ദേഹത്തെ വാഴ്‌ത്തി. ചൈനാ ചാരന്മാരെന്ന്‌ ആക്ഷേപിച്ച്‌ സിപിഐ എം നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചിരിക്കുകയായിരുന്നല്ലോ. ജയിലിൽ കിടന്നുകൊണ്ടാണ്‌ അനിരുദ്ധൻ ആർ ശങ്കർക്കുമേൽ അട്ടിമറി വിജയം നേടിയത്‌. തടവറയിലടയ്‌ക്കപ്പെട്ട അനിരുദ്ധന്റെ, ‘ബന്ധനസ്ഥനായ അനിരുദ്ധന്റെ’ ചിത്രവുമായി മൂന്നു വയസ്സുകാരനായ അദ്ദേഹത്തിന്റെ പുത്രൻ സമ്പത്ത്‌ ജനങ്ങൾക്കു മുന്പാകെ വെച്ച അഭ്യർഥന അക്ഷരാർഥത്തിൽ അവർ ഏറ്റെടുക്കുകയായിരുന്നു. ‘അച്ഛൻ ജയിൽമോചിതനാകാൻ അരിവാൾ ചുറ്റിക നക്ഷത്രത്തിന്‌ വോട്ടു ചെയ്യുക’ എന്നതായിരുന്നു അഭ്യർഥന.

‘‘പിടിച്ചുതള്ളി അനിരുദ്ധൻ, മലർന്നുവീണു ആർ ശങ്കർ’’ എന്നത്‌ അന്നത്തെ മാസ്‌ മുദ്രാവാക്യമായിരുന്നു.

1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയായി സിപിഐ എം മാറി. എന്നിട്ടും നിയമസഭാ സാമാജികരെ ജയിലിൽനിന്ന്‌ വിടാൻ അന്നത്തെ കേന്ദ്രസർക്കാർ അനുവദിച്ചില്ല. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാതിരിക്കാനുള്ള തന്ത്രം കൂടിയായിരുന്നു അത്‌.

1967ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർ ശങ്കർ ചിറയിൻകീഴ്‌ ലോക്‌സഭാ മണ്ഡലത്തിലാണ്‌ മത്സരിച്ചത്‌. ആ തിരഞ്ഞെടുപ്പിലും ശങ്കറെ എതിരിടാനുള്ള നിയോഗം അനിരുദ്ധനായിരുന്നു. അന്ന്‌ 29,000ൽ ഏറെ വോട്ടുകൾക്കാണ്‌ ശങ്കറിനെ അനിരുദ്ധൻ തറപറ്റിച്ചത്‌.

അനിരുദ്ധൻ 1960കളിൽ വിശ്വകേരളം എന്ന പത്രം ആരംഭിച്ചു. സ്വന്തം വസ്‌തുവകകളിൽ ചിലത്‌ വിറ്റ്‌ സ്ഥാപിച്ച പത്രം ഒന്നര പതിറ്റാണ്ടോളം കാലം പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു. എം എം ലോറൻസ്‌ വിശ്വകേരളത്തിന്റെ എറണാകുളം ജില്ലാ റിപ്പോർട്ടറായിരുന്നു. കെ മോഹനൻ, എസ്‌ എൽ പുരം സദാനന്ദൻ, പി ഗൗരീദാസൻനായർ എന്നിവരൊക്കെ വിശ്വകേരളത്തിലെ എഴുത്തുകാരായിരുന്നു.

1961ൽ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സംസ്ഥാന കൗൺസിലിൽ അംഗമായ അനിരുദ്ധൻ പാർട്ടി പിളർന്നപ്പോൾ സിപിഐ എമ്മിനൊപ്പം ഉറച്ചുനിന്നു. സിപിഐ എം പ്രഥമ സംസ്ഥാന കമ്മിറ്റിയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെമ്പാടും സിപിഐ എമ്മിന്‌ വേരോട്ടമുണ്ടാക്കാൻ അദ്ദേഹം വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌. 1964ൽ തിരുവനന്തപുരത്ത്‌ ഇ എം എസിനും എ കെ ജിക്കും നൽകിയ ഉജ്വല സ്വീകരണത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാൾ അനിരുദ്ധനായിരുന്നു.

നാനാമേഖലകളിൽനിന്നുള്ള കടന്നാക്രമണത്തെയാണ്‌ അന്ന്‌ പാർട്ടിക്ക്‌ നേരിടേണ്ടിവന്നത്‌. മുമ്പ്‌ സഹപ്രവർത്തകരായിരുന്ന സിപിഐക്കാരുടെ ഭാഗത്തുനിന്ന്‌, പൊലീസിന്റെ ഗുണ്ടകളുടെയും ഭാഗത്തുനിന്ന്‌. അതിനെയെല്ലാം അതിജീവിച്ച്‌ സിപിഐ എമ്മിനെ വളർത്തുന്നതിൽ അനിരുദ്ധൻ ധീരമായ പ്രവർത്തനങ്ങൾക്ക്‌ വലിയ പങ്കാണുള്ളത്‌.

1960കളുടെ അവസാനത്തിൽ ഇടതുപക്ഷ തീവ്രവാദ ആശയങ്ങൾ പാർട്ടിയിലെ ഒരുവിഭാഗത്തെ സ്വാധീനിച്ചു തുടങ്ങി. അതിനെതിരെ ആശയരംഗത്ത്‌ പോരാട്ടം നടത്തിയവരുടെ മുൻനിരയിൽ അനിരുദ്ധനുമുണ്ടായിരുന്നു.

ചെങ്കൽചൂള കോളനി അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും സിപിഐ എമ്മിന്റെയും കോട്ടയായിരുന്നു. ചെങ്കൽചൂളയിലെ കുടിലുകൾ കത്തിക്കാൻ കുബുദ്ധികളായ ചില കോൺഗ്രസുകാർ പദ്ധതി തയ്യാറാക്കി. അതെക്കുറിച്ച്‌ അനിരുദ്ധന്‌ രഹസ്യവിവരം ലഭിച്ചു. അദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും ജാഗ്രതയോടെയുള്ള പ്രവർത്തനമമൂലം വലിയ ദുരന്തമാണ്‌ ഒഴിവായത്‌. കോളനി അസോസിയേഷൻ പ്രസിഡന്റുകൂടിയായിരുന്ന അനിരുദ്ധൻ അന്ന്‌ ചേരികളിൽ കഴിഞ്ഞിരുന്ന പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിരന്തരം പ്രവർത്തിച്ചു. കോളനി നിവാസികൾ അദ്ദേഹത്തിന്‌ മനംനിറഞ്ഞ സ്‌നേഹവും ആദരവും നൽകി. പല സമരങ്ങളിലും മുന്നിൽനിന്ന്‌ നയിച്ച അനിരുദ്ധൻ സഖാവിന്‌ പൊലീസിന്റെ അടിയേൽക്കാതിരിക്കാൻ അവർ അദ്ദേഹത്തിന്റെ ചുറ്റിനും വളഞ്ഞുനിന്നു. നേതാവിനു കിട്ടേണ്ട അടികൂടി സ്‌ത്രീ‐പുരുഷ വ്യത്യാസമില്ലാതെ അവർ ഏറ്റുവാങ്ങി.

1978ൽ തിരുവനന്തപുരം ഈസ്റ്റ്‌ നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അനിരുദ്ധൻ അട്ടിമറി വിജയം നേടി. കോൺഗ്രസ്‌ മുന്നണിക്കാർ അവരുടെ സ്വന്തം മണ്ഡലമെന്നു കരുതിയ ഈസ്റ്റിൽ അവരുടെ കണക്കുകൂട്ടലുകൾ തെറ്റി. പാറശ്ശാല, തിരുവല്ല, തലശ്ശേരി, കാസർകോട്‌ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും സിപിഐ എം നേതൃത്വം നൽകിയ മുന്നണി വിജയിച്ചു. അതോടെ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള മുന്നണിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു.

ജനവികാരം വിളിച്ചോതിയ ഈ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രൂപീകരണത്തിനുള്ള ആക്കം കൂട്ടി.

എൽഡിഎഫ്‌ രൂപീകരിക്കപ്പെട്ടതിനുശേഷം തിരഞ്ഞെടുപ്പ്‌ നടന്നത്‌ 1980ൽ ആണ്‌. പാർലമെന്റിലേക്കാണ്‌ ആദ്യം തിരഞ്ഞെടുപ്പ്‌ നടന്നത്‌. പന്ത്രണ്ട്‌ സീറ്റ്‌ എൽഡിഎഫിനും എട്ടെണ്ണം യുഡിഎഫിനും ലഭിച്ചു. അന്ന്‌ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചത്‌ എം എൻ ഗോവിന്ദൻ നായർ ആയിരുന്നു. അനിരുദ്ധനായിരുന്നു തിരഞ്ഞെടുപ്പ്‌ കമ്മിറ്റിയുടെ മുഖ്യ ചുമതലക്കാരൻ.

1980ൽ നിയമസഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നോർത്തിൽനിന്ന്‌ അനിരുദ്ധൻ തിരഞ്ഞെടുക്കപ്പെട്ടു.

സമരങ്ങൾ നയിക്കുന്നതുപോലെ പ്രശ്‌നങ്ങൾ ഒഴിവാക്കാനും അനിരുദ്ധൻ അനുപമമായ സാമർഥ്യം കാണിച്ചതായി സമരസഖാക്കൾ സാക്ഷ്യപ്പെടുത്തുന്നു.

1984ൽ ചാല കമ്പോളത്തിൽ സംഘട്ടനമുണ്ടായി; വർഗീയ ലഹളയിലേക്ക്‌ വഴുതിവീഴുന്ന അവസ്ഥയും സംജാതമായി. വിവമറിഞ്ഞ്‌ അവിടെ ഓടിയെത്തിയ അനിരുദ്ധന്‌ അനിഷ്ട സംഭവങ്ങൾ പലതും ഒഴിവാക്കാൻ സാധിച്ചു. എല്ലാവിഭാഗം ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം അതിനു തുണയായി.

അധികാരവികേന്ദ്രീകരണത്തിനു പ്രാമുഖ്യം നൽകിക്കൊണ്ട്‌ എൽഡിഎഫ്‌ സർക്കാർ രൂപീകരിച്ച ജില്ലാ കൗൺസിലുകളിലേക്ക്‌ 1990ൽ നടന്ന തിരഞ്ഞെടുപ്പിൽ ശ്രീകാര്യം ഡിവിഷനിൽ നിന്നാണ്‌ അനിരുദ്ധൻ ജനവിധി തേടിയത്‌. മികച്ച വിജയം കരസ്ഥമാക്കിയ അദ്ദേഹം ജില്ലാ കൗൺസിലിന്റെ പ്രഥമ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ അനുകൂലമായിരുന്നു സാഹചര്യമെങ്കിലും രാജീവ്‌ഗാന്ധി കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികളാകെ തകിടംമറിഞ്ഞു. തിരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയിച്ചതോടെ ജില്ലാ കൗൺസിലുകൾ സർക്കാരിന്റെ കണ്ണിലെ കരടായി. നിശ്ചയിക്കപ്പെട്ട അധികാരങ്ങൾ ജില്ലാ കൗൺസിലിനു കൈമാറാൻ സർക്കാർ തയ്യാറായില്ല. എന്നുമാത്രമല്ല ജില്ലാ കൗൺസിലുകളെ പിരിച്ചുവിട്ടുകൊണ്ട്‌ ഗവൺമെന്റ്‌ രാഷ്‌ട്രീയപ്പക തീർക്കുകയും ചെയ്‌തു.

കോർപറേഷൻ, ജില്ലാ കൗൺസിൽ, നിയമസഭ, പാർലമെന്റ്‌ എന്നിവിടങ്ങളിലെല്ലാം അനിരുദ്ധൻ അംഗമായി. എന്നാൽ ഇവയൊന്നും തന്നെ കാലാവധി പൂർത്തിയാക്കിയില്ല എന്ന സവിശേഷതയുമുണ്ട്‌. അദ്ദേഹം കാലാവധി പൂർത്തിയാക്കിയ ജനപ്രതിനിധിസഭ കേരള യൂണിവേഴ്‌സിറ്റി സെനറ്റംഗം എന്ന നിലയിലുള്ളതാണ്‌. 1980കളിൽ ട്രേഡ്‌ യൂണിയന്റെ പ്രതിനിധിയായി സെനറ്റിലേക്ക്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അതേ സെനറ്റിൽ തന്നെ മകൻ എ സമ്പത്ത്‌ വിദ്യാർഥി പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒരേ മണ്ഡലത്തിൽ നിന്ന്‌ ഈ അച്ഛനും മകനും വ്യത്യസ്‌തമായ കാലയളവുകളിലാണ്‌ പാർലമെന്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. എന്നാൽ കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റിന്റെ കാര്യത്തിൽ മേൽപറഞ്ഞ രണ്ടു പതിവുകളും തെറ്റുകയായിരുന്നു.

സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റിയിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയറ്റിലും അനിരുദ്ധൻ അംഗമായിരുന്നു. പാർട്ടി നടപടികൾ നേരിടേണ്ടിവന്ന അദ്ദേഹം ഒരു കമ്യൂണിസ്റ്റുകാരന്റെ തികഞ്ഞ അച്ചടക്കബോധത്തോടെയാണ്‌ അത്‌ സ്വീകരിച്ചത്‌.

പ്രമുഖ ട്രേഡ്‌ യൂണിയൻ നേതാവായിരുന്ന അനിരുദ്ധൻ എഐടിയുസിയുടെ ജില്ലയിലെ സമുന്നത നേതാക്കളിലൊരാളായിരുന്നു. 1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടതോടെ അതിന്റെ സംസ്ഥാന വൈസ്‌ പ്രസിഡന്റും അഖിലേന്ത്യാ വർക്കിംഗ്‌ കമ്മിറ്റി അംഗവുമായിരുന്നു മരിക്കുംവരെ അദ്ദേഹം. ദീർഘകാലം സിഐടിയു ജില്ലാ പ്രസിഡന്റായിരുന്നു അദ്ദേഹം.

2016 മെയ്‌ 22ന്‌ അദ്ദേഹം അന്തരിച്ചു.

കോളേജ്‌ അധ്യാപികയായിരുന്ന സുധർമയായിരുന്നു കെ അനിരുദ്ധന്റെ ജീവിതപങ്കാളി. ഈ ദമ്പതികൾക്ക്‌ രണ്ട്‌ മക്കൾ. മുൻ എംപിയും ഇപ്പോൾ മന്ത്രി കെ രാധാകൃഷ്‌ണന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുമായ എ സമ്പത്താണ്‌ മൂത്ത മകൻ. ഡിസൈൻ എൻജിനിയറായ എ കസ്‌തൂരിയാണ്‌ രണ്ടാമത്തെ മകൻ.

കടപ്പാട്‌: എ സമ്പത്ത്‌
അശോക്‌ കടമ്പാട്‌ രചിച്ച്‌ മൈത്രി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ‘സഖാവ്‌ അനിരുദ്ധൻ ഒരോർമ പുസ്‌തകം’

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 5 =

Most Popular