Monday, May 20, 2024

ad

Homeസംസ്ഥാനങ്ങളിലൂടെരാജസ്താനിൽ കൺസ്‌ട്രക്‌ഷൻ തൊഴിലാളികളുടെ പ്രക്ഷോഭം

രാജസ്താനിൽ കൺസ്‌ട്രക്‌ഷൻ തൊഴിലാളികളുടെ പ്രക്ഷോഭം

കെ ആർ മായ

രാജസ്താനിൽ നിർമ്മാണത്തൊഴിലാളികൾക്കായി ആനുകൂല്യങ്ങളുടെയും പദ്ധതികളുടെ ഒരു പെരുമഴതന്നെ ഗവൺമെന്റ് പ്രഖ്യപിച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ ലഭിക്കാൻ തൊഴിലാളികൾ സർക്കാരാഫീസുകൾ കയറിയിറങ്ങി ചെരുപ്പുതേയുമെന്നു മാത്രം.

നിർമ്മാണത്തൊഴിലാളികൾക്ക് വീട്, അവരുടെ മക്കൾക്ക് സ്കോളർഷിപ്പുകൾ, പണിയായുധങ്ങൾ വാങ്ങുന്നതിന് ധനസഹായം, പ്രസവാനുകൂല്യങ്ങൾ, സിലിക്കോസിസ് രോഗികൾക്ക് സഹായം, അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം, ഐഐടി/ഐഐഎമ്മുകളിൽ പ്രവേശനം നേടുന്ന മക്കൾക്ക് ട്യൂഷൻഫീസ്, വിദേശത്ത് ജോലി നേടുന്നവർക്ക് വിസഫീസ്, ബിസിനസ് ലോണുകൾ പലിശ, സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ പാസാകുന്നവർക്ക് ഇൻസെന്റീവ് സ്കീമുകൾ ഇങ്ങനെ നീളുന്നു ആ പട്ടിക. എന്നാൽ ഇവയൊന്നും പ്രവൃത്തിപഥത്തിലില്ലെന്നതാണ് തൊഴിലാളികളുടെ അനുഭവം. അഥവാ എന്തെങ്കിലും കിട്ടിയാൽത്തന്നെ അതിനായി ദീർഘനാൾ അലയണം. രാജസ്താൻ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്സസിബിൾ ഹൗസിങ് സ്കീമിനുകീഴിൽ വീടുനിർമ്മിക്കുന്നതിനുള്ള ധനസഹായത്തിനായി അപേക്ഷിച്ച് രണ്ടുവർഷത്തോളമായി കാത്തിരിക്കുന്ന, ഹനുമാൻഗഢ് ജില്ലയിലെ കലാസിങ്ങിനെപ്പോലെ നിരവധി തൊഴിലാളികളുണ്ട്. വിദ്യാഭ്യാസ, നൈപുണി വികസനപദ്ധതിക്കു കീഴിൽ സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ട് രണ്ടുവർഷമായി ഒരു പൈസപോലും കിട്ടാതെ മക്കളുടെ പഠനം വഴിമുടങ്ങിപ്പോയവരുണ്ട്.

ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്ത നിർമാണത്തൊഴിലാളികൾക്കായി 13 ക്ഷേമപദ്ധതികൾ രാജസ്താൻ ഗവൺമെന്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ സ്കീമിനുകീഴിൽ തീർപ്പുകൽപ്പിക്കാത്ത അപേക്ഷകൾ കുന്നുകൂടുകയാണ്. നേരത്തേ അപേക്ഷിച്ചവർക്കുപോലും പണം നൽകിയിട്ടില്ല.

കൊണ്ടുവന്ന പദ്ധതികളെല്ലാംതന്നെ നിർമ്മാണത്തൊഴിലാളികളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ ഉതകുന്നതാണെങ്കിലും സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവം മൂലം വെരിഫിക്കേഷന്റെ പേരിൽ അപേക്ഷകൾ നിരസിക്കുകയാണു പതിവ്. ഏറെ പ്രചാരം നേടിയ പദ്ധതിയായ ശുഭ് ശക്തിയോജനയിൽ ഗുണഭോക്താവിന്റെ പെൺ മക്കൾക്ക് വിവാഹത്തിനായി 55,000 രൂപയാണ് ധനസഹായമായി നൽകുന്നത്. എന്നാൽ ഇതിനായി അപേക്ഷ നൽകേണ്ട പോർട്ടലിന്റെ പ്രവർത്തനം നിലച്ചിട്ട് 4 വർഷമായി. ഇതു സംബന്ധിച്ച ചോദ്യത്തിന് തൊഴിൽമന്ത്രി സുഖറാം വിഷ്‌ണോയ് സഭയിൽ നൽകിയ മറുപടി രണ്ട് ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുന്നതായാണ്. 2022 മാർച്ച് വരെ പല സ്കീമുകളിലായി 90 ലക്ഷം അപേക്ഷകൾ തീർപ്പുകൽപ്പിക്കാനുണ്ടെന്നും പറഞ്ഞു. ഗവൺമെന്റ് ഫണ്ട് അനുവദിക്കാത്തതാണ് ഇതിനു കാരണം. കോവിഡ് 19 കാലത്ത് ലേബർ വെൽഫെയർ ബോർഡ് ഫണ്ട് വകമാറ്റി ചെലവഴിച്ചതായും ആരോപണമുണ്ട്. 10 ലക്ഷം രൂപയിലധികം വരുന്ന ഓരോ കെട്ടിടനിർമാണത്തിനും ഈടാക്കേണ്ട സെസ് പിരിക്കുന്നതിൽ തൊഴിൽവകുപ്പ് പരാജയപ്പെട്ടു. 2009 ൽ കേന്ദ്രസർക്കാർ നടപ്പാക്കിയ നിയമമനുസരിച്ച് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏതു നിർമ്മാണത്തിനും ഒരു ശതമാനം ലേബർ സെസ് നിർബന്ധമാക്കിയിരുന്നു. മേൽപ്പറഞ്ഞ 13 ക്ഷേമപദ്ധതികളുടെ നടത്തിപ്പിനായി വേണം ഇത് വിനിയോഗിക്കേണ്ടത്. എന്നാൽ വകുപ്പ്തല ഉദ്യോഗസ്ഥർ നിർമ്മാണച്ചെലവ് 10 ലക്ഷം രൂപയ്ക്കുതാഴെ രേഖപ്പെടുത്തി ബിൽഡർമാർക്ക് ഒത്താശചെയ്തുകൊടുക്കുന്നു. രജിസ്റ്റർ ചെയ്ത നിർമ്മാണക്കമ്പനികളും സർക്കാർ ടെൻഡർ മുഖേന പ്രവർത്തിക്കുന്ന കരാറുകാരും മാത്രമാണ്. ലേബർ സെസ് നൽകുന്നത്.

ലേബർ വെൽഫെയർ ബോർഡ് സ്വീകരിച്ച അപേക്ഷയെക്കാളും എത്രയോ ഇരട്ടിയാണ് നിരസിക്കപ്പെട്ടിട്ടുള്ള അപേക്ഷകളുടെ എണ്ണം 2023 ഏപ്രിൽ മാസത്തിൽ 32.50 ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ചതിൽ 11.5 ലക്ഷം അപേക്ഷ മാത്രമാണ് സ്വീകരിച്ചത്. 14 ലക്ഷം അപേക്ഷകൾ നിരസിക്കപ്പെട്ടു. ഇങ്ങനെ നിരസിക്കപ്പെടുന്നത് അഴിമതിക്ക് ആക്കം കൂട്ടി. അപേക്ഷകൾക്ക് അംഗീകാരം നൽകാമെന്നു പറഞ്ഞ് ഇടനിലക്കാർ പണം പിടുങ്ങുന്നു. ഇവർ ഒരു ലക്ഷം രൂപവരെ ചോദിക്കാറുണ്ട്. അങ്ങനെ നൽകാൻ കഴിയാത്തതിനാൽ അർഹരായ, ദരിദ്രരായ പലർക്കും പല ആനുകൂല്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ആ സ്ഥിതിതന്നെയാണുള്ളത്. ശുഭ ശക്തിയോജനയ്ക്കു കീഴിൽ സഹായം അനുവദിച്ചതിന് പ്രതിഫലമായി പണം ആവശ്യപ്പെട്ടതിനെതിരെ സൈബർ ക്രൈം പൊലീസിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

അപേക്ഷകൾ പലതും നിരസിക്കുന്നതായും അപേക്ഷ സ്വീകരിച്ചവർക്ക് അർഹമായ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ഈ പദ്ധതികളെ ഗവൺമെന്റ് ഗൈരവത്തിലെടുക്കുന്നില്ലെന്നും സിപിഐ (എം) ഹനുമാൻഗഢ്‌ ജില്ലാ സെക്രട്ടറി ആരോപിക്കുന്നു. ഇതിനെതിരെ രാജസ്താൻ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്. എന്തായാലും തൊഴിലാളികൾക്കെന്ന പേരിൽ കൊണ്ടുവന്ന ആനുകൂല്യങ്ങളും പദ്ധതികളും നടപ്പാക്കാനുള്ളവയല്ലെന്നും രാജസ്താൻ സർക്കാരിന്റെ തൊഴിലാളി സ്നേഹം വെറും കാപട്യമാണെന്നുമാണ് ഇതുവരെയുള്ള അനുഭവം. ശക്തമായ സമരങ്ങൾകൊണ്ട് തൊഴിലാളികൾ ഇതിനു മറുപടി നൽകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + 15 =

Most Popular