ഇന്ത്യയിലെ ഏറ്റവും വലിയ യുവജനസംഘടനയായ ഡി വൈ എഫ് ഐയുടെ പശ്ചിമബംഗാൾ സംസ്ഥാന ഘടകം 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുമുമ്പ് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വമ്പിച്ച സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. സാധാരണ എല്ലാ വർഷവും ബ്രിഗേഡ് ഗ്രൗണ്ടിൽ സിപിഐ എമ്മും ഇടതുപക്ഷവും പൊതു യോഗം സംഘടിപ്പിക്കാറുണ്ട്. ഇടതുപക്ഷം അധികാരത്തിലിരുന്ന കാലത്ത്, ദീർഘകാലം പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു, മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, പൊളിറ്റ് ബ്യൂറോ അംഗങ്ങൾ എന്നവരായിരുന്നു പൊതുവെ പ്രാസംഗികർ. ഇടതുനേതാക്കളും പ്രസംഗങ്ങൾ കേൾക്കാൻ സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നും ലക്ഷക്കണക്കിനാളുകൾ ബ്രിഗേഡ് ഗ്രൗണ്ടിൽ തടിച്ചുകൂടിയിരുന്നു.
അവസാനം സമ്മേളനം നടന്നത് 2021 ലായിരുന്നു. അത് ഐതിഹാസികമായ ബഹുജനകൂട്ടായ്മ ആയിരുന്നു, പൊലീസ് രേഖകൾ തന്നെ പറയുന്നത് 11-12 ലക്ഷംപേർ ആ സമ്മേളനത്തിൽ പങ്കെടുത്തതായാണ് പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു അത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും പുതുതായി രൂപീകരിച്ച ഇന്ത്യൻ സെക്കുലർ ഫ്രന്റിന്റെയും പ്രവർത്തകരും അനുഭാവികളും അവരെ പിന്തുണയ്ക്കുന്നവരും ഈ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തുടനീളം പുതുമുഖങ്ങളായ യുവജനങ്ങളെ കാമ്പെയിനിൽ പങ്കെടുപ്പിക്കാനും സംഘടിപ്പിക്കാനും സിപിഐഎം ആഗ്രഹിക്കുന്നു. പുതുമുഖങ്ങളെ വളർത്തിയെടുക്കുകയും പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അവർ നേതൃത്വം നൽകുന്നതിനും ഉചിതമായ സമയമാണിത് എന്നതുകൊണ്ടുതന്നെ പാർടിയാകെ കൂട്ടായ തീരുമാനത്തിലെത്തുകയായിരുന്നു. എല്ലാ വിഭാഗത്തിലുംപെട്ടയാളുകൾ ഈ തീരുമാനത്തെ അഭിനന്ദിക്കുകയും സിപിഐഎം തലനരച്ചവരുടെ പാർടിയാണെന്നു ചിന്തിക്കുന്നവർ മാറിചിന്തിക്കുകയും ചെയ്തു. വിദ്യാർഥികളും ചെറുപ്പക്കാരും ഇടതുപക്ഷത്തെ യുവജനവിഭാഗത്തിന്റെ അവിഭാജ്യഘടകം എന്നതിനാൽ പാർടിയുടെ വിദ്യാർഥിവിഭാഗമായ എസ് എഫ് ഐയും സമ്മേളനത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. യുവജന സംഘടനയായ ഡിവൈഎഫ് ഐ ആണ് പൊതുയോഗത്തിന് ആഹ്വാനം ചെയ്തതെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരെല്ലാം ഐതിഹാസികമായ ഈ സമ്മേളനത്തിൽ പങ്കെടുക്കും. ഡി വൈ എഫ് ഐ പശ്ചിമ ബംഗാൾ സെക്രട്ടറി മീനാക്ഷി മുഖർജി വാർത്താസമ്മേളനത്തിലാണ്, ഇക്കാര്യം അറിയിച്ചത്. കൂച്ച് ബിഹാറിൽ നിന്നും കാക് ദ്വീപിലേക്ക് (സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റംവരെ) ഡി വൈ എഫ് ഐ മാർച്ച് നടത്തും. തുടർന്ന് ബ്രിഗ്രേഡ് ഗ്രൗണ്ടിൽ വമ്പിച്ച പൊതുയോഗത്തോടെ സമാപിക്കും.
കഴിഞ്ഞ കുറച്ചുകാലങ്ങളായി സംസ്ഥാനത്ത് ഉയർന്നുവന്നിട്ടുള്ള പ്രശ്നങ്ങളാണ് ഈ സമ്മേളത്തിലെ പ്രധാന ചർച്ചാവിഷയം. സംസ്ഥാനത്തെ വിദ്യാഭ്യാസം‐തൊഴിൽ മേഖലകളാകെ തകർന്നിരിക്കുകയാണ്. അവയൊന്നും ശരിയായി പ്രവർത്തിക്കുന്നില്ല. തൃണമൂൽ സർക്കാർ വലിയ അഴിമതി നടത്തിയതിന് തെളിവുണ്ട്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ വിഷലിപ്തമായ വർഗീയരാഷ്ട്രീയം, ഇരുഗവൺമെന്റുകൾക്കു കീഴിലും തൊഴിലവസരങ്ങൾ ഇല്ലാത്ത സാഹചര്യം, എന്നിവയെല്ലാം ബംഗാളിലെ സഖാക്കൾ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിഷയങ്ങളാണ്. ഈ പ്രശ്നങ്ങളൊക്കെത്തന്നെയും പശ്ചിമ ബംഗാളിലെ ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങളാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി വിദ്യാർഥികളും യുവജനസംഘടനകളും ജനകീയ പ്രശ്നങ്ങളിന്മേൽ പ്രക്ഷോഭ പരിപാടികൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. അത് പൊതുജനമധ്യത്തിൽ ഏറെ ശ്രദ്ധനേടി. ഇടതുപക്ഷ വിദ്യാർഥി- യുവജന സംഘടനകൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ബാറ്റൺ ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോവുകയാണ്. കോവിഡ് കാലത്ത് ഇടതുപക്ഷക്കാരായും ചെറുപ്പക്കാർ ചേർന്ന് റെഡ് വോളണ്ടിയർ സംഘടന രൂപീകരിച്ച് സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുകയും എല്ലാ വിഭാഗങ്ങളിലെയും ജനങ്ങൾക്ക് ആശ്വാസമെത്തിക്കുകയും ചെയ്തു. പശ്ചിമബംഗാളിലെ ജനങ്ങൾ യുവഇടതുപക്ഷത്തിൽ വിശ്വാസമർപ്പിക്കുന്നു. ലോക്കൽ ബസുകളിലും ട്രെയിനുകളിലുമൊക്കെ ഈ ശബ്ദം കേൾക്കുന്നുണ്ട്: “ ഇടതുപക്ഷം പുതുമുഖങ്ങളെ കൊണ്ടുവരുന്നത് കാണുക അവരാണ് സംസ്ഥാനത്തിന്റെ ഭാവി”.
ദുഷ്കരമായ ഈ പാതയിൽ യുവഇടതുപക്ഷത്തിന് ഇടതുനേതാക്കൾ വഴികാട്ടുകയാണ്. വരും ദിനങ്ങളിൽ വിജയത്തിലേക്കുള്ള ഒരു പാതയുണ്ടെന്ന് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരെല്ലാം കരുതുന്നു. ♦