Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറികേന്ദ്ര സംസ്ഥാന ധനബന്ധങ്ങളും കേരള വിരുദ്ധതയുടെ രാഷ്ട്രീയവും

കേന്ദ്ര സംസ്ഥാന ധനബന്ധങ്ങളും കേരള വിരുദ്ധതയുടെ രാഷ്ട്രീയവും

കെ എൻ ഹരിലാൽ

കേന്ദ്ര സംസ്ഥാന ധനബന്ധങ്ങളിലെ അസന്തുലിതത്വങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കു ഭരണഘടനയോളമോ അതിലേറെയോ പഴക്കമുണ്ട്. വളരെ പഴകിയ ഈ ചർച്ച എന്തിനു തുടരുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇന്ത്യൻ ഫെഡറൽ ധനവ്യവസ്ഥയിലെ അടിസ്ഥാന വെെകല്യങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നതും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കാലക്രമത്തിൽ രൂക്ഷമാകുന്നതുമാണ് കാരണം എന്ന് ഉത്തരം പറയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിക്കുന്ന അങ്ങേയറ്റം വിവേചനപരമായ സമീപനം കാര്യങ്ങളെ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നു എന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിലേക്ക് രാജ്യത്തിന്റെ ധനവിഭവങ്ങൾ മുഴുവൻ കേന്ദ്രീകരിക്കുന്നത് സംസ്ഥാനങ്ങളെ പൊതുവിൽ ബാധിക്കുന്നുണ്ടെങ്കിലും ഏറ്റവും വലിയ നഷ്ടം ഉണ്ടാകുന്നത് കേരളത്തിനാണ് എന്നതും ഈ ചർച്ചകളുടെ പ്രസക്തി വർധിപ്പിക്കുന്നുണ്ട്. എന്നാൽ മേൽപ്പറഞ്ഞവയേക്കാളൊക്കെ ഗൗരവമുള്ള കാര്യം കേന്ദ്ര–സംസ്ഥാന ബന്ധങ്ങൾക്ക് അടുത്തകാലത്തായി കെെവന്നിരിക്കുന്ന രാഷ്ട്രീയ പ്രാധാന്യമാണ്.

വികസനം, ക്ഷേമം, സാമൂഹ്യസുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭരണപരമായ ഉത്തരവാദിത്വങ്ങളിൽ ഭൂരിപക്ഷവും സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമായിരിക്കെ ധനവിഭവങ്ങൾക്കുമേലുള്ള അധികാരം ഏതാണ്ട് പൂർണമായും കേന്ദ്രത്തിനു നൽകിയിരിക്കുന്നു എന്നതാണല്ലോ നമ്മുടെ ഫെഡറൽ ധനവ്യവസ്ഥയുടെ അടിസ്ഥാന വെെകല്യം. ഈ അസന്തുലിതാവസ്ഥയെ കൂടുതൽ വഷളാക്കുന്ന കേന്ദ്ര നയങ്ങൾ വികസന –ക്ഷേമ– സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള സംസ്ഥാനങ്ങളുടെ കഴിവ് ഗണ്യമായി കുറയ്ക്കുന്നുണ്ട്. വികസന–ക്ഷേമ പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ജനരോഷം ഏതാണ്ട് മുഴുവനായും സംസ്ഥാന സർക്കാരുകൾക്ക് എതിരെ തിരിച്ചുവിടുക എന്ന തന്ത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. മൻമോഹൻസിങ്ങിന്റെ കാലംമുതൽ പിന്തുടരുന്ന നിയോ ലിബറൽ സാമ്പത്തികനയങ്ങൾ ഇന്ത്യയിൽ സാമ്പത്തിക അസമത്വം വല്ലാതെ ഉയരുന്നതിനു കാരണമായി. ധനികരെ കൂടുതൽ ധനികരാക്കുന്ന സാമ്പത്തികനയങ്ങളുടെ മറുവശം എന്ന നിലയിൽ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാവുകയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, കടപ്പെരുപ്പം, ദാരിദ്ര്യം തുടങ്ങിയവ നേരിടുന്ന ജനങ്ങൾക്ക് ആശ്വാസമെത്തിക്കുന്നത‍് സംസ്ഥാന സർക്കാരുകളാണ്. നിയോ ലിബറൽ നയങ്ങൾക്കു വിപരീതമായി നീങ്ങുന്നത് സംസ്ഥാനങ്ങളാണ് എന്നർഥം. ജനങ്ങളോട് കൂടുതൽ അടുത്തുനിൽക്കുന്ന ഭരണസംവിധാനം എന്ന നിലയിൽ അവർ അനുഭവിക്കുന്ന ദുരിതം കണ്ടില്ല എന്നു നടിക്കാൻ സംസ്ഥാനങ്ങൾക്കു കഴിയില്ല എന്നതാണ് വാസ്തവം. ഇപ്രകാരം സംസ്ഥാനങ്ങളുടെ തലത്തിൽ നിയോ ലിബറൽ നയങ്ങൾക്ക് എതിരായ ഒരു ജനകീയ ബദൽ ഉയർന്നു വരുന്നത് തടയുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനങ്ങളുടെ നികുതി വിഹിതവും കടമെടുക്കാനുള്ള അവകാശവും വെട്ടിക്കുറയ്ക്കുന്നതിനുപിന്നിൽ ഈ ദുരുദ്ദേശ്യമുണ്ട‍്. ജനങ്ങളെ മുണ്ടുമുറുക്കിയുടുത്ത് ജീവിക്കാൻ പ്രേരിപ്പിക്കുന്ന നവ–ഉദാരവത്കരണ നയങ്ങൾക്കെതിരെ തികച്ചും ജനകീയമായ ഒരു ബദൽ വളർത്തിയെടുക്കുന്നതിൽ മാതൃകയാവുന്ന പ്രവർത്തനങ്ങളാണ് കേരളം നടത്തിവരുന്നത്. ഇത് സവിശേഷമായ കേരള വികസന മാതൃകയുടെ തുടർച്ചയാണുതാനും. ഭൂപരിഷ്കരണത്തിൽ തുടങ്ങി പൊതുവിതരണം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, സഹകരണപ്രസ്ഥാനം, ഗ്രന്ഥശാലാ പ്രസ്ഥാനം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയവയിലൂടെ വികസിച്ച കേരളത്തിന്റെ ജനകീയ ബദലിനെ ഇകഴ്-ത്തി ഇല്ലാതാക്കാനുള്ള പരിശ്രമത്തിൽ ഉദാരവത്കരണ–ആഗോളവത്കരണ സാമ്പത്തികനയങ്ങളുടെ ഉപജ്ഞാതാക്കൾ എല്ലാവരും ഒറ്റക്കെട്ടാണ്. കോൺഗ്രസ് പാർട്ടിയും സംഘപരിവാറും വലതുപക്ഷ മാധ്യമങ്ങളും പരസ്പരം മത്സരിച്ചുകൊണ്ട് ഇടതുപക്ഷത്തിനെതിരെ അണിനിരക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. പഴയ വിമോചന സമരത്തിന്റെ അന്തർധാരകൾ അവസരം കിട്ടുമ്പോഴൊക്കെ ഇപ്രകാരം ഉയർന്നുവരാൻ പരിശ്രമിക്കാറുണ്ട്. എന്നാൽ, സംഘപരിവാറും കോൺഗ്രസും ചേർന്നു ഇടതുപക്ഷത്തിനെതിരെ നടത്തുന്ന കടന്നാക്രമണത്തിന് ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ഇടതുപക്ഷ വിരോധം കേരള വിരോധമായി പരിണമിച്ചിരിക്കുന്നു എന്നതാണ് ആ പ്രതേ-്യകത. കേരളത്തിലെ ജനങ്ങൾ അനുഭവിക്കേണ്ട പതിനായിരക്കണക്കിനു കോടി രൂപ തട്ടിയെടുക്കുന്നതിനെതിരെ ഐക്യത്തോടെ നിൽക്കാനും പ്രതിരോധിക്കാനും കേരളത്തിനു കഴിയുന്നില്ല. സംസ്ഥാനത്തെ ജനങ്ങൾ തിരഞ്ഞെടുത്ത് പാർലമെന്റിലേക്കയച്ച ജനപ്രതിനിധികൾപോലും കേരളത്തെ വാദിച്ചുതോൽപ്പിക്കുന്നതിനു മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരളം സംസ്ഥാനത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടല്ല എന്നു വരുത്തുന്നതിൽ മാധ്യമങ്ങളും ഒരു പങ്കുവഹിക്കുന്നതായാണ് കാണുന്നത്. ഇടതുപക്ഷ വിരോധം മൂത്ത് നാടിനും നാട്ടുകാർക്കുമെതിരായ നിലപാടെടുക്കുന്ന സമ്പ്രദായം അടിയന്തരമായി അവസാനിപ്പിക്കണം. കക്ഷി രാഷ്ട്രീയത്തിനതീതമായ ഐക്യം വളർത്തിയെടുത്ത് എല്ലാവരും ഒറ്റക്കെട്ടായി കേരളത്തിനുവേണ്ടി ശബ്ദമുയർത്തുന്നു എന്ന് ഉറപ്പാക്കണം.

ധനബന്ധങ്ങളിലെ അസന്തുലിതത്വം
ഫെഡറൽ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിലെല്ലാം പൊതുവെ വിഭവസമാഹരണത്തിനുള്ള അധികാരത്തിന്റെ വലിയ പങ്ക് കേന്ദ്ര ഗവൺമെന്റിൽ അഥവാ ഫെഡറൽ ഗവൺമെന്റിൽ നിക്ഷിപ്തമാക്കിയിരിക്കുന്നതായി കാണാം. ഇതുതന്നെയാണ് ഇന്ത്യൻ ഭരണഘടനാശിൽപികൾ സ്വീകരിച്ച സമീപനവും വിഭവങ്ങൾക്കായി കേന്ദ്രം പ്രവിശ്യാ സർക്കാരുകൾക്കുമുന്നിൽ കെെനീട്ടി നിൽക്കുന്ന സാഹചര്യം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരിരക്ഷിക്കുന്നതിനു യോജിക്കില്ല എന്നതുകൊണ്ടാവും ബോധപൂർവം ഇത്തരമൊരു സമീപനം സ്വീകരിക്കാൻ കാരണം.

എന്നാൽ, നികുതിയധികാരത്തിന്റെ കേന്ദ്രീകരണം കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യാതിരിക്കാനും സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനുമായി ഭരണഘടനയിൽ ആവശ്യമായ വ്യവസ്ഥകൾ ഭരണഘടനാശിൽപികൾ ഉൾച്ചേർത്തിരുന്നു. കാലാകാലങ്ങളിൽ ഭരണഘടനാപരമായ അധികാരങ്ങളോടുകൂടി ധനകാര്യകമ്മീഷനെ നിയോഗിക്കാനുള്ള വ്യവസ്ഥ ഇതിൽ പ്രധാനമാണ്. കേന്ദ്ര സർക്കാരിന്റെ നികുതിയിനങ്ങളിൽ ഏതൊക്കെ ഏതനുപാതത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇടയിൽ വീതം വയ്ക്കണം എന്ന തീരുമാനമെടുക്കാനുള്ള അധികാരം ധനകാര്യ കമ്മിഷനുണ്ട്. ഇപ്രകാരം സംസ്ഥാനങ്ങൾക്കിടയിൽ വീതം വയ്ക്കാവുന്ന വരുമാനം സംബന്ധിച്ച തീരുമാനമായാൽ പിന്നെ വേണ്ടത് സംസ്ഥാനങ്ങൾക്കിടയിൽ അത് വീതംവയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്കു രൂപംനൽകുകയാണ്. ഇതിനു പുറമെ കേന്ദ്ര–സംസ്ഥാന ധനബന്ധങ്ങളെ ബാധിക്കുന്ന മറ്റു പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും ഉത്തരവാദിത്വവും ധനക്കമ്മിഷനിൽ നിക്ഷിപ്തമാണ്. എന്നാൽ ധനകമ്മിഷനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര സർക്കാർ നിർവചിക്കുന്ന പരിഗണനാവിഷയങ്ങൾ പലപ്പോഴും വിവാദമാകാറുണ്ട്. പരിഗണനാ വിഷയങ്ങളുടെ നിർവചനം ഭരണഘടനാപരമായ ഉത്തരവാദിത്വം സ്വതന്ത്രമായി നിർവഹിക്കുന്നതിനു ധനക്കമ്മീഷന് തടസ്സമാകുമോ എന്ന ആശങ്കയാണ് ഇതിനു കാരണം.

ഇതുവരെ നിയമിക്കപ്പെട്ട ധനക്കമ്മിഷനുകളുടെ തീർപ്പുകളും ശുപാർശകളും ധനബന്ധങ്ങളിൽ അവയുണ്ടാക്കിയ പ്രത്യാഘാതങ്ങളും ഏറെ പഠനങ്ങൾക്കും പരിശോധനകൾക്കും വിധേയമായിട്ടുണ്ട്. അവയുടെ ഒരു ഹ്രസ്വമായ പരിശോധന പോലും ഇവിടെ ഏറ്റെടുക്കാൻ കഴിയില്ല. ആനുകാലിക പ്രസക്തിയുള്ളതും സന്ദർഭോചിതവുമായ ചില കാര്യങ്ങൾ എടുത്തു പറയാൻ മാത്രമാണ് ശ്രമിക്കുന്നത്.

ഒന്ന്: കേന്ദ്ര–സംസ്ഥാന ധനബന്ധങ്ങളിലെ അസന്തുലിതത്വം എത്രമാത്രമാണെന്ന പരിശോധന വിവിധ ഫിനാൻസ് കമ്മീഷനുകൾ നടത്തിയിട്ടുണ്ട്. പതിനാലും, പതിനഞ്ചും കമ്മീഷനുകൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ മൊത്തം സർക്കാർ ചെലവുകളുടെ ഏകദേശം 60 ശതമാനം ഏറ്റെടുക്കുന്നത് സംസ്ഥാന സർക്കാരുകളാണ്. ചെലവിന്റെ അനുപാതം 60:40 ആണെന്ന് എടുക്കാം. എന്നാൽ നികുതി സമാഹരണത്തിലെ അനുപാതം നേരെ വിപരീതമാണ്. അറുപത് ശതമാനം ചെലവ് ഏറ്റെടുക്കേണ്ടി വരുന്ന സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് 40 ശതമാനം വരുമാനം. നാല്പത് ശതമാനം ചെലവ് ഏറ്റെടുക്കുന്ന കേന്ദ്രത്തിനു കിട്ടുന്ന വരുമാനമാവട്ടെ 60 ശതമാനവും.

രണ്ട്: വരുമാനവും ചെലവും തമ്മിലുള്ള ഈ പൊരുത്തമില്ലായ്മ പരിഹരിക്കാൻ പതിനാലാം ധനക്കമ്മീഷൻ ശുപാർശ ചെയ്തത് കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്കു നൽകണം എന്നാണ്. പതിനഞ്ചാം കമ്മീഷൻ ഇത് 41 ശതമാനമായി കുറച്ചു. പതിമൂന്നാം കമ്മീഷന്റെ കാലത്തുണ്ടായിരുന്ന 32 ശതമാനത്തെ അപേക്ഷിച്ച് വളരെ സ്വാഗതാർഹമായ വർധനവാണ് പിന്നീടുണ്ടായത്. എന്നാൽ തുടക്കം മുതൽ കേന്ദ്ര സർക്കാർ പരിശ്രമിച്ചത് ധനക്കമ്മീഷൻ ശുപാർശകളെ എങ്ങനെ മറികടക്കാം എന്നാണ്. ഇതിനായി സ്വീകരിച്ച ഒരു മാർഗം കേന്ദ്രാവിഷ്-കൃത പദ്ധതികളുടെ എണ്ണവും അവയുടെ കേന്ദ്ര വിഹിതവും വെട്ടിക്കുറയ്ക്കുക എന്നതാണ്. രണ്ടാമത്തെ മാർഗം വീതംവയ്ക്കണം എന്നു ധനക്കമ്മീഷൻ നിഷ്കർഷിച്ച നികുതികൾക്കു പകരം വീതം വയ്-ക്കണ്ടാത്ത സെസ്സുകൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ വരുമാനം വർധിപ്പിക്കുക എന്നതാണ്. കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ ഒരു ദശാബ്ദത്തിനുമുൻപ് കേവലം പത്തു ശതമാനമായിരുന്ന സെസ്സിന്റെ പങ്ക് ‘ഇപ്പോൾ ഏകദേശം 30 ശതമാനമാണ്’ എന്നു പറഞ്ഞാൽ ചിത്രം വ്യക്തമാവും.

അന്താരാഷ്ട്ര കമ്പോളത്തിൽ എണ്ണയുടെ വില കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്നപ്പോൾ അതിന്റെ നേട്ടം ജനങ്ങൾക്കു നൽകാത സെസ്സ് ഉയർത്തി കേന്ദ്രം വലിയ തോതിൽ വരുമാനം വർധിപ്പിച്ച കാര്യം ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവന്നത് കേരളമാണ്. ഇതു സംബന്ധിച്ച് കേരളത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനം ആവർത്തിച്ച് ഉദ്ധരിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ചിദംബരം കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിക്കുകയുണ്ടായി. എന്നാൽ ആ ഘട്ടത്തിലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കേരളം നികുതി ഒഴിവാക്കണം എന്നതായിരുന്നു കേരളത്തിലെ കോൺഗ്രസിന്റെ പരിദേവനം.

മൂന്ന്: സംസ്ഥാനങ്ങൾക്ക് വീതംവച്ചു നൽകാൻ നിശ്ചയിച്ച തുകയിൽ വലിയ കുറവുണ്ടായതെങ്ങനെയെന്നു കണ്ടല്ലോ. അവശേഷിച്ച തുക വീതം വയ്ക്കുന്നതിലുമുണ്ടായി കൊടിയ അവഗണന. കേരളത്തിൽ നികുതി വിഹിതം ഓരോ കമ്മീഷൻ പിന്നിടുമ്പോഴും കുറഞ്ഞു വരുന്നു എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. പത്താം കമ്മീഷന്റെ കാലത്ത് 3.86 ശതമാനമായിരുന്ന കേരളത്തിന്റെ ഓഹരി തുടർച്ചയായി കുറഞ്ഞ് പതിനഞ്ചാം കമ്മീഷനിലെത്തിയപ്പോൾ കേവലം 1.93 ശതമാനമായിരിക്കുകയാണ്. ജനസംഖ്യാനുപാതികമായി നോക്കിയാൽ കേരളത്തിനു 2.8 ശതമാനമെങ്കിലും കിട്ടേണ്ടതാണ്. എന്തുകൊണ്ടാണ് കേരളത്തിന്റെ വിഹിതം തുടർച്ചയായി കുറയുന്നത്? മാറി മാറി വരുന്ന ധനക്കമ്മീഷനുകൾ സ്വീകരിക്കുന്ന മാനദണ്ഡങ്ങളാണ് കാരണം എന്നു പൊതുവായി പറയാം. പക്ഷേ, ഏറ്റവും പ്രധാന കാരണം കേരളത്തിന്റെ വികസന നേട്ടങ്ങളാണ്. ജനസംഖ്യാ നിയന്ത്രണത്തിൽ കേരളം കെെവരിച്ച നേട്ടവും, ജനങ്ങളുടെ ആളോഹരി വരുമാനത്തിൽ ഉണ്ടാക്കിയ വർധനയും വലിയ പാരയായി മാറി എന്നതാണ് വസ്തുത.

കേരളം നേരിടുന്ന സങ്കീർണമായ രണ്ടാം തലമുറ വികസന പ്രശ്നങ്ങൾക്ക് ഒരു പരിഗണനയും നൽകാൻ ധനക്കമ്മീഷനുകൾ തയ്യാറാവുന്നില്ല. പതിനഞ്ചാം കമ്മീഷന്റെ ശുപാർശപ്രകാരം ആകെ സംസ്ഥാനങ്ങൾക്കിടയിൽ വീതം വയ്ക്കുന്നത് 42, 24, 700 കോടി രൂപയാണ്. കേരളത്തിന്റെ വിഹിതത്തിൽ ഒരു ശതമാനം കുറവുണ്ടാകുമ്പോൾ അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്തിനു നഷ്ടമാവുക 42, 241 കോടി രൂപയാണ്. ധനകമ്മീഷന്റെ തീർപ്പുപ്രകാരം കേരളത്തിന്റെ വിഹിതം കുറഞ്ഞിരിക്കുന്നതുകൊണ്ട് ഏകദേശം 40,000 കോടി രൂപയോളം സംസ്ഥാനത്തിനു നഷ്ടം വരുന്നു എന്നു കണക്കാക്കാം. കേരളത്തിൽനിന്നും കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുമായി തട്ടിച്ചുനോക്കിയാൽ നഷ്ടത്തിന്റെ കണക്ക് ഇനിയും വർധിക്കും. ആളോഹരി വരുമാനവും ആളോഹരി ഉപഭോഗവും ദേശീയ ശരാശരിയേക്കാൾ ഉയർന്ന കേരളത്തിൽ നിന്നുള്ള കേന്ദ്രത്തിന്റെ ആളോഹരി നികുതി പിരിവ് വളരെ ഉയർന്നതാണ്. ഇവിടെ നിന്നും പിരിക്കുന്ന പണത്തിന്റെ തുച്ഛമായ ഒരു പങ്കു മാത്രമേ ഈ നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി തിരികെ ലഭിക്കുന്നുള്ളൂ എന്ന് വ്യക്തമാണ്.

നാല്: നികുതി വരുമാനത്തിലെ ഓഹരിക്കു പുറമെ ധനക്കമ്മീഷൻ പ്രഖ്യാപിക്കുന്നതും അല്ലാത്തതുമായ ഗ്രാന്റുകൾ സംസ്ഥാനങ്ങൾക്ക് നൽകുന്ന പതിവുണ്ടായിരുന്നു. ഇതിൽ വ്യവസായ മാനദണ്ഡങ്ങൾ അനുസരിച്ച‍് ആസൂത്രണ കമ്മീഷൻ നൽകുന്ന പ്ലാൻഗ്രാന്റുകളും ഉൾപ്പെട്ടിരുന്നു. ആസൂത്രണ കമ്മിഷൻ പോയി നിതി ആയോഗ് വന്നതോടെ പ്ലാൻ ഗ്രാന്റുകൾ നിലച്ചു. ഇപ്പോൾ കേന്ദ്ര ധനമന്ത്രാലയവും വിവിധ വകുപ്പുകളും സംസ്ഥാനങ്ങൾക്കു നൽകുന്ന ഗ്രാന്റുകൾ അവരുടെ വിവേചനാധികാരം ഉപയോഗിച്ചു നൽകുന്നവയാണ്. വിവേചന അധികാരത്തെ രാഷ്ട്രീയ പരിഗണന എന്ന നിലയ്ക്കേ കാണാനാവൂ. ആ നിലയ്ക്കാണ് കേന്ദ്ര സഹായം ഇപ്പോൾ ഉപയോഗിക്കപ്പെടുന്നത്.

അഞ്ച്: വികസനത്തിലും ആളോഹരി വരുമാനത്തിലും മുന്നിൽ നിൽക്കുന്നതുകൊണ്ട് കേരളത്തിന് കേന്ദ്ര നികുതി വിഹിതത്തിൽ ഭീമമായ നഷ്ടം നേരിടുന്നു എന്നു കണ്ടു. നികുതിയിലെ ഈ നഷ്ടം നികത്താൻ കൂടുതൽ കടമെടുക്കാൻ കേരളത്തെ അനുവദിക്കുമോ? ഉയർന്ന ആളോഹരി വരുമാനമുള്ള സംസ്ഥാനത്തിന് കൂടുതൽ കടം എടുക്കാനുള്ള കഴിവുണ്ട് എന്ന് അംഗീകരിക്കപ്പെടേണ്ടതല്ലേ? ലോകബാങ്ക് അടിച്ചേൽപിച്ച നിബന്ധനപ്രകാരം ദേശീയതലത്തിലും സംസ്ഥാനതലത്തിലും ആഭ്യന്തര വരുമാനത്തിൽ 3 ശതമാനം വായ്പയേ സർക്കാരുകൾക്ക് എടുക്കാനാവൂ. കേന്ദ്രം ഈ നിബന്ധന പാലിക്കുന്നില്ല എന്നത് കുപ്രസിദ്ധമാണ്. എന്നു മാത്രമല്ല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയായും ദേശീയ പാതാ വികസന ഏജൻസി വഴിയായും ബജറ്റിനു പുറത്തും വായ്പ എടുക്കുന്നുണ്ട്. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ ഇത്തരം പരിഗണനകൾ ഒന്നും നൽകാൻ കേന്ദ്രം തയ്യാറല്ല. എന്നു മാത്രമല്ല ഇപ്പോൾ അനുവദിക്കപ്പെട്ട മൂന്നു ശതമാനം വായ്പ പോലും എടുക്കാൻ അനുവദിക്കുന്നില്ല. മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിൽ ട്രഷറിയിലെ നിക്ഷേപങ്ങളും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയും കിഫ്ബിയും എടുത്ത വായ്പകളും സംസ്ഥാന സർക്കാരിന്റെ വായ്പയായി കണ്ട് വായ്പാപരിധി വെട്ടിക്കുറയ്ക്കുകയാണ്. ഏറെ ചർച്ച ചെയ്യപ്പെട്ടതായതുകൊണ്ട് അവയുടെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. പകരം വിവേചനത്തിന്റെയും അവഗണനയുടെയും ചിത്രം വ്യക്തമാക്കുന്ന ഒരു വസ്തുത കൂടി അവതരിപ്പിച്ചുകൊണ്ട് ഈ ചർച്ച അവസാനിപ്പിക്കാം.

കേരളത്തിന്റെ രണ്ടാം തലമുറ വികസന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് പശ്ചാത്തല മേഖലയുടെ വികസനത്തിൽ വന്ന പോരായ്മയാണ്. വൻകിട പ്രോജക്ടുകൾ ഏറ്റെടുക്കാൻ ദുർബലമായ ധനസ്ഥിതി കേരളത്തെ ഏറെക്കാലമായി അനുവദിച്ചിരുന്നില്ല. കേന്ദ്രം മുൻകെെയെടുത്ത് നടത്തേണ്ട ദേശീയപാതാ വികസനവും, റെയിൽവെ വികസനവും വേണ്ട നിലയിൽ മുന്നോട്ടുപോയില്ല. അയൽ സംസ്ഥാനങ്ങൾ റോഡ് വികസനത്തിൽ ഏറെ മുന്നോട്ടുപോയപ്പോൾ സ്ഥല വിലയുടെയും മറ്റും ന്യായം പറഞ്ഞ് കേരളത്തിലെ ദേശീയപാതാ വികസനം വഴിമുട്ടി നിന്നു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കാര്യങ്ങൾക്ക് ഗതിവേഗം വന്നത്. ദേശീയ പാതകളുടെ വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തുണ്ടായ വലിയ കുതിച്ചുചാട്ടത്തിനു കാരണമായത് ദേശീയപാതയുടെ സ്ഥലമെടുപ്പിനു ചെലവാകുന്ന തുകയുടെ ഇരുപത്തിയഞ്ച് ശതമാനം സംസ്ഥാനം ഏറ്റെടുക്കാൻ തയ്യാറായതോടെയാണ്. ഈ ഇനത്തിൽ ഏകദേശം 6,000 കോടി രൂപയാണ് സംസ്ഥാനം ഏറ്റെടുക്കുന്നത്. ഈ അധികച്ചെലവിനു പണം കണ്ടെത്തുന്നത് കിഫ്ബി വഴിയാണ്. കിഫ്ബി ഇതിനായി എടുക്കുന്ന വായ്പ പോലും സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്നും വെട്ടിക്കുറയ്ക്കും എന്ന നിലപാടാണ് കേന്ദ്ര സർക്കാർ കെെക്കൊള്ളുന്നത്. സാധാരണനിലയിൽ ദേശീയപാതയുടെ വികസനത്തിന്റെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കേണ്ടതാണ്. ഇവിടെ കേന്ദ്രത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനത്തിനുമേൽ അടിച്ചേൽപിക്കുകയാണ് ചെയ്യുന്നത്. എന്നു മാത്രമല്ല കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം നിർവഹിക്കാൻ കിഫ്ബി വഴി എടുത്ത വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തണം എന്നു വാശിപിടിക്കുകയും ചെയ്യുന്നു. കേരളത്തിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ വലിയ ചെറുത്തുനിൽപ് ആവശ്യമാണ് എന്നതിലേക്കാണ് മേൽപറഞ്ഞ വസ്തുതകൾ വിരൽചൂണ്ടുന്നത്. അതിന് ആദ്യം വേണ്ടത് കക്ഷിരാഷ്ട്രീയത്തിനതീതമായ കേരളീയരുടെ ഒത്തൊരുമയാണ‍് . കേരള ജനത അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കും എന്ന സന്ദേശം നൽകാൻ കഴിഞ്ഞാൽ കേന്ദ്രത്തിന്റെ സമീപനത്തിൽ വലിയ മാറ്റം ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + eighteen =

Most Popular