Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറികേരളത്തിന്റെ ധനസ്ഥിതി: 
ചില യാഥാർഥ്യങ്ങൾ

കേരളത്തിന്റെ ധനസ്ഥിതി: 
ചില യാഥാർഥ്യങ്ങൾ

കെ എൻ ബാലഗോപാൽ

കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കെടുകാര്യസ്ഥതയാണ്, ധൂർത്താണ് എന്ന പതിവുപല്ലവിയുമായാണ് ഇത്തവണയും പ്രതിപക്ഷം വന്നിരിക്കുന്നത്. ഇതിന് മുമ്പും പലതവണ ഇതേ ഫ്ളോറിൽ ഈ വിഷയം നമ്മൾ ചർച്ച ചെയ്തതാണ്. പത്ര,-ദൃശ്യ-, ഓൺലൈൻ മാധ്യമങ്ങളെല്ലാം കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് നിരന്തരമായി വാർത്തകൾ പ്രസിദ്ധീകരിച്ചുവരികയുമാണല്ലോ. കഴിഞ്ഞ മാർച്ചിൽ ചിലർ പറഞ്ഞത് മാർച്ച് 31 മറികടക്കാൻ സർക്കാരിന് കഴിയില്ല, ട്രഷറി പൂട്ടും, സംസ്ഥാന സമ്പദ് വ്യവസ്ഥ തകരും എന്നായിരുന്നു. പിന്നീട് പറഞ്ഞു, ഓണം ഇത്തവണ മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, ട്രഷറി പൂട്ടും എന്നായിരുന്നു. ഓണം അലവൻസും ഓണച്ചന്തയും ഉണ്ടാകില്ല എന്നിങ്ങനെയുള്ള തലക്കെട്ടുകളും മറക്കാനുള്ള സമയമായിട്ടില്ല. നിരവധി സാമ്പത്തിക വെല്ലുവിളികൾ സർക്കാരിനു മുന്നിലുള്ളപ്പോഴും എല്ലാ ഉത്തരവാദിത്തങ്ങളും മികച്ച രീതിയിൽ ഏറ്റെടുക്കാൻ നാളിതുവരെ സർക്കാരിന് കഴിഞ്ഞു.

കഴിഞ്ഞ സാമ്പത്തികവർഷം അവസാനിക്കുമ്പോൾ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ചെലവ് 100 ശതമാനത്തിന് മുകളിലായിരുന്നു. 22,000ത്തി-ലധികം കോടി രൂപയാണ് സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ മാത്രം ട്രഷറികളിൽ നിന്നും മാറി നൽകിയത്. ഈ ഓണക്കാലത്താകട്ടെ 18,000 കോടി രൂപയിലധികമാണ് സർക്കാർ ചെലവഴിച്ചത്. വിപണി ഇടപെടലിനുവേണ്ടി മാത്രം 400 കോടി രൂപ നൽകി. സംസ്ഥാനത്ത് എല്ലാ മേഖലകളിലും സഹായങ്ങളെത്തിച്ചു. 62 ലക്ഷം പേർക്ക് 3200 രൂപ വീതം ക്ഷേമ പെൻഷൻ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ഓണം അലവൻസ്, എക്സ് ഗ്രേഷ്യാ സഹായങ്ങൾ, ഇൻകം സപ്പോർട്ട് തുടങ്ങി സമസ്ത മനുഷ്യരിലേക്കും സർക്കാർ പണമെത്തിച്ചു.

ചരിത്രപരമായ നേട്ടത്തിന്റെ വർഷങ്ങൾ
കേരളം തനത് വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ചരിത്രപരമായ നേട്ടം കൈവരിച്ച രണ്ട് വർഷങ്ങളാണ് കടന്നുപോയതെന്നും, കടബാധ്യതയുടെയും കമ്മിയുടെയും കാര്യത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവ് വരുത്തിയെന്നതും ഈ അടുത്ത ദിവസങ്ങളിലെ മലയാള പത്രങ്ങൾ കൂടാതെ ടൈംസ് ഓഫ് ഇന്ത്യയിലെയും ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെയും ലേഖനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം ധനദൃഢീകരണത്തിന്റെ പാതയിലാണ് (fiscal consolidation) എന്നും ഈ ലേഖനങ്ങൾ കണക്കുകൾ സഹിതം പറഞ്ഞുറപ്പിക്കുന്നു. ഇതൊന്നും കാണാനോ, വിലയിരുത്താനോ കഴിവില്ലാത്തവരല്ലല്ലോ നമ്മുടെ പ്രതിപക്ഷം. ധന മാനേജ്മെന്റിൽ സംസ്ഥാനം കൈവരിച്ച നേട്ടം ഒരിക്കൽ കൂടി ആവർത്തിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

തനത് നികുതി വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ കേരളത്തിന് നേട്ടങ്ങളുടെ വർഷങ്ങളാണ്. 2013-–14 മുതലുള്ള കേരളത്തിന്റെ തനത് നികുതി വരുമാനത്തിന്റെ വാർഷിക വളർച്ച നിരക്ക് നോക്കുക.

2013–14, 2015-–16 കാലങ്ങളിൽ 10 ശതമാനമോ അതിൽ താഴെയോ ആണ് തനത് നികുതി വരുമാനത്തിന്റെ വളർച്ച. കോവിഡും പ്രളയവും കാരണമുള്ള തളർച്ചയ്ക്കുശേഷം 2021-–22 ലും 2022-–23 ലും കേരളം നേടിയത് സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടിയ തനത് വരുമാന വളർച്ചയാണ് 22 ഉം 23 ഉം ശതമാനം.

2011-–12 മുതൽ 2016-–17 സാമ്പത്തിക വർഷം വരെ അഞ്ചുവർഷം (യുഡിഎഫിന്റെ ഭരണകാലം) കൊണ്ട് തനത് വരുമാനത്തിൽ ഉണ്ടായ വർദ്ധനവ് വെറും 16,000 കോടി രൂപ മാത്രം (2011-–12 ൽ 25,700 കോടി രൂപ 2016–-17 ൽ 42100 കോടി രൂപ). അതുകഴിഞ്ഞുള്ള 5 വർഷം പ്രളയവും കോവിഡും കാരണമുള്ള സാമ്പത്തിക പ്രതിസന്ധി നികുതി വരുമാനത്തെ സാരമായി ബാധിച്ചു. എന്നാൽ കഴിഞ്ഞ രണ്ടു വർഷം കൊണ്ട് മാത്രം ഈ സർക്കാർ സമാഹരിച്ച തനത് വരുമാനം 24,300 കോടി രൂപയാണ്.

കേന്ദ്ര നയം കാരണം 
കേരള ഖജനാവില്‍ ഉണ്ടായ കുറവ്

• 2017 മുതൽ സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ട് കടപരിധിയിൽപെടുത്തി.
• 2020 മുതൽ ഓഫ് ബജറ്റ് ബോറോയിംഗ് സംസ്ഥാനത്തിന്റെ കടപരിധിയിൽ ഉൾപ്പെടുത്തി.
• 2022-–23 ൽ സംസ്ഥാനത്തിന് അനുവദനീയമായ 32,439 കോടി രൂപയിൽ 10,254.8 കോടി രൂപ കുറച്ചുമാത്രമേ കടമെടുക്കാൻ അനുമതി ലഭിച്ചുള്ളൂ.
• 2023-–24ൽ അനുവദനീയമായ 32,442 കോടി രൂപയിൽ 5,641 കോടി രൂപയും ഇനി ഈ വർഷം കിഫ്ബി വഴി സമാഹരിക്കാൻ പോകുന്ന തുകയുമടക്കം ഏകദേശം ആകെയുള്ള കടമെടുക്കൽ പരിധിയുടെ മൂന്നിലൊന്നും ഓഫ് ബജറ്റ് ബോറോയിംഗിന്റെ പേരിൽ വെട്ടിക്കുറയ്ക്കുകയാണ്.
• ഇത് ചരിത്രത്തിൽ ഈ സർക്കാരിന് മാത്രം അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള പ്രതിസന്ധിയാണ്.

2020-–21 ൽ ഏകദേശം 47,600 കോടി രൂപ മാത്രമായിരുന്ന തനത് നികുതി വരുമാനം രണ്ടു വർഷം കൊണ്ട് 71900 കോടി രൂപയിലധികമായി വർദ്ധിച്ചു. ഏകദേശം 51 ശതമാനം വർദ്ധനവ്. തനത് നികുതി വരുമാനത്തിലെ വാർഷിക വളർച്ച നിരക്ക് 23 ശതമാനത്തിലും അധികമാവുന്നത് ചരിത്ര നേട്ടം.

മൊത്തം റവന്യൂ വരുമാനത്തിൽ തനത് വരുമാനത്തിന്റെ അനുപാതം 2020–-21 ൽ 56 ശതമാനം ആയിരുന്നത് 2022–-23 ൽ 65.6 ശതമാനമായി വർദ്ധിച്ചു. 2023-–24 ൽ ഇത് 70 ശതമാനത്തിലും അധികമാവും.

അതായത് മൊത്തം റവന്യൂ വരുമാനത്തിൽ കേന്ദ്ര അനുപാതം കുറഞ്ഞു കുറഞ്ഞു വരുന്നു.

രാജ്യത്തെ ഏതാണ്ട് മുഴുവൻ ഉൽപ്പന്നങ്ങൾക്കുമേലും നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങളിൽ നിന്നും കവർന്നെടുത്ത് ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷവും തനത് നികുതി വരുമാനത്തിൽ ഇത്രയും വർദ്ധനവ് ഉണ്ടാക്കാൻ കഴിഞ്ഞത് ഒരു ചെറിയ കാര്യമായി നാം കാണുന്നില്ല.

കടവും കമ്മിയും
ഇനി കടത്തിന്റെയും കമ്മിയുടെയും കാര്യം നോക്കാം.

1. 2011-–12 മുതൽ 2016-–17 സാമ്പത്തിക വർഷം വരെയുള്ള യുഡിഎഫിന്റെ ഭരണകാലത്ത് ധനകമ്മി 3.5 ശതമാനം; റവന്യൂ കമ്മി 2 ശതമാനത്തിലുമധികം. എന്നാൽ 2022-–23 ൽ ഇത് 0.9% മാത്രം. റവന്യൂ കമ്മി ഒരു ശതമാനത്തിലും താഴെയാവുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമായി. റവന്യൂ കമ്മി ധനക്കമ്മിയുടെ വെറും 33 ശതമാനമായി ചുരുങ്ങി. മുൻകാലങ്ങളിൽ ഇത് 66 ശതമാനമായിരുന്നു.

2. ധനക്കമ്മി 2020–-21 ൽ 4.6%, 2021-–22 ൽ 4.1% 2022-–23 ൽ 2.5% മാത്രം. നിലവിലെ ധന ഉത്തരവാദിത്വ നിയമ പ്രകാരം 3.5 ശതമാനം വരെ ധന കമ്മി ആകാമെങ്കിലും അതിനും താഴെയാണ് നിലവിലെ സ്ഥിതി. അതായത് കേരളത്തിന് കടമെടുക്കാൻ സാധിക്കുന്ന നിയമപരമായ അളവിൽ പോലും കടമെടുക്കാൻ അനുവദിക്കുന്നില്ല.

3. ആഭ്യന്തര വരുമാനത്തിന്റെ ശതമാനത്തിൽ കടബാധ്യത 2020–-21 ൽ 38.5%, 2021-–22 ൽ 37% 2022-–23 ൽ 35.54% ആയി കുറഞ്ഞു വരുന്നു.

ഇത്തരത്തിൽ വരുമാനം വർദ്ധിപ്പിച്ചും കമ്മി കുറച്ചും കേരളം ധനപരമായ ഉത്തരവാദിത്വം നേടുമ്പോൾ ഈ സത്യം മറച്ചു വച്ച് കേരള കടം വാങ്ങിക്കൂട്ടുന്നു എന്നു പറയുന്നത് വാസ്തവ വിരുദ്ധമാണ്.

സർ, തനത് വരുമാനത്തിൽ വർദ്ധനവ് ഉണ്ടാക്കിയും കമ്മിയിൽ കുറവ് വരുത്തിയും കേരളം ധന ആരോഗ്യം (fiscal health) വീണ്ടെടുക്കുമ്പോൾ, സംസ്ഥാനത്തെ ഞെരുക്കുന്ന കേന്ദ്രനയങ്ങൾ അല്ലേ യഥാർഥത്തിൽ ഇവിടെ ചർച്ച ചെയ്യേണ്ടത്. അതിനായി പ്രതിപക്ഷം തയാറാണോ?

കേന്ദ്രത്തില്‍ നിന്നും ഇനിയും ലഭിക്കാനുള്ള ഫണ്ടിന്റെ കണക്കുകൾ.

കേന്ദ്രാവിഷ്കൃത പദ്ധതികളും വെട്ടിക്കുറയ്ക്കുന്നു
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തിലും ഇതേ കുറവുകൾ വരുത്തുന്നു. 2022–-23 ല്‍ 4,572.68 കോടി രൂപയാണ് വിവിധ സ്കീമുകള്‍ക്കായി കേന്ദ്ര വിഹിതമായി സംസ്ഥാന ഖജനാവില്‍ (കൺസോളിഡേറ്റഡ് ഫണ്ട്) ലഭിച്ചത്. എന്നാൽ 2023-–24-ൽ ഇതുവരെ 992.46 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ. സംസ്ഥാന സർക്കാർ മുഖേന നടപ്പിലാക്കി വന്നിരുന്ന പല കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും ധനവിനിയോഗ ഘടനയിൽ കേന്ദ്രസർക്കാർ കുറവ് വരുത്തുകയും പദ്ധതികളോ പദ്ധതിഘടകങ്ങളോ പൂർണ്ണമായും പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. 2002-–2003 കാലയളവിൽ കേന്ദ്രാവിഷ്കൃത പദ്ധതികൾ 188 ആയിരുന്നത് 2011-–12 ആയപ്പോൾ 147 ആകുകയും 2011-ലെ ബി.കെ.ചതുർവേദി അധ്യക്ഷനായ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം അവ 66 ആയി ചുരുക്കുകയും ചെയ്തു. നിതി ആയോഗിന്റെ രൂപവൽക്കരണത്തിനുശേഷം 66 കേന്ദ്രാവിഷ്കൃത പദ്ധതികളെ 28 അംബ്രല്ലാ പദ്ധതികളാക്കി പ്രഖ്യാപിച്ചു. 2016-–17, 2017–-18 കാലയളവിൽ മാത്രം 40 ഓളം പ്രധാന പദ്ധതികളുടെ ധനവിഹിത ഘടനയിൽ 2015-–16-ന് മുൻപുണ്ടായിരുന്നതിൽ നിന്നും മാറ്റം വരുത്തുകയുണ്ടായി.

100% കേന്ദ്ര വിഹിതം ലഭിച്ചുകൊണ്ടിരുന്ന 18 പദ്ധതികളുടെ കേന്ദ്ര വിഹിതം 60 ശതമാനമായും 2 എണ്ണത്തിന്റെ വിഹിതം 50 ശതമാനമായും കുറഞ്ഞിട്ടുണ്ട്. 90 : 10 അനുപാതത്തിലുള്ള 3 പദ്ധതികൾ 60:40 അനുപാതത്തിലേക്ക് മാറിയിട്ടുണ്ട്. പദ്ധതികൾ പുനഃസംഘടിപ്പിക്കുമ്പോൾ കേന്ദ്ര സർക്കാർ വഹിച്ചിരുന്ന വിഹിതത്തിന്റെ അനുപാതത്തിൽ കുറവുവരുത്തുന്നതായാണ് കാണുന്നത്. മുൻപ് പദ്ധതികൾക്ക് 90%, 80%, 75% എന്നിങ്ങനെ കേന്ദ്ര സഹായം ലഭിച്ചിരുന്നപ്പോൾ സംസ്ഥാനത്തിന് യഥാക്രമം 10%, 20%, 25% എന്നിങ്ങനെ മാത്രം പണം ചെലവഴിക്കേണ്ടി വന്നിരുന്നത് ഇപ്പോൾ ശരാശരി 40 ശതമാനമായി ഉയർന്നു.

2023-–24-ൽ മാത്രം കേന്ദ്ര സർക്കാർ അഞ്ചു പദ്ധതികളുടെ ധനവിനിയോഗ ഘടനയിൽ മാറ്റംവരുത്തുകയും 10 പദ്ധതികൾ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അനുപാത ഘടനാ വ്യതിയാനം മൂലം പദ്ധതി നടത്തിപ്പിന് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത വരുന്നുണ്ട്. കാലാകാലങ്ങളായി നടന്നുവന്നിരുന്ന ഒരു പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കുന്ന സാഹചര്യത്തിൽ സാമൂഹിക പ്രതിബദ്ധത മൂലം സംസ്ഥാന സർക്കാരിന് ഉടനടി പദ്ധതി നിർത്തലാക്കാൻ സാധിക്കുന്നില്ല. അത്തരം സാഹചര്യത്തിൽ പദ്ധതിച്ചെലവ് മുഴുവൻ സംസ്ഥാന ഏറ്റെടുക്കേണ്ടിവരികയാണ്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കും 
കേന്ദ്ര- വിഹിതം മുടക്കുന്നു
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്ര- വിഹിതം കൂടി 2020–-21 മുതൽ പൂർണമായും സംസ്ഥാനം തന്നെ ചെലവഴിച്ചുവരികയാണ്. അതിന്റെ കേന്ദ്ര വിഹിതമായി 132 കോടി രൂപ 2023 മാർച്ച്‌ 31 ൽ റീ ഇമ്പേഴ്സ്-മെന്റായി കേന്ദ്രം അനുവദിച്ചു. പൂർണ്ണമായും ചെലവഴിച്ചു കഴിഞ്ഞ തുകയായതിനാൽ എസ്എൻഎ അക്കൗണ്ടിലേക്ക് സംസ്ഥാന വിഹിതം മാറ്റിയില്ല. ഈ കാരണം പറഞ്ഞുകൊണ്ട് നടപ്പു വർഷത്തെ ആദ്യ ഇൻസ്റ്റാൾമെന്റ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. ഇതാണ് ഇപ്പോൾ ഉണ്ടായ പ്രതിസന്ധിയുടെ കാരണം. പലതവണ ഈ വിവരം കേന്ദ്രത്തെ ധരിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ സംസ്ഥാനമാകട്ടെ ഈ 132 കോടി രൂപ ഉള്‍പ്പടെ 209 കോടി രൂപ എസ്എൻഎ യിലേയ്ക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

നെല്ല് സംഭരണം
2018-–19 മുതൽ എൻഎസ്എഫ്എ പ്രകാരം സംസ്ഥാനത്തിന് അനുവദിക്കാനുള്ള 417 കോടി രൂപ കേന്ദ്ര വിഹിതം ഇതുവരെയും അനുവദിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന വിഹിതം പൂർണമായും സംസ്ഥാനം തന്നെ വഹിക്കേണ്ടിവരും എന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞദിവസം പ്രമുഖനായ ഒരു യുഡിഎഫ് എംപി നെൽ കർഷകർക്കുള്ള വിഹിതം നൽകുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്ത് യാതൊരു കുഴപ്പവും ഇല്ലെന്നും എല്ലാം സംസ്ഥാനത്തിന്റെ കുഴപ്പമാണെന്നും പ്രഖ്യാപിച്ചു കണ്ടു. ബിജെപി ഗവൺമെന്റ് എന്തുപറഞ്ഞാലും അത് പ്രചരിപ്പിക്കുക എന്നുള്ളതാണ് ഇപ്പോൾ യുഡിഎഫ് നേതാക്കളുടെ രീതി.

ദേശീയ ആരോഗ്യമിഷൻ
* എൻഎച്ച്എമ്മിന്റെ ബ്രാൻഡിംഗ് പൂർത്തീകരിച്ചില്ല എന്ന കാരണം പറഞ്ഞ് 2023- –24 സാമ്പത്തിക വർഷത്തെ കേന്ദ്രവിഹിതം ഇതുവരെ അനുവദിച്ചില്ല. 2022-–23 ൽ അനുവദിച്ച കേന്ദ്ര സഹായവും ആനുപാതികമായ സംസ്ഥാന വിഹിതവും ചേർത്ത് 450 കോടി രൂപ ഈ വർഷം ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിൽ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്ക് സംസ്ഥാനം മുൻകൂറായി പണം അനുവദിക്കേണ്ട സാഹചര്യമാണുള്ളത്.

മന്ത്രിമാരുടെ വിദേശയാത്രകൾ: 
ചില വസ്-തുതകൾ

• കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഏറ്റവും കുറവ് വിദേശ യാത്രകൾ നടത്തുന്നവരാണ്. ഭരണ നിർവ്വഹണത്തെ സഹായിക്കുന്നതിനും വിജയകരമായ മാതൃകകൾ സ്വീകരിക്കുന്നതിനുമായി നടത്തിയ വിദേശ യാത്രകളെല്ലാം ഗുണകരമായ ഫലം സംസ്ഥാനത്തിനുണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ വിവിധ ഭരണ മാതൃകകൾ പരിചയപ്പെടേണ്ടതും സവിശേഷമായ വികസന രീതികൾ മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്.
• യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 തവണയാണ് മന്ത്രിമാർ വിദേശയാത്ര നടത്തിയത്. ഔദ്യോഗിക – സ്വകാര്യ ആവശ്യങ്ങൾക്കായി വിദേശത്ത് നിരന്തരം പൊയ്ക്കൊണ്ടിരുന്ന യുഡിഎഫുകാർ ആകെ അഞ്ചോ ആറോ തവണ വിദേശത്തേക്ക് പോയ എൽഡിഎഫ് മന്ത്രിമാരെ പഴി പറയുന്നത് വിചിത്രമാണ്.
• ഡോ. എം കെ മുനീർ മാത്രം 32 തവണയാണ് വിദേശ യാത്ര നടത്തിയത്. ഷിബു ബേബിജോൺ 27 തവണയും എ പി അനിൽകുമാർ 21 തവണയും അബ്ദുറബ്ബ് 10 തവണയും കെ സി ജോസഫ് 20 തവണയും ഉമ്മൻചാണ്ടി 6 തവണയും വിദേശത്തേയ്ക്ക് പോയി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കേന്ദ്രവിഹിതമായി നടപ്പു വർഷം വകയിരുത്തിയിരിക്കുന്നത് 151 കോടി രൂപയാണ്. അതിൽ 75 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതമായി 100.89 കോടി രൂപയാണ് അനുവദിക്കേണ്ടത്. എന്നാൽ സംസ്ഥാന വിഹിതത്തിനുപുറമേ 333.5 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. അതായത് ആകെ സംസ്ഥാനത്തിന്റെ ചെലവ് 435 കോടി രൂപയാണ്. ഇപ്പോൾ പദ്ധതിയുടെ കുടിശ്ശിക തീർക്കാനായി 104 കോടി രൂപ കൂടി അനുവദിച്ചതോടെ ആകെ റിലീസ് 539 കോടി രൂപയായി.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 62 ലക്ഷത്തിലധികം പേര്‍ക്ക് നല്കുന്നതിൽ 62 ലക്ഷം പേരാണ് കേന്ദ്ര സഹായത്തിന്റെ പരിധിയില്‍ വരുന്നത്. അതില്‍ തന്നെ 2021 ജനുവരി മുതല്‍ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. 2021 ജനുവരി മുതല്‍ നാളിതുവരെ ആകെ 580 കോടി രൂപ കുടിശ്ശികയുണ്ട്. ഡിബിടി നടപ്പിലാക്കണമെന്നും എസ്എൻഎ മുഖേന തുക വിതരണം ചെയ്യണമെന്നുമുള്ള വ്യവസ്ഥ സംസ്ഥാനം 2023 മുതല്‍ നടപ്പിലാക്കിയിട്ടും കുടിശ്ശിക അനുവദിച്ചിട്ടില്ല.

കേന്ദ്രത്തിൽ നിന്ന് 
അർഹമായ വിഹിതം ചോദിക്കാൻ 
യുഡിഎഫ് മടിക്കുന്നതെന്തിന്?
പാർലമെന്റ് സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ നാം ഒരുമിച്ചെടുത്ത തീരുമാനം കേരളത്തിലെ എം.പിമാർ ഒറ്റക്കെട്ടായി കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകി സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കായി നിലകൊള്ളണമെന്നതായിരുന്നു. എന്നാൽ നിങ്ങൾ സ്വീകരിച്ച സമീപനമെന്തായിരുന്നു? നിവേദനത്തിൽ ഒപ്പിടാനോ നിവേദക സംഘത്തിനൊപ്പം ഒറ്റക്കെട്ടായി കേന്ദ്ര മന്ത്രിയെ കാണാനോ നിങ്ങൾ തയ്യാറായില്ല. എന്നുമാത്രമല്ല, നിങ്ങളെ ക്ഷണിച്ചില്ലായെന്ന് വസ്തുതാവിരുദ്ധമായ മറുപടി നൽകുകയും ചെയ്തു. എം.പിമാരുടെ യോഗം ഓൺലൈനായി ചേർന്നതുകൊണ്ട് അതിന്റെ വീഡിയോ ഇപ്പോഴും സർക്കാരിൽ ലഭ്യമാണ്. അവിടെ യു.ഡി.എഫ് എംപിമാർ നടത്തിയ അഭിപ്രായ പ്രകടനങ്ങളും എടുത്ത തീരുമാനങ്ങളും ഇപ്പോഴും ഞങ്ങളുടെ കയ്യിലുണ്ട്.

കേരളത്തിലെ ധനഞെരുക്കം ചരിത്രത്തിലാദ്യമായി ഉണ്ടായതല്ല, ഓണത്തിനുശേഷം ചെറിയ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ അത് മറികടക്കാനുള്ള ശ്രമങ്ങൾ സർക്കാർ സ്വീകരിച്ചുവരികയാണ്. വലിയ തുകകളുള്ള ബില്ലുകൾ സമർപ്പിക്കുന്ന കോൺട്രാക്ടർമാർക്ക് പണം ലഭിക്കാൻ യാതൊരു തടസ്സവുമില്ല. ബി.ഡി.എസ് സംവിധാനം വഴി അത് നിർബാധം ലഭിക്കുന്നുണ്ട്. ബാക്കിയുള്ള ബില്ലുകളാണ് തൽക്കാലത്തേക്ക് ക്യൂവിലേക്ക് മാറ്റിയിരിക്കുന്നത്. ഓണക്കാലത്ത് 18,000 കോടി രൂപയുടെ ഔട്ട് ഫ്ളോ ഉണ്ടായതിനുശേഷമുള്ള ഈ ഞെരുക്കം താമസിയാതെ പരിഹരിക്കപ്പെടും. ധൂർത്തോ കെടുകാര്യസ്ഥതയോ ഈ സർക്കാരിന്മേൽ ആരോപിക്കുന്നത് പരിപൂർണ്ണമായും വസ്തുതകൾക്ക് വിരുദ്ധമായിരിക്കും.

ജിഎസ്‌ടി നഷ്ടപരിഹാരം
ജി.എസ്.ടി കോമ്പൻസേഷൻ നിർത്തലാക്കിയതിനെക്കുറിച്ചും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇല്ലാതായതിനെക്കുറിച്ചും ഡിവിസിബിൾ പൂളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട അർഹമായ വിഹിതത്തിന്റെ ശതമാനം വെട്ടിക്കുറച്ചതിനെക്കുറിച്ചും പലതവണ വിശദീകരിച്ചതാണ്. ഇനിയുമത് ആവർത്തിക്കുന്നില്ല. ഈ അടിയന്തര സാഹചര്യം നേരിടാനുള്ള പരിശ്രമങ്ങൾ നമ്മളൊരുമിച്ചാണ് നടത്തേണ്ടത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടുന്നുവെന്നും ധനദൃഢീകരണം നടക്കുന്നുവെന്നുമുള്ള വിലയിരുത്തലുകൾ പുറത്തുവരുന്നതും ഈ ഘട്ടത്തിൽ സഭയെ അറിയിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര സാമ്പത്തിക റേറ്റിംഗ് ഏജൻസിയായ ഫിച്ചിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ സമ്പദ് വ്യവസ്ഥ കൂടുതൽ സ്ഥിരതയിലേക്ക് മാറിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സ്വന്തം സ്ഥാപനമായ നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം വിവിധ മാനവ വികസന സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. റിസർവ്വ് ബാങ്കിന്റെ ഇന്ന് പുറത്തുവന്ന റിപ്പോർട്ടിലും രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണ്. ഇതൊക്കെ നാം കൈവരിച്ച നേട്ടങ്ങളുടെ ഫലശ്രുതിയാണ്. ഇതിൽ ഞങ്ങൾക്കും നിങ്ങൾക്കും പങ്കുണ്ട്. കൂടുതൽ പങ്ക് ഞങ്ങളുടേതാണെന്ന് അഭിമാനപൂർവ്വം ഞങ്ങൾ പറയും. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുമ്പോൾ രാഷ്ട്രീയ പരിഗണനകൾ നോക്കുന്നത് ശരിയല്ല. ദൗർഭാഗ്യവശാൽ കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടുകൾ സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യത്തിന് നിരക്കുന്നവയല്ല. അത് നിങ്ങൾ തിരുത്തണം. എൽ.ഡി.എഫ് ആണ്. കേരളം ഭരിക്കുന്നത് എന്നത് സംസ്ഥാനത്തിനെതിരെ നിലപാട് എടുക്കുന്നതിനുള്ള കാരണമായി നിങ്ങൾ കാണരുത്. നമ്മുടെ നാടിന്റെ ക്ഷേമവും വികസനവും രാഷ്ട്രീയാതീതമായി നമുക്ക് മുന്നോട്ട് കൊണ്ടുപോകാം.

കെ.എസ്.ആർ.ടി.സിക്കുവേണ്ടി

യു.ഡി.എഫ് 2011 – 2016 -ൽ 1,543 കോടി രൂപ
എൽ.ഡി.എഫ് 2016- –2021 ൽ 4,924 കോടി രൂപ
എൽ.ഡി.എഫ് 2021 – 2023 ൽ 4,503 കോടി രൂപ
രണ്ട് എൽ.ഡി.എഫ് സർക്കാരുകളും കൂടി ഏഴര വർഷം കൊണ്ട് 9,427 കോടി രൂപ
• കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാന്യമായ ശമ്പളപരിഷ്കരണം നടപ്പിലാക്കി. ശമ്പളം ഏതാനും ദിവസം വൈകുന്നു എന്നതൊഴിച്ചാൽ യു.ഡി.എഫ് കാലത്തേതുപോലെ മാസങ്ങളോളം ശമ്പളം മുടങ്ങുന്ന സ്ഥിതിയില്ല. 2 ഉം 3 ഉം മാസം പെൻഷൻ കിട്ടാതെ കെ.എസ്.ആർ.ടി.സിക്കാർ ആത്മഹത്യ ചെയ്ത കാലം ആരും മറക്കാനിടയില്ല.
• സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും വായ്പ എടുത്ത് മുടങ്ങാതെ പെൻഷൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചത് ആരാണ് ? ഇതൊക്കെ പറയാനുള്ള അവസരം ഉണ്ടാക്കിത്തന്നതിൽ യു.ഡി.എഫിനോട് നന്ദിയുണ്ട്.
• കെ.എസ്.ആർ.ടി.സി മൊത്തമായി പൂട്ടാനും ഡിപ്പോകൾ വിൽക്കാനും കെ.കരുണാകരൻ സർക്കാരിന്റെ കാലത്ത് എടുത്ത നടപടികളും അതിനെതിരെ കെ.എസ്.ആർ.ടി.സി ജീവനക്കാരും കേരളത്തിലെ ഇടതുപക്ഷവും നടത്തിയ സമരവും ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതാണ്.

ക്ലിഫ് ഹൗസ് -– നീന്തൽക്കുളം
• ക്ലിഫ് ഹൗസിലെ നീന്തൽക്കുളം ആരാണ് പണികഴിപ്പിച്ചതെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ. നിങ്ങളുടെ മഹാനായ നേതാവ് കെ.കരുണാകരൻ നിർമ്മിച്ചതാണ് ആ നീന്തൽക്കുളം. അതിന്റെ മെയിന്റനൻസിന് പണം അനുവദിക്കുമ്പോൾ അതും ധൂർത്താണ് എന്നുപറയാൻ ചില്ലറ തൊലിക്കട്ടി പോര!

• പൊതുമരാമത്ത് വകുപ്പിന്റെ പരിശോധനയുടെ അടിസ്ഥാനത്തിൽ ക്ലിഫ് ഹൗസിലെ മതിൽ നിർമ്മിക്കുന്നതും കാലിത്തൊഴുത്ത് വൃത്തിയാക്കുന്നതും കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതും മുഖ്യമന്ത്രിയുടെ ധൂർത്താണ് എന്നൊക്കെ പറയുന്നത് പ്രതിപക്ഷത്തിന്റെ വിഷയദാരിദ്ര്യമാണ് കാണിക്കുന്നത്. ക്ലിഫ് ഹൗസ് പണ്ടും ഇപ്പോഴും എപ്പോഴും അവിടെയുണ്ട്, അവിടെയുണ്ടാകും. ഇനിയും മുഖ്യമന്ത്രിമാർ അവിടെ താമസിക്കും. ആ കെട്ടിടത്തെ സംരക്ഷിക്കാൻ ചെലവാക്കുന്ന തുക മുഖ്യമന്ത്രിയുടെ സ്വന്തം ആവശ്യത്തിനാണ് എന്നുപറയാൻ നിങ്ങൾക്കു മാത്രമേ കഴിയൂ. അതോ ഇനിയൊരിക്കലും ക്ലിഫ് ഹൗസിലേക്ക് ഒരു പ്രവേശനമുണ്ടാകില്ല എന്ന തോന്നലാണോ നിങ്ങളെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.

• നിങ്ങളുടെ പാർട്ടി ഭരിക്കുന്ന കർണ്ണാടകയിൽ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും നൽകിയ ആഡംബരക്കാറുകളെക്കുറിച്ച് മനോരമയിൽ ഒരു ലേഖനം കഴിഞ്ഞ ദിവസം വായിച്ചിരുന്നു. കാറിന്റെ ഗുണഗണങ്ങളെക്കുറിച്ചും സുരക്ഷാ സൗകര്യങ്ങളെക്കുറിച്ചും വാതോരാതെ മനോരമ വിവരിച്ചു. 33 കോടി രൂപ ചെലവാക്കിയാണ് ആഡംബര വാഹനങ്ങൾ വാങ്ങിയത്. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു വാഹനം വാങ്ങിയാൽ അത് പരമ ധൂർത്ത്. കർണ്ണാടക സർക്കാർ വാങ്ങിയാലോ സുരക്ഷയ്ക്കുവേണ്ടി.

ഇത്രയേറെ തുക 
ക്ഷേമ പെൻഷനുകൾക്കായി 
നൽകുന്ന മറ്റേത് സംസ്ഥാനമുണ്ട്?

• 62 ലക്ഷം പേർക്ക് 1600 രൂപ വീതം
• ആകെ 11,000 കോടി രൂപ
• യു.ഡി.എഫ് കാലത്ത് 600 രൂപ ആയിരുന്ന പെൻഷൻ എൽ.ഡി.എഫ് സർക്കാർ 1600 ആയി വർദ്ധിപ്പിച്ചു.
• 16 മാസം പെൻഷൻ കൊടുക്കാതെ വയോജനങ്ങളെ നരകിപ്പിച്ചവരാണ് ഇപ്പോൾ ചാരിത്ര്യ പ്രസംഗവുമായി രംഗത്തുവന്നിരിക്കുന്നത്.
• ഒരു പത്രസമ്മേളനത്തിൽ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയോട് എന്ന് ക്ഷേമപെൻഷൻ കുടിശ്ശിക നൽകും എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് – തനിക്കറിയില്ല എന്നായിരുന്നു.
• ജനങ്ങൾക്ക് എൽ.ഡി.എഫിനേയും യു.ഡി.എഫിനേയും നന്നായി അറിയാം സർ. അതുകൊണ്ടാണ് ഈ നാട്ടിലെ സകല ജാതി–മത ശക്തികളും മാധ്യമങ്ങളും നിങ്ങളും ഒരുമിച്ച് അപവാദ പ്രചരണം നടത്തിയിട്ടും കേരളത്തിലെ ജനങ്ങൾ, കേരളത്തിലെ പാവപ്പെട്ടവർ ഞങ്ങളെ 99 സീറ്റ് നൽകി അധികാരത്തിലെത്തിച്ചത്. ഞങ്ങൾ 99 സീറ്റ് നേടിയപ്പോഴും നിങ്ങളോടൊപ്പം നിന്ന 2 സീറ്റുകൾ ഉപതെരഞ്ഞെടുപ്പിൽ നിങ്ങൾ നിലനിർത്തി. അതിന്റെ അഹന്തയാണോ ഈ കാണിക്കുന്നത്?
• നിങ്ങൾ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഇത്രയും വിപുലമായ ക്ഷേമ സംവിധാനങ്ങളുണ്ടോ? ജനസംഖ്യയുടെ 20 ശതമാനം പേർക്ക് ക്ഷേമപെൻഷൻ നൽകുന്ന സംസ്ഥാനമാണിത്.

കേസുകൾ നടത്തുന്നത്
• യു.ഡി.എഫ് കാലത്ത് ബാർ കോഴക്കേസിൽ ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ കപിൽസിബലിന് നൽകിയത് 2 കോടി രൂപ.

ഒഴിയുന്ന തസ്തികകൾ നികത്തുന്നു, 
പുതിയ തസ്തികകൾ സൃഷ്ടിക്കുന്നു
• ഇന്ത്യയിൽ വേറെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് കേരളത്തിലേതിനു സമാനമായി സർക്കാർ മേഖലയിൽ നിയമനങ്ങൾ നടക്കുന്നുണ്ടോ?

• നിങ്ങൾ ഭരിക്കുന്ന രാജസ്താനിൽ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, കേന്ദ്രത്തിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ കേരള പി.എസ്.സിയ്ക്ക് സമാനമായി നിയമന ഉത്തരവുകൾ നൽകുന്നുണ്ടോ? ഇല്ല.

രാജ്യത്താകെ തസ്തികകൾ വെട്ടിക്കുറയ്ക്കുകയും കരാർ നിയമനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുന്ന ഘട്ടത്തിലും മുഴുവൻ തസ്തികകളിലേക്കും നിയമനം നടത്തുന്ന സംസ്ഥാനമാണ് കേരളം.

• 2016–-2021 ലെ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 1,61,268 പേർക്കാണ് നിയമന ഉത്തരവ് നൽകിയത്.

• രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതിനകം 59,189 ഉദ്യോഗാർത്ഥികൾക്ക് സർക്കാർ തൊഴിൽ നൽകി.

• സാമ്പത്തിക വെല്ലുവിളികൾ നിലനിൽക്കുമ്പോഴും പതിനായിരത്തോളം പുതിയ തസ്തികകൾ സർക്കാർ സൃഷ്ടിക്കുകയുണ്ടായി.

• യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങിയവയെല്ലാം നോക്കുകുത്തികളാണ്. രാജ്യത്തെ ഏറ്റവും വലിയ നിയമന ഏജൻസിയായിരുന്ന ഇന്ത്യൻ ആർമിയിലേക്ക് കരാർ തൊഴിലുകൾ കടന്നുവന്നിരിക്കുന്നു.

• അഗ്നിപഥ്, അഗ്നിവീർ എന്ന പേരിൽ ഹ്രസ്വകാലത്തേക്ക് സൈനിക ജോലി പരിമിതപ്പെടുന്നു. സാമ്പത്തിക ഉത്തരവാദിത്വങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണ്.

• ഒരൊറ്റ ദിവസം കൊണ്ട് 2019-ൽ ബിഎസ്എൻഎൽലി-ൽ നിന്നും പിരിച്ചുവിടപ്പെട്ടത് 85,000 ജീവനക്കാരാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലുകളിലൊന്നായിരുന്നു അത്. കോൺഗ്രസ്സ് ഉൾപ്പടെയുള്ള ഇന്ത്യയിലെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും ഇതിനെതിരെ പ്രതികരിച്ചില്ല. ഈ ജീവനക്കാരോടൊപ്പം നിൽക്കാൻ ചുവന്ന കൊടിപിടിച്ച കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ… അത് ഞങ്ങളാണ്. തൊഴിലാളി വർഗ്ഗത്തോടുള്ള പ്രതിബദ്ധത ഞങ്ങളെ നിങ്ങൾ പഠിപ്പിക്കേണ്ട.

• രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ വിറ്റുതുലച്ചു, ജീവനക്കാരെ തെരുവിലേക്ക് ഇറക്കിവിട്ട് വിഭാവനം ചെയ്യുന്ന ഭരണനിർവ്വഹണമല്ല ഞങ്ങളുടേത്.

സംസ്ഥാന ജീവനക്കാരുടെ പേരിൽ
മുതലക്കണ്ണീരൊഴുക്കുന്നവരോട്

• സർക്കാർ ജീവനക്കാർക്ക് ഡി.എ യും ലീവ് സറണ്ടറും നൽകുന്നില്ല എന്ന് ഇന്നലെയും ഒരംഗം പറയുന്നത് കേട്ടു. പഴയ കഥകൾ ഞാൻ ഓർമ്മിപ്പിക്കണോ…
• 2001-ൽ അധികാരത്തിൽ വന്ന എ.കെ. ആന്റണി സർക്കാർ ലീവ് സറണ്ടർ മാത്രമല്ല, ജീവനക്കാരന്റെ അവകാശങ്ങളാകെ കൈകടത്തി ശമ്പള പരിഷ്കരണം തന്നെ വൈകിപ്പിച്ചത് ഓർമ്മയുണ്ടോ…
• അദ്ദേഹത്തിന്റെ അന്നത്തെ പ്രശസ്തമായ ഒരു വാചകമുണ്ട് – ഒരുമാസം സർക്കാർ ഓഫീസുകൾ അടച്ചിട്ടാലും ജനങ്ങൾക്ക് ഒരു നഷ്ടവുമില്ല. നഷ്ടം സർക്കാർ ജീവനക്കാർക്കു മാത്രമാണ്
• രമേശ് ചെന്നിത്തല മുൻപു പറഞ്ഞത് ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള പോംവഴി സർക്കാർ ജീവനക്കാരുടെ 25 ശതമാനം ശമ്പളം പിടിച്ചുവെയ്ക്കുക എന്നതാണ്.
• യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന സർവ്വീസ് സംഘടനകൾക്ക് യു.ഡി.എഫിനെതിരെ സമരം ചെയ്യേണ്ടതായി വന്നു. ഈ സെക്രട്ടേറിയറ്റിനു മുന്നിൽ എ.കെ. ആന്റണിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച കോൺഗ്രസ്സ് സംഘടനക്കാർ ഇപ്പോഴും അവിടെയുണ്ടാകും. പ്രമേയാവതാരകൻ അവരോട് പോയി കാര്യങ്ങൾ തിരക്കുന്നത് നല്ലതായിരിക്കും.
• കോവിഡും ആഗോള സാമ്പത്തിക മാന്ദ്യവും ലോകത്തിലാകെയുള്ള തൊഴിൽ രംഗങ്ങളിൽ വരുത്തിയ മാറ്റം ഏവർക്കുമറിയാം. കോടിക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. എത്രയോപേരുടെ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടു.
• കോവിഡ് കാലത്ത് ശമ്പള പരിഷ്കരണം കൃത്യമായി നടത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ഏകദേശം 20,000-ത്തോളം കോടി രൂപയുടെ സാമ്പത്തിക ഉത്തരവാദിത്തമാണ് സർക്കാർ ഏറ്റെടുത്തത്.

കോൺട്രാക്ടർമാരുടെ ബില്ലുകൾ
• 2016-ൽ കോൺട്രാക്ടർമാർക്ക് നൽകാനുള്ള 1,632 കോടി രൂപ അടുത്ത സർക്കാരിന്റെ തലയിൽ വെച്ച് പോയവരാണ് യു.ഡി.എഫുകാർ.

• 2001 – 2006 ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആയിരത്തോളം ദിവസങ്ങൾ സംസ്ഥാന ട്രഷറി ഓവർ ഡ്രാഫ്റ്റിലായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് ഏതാനും ദിവസങ്ങളിൽ ട്രഷറി ഓവർഡ്രാഫ്റ്റിലായപ്പോൾ ഉണ്ടായ വാർത്തകൾ ഓർത്തുനോക്കൂ…

• നിലവിൽ ചെറിയ സാമ്പത്തിക നിയന്ത്രണങ്ങൾ ട്രഷറി ഇടപാടുകളിൽ വരുത്തിയിട്ടുണ്ട്. വലിയ തുകകളുള്ള ബില്ലുകൾ സമർപ്പിക്കുന്ന കോൺട്രാക്ടർമാർക്ക് പണം ലഭിക്കാൻ യാതൊരു തടസ്സവുമില്ല. ബി.ഡി.എസ് സംവിധാനം വഴി അത് നിർബാധം ലഭിക്കുന്നുണ്ട്. ബാക്കിയുള്ള ബില്ലുകളാണ് തൽക്കാലത്തേക്ക് ക്യൂവിലേക്ക് മാറ്റിയിരിക്കുന്നത്. ഇതിനെ സാമ്പത്തിക സ്തംഭനം എന്ന് ചിത്രീകരിക്കുന്നത് അങ്ങേയറ്റം തെറ്റായ കാര്യമാണ്.

വിലക്കയറ്റം
• വിലക്കയറ്റത്തിന്റെ വിഷയമെടുത്താൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേക്കാളും വിലക്കയറ്റം സമീപ കാലങ്ങളിലെല്ലാം ഏറ്റവും കുറഞ്ഞുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. 2023 ആഗസ്ത് മാസത്തിലെ വിലക്കയറ്റം അഖിലേന്ത്യാ തലത്തിൽ 6.83 ശതമാനമായിരിക്കുമ്പോൾ കേരളത്തിലേത് 6.26 ശതമാനമാണ്. ആന്ധ്രപ്രദേശിൽ 7.78 ശതമാനവും രാജസ്താനിൽ 8.6 ശതമാനവും തമിഴ്നാട്ടിൽ 7.76 ശതമാനവുമാണ്.

• കേരളം ഒരു ഉപഭോക്തൃസംസ്ഥാനമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. മിക്ക ചരക്കുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്ഥിതിയാണ്. ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളേക്കാളും പലചരക്കുകൾക്കും കേരളത്തിൽ വില കുറഞ്ഞിരിക്കുന്നത് നമ്മുടെ പൊതുവിതരണ സമ്പ്രദായത്തിലൂടെ സർക്കാർ നടത്തുന്ന ഇടപെടലിലൂടെയാണ്. ഓണക്കാലത്തുപോലും ഇത് നമുക്ക് സാധിച്ചു എന്നതാണ് ഏറ്റവും പ്രധാനം.

സാമ്പത്തിക പ്രതിസന്ധി
• സാമ്പത്തിക പ്രതിസന്ധി കേരളത്തെ മാത്രം ബാധിച്ചിരിക്കുന്ന ഒറ്റപ്പെട്ട ഒരു സംഭവമല്ല എന്ന് ഈ സഭയിൽ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതാണ്. ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ പല മാസങ്ങളിലും സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പോലും കൃത്യസമയത്ത് കൊടുത്തിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ പലതും പൂട്ടിപ്പോയി. ബംഗാളിൽ 8,000-ലധികം സ്കൂളുകൾ പൂട്ടി. ഹിമാചൽ പ്രദേശിലെ റോഡ് ട്രാൻസ്പോർട്ട് ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം കൊടുത്തത് ആഴ്ചകൾ കഴിഞ്ഞാണ്. പഞ്ചാബിൽ പല മാസങ്ങളിലും ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ടായി.

• അന്തർദേശീയ തലത്തിൽ പല രാജ്യങ്ങളും പ്രാദേശിക സർക്കാരുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഐ.എം.എഫിന്റെ റിപ്പോർട്ടനുസരിച്ചുതന്നെ 93-ലധികം രാജ്യങ്ങൾ കടക്കെണിയിലാണ്. ഒരാഴ്ച മുമ്പ് വന്ന റിപ്പോർട്ട് അനുസരിച്ച് ബ്രിട്ടണിലെ രണ്ടാമത്തെ വലിയ നഗരമായ ബർമ്മിംഗ്ഹാം സ്വയം പാപ്പരായി പ്രഖ്യാപിച്ചു. അമേരിക്കയിലെ പല സ്റ്റേറ്റുകളും കടക്കെണിയിലാണ്.

ഈ വസ്തുതകളൊന്നും കാണാതെയാണ് യുഡിഎഫ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഈ സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + seven =

Most Popular