Sunday, September 22, 2024

ad

Homeകവര്‍സ്റ്റോറികേന്ദ്ര വിവേചനത്തിനു കുടപിടിക്കുന്ന പരമോന്നത ഓഡിറ്റ് ഏജൻസി

കേന്ദ്ര വിവേചനത്തിനു കുടപിടിക്കുന്ന പരമോന്നത ഓഡിറ്റ് ഏജൻസി

എം ഗോപകുമാർ

കേന്ദ്രസർക്കാർ രാഷ്ട്രീയ ശത്രുതയോടെ കേരളത്തിനെതിരായി നടത്തുന്ന ഉപരോധ സമാനമായ സാമ്പത്തിക വിവേചനത്തിനു വഴിമരുന്നിടുകയും ഇതിനെതിരായി ഉയരുന്ന ബഹുജനവികാരത്തെ വഴിതിരിച്ചു വിടുന്നതിനുള്ള നിക്ഷിപ്ത നീക്കങ്ങൾക്ക് കരുവാക്കുകയും ചെയ്യുന്ന രീതിയാണ് സമീപ കാലത്ത് കേരളത്തിൽ സി&എജി ചെയ്യുന്നത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും കേന്ദ്ര സർക്കാരിനുതന്നെയും ബാധകമാകാത്ത മാനദണ്ഡങ്ങൾ കേരളത്തിനുമേൽ കെട്ടിവയ്ക്കുക, ഭരണഘടനയും പാർലമെന്റ് പാസാക്കിയ നിയമവും നൽകുന്ന അധികാരസീമകൾ ലംഘിച്ചു സംസ്ഥാന സർക്കാരിനെയും നിയമസഭയെയും അവമതിക്കുക, കേട്ടുകേൾവിയില്ലാത്തതും തന്നിഷ്ട പ്രകാരമുള്ളതുമായ കണക്കെഴുത്തു രീതികൾ അവലംബിക്കുക തുടങ്ങി കേരളത്തിലെ സി&എജി ചെയ്തു കൂട്ടുന്ന പല നടപടികളും കേരളത്തിനെതിരെ കേന്ദ്ര ബിജെപി സർക്കാർ നടപ്പിലാക്കുന്ന ഉപരോധത്തിനു ചൂട്ടും കുടയും പിടിക്കുന്നവയാണ്. ഇവ ജനങ്ങളോടു തുറന്നു പറയുക എന്നത് കേന്ദ്ര സാമ്പത്തിക ഉപരോധത്തിനെതിരായ സമരങ്ങളുടെ അനിവാര്യ ഘടകമായി മാറിയിട്ടുണ്ട്.

സാമ്പത്തിക വിവേചനത്തിനു 
ചൂട്ടും കുടയും
കേന്ദ്ര അന്വേഷണ ഏജൻസികൾ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഉപകരണങ്ങളായി പ്രവർത്തിക്കുന്ന രീതി എല്ലാവർക്കും പരിചിതമാണ്. അതിൽ കുപ്രസിദ്ധിയാർജ്ജിച്ച ഏജൻസിയാണല്ലോ ഇ ഡി. അതു നിൽക്കട്ടെ. ഭരണഘടനാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഉപകരണങ്ങളാകുന്നതാണ് പുതിയ പ്രവണത. ഈ സ്ഥിതി അതീവ ഗൗരവമുള്ളതാണ്. കേട്ടുകേൾവിയില്ലാത്ത വിധം അധികാരം ദുരുപയോഗം ചെയ്ത് സംസ്ഥാന നിയമസഭയെയും സംസ്ഥാനസർക്കാരിനെയും ദുർബ്ബലപ്പെടുത്തുന്ന ദുരൂഹമായ നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിൽ സി&എജി നടത്തുന്നത്. ഇതിന്റെ തുടക്കം കിഫ്ബി ഓഡിറ്റ് വിവാദമായിരുന്നു. ആ വിവാദത്തിന്റെ രാഷ്ട്രീയ ഉന്നം അന്നു തന്നെ സർക്കാരും ഇടതുപക്ഷവും പറഞ്ഞിരുന്നു. അപ്പോൾ സി&എജിയെ വിമർശിക്കുകയോ എന്നതായിരുന്നു കേരളത്തിലെ പ്രതിപക്ഷവും പത്രമാദ്ധ്യമങ്ങളും എടുത്ത നിലപാട്.ഒടുക്കം എന്തായി? കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും സർക്കാർ ഗാരണ്ടി നിന്നെടുക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങളുടെയും വായ്പകൾ വരെ സംസ്ഥാന സർക്കാരിന്റെ വാർഷിക വായ്പാ പരിധിയിൽ നിന്നും കുറയ്ക്കും എന്നു കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന സ്ഥിതിയിലെത്തിയില്ലേ? അതും മുൻകാല പ്രാബല്യത്തോടെ.

ബദൽ നയങ്ങൾ നടപ്പിലാക്കി പ്രവർത്തിക്കുന്ന പ്രതിപക്ഷ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത സ്ഥിതിയിൽ കുതന്ത്രങ്ങളിലൂടെ ഇവയെ നേരിടുക എന്നതാണ് കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും രീതി.ഇതിന്റെ ഭാഗമായി കിഫ്ബിയെ തകർക്കുകയാണ് അജൻഡ എന്നതാണ് വസ്തുത. ഇതിനു വഴി മരുന്നിടുകയായിരുന്നു സി&എജി കിഫ്ബി ഓഡിറ്റ് വിവാദത്തിലൂടെ ചെയ്തത്.കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്ന ഉപരോധ സമാനമായ സാമ്പത്തിക വിവേചനം വലിയ ചർച്ചയാകുന്നുണ്ട്. ഈ ഘട്ടത്തിൽ കേരളത്തിലെ സാമ്പത്തിക പ്രയാസത്തിന്റെ കാരണം കുടിശ്ശിക പിരിക്കാത്തതും സാമൂഹ്യ സുരക്ഷാ പെൻഷനിലും മറ്റും എന്തോ അപരാധം ചെയ്യുന്നതുമെല്ലാമാണ് എന്നു വരുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

കേരളത്തോടു കേന്ദ്രസർക്കാർ കാണിക്കുന്ന കടുത്ത സാമ്പത്തിക വിവേചനം മറച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സംഘടിതമായ ആഖ്യാന പരമ്പരയുണ്ട്. അതിനു വഴി മരുന്നിട്ട സി&എജി ഒരിടവേളയ്ക്കു ശേഷം വീണ്ടും കേരള വിരുദ്ധ അജൻഡയുമായി ഇറങ്ങുകയാണ്. ചില കംപ്ലൈയെൻസ് ഓഡിറ്റ് റിപ്പോർട്ടുകളും പേർഫോമൻസ് ഓഡിറ്റ് റിപ്പോർട്ടുമായി വീണ്ടും സി&എജി സംസ്ഥാന സർക്കാരിനെതിരെ ഒളിയുദ്ധം നടത്താനിറങ്ങിയിരിക്കുന്നു. കിഫ്ബി ഓഡിറ്റ് വിവാദം ഓർത്തെടുത്ത് സി&എജി യുടെ ഇപ്പോഴത്തെ കുടിശ്ശിക കണ്ടെത്തലും സാമൂഹ്യ സുരക്ഷാ പെൻഷൻ പരാമർശങ്ങളും മനസിലാക്കേണ്ടതുണ്ട്.

കിഫ്ബിയിലെ ഓഡിറ്റ് വിവാദം
കിഫ്ബിയുടെ കണക്കുകൾ ഓഡിറ്റു ചെയ്യാൻ എജി യെ അനുവദിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടു നടന്ന കോലാഹലത്തിന്റെ ഉന്നമെന്തായിരുന്നു എന്നതിപ്പോൾ കൂടുതൽ വ്യക്തമാണ്. കിഫ്ബിയിൽ സി & എ ജി യുടെ ഓഡിറ്റ് നിഷേധിച്ചു എന്ന ആരോപണത്തിന്റെ സത്യാവസ്ത എന്തായിരുന്നു?

സി&എജി (Duties, Powers & Conditions of Service) ആക്ട് 1971 എന്ന കേന്ദ്ര നിയമമമാണ് ഓഡിറ്റ് സംബന്ധിച്ച സി&എ.ജി യുടെ അധികാരവും ചുമതലയും എല്ലാം വ്യവസ്ഥ ചെയ്യുന്നത്. ഈ നിയമത്തിന്റെ വകുപ്പ് 13 പ്രകാരം സി&എജി എല്ലാ സർക്കാരുകളുടെയും കണക്ക് ഓഡിറ്റ് ചെയ്യണം. സർക്കാർ ഖജനാവിൽ നിന്നും ഗണ്യമായി സഹായം നൽകുന്ന ഏതൊരു സ്ഥാപനവും വകുപ്പ് 14 പ്രകാരം നിർബന്ധമായും സി&എജി ഓഡിറ്റിനു വിധേയമാണ്. ഗണ്യമായ ധനസഹായം എന്നതു നിയമം കൃത്യമായി തന്നെ വിശദീകരിച്ചിട്ടുമുണ്ട്. എങ്ങനെ നോക്കിയാലും വകുപ്പ് 14 പ്രകാരം കിഫ്ബിയിൽ സി&എജി ഓഡിറ്റ് നിർബന്ധമാണ്. സഹായം കിട്ടുന്ന തുകയുടെ മാത്രം ഓഡിറ്റല്ല ചെയ്യുന്നത്. എല്ലാ വരവു ചെലവുകളും സി&എജി ഓഡിറ്റിനു വിധേയമാണ് എന്നതാണ് വ്യവസ്ഥ. ഈ ഓഡിറ്റിന് ഒരു കാലത്തും കിഫ്ബിയോ സംസ്ഥാന സർക്കാരോ എതിരു നിന്നിട്ടുണ്ടോ?ഇല്ലേയില്ല. സി&എജി ഓഡിറ്റിനു വിഘാതം ഉണ്ടാക്കുന്നു എന്നു പറഞ്ഞു നടന്ന കോലാഹലം പിന്നെന്തായിരുന്നു?

ഈ നിയമ പ്രകാരം ഓഡിറ്റ് പരിധിയിൽ വരാത്ത ഏതെങ്കിലും ഒരു അതോറിറ്റിയുടെ ഓഡിറ്റും ബന്ധപ്പെട്ട സർക്കാരിന് സി&എജിയെ ഏൽപ്പിക്കാം. അതാണ് നിയമത്തിലെ വകുപ്പ് 20 വ്യവസ്ഥ ചെയ്യുന്നത്. വകുപ്പ് 14 പ്രകാരം സി&എജി ഓഡിറ്റ് നിർബന്ധമായ സ്ഥാപനം വകുപ്പ് 20 ൽ വരുമോ ? ഇല്ല. ഇതാണ് വസ്തുത. കിഫ്ബി ഓഡിറ്റ് സംബന്ധിച്ച് അന്നുയർന്ന ആരോപണം എന്തായിരുന്നു? ആദ്യം പറഞ്ഞു കിഫ്ബിയിൽ സി&എജി ഓഡിറ്റ് നിഷേധിച്ചു എന്ന്. നിഷേധിച്ചുവോ? മേൽപ്പറഞ്ഞ നിയമത്തിലെ വകുപ്പ് 20 (2 ) പ്രകാരമുള്ള ഓഡിറ്റ് ഏൽപ്പിക്കണം എന്ന് കാണിച്ച് സി&എജി സർക്കാരിനു കത്തയയ്ക്കുന്നു. അപ്പോൾ സർക്കാർ പറഞ്ഞത് ഇതേ നിയമത്തിലെ വകുപ്പു 14 പ്രകാരം കിഫ്ബിയുടെ എല്ലാ വരവും ചെലവും സി&എജി ഓഡിറ്റിന് വിധേയമാണ് എന്നാണ്. അത് എപ്പോൾ എന്നു തീരുമാനിച്ചു ചെയ്യാവുന്നതാണ്. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ കിഫ്ബിയും സർക്കാരും തയ്യാറാണ് എന്നായിരുന്നു. ആദ്യത്തെ ആരോപണം ഓഡിറ്റ് നിഷേധിച്ചു എന്നായിരുന്നു. വസ്തുത മറിച്ചാണ് എന്നു വ്യക്തമാക്കിയതോടെ സ്വരം മാറ്റി. സർക്കാർ സഹായം മാത്രമേ ഈ വകുപ്പു പ്രകാരം ഓഡിറ്റ് ചെയ്യപ്പെടുകയുള്ളൂ. മസാല ബോണ്ടും മറ്റും വഴി വരുന്ന പണം ഓഡിറ്റിന് വിധേയമാകില്ല എന്നായി. നിയമത്തിൽ ‘C & AG shall audit all receipts and expenditure of that body or authority and to report on the receipts and expenditure audited by them’ എന്നാണു വ്യവസ്ഥ, അല്ലാതെ സർക്കാർ കൊടുക്കുന്ന സഹായത്തിൽ ഒതുങ്ങുന്നില്ല എന്ന് വ്യക്തമാക്കപ്പെട്ടു. സി&എജിക്ക് കിഫ്ബിയുടെ അക്കൗണ്ട്സ് ഓഡിറ്റ് ചെയ്യാം എന്നാണു സർക്കാർ അങ്ങോട്ട് പറഞ്ഞത്. അല്ലാതെ സഞ്ചിത നിധിയിൽ നിന്നും കൊടുത്ത കാശിന്റെ കണക്കു മാത്രം നോക്കാം എന്നല്ല.

ഓഡിറ്റ് ഏജൻസിയുടെ 
നിയമ വ്യാഖ്യാനം
എല്ലാ കോലാഹലവും കഴിഞ്ഞ് കിഫ്ബിയുടെ കണക്കുകൾ സി&എജി ഓഡിറ്റ് ചെയ്തില്ലേ? ചെയ്തല്ലോ! അത്തരമൊരു ഓഡിറ്റ് റിപ്പോർട്ടിലല്ലേ കിഫ്ബിയുടെ കടം സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയാണ് (Principal Liability) അനുബന്ധ ഉത്തരവാദിത്തമല്ല (Contingent Liability) എന്നു പറഞ്ഞത്. സംസ്ഥാനത്തിന്റെ ആകെ ബാധ്യതയിൽ (Total Outstanding Liability ) കിഫ്ബി വായ്പയും ഉൾപ്പെടും എന്ന നിഗമനം അക്കൗണ്ട്സ് ജനറൽ (എ ജി) നടത്തിയത് കിഫ്ബി ഓഡിറ്റ് ചെയ്തു നൽകിയ റിപ്പോർട്ടിലല്ലേ? ഇതു കണക്കു പരിശോധനയല്ല. നിയമ വ്യാഖ്യാനമാണ്. അതിനുള്ള അധികാരം ഭരണ ഘടന കോടതിയ്ക്കാണ് നൽകിയിട്ടുള്ളത്. സർക്കാർ ധനകാര്യത്തിലെ ഒരു സമീപന മാറ്റമാണ് ഇവിടെ എ ജി പറഞ്ഞത്. അല്ലാതെ കണക്കുകളുടെ സമഗ്ര പരിശോധന നടത്തിയിട്ട് ഒരു ക്രമക്കേടും കണ്ടെത്തിയതല്ലല്ലോ? ഇത് അധികാര പരിധിയുടെ ലംഘനമാണെന്നു മാത്രമല്ല, നിക്ഷിപ്ത ലക്ഷ്യങ്ങളോടെയുള്ളതുമായിരുന്നു.

കണക്ക് ഓഡിറ്റ് ചെയ്യാൻ എ ജിക്കു സമ്പൂർണ്ണ അധികാരമുണ്ട്. അതിൽ നിന്നും മാറി കിഫ്ബി നിയമത്തെയും അതിന്റെ ഭരണഘടനാ സാധുതയെയും വ്യാഖ്യാനിക്കാനും പരിശോധിക്കാനുമാണ് മുതിർന്നത്. കിഫ്ബി നിയമ സഭ പാസ്സാക്കിയ നിയമം മൂലം സ്ഥാപിതമായ ഒന്നാണ്. ആ നിയമത്തിലെ വ്യവസ്ഥകൾ നൽകുന്ന അധികാരം ഉപയോഗിച്ചാണ് കിഫ്ബി ധന സമാഹരണം നടത്തുന്നതും പദ്ധതികൾക്ക് പണം മുടക്കുന്നതും, സർക്കാരിൽ നിന്നും നികുതി വിഹിതം സ്വീകരിക്കുന്നതുമെല്ലാം. നിയമത്തിന്റെ സാധുത പരിശോധിക്കാനുള്ള അധികാരം കോടതിയ്ക്കു മാത്രമാണുള്ളത്. ഈ നീക്കം എന്തു ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു എന്നതാണ് പിന്നീടുള്ള കേന്ദ്ര സർക്കാർ നടപടികൾ വ്യക്തമാക്കിയത്.

കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയാണെന്ന സി&എജിയുടെ വാദം നിയമസഭ കാര്യകാരണ സഹിതം നിരാകരിച്ചു. എന്നാൽ 2020 ൽ വീണ്ടും അതേ വാദം ഉയർത്തി. 2020 ലെ ഓഡിറ്റ് റിപ്പോർട്ടിൽ പുതിയൊരു വാദം കൂടി ഉന്നയിച്ചു. കിഫ്ബിയുടെ ചെലവുകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 203(2) നു വിധേയമാണെന്നതായിരുന്നു പുതിയ വാദം. സഞ്ചിതനിധിയിൽ നിന്നുമുള്ള ചെലവുകൾ സംബന്ധിച്ച നടപടി ക്രമമാണ് ഈ വ്യവസ്ഥ. ഇതേ നടപടിക്രമം കിഫ്ബിയും സ്വീകരിക്കണം എന്നായി വാദം . നിയമ സഭയുടെ ധനാഭ്യർത്ഥന വഴി മാത്രമേ ചെലവു ചെയ്യാവൂ എന്നതാണ് ഇതിന്റെ അർത്ഥം. കിഫ്ബിയുടെ വായ്പ ഖജനാവിൽ ഇടില്ല എന്നാണു കിഫ്ബി നിയമത്തിൽ പറയുന്നത്. കാരണം പണം സർക്കാർ എടുത്തു ദൈനംദിന ചെലവുകൾക്കു ഉപയോഗിച്ചാലോ? കിഫ്ബി എടുക്കുന്ന വായ്പ മൂലധന നിക്ഷേപത്തിനുള്ളതാണ്. അതു വകമാറ്റി ചെലവു ചെയ്യരുത്. ഇതായിരുന്നു ഈ വ്യവസ്ഥയുടെ ലക്ഷ്യം. കിഫ്ബി 1999 ൽ രൂപീകരിച്ചതാണ്. അന്നും പിന്നീടും കുറേ കടമെടുക്കുകയും ചെയ്തിരുന്നു. ആ പണം നിത്യനിദാന ചെലവുകൾക്കായി വിനിയോഗിക്കപ്പെട്ടു. ഈ വക മാറ്റൽ സംബന്ധിച്ച് കടുത്ത വിമർശനമാണ് അക്കാലത്തെ ഓഡിറ്റ് റിപ്പോർട്ടിൽ സി&എജി ഉന്നയിച്ചത്. അതുകൂടി കണക്കിലെടുത്തുകൊണ്ടാണ് നിയമം ഭേദഗതി ചെയ്തപ്പോൾ ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവന്നത്. കിഫ്ബിയുടെ പണം സഞ്ചിതനിധിയുടെ ഭാഗമല്ല.പിന്നെങ്ങനെയാണു ഈ വ്യവസ്ഥ ബാധകമാകുന്നത്? പരമാവധി ആശയക്കുഴപ്പം ഉണ്ടാക്കി കിഫ്ബിയുടെ ചടുലത തകർക്കുക എന്നതാണു ലക്ഷ്യം എന്നു വ്യക്തം. മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിനുമില്ലാത്ത വ്യവസ്ഥ കിഫ്ബിക്കു ബാധകമാക്കുക എന്നതായിരുന്നു ലക്ഷ്യം.കേന്ദ്ര സർക്കാരിന്റെ ഇതേ പോലുള്ള സംവിധാനങ്ങൾ ഉണ്ടല്ലോ? അവ ഇങ്ങനെയാണോ നടക്കുന്നത്? അല്ല.അപ്പോൾ കിഫ്ബിയോടുള്ള ശത്രുതാപരമായ നിലപാടല്ലാതെ മറ്റെന്താണിത്?

സാമ്പത്തിക വിവേചനത്തിനു 
വഴിമരുന്ന്
എന്തായിരുന്നു അസാധാരണമായ ഈ നീക്കത്തിന്റെ പിന്നിൽ എന്നു പിന്നീടു വ്യക്തമായി. കിഫ്ബിയുടെ മസാല ബോണ്ട് വായ്പ സംബന്ധിച്ച് സി&എജി നടത്തിയ പരാമർശം പിന്തുടർന്നാണ് കിഫ്ബിയിൽ ഇ ഡി കടന്നുവരുന്നത്. അതു മാത്രമല്ല ഈ കോലാഹലമുണ്ടാക്കിയവർ ചെയ്തത്. കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള വായ്പയാണ്. അതു കിഴിച്ചിട്ടു മാത്രമേ അർഹതപ്പെട്ട കടമെടുപ്പ് അനുവദിക്കൂ എന്നു പറഞ്ഞ് കേന്ദ്രസർക്കാർ ഇപ്പോൾ ഏതാണ്ട് 4000 കോടി രൂപവീതം 4 വർഷം വെട്ടിക്കുറയ്ക്കുകയാണ്. പുതിയൊരു നയം മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കി സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുക എന്നതാണു ചെയ്യുന്നത്. ഓഡിറ്റു ലഹളയുടെ ഉന്നമെന്തായിരുന്നു എന്നത് ഇപ്പോൾ വ്യക്തമല്ലേ? കിഫ്ബിയെ തകർത്ത് കേരളത്തിന്റെ വികസന അജൻഡ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഓഡിറ്റ് സംബന്ധിച്ച കോലാഹലം.കിഫ്ബിയിൽ ഓഡിറ്റില്ല എന്നിപ്പോൾ ആരെങ്കിലും പറയുമോ? കണക്കുകൾ നിയമസഭയിൽ നിന്നും മറച്ചു പിടിക്കുന്നു എന്ന ആക്ഷേപം ഉയർത്തിയതിൽ എന്തെങ്കിലും കഴമ്പുണ്ടായിരുന്നോ? ഇതിന്റെയെല്ലാം ഉന്നം കിഫ്ബിയെയും അതുവഴി സംസ്ഥാന സർക്കാരിന്റെ വികസന അജൻഡയെയും തകർക്കുക എന്നതായിരുന്നു.രാഷ്ട്രീയ അജൻഡകളോടെയുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനത്തിനു രാജ്യത്തെ പരമോന്നത ഓഡിറ്റ് ഏജൻസി വഴിമരുന്നിടുന്ന സംഭവമായിരുന്നു കിഫ്ബിയിലെ ഓഡിറ്റ് കോലാഹലവും അതിന്റെ പരിധി വിട്ടുള്ള റിപ്പോർട്ടുകളും.

പ്രതിഷേധം മറയ്ക്കാൻ 
വീണ്ടുമൊരു കുടിശ്ശികക്കഥ
കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന കടുത്ത സാമ്പത്തിക വിവേചനം വലിയ തോതിൽ ചർച്ചയാകുന്നുണ്ട്.കേരളം നേരിടുന്ന ധനഅസന്തുലിതാവസ്ഥയുടെ അടിസ്ഥാന കാരണം ഈ വിവേചനമാണ് എന്ന കാര്യം കണക്കുകളും അനുഭവങ്ങളും ചൂണ്ടിക്കാട്ടി വ്യക്തമാക്കപ്പെടുന്ന സ്ഥിതി വരുന്നു. കേന്ദ്ര സർക്കാരിന്റെ വിവേചനമല്ല, മറിച്ച് കേരളം കാണിക്കുന്ന എന്തോ അലംഭാവമാണ് ഈ ധന അസന്തുലിതാവസ്ഥയുടെ കാരണം എന്നു പ്രചരിപ്പിക്കാൻ പലവിധ അസംബന്ധ ആഖ്യാനങ്ങളും കുറേ നാളുകളായി അവതരിപ്പിക്കപ്പെടുന്നുണ്ട്. കേരളം കുടിശ്ശിക പിരിക്കുന്നില്ല എന്നത് അതിൽ പ്രധാനപ്പെട്ട ഒരു ആഖ്യാനമാണ്. കേരളം രൂപീകൃതമാതു മുതൽ പല ഇനങ്ങളിലുള്ള, സഞ്ചിതമായ കുടിശ്ശിക ഇപ്പോൾ പിരിച്ച് കേരളത്തിന്റെ ധന അസന്തുലിതാവസ്ഥ പരിഹരിക്കാം എന്നതാണ് ഇക്കൂട്ടരുടെ വാദം. കേരളത്തോടു ശത്രുതാപരമായ വിവേചനം കാട്ടുന്ന കേന്ദ്ര സർക്കാരിനെ രക്ഷിക്കുന്നതിനുള്ള ഉപായം മാത്രമാണിത്. നാളിതുവരെ സർക്കാർ കുടിശ്ശികയായി കണക്കാക്കിയിട്ടില്ലാത്ത ഇനങ്ങളും പുതുതായി കൂട്ടിച്ചേർത്തു പെരുപ്പിച്ച ഒരു കണക്കുമായി ഈ ആഖ്യാനത്തിനു കുട ചൂടിക്കാനാണ് ഇപ്പോൾ സി&എജി ശ്രമിക്കുന്നത്.

ഇപ്പോഴത്തെ കുടിശ്ശിക കഥ നോക്കാം. ആകെ പിരിക്കാനുള്ള കുടിശ്ശിക 28,258 കോടി രൂപയാണെന്നു കണക്കാക്കിയിട്ട് അതെത്ര വരും എന്നൊരു ഓഡിറ്റ് കണ്ടെത്തലുണ്ട്. 2021-–22 ലെ റവന്യൂ വരവു സംബന്ധിച്ച ഓഡിറ്റിലാണ് ഈ കണക്കുള്ളത്. ഈ വർഷത്തെ റവന്യൂ വരുമാനത്തിന്റെ 24.23 ശതമാനമാണ് കുടിശ്ശിക എന്നതാണ് സ്തോഭജനകമായ കണ്ടെത്തലായി ഇവിടെ പ്രചരിപ്പിക്കപ്പെട്ടത്. കേരളസംസ്ഥാനം ഉണ്ടായിട്ട് ഇന്നോളമുള്ള കുടിശ്ശികയാണീ പറയുന്നത് എന്നോർക്കണം. അത് ഒരു വർഷത്തെ റവന്യൂ വരുമാനത്തിന്റെ ഇത്ര ശതമാനം വരും എന്നു പറയുന്നതിൽ എന്താണ് യുക്തി? അതുമല്ല,ഈ പറയുന്ന കുടിശ്ശിക തുകയുടെ 34 ശതമാനം സ്റ്റേയിലാണ് എന്നു പുറകെ അവർ തന്നെ പറയുന്നുണ്ട്. അത് മാത്രം 6011 കോടി രൂപ വരും. സ്റ്റേയിലുള്ള തുക പിരിക്കുന്നതെങ്ങിനെയാണ്? ഈ കുടിശ്ശികക്കണക്ക് എല്ലാ ഓഡിറ്റിലും ഉണ്ടാകും. ഇത്തവണ ഒരു പുത്തൻ ഇനം കൂടി വന്നിട്ടുണ്ട് എന്നു പറഞ്ഞല്ലോ. കെഎസ്ആർടിസി യിൽ നിന്നും മറ്റു പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്നും കിട്ടാനുള്ള ഗാരണ്ടീ കമ്മീഷനും പലിശയുമാണീ പുതിയ ഇനം. കണക്കെഴുത്തു രീതിയുടെ ചില സവിശേഷതകൾ പൊതുമേഖലാ സ്ഥാപങ്ങൾക്കു കൊടുക്കുന്ന പല സഹായങ്ങളും ലോൺ ആയിട്ടാണ് കാണിക്കുന്നത്. കൂടാതെ സർക്കാർ ഗാരണ്ടി നിന്നതിന്റെ ഗാരണ്ടി കമ്മീഷനും ഒരു പുതിയ കുടിശ്ശിക ഇനമായി ഇത്തവണ കൂട്ടിച്ചേർത്തു . ഈ പലിശയും ഗാരണ്ടി കമ്മീഷനും മാത്രം 6286 കോടി രൂപയുണ്ട്.

അപ്പോൾ സ്റ്റേയിലുള്ളതും മുകളിൽ പറഞ്ഞ കിട്ടാപലിശയും ചേരുന്ന തുക 12,297 കോടി രൂപയാണ്. ഇതു കിഴിച്ചാൽ 28,258 കോടി രൂപ എന്നത് 15,960 കോടി രൂപയായി മാറിയില്ലേ? എന്നാലും ശതമാനക്കണക്കിൽ പെരുപ്പിച്ചു കാണിക്കണം എന്നതു പരമോന്നത ഓഡിറ്റ് ഏജൻസിക്കു നിർബന്ധമാണ്. ബാക്കിയുള്ളതിന്റെ കഥയും നാം ചർച്ച ചെയ്യണം. ആകെ കുടിശ്ശികയിൽ 13410 കോടി രൂപ വിൽപ്പന നികുതി/ വാറ്റ് കുടിശ്ശികയാണ്. പണ്ട് ഇഷ്ടം പോലെ നികുതി അടിച്ചു കൊടുത്ത കാലത്തെ (best of judgement assessment) പലിശയും പിഴയും എല്ലാം ചേരുന്ന കണക്കാണിത് . മുക്കാലാളുകളും കടയും കച്ചവടവും പൂട്ടി കാലിയാക്കിയ കേസുകൾ. മറ്റൊരു 3118 കോടി രൂപ Taxes and Duties on Electricity ആണ്. ഇതു അക്കൗണ്ട് ക്രമീകരണമാണ് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. മറ്റൊന്ന് ഭൂമിക്കച്ചവടത്തിൽ ഭൂമി വില കുറച്ചുകാണിക്കുന്നതുവഴി കണക്കാക്കിയ 600 കോടി രൂപ. ഇവയെല്ലാം ഇപ്പോൾ പിരിച്ച് നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാം എന്നും പറഞ്ഞുള്ള കോലാഹലമാണ് ഉന്നം. കഴിയാവുന്ന ആ കുടിശ്ശിക പിരിക്കുന്നുണ്ട്. എന്നാൽ ഇതിനൊക്കെ ജപ്തി നടപടി നടത്തി പിരിച്ച് നമ്മുടെ ധന അസന്തുലിതാവസ്ഥ പരിഹരിക്കാം എന്ന പ്രതീതി ജനിപ്പിക്കുന്നത് കേന്ദ്രസർക്കാർ നടത്തുന്ന നഗ്നമായ വിവേചനം മറച്ചു പിടിക്കുക എന്ന അജൻഡ വെച്ചുള്ള കളിയാണ്.

സാമൂഹ്യ സുരക്ഷാ പെൻഷനും ടാർജറ്റ്
കിഫ്ബി പോലെ തന്നെ കേന്ദ്ര സർക്കാർ ടാർജറ്റ് ചെയ്ത ഒരു സ്ഥാപനമാണ് പെൻഷൻ കമ്പനി. എന്താണീ പെൻഷൻ കമ്പനി (Kerala State Social Security Pension Ltd)? വരുമാനത്തിലെ അനിശ്ചിതത്വം പെൻഷൻ വിതരണത്തെ ബാധിക്കാതെ കൈവായ്പ എടുക്കുകയും തിരിച്ചടയ്ക്കുകയും ചെയ്യുന്ന സംവിധാനം. പാവങ്ങൾക്കുള്ള പെൻഷൻ കൃത്യമായി കൊടുക്കുന്നതിനുള്ള ഒരു ക്രമീകരണം. അത് അധിക കടഭാരം ഉണ്ടാക്കുന്നില്ല എന്നിരിക്കെ, തികഞ്ഞ സാങ്കേതികവാദം ഉന്നയിച്ചു തടയുക എന്ന കേന്ദ്ര സർക്കാർ സമീപനത്തിനു കുടപിടിക്കുകയാണ് സി&എജി ചെയ്യുന്നത്. സാമൂഹ്യസുരക്ഷാ പെൻഷൻ സംബന്ധിച്ച ഇപ്പോഴത്തെ സി&എജിയുടെ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ടിന്റെ ലക്ഷ്യം ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ ഓഡിറ്റ് സംബന്ധിച്ച് ആകെ പ്രശ്നം എന്നാണ് പത്രങ്ങൾ വെണ്ടയ്ക്കാ നിരത്തിയത്.

2017-–2018 മുതൽ 2020–2021 വരെയുള്ള പെൻഷൻ വിതരണത്തിലെ പെർഫോമൻസ് ആണ് ഓഡിറ്റ് ചെയ്തത്. എന്തായിരുന്നു ഓഡിറ്റ് ലക്ഷ്യം? Performance Audit on ‘Direct Benefit Transfer of Social Security Pension Schemes’ എന്നതാണ് ഈ ഓഡിറ്റ്. അതായത് നേരിട്ടു ഗുണഭോക്താവിനു കൊടുക്കുന്ന പരിപാടി (DBT) നിർബന്ധമാക്കണം എന്ന കേന്ദ്രസർക്കാർ പദ്ധതി നയമാണ് പരിശോധന. എങ്ങനെയാണിതു നടത്തിയത്? The observations featuring in this Audit Report are a result of test-check in the selected offices. ഏതൊക്കെ selected സ്ഥലങ്ങളിലാണ് ഈ test-check നടത്തിയത്? 37 തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണ് അത് നടത്തിയത്. ആകെ എത്ര വരും തദ്ദേശ ഭരണ സ്ഥാപനങ്ങൾ? ആയിരത്തി ഇരുനൂറ് . ഇതു വെച്ചാണ് ഈ പത്രങ്ങൾ ഈ മാതിരി തലക്കെട്ടു നിരത്തുന്നത്.

ഓഡിറ്റ് പറയുന്ന പ്രധാന പ്രശ്നം എന്താണ്? പാതി പേർക്കു മാത്രമേ Direct Benefit Transfer നടക്കുന്നുളളൂ. പകുതി സഹകരണ സംഘം വഴിയാണ്. അല്ല,ഈ കേന്ദ്രം തരുന്ന തുക ഇപ്പോൾ നേരിട്ടു കൊടുക്കുകയാണല്ലോ? അതായത് 6,88,329 പേർക്ക് 300-–400 രൂപ വീതം കേന്ദ്രം കൊടുക്കുന്നു. കേന്ദ്ര വിഹിതം വെച്ചു സംസ്ഥാനം ഞെളിയണ്ടാ എന്നു പറഞ്ഞാണല്ലോ ഈ DBT ചെയ്തോളാം എന്നു പറഞ്ഞത്. സംസ്ഥാനം ഇത്രയും പേരുടെ ബാക്കി പണം ബാങ്ക് വഴിയും സഹകരണ സംഘം വഴിയും കൊടുക്കുന്നു. കേന്ദ്രക്കാരുടെ പൈസ ആർക്കെങ്കിലും കിട്ടുന്നുണ്ടോ? ഗ്യാസ് സബ്സിഡി ഇതേ DBT വഴി തരും എന്നല്ലേ പറഞ്ഞത്? ആർക്കൊക്കെ കിട്ടുന്നുണ്ട് എന്നതെല്ലാവർക്കും അറിയുന്ന കാര്യമല്ലേ?

2015 ലാണ് കേരളം DBT നടപ്പിലാക്കിയത്,ഉമ്മൻ ചാണ്ടിയുടെ കാലത്ത്. ഇതിന്റെ ഗുണമേന്മ മൂലം 18 മാസം വരെ പലർക്കും പെൻഷൻ കിട്ടിയില്ല എന്ന സ്ഥിതിയിലാണ് ഒരു ബദൽ മാർഗ്ഗം അന്വേഷിക്കേണ്ടി വന്നത്. പെൻഷൻ വീട്ടുവാതുക്കൽ വേണ്ടവർക്ക് അങ്ങനെ എത്തിക്കും എന്ന് LDF തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ പറഞ്ഞു. അങ്ങനെ പെൻഷൻകാരുടെ ഇംഗിതം ചോദിച്ച് തീരുമാനിച്ചതാണ് എത്ര പേർക്ക് ബാങ്കുവഴി, എത്ര പേർക്ക് വീട്ടുപടിക്കൽ എന്നത് . അതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ആരെങ്കിലും ഈ ഏഴര കൊല്ലമായി പരാതി പറഞ്ഞോ? ഇല്ല. അപ്പോൾ സംസ്ഥാനം കൊടുക്കുന്ന പണം ഇങ്ങനെ ഫലപ്രദമായി കൊടുക്കാനറിയാം എന്ന സ്ഥിതിയെ ഓഡിറ്റ് ചെയ്തു കുളമാക്കാം എന്ന രാഷ്ട്രീയ പ്രേരിതമായ അജണ്ടയുമായി ഇറങ്ങുകയാണ് സി&എജി.

മറ്റൊരു ആക്ഷേപം ചിലർക്ക് രണ്ടു പെൻഷൻ കിട്ടുന്നു എന്നതാണ്. പെൻഷൻ അനുവദിച്ചശേഷം മരിച്ചവർ, കല്യാണം കഴിച്ച വിധവകൾ, സർക്കാർ പെൻഷൻകാർ ഇവരൊക്കെ പെൻഷൻ വാങ്ങുന്നു. ഇതിൽ വസ്തുത എന്താണ്? തദ്ദേശ ഭരണ സ്ഥാപനമാണ് പെൻഷൻ ഗുണഭോക്താക്കളെ തീരുമാനിക്കുന്നത്. അതു തെറ്റായി കൊടുത്താൽ ഉത്തരവാദിത്തം നിശ്ചയിച്ച് നടപടികൾ സ്വീകരിക്കും.അതു വെച്ച് പെൻഷൻ തോന്നിയവാസം എന്നൊക്കെ എഴുതുന്നതിനുള്ള വഴിയൊരുക്കുകയാണ് ഇപ്പോഴത്തെ ഓഡിറ്റ് ഉന്നംവെയ്ക്കുന്നത്.

എന്തായാലും സാമൂഹ്യ സുരക്ഷാ പെൻഷൻ സമയത്തു കൊടുക്കുന്നതിനുള്ള കൈവായ്പ പോലും സംസ്ഥാനത്തിന്റെ വാർഷിക കടമെടുപ്പു പരിധിയിൽ നിന്നും വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ പരിധിവിട്ട വിവേചനത്തിന് ഒരു കൈ സഹായം കൂടി നൽകുക എന്ന ലക്ഷ്യമാണ് ഈ ഓഡിറ്റ് റിപ്പോർട്ടും നിർവ്വഹിക്കുന്നത്.

അപ്പോഴും ചില സത്യങ്ങൾ മൂടി വെയ്ക്കാൻ കഴിയില്ലല്ലോ?

• 2017-–2018 മുതൽ 2020-–2021വരെ കൊടുത്ത പെൻഷന്റെ കണക്ക് ഇതിലുണ്ട്. എത്രയാണ് ? 29,622.67 കോടി രൂപ.

• അന്നത്തെ ഗുണഭോക്താക്കൾ 47,97,228 . ഇപ്പോൾ ഇത് 53 ലക്ഷം വരും. ക്ഷേമ നിധികളുംകൂടി ചേരുമ്പോൾ 62 ലക്ഷം.

• ഇതിൽ എത്രപേർക്കാണ് ഈ കേന്ദ്ര സഹായം എന്നും ഈ റിപ്പോർട്ടിലുണ്ട്. കേവലം 6.88 ലക്ഷം പേർക്ക്. അവരുടെ തുച്ഛമായ കേന്ദ്ര വിഹിതം ബാങ്ക് വഴി നേരിട്ടു കൊടുക്കാം എന്നു പറഞ്ഞതു കിട്ടുന്നില്ല എന്ന കാര്യമൊന്നും ഈ പേർഫോർമൻസ് ഓഡിറ്റിനു വിഷയമല്ല.

വായ്പ എടുക്കുന്നതു പോലെ എടുത്ത വായ്പയും പലിശയും തിരികെ കൊടുക്കുന്നതും പെൻഷൻ കമ്പനിയുടെ പ്രവർത്തനത്തിൽപെടുമല്ലോ? അങ്ങനെയുള്ള ആകെ സാമ്പത്തിക ക്രയവിക്രയത്തെ ഒരു നിശ്ചിത സമയത്തെ പെൻഷൻ തുകയുമായി തട്ടിച്ചു നോക്കി ബാക്കി പണം എവിടെ എന്നൊക്കെയുള്ള അസംബന്ധം എയ്യുന്നതിന്റെ ദുഷ്ടലാക്കിനു ഭരണ ഘടനാ സംരക്ഷണമൊന്നുമില്ല എന്നതു മനസ്സിലാക്കണം. നിയമസഭയ്ക്കു മുകളിൽ ഒരു സി&എജിയും ഇല്ല എന്നും അറിയണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 5 =

Most Popular