സിയോണിസ്റ്റുകൾ നടത്തിയ ‘‘തൊഴിൽ പിടിച്ചെടുക്കൽ’’ ക്യാമ്പയിനെ കമ്യൂണിസ്റ്റുകാർ വിട്ടുവീഴ്‌ച കൂടാതെ എതിർത്തു. ഈ ക്യാമ്പയിനിലൂടെ സിയോണിസ്റ്റുകൾ ലക്ഷ്യംവെച്ചത് പലസ്തീൻ പ്രദേശത്ത് പുതുതായി വളർന്നുവന്നുകൊണ്ടിരുന്ന അറബ് തൊഴിലാളികളെ ശാരീരികമായി ഉന്മൂലനം ചെയ്യലും തൽസ്ഥാനത്ത് ജൂത തൊഴിലാളികളെ തിരുകിക്കയറ്റലുമായിരുന്നു. പലസ്തീനിലെ അറബ് തൊഴിലാളികളെ സംരക്ഷിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി സായുധ കാവൽ സംഘടിപ്പിച്ചു. ‘‘പലസ്തീൻ അറബികളുടെ ഭൂമിയും തൊഴിലും തട്ടിയെടുക്കുന്ന സിയോണിസ്റ്റുകളുമായി തങ്ങൾക്കൊരു ബന്ധവുമില്ലെന്ന് പലസ്തീൻകാരെ ബോധ്യപ്പെടുത്തേണ്ടത് വർഗബോധമുള്ള ജൂത തൊഴിലാളികളുടെ കടമ’’യാണെന്ന നിലപാടായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടേത്. ഈ നിലപാടും അതനുസരിച്ചുള്ള പ്രവർത്തനങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പലസ്തീൻ അറബികളെ കൂടുതലായി ആകർഷിച്ചു.
ഇതേ കാലത്തായിരുന്നു ‘വിലപിക്കുന്ന മതിൽ’ (Waining Wall) അഥവാ പടിഞ്ഞാറൻ മതിലിനുമേൽ (പഴയ ജറുസലേം നഗരത്തിൽ നിർമിച്ചിട്ടുള്ള ചുണ്ണാമ്പുകല്ലുകൊണ്ടുള്ള മതിൽ; ജൂതരും ക്രിസ്ത്യാനികളും ഇതിനെ ക്ഷേത്ര പർവതം എന്നാണ് വിളിച്ചിരുന്നത്; വിശുദ്ധ സ്ഥലമായാണ് ഇതറിയപ്പെടുന്നത്, ജൂതരെ ഇവിടെ പ്രാർഥിക്കാൻ അനുവദിച്ചിരുന്നു) തങ്ങൾക്ക് സമ്പൂർണാധികാരം ഉറപ്പാക്കണമെന്നാണ് പലസ്തീനിലെ മുസ്ലിം പ്രമാണിമാർ ബ്രിട്ടീഷ് മാൻഡേറ്റിലെ ഭരണാധികാരികളോട് ആവശ്യപ്പെട്ടത്. അതേസമയം സിയോണിസ്റ്റുകളും ഇതേ മതിലിനുമേൽ തങ്ങൾക്ക് സമ്പൂർണാധികാരം നൽകണമെന്ന് ബ്രിട്ടീഷുകാരോട് ആവശ്യപ്പെടുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ ജെറുസലേമിലെ മുഖ്യ ഇസ്ലാം മത പുരോഹിതനായ ഹജ്ജ് അമിൻ അൽ – ഹുസൈനി (Hadj Amin al –– Husseini) യുടെ സ്വാധീനത്തിൽ സിയോണിസ്റ്റ് തീവ്രവാദികളുടെ പ്രകോപനങ്ങൾക്ക് മറുപടിയായി തീവ്ര അറബ് ദേശീയവാദികൾ 1929 ആഗസ്ത് 23ന് ജൂതർക്കെതിരെ ചെറുത്തുനിൽപ്പിന്റെ ഭാഗമായി പ്രത്യാക്രമണമഴിച്ചുവിട്ടു. അതാണ് പലസ്തീനിലെ ഒന്നാം ആഭ്യന്തരയുദ്ധമായി മാറിയത്.എന്നാൽ അറബ് തീവ്രവാദികളുടെ ആക്രമണ ലക്ഷ്യം ജൂത കുടിയേറ്റക്കാരോ സിയോണിസ്റ്റ് തീവ്രവാദികളോ ആയിരുന്നില്ല, മറിച്ച് നൂറ്റാണ്ടുകളായി ആ രാജ്യത്ത് താമസിച്ചുവരികയായിരുന്ന സിയോണിസ്റ്റുകളല്ലാത്ത സാധാരണക്കാരായ ജൂത സമുദായാംഗങ്ങളായിരുന്നു. ഒരാഴ്ചക്കുള്ളിൽ 133 ജൂതരും 116 അറബികളും ഈ കലാപത്തിൽ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് മിലിറ്ററി പൊലീസും ജൂത അർധസൈനിക വിഭാഗവുമാണ് മിക്കവാറും എല്ലാ അറബികളെയും കൊലപ്പെടുത്തിയത്. ഇരുവിഭാഗങ്ങളിലെയും സാധാരണക്കാരുടെ താല്പര്യമാണ് ഈ വർഗീയ കലാപത്തിൽ ബലികഴിക്കപ്പെടുന്നത് എന്നതിനാൽ കമ്യൂണിസ്റ്റ് പാർട്ടി സമാധാനം സ്ഥാപിക്കാൻ രംഗത്തിറങ്ങി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വയം പ്രതിരോധസേന (ബോയിവ്ക – Boyivka), മൊയ്ഷെ കൂപ്പർമാന്റെ നേതൃത്വത്തിൽ പാർട്ടി ജനറൽ സെക്രട്ടറിയായ ജോസഫ് ബെർഗറെയും കോമിന്റേൺ പ്രതിനിധിയായ ബൊഹുമിർ സ്മെറാലിനെയും അറബ് ആക്രമണകാരികളിൽനിന്നും രക്ഷിച്ചു.
ഈ വർഗീയ കലാപകാലത്ത് കമ്യൂണിസ്റ്റ് പാർട്ടി സമാധാന സന്ദേശമടങ്ങുന്ന ഒരു ലഘുലേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. ജോസഫ് ബെർഗർ തയ്യാറാക്കിയ ഈ ലഘുലേഖയുടെ ആദ്യ വരിയിൽ തന്നെ ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളുടെ മൂശയിൽ കരുപ്പിടിപ്പിച്ച ‘‘ആഭ്യന്തരയുദ്ധ’’മാണിത് എന്ന് ഈ വർഗീയ സംഘട്ടനങ്ങളെ വിശദീകരിച്ചിരുന്നു. ജൂതരും അറബികളും ഉൾപ്പെടെയുള്ള തൊഴിലാളികളുടെ വർഗപരമായ ഐക്യത്തെ ഭയപ്പെട്ട സാമ്രാജ്യത്വശക്തികൾ ഇരുവംശീയ വിഭാഗങ്ങളിലെയും പ്രമാണിവർഗത്തെ ഉപയോഗിച്ച് വംശീയ വിദ്വേഷ പ്രചാരണത്തിലൂടെ ഐക്യം തകർക്കാനാണ് ശ്രമിക്കുന്നത് എന്നും ആ ലഘുലേഖയിൽ വ്യക്തമാക്കിയിരുന്നു. വിലപിക്കുന്ന മതിലിനെ അധികാരം പിടിച്ചെടുക്കാനുള്ള പോരിന്റെ പ്രതീകമാക്കി മാറ്റിയ അറബ് – ജൂത പിന്തിരിപ്പന്മാർ സർവ്വശക്തിയുമെടുത്ത് വർഗീയ സംഘർഷത്തിന് ശ്രമിക്കുകയായിരുന്നു. സിയോണിസ്റ്റ് ട്രേഡ് യൂണിയൻ സംഘടനയായ ഹിസ്റ്റാഡ്രറ്റ് (Histadrut) അറബ് തൊഴിലാളികൾക്ക് അംഗത്വം നൽകാതിരുന്നത് അറബികൾക്കിടയിലെ ‘‘ചതിയന്മാരായ ബൂർഷ്വാ – ഫ്യൂഡൽ നേതൃത്വത്തിന്റെ കെണിയിൽപ്പെട്ട് അവർക്കുപിന്നിൽ അണിനിരക്കാൻ സാധാരണക്കാരായ അറബ് ജനതയെ പ്രേരിപ്പിച്ചു’’ വെന്നും ഇത് ബൂർഷ്വാ നേതൃത്വത്തിന് ‘‘ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി സഖ്യമുണ്ടാക്കാൻ സഹായകമായി’’ എന്നും ജോസഫ് ബെർഗർ വിലയിരുത്തി. വർഗീയ കലാപത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വം അവസരം മുതലെടുത്ത് നൂറുകണക്കിന് കമ്യൂണിസ്റ്റുകാരെ പലസ്തീനിൽ നിന്ന് നാടുകടത്തി. അവരിൽ ഏറെപ്പേരും സോവിയറ്റ് യൂണിലേക്കു പോയി.
1929 ലെ വംശീയ കലാപത്തെയും ബ്രിട്ടീഷ് ഭരണാധികാരികളുടെ അടിച്ചമർത്തലിനേയും തുടർന്ന് ശിഥിലമാക്കപ്പെട്ട പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി പുനഃസംഘടിപ്പിക്കപ്പെട്ടു. 1930 ഡിസംബറിൽ നജ്ജാതി സിദ്ദിഖി (Nadjati sidqi) ഉൾപ്പെടെ (ഇദ്ദേഹം കുറച്ചു കാലം പാർട്ടി ജനറൽ സെക്രട്ടറിയുമായി) മൂന്ന് അറബ് വംശജരെയും ജൂത വിഭാഗത്തിൽപ്പെട്ട രണ്ടുപേരെയും ഉൾപ്പെടുത്തി കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 1933 ഒക്ടോബറിൽ പുതിയൊരു അറബ് കലാപം പൊട്ടിപ്പുറപ്പെട്ടു; ഇത് ഒരു പരിധിവരെ സാമ്രാജ്യത്വവിരുദ്ധ സ്വഭാവത്തിലുള്ളതായിരുന്നു ;അതേസമയം പൂർണമായും ജൂതവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നുമില്ല. എന്നാൽ ബ്രിട്ടീഷ് സൈന്യം വളരെ വേഗം ഈ കലാപത്തെയും അടിച്ചമർത്തി.
ഈ കാലമായപ്പോൾ അറബ് ബൂർഷ്വാ ദേശീയവാദികളും ബ്രിട്ടീഷുകാരും തമ്മിൽ പൊരുത്തപ്പെടാൻ തുടങ്ങിയിരുന്നു; ബ്രിട്ടീഷുകാർ സിയോണിസത്തെ അനുകൂലിക്കുന്ന നയം ക്രമേണ ഉപേക്ഷിക്കുന്ന സമീപനം സ്വീകരിക്കണമെന്ന നിലപാടിലായിരുന്നു ഈ പൊരുത്തപ്പെടൽ. ജർമനിയിൽ ഹിറ്റ്ലർ വാഴ്ചയിൽ ജൂതർ വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് ബ്രിട്ടൻ ഈയൊരു മാറ്റം പ്രകടമാക്കിയത്.
കമ്യൂണിസ്റ്റ് പാർട്ടി ഈ ഘട്ടത്തിൽ ആഹ്വാനം ചെയ്തത് അറബ് ദേശീയ പ്രസ്ഥാനത്തിന് പിന്തുണ നൽകണമെന്നാണ്. റഡ്വാൻ അൽ – ഹിലു (മൂസ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്) വായിരുന്നു അന്ന് പാർട്ടിയുടെ സെക്രട്ടറി. 1935ൽ ചേർന്ന കോമിന്റേണിന്റെ ഏഴാമത് ലോക കോൺഗ്രസിൽ പങ്കെടുത്ത പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധികൾ വ്യക്തമാക്കിയത് ‘‘അറബ് ജനതയുടെ ദേശീയ വിമോചന പോരാട്ടം വിജയിക്കുന്നതുമായി അഭേദ്യമായ വിധം ബന്ധപ്പെട്ടിരിക്കുന്നതാണ് ജൂത തൊഴിലാളികളുടെ ദേശീയവും വർഗപരവുമായ താല്പര്യങ്ങൾ’’ എന്ന് അവരെ ബോധ്യപ്പെടുത്തണം എന്നാണ്. ഈയടിസ്ഥാനത്തിൽ പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം 1936ൽ ആരംഭിച്ച പുതിയ അറബ് കലാപത്തിന് പിന്തുണ നൽകി.
അതേവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ കലാപമായിരുന്നു 1936 ലേത്. ‘‘അവിശ്വാസികളായ ജൂതർ’’ ക്കെതിരായ പോരാട്ടത്തിൽ ഗണ്യമായ വിഭാഗം അറബ് ജനതയെ അണിനിരത്തുന്നതിൽ മുഫ്ത്തിയും (ജെറുസലേമിലെ മുസ്ലിം മഹാപുരോഹിതൻ) സംഘവും വിജയിച്ചു. ഈ കലാപം ജൂതരെയായിരുന്നു മുഖ്യമായും ആക്രമണ ലക്ഷ്യമാക്കിയത്; ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾക്കെതിരെ ആയിരുന്നില്ല. മുഫ്ത്തിയുടെയും അനുയായികളുടെയും കണക്കുകൂട്ടൽ തെറ്റായിരുന്നുവെന്ന് വൈകാതെ വ്യക്തമായി.
ബ്രിട്ടൻ നേരിട്ട് രംഗത്തെത്തിയത് ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു, രാജ്യത്തെ രണ്ടായി വെട്ടിമുറിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. 1939 മെയ് മാസത്തിൽ ശക്തമായ അറബ് ചെറുത്തുനിൽപ്പിനെ തുടർന്ന് ബ്രിട്ടൻ ആദ്യഘട്ടത്തിൽ മുന്നോട്ടുവെച്ച വിഭജന പദ്ധതി ഉപേക്ഷിക്കുകയും പലസ്തീൻ പ്രദേശത്തെയാകെ ജൂത കുടിയേറ്റക്കാർക്കായി നൽകാനും പദ്ധതി തയ്യാറാക്കി. 1939 വരെ നീണ്ടുനിന്ന അറബ് കലാപത്തിൽ കൊളോണിയൽ വിരുദ്ധ വിഭാഗമാണ് ആധിപത്യം വഹിക്കുന്നത് എന്നായിരുന്നു കോമിന്റേൺ നേതൃത്വം കണക്കാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് അറബ് കലാപത്തെ പിന്തുണയ്ക്കാൻ പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കോമിന്റേൺ നിർദ്ദേശം നൽകിയത്.
എന്നാൽ ഈ നിലപാട് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കിടയിൽ തന്നെ രൂക്ഷമായ വിമർശനത്തിനും കടുത്ത എതിർപ്പിനും ഇടയാക്കി. ജർമനിയിൽ ജൂതർക്കെതിരായി നടക്കുന്ന വേട്ടയാടൽ പുതിയൊരു സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് അവർ വ്യക്തമാക്കി. അതുകൊണ്ട് പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തിന് പിന്തുണ നൽകേണ്ടതാണെന്നും അവർ പറഞ്ഞു. മാത്രമല്ല, മുസോളിനിയുമായും ഹിറ്റ്ലറുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന അറബ് ദേശീയ നേതൃത്വവുമായി കമ്യൂണിസ്റ്റുകാർ സഹകരിക്കുന്നതും അവർക്ക് പിന്തുണ നൽകുന്നതും ശരിയല്ലെന്നും പാർട്ടിയിലെ ഈ വിഭാഗം ചൂണ്ടിക്കാണിച്ചു.
1937ൽ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഒരു ജൂത വിഭാഗത്തിന് രൂപം നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. ജൂത വിഭാഗത്തിൽപ്പെട്ട എല്ലാ പാർട്ടി അംഗങ്ങളും അതിൽ ചേർന്നില്ലെങ്കിൽ പോലും പലസ്തീനിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യം മൂലം അറബ് വിഭാഗത്തിൽപ്പെട്ട കമ്യൂണിസ്റ്റുകാർക്കും ജൂത വിഭാഗത്തിൽപ്പെട്ട കമ്യൂണിസ്റ്റുകാർക്കും സംയുക്തമായി പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. 1938 നു ശേഷം പ്രത്യേകിച്ചും ജർമനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ 1938 നവംബറിൽ നടന്ന കൂട്ട വംശഹത്യയ്ക്കുശേഷം, അറബ് നേതൃത്വത്തോടുള്ള കോമിന്റേണിന്റെ സമീപനം കൂടുതൽ വിമർശനപരമായി മാറി. എന്നിരുന്നാലും 1939 അവസാനമായപ്പോൾ പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി മുൻപ് പാർട്ടിക്കുള്ളിൽ രൂപീകരിച്ച പ്രത്യേക ജൂത വിഭാഗം തുടർന്ന് നിലനിർത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.
പാർട്ടിയെ സംബന്ധിച്ചിടത്തോളം രണ്ടാം ലോക യുദ്ധകാലം വൈരുധ്യങ്ങൾ നിറഞ്ഞ ഒന്നായിരുന്നു. അറബ് തൊഴിലാളി പ്രസ്ഥാനത്തിൽ വലിയൊരു മുന്നേറ്റമുണ്ടാക്കാൻ ആ കാലത്ത് പാർട്ടിക്ക് കഴിഞ്ഞു; പ്രത്യേകിച്ചും, യുദ്ധാവശ്യങ്ങൾക്കുവേണ്ടിയുള്ള ഉൽപാദനത്തിനായി സംഘടിപ്പിച്ചിരുന്ന ലേബർ ക്യാമ്പുകളിൽ ഉണ്ടായിരുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ് പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായത്. എന്നാൽ, നാസി ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ ഫാസിസത്തിനെതിരെ പൊരുതാൻ ജൂതരും അറബികളും ബ്രിട്ടീഷ് സേനയിൽ ചേരണമെന്ന് പാർട്ടി പരസ്യമായി ആഹ്വാനം നൽകിയത് അറബികൾക്കിടയിലെ പാർട്ടി അനുഭാവികളെ അമ്പരപ്പിച്ചു. തുടർന്നുണ്ടായ രാഷ്ട്രീയ സംഘർഷം പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം, പ്രത്യേകിച്ചും അറബ് വംശജർ, പാർട്ടി വിടുന്നതിനും നാഷണൽ ലിബറേഷൻ ലീഗ് (എൻഎൽഎൽ) എന്ന സംഘടനയുടെ രൂപീകരണത്തിനും ഇടയാക്കി.
യുദ്ധാനന്തരകാലത്ത് പലസ്തീൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഇരുവിഭാഗവും കരുതിയത് വീറ്റോ അധികാരമുപയോഗിച്ച് സോവിയറ്റ് യൂണിയൻ പലസ്തീൻ വിഭജനത്തെ തടയുമെന്നാണ്. എന്നാൽ സോവിയറ്റ് യൂണിയൻ ഐക്യരാഷ്ട്രസഭയിൽ പലസ്തീൻ വിഭജന പ്രമേയത്തെ അനുകൂലിച്ചതിനെത്തുടർന്ന് ഈ രണ്ടു വിഭാഗവും സോവിയറ്റ് യൂണിയന്റെ തീരുമാനത്തിനൊപ്പം നിന്നു. സോവിയറ്റ് യൂണിയൻ മുൻ തീരുമാനത്തിൽനിന്നും അതേവരെ തുടർന്നിരുന്ന പ്രത്യയശാസ്ത്ര നിലപാടിൽനിന്നും പിന്തിരിഞ്ഞത് പ്രായോഗികമായ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ 1948 വരെയുള്ള ചരിത്രമെഴുതിയ മൂസ ബുദെെറി പറയുന്നത്. അതായത് വിദേശനയം സംബന്ധിച്ച പരിഗണനയാണ് സോവിയറ്റ് യൂണിയനെ നിലപാടുമാറ്റത്തിനു നിർബന്ധിതമാക്കിയതെന്നർഥം. സിയോണിസത്തോട് തുടക്കം മുതൽ പുലർത്തിയിരുന്ന ശത്രുതാപരമായ നിലപാടിൽ വെള്ളം ചേർക്കുകയായിരുന്നില്ല, മറിച്ച് ജൂത പ്രശ്നത്തിന് ‘യുക്തിസഹമായ പരിഹാരം’ എന്ന ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിലെ സാമ്രാജ്യത്വചേരിയുടെ നിലപാടിനെ അംഗീകരിക്കാൻ സോവിയറ്റ് യൂണിയൻ നിർബന്ധിതമാവുകയായിരുന്നു. സോവിയറ്റ് യൂണിയൻ ആ പൊതുനിലപാടിനെതിരെ വീറ്റോ പ്രയോഗിച്ചിരുന്നെങ്കിൽ ആഗോള സംഘർഷാവസ്ഥയ്ക്ക് അത് കാരണമാകുമായിരുന്നു. സമാധാനമായിരുന്നു സോവിയറ്റ് യൂണിയൻ ആഗ്രഹിച്ചിരുന്നത് എന്നതാണ് വസ്തുത.
1948ൽ പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി ഇസ്രയേൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. അതിനുമുൻപ് 1947 ഒക്ടോബറിൽ തന്നെ പാർട്ടിയുടെ പേര് മക്കി (Makei) പാർട്ടി എന്നാക്കി മാറ്റി – അതായത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് എരെറ്റ്സ് ഇസ്രായേൽ, ഇതിന്റെ ഹിബ്രുപരിഭാഷയാണ് മക്കി. പാർട്ടിയുടെ പേരിനൊപ്പം എരെറ്റ്സ് ഇസ്രയേൽ (Eretz Israel) എന്ന് ചേർക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. 1948ലെ യുദ്ധകാലത്ത് രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളും നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. എൻഎൽഎൽ വിഭാഗമായി മാറിയ കാഡർമാരിൽ ഇസ്രയേൽ കമ്യൂണിസ്റ്റ് പാർട്ടിയിലും അതിനു പുറത്തുള്ളവർ (വെസ്റ്റ് ബാങ്കിലും ഗാസയിലും മറ്റുമായി ചിതറിപ്പോയ പ്രദേശങ്ങളിലുള്ളവർ) ജോർദാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയിലും ചേർന്നു.
1920കളുടെ തുടക്കം മുതൽ 1948 വരെയുള്ള പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പ്രഥമവും പ്രധാനവുമായി കോളനിവാഴ്ചയ്ക്കും സിയോണിസത്തിനുമെതിരായ പോരാട്ടത്തിന്റെ ചരിത്രമാണ്. ചരിത്രപ്രസിദ്ധമായ പലസ്തീൻ പ്രദേശത്ത് സമത്വവും നീതിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബ് – ജൂത വിഭാഗങ്ങളിൽപെട്ട കമ്യൂണിസ്റ്റുകാർ പൊരുതിയത്. ഇടയ്ക്കുണ്ടായ വ്യതിയാനങ്ങളും അഭിപ്രായഭിന്നതകളും അന്തിമമായി പലസ്തീൻ വിഭജനത്തിലും ഇസ്രയേൽ രൂപീകരണത്തിലും പര്യവസാനിച്ച സംഭവങ്ങളുമൊന്നും ത്യാഗോജ്വലമായ ഈ പോരാട്ടത്തിന്റെ മഹത്വത്തെ കുറച്ചുകാണിക്കുന്നില്ല.
നക്ബാ പലസ്തീൻ വംശഹത്യയുടെ കഥ
1948 മെയ് 15നാണ് ഇസ്രയേൽ ഔപചാരികമായി നിലവിൽ വന്നത്. ഇസ്രയേൽ സ്വാതന്ത്ര്യദിനമായും ജന്മദിനമായുമെല്ലാം അതാചരിക്കപ്പെടുമ്പോൾ തലമുറകളായി, നൂറ്റാണ്ടുകളായി ആ പ്രദേശത്ത് അധിവസിച്ചിരുന്ന ജനവിഭാഗം കൊന്നൊടുക്കപ്പെട്ടതിന്റെയും ആട്ടിയോടിക്കപ്പെട്ടതിന്റെയും ദിനം കൂടിയാണത്. അതാണ് മെയ് 15 ഇസ്രയേലി ജൂതർ സ്വാതന്ത്ര്യദിനമായി ആചരിക്കുമ്പോൾ പലസ്തീൻ ജനത നക്ബാ അഥവാ മഹാദുരന്തത്തിന്റെ ഓർമദിനമായി അതാചരിക്കുന്നത്.
പലസ്തീനിലെ അറബ് ജനവിഭാഗത്തിനെതിരായ ആക്രമണം ഐക്യരാഷ്ട്രസഭ പലസ്തീൻ വിഭജിച്ച് ഇസ്രയേൽ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തിനുശേഷം ഉണ്ടായതല്ല. ഒന്നാം ലോക യുദ്ധകാലം മുതൽ പ്രത്യേകിച്ചും പലസ്തീൻ പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള ബ്രിട്ടന്റെ ബാൽഫോർ പ്രഖ്യാപനം വന്നതു മുതൽ ആരംഭിച്ചതാണ്. അതായത് പലസ്തീനിലെ ജൂത കുടിയേറ്റവും അറബികളുടെ പ്രവാസവും ഒരു സാമ്രാജ്യത്വ പദ്ധതിയാണെന്നർഥം.
1917ൽ പലസ്തീൻ ജനസംഖ്യയിൽ 5% ത്തോളം മാത്രമായിരുന്ന ജൂതർ 1922 ആയപ്പോൾ ഒമ്പത് ശതമാനത്തിലധികമായും 1935 ആയപ്പോൾ 27% ത്തോളമായും ഉയർന്നു. ജൂത കുടിയേറ്റം പലസ്തീൻ പ്രദേശത്തെ അറബ് കർഷക ജനതയെ ഒഴിപ്പിച്ചുകൊണ്ടാണ് നടന്നത്. 1936 ആയപ്പോഴാണ് അറബികളുടെ ഭാഗത്തുനിന്ന് ഇതിനെതിരെ സംഘടിതമായ ചെറുത്തുനിൽപ്പുണ്ടായത്. ആ ചെറുത്തുനിൽപ്പിനെ ബ്രിട്ടീഷ് ഗവൺമെന്റ് പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്തി. അന്ന് 10 ശതമാനത്തിലധികം പലസ്തീൻകാർ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ഉണ്ടായി.
ഐക്യരാഷ്ട്രസഭ വിഭജന പ്രമേയം അംഗീകരിച്ച 1947 നവംബറിനും 1949നും ഇടയ്ക്കുമാത്രം 7.5 ലക്ഷം പലസ്തീൻകാർ അഭയാർഥികളായി ആ നാട്ടിൽ നിന്നുതന്നെ ആട്ടിയോടിക്കപ്പെട്ടു. 19 ലക്ഷമായിരുന്നു 1947ൽ പലസ്തീനിൽ അറബികളുടെ ജനസംഖ്യ.അതിൽ നിന്നാണ് 7.5 ലക്ഷം ആളുകൾ വീടും നാടും ഉപേക്ഷിക്കാൻ നിർബന്ധിതരായത്. യുഎൻ വിഭജന പ്രമേയ പ്രകാരം 55 ശതമാനം ഭൂപ്രദേശമാണ് ജൂതരാഷ്ട്രത്തിനായി നീക്കിവെച്ചത്; എന്നാൽ പലസ്തീൻ പ്രദേശത്തെ 78% വും സിയോണിസ്റ്റുകൾ കയ്യടക്കി. സിയോണിസ്റ്റുകൾ നടത്തിയ വംശഹത്യയുടെ ഭാഗമായി 530ലധികം ഗ്രാമങ്ങളും നഗരങ്ങളും തകർക്കപ്പെട്ടു. ആ കാലത്ത് പതിനയ്യായിരത്തിലധികം പലസ്തീൻകാരെ കൊന്നൊടുക്കി. ഇസ്രയേൽ രാഷ്ട്രമായി സ്ഥാപിക്കപ്പെട്ട ഭൂപ്രദേശത്തുതന്നെ തുടർന്ന ഒന്നരലക്ഷത്തോളം അറബികളിൽ നാൽപതിനായിരത്തോളം പേരെയും തങ്ങളുടെ പാർപ്പിടങ്ങളിലേക്ക് മടങ്ങാൻ അനുവദിച്ചില്ല; അവർ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അടയ്ക്കപ്പെട്ടു.
പലസ്തീൻ ജനതയുടെ ദുരന്തം 1947 – 49 കാലത്തോടെ, നക്ബയോടെ, അവസാനിച്ചില്ല. അത് ഇന്നും തുടരുകയാണ്. സിയോണിസ്റ്റ് ഭരണകൂടവും ഭീകര സംഘങ്ങളും അറബ് വംശജരെ അവർക്ക് യുഎൻ പ്രമേയ പ്രകാരം അനുവദിച്ച ഭൂപ്രദേശത്തുനിന്നുപോലും ആട്ടിയോടിച്ച് ജൂത കുടിയേറ്റം വ്യാപിപ്പിക്കുകയാണ്. ഇന്ന് പലസ്തീൻ ഭൂപ്രദേശത്തിന്റെ 85 ശതമാനവും സിയോണിസ്റ്റുകൾ കയ്യടക്കിക്കഴിഞ്ഞു. തങ്ങൾ അനുഭവിച്ച ദുരന്തങ്ങളെയും ദുരിതങ്ങളെയും കുറിച്ച് അറബികൾ ഓർമിക്കുന്നതിനായി നക്ബ ദിനം ആചരിക്കുന്നതു തന്നെ മഹാപരാധമാക്കിയിരിക്കുകയാണ് സിയോണിസ്റ്റ് ഭരണാധികാരികൾ. ഗാസ ചിന്തിലെയും വെസ്റ്റ് ബാങ്കിലെയും അറബി പാർപ്പിടമേഖലകൾ തന്നെ നിരന്തരം ആക്രമിക്കപ്പെടുകയാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണ് ഈ വംശഹത്യയും മനുഷ്യാവകാശ ലംഘനങ്ങളും തുടരാൻ സിയോണിസ്റ്റുകൾക്ക് സഹായകമാകുന്നത്.
1948 നുശേഷം കമ്യൂണിസ്റ്റുകാർ പലസ്തീൻ മോചനത്തിനായും ഇസ്രയേൽ പ്രദേശത്തെ പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കുവേണ്ടിയുമുള്ള പോരാട്ടത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി പലസ്തീൻ വിമോചന സംഘടനയുടെ (പിഎൽഎൽ) ഭാഗമായി പ്രവർത്തിക്കുന്നു. ♦