Sunday, May 12, 2024

ad

Homeവിശകലനംഹിന്ദുത്വമെന്നത് ജാതിഭീകരതയാണ്

ഹിന്ദുത്വമെന്നത് ജാതിഭീകരതയാണ്

കെ ടി കുഞ്ഞിക്കണ്ണൻ

ഹിന്ദുത്വമെന്നത് ജാതി ഭീകരതയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ്. ആധുനികതയെ നിഷേധിക്കുന്നതും തുല്യതയുടേതായ എല്ലാ മൂല്യങ്ങളെയും നിരാകരിക്കുന്നതുമായ അസ്പൃശ്യതാസിദ്ധാന്തം കൂടിയാണ് വർണാശ്രമധർമ്മങ്ങളിലധിഷ്ഠിതമായ ഹിന്ദുത്വമെന്നകാര്യമാണ് പലപ്പോഴും ചർച്ചചെയ്യപ്പെടാതെ പോകുന്നത്. അയിത്തത്തെയും തൊട്ടുകൂടായ്മയെയും ആദർശവൽക്കരിക്കുന്ന ബ്രാഹ്മണിക്കൽ യുക്തികളിലൂടെയാണ് അത് സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന ജാതി ഉച്ചനീചത്വങ്ങളെ നിലനിർത്തിപ്പോരുന്നത്. നവോത്ഥാനമുന്നേറ്റങ്ങളുടെ ഉജ്ജ്വലമായ ചരിത്രമുള്ള കേരളീയ സമൂഹത്തിൽ പോലും ജാതി പുനരുജ്ജീവനത്തിലൂടെ ബ്രാഹ്മണാധികാരത്തെ സാധൂകരിക്കുന്ന ഹിന്ദുത്വം ജനങ്ങളുടെ പൊതുബോധമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.സംസ്കൃതപാരമ്പര്യത്തിന്റെ പുനരുജ്ജീവനത്തിലൂടെ യജ്ഞങ്ങളെയും യാഗങ്ങളെയും പോലുള്ള പ്രാകൃത ആചാരങ്ങളെ വരെ തിരിച്ചു കൊണ്ടുവരികയും ബ്രാഹ്മണിക മഹിമയുടേതായ ജാതിബോധം ദൃഢീകരിച്ചെടുക്കാനുള്ള നീക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നു. 1980 കൾ മുതൽ ജാതി ബ്രാഹ്മണ്യത്തെ ആദർശവൽക്കരിക്കുന്നതും അയിത്തമെന്ന ശുദ്ധി ധർമ്മത്തെ ആത്മീയാനുഭവമാക്കി കൊണ്ടാടുന്നതുമായ നിരവധി സംഘടനകൾക്കുതന്നെ ആർ എസ് എസ് രൂപം കൊടുത്തിട്ടുണ്ട്. ശ്രൗത ശാസ്ത്ര പരിഷത്, ഏർക്കര ഫൗണ്ടേഷൻ, ആസ്ട്രോളജിക്കൽ റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് തുടങ്ങിയവ.

സാർവദേശീയതലത്തിൽതന്നെ ജ്ഞാനോദയമാനവികതയെയും ആധുനിക ജനാധിപത്യസംവിധാനങ്ങളെയും നിരാകരിക്കുന്ന തീവ്രവലതുപക്ഷവൽക്കരണത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും കേരളത്തിലുമെല്ലാം ജാതി, മതപുനരുജ്ജീവനശക്തികൾ അപകടകരമാംവിധം പിടിമുറുക്കിക്കൊണ്ടിരിക്കുന്നത്. നവോത്ഥാന ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ജാതിവിരുദ്ധ സമരങ്ങൾ നടന്ന പയ്യന്നൂരിലെ ഒരു ശിവക്ഷേത്രത്തിലാണ് കേരളത്തിന്റെ ദേവസ്വം പട്ടികജാതി- പട്ടികവർഗ വകുപ്പ് മന്ത്രി സവർണജാതി ശാന്തിക്കാരാൽ അപമാനിക്കപ്പെട്ടത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമായ സംഭവമാണ്. നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും ഭാഷയുടേയുമൊക്കെപേരിലുള്ള എല്ലാവിധ വിവേചനങ്ങളെയും കുറ്റകൃത്യമായി വ്യവസ്ഥചെയ്തിട്ടുണ്ട്.

എന്നാൽ ഭരണഘടനയുടെ സമത്വാവകാശങ്ങളെ മാത്രമല്ല ഭരണഘടനയെത്തന്നെ ഇല്ലാതാക്കുന്ന ഹിന്ദുത്വശക്തികൾ കേന്ദ്രാധികാരത്തിലിരുന്നുകൊണ്ട് ജാതിബ്രാഹ്മണ്യത്തിലധിഷ്ഠിതമായ മതരാഷ്ട്രത്തിലേക്ക് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്ന ചരിത്രസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. നമ്മുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് പട്ടികവർഗക്കാരിയായ രാഷ്ട്രപതിയെ മാറ്റിനിർത്തിയതും തമിഴ്‌നാട്ടിൽ നിന്നുള്ള ഹൈന്ദവസന്ന്യാസിമാരെ വിശിഷ്ടാതിഥികളായി ക്ഷണിച്ചുകൊണ്ടുവന്നതും പ്രസിഡണ്ടിനെ മാറ്റിനിർത്തി ഉപരാഷ്ട്രപതിയെകൊണ്ടുവന്നതുമെല്ലാം രാജ്യം ചാതുർവർണ്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കിലേക്കാണെന്നാണ് കാണിക്കുന്നത്. പാർലമെന്റ് മന്ദിരത്തിനുമുന്നിലെ ഗജദ്വാരത്തിൽ രാഷ്ട്രപതിയല്ല ഉപരാഷ്ട്രപതിയാണ് പതാക ഉയർത്തിയത്. രാഷ്ട്രപതി ഒരു പട്ടികവർഗ സ്ത്രീയായതുകൊണ്ടാണ് മാറ്റിനിർത്തപ്പെട്ടതും ഔദേ-്യാഗികചടങ്ങുകളിൽ അവർക്ക് സ്ഥാനം നൽകാതിരുന്നതും.

മതാത്മക അവസ്ഥയുടെ 
വെളിപ്പെടുത്തൽ
ഒരു മതനിരപേക്ഷ രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യസമ്മേളനം ചേരാനുള്ള ദിവസമായി ചിലർ തെരഞ്ഞെടുത്തത് ഗണേശചതുർത്ഥിദിനമാണെന്നതും രാജ്യമെത്തിപ്പെട്ട മതാത്മക അവസ്ഥയുടെ വെളിപ്പെടുത്തലാണ്. രാജ്യസഭയിൽ ജോൺബ്രിട്ടാസ് എം.പി പരിഹാസപൂർവ്വം ചൂണ്ടിക്കാട്ടിയതുപോലെ ഇന്ത്യയിൽ ജനാധിപത്യമെന്നത് മോദി ആധിപത്യമോ നമോ ആധിപത്യമോ ആയി അധഃപതിച്ചിരിക്കുന്നു. ബ്രാഹ്മണികജാത്യാധികാരത്തിന്റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയ അജൻഡയുമാണ് മോദിയെ നയിക്കുന്നത്. ഭൂരിപക്ഷാധിപത്യവും ന്യൂനപക്ഷ ദളിത് വേട്ടയുമാണ് ഹിന്ദുത്വസർക്കാരിന്റെ രാഷ്ട്രീയ അജണ്ടയായിരിക്കുന്നത്. ബ്രാഹ്മണ ജാത്യാധികാരത്തിന്റെ ഭൂതകാലമാണ് ആർ.എസ്.എസ്-, ബി.ജെ.പി നേതാക്കളെ ആവേശംകൊള്ളിക്കുന്നത്. മനുസ്മൃതി നിയമവും ഭരണവുമായ ഒരു കാലഘട്ടത്തെയാണ് അവർ സുവർണകാലമായി വർത്തമാനത്തിലേക്ക് ആനയിച്ച് കുടിയിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നരേന്ദ്രമോഡി ഭരണത്തിനുകീഴിൽ ന്യൂനപക്ഷ മതസമൂഹങ്ങൾ മാത്രമല്ല ദളിത് ജനസമൂഹങ്ങളും രാജ്യത്തുടനീളം വേട്ടയാടപ്പെടുകയാണ്. ഈയിടെ പുറത്തുവന്ന ദേശീയ ക്രൈംറിക്കാർഡ്‌സ് ബ്യൂറോ റിപ്പോർട്ട് നൽകുന്ന സൂചന രാജ്യമെമ്പാടും ദളിത് ജനസമൂഹങ്ങൾക്കെതിരായ അതിക്രമങ്ങൾ അഭൂതപൂർവ്വമായ തോതിൽ വർദ്ധിച്ചിരിക്കുന്നു എന്നാണ്. മോദി അധികാരത്തിലെത്തിയ 2014-ൽ മാത്രം 58,515 കേസുകളാണ് ദളിതർക്ക് നേരെയുള്ള അതിക്രമങ്ങളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ 68.6% ഉം പട്ടികജാതിക്കാർക്കെതിരെ 19% ഉം അതിക്രമങ്ങൾ വർദ്ധിച്ചതായി എൻ.സി.ആർ.ബി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

ഹരിയാനയിൽ ദളിത് അതിക്രമങ്ങളുടെ എണ്ണത്തിൽ 245% വർദ്ധനയാണ് രേഖപ്പെടുത്തിയത്. 2015-ൽ മാത്രം വിവിധ ആക്രമണങ്ങളിൽ 90 ദളിതർ കൊലചെയ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും കൃത്യമായ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. സവർണജാതിബോധത്തിന് കീഴ്‌പെട്ട് പ്രവർത്തിക്കുന്ന പൊലീസും കുറ്റാനേ-്വഷണ ഏജൻസികളും കൃത്യമായ തെളിവുകളേയോ സാക്ഷികളേയോ കോടതിക്കുമുമ്പിൽ എത്തിക്കുന്നില്ല എന്നതാണ് രോഷജനകമായ വസ്തുത. 1955-ൽ ദളിതർക്കുനേരെയുള്ള അക്രമസംഭവങ്ങളിൽ കേവലം 150 കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്തിപ്പോൾ ഇന്ത്യയിൽ അത് 1.38 ലക്ഷമായി ഉയർന്നിരിക്കുകയാണ്. 2014-വരെയുള്ള കണക്കുകൾ പ്രകാരം 1,38,792 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എസ്.സി വിഭാഗത്തിനെതിരായ അക്രമസംഭവങ്ങളിൽ 47,604 കേസുകളാണ് 2014-ൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. 39,408 കേസുകൾ 2013-ൽ രജിസ്റ്റർ ചെയ്ത സ്ഥാനത്താണ് ഈ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പട്ടികവർഗ വിഭാഗങ്ങൾക്കെതിരായിട്ടുള്ള 6793 കുറ്റകൃത്യങ്ങൾ 2013-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2014-ൽ ഇത് 11,451 ആയി വർദ്ധിച്ചു. ഈ കണക്കുകൾ യഥാർത്ഥത്തിൽ രാജ്യത്ത് സംഭവിച്ച ദളിതർക്കെതിരായ എല്ലാ അതിക്രമങ്ങളും ഉൾപ്പെടുന്നതല്ല. എത്രയോ ദളിത് പീഡനങ്ങളും അക്രമങ്ങളും കേസാകാതെ പോകുകയാണ് പതിവ്. വിവരവിപ്ലവത്തിന്റെ കാലത്തും ഉത്തരേന്ത്യയിലെ പല വിദൂരസ്ഥഗ്രാമങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന ദളിതർക്കെതിരായ അതിക്രമങ്ങൾ പുറംലോകം അറിയുന്നില്ല എന്നതാണ് വസ്തുത. കാരണം അവിടെ സവർണജാതിക്കാർ പറയുന്നതേ മാധ്യമങ്ങൾ വാർത്തയാക്കാറുള്ളു. സവർണജാതിക്കാർക്ക് അഹിതമായിട്ടുള്ളതൊന്നും പൊലീസ് കേസാക്കാറുമില്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദളിത് പീഡനവും വിവേചനവും നിലനിൽക്കുന്ന സംസ്ഥാനമാണ് നരേന്ദ്രമോഡിയുടെ ഗുജറാത്ത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ ചൂണ്ടിക്കാണിച്ചത് ഗുജറാത്തിലെ ഏറ്റവും കുറഞ്ഞത് 77 ഗ്രാമങ്ങളിലെങ്കിലും ദളിതർക്ക് സാമൂഹ്യഭൃഷ്ടു മൂലം നാടുവിട്ട് പോകേണ്ടിവന്നിട്ടുണ്ടെന്നാണ്. ന്യൂനപക്ഷങ്ങളെ മാത്രമല്ല മോഡിഭരണം ഗുജറാത്തിൽ അരക്ഷിതരും നിരാലംബരുമാക്കിയത് ദളിത് ജനവിഭാഗങ്ങളെക്കൂടിയാണ്. മോഡിഭരണത്തിനു കീഴിൽ പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമമനുസരിച്ച് ദളിത് അതിക്രമങ്ങളിൽ കേസെടുക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയർന്നുവന്നതാണ്. എടുക്കുന്ന കേസുകളിൽ തന്നെ 3.5% മാത്രമാണ് കോടതി ശിക്ഷാനടപടികൾക്ക് വിധേയമാകുന്നത്.

അഹമ്മദാബാദ് ഉൾപ്പെടെയുള്ള ഗുജറാത്തിലെ ഒട്ടുമിക്ക ജില്ലകളിലും ദളിതർക്ക് ഇന്നും ക്ഷേത്രപ്രവേശനം സാധ്യമായിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അഹമ്മദാബാദ് സിറ്റിയിൽ നിന്നും 100 കിലോമീറ്റർ മാത്രം അകലെയുള്ള ഗൽസാന ഗ്രാമത്തിലെ 5 ക്ഷേത്രങ്ങളിൽ ദളിതർക്ക് പ്രവേശിക്കാൻ അനുമതി ഇല്ലാത്തതിനെക്കുറിച്ച് അനേ-്വഷിച്ചിട്ടുണ്ട്. അയിത്തത്തിന്റെ പേരിൽ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിച്ച യുവാക്കളെ ഈ ഗ്രാമങ്ങളിൽ നിന്ന് ബി.ജെ.പിയുടെ സഹായത്തോടെ സവർണ്ണർ സാമൂഹ്യഭൃഷ്ട് കൽപിച്ച് പുറത്താക്കുകയാണ് ചെയ്തത്. ‘സ്വച്ഛ്ഭാരത്അഭിയാൻ’ പാടിനടക്കുന്ന നരേന്ദ്രമോഡി ഭരിച്ച ഗുജറാത്തിൽ ദളിതരെ തോട്ടിപ്പണിക്കാരാക്കി ആദർശവൽക്കരിക്കുകയാണ് സംഘപരിവാർ ചെയ്തത്. ബി.ജെ.പിയുടെ ഹിന്ദുത്വ മാതൃകയുടെ പരീക്ഷണശാലയായ ഗുജറാത്തിലെ ദളിതരുടെ ജീവിതാവസ്ഥ അതീവ ഭീകരമാണ്. വിവേചനവും അടിമത്വവും പേറുന്നവരാണ് അധഃസ്ഥിത ജനത.

ദളിതരായവർ ചെയ്യുന്ന തോട്ടിപ്പണി അവർക്ക് ആത്മീയാനുഭവം നൽകുന്ന ധർമ്മശാസ്ത്രവിധിയനുസരിച്ചുള്ളതാണെന്ന് പറയാൻ പോലും നരേന്ദ്രമോഡിക്ക് മടിയുണ്ടായില്ല. മോഡിയുടെ വാക്കുകൾ നോക്കൂ; ”സ്വന്തം ജീവിതം നിലനിർത്താൻവേണ്ടി മാത്രമാണ് അവർ ഈ ജോലി ചെയ്യുന്നതെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെയാണെങ്കിൽ തലമുറകളായി അവർ ഇത്തരം ജോലി ചെയ്യുമായിരുന്നില്ല….. ഏതെങ്കിലുമൊരു സമയത്ത് മൊത്തം സമൂഹത്തിനും ദൈവങ്ങൾക്കും സന്തോഷമുണ്ടാക്കുന്നതിനുവേണ്ടി തങ്ങൾ ഈ ജോലി ചെയ്യണമെന്ന് ആർക്കെങ്കിലും ഉൾവിളി ഉണ്ടായിട്ടുണ്ടാവണം; ദൈവം അവരിൽ അർപ്പിച്ചതുകൊണ്ടാണ് അവർ ഈ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി വൃത്തിയാക്കുക എന്ന ഈ ജോലി തുടരുന്നത് ആഭ്യന്തരമായ ഒരാത്മീയ പ്രവർത്തനമായിട്ടാണ്.”

ദളിതർക്ക് സാമൂഹ്യനീതി എവിടെ?
ഇങ്ങനെയൊക്കെയുള്ള വികലമായ വീക്ഷണങ്ങൾ പുലർത്തുന്ന ഒരാൾ രാജ്യം ഭരിക്കുമ്പോൾ ദളിതർക്ക് എവിടെനിന്നാണ് സാമൂഹ്യസുരക്ഷയും സാമൂഹ്യനീതിയും കിട്ടുക? ഇന്ത്യയുടെ ഏറ്റവും വികസിത സംസ്ഥാനമായി ഗുജറാത്തിനെ എടുത്തുകാട്ടുന്നവർ മനുഷ്യവിസർജ്ജ്യം ചുമക്കുന്ന തോട്ടികളുടെ നാടായിത്തന്നെ ഗുജറാത്തിനെ അധഃപതിപ്പിക്കുകയാണ് നരേന്ദ്രമോഡി ചെയ്തിട്ടുള്ളതെന്ന കാര്യം സമർത്ഥമായി മറച്ചുപിടിക്കുകയാണ്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനമനുസരിച്ച് ഗുജറാത്തിൽ 12,000-ലേറെ പേർ തോട്ടിപ്പണിക്കാരായുണ്ട്.

സവർണജാതിരാഷ്ട്രീയമാണല്ലോ ഹിന്ദുത്വം. ഹിന്ദുത്വത്തിന്റെ കൊടി ഉയർത്തിപ്പിടിച്ച് രാജ്യം ഭരിക്കുന്ന ബി.ജെ.പി ദളിത് വിരുദ്ധമായ അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്. ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക, ബീഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ദളിതർക്കെതിരായ അതിക്രമങ്ങൾക്കു പിറകിൽ ആർ.എസ്.എസ് ആണെന്ന കാര്യം നിരവധി തവണ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. അയിത്തവും ഗോവധവും വിഷയമാക്കി മുസ്ലീങ്ങൾക്കും ദളിതർക്കുമെതിരെ കൂട്ടക്കൊലകൾ അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കങ്ങൾ വർഷങ്ങളായി നമ്മുടെ രാജ്യത്ത് സംഘപരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. യു.പിയിൽ ദാദ്രിസംഭവത്തിന്റെ ഞെട്ടലടങ്ങുന്നതിനുമുമ്പാണ് കാൺപൂരിനടുത്ത് ഹോപ്പിയാപ്പൂരിൽ ഒരു ക്ഷേത്രത്തിൽ പ്രവേശിച്ച വൃദ്ധനായ ദളിതനെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നത്.

സമീപനാളുകളിലാണല്ലോ മധ്യപ്രദേശിൽ ദളിതന്റെ ദേഹത്ത് ഒരു ബിജെപിക്കാരനായ സവർണ്ണ ജാതിക്കാരൻ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. യു പി യിലാണ് ദളിത യുവാവിന്റെ നഖം പിഴുതെടുക്കുകയും പട്ടിക്ക് കടിച്ചുകീറാനിട്ടു കൊടുക്കുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

2002-ൽ ഹരിയാനയിൽ 5 ദളിതരെ അവർ ചെയ്യാത്ത കുറ്റം ചുമത്തിയാണ് തല്ലിക്കൊന്നത്. ചത്തപശുവിന്റെ തൊലി ഉരിയ്ക്കുന്ന ജോലി ചെയ്യുന്ന ദളിതർ ഗോഹത്യനടത്തി എന്ന കിംവദന്തി പ്രചരിപ്പിച്ചാണ് പ്രാദേശിക വി.എച്ച്.പി, -ശിവസേന പ്രവർത്തകർ അവരെ തല്ലിക്കൊന്നത്. ഭരണകൂട സംവിധാനങ്ങളുടെ മൂക്കിന് താഴെ നിന്നാണ് സംഘപരിവാർ പ്രവർത്തകർ ഈ നരഹത്യ നടത്തിയത്. ആ സംഭവത്തെക്കുറിച്ച് അന്നത്തെ ഇന്ത്യൻ എക്‌സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച വാർത്ത ഷംസുൽഇസ്ലാം ഒരു ലേഖനത്തിൽ ഉദ്ധരിച്ച് ചേർത്തിരിക്കുന്നത് നോക്കൂ;

‘‘തലസ്ഥാനത്തിനും രണ്ട് മണിക്കൂറിന് താഴെ മാത്രം സഞ്ചാര അകലെയുള്ള ഛജ്ജാർ ജില്ലയിലെ ദുലേന പൊലീസ് ഔട്ട്‌പോസ്റ്റിന് പുറത്തുണ്ടായ രംഗമാണിത്: റോഡിൽ രക്തച്ചാലുകളും പുകയുന്ന ചാരത്തിന്റെ കൂമ്പാരവും. കഴിഞ്ഞ രാത്രി ഇരുപതിനും മുപ്പതിനും മധ്യേ പ്രായമുള്ള അഞ്ച് ദളിതരെ അടിച്ചുകൊല്ലുകയും അവരിൽ രണ്ട് പേരെ കത്തിപ്പിക്കുകയും ചെയ്ത ഇടമാണിത്. നിരവധി വർഷങ്ങളായി ചെയ്തുകൊണ്ടിരുന്നതാണ് അവർ ചെയ്തത്. വിൽക്കാൻ വേണ്ടി ചത്ത പശുക്കളുടെ തൊലിയുരിയുന്ന പണിയാണിത്. ഇപ്രാവശ്യം അത് ജീവനുള്ളതാണെന്ന് ആരോ കിംവദന്തി പരത്തി. അങ്ങനെ ദസറ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരാൾക്കൂട്ടം ആ ദളിതർ അഭയം തേടിയ പൊലീസ് ഔട്ട്‌പോസ്റ്റിൽ നിന്നും വലിച്ചിറക്കി, ‘ഗോമാതാ കീ ജയ്’ എന്നാക്രോശിച്ചുകൊണ്ട് അവരെ അടിച്ചുകൊന്നു. സിറ്റി മജിസ്‌ട്രേറ്റും കൗൺസിലറുടെ ഭർത്താവും ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറും കുറഞ്ഞത് 50 പൊലീസുകാരും കണ്ടുനിൽക്കെയായിരുന്നു ഇതുണ്ടായത്. അജ്ഞാതരായ ആളുകൾക്കെതിരെ ഒരു പ്രഥമറിപ്പോർട്ടും ഫയൽ ചെയ്തു. കുറ്റവാളികൾക്കെതിരെ ഒരു നടപടിയുമെടുക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് വി.എച്ച്.പിയുടെയും ശിവസേനയുടെയും പ്രാദേശിക നേതൃത്വം ഒരു നിവേദനം സമർപ്പിക്കുകയുണ്ടായി.”

സവർക്കറുടെ ‘ഹിന്ദുത്വ’യും ഗോൾവാൾക്കറുടെ ‘വീ ഓർ ഔവർ നാഷണൽഹുഡ് ഡിഫൈൻഡു’ഉം വിചാരധാരയുമെല്ലാം ദളിത്‌വിരുദ്ധമായ ചാതുർവർണ്യ പ്രത്യയശാസ്ത്രത്തെയാണ് പിൻപറ്റുന്നത്. ഹിന്ദുയിസം സവർണജാതി സമ്പ്രദായവുമായി ബന്ധപ്പെട്ട ഒരു കൊളോണിയൽ ബ്രാഹ്മണ്യപ്രത്യയശാസ്ത്രമാണെന്ന് സവർക്കർ മനസ്മൃതിയെ സ്തുതിച്ചുകൊണ്ട് ‘ഹിന്ദുത്വ’യിൽ വ്യക്തമായിതന്നെ എഴുതിയിട്ടുണ്ട്. മനുസ്മൃതിയെ വിശുദ്ധവും പവിത്രവുമായ ധർമ്മശാസ്ത്രപ്രഘോഷണമായിട്ടാണ് സവർക്കർ കണ്ടിട്ടുള്ളത്. ശൂദ്രരെയും സ്ത്രീകളെയും നീചജന്മങ്ങളായി കാണുന്ന വർണാശ്രമധർമ്മങ്ങളെ ഹിന്ദുനിയമങ്ങളായിട്ടാണ് സവർക്കർ അത്യന്തം ആവേശത്തോടെ വ്യാഖ്യാനിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായം നോക്കൂ;

‘വേദങ്ങൾ കഴിഞ്ഞാൽ നമ്മുടെ ഹിന്ദുരാഷ്ട്രത്തിന് ഏറ്റവും ആരാധ്യമായ മനുസ്മൃതി പ്രാചീനകാലംമുതൽ നമ്മുടെ സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും ചിന്തകളുടെയും പ്രയോഗങ്ങളുടെയും അടിസ്ഥാനമായി തീർന്നു. നൂറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയവും ദിവ്യവുമായ മുന്നേറ്റത്തിന്റെ നടപടിക്രമമായി ഈ ഗ്രന്ഥം നിലനിന്നു. ഇന്നും കോടിക്കണക്കിന് ഹിന്ദുക്കൾ അവരുടെ ജീവിതത്തിലും പ്രയോഗങ്ങളിലും മനുസ്മൃതിയിൽ അധിഷ്ഠിതമായ നിയമങ്ങൾ പിന്തുടരുന്നു. ഇന്ന് മനുസ്മൃതി ഹിന്ദുനിയമമാണ്’ (വുമൺ ഇൻ മനുസ്മൃതി, ഇൻ സവർക്കർ സമാഹർ- കലക്ഷൻ ഓഫ് സവർക്കേർഴ്‌സ് റൈറ്റിംഗ്‌സ് ഇൻ ഹിന്ദി).

ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ നമ്മുടെ ഭരണഘടനക്ക് അന്തിമരൂപം നൽകുമ്പോൾ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ അത്യന്തം അസന്തുഷ്ടി പ്രകടിപ്പിക്കുകയും മനുസ്മൃതിയെ ആദരിക്കാത്ത ഭരണഘടനയെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് ഇങ്ങനെ എഴുതുകയും ചെയ്തു; ‘നമ്മുടെ ഭരണഘടനയിൽ പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാവികാസത്തെക്കുറിച്ച് ഒരു പരാമർശവുമില്ല. സ്പാർട്ടയിലെ ലിക്കർഹസിനും പേർഷ്യയിലെ സോലോനും വളരെ മുമ്പാണ് മനുവിന്റെ നിയമങ്ങൾ എഴുതപ്പെട്ടത്. ഇന്നും ലോകത്തിന്റെ ആദരവ് ഉദ്ദീപിപ്പിക്കുന്ന മനുസ്മൃതി, സ്വതസിദ്ധമായി അനുസരണയും വിധേയത്വവും പിടിച്ചുപറ്റുന്നു. എന്നാൽ, നമ്മുടെ ഭരണഘടനാപണ്ഡിതന്മാർക്ക് അത് തികച്ചും നിരർത്ഥകമാണ്.’

സംഘപരിവാറിന്റെ 
ദളിത് വിരുദ്ധത
ചുരുക്കിപ്പറഞ്ഞാൽ ആർ.എസ്.എസ് മനുസ്മൃതിയുടെ തത്വങ്ങളെയും ചട്ടങ്ങളെയും ആധുനിക ഇന്ത്യയുടെ നിയമമാക്കണമെന്ന് വാദിക്കുകയും അതിനായി കിട്ടാവുന്ന അവസരങ്ങളെയെല്ലാം ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്താണ് മനുസ്മൃതി അനുശാസിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ് സംഘപരിവാറിന്റെ ദളിത് വിരുദ്ധതയുടെ ആഴവും ഭീകരതയും മനസ്സിലാവുക.

ബെൽച്ചി, പരാസ്ബീഗ, പിപ്ര, നാരായൺപൂർ, ലക്ഷ്മൺപൂർ ബാത്ത തുടങ്ങി ഇന്ത്യയിൽ നടന്ന ദളിത് ഹിംസകളിലും കൂട്ടക്കൊലകളിലും സവർണജാതി സംഘങ്ങൾക്കുപിറകിൽ ആർ.എസ്.എസായിരുന്നു. ലക്ഷ്മൺപൂർബാത്തയിൽ ബീഹാറിലെ ഭൂമിഹാർ ജാതിയിൽപെട്ടവർ ദളിതർക്കുനേരെ നടത്തിയ കൂട്ടക്കൊല ഇന്ത്യൻ രാഷ്ട്രീയത്തിൽ വിവാദപരമായി ചർച്ചചെയ്യപ്പെട്ടതാണ്. കൂട്ടക്കൊലകൾക്കുനേതൃത്വം കൊടുത്ത രൺബീർസേനക്ക് എല്ലാ സഹായങ്ങളും എത്തിച്ചുകൊടുത്തത് ആർ.എസ്.എസ് നേതാക്കളായിരുന്നു. ഫ്രണ്ട്‌ലൈൻ വാരിക ബി.ജെ.പി നേതാവ് ഗോവിന്ദാചാര്യയുമായി അക്കാലത്ത് നടത്തിയ ഒരു അഭിമുഖത്തിൽ രൺവീർസേനയുടെ പ്രവർത്തനങ്ങളെ അദ്ദേഹം ന്യായീകരിക്കുകയായിരുന്നു. ദളിതരെയും പിന്നോക്കജാതിക്കാരെയും മനുഷ്യരായി പരിഗണിക്കാത്ത സവർണബോധമാണ് ആർ.എസ്.എസ് ബി.ജെ.പി നേതാക്കളിൽ ഭൂരിപക്ഷത്തെയും നയിക്കുന്നത്.

വി.പി.സിങ് സർക്കാർ മണ്ഡൽകമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ സംഘപരിവാർ സംഘടനകൾ സവർണപക്ഷത്തുനിന്ന് അതിനെതിരായി രംഗത്തുവരികയുണ്ടായല്ലോ. ജനസംഖ്യയിൽ 52% വരുന്ന പിന്നോക്കവിഭാഗങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന 27% സംവരണം നൽകുന്നതിന് സവർണസമൂഹങ്ങളിലെ യുവാക്കളെ തെരുവിലിറക്കി ആത്മാഹുതി നാടകങ്ങൾ കളിച്ച് എതിർക്കുകയാണ് ബി.ജെ.പി ചെയ്തത്. നായാടിമുതൽ നമ്പൂതിരിവരെയുള്ള വിശാല ഹിന്ദുഐക്യവും അതിനായുള്ള മോഡി അമിത്ഷാമാരുടെ സോഷ്യൽ എഞ്ചിനീയറിങ്ങും ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ജാതി ഭീകരതയെ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഇക്കാര്യമാണ് ബി.ജെ.പിയുമായി അടുക്കുന്ന പല പിന്നാക്ക ദളിത്‌സമുദായ നേതാക്കളും മറച്ചുപിടിക്കുന്നത്. ന്യൂനപക്ഷങ്ങൾ മാത്രമല്ല ദളിതരും പിന്നോക്കക്കാരും ചാതുർവർണ്യപ്രത്യയശാസ്ത്രം ഭരിക്കുന്ന സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അനഭിമതരാണ്. ഗോൾവാൾക്കർ വിചാരധാരയിൽ വ്യക്തമാക്കിയിട്ടുള്ളത് താഴ്ന്നജാതിക്കാരായി ജനിക്കുന്നവർ കഴിഞ്ഞ ജന്മത്തിൽ ദുഷ്‌കൃത്യം ചെയ്തവരാണെന്നാണ്!

നവോത്ഥാന മൂല്യങ്ങളെയും ആധുനിക ജനാധിപത്യ രാഷ്ട്രീയത്തെയും വെറുക്കുന്ന സനാതനികളുടെ ധർമ്മശാസ്ത്രമാണ് സ്മൃതികളും ശ്രുതികളും സൂത്രങ്ങളുമെല്ലാം. ദളിത് വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ശുദ്ധാശുദ്ധങ്ങളുടെതായ ഈ ധർമ്മശാസ്ത്രങ്ങളിലാണ് അയിത്തവും തൊട്ടുകൂടായ്മയും സാധൂകരിക്കപ്പെടുന്നത്. കൊട്ടിഘോഷിക്കപ്പെടുന്ന സനാതനധർമ്മമെന്നത് മനുഷ്യരെ ശുദ്ധരും അശുദ്ധരുമായി വേർതിരിക്കുന്ന ക്രൂരമായൊരു പ്രത്യയശാസ്ത്രപദ്ധതിയാണ്. സനാതനധർമ്മ സംരക്ഷകരായ ഹിന്ദുത്വ വാദികൾ വർണാശ്രമധർമ്മങ്ങളിലധിഷ്ടിതമായ ജാതി വ്യവസ്ഥയെ പുൽകി കഴിയുന്നവരും അസ്പൃശ്യതയെ അലംഘനീയവും വിരാട് പുരുഷസൃഷ്ടിയുമായി കാണുന്ന വരുമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + twenty =

Most Popular