Friday, November 22, 2024

ad

Homeവിശകലനംകേരളം വഴികാട്ടുന്നു: പോരാട്ടമാണ് ഒരേയൊരു ബദൽ

കേരളം വഴികാട്ടുന്നു: പോരാട്ടമാണ് ഒരേയൊരു ബദൽ

സുദീപ്

കേന്ദ്ര ഗവൺമെന്റ് അടിച്ചേൽപ്പിച്ച ടോടെക്-സ് (ടോട്ടൽ എക്സ്പെൻഡിച്ചർ മോഡൽ) മാതൃകയിലുള്ള പ്രീപെയ്ഡ് സ്-മാർട്ട് മീറ്ററിംഗ് പദ്ധതി റദ്ദാക്കാൻ കേരള സർക്കാർ കഴിഞ്ഞ ആഗസ്ത് 23ന് ചരിത്രപ്രധാനമായ തീരുമാനം കെെക്കൊണ്ടിരിക്കുകയാണ്. നവീകരിച്ച വിതരണ ശൃംഖലയ്ക്കു കീഴിലുള്ള കുപ്രസിദ്ധിയാർജിച്ച ടോടെക്-സ് മാതൃക, അദാനി, അംബാനി എന്നിങ്ങനെയുള്ള കോർപറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കാൻ വേണ്ടിയുള്ളതാണ്. ഇത് ആത്യന്തികമായി പൊതു വെെദ്യുതി വിതരണമേഖലയെ സ്വകാര്യവത്കരിക്കാനും പൊതുജനങ്ങൾക്കുമേൽ വെെദ്യുതി ബില്ലിന്റെ കടുത്തഭാരം അടിച്ചേൽപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. സംസ്ഥാന സർക്കാർ ഇതിനു വിരുദ്ധമായി ജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ ജനപക്ഷ ബദൽ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇത് ജനപക്ഷ ബദലുകൾക്ക് ഒരു വഴിവിളക്കായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്തരമൊരു നടപടി സ്വീകരിച്ച കേരള സർക്കാരിനെയും, കേരളത്തിലെ ജനങ്ങളെയും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഇഇഎഫ്ഐ) അഭിനന്ദിക്കുകയാണ്. നിർദ്ദിഷ്ട പദ്ധതി രാജ്യവ്യാപകമായിത്തന്നെ റദ്ദാക്കപ്പെടുന്നതുവരെ ഇതിനെതിരായ പോരാട്ടം ഇഇഫ് ഐ തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

ലോകബാങ്കിന്റെ തിട്ടൂരങ്ങൾക്കനുസരിച്ച് പൊതു വെെദ്യുതിരംഗം തകർക്കാനുള്ള തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായാണ് ഊർജമന്ത്രാലയവും കേന്ദ്ര സർക്കാരും ഏറ്റവും വിനാശകരവും നീചവുമായ ടോടെക്-സ് മാതൃകയിലുള്ള സ്-മാർട്ട് മീറ്ററിംഗ് പദ്ധതി കൊണ്ടുവന്നിട്ടുള്ളത്. ഏഴെട്ടുവർഷം മാത്രം ആയുസ്സുള്ള ഇത്തരം മീറ്ററിന് ഓരോ വ്യക്തിയും 8000 രൂപ മുതൽ 12000 രൂപവരെ നിർബന്ധമായും നൽകേണ്ടിവരും. ഇതുവഴി രാജ്യത്തെ 26 കോടി വെെദ്യുതി ഉപഭോക്താക്കളിൽനിന്ന് 2,50,000 കോടി രൂപ സർക്കാർ നേരിട്ടുതന്നെ കൊള്ളയടിക്കും. മോദി സർക്കാർ സ്വീകരിക്കുന്ന ജനവിരുദ്ധ നയങ്ങളുടെ ഫലമായി സംസ്ഥാനത്തെ പൊതുവിതരണ കമ്പനികൾ, നവീകരണത്തിനും ഒരു പരിധിവരെ നിലനിൽപ്പിനും വേണ്ടി കേന്ദ്രത്തിന്റെ സാമ്പത്തികസഹായത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഈ വസ്തുത ദുഷ്ടലാക്കോടെ ഉപയോഗപ്പെടുത്തി ടോടെ-ക്-സ് മാതൃക നിർബന്ധപൂർവം അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. എന്നുമാത്രമല്ല, നൽകിക്കൊണ്ടിരുന്ന കേന്ദ്ര സഹായ പദ്ധതികളൊന്നാകെ പെട്ടെന്ന് പിൻവലിക്കുകയും ചെയ്യുന്നു.

മോദി സർക്കാർ എന്തിനീ വാശി കാട്ടുന്നു?
ഈ നിയുക്ത പദ്ധതി കോർപറേറ്റ് യജമാനന്മാർക്ക് നൽകുന്നതിന് മോദി ഗവൺമെന്റ് നടത്തുന്ന ആസൂത്രിത നീക്കങ്ങൾക്ക് പല മാനങ്ങളുമുണ്ട്. ഇൗ പദ്ധതി വഴി കാർഷികമേഖലയ്ക്കുള്ള വിതരണ ശൃംഖല വേർപെടുത്തുകയും സ്വകാര്യ പുനർനവീകരണ ഉറവിടങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇത് സത്യത്തിൽ വെെദ്യുതി മേഖലയെ സ്വകാര്യകമ്പനികൾക്ക് വിശേഷിച്ച്, അദാനിക്ക് വിഹരിക്കാവുന്ന വിപണിയാക്കി മാറ്റലാണ്. എല്ലാ ക്രോസ് സബ്സിഡികളും പിൻവലിക്കപ്പെടും; കർഷകരടക്കമുള്ള മുഴുവൻ ഉപഭോക്താക്കളും വെെദ്യുതിക്ക് താങ്ങാനാവാത്ത വില നൽകേണ്ടിവരും. ഉപയോക്താക്കൾക്ക് പൊതുവിതരണ കമ്പനികൾ ഉയർന്ന താരിഫ് ഏർപ്പെടുത്തണമെന്ന് പുതിയ പദ്ധതി അനുശാസിക്കുന്നുണ്ട്. എന്നാൽ മാത്രമേ സ്വകാര്യമേഖലയ്ക്ക് അവരുടേതായ വിതരണശൃംഖല സ്ഥാപിക്കാതെ തന്നെ പൊതുവിതരണ കമ്പനികളുടെ ശൃംഖല വഴി കയറി കളിക്കാൻ അവസരമൊരുങ്ങൂ; അവർ ആഗ്രഹിക്കുന്ന നിരക്ക് അടിച്ചേൽപ്പിക്കാൻ കഴിയൂ. ഇപ്പോൾ തന്നെ അദാനിയും ടാറ്റയും പല സംസ്ഥാനങ്ങളിലും സമാന്തര ലെെസൻസിനുള്ള ശ്രമം നടത്തിവരികയാണ്.

പദ്ധതി നടപ്പാക്കപ്പെട്ടാൽ സ്-മാർട്ട് മീറ്ററുകൾ വിൽക്കാൻ സ്ഥിരം സംവിധാനമുണ്ടാകും. ഈ പദ്ധതി ലേലം പിടിക്കാൻ പ്രധാനമായും തയാറായിട്ടുള്ളത് ജനസ്, അദാനി, ടാറ്റ എന്നിവയാണ്. ഓരോ ഉപഭോക്താവിന്റെയും വീടുമായി ബന്ധപ്പെട്ട കണക്കറ്റ വിവരങ്ങൾ ഇതുവഴി ചോരുന്ന സ്ഥിതിയുണ്ടാകും. ഈ വിവരങ്ങൾ വെെദ്യുതി വിപണി നിയന്ത്രിക്കുന്നവരിലേക്ക് കെെമാറ്റം ചെയ്യപ്പെടുകയും അത് പിന്നീട് ഉപഭോഗം കൂടുതൽ വരുന്ന സമയത്ത് പരമാവധി നിരക്ക് ഏർപ്പെടുത്താൻ അവർക്ക് സാധിക്കുകയും ചെയ്യും. ഉപഭോഗസമയം കൃത്യമായി കണക്കാക്കി തങ്ങൾക്ക് ഏറ്റവും ലാഭകരമായി വെെദ്യുതിനിരക്ക് അടിച്ചേൽപ്പിക്കാൻ സ്വകാര്യമേഖലയ്ക്ക് വഴി തുറന്നു നൽകുകയാവും അത്യന്തികമായി സംഭവിക്കുക.

സാങ്കേതിക മുന്നേറ്റത്തിന്റെയും ശൃംഖല നവീകരണത്തിന്റെയും പേരുപറഞ്ഞ്, വളരെ ആസൂത്രിതമായ ഈ പദ്ധതിക്കുവേണ്ടിയുള്ള പരസ്യങ്ങൾ മോദി സർക്കാർ നൽകിക്കൊണ്ടിരിക്കുകയാണ്. ശൃംഖല നവീകരണത്തിലൂടെ പ്രസരണ–വിതരണ നഷ്ടം കുറച്ചുകൊണ്ടുവരികയാണ് വേണ്ടത്. വീടുകളുടെ മീറ്ററിംഗ് സംവിധാനം, മൊത്തം വിതരണ ശൃംഖലയുടെ ചെറിയൊരു ഭാഗം മാത്രമാണെങ്കിലും, പദ്ധതിയുടെ മൂന്നിൽ രണ്ടുഭാഗവും വീടുകളുടെ മീറ്റർ സംവിധാനത്തിനായാണ് ഉപയോഗിക്കേണ്ടിവരുന്നത്.

ഇഇഎഫ്ഐ ആവശ്യപ്പെടുന്നത്
ഈ പശ്ചാത്തലത്തിൽ ടോടെക്-സ് മാതൃകയിലുള്ള സ്-മാർട്ട് മീറ്റർ പദ്ധതി നിർത്തിവയ്ക്കണമെന്നാണ് ഇഇഎഫ്ഐ അർഥശങ്കയ്ക്കിടയില്ലാതെ ആവശ്യപ്പെടുന്നത്. പൊതുവിതരണ കമ്പനിയോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനമോ ആയിരിക്കണം എല്ലാത്തരം മീറ്റർ സാങ്കേതികവിദ്യയുടെയും നവീകരണം നടത്തേണ്ടത് എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. പൊതുവിതരണ കമ്പനിയുടെ ശൃംഖലയിൽ ഒരു സ്വകാര്യസ്ഥാപനത്തെയും സ്-മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ അനുവദിക്കരുത്. അതിന്റെ പ്രവർത്തനവും അറ്റകുറ്റപ്പണികളും പൂർണമായും പൊതുവിതരണ കമ്പനി തന്നെ ചെയ്യണം. വലിയ ഡാറ്റ കെെകാര്യം ചെയ്യാനും വ്യക്തികളെ സംബന്ധിച്ച വിവരങ്ങൾ പൂർണമായും സംരക്ഷിക്കാനും, സെെബർ ആക്രമണങ്ങൾ തടയാനും സംവിധാനത്തിൽ സ്-തംഭനാവസ്ഥ ഉണ്ടാകാതിരിക്കാനും സഹായകമായ രീതിയിൽ പൊതുവിതരണ കമ്പനികളുടെ ശേഷി വർധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യണം. വീടുകളെ സംബന്ധിക്കുന്ന വിവരങ്ങൾ മറ്റൊരു ഏജൻസിയുമായി പങ്കുവയ്ക്കാൻ പാടില്ല.

സാങ്കേതിക നവീകരണത്തിന്റെ ഭാഗമായി അധികം വരുന്ന ജോലികൾ പൊതുവിതരണ കമ്പനികളുടെ വിപുലീകരണത്തിലൂടെയും വെെവിധ്യവത്കരണത്തിലൂടെയും പുനഃക്രമീകരിക്കണം. ഒരു കാരണവശാലും പൊതുവിതരണ കമ്പനികളുടെ പ്രവൃത്തിശേഷി കുറയ്ക്കരുത്. സമാന്തര ലെെസൻസ് നൽകി പൊതുവിതരണ കമ്പനികളുടെ ശൃംഖലയിൽ നുഴഞ്ഞു കയറാൻ അവസരം സൃഷ്ടിക്കരുത്. അവയ്ക്ക് ചാഞ്ചാടുന്ന ഊർജവിപണിയെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകാൻ സമയബന്ധിതമായ ടാർഗറ്റ് നിശ്ചയിക്കണം. പൊതുവിതരണ കമ്പനികളുടെ വെെദ്യുതി വാങ്ങൽ പദ്ധതിയിൽ ദീർഘകാല– മധ്യകാല കാഴ്ചപ്പാടുകൾ ഉണ്ടാക്കണം. വെെദ്യുതി ഇടപാടിലെ ഉയർന്ന പരിധി അടിയന്തരമായി കുറയ്ക്കുകയും റഗുലേറ്റഡ് താരിഫിന് തുല്യമാക്കുകയും വേണം. നിശ്ചിത പിഎൻഎഫ് ലെവലിൽ എല്ലാ ജനറേറ്ററുകളും വെെദ്യുതി ഉൽപ്പാദിപ്പിക്കുന്നു എന്ന് ഉറപ്പാക്കണം; വെെദ്യുതിയുടെ ഡിമാൻഡ് അനുസരിച്ച് വിപണിയിൽ നൽകപ്പെടുന്നുണ്ട് എന്നുറപ്പാക്കുകയും വേണം.

കേരള മോഡൽ
അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള ചെറുത്തുനിൽപ്പാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. ഇത് നവ ഉദാരവത്കരണ തീട്ടൂരങ്ങൾക്കെതിരായ ബദൽ കൂടിയാണ്. കേരളത്തിലെ വെെദ്യുതി ജീവനക്കാരും എഞ്ചിനീയർമാരും പോരാട്ടത്തിന്റെ പാതയിലായിരുന്നു. ദുരുപദിഷ്ടമായ നിർദ്ദിഷ്ട പദ്ധതിയുടെ അപകടങ്ങൾ മനസ്സിലാക്കാനുമുള്ള ശ്രമത്തിലായിരുന്നു അവർ. അതിന്റെ ഭാഗമായി അവർ വമ്പിച്ച സമ്മേളനങ്ങളും കൺവെൻഷനുകളും സമരമാർഗങ്ങളും സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചു. പുതിയ പദ്ധതിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വലിയ വിഭാഗം ഉപഭോക്താക്കളെയും ബോധവത്കരിക്കാനും ഇതുവഴി സാധിച്ചു. കേരളത്തിലെ ജനങ്ങളും വളരെ ആവേശത്തോടെയായിരുന്നു ഈ പടയൊരുക്കത്തെ നോക്കിക്കണ്ടത്. മോദി സർക്കാരിന്റെ ഏകപക്ഷീയവും ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധവുമായ സമീപനത്തിനെതിരെ കേരള സർക്കാരും ശക്തമായി രംഗത്തുവന്നു. അങ്ങനെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ജനകീയ സർക്കാരിന്റെയും യോജിച്ച മുന്നേറ്റം രാജ്യത്തിനുതന്നെ ഒരു ബദൽ കാണിച്ചിരിക്കുകയാണ്.

ടോടെക-്സ് മാതൃകയിലുള്ള വെെദ്യുതി മീറ്റർ, സ്വകാര്യവത്കരണത്തിന് ഇടയാക്കുമെന്നു മാത്രമല്ല ഉപഭോക്താക്കൾക്ക് അത് അധികഭാരം ഉണ്ടാക്കുക കൂടി ചെയ്യുമെന്നും അതുകൊണ്ട് അത് നിരാകരിക്കുകയാണെന്നും എൽഡിഎഫ് സർക്കാർ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമല്ലാത്ത വിധത്തിലായിരിക്കണം സ്-മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വെെദ്യുതി ശൃംഖലയുടെ നവീകരണം നടത്താൻ എന്ന് ഗവൺമെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ഇബി മുഖേനയായിരിക്കണം സ-്മാർട്ട് മീറ്ററുകൾ സ്ഥാപിക്കപ്പെടേണ്ടത്. മീറ്റർ റീഡിങ് രേഖപ്പെടുത്തുന്ന സംവിധാനം, ഡാറ്റ, ബില്ലിങ് എന്നിവയുടെ ചുമതലയും പൊതുമേഖലയ്ക്കായിരിക്കണം. (കെഎസ്ഇബിക്കോ, കെഎസ്ഇബി ഉൾപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിനോ ആയിരിക്കണം. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.) പുതിയ സംവിധാനത്തിൽ ബില്ലിങ്ങിനും അനുബന്ധ സേവനങ്ങൾക്കുമുള്ള സോഫ്റ്റ്-വെയർ വികസിപ്പിക്കേണ്ടത് കെഎസ്ഇബി തന്നെയാണ്. കേരള സർക്കാരിന്റെ മറ്റൊരു പുതിയ സംരംഭമായ കെ ഫോൺ പ്രവർത്തിക്കുന്നത് കെഎസ്ഇബിക്ക് സൗജന്യമായി നൽകപ്പെടുന്ന ഫെെബർ ഓപ്റ്റിക് കേബിൾ വഴിയാണ്. കെഎസ്ഇബി ഡാറ്റ സെന്റർ ഉപയോഗിച്ച് ഡാറ്റശേഖരണം കെഎസ്ഇബിക്കുതന്നെ ചെയ്യാം. പഴയമീറ്റർ മാറ്റുന്നതും പുതിയവ സ്ഥാപിക്കുന്നതും കെഎസ്ഇബി ജീവനക്കാർ തന്നെയായിരിക്കും. ആദ്യഘട്ടത്തിൽ വ്യവസായ–വാണിജ്യ ഉപഭോക്താക്കൾക്കായിരിക്കും പദ്ധതി നടപ്പാക്കുക; മൂന്നു ലക്ഷത്തിൽ താഴെ പേർ പദ്ധതിയുടെ ഭാഗമാകും. ഡാറ്റ ശേഖരണവും മീറ്റർ റീഡിങ്ങും പൊതുമേഖലാ സ്ഥാപനങ്ങൾ തന്നെ ചെയ്യുന്നതുകൊണ്ട് വലിയ ഒരു പരിധിവരെ സമാന്തര ലെെസൻസുകൾ സർക്കാരിനു തടയാൻ കഴിയും. പദ്ധതിയുടെ പൂർണമായ ചുമതല സംസ്ഥാന സർക്കാരിനായതുകൊണ്ട് കേന്ദ്രം നിർദേശിച്ചിട്ടുള്ളതിനേക്കാൾ കുറഞ്ഞ ചെലവിൽ ഇതു നടപ്പാക്കാനും കഴിയും. ദീർഘകാല ഡിമാൻഡ് നേരിടുന്നതിന് കേരള ഗവൺമെന്റ് ബദൽ വെെദ്യുതി ഉൽപ്പാദന ഉറവിടങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലുമാണ്.

വെെദ്യുതിനയവും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിൽ കേരളത്തിലെ വെെദ്യുതി ജീവനക്കാരും എഞ്ചിനീയർമാരും പൂർണമായും ഇടപെടൽ നടത്തുന്നുണ്ട്.

പോരാട്ടം തന്നെയാണ് ബദൽ
എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന വാർത്താവിനിമയ സേവന മേഖലയുടെ നിരന്തരമായ വളർച്ചയുടെയും തൊഴിൽ കുറവിന്റെയും വിശേഷിച്ച് തന്ത്രപ്രധാനമായ വെെദ്യുതി, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലെ സ്ഥിരം തൊഴിൽ ഇല്ലാതാകുന്നതിന്റെയും പശ്ചാത്തലത്തിൽ, ചുരുക്കം വരുന്ന കോർപറേറ്റുകളും ബഹുജനങ്ങളും തമ്മിലുള്ള പോരാട്ടത്തിലേക്ക് വ്യവസായ മേഖലയിലെ സാമ്പത്തിക പോരാട്ടങ്ങളെ വളർത്തിയെടുക്കേണ്ടതുണ്ട്. ഉൽപ്പാദനത്തിനും സേവനത്തിനും മേലുള്ള സാമൂഹ്യ അവകാശങ്ങളെ വീണ്ടെടുക്കാനും മുമ്പോട്ടു കൊണ്ടുപോകാനുമുള്ള പോരാട്ടമാക്കി ഇതിനെ മാറ്റിത്തീർക്കേണ്ടതുണ്ട്; സാമ്പത്തിക പോരാട്ടത്തിൽനിന്ന് രാഷ്ടീയപോരാട്ടത്തിന്റെ തലത്തിലേക്ക് കൊണ്ടുവരികയും വേണം. സോഷ്യലിസത്തിന് അനുകൂലമായി സമൂഹത്തിലെ വർഗബന്ധങ്ങളിൽ മാറ്റമുണ്ടാക്കാനും ഈ മേഖലയിലെ തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും പോരാട്ടവീര്യം കൊണ്ടേ സാധ്യമാകൂ. മുതലാളിത്തം സൃഷ്ടിച്ചിട്ടുള്ള വ്യവസ്ഥാപരമായ പ്രതിസന്ധിയെ മറികടക്കാനും ഇതേ വഴിയുള്ളൂ. ഇത്തരമൊരു പോരാട്ടവഴിയിൽ കേരളത്തിലെ ജനങ്ങളുടെ പോരാട്ടം ഒരു ധ്രുവ നക്ഷത്രമായി എന്നും വഴികാട്ടും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − eleven =

Most Popular