സോളാർ കേസിന്റെ ഉത്ഭവകാലത്ത് കോൺഗ്രസിനുള്ളിൽ കൊടുമ്പിരിക്കൊണ്ട ഗ്രൂപ്പു സംഘർഷം പത്തു വർഷം കഴിയുമ്പോഴും നിലയ്ക്കുന്നില്ല. സിബിഐയുടെ അന്വേഷണ റിപ്പോർട്ടിന്മേൽ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചവരുടെ ഉദ്ദേശ്യം അത്ര നിഷ്കളങ്കമായിരുന്നില്ല എന്ന തിരിച്ചറിവിന്മേലാണ് അടുത്ത അങ്കം. ഇനിയും അന്വേഷണം വേണമെന്ന് ഒരു കൂട്ടർ നിയമസഭയിൽ. ഒരന്വേഷണവും വേണ്ടെന്ന് വേറൊരു സംഘം. കേസ് കുത്തിപ്പൊക്കി ഉമ്മൻചാണ്ടിയെ വീണ്ടും അവഹേളിക്കരുതെന്ന് തിരുവഞ്ചൂർ. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്നായിരുന്നു അടിയന്തര പ്രമേയ ചർച്ച കഴിഞ്ഞപ്പോഴുള്ള മാധ്യമനിരീക്ഷണം. പക്ഷേ, ദിവസം രണ്ടു കഴിഞ്ഞപ്പോൾ എല്ലാവർക്കും കാര്യം മനസിലായി: കൊക്കിനു വെച്ചതു തന്നെയാണ് കൊക്കിന് കൊണ്ടത്.
കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി ചാടിയിറങ്ങിയവർക്ക് ഇങ്ങനെയൊരു മാനസാന്തരം വരാൻ എന്താണ് കാരണം? യഥാർത്ഥത്തിൽ സിബിഐ റിപ്പോർട്ട് എന്തൊക്കെയാണ് തെളിയിച്ചത്? എഴുപത്തേഴ് പേജുള്ള സിബിഐ റിപ്പോർട്ട് കമ്പോടുകമ്പു വായിച്ചാൽ, ഉമ്മൻചാണ്ടിയുടെ നിരപരാധിത്വമാണോ തെളിയുന്നത്? ഒന്നിനും സിബിഐ ഫുൾസ്റ്റോപ്പ് ഇട്ടിട്ടില്ല. ക്ലിഫ് ഹൗസിലെ പീഡനാരോപണം തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ല. ആ ഒറ്റക്കാരണം കൊണ്ട് സോളാർ കേസ് ആവിയായിപോകുമോ?
ഉമ്മൻചാണ്ടിയെ വേട്ടയാടിയത്
ആരാണ്?
സോളാർ കേസ് ഉത്ഭവിച്ച് പത്തുവർഷത്തിനു ശേഷം ഈ ചോദ്യത്തിന് സുവ്യക്തമായ ഉത്തരം കിട്ടുകയാണ്. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും താഴെയിറക്കി, ആ കസേര മോഹിച്ച അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരും എതിർഗ്രൂപ്പുകാരുമാണ് ആ വേട്ടയാടൽ ആസൂത്രണം ചെയ്തത്.
2013 ആഗസ്ത് 4ന് മാതൃഭൂമി ചാനൽ സംപ്രേക്ഷണം ചെയ്ത ഒമ്പതു മണിച്ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്നുണ്ട്. സ്റ്റുഡിയോയിൽ മാധ്യമപ്രവർത്തകരായ വേണു ബാലകൃഷ്ണനും എം ജി രാധാകൃഷ്ണനും. വേണു ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. പുതുപ്പള്ളിക്കാരന്റെ കുടുംബം തകർക്കാൻ ശക്തിയുള്ള പെൻഡ്രൈവ് ഉണ്ടെന്ന് തിരുവഞ്ചൂരിന്റെ ഉപശാലകൾ പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആ വെളിപ്പെടുത്തൽ. തിരുവഞ്ചൂരാണ് അന്ന് ആഭ്യന്തരമന്ത്രി. സോളാർ കേസിലെ പ്രധാനപ്രതിയായ വനിതയെ അറസ്റ്റു ചെയ്തതും അവരുടെ വീട് റെയ്-ഡ് ചെയ്തതും പലതും പിടിച്ചെടുത്തതും തിരുവഞ്ചൂരിന്റെ പൊലീസാണ്. അങ്ങനെ പിടിച്ചെടുത്ത തൊണ്ടിമുതലുകളുടെ കൂട്ടത്തിൽ ഇത്തരമൊരു പെൻഡ്രൈവ് ഉണ്ടെന്ന് ആദ്യമായി പൊതുസമൂഹത്തോട് പറഞ്ഞത് വേണു ബാലകൃഷ്ണൻ. അത് ശരിവെച്ചത് എം ജി രാധാകൃഷ്ണൻ. വിവരം പ്രചരിപ്പിക്കുന്നത് തിരുവഞ്ചൂരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണെന്ന് ഇരുവരും വെളിപ്പെടുത്തി.
ഇക്കഥ തിരുവഞ്ചൂർ അന്നും നിഷേധിച്ചില്ല, ഇന്നും നിഷേധിച്ചിട്ടില്ല. ഓർക്കുക. ഈ പ്രചരണം നടത്തിയത് എൽഡിഎഫുകാരല്ല. സിപിഐ എം നേതാക്കളല്ല. ഈ ചർച്ച നടന്ന് നാലു മാസം കഴിഞ്ഞ്, ഡിസംബർ മൂന്നിന് ഏഷ്യാനെറ്റ് ന്യൂസിൽ ചർച്ച. പാനലിലിരുന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനോട് വിനു വി ജോണിന്റെ ചോദ്യം. “തിരുവഞ്ചൂരിന്റെ കൈയിൽ ഉമ്മൻചാണ്ടിയ്ക്കെതിരെ പ്രയോഗിക്കാൻ പോന്ന വജ്രായുധമുണ്ടെന്ന് കേൾക്കുന്നുണ്ടല്ലോ?’
എന്നുവെച്ചാൽ വേണു ബാലകൃഷ്ണനും എം ജി രാധാകൃഷ്ണനും മാത്രമല്ല വജ്രായുധത്തെക്കുറിച്ച് കേട്ടത്. അക്കഥ കേട്ടവരിൽ വിനു വി ജോണുമുണ്ട്. വേറെയും മാധ്യമപ്രവർത്തകരുണ്ട്. മൂന്നുപേർ അക്കഥ പരസ്യമായി പറഞ്ഞു. വേറെ ചിലർ രഹസ്യമായി പ്രചരിപ്പിച്ചു.
പെൻഡ്രൈവ് ഉണ്ടോ ഇല്ലയോ എന്നത് വേറെ വിഷയം. അങ്ങനെയൊരു പെൻഡ്രൈവ് ഉണ്ടെന്ന് പ്രചരിപ്പിച്ച് ഉമ്മൻചാണ്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം നടന്നിട്ടുണ്ട്. അക്കാര്യം ഉമ്മൻചാണ്ടി തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
സോളാർ കേസിന്റെ പേരിൽ ഏറ്റവും അടുത്ത ആളുകൾ തന്നെ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് ഉമ്മൻചാണ്ടി പത്രസമ്മേളനത്തിൽ തുറന്നു പറഞ്ഞു. തീയതി 2017 നവംബർ 9. ബ്ലാക്ക് മെയിൽ ചെയ്തത് രാഷ്ട്രീയ ശത്രുക്കളല്ലെന്നും നമ്മുടെ അടുത്ത ആളുകൾ ആയിരുന്നുവെന്നും ഒരു വ്യാഖ്യാനത്തിനും പഴുതു കൊടുക്കാതെ ഉമ്മൻചാണ്ടി തുറന്നടിച്ചു. ഉമ്മൻചാണ്ടിയുടെ അടുത്ത ആളുകളുടെ പട്ടികയിൽ ഒരിക്കലും പിണറായി വിജയനോ വി എസ് അച്യുതാനന്ദനോ കോടിയേരി ബാലകൃഷ്ണനോ കാനം രാജേന്ദ്രനോ ഉണ്ടാവില്ല. അദ്ദേഹത്തോട് ഒപ്പം നിന്നവർ, ഒപ്പം വളർന്നവർ. അവരെച്ചൂണ്ടിത്തന്നെയാണ് ഉമ്മൻചാണ്ടി ബ്ലാക്ക് മെയിൽ പ്രയോഗം നടത്തിയത്.
ഉമ്മൻചാണ്ടിയ്ക്കെതിരെ സോളാർ വിവാദത്തിലെ വനിത ഉന്നയിച്ച പരാതിയുടെ ലക്ഷ്യവും നിജസ്ഥിതിയും എന്തുമാകട്ടെ. ആ പരാതിയിലെ വിവരങ്ങളെ തങ്ങളുടെ അധികാരമോഹങ്ങൾക്കുവേണ്ടി ബ്ലാക്ക് മെയിലിംഗിനു പോലും ഉപയോഗിച്ചത് ആരായിരുന്നു?
വേട്ടയുടെ ലക്ഷ്യം മുഖ്യമന്ത്രിപദം
2013 ജൂൺ 3ന് തിരുവന്തപുരത്ത് ഇടപ്പഴഞ്ഞിയിൽ നിന്ന് സരിത എസ് നായർ എന്ന യുവതി അറസ്റ്റു ചെയ്യപ്പെട്ടതോടെയാണ് മാധ്യമങ്ങളിൽ സോളാർ വിവാദത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. വഞ്ചനാക്കുറ്റത്തിനായിരുന്നു അറസ്റ്റ്. അറസ്റ്റിലായ പ്രതിയുടെ മൊഴിയല്ല കോളിളക്കത്തിന് കാരണമായത്. ആ അറസ്റ്റു നടന്ന് മണിക്കൂറുകൾക്കകം പ്രതിയുടെ ഫോണിലെ കോൾ ലിസ്റ്റ് ചോർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖർ, ആഭ്യന്തരമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിലെ പ്രമുഖരും, വേറെ മന്ത്രിമാർ, അവരുടെ സ്റ്റാഫ്, കോൺഗ്രസ് എംഎൽഎമാർ… അങ്ങനെ പട്ടിക നീണ്ടു. അതോടെ ഭൂകമ്പങ്ങൾ രണ്ടുണ്ടായി. തട്ടിപ്പുകാരിയുമായി ഭരണസിരാകേന്ദ്രത്തിലുള്ളവരുടെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇളകി. അത് സ്വാഭാവികമായ പ്രതിപക്ഷ ധർമ്മം.
അടുത്തതോ? പൊലീസിന്റെ കൈവശമിരുന്ന കോൾ ലിസ്റ്റ് പുറത്തുവന്നതിന്റെ ഉത്തരവാദിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ കലാപമുയർന്നു. 2013 ജൂലൈ ആറിലെ മാതൃഭൂമി ആ വാർത്ത റിപ്പോർട്ട് ചെയ്തു. കോള്‍പട്ടിക: തിരുവഞ്ചൂരിനെതിരെ പാര്‍ട്ടിക്ക് പരാതി എന്ന് തലക്കെട്ട്. സോളാർ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ശക്തിപ്പെട്ട ഗ്രൂപ്പു പോരിന്റെ ഉഷ്ണച്ചൂരുള്ള റിപ്പോർട്ട്..
മാതൃഭൂമി വാർത്തയുടെ ആദ്യ ഖണ്ഡിക ഇങ്ങനെ: “സോളാര്‍ പ്രതികളുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര് മുറുകുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മറ്റ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സരിതയുമായുള്ള ഫോണ്‍സംഭാഷണത്തിന്റെ വിവരം പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യുഡിഎഫ്. കണ്‍വീനര്‍ പി പി തങ്കച്ചനും മുഖ്യമന്ത്രിയോട് നേരിട്ട് പരാതിപ്പെട്ടു”.
വാർത്തയിൽ ഇങ്ങനെയൊരു ഖണ്ഡിക കൂടിയുണ്ട് : “കോള്‍ ലിസ്റ്റ് ചോര്‍ന്നത് എവിടെനിന്നാണെന്ന വിവാദം നിലനില്‍ക്കുമ്പോഴും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ മനസ്സുകൊണ്ട് അകലുന്ന സൂചനയാണ് ലഭിക്കുന്നത്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂടുതല്‍ ഒറ്റപ്പെടുന്നതിന്റെയും. സോളാര്‍കേസ് അന്വേഷണത്തില്‍ തിരുവഞ്ചൂരിന്റെ നീക്കം, മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണെന്ന വിമര്‍ശം എ ഗ്രൂപ്പില്‍ തന്നെ നേരത്തെയുണ്ട്”
സോളാർ വിവാദം പൊട്ടിപ്പുറപ്പെട്ട് കൃത്യം ഒരു മാസം പിന്നിട്ടപ്പോൾ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ അകന്നു എന്ന പ്രചരണം ശക്തമായി. തിരുവഞ്ചൂരിന് ആഭ്യന്തരമന്ത്രിസ്ഥാനം നഷ്ടമാകുമെന്ന സൂചനകൾ പുറത്തുവന്നു. പാർട്ടിയിലും ഗ്രൂപ്പിലും മുന്നണിയിലും അദ്ദേഹം ഒറ്റപ്പെട്ടുവെന്ന് മാധ്യമങ്ങളിലെ കോൺഗ്രസ് രാഷ്ട്രീയം നിരീക്ഷിക്കുന്നവർ വിധിയെഴുതി. സോളാര്‍കേസ് തിരുവഞ്ചൂർ കൈകാര്യം ചെയ്തത് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കും വിധമാണെന്ന് എ ഗ്രൂപ്പിൽ പൊതുവികാരമുയർന്നു.
അക്കാര്യത്തിൽ എ ഗ്രൂപ്പ് തിരുവഞ്ചൂരിനോട് ഇതുവരെ ക്ഷമിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു, അടിയന്തര പ്രമേയം അവതരിപ്പിച്ച അതേദിവസം കെ സി ജോസഫിന്റെ പത്രസമ്മേളനം. ജോപ്പന്റെ അറസ്റ്റിനെ അദ്ദേഹം വീണ്ടും പൊതുമണ്ഡലത്തിൽ ചർച്ചാവിഷയമാക്കി. ഉന്നം തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയായിരുന്നു.
എന്തിനായിരുന്നു ജോപ്പനെ അറസ്റ്റു ചെയ്തത്? സോളാർ കേസിലെ ഒരു പരാതിക്കാരും ജോപ്പനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. പക്ഷേ, ജോപ്പനും ആരോപണ വിധേയയും തമ്മിൽ ആയിരത്തി എഴുനൂറിലധികം ടെലിഫോൺ വിളികൾ പരസ്പരം നടത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ ജോപ്പന്റെ ഫോൺ വഴി അവരോട് സംസാരിച്ചത് ആരെന്നായിരുന്നു അന്നത്തെ പ്രസക്തമായ ചോദ്യം. പക്ഷേ, ജോപ്പൻ പണം വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതിയോ കൃത്രിമത്വമോ കാണിച്ചെന്നോ ഒരാക്ഷേപവും ആരും ഉയർത്തിയിരുന്നില്ല. അങ്ങനെയൊരു പരാതിയുമില്ല. കോൾ ലിസ്റ്റിൽ ജോപ്പന്റെ പേരുൾപ്പെട്ടപ്പോൾ പരമാവധി ടിയാനെ സംരക്ഷിക്കാനാണ് ഉമ്മൻചാണ്ടി മുതിർന്നതും. ജോപ്പൻ ഒരു കാരണവശാലും പ്രതിയാകില്ല എന്നും കൂടിപ്പോയാൽ സാക്ഷിയാകും എന്നായിരുന്നത്രേ ഉമ്മൻചാണ്ടിയുടെ വിശ്വാസം.
ആ വിശ്വാസവുമായാണ് ഉമ്മൻചാണ്ടി അവാർഡ് വാങ്ങാൻ ബഹറിനിലേയ്ക്ക് പറന്നത്. തീയതി 2013 ജൂൺ 26. മന്ത്രി കെസി ജോസഫും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജൂൺ 28ന് മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും സന്തതസഹചാരിയും അഡീഷണൽ പിഎയുമായിരുന്ന ടെനി ജോപ്പനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സഹായവാഗ്ദാനങ്ങൾക്ക് പ്രതിഫലമായി സരിത എസ് നായരിൽ നിന്ന് കുറച്ചു പണവും കുറച്ചു സ്വർണാഭരണങ്ങളും കൈപ്പറ്റിയെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. മല്ലേലിൽ ശ്രീധരൻ നായരുടെ പരാതിയിന്മേൽ കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 656/2013 കേസിലാണ് ടെനി ജോപ്പനെ അറസ്റ്റു ചെയ്തത്. പരാതിക്കാരൻ ജോപ്പനെതിരെ ഒരു പരാതിയും ഉന്നയിക്കാതിരുന്നിട്ടു പോലും!
ഉമ്മൻചാണ്ടിയുടെ ഓഫീസിലെയും വീട്ടിലെയും ഫോൺ വഴി ജോപ്പൻ മാത്രമല്ല, ജിക്കുമോനും സലിംരാജുമൊക്കെ അനേകം തവണ സരിത എസ് നായരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആ ഫോൺകോളുകളെക്കുറിച്ചൊന്നും ഒരന്വേഷണവും നടത്താത്ത പ്രത്യേക അന്വേഷണ സംഘമാണ് പണവും ആഭരണവും കൈപ്പറ്റിയെന്നൊരു മൊഴിയുണ്ടാക്കി ജോപ്പനെ തിടുക്കത്തിൽ അറസ്റ്റു ചെയ്തത്. ഈ അറസ്റ്റിന്റെ ന്യായം ഇന്നേവരെ ഉമ്മൻചാണ്ടിയെയോ കെ സി ജോസഫിനെയോ ബോധ്യപ്പെടുത്താൻ തിരുവഞ്ചൂരിന് കഴിഞ്ഞിട്ടില്ല.
ഉമ്മൻചാണ്ടിയ്ക്ക് ഒരുതരത്തിലും ഉൾക്കൊള്ളാനാവാത്ത അറസ്റ്റായിരുന്നു ജോപ്പന്റേത്. അതിന് കാരണമുണ്ട്. സോളാർ വിവാദത്തിലെ കേന്ദ്ര പരാതിക്കാരൻ പത്തനംതിട്ടയിലെ കോൺഗ്രസുകാരനും എ ഗ്രൂപ്പുകാരനുമായ മല്ലേലിൽ ശ്രീധരൻ നായരാണ്. അദ്ദേഹത്തെ അറിയില്ല, കണ്ടിട്ടില്ല, തന്റെ ഓഫീസിൽ വന്നിട്ടില്ല എന്നൊക്കെയായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതിരോധം. ജോപ്പന്റെ അറസ്റ്റു വഴി ആ വാദങ്ങളുടെ ഗ്യാസുപോയി. ജോപ്പന്റെ അറസ്റ്റു വഴി ഉമ്മൻചാണ്ടിയുടെ വാദങ്ങളുടെ വിശ്വാസ്യതയാണ് തിരുവഞ്ചൂർ തകർത്തത്. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ തട്ടിപ്പുകേസിൽ അറസ്റ്റു ചെയ്യപ്പെട്ടാൽ സ്വാഭാവികമായും മുഖ്യമന്ത്രി രാജിവെയ്ക്കേണ്ടി വരുമല്ലോ.
പക്ഷേ, ചാരക്കേസിന്റെ സൂത്രധാരനാണല്ലോ ഉമ്മൻചാണ്ടി. തിരുവഞ്ചൂർ മനസിൽ കണ്ടത് അദ്ദേഹം മാനത്തു കണ്ടു. ഉമ്മൻചാണ്ടി 2011ൽ അധികാരമേറുമ്പോൾ റവന്യൂ മന്ത്രിയായിരുന്നു തിരുവഞ്ചൂർ. അഞ്ചാം മന്ത്രി കോലാഹലം നടന്നപ്പോൾ ജാതിക്കാർഡിറക്കി ഉമ്മൻചാണ്ടിയുടെ കൈയിലിരുന്ന ആഭ്യന്തരം തിരുവഞ്ചൂർ തട്ടിയെടുത്തു. മന്ത്രിസഭയിൽ രണ്ടാമനായി. (തിരുവഞ്ചൂരിന് അന്ന് ആഭ്യന്തരം കൊടുത്തത് ഉമ്മൻചാണ്ടി ചെയ്ത തെറ്റായിപ്പോയി എന്ന് മീഡിയാ വണ്ണിന് നൽകിയ അഭിമുഖത്തിൽ രമേശ് ചെന്നിത്തല ഈയടുത്തും തുറന്നടിച്ചിരുന്നു).
രണ്ടാമന്റെ കസേരയിൽ നിന്ന് ഒന്നാമന്റെ കസേരയിൽ അതിവേഗം കയറിയിരിക്കാൻ തിരുവഞ്ചൂർ സോളാർ കേസ് ആയുധമാക്കി. ആദ്യം സോളാർ കേസിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിമാരുടെ ഫോൺ വിവരങ്ങൾ പരസ്യപ്പെടുത്തി. ഒരു തട്ടിപ്പുകേസിലെ പ്രതിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും അതുവഴി മുഖ്യമന്ത്രിയുമായും ബന്ധമുണ്ടെന്ന് തെളിവു സഹിതം സ്ഥാപിച്ചു. അതോടെ മാധ്യമങ്ങളിൽ കുഴിബോംബു പൊട്ടി. വിഷയം പ്രതിപക്ഷമേറ്റെടുത്തു. സമരപരമ്പരയുണ്ടായി. അതോടെ, മുഖ്യമന്ത്രി രാജിവെയ്ക്കേണ്ടി വരുമെന്ന് തിരുവഞ്ചൂർ കിനാവു കണ്ടു. പണ്ട് കരുണാകരനെ പടിയിറക്കി വിട്ട കളിയുടെ തിരുവഞ്ചൂർ വേർഷൻ.
പക്ഷേ, പ്രതിയ്ക്ക് തിരുവഞ്ചൂരുമായും തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായും ബന്ധമുണ്ടായിരുന്നു. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പു വരെ പ്രതി ആഭ്യന്തരമന്ത്രിയുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായും സമ്പർക്കം പുലർത്തിയിരുന്നതിന്റെ വിവരങ്ങളും പുറത്തു വന്നു. തിരുവഞ്ചൂരിന്റെ കളിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി. അക്കളി പരാജയപ്പെട്ടപ്പോഴായിരുന്നു ജോപ്പന്റെ അറസ്റ്റ്.
ഈ ബ്ലാക്ക് മെയിലിങ്ങിനെക്കുറിച്ചാണ് ഉമ്മൻചാണ്ടി തുറന്നു പറഞ്ഞത്. സോളാർ പ്രതികളുടെ കോൾ ലിസ്റ്റിൽ ഉമ്മൻചാണ്ടിയുടെ ഓഫീസിലെ പ്രബലരുടെയും പ്രധാനികളുടെയും പേരുവിവരം കണ്ടതോടെ, ഒരു അട്ടിമറിയുടെ സാധ്യത തിരുവഞ്ചൂരിന്റെയും കൂട്ടരുടെയും തലയിൽ മിന്നി. ഒട്ടും താമസിച്ചില്ല. ആ ഫോൺ വിളികളുടെ പട്ടിക മാധ്യമങ്ങൾക്ക് ചോർന്നു. ഉന്നം അങ്ങനെ സംഭവിച്ചാൽ, രണ്ടാമനായ തനിക്ക് മുഖ്യമന്ത്രിക്കസേര. മനപ്പായസത്തിന് മധുരമേറാൻ കാരണം വേറെ വേണോ?
പക്ഷേ, കളി ഉമ്മൻചാണ്ടിയോടാണെന്ന് തിരുവഞ്ചൂർ ഓർത്തില്ല. കോൾ ലിസ്റ്റിൽ തിരുവഞ്ചൂരിന്റെ പേരുമുണ്ടായിരുന്നു. മിനിട്ടുകൾക്കകം തിരുവഞ്ചൂരിന്റെയും സിൽബന്ധികളുടെയും ഫോൺ വിവരങ്ങൾ പുറത്തുവിട്ട് ഉമ്മൻചാണ്ടിയുടെ ഓഫീസ് തിരിച്ചടിച്ചു. അതോടെ സ്കോർ തുല്യമായി. ബ്ലാക്ക് മെയിലിങ്ങിന്റെ ഒന്നാം ഘട്ടം പാളി.
അടുത്ത എപ്പിസോഡായിരുന്നു ജോപ്പന്റെ അറസ്റ്റ്. ഉമ്മൻചാണ്ടി കേരളത്തിലുണ്ടായിരുന്നെങ്കിൽ ഒരിക്കലും നടക്കാത്ത സംഭവം. അതറിയാവുന്നവർ അദ്ദേഹം ബഹറിനിൽ പോകുന്നതു വരെ കാത്തിരുന്നു. മൂന്നേ മൂന്നു ദിവസത്തെ ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം മുതലെടുത്ത് ആ അറസ്റ്റു നടത്തി.
ജോപ്പന്റെ അറസ്റ്റു വിവരം മുഖ്യമന്ത്രിയെ അറിയിക്കേണ്ടതായിരുന്നു എന്നാണ് കെ സി ജോസഫ് ഇപ്പോഴും പറയുന്നത്. അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം അത് അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് അറിയിക്കാതെ അറസ്റ്റു നടത്തി. എന്തു വിലകൊടുത്തും ജോപ്പനെ സംരക്ഷിക്കാൻ തീരുമാനിച്ച കേരള മുഖ്യമന്ത്രിയ്ക്ക്, ടിയാന്റെ അറസ്റ്റ് ചാനലിലൂടെ അറിയേണ്ടി വന്നു. അന്നു കുറിക്കപ്പെട്ടു, തിരുവഞ്ചൂരിന്റെ ജാതകം.
ജോപ്പന്റെ അറസ്റ്റു നടക്കുമ്പോൾ ചാരക്കേസിൽ സംഭവിച്ചതിന്റെ തനിയാവർത്തനമായിരിക്കണം തിരുവഞ്ചൂർ സ്വപ്നം കണ്ടത്. അന്ന് എത്ര പിടിച്ചു നിന്നിട്ടും കോൺഗ്രസ് എംഎൽഎമാരും ഘടകകക്ഷികളും തള്ളിപ്പറഞ്ഞപ്പോഴാണല്ലോ കരുണാകരന് രാജിവെയ്ക്കേണ്ടി വന്നത്. ഈ കേസിലും അതുപോലെ കോൺഗ്രസും ഘടകകക്ഷികളും ഉമ്മൻചാണ്ടിയ്ക്ക് എതിരാകുമെന്നും അങ്ങനെ നാണം കെട്ട് അദ്ദേഹത്തിന് മുഖ്യമന്ത്രി പദമൊഴിയേണ്ടി വരുമെന്നും തിരുവഞ്ചൂരും കൂട്ടരും കണക്കുകൂട്ടി. പക്ഷേ, സംഭവിച്ചത് അതല്ല. തിരുവഞ്ചൂരിന്റെ ഓവർസ്മാർട്ടു കളിയ്ക്ക് ആരും പിന്തുണ നൽകിയില്ല. ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഒരുപോലെ അദ്ദേഹത്തിന് എതിരായി. തിരുവഞ്ചൂർ ഒറ്റപ്പെട്ടു. മുഖ്യമന്ത്രിപദം കിട്ടുകയുമില്ല; ആഭ്യന്തരമന്ത്രിപദം നഷ്ടമാവുകയും ചെയ്യുമെന്ന യാഥാർത്ഥ്യം അദ്ദേഹത്തെ തുറിച്ചു നോക്കി.
ആഭ്യന്തര മന്ത്രിപദം പോകുമെന്നായപ്പോഴാണ് അദ്ദേഹത്തിന്റെ ഉപശാലകളിൽ നിന്ന് പെൻഡ്രൈവ് കഥ പുറത്തുവന്നത്. അടുത്ത ബ്ലാക്ക് മെയിലിങ്ങാണ് പുതുപ്പള്ളിക്കാരന്റെ കുടുംബം തകർക്കാൻ ശേഷിയുള്ള പെൻ ഡ്രൈവുണ്ടെന്ന കഥ. ആഭ്യന്തരമന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയാൽ പുതുപ്പള്ളിക്കാരന്റെ കുടുംബം പെൻഡ്രൈവിട്ട് തകർക്കുമെന്ന ഭീഷണി. മുഖ്യമന്ത്രിപദം സ്വപ്നം കണ്ടായിരുന്നു ആദ്യരണ്ടു ബ്ലാക്ക് മെയിലിങ്ങുകൾ. മൂന്നാമത്തേതാകട്ടെ, കൈയിലുള്ള ആഭ്യന്തരമന്ത്രി പദം നഷ്ടപ്പെടാതിരിക്കാൻ.
ഗ്രൂപ്പുഭേദമെന്യേ, അക്കാലത്ത് കോൺഗ്രസിനുള്ളിൽ തിരുവഞ്ചൂർ എത്രത്തോളം വെറുക്കപ്പെട്ടിരുന്നു എന്നറിയാൻ ഇന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തിരുവഞ്ചൂരിനെതിരെ നടത്തിയ പത്രസമ്മേളനം കണ്ടാൽ മതി. വായിൽത്തോന്നിയ പരുഷപദങ്ങളൊക്കെ സുധാകരൻ ഒരു മയവും ദയയുമില്ലാതെ തിരുവഞ്ചൂരിനെതിരെ എടുത്തി വീശി. ആഭ്യന്തരമന്ത്രിയുടെ മുഖം വികൃതമാണെന്നു തുറന്നടിച്ചു. സ്വന്തം അജൻഡ നടപ്പാക്കാൻ മന്ത്രിസ്ഥാനം തറവാട്ടു സ്വത്തല്ലെന്ന് മുന്നറിയിപ്പുകൊടുത്തു. സ്വയം മാറാൻ തയ്യാറായില്ലെങ്കിൽ തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിസ്ഥാനത്തു നിന്ന് മാറ്റാൻ പാർട്ടിയും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് അറുത്തു മുറിച്ചു പറഞ്ഞു.
ആരുമുണ്ടായിരുന്നില്ല തിരുവഞ്ചൂരിന് പ്രതിരോധം തീർക്കാൻ. സുധാകരനെതിരെ അദ്ദേഹത്തിന് തനിച്ച് കേസ് വാദിക്കേണ്ടി വന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെസി ജോസഫുമടക്കം സകല കോൺഗ്രസ് നേതാക്കളും തിരുവഞ്ചൂരിനെതിരെയുള്ള സുധാകരന്റെ ഡയലോഗുകൾ ആസ്വദിച്ചു. ഉമ്മൻചാണ്ടിയെ പടിയിറക്കി മുഖ്യമന്ത്രിയാകാൻ കളിച്ച കളി തിരിച്ചടിച്ചു.
2014 ലെ പുതുവർഷപ്പുലരി. തിരുവഞ്ചൂരിന് ഉമ്മൻചാണ്ടി വക നവവത്സര സമ്മാനം. ആഭ്യന്തര മന്ത്രി പദം രാജിവെയ്ക്കാൻ നിർദ്ദേശം. മറുത്തൊന്നും പറയാതെ അദ്ദേഹം രാജി സമർപ്പിച്ചു. അന്നേയ്ക്കന്ന് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. തിരുവഞ്ചൂരിന് കിട്ടിയത് അപ്രധാന വകുപ്പുകൾ. കായികവും ട്രാൻസ്പോർട്ടും പരിസ്ഥിതിയും. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആദ്യം റവന്യൂവും പിന്നെ ആഭ്യന്തരവും ഭരിച്ച എ ഗ്രൂപ്പ് പ്രതാപിയ്ക്ക് കിട്ടിയത് തീർത്തും അപ്രധാന വകുപ്പുകൾ. ആരുടെയൊക്കെയോ കൈയും കാലും പിടിച്ച് പിന്നീട് വനം കൂടി സംഘടിപ്പിച്ചു.
കഥ അവിടം കൊണ്ടും തീർന്നില്ല
തിരുവഞ്ചൂരിനോടുള്ള കലിപ്പ് ഉമ്മൻചാണ്ടി വേറൊരു വിധത്തിൽ തീർത്തു. 2015ൽ നടന്ന ദേശീയ ഗെയിംസിന്റെ പേരിൽ തിരുവഞ്ചൂരിനെ ഉമ്മൻചാണ്ടി പരസ്യമായി നാണം കെടുത്തി. നേരിട്ടൊന്നും പറഞ്ഞില്ല. പകരം കായിക മന്ത്രിയ്ക്കെതിരെ ചീഫ് സെക്രട്ടറി പത്രസമ്മേളനം നടത്തി. ഗെയിംസിന്റെ സംഘാടനം അടിമുടി അലമ്പായിരുന്നുവെന്ന് ആരോപിച്ചു. കേരള ചരിത്രത്തിലെ ആദ്യ സംഭവം. മന്ത്രി അഴിമതി നടത്തിയെന്ന ധ്വനിയോടെ ചീഫ് സെക്രട്ടറി വക പത്രസമ്മേളനം.
പിന്നിൽ ആരായിരുന്നുവെന്ന് ആർക്കും സംശയമുണ്ടായിരുന്നില്ല. സ്വാഭാവികമായും തിരുവഞ്ചൂരിനു പൊള്ളി. ഉമ്മൻചാണ്ടിയ്ക്കു മുന്നിൽ സാഷ്ടാംഗം വീണു. ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്നും നിഷേധക്കുറിപ്പിറക്കണമെന്നും അഭ്യർത്ഥിച്ചു. ചീഫ് സെക്രട്ടറിയ്ക്കെതിരെ മന്ത്രിസഭാ യോഗത്തിൽ ആഞ്ഞടിച്ചുവെന്ന് പത്രക്കാരോട് വീരസ്യം പറഞ്ഞു. അവരത് വാർത്തയുമാക്കി. പക്ഷേ, പതിവു പത്രസമ്മേളനത്തിൽ ഉമ്മൻചാണ്ടി ചീഫ് സെക്രട്ടറിയെ ശാസിച്ചുമില്ല, നിഷേധക്കുറിപ്പുമിറക്കിയില്ല. തിരുവഞ്ചൂരിന്റെ ആവശ്യങ്ങൾ നിസാരമായി തള്ളിക്കളഞ്ഞു.
തിരുവഞ്ചൂർ എ ഗ്രൂപ്പിനു അനഭിമതനായി. കോൺഗ്രസിനുള്ളിൽ ഗ്രൂപ്പു ഭേദമെന്യേ, എടുക്കാച്ചരക്കായി. പ്രതിപക്ഷ നേതാവായിട്ടോ കെപിസിസി പ്രസിഡന്റു സ്ഥാനത്തേയ്ക്കോ തമാശയായിട്ടുപോലും ആരും അദ്ദേഹത്തിന്റെ പേരു നിർദ്ദേശിച്ചില്ല. സോളാർ വിവാദം തിരുവഞ്ചൂരിന്റെ രാഷ്ട്രീയഭാവിയെ എന്നെന്നേയ്ക്കുമായി കരിച്ചു കളഞ്ഞു.
സോളാർ വിവാദത്തെച്ചൊല്ലി, ഇക്കൊല്ലവും കെ സി ജോസഫ് തിരുവഞ്ചൂരിന്റെ മർമ്മത്തു കുത്തി; ഒട്ടും ദയയില്ലാതെ. 2023 ജൂൺ 10ന്റെ മനോരമ വാർത്ത. സോളർ: ഉമ്മൻ ചാണ്ടിയെച്ചൊല്ലി കോൺഗ്രസിൽ തിരുവഞ്ചൂർ – കെ.സി.ജോസഫ് തർക്കം എന്നാണ് തലക്കെട്ട്.
പത്തു വർഷങ്ങൾക്കു ശേഷവും ഇതേച്ചൊല്ലി ഇവരു തമ്മിലെന്തിനാണ് തർക്കിച്ചത്? തിരുവഞ്ചൂരിനോട് ക്ഷമിക്കാൻ കെസി ജോസഫും എ ഗ്രൂപ്പും കോൺഗ്രസ് പാർട്ടിയും തയ്യാറല്ല. അതു തന്നെ കാരണം. തന്നെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയിട്ട് എന്തുണ്ടായി എന്ന തിരുവഞ്ചൂരിന്റെ പരിദേവനവും മനോരമയിൽ നിന്നു തന്നെ വായിക്കാം.
ഉമ്മൻചാണ്ടിയെ വേട്ടയാടിയത് ആര് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനോടാണ് ചോദിക്കേണ്ടത്. ആ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യതയും മറ്റാർക്കുമല്ല. തിരുവഞ്ചൂരിന് ആഭ്യന്തരമന്ത്രി പദം നഷ്ടപ്പെട്ടതിലൂടെ, അദ്ദേഹത്തിനെതിരെ ചീഫ് സെക്രട്ടറി സ്ഥാനത്തിരുന്ന് ജിജി തോംസൻ നടത്തിയ പത്രസമ്മേളനത്തിലൂടെ, മുതിർന്ന കോൺഗ്രസ് നേതാവായിരുന്നിട്ടും ഏറെക്കാലം ജനപ്രതിനിധിയായിരുന്നിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കും പരിഗണിക്കപ്പെടാതിരുന്നതിലൂടെ ജനങ്ങൾക്കും പുതുപ്പള്ളിക്കാർക്കും കൃത്യമായ ഉത്തരം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ആ വേട്ടയുടെ കാര്യം പറഞ്ഞ് എൽഡിഎഫിനെയും സിപിഎമ്മിനെയും തോണ്ടാൻ വരരുത്. ♦