കമ്യൂണിസ്റ്റു വിരോധംകൊണ്ട് കലി കയറിയ മനോരമ ഇടതുപക്ഷ സർക്കാരിനെയും സിപിഐ എമ്മിനെയും അടിക്കാൻ പറ്റിയ ബലമുള്ള വടി കിട്ടാതെ ഉഴലുകയാണ്. പഴയ അമേരിക്കൻ സെനറ്റർ മക്കാർത്തിയെപ്പോലെ വട്ടെളവി, നട്ടൂരിയ അവസ്ഥയിലായി എന്നാണ് കാണുന്നത് (48–ാം വയസ്സിൽ അകാലത്തിൽ ഈ ലോകത്തോട് വിട പറഞ്ഞ റിപ്പബ്ലിക്കൻ സെനറ്റർ ജോസഫ് മക്കാർത്തിയുടെ മരണം അമിത മദ്യപാനംമൂലമുണ്ടായ ലിവർ സിറോസിസ് ബാധിച്ചതാണെന്നും അങ്ങനെയല്ല, ആൽക്കഹോളിസത്തിന് അടിപ്പെട്ട അതിയാൻ കമ്യൂണിസ്റ്റുകാരെക്കൊണ്ട് നിറഞ്ഞ ഈ ലോകത്ത് ഇനി എന്തിനു ജീവിക്കണമെന്ന ചിന്തയിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ചതാണെന്നുമെല്ലാം അമേരിക്കയിൽ പ്രബലമായ അഭിപ്രായങ്ങളുണ്ട്. അമേരിക്കൻ ഭരണസംവിധാനത്തിലും ശാസ്ത്ര – സാങ്കേതിക രംഗങ്ങളിലും സർവകലാശാലകളിലും സമൂഹത്തിലാകെയും കമ്യൂണിസ്റ്റുകാരും സോവിയറ്റ് ചാരരും നുഴഞ്ഞുകയറിയിരിക്കുയാണെന്നാണ് മക്കാർത്തിയാശാൻ പറഞ്ഞോണ്ടിരുന്നത്. ഇത് പരിശോധിക്കാനായി അമേരിക്കൻ സെനറ്റ് നിയമിച്ച ഉപസമിതിയ്ക്കു നൽകാൻ മക്കാർത്തിക്കുണ്ടായിരുന്നത് വിയറ്റ്നാം കോളനി എന്ന സിനിമയിൽ ശങ്കരാടി അവതരിപ്പിക്കുന്ന കഥാപാത്രം കാണിക്കുന്ന രേഖയുണ്ടല്ലോ കെെരേഖ അതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മക്കാർത്തിയിസം എന്ന സംജ്ഞ നിലവിൽ വന്നത്. മനോരമയിലെ പുത്തൻ തലമുറയിലെ അണ്ണന്മാരുടെയും അണ്ണികളുടെയും അവസ്ഥയും ഇതാണെന്ന് തോന്നുന്നു. ഏതാണ്ട് ഏഴ് പതിറ്റാണ്ടിനുമുന്പ് മൂത്തപ്പൻ കരുതിവച്ചിരുന്ന വിഷക്കുപ്പി തെരയുകയാണിപ്പോൾ അവർ. ശാന്തം, പാവം!).
ആദ്യം അവർ നിപ്പയെ പിടിക്കാൻ നോക്കി, ഒപ്പം ഇഡി അണ്ണൻ തുണെെ എന്നു കരുതി അതുക്കുചുറ്റും മണ്ടി നടന്നു. പിന്നെ സോളാറിനെ തിരിച്ചുവയ്ക്കാനും നോക്കി. പഴയ ലാവ്ലിനു പിന്നാലെയും പാഞ്ഞു. ഒന്നും പിടിച്ചുകിട്ടുന്നില്ല. വഴുതിപ്പോകയാണ്. ഇല്ലെങ്കിൽ ഒടിഞ്ഞുപോണു. നമുക്കും മനോരമക്കാരുടെ ഈ സങ്കടത്തിൽ പങ്കുകൂടി ഒരിറ്റു കണ്ണീരൊഴുക്കാം. എത്ര ശത്രുവാണെങ്കിലും വട്ടിളകുന്നത് കഷ്ടമാണല്ലോ!
13–ാം തീയതിയിലെ മനോരമയുടെ ഒന്നാം പേജിലെ സൂപ്പർ തലക്കെട്ട് ‘‘ലാവ്ലിൻ കേസ് മാറ്റിവച്ചു. 35–ാം തവണ’’ എന്നാണ്. സിബിഐയുടെ ആവശ്യമനുസരിച്ചാണ്, സിബിഐ അഭിഭാഷകന്റെ അസൗകര്യം പ്രമാണിച്ചാണ് കേസ് ഒക്ടോബർ 10ലേക്ക് മാറ്റിയത് എന്നും വാർത്തയിൽ പറയുന്നുണ്ട്. ആ തലവാചകം വായിച്ചാൽ പെട്ടെന്നുണ്ടാകുന്ന ഒരു ഫീല് വിചാരണ കോടതിയും ഹെെക്കോടതിയുമെല്ലാം ശിക്ഷിച്ച ഒരു കേസ് സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ 35-–ാം തവണയും മാറ്റിവെച്ചുവെന്നല്ലേ. അത് പരിഗണനയിലെടുത്താൽ ഉടൻ ബന്ധപ്പെട്ടവർക്ക് ശിക്ഷ ഉറപ്പെന്നല്ലേ. അതിനുള്ളിൽ പറയുന്നതുകൂടി നോക്കുക – ‘‘ഹർജിക്കാരും അനേ-്വഷണ ഏജൻസിയും സമയം നീട്ടി ചോദിച്ചതിനാലാണ് കേസ് 35 തവണ മാറ്റി വയ്ക്കേണ്ടിവന്നത്’’. കോടതിയുടെ അസൗകര്യം പ്രമാണിച്ചും കേസ് പലതവണ മാറ്റിവയ്ക്കേണ്ടിവന്നിട്ടുണ്ട് എന്ന വസ്തുത മനോരമ ഇവിടെ മൂടിവയ്ക്കുന്നുണ്ട്. മറ്റൊന്ന് സുപ്രീംകോടതിക്കു മുന്നിലെ ഹർജിക്കാർ ആരാണ്? ആ റിപ്പോർട്ടിന്റെ അവസാനം മനോരമ തന്നെ പറയുന്നു – ‘‘ഹെെക്കോടതി ഉത്തരവുപ്രകാരം വിചാരണ നേരിടേണ്ട വെെദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എഞ്ചിനീയർ കസ്തൂരി രംഗ അയ്യർ എന്നിവർ തങ്ങളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്’’.
അപ്പോൾ രണ്ട് കുഞ്ഞു ചോദ്യങ്ങൾ ഇവിടെ ഉയരുന്നു. ഒന്ന്, ‘‘തങ്ങളെയും’’ എന്ന് പറയുമ്പോൾ മറ്റാരെയെല്ലാമോ കുറ്റവിമുക്തരാക്കി എന്നുണ്ടല്ലോ? മറ്റൊന്ന് ഈ പറഞ്ഞ പേരുകാർ ആരാണ് എന്നതാണ്. അതിൽ ആദ്യ ചോദ്യത്തിന്റെ ഉത്തരം മനോരമ തന്നെ പറയുന്നു – ‘‘സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഉൗർജ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ഉൗർജ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി 2017ൽ ഹെെക്കോടതി ശരിവെച്ചിരുന്നു’’. അങ്ങനെ വരുമ്പോൾ സുപ്രീംകോടതിയിൽ ഇവർ ഹർജിക്കാരല്ല. കേസിന്റെ ഈ ഭാഗത്ത് അപ്പീൽ ഹർജി നൽകിയത് സിബിഐ ആണ്.
ഇനി മനോരമയുടെ ഇവിടെ ഉദ്ധരിച്ച ഭാഗത്തുതന്നെ രണ്ട് നുണകൾ ഒളിപ്പിച്ചിട്ടുണ്ട്. പ്രൊപ്പഗൻഡയുടെ ഭാഗമായാണത് എന്നതുകൊണ്ട് അതിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഒന്ന്, 375 കോടി രൂപയുടെ (കോടി കോടി എന്നത് ലേഖകൻ ആവേശം മൂത്ത് എഴുതിപ്പോയതാണോ അതോ അച്ചടിപ്പിശാചോ?) നഷ്ടമെന്നതുതന്നെ പച്ചക്കള്ളമാണ്. കാരണം, മൊത്തം ആ പ്രോജക്ടിനുവേണ്ടി കരാർ പ്രകാരം ചെലവഴിച്ചതു തന്നെ 242 കോടി രൂപയാണ്. അപ്പോൾ എങ്ങനെ 375 കോടി രൂപ നഷ്ടമാകും? അതാണ് പ്രചാരണ സാഹിത്യത്തിന്റെ ഒരു ഗുട്ടൻസ്. നീലാണ്ടൻ നമ്പൂരി ആദിയായവരും കോങ്കി – സംഘികളും പൊലിപ്പിച്ചു പറഞ്ഞോണ്ടിരിക്കുന്ന 375ന്റെ കഥ അങ്ങനെ തന്നെ നിലനിർത്തണമെന്നാണ് മനോരമയുടെ ഇംഗിതം. അതവിടെ നിൽക്കട്ടെ. ഇനി മറ്റൊരു നുണ, ‘‘വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി’’ എന്നതാണ്. വെറുതെയങ്ങ് കുറ്റവിമുക്തമാക്കുകയല്ല, മാസങ്ങൾ നീണ്ട ഈ കുറ്റപത്രം നിലനിൽക്കുന്നതല്ല എന്ന വിടുതൽ ഹർജിയിൽ മാസങ്ങൾ നീണ്ടുനിന്ന വിചാരണകയ്ക്കും സിബിഐ ഹാജരാക്കിയ നൂറുകണക്കിനുള്ള രേഖകളുടെ പരിശോധനയ്ക്കും ശേഷമാണ് സിബിഐ കോടതി കുറ്റാരോപിതരെയാകെ കേസിൽ വിടുതൽ ചെയ്തത്. സിബിഐയുടെ കേസാകട്ടെ ലാവ്ലിൻ കരാറിൽ നഷ്ടമുണ്ടായിയെന്നല്ല, മറിച്ച് മലബാർ കാൻസർ സെന്ററിനുവേണ്ടി ലാവ്ലിൻ കമ്പനി വാഗ്ദാനം നൽകിയ 100 കോടി രൂപയിൽ 20 കോടി രൂപ മാത്രമേ വാങ്ങിയുള്ളൂവെന്നും അതുകൊണ്ട് 80 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നുമാണ്. അതാണ് വിചാരണ കോടതി പരിശോധിച്ച്, സിബിഐക്കുവേണ്ടി ഡൽഹീന്നും ചെന്നെെയിൽനിന്നുമെല്ലാം വന്ന വലിയ വക്കീലന്മാരുടെ വാദം കേട്ടശേഷം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത്. അത് വീണ്ടും പൊക്കിക്കൊണ്ടുവന്ന് ഹെെക്കോടതിയിൽ അപ്പീൽ നൽകിയപ്പോൾ കോടതി കുറ്റാരോപിതരെ രണ്ടായി വേർതിരിക്കുകയും 1996–98 കാലത്ത് വെെദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെയും ഊർജ സെക്രട്ടറി മോഹനചന്ദ്രനെയും ജോയിന്റ് സെക്രട്ടറി ഫ്രാൻസിസിനെയും കുറ്റവിമുക്തരാക്കുകയും മറ്റു മൂന്നുപേരെ വിചാരണയ്ക്കു വിധേയരാക്കണമെന്ന് വിധിക്കുകയും ചെയ്തത്. ഇവർ ആരാണ്? ഇവർ മൂവരും 1994–96 കാലത്ത് സംസ്ഥാന സർക്കാർ ലാവ്ലിൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയപ്പോൾ ബന്ധപ്പെട്ട ചുമതലകൾ വഹിച്ചിരുന്നവരാണ്. അപ്പോൾ കരാറുണ്ടാക്കിയ വെെദ്യുതി മന്ത്രിയാരാ? അന്തരിച്ച ജി കാർത്തികേയൻ എന്ന കോൺഗ്രസ് നേതാവ്, സിബിഐ തയ്യാറാക്കിയ ആദ്യ ‘കരട്’ കുറ്റപത്രം അക്കാലത്ത് പുറത്തുവന്നതുപ്രകാരം അദ്ദേഹമാണ് ഈ അഴിമതിക്കേസിലെ ‘‘മുഖ്യ ഗൂഢാലോചനക്കാരൻ’’. പ്രതിപട്ടികയിൽനിന്ന് ആ പേര് ഒഴിവാക്കിയത് എന്തിനെന്ന വിചാരണ കോടതിയുടെയും ഹെെക്കോടതിയുടെയും ചോദ്യത്തിന് സിബിഐക്ക് മറുപടി ഉണ്ടായിരുന്നില്ല. അതാണ് കാർത്തികേയനൊപ്പം പ്രവർത്തിച്ച മൂന്ന് ഉദ്യോഗസ്ഥരെ പ്രത്യേകമായി വിചാരണ ചെയ്യാൻ വിധിച്ചത്. മാത്രമല്ല, ആ കാലത്തെ മുഖ്യമന്ത്രി സാക്ഷാൽ എ കെ ആന്റണിയുമായിരുന്നു. മനോരമാദികൾ ആദ്യം ചെയ്യേണ്ടത് ആന്റണിയോട് ഇക്കാര്യങ്ങളെക്കുറിച്ച് അനേ-്വഷിക്കുകായിരുന്നു. സിബിഐ കുറ്റപത്രത്തിൽ പറയുന്ന 80 കോടി രൂപ വാങ്ങുന്നതിൽ വീഴ്ച വരുത്തിയതാകട്ടെ, അതും 2001നുശേഷം ആന്റണി മുഖ്യമന്ത്രിയും കടവൂർ ശിവദാസനും പിന്നീട് ആര്യാടനും വെെദ്യുതി മന്ത്രിമാരായിരുന്നപ്പോഴുമാണ്. അതുകൊണ്ട‍് സിബിഐക്ക് നന്നായി അറിയാം ഇതൊരു കെട്ടിച്ചമച്ച കേസാണെന്നും രാഷ്ട്രീയ താൽപര്യപ്രകാരം തങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതരായതാണെന്നും. അന്ന് സിബിഐയുടെ ചുമതലക്കാരനായിരുന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നെന്നും ഓർക്കുക.
കേരള രാഷ്ട്രീയം കണ്ട ഏറ്റവും നീചമായ വേട്ടയാടലിന്റെ കഥയാണ് ലാവ്ലിൻ കേസ് എന്നതുകൊണ്ടാണ്, ഇപ്പോൾ ഉമ്മൻചാണ്ടിയെ വേട്ടയാടണേന്ന് വിളിച്ചുകൂവണകാലത്ത് ഇത്രയും കാര്യം പറഞ്ഞുവെച്ചത‍്. ഇന്നിപ്പോൾ നാട്ടിലെന്തു നടന്നാലും ആരെന്തു ചെയ്താലും മുഖ്യമന്ത്രിയെ പിടിക്കണ ന്യായപ്രകാരം ലാവ്ലിൻ ഇടപാടിന്റെ ആദ്യ കരാറുണ്ടാക്കിയപ്പോഴും പിന്നീട് 80 കോടി രൂപ ‘‘നഷ്ട’’പ്പെടുത്തിയപ്പോഴും സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ആന്റണിയാണ് ഈ കേസിൽ വിചാരണ ചെയ്യപ്പെടേണ്ടത് എന്നും ഉത്സാഹകമ്മിറ്റിക്കാരെ ഓർമിപ്പിക്കട്ടെ! ഒന്നു കൂടി പറയാം. ഇപ്പോൾ ഉമ്മൻചാണ്ടിയെ സംസ്ഥാന ക്രൈംബ്രാഞ്ച് കുറ്റവിമുക്തരാക്കിയശേഷമാണ് സിബിഐക്ക് കേസ് കെെമാറിയതെന്ന നുണ പറയുന്നവരുടെ ഓർമയ്ക്കാണത്. 2006 ഫെബ്രുവരിയിൽ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ അവസാന യോഗത്തിൽ ലാവ്ലിൻ കേസ് സിബിഐക്കുവിടാൻ തീരുമാനിച്ചത് ലാവ്ലിനിൽ അഴിമതിയില്ലെന്ന സംസ്ഥാന വിജിലൻസിന്റെ അനേ-്വഷണ റിപ്പോർട്ട് അന്നത്തെ വിജിലൻസ് മേധാവി ഉപേന്ദ്രവർമ്മ മുഖ്യമന്ത്രി ചാണ്ടിക്കു കെെമാറിയശേഷം തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായിരുന്നല്ലോ. മനോരമ അതും മറന്നോ ?. ഒന്നുകൂടി പറയാം. 2016ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഹെെക്കോടതിയിൽനിന്ന് ഈ കേസിൽ അനുകൂല വിധിയുണ്ടാകുമെന്ന വിശ്വാസത്തിൽ (അന്ന് കേസ് പരിഗണിച്ച ഹെെക്കോടതി ജഡ്ജിയുടെ കോൺഗ്രസ് ബന്ധം പരിഗണിച്ച്‍) ഉടൻ പരിഗണനയിലെടുക്കാൻ ഉമ്മൻചാണ്ടി സർക്കാർ ഹർജി നൽകിയതും ഓർമയുണ്ടാവുമോ ആവോ?
15–ാം തീയതിയിലെ മനോരമയിൽ ഒന്നാം പേജിലെ മുഖ്യതലക്കെട്ട് ഇങ്ങനെ: ‘‘പിരിച്ചെടുക്കാൻ 28,258 കോടി. കുടിശിക ഇൗടാക്കുന്നതിൽ സർക്കാർ പരാജയമെന്നു സിഎജി’’. ഇതു സംബന്ധിച്ച വസ്തുതകൾ കവർസ്റ്റോറിയിലെ ലേഖനങ്ങളിലുള്ളതിനാൽ അതിലേക്കു കടക്കുന്നില്ല. ലാവ്ലിനെക്കുറിച്ച് പറയുമ്പോഴും പഴയ ഒരു സിഎജി റിപ്പോർട്ടു കാണാം. അതുപക്ഷേ കരട് റിപ്പോർട്ടാണെന്നു മാത്രം. അതിൽ പിടിച്ചായിരുന്നല്ലോ കഴിഞ്ഞ കാൽനൂറ്റാണ്ടായി പിണറായിയെ വേട്ടയാടുന്നത്. അതും അവിടെ നിൽക്കട്ടെ. ഇപ്പോഴത്തെ സിഎജി റിപ്പോർട്ടിൽ പറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട് മനോരമേ. അതെന്തേ വിഴുങ്ങുന്നു? 21,560 കോടി രൂപ കേന്ദ്ര സർക്കാരിന്റെ കണക്കിൽ ‘‘മിസ്സിങ്’’ ഉണ്ടെന്നും പൊതുപണം രഹസ്യ ശേഖരങ്ങളാക്കി മോദി സർക്കാർ അടിച്ചു മാറ്റീന്നും മറ്റും മറ്റുമെല്ലാമുള്ള ക്രമക്കേടുകളുടെ പട്ടിക ഇതേ സിഎജി റിപ്പോർട്ടിലുണ്ടല്ലോ. അതെന്തേ മനോരമാദികൾ കാണാതെ പോകുന്നു. അവിടെയാണ് മനോരമാദികളുടെ രാഷ്ട്രീയ ലക്ഷ്യം എന്ന കരിമ്പൂച്ച ചാക്കിൽ നിന്ന് പുറത്തുചാടുന്നത്.
14–ാം തീയതിയിലെ മനോരമയുടെ ഒന്നാം പേജിലെ ലീഡ് സ്റ്റോറി ‘‘നിപ്പയെ നേരിടാൻ സന്നാഹമൊരുക്കി കേരളം. ഭയമല്ല, വേണ്ടത് ജാഗ്രത’’ എന്നതായിരുന്നു. സംസ്ഥാനത്തെ പ്രതിരോധസംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ് നിപ്പയെ നിയന്ത്രിക്കാൻ എന്നും എഴുതുന്നുണ്ട്. എന്നാൽ പിന്നീട് മനോരമയുടെ തകിടംമറിച്ചിലിനും നാം സാക്ഷ്യം വഹിക്കുന്നു. 15ന് ചെറുതായി അതിനു തുടക്കമിടുന്നു. നോക്കൂ, 9–ാം പേജിൽ : ‘‘നിപ്പ: രണ്ടാഴ്ച നിർണായകം’’ എന്ന മനോരമ ലേഖികയുടെ റിപ്പോർട്ടിനൊപ്പം ലേഖകൻ വഹ സാധനം: ‘‘വളമിട്ടത് വകുപ്പുകളുടെ ഏകോപനമില്ലായ്മ’’ അപ്പോൾ മനോരമ ലേഖകന്റെ ചിന്ത എന്തായാലും വളമിട്ടിരിക്കയല്ലേ, അവിടെ രണ്ട് വെള്ളരി വിത്ത് ഇട്ടുകളയാമെന്നായിരിക്കും. 16–ാം തീയതിയാകുമ്പോൾ അതങ്ങനെ തഴച്ചു വളരുന്നതാണ് കാണുന്നത്. നോക്കൂ, 9–ാം പേജിൽ തന്നെ: ‘‘സമ്പർക്കപ്പട്ടിക ഉണ്ടാക്കുന്നതിൽപോലും മെല്ലെപ്പോക്ക്. നിപ്പ പ്രതിരോധം പാളി. പ്രാഥമിക സമ്പർക്കപ്പട്ടിക പോലും ഇന്നലെ വരെ പൊലീസിനു കെെമാറിയിട്ടില്ല. സ്രവംപോയ വഴി ആർക്കറിയാം?’’ എന്നിങ്ങനെ ലേഖിക തന്നെ ഉറഞ്ഞുതുള്ളുന്നു. പാവം ലേഖികയും ലേഖകനും! അപ്പഴേക്ക് നിപ്പയെ നിയന്ത്രണത്തിലാക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞു. അതോണ്ട്, ‘‘നിപ്പ: ഇനിയെങ്കിലും പഠിച്ചില്ലെങ്കിൽ വീഴ്ചകൾ ആവർത്തിക്കാതിരിക്കാം; അനുഭവപാഠങ്ങൾ വഴി കാട്ടട്ടെ’’ എന്ന മുഖപ്രസംഗം കാച്ചിക്കൊണ്ട് മനോരമ രംഗം കാലിയാക്കുന്നു. ചിലപ്പോൾ വവ്വാലു പിടിക്കാൻ ആളൂണ്ടോന്ന് നോക്കി പരമ്പര കാച്ചിയേക്കാനും മതി.
19ന്റെ മനോരമയുടെ ഒന്നാം പേജിലെ സൂപ്പർ ഐറ്റം: ‘‘വലമുറുക്കി ഇ ഡി’’ എന്നതാണ്. അയ്യന്തോൾ തൃശ്ശൂർ സഹകരണ ബാങ്കുകളിലടക്കം ഇഡിക്കാർ കയറി ‘‘കണ്ണി കോർത്തിണക്കി റെയ്ഡ്’’ നടത്തുകയാണെന്നാണ് മനോരമ ലേഖകൻ അഴിഞ്ഞാടുന്നത‍്. എന്നാൽ കരുവന്നൂരും തൃശ്ശൂരും അയ്യന്തോളുമെല്ലാം ഇഡി കറങ്ങുന്നതിനു പിന്നിലെ ഇംഗിതം കാണാൻ മനോരമയ്ക്കു കണ്ണില്ല. സഹകരണ മേഖലയിൽ ക്രമക്കേടുകൾ പലേടത്തും കാണുന്നത് പിടികൂടാനും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും ക്രൈം ബ്രാഞ്ച് അനേ-്വഷണം നടക്കുന്നുണ്ട‍്. അതുപക്ഷേ ഈ ബാങ്കുകളിൽ മാത്രമല്ല. കെപിസിസി ജനറൽ സെക്രട്ടറിമാരിലൊരാൾ പ്രസിഡന്റായ പുൽപ്പള്ളിയിലും ലീഗ് നേതാവ് പ്രസിഡന്റായ മക്കാട്ടുപറമ്പും ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾ അനേ-്വഷിക്കുന്നുണ്ട്. എന്നാൽ മനോരമ അതു കാണുന്നില്ല. നോക്കൂ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയും എംഎൽഎയുമായ എ സി മൊയ്തീനെ ഇഡി ചോദ്യം ചെയ്തു എന്ന് വലിയ വായിൽ വിളിച്ചു കൂവുന്ന മനോരമ അതേ ദിവസവും അതിനു മുൻപും കെപിസിസി പ്രസിഡന്റും എംപിയും മുൻമന്ത്രിയുമെല്ലാമായ കെ സുധാകരനെ ചോദ്യം ചെയ്തതും മുൻമന്ത്രിയും മുൻ എംപി, മുൻ എംഎൽഎ എന്നിവയെല്ലാമായ കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിനെ ചോദ്യം ചെയ്തതുമൊന്നും കാണുന്നതേയില്ല. സുധാകരൻ കുടുങ്ങീരിക്കണത് ജോൺസൺ മാവുങ്കലിന്റെ ഇച്ചിച്ചി കേസിലെ കൂട്ടുപ്രതിയായിട്ടാണെന്നും മനോരമയ്ക്ക് കാണാൻ കണ്ണില്ല. സുധാകരൻ പലവട്ടം അവധി അപേക്ഷിച്ച് ഇഡിയിൽനിന്ന് ഒഴിഞ്ഞുമാറിയതും മനോരമ മറന്നുപോയി.
പിന്നെ ഇഡിയുടെ ചുറ്റിക്കറക്കത്തിനു പിന്നിൽ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമൊന്നുമല്ലല്ലോ. ഒന്ന്, നോട്ട് നിരോധനകാലം മുതൽ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും ഇഡിയെ കരുവാക്കി കളിക്കുകയാണെന്നത് മനോരമയ്ക്ക് അറിയാത്തതല്ല, അവരും അതാഗ്രഹിക്കുന്നുവെന്നതാണ് സത്യം. എങ്കിലല്ലേ പണ്ടത്തെ പോലെ (മാമ്മൻ മാപ്പിളയുടെ കാലത്ത്) തട്ടിപ്പ് പണമിടപാട് സ്ഥാപനം തുടങ്ങി നാടിനെ കൊള്ളയടിക്കാൻ പറ്റൂ. മാത്രമല്ല, സിപിഐ എമ്മിനെ അങ്ങനെയെങ്കിലും ഒതുക്കാൻ പറ്റുമോന്നും മനോരമയ്ക്കുണ്ട്. എന്നാൽ ഇതേ ഇഡിയും കേന്ദ്ര ഏജൻസികളുമാണ് ചിദംബരത്തെയും മോനെയും കർണാടകത്തിലെ ശിവകുമാറിനെയും സോണിയാജിയെയും രാഹുൽജിയെയുമെല്ലാം പിടികൂടി വലച്ചത് എന്ന് മനോരമയും കോങ്കികളും ഓർക്കുന്നതുമില്ല. പക്ഷേ അമ്മാതിരി വിരട്ടലുകളൊന്നും സിപിഐ എമ്മിനോടു വേണ്ടെന്ന് ഇഡിയും മനോരമയും ഓർത്താൽ മതി.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കോട്ടയം ഡിസിസി ഓഫീസിൽ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മെെക്കിനുവേണ്ടി നടത്തിയ പിടിവലിയും തമ്മിൽതല്ലും സതീശന്റെ പിണങ്ങിപ്പോക്കും മനോരമ കാണുന്നില്ല. ഇപ്പോൾ അത് സോഷ്യൽ മീഡിയയിൽ വെെറലായിട്ടും മനോരമയ്ക്ക് മിണ്ടാട്ടമില്ല. മിണ്ടിയാൽ ഇവറ്റകൾക്കുവേണ്ടിയാണല്ലോ മനോരമ ചരടുവലികൾ നടത്തുന്നതെന്ന് നാട്ടാര് ചോദിക്കും. അതോണ്ടാണ് മനോരമ വാലും പൊക്കി ഒളിച്ചോടുന്നത്. ♦