സെപ്തംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ ഒരു പ്രത്യേക സമ്മേളനം ചേരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോൾ എന്താണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് ഏറെ ഊഹാപോഹങ്ങൾ രാഷ്ട്രീയവൃത്തങ്ങളിലും മറ്റും ഉയർന്നു വന്നിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെ കൂട്ടി നടത്തുക എന്ന ഉദ്ദേശ്യത്തോടെ ചില പുതിയ നിയമനിർമാണങ്ങൾക്കായിരിക്കും എന്നതായിരുന്നു പൊതുവിൽ ഉയർന്നുവന്ന നിഗമനം. അതല്ലെങ്കിൽ, ജനങ്ങളുടെ നേരെയുള്ള കടന്നാക്രമണത്തിനു വേണ്ടിയോ എന്ന സംശയവും ചില വൃത്തങ്ങൾ പ്രകടിപ്പിച്ചിരുന്നു.
ആദ്യത്തെ രണ്ടുദിവസങ്ങൾ നിലവിലെ പാർലമെന്റ് മന്ദിരത്തിൽ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയെടുക്കലും മറ്റും നടന്നപ്പോൾ ഈ ലോക്-സഭയുടെ അവസാന സമ്മേളനമാകാം ഇത് എന്ന നേരത്തെയുള്ള ഉൗഹം ബലപ്പെട്ടു. എന്നാൽ, പിറ്റേന്നു പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു ഇരുസഭകളും മാറാനുള്ള നിർദേശം പ്രധാനമന്ത്രി ഉന്നയിച്ചപ്പോൾ ആദ്യത്തെ ഊഹം തെറ്റി.
അന്നു വെെകുന്നേരം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം സ്ത്രീകളുടെ പാർലമെന്റിലെ അംഗത്വം മൊത്തം അംഗബലത്തിന്റെ മൂന്നിലൊന്നായി വർധിപ്പിക്കുന്ന ബിൽ അംഗീകരിച്ചു. മൂന്നാം ദിവസം ലോക് സഭ ബിൽ ചർച്ച ചെയ്തു. 543 അംഗങ്ങളിൽ 454 പേർ ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. രണ്ടു പേർ എതിർത്തു. ലോക്-സഭ അങ്ങനെ ബിൽ പാസാക്കി. തുടർന്നു രാജ്യസഭ കൂടി ബിൽ പാസാക്കിയതോടെ പാർലമെന്റിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് അംഗത്വം എന്ന പതിറ്റാണ്ടുകളായി ചർച്ചാ വിഷയമായിരുന്ന നിർദേശം നിയമമാകും, രാജ്യസഭ കൂടി പാസാക്കിയാൽ.
സ്ത്രീകൾക്ക് മൂന്നിലൊന്നു അംഗത്വം എന്നത് പുതിയ നിർദേശമല്ല. പാർലമെന്റിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളിൽ പലപ്പോഴായി പാർലമെന്റിൽ ഇത്തരം നിർദേശങ്ങൾ വിവിധ പാർട്ടികളുടെ കൂട്ടായ്മകൾ ഉന്നയിച്ചിരുന്നു. പക്ഷേ, രാഷ്ട്രീയമായ ചേരിതിരിവുമൂലം വ്യക്തമായ ഭൂരിപക്ഷ പിന്തുണ ലഭിക്കാതിരുന്നതിനാൽ ഇത്തരം നിർദേശങ്ങളൊന്നും നിയമമായി മാറിയില്ല. ബിജെപി മുൻകാലങ്ങളിൽ ഈ നിർദേശത്തിന് അനുകൂലമായും പ്രതികൂലമായും പാർലമെന്റിൽ നിലപാടെടുത്തിട്ടുണ്ട്. ബിജെപിയും കോൺഗ്രസും മുമ്പുതന്നെ ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുത്തിരുന്നെങ്കിൽ, സ്ത്രീകൾക്ക് പാർലമെന്റിൽ മൂന്നിലൊന്ന് അംഗത്വം എന്നത് എന്നേ യാഥാർഥ്യമായേനെ.
ഇപ്പോഴെങ്കിലും ആ നിർദേശം യാഥാർഥ്യത്തോട് അടുക്കുന്നു എന്നത് ചാരിതാർഥ്യജനകംതന്നെ. രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ ഉൾപ്പെടെ പൊതുക്കാര്യങ്ങളിൽ സ്ത്രീകളുടെ ശബ്ദം മാത്രമല്ല അവരുടെ വീക്ഷണവും പൊതുവേദികളിൽ മേലിൽ ഉന്നയിക്കപ്പെടുക തന്നെ ചെയ്യും. മാത്രമല്ല, പല കാര്യങ്ങളിലും അവരുടെ നിർദേശവും തീർപ്പും ആയിരിക്കും ഭാവിയിൽ നിർണായകം. അത് അവരുടെ സാമൂഹ്യവും രാഷ്ട്രീയവുമായ പിന്നാക്കാവസ്ഥ ദൂരീകരിക്കുക മാത്രമല്ല ചെയ്യുക.കുടുംബം മുതൽക്കുള്ള പല സാമൂഹ്യസ്ഥാപനങ്ങളിലും സ്ത്രീകളുടെ വീക്ഷണത്തിനു, നിർദേശങ്ങൾക്ക് പക്ഷപാതത്തിന് (പുരുഷന്റേതുപോലെ തന്നെ), സുചിന്തിതമായ നിർദേശങ്ങൾക്ക്, എല്ലാറ്റിലും ഉപരിയായി നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ ആയി അടിച്ചമർത്തപ്പെട്ട അവരുടെ വികാരവിചാരങ്ങൾക്ക് പൊതുമണ്ഡലത്തിലും ഭരണതലത്തിലും കൂടുതൽ പരിഗണനയും അധികാരവും ലഭിക്കും. സ്ത്രീകളെ വീടിന്റെ അകത്തളങ്ങളിലും ഭരണമണ്ഡലങ്ങൾക്കു പുറത്തും നിർത്തിയിരുന്ന പരമ്പരാഗത രീതികളിൽ ഇതോടെ വലിയ മാറ്റത്തിനു തിരികൊളുത്തും എന്ന് തീർച്ചയാണ്.
ഈ മാറ്റത്തിന്റെ നാന്ദി കുറിക്കപ്പെടും എന്നല്ലാതെ ഫലപ്രദമായ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നതാണ് യാഥാർഥ്യം. എന്തുകൊണ്ട്? ലോക് സഭ പാസാക്കിയതുപോലെ രാജ്യസഭയും ഈ ബിൽ ഉടനെ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അര ഡസൻ നിയമസഭകളെങ്കിലും ഈ ബിൽ പാസാക്കിയാൽ മാത്രമേ ഈ നിർദേശത്തിനു നിയമപരമായ അംഗീകാരം ലഭിക്കുകയുള്ളൂ എന്ന ഒരു വാദഗതിയുണ്ട്. അതിന്റെ ആവശ്യമില്ല എന്നാണ് നിയമപരമായ സ്ഥിതി. അങ്ങനെയുള്ള നിർദേശം ഉടനെ നിയമമായാൽ തന്നെ അത് ഉടൻ നടപ്പാക്കാൻ കഴിയില്ല. കാരണങ്ങളായി പലതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഏതൊക്കെയാണ് സ്ത്രീ സംവരണ മണ്ഡലങ്ങളായി ആദ്യം നിശ്ചയിക്കുക? അതുപോലെ പരിഗണിക്കേണ്ട മറ്റു കാര്യങ്ങളും. ഇപ്പോഴത്തെ സംവരണ മണ്ഡലങ്ങളിൽ ഏതൊക്കെ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടുമെന്ന പ്രശ്നമുണ്ട്. ഏതെങ്കിലും ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാകണം അത് നിശ്ചയിക്കപ്പെടുന്നത്. അതിന് പുതിയ ഡേറ്റ വേണം. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് ഇതുവരെ നടത്തിയിട്ടില്ല. ഇനി ഡേറ്റ ശേഖരിച്ച് നിയോജക മണ്ഡല നിർണയം നടത്തി 2024ലെ തിരഞ്ഞെടുപ്പിന് സ്ത്രീ സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കാനാവില്ല. എങ്ങനെയെങ്കിലും ചെയ്യാൻ തിരഞ്ഞെടുപ്പു നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് സംഭവിക്കുക 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പ് മൂന്നിലൊന്നു സ്ത്രീ സംവരണത്തോടെയല്ലാതെ നടത്തലാണ്.
സ്ത്രീകൾക്ക് മൂന്നിലൊന്നു സംവരണത്തോടെ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തണമെന്ന താൽപ്പര്യമോ നിർബന്ധമോ മോദിക്കോ അമിത്ഷായ്ക്കോ ബിജെപിക്കോ ഇല്ല. എന്നാൽ, സ്ത്രീകൾക്ക് മൂന്നിലൊന്നു സംവരണം നടപ്പാക്കാൻ നിയമംകൊണ്ടുവന്നത് തങ്ങളാണ് എന്നു പ്രചരിപ്പിക്കാൻ ബിജെപി ആഗ്രഹിക്കുന്നു. അതിന്റെ പേരിൽ സ്ത്രീകളുടെ പിന്തുണ നേടാനും. സ്ത്രീകൾക്ക‍് മൂന്നിലൊന്നു സംവരണം നടപ്പാക്കുക ബിജെപിയുടെ ലക്ഷ്യമായിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിലല്ല അതിനു ശ്രമിക്കേണ്ടത് എന്ന് അറിയാത്തവരല്ല നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാർട്ടിയും.
അപ്പോൾ മൂന്നിലൊന്നു സ്ത്രീ സംവരണം ബിജെപിയുടെ ലക്ഷ്യമല്ല. ആ പ്രശ്നം ഉയർത്തി അടുത്ത തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ട് തേടി വീണ്ടും അധികാരത്തിലെത്തുക എന്നതാണ് ലക്ഷ്യം. തങ്ങൾക്കുള്ള ജനപിന്തുണ ഉറപ്പുവരുത്തുന്നതിനുള്ള ഒരു അടവിന് അപ്പുറം ഒന്നുമല്ല സ്ത്രീ സംവരണം ബിജെപിയെ സംബന്ധിച്ചിടത്തോളം. എന്നാൽ, എല്ലാ ബൂർഷ്വാ പാർട്ടികളെയും പോലെ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുന്നതിനു പ്രയോഗിക്കുന്ന പല അടവുകളിൽ ഒന്നു മാത്രമാണ് ബിജെപിക്ക് സ്ത്രീകൾക്ക് മൂന്നിലൊന്ന് പ്രാതിനിധ്യം നൽകുക എന്നത്. തിരഞ്ഞെടുപ്പടുത്ത വേളയിൽ രാജ്യത്ത് അത് സംബന്ധമായ കാമ്പെയിൻ ഒന്നും നടത്താതെ സ്ത്രീ സംവരണ നിയമം പാസാക്കുന്നത് വരുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ വോട്ടിൽ കണ്ണുനട്ടാണ്. ‘‘നസ്ത്രീ സ്വാതന്ത്ര്യമർഹതി’’ എന്നത് ആപ്തവാക്യമായി ഇപ്പോഴും കണക്കാക്കുന്ന ആർഎസ്എസിന്റെ നേതൃത്വം അംഗീകരിക്കുന്ന ബിജെപി ഈ നിയമനിർമാണത്തിനു മുതിർന്നത് സ്ത്രീകളെ രാഷ്ട്രീയത്തിൽ കൂടുതൽ പങ്കാളികളാക്കാനല്ല. അവരുടെ വോട്ട് നേടി 2024ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാനാണ്. അതുകൊണ്ടാണ് ഇത്തവണ സ്ത്രീ സംവരണം ഉടൻ നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അത് സംബന്ധമായ നിയമം പാസാക്കിയത‍്.
ഇതാണ് കെെനനയാതെ മീൻ പിടിക്കുന്നതിന്റെ സമകാലിക രൂപം. മറ്റൊന്നു കൂടി ഓർമിപ്പിക്കേണ്ടതുണ്ട്. വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പുവരെ അതിന്റെ ഉള്ളടക്കം ഒളിപ്പിച്ചുവച്ചതുതന്നെ ജനാധിപത്യപരമായ ചർച്ച അസാധ്യമാക്കുന്നതിനാണ്. മോദി ഗവൺമെന്റിന്റെ സേ-്വച്ഛാധിപത്യനിലപാടിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ♦