കുട്ടികളിലെ പോഷകാഹാരക്കുറവ് ഇന്ത്യയില്‍ ദീർഘകാലമായി നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണ്. പോഷകാഹാരക്കുറവ്, ഭാരക്കുറവ് (ഉയരത്തിന് കുറഞ്ഞ ഭാരം), മുരടിപ്പ് (പ്രായത്തിനനുസരിച്ച് ഉയരം കുറഞ്ഞ ഉയരം), 5 വയസ്സില്‍ താഴെയുള്ളവരുടെ മരണനിരക്ക് എന്നിങ്ങനെ നാല് സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള Global Hunger Index (GHI) 2022-ൽ 121 രാജ്യങ്ങളിൽ ഇന്ത്യയെ 107- ആയി റാങ്ക് ചെയ്തിരുന്നു. നാഷണൽ ഫാമിലി ഹെൽത്ത് സര്‍വേ (NFHS-5) (2019‐-21), പ്രകാരം വളർച്ച മുരടിച്ച കുട്ടികളുടെ നിരക്ക് 35.5 ശതമാനവും ശിശു ക്ഷയം (അവരുടെ ഉയരത്തിനനുസരിച്ച് കുറഞ്ഞ ഭാരം) 19.3 ശതമാനവുമാണ്. അംബ്രല്ല ഐസിഡിഎസ് (ICDS-‐ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസ്) പദ്ധതിയുടെ കീഴിലുള്ള അംഗൻവാടി സേവനങ്ങൾ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള ഇന്ത്യയുടെ സംരംഭങ്ങളുടെ നട്ടെല്ലാണ്. അംഗൻവാടി സേവനങ്ങൾ പ്രാഥമികമായി ലക്ഷ്യമിടുന്നത് കുട്ടികളുടെ മൊത്തത്തിലുള്ള പരിപാലനവും, 0‐-6 വയസ്സ് പ്രായമുള്ളവരുടെ പോഷകാഹാരവും ആരോഗ്യനില മെച്ചപ്പെടുത്തലുമാണ്. ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ-പോഷകാഹാര ആവശ്യങ്ങളും ICDS അഭിസംബോധന ചെയ്യുന്നു. പ്രീ-സ്കൂൾ അനൗപചാരിക വിദ്യാഭ്യാസം അംഗൻവാടി സേവനങ്ങൾ ഏറ്റെടുക്കുന്ന വിപുലമായ പ്രവർത്തനങ്ങളുടെ ഒരു ഘടകം മാത്രമാണ്.
അംഗൻവാടി വർക്കേഴ്‌സ് (AWW), അംഗൻവാടി ഹെൽപ്പർമാർ (AWH) എന്നിവരാണ് അംഗൻവാടി സേവനങ്ങളുടെ മുൻനിര തൊഴിലാളികൾ. ഇന്ത്യയിൽ 2.5 ദശലക്ഷത്തിലധികം അംഗൻവാടി വർക്കർമാരും ഹെൽപ്പർമാരും ചേര്‍ന്ന്, 90 ദശലക്ഷത്തിലധികം ഗുണഭോക്താക്കളെ കവറേജ് ചെയ്യുന്നു. ഒഴിച്ചുകൂടാനാവാത്ത തൊഴിലാളികളാണെങ്കിലും, അടിസ്ഥാന അവകാശങ്ങൾ ആവശ്യപ്പെട്ട് അംഗൻവാടി വർക്കർമാരും ഹെൽപ്പർമാരും നിരന്തരം സമരത്തിലാണ്. ഓരോ വർഷവും രാജ്യത്തുടനീളം അംഗൻവാടി ജീവനക്കാരുടെ തീവ്രമായ പ്രതിഷേധങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുന്നു.
അംഗൻവാടി ജീവനക്കാരുടെ ദീർഘനാളത്തെ സമരങ്ങളെ പൊതുസേവനങ്ങളിലെ തൊഴിലവസരങ്ങള്‍ വന്‍തോതിൽ അനൗപചാരികവല്‍ക്കരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ വേണം കാണാൻ. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, സാമൂഹിക മേഖലയിലെ ചെലവഴിക്കലുകളിൽ, പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ സ്ഥിരമായ കുറവുണ്ടായിട്ടുണ്ട്. കെയർ (Care) സമ്പദ്‌വ്യവസ്ഥയുടെ കരാർവൽക്കരണ പ്രക്രിയയിലൂടെയാണ് ഇത് സംഭവിക്കുന്നത്, പ്രത്യേകിച്ചും ചരിത്രപരമായി സ്ത്രീകളുടെ ചുമതലകളായി കണ്ടിരുന്ന ജോലികൾ. അങ്കണവാടി ജീവനക്കാരെയും സഹായികളെയും സർക്കാർ രേഖകളിൽ ‘ഓണററി വർക്കർമാർ’ (honorary workers) എന്ന് തരംതിരിക്കുന്നു. അതായത് അവർ ചെയ്യുന്ന സേവനത്തിന് പ്രതിമാസ ഓണറേറിയം ലഭിക്കും. ശ്രേദ്ധിക്കേണ്ടത് ഇത് ‘ശമ്പളം’ അല്ല എന്നതാണ്. ബീഹാറിൽ തൊഴിലാളികൾക്കും സഹായികൾക്കും യഥാക്രമം 5950 രൂപയും 3250 രൂപയും ഓണറേറിയം ലഭിക്കുന്നു, ഒഡീഷയിൽ 7500 രൂപയും 3750 രൂപയുമാണ്. വര്‍ക്കേഴ്സിനും ഹെൽപ്പർമാർക്കും ലഭിക്കുന്ന പ്രതിമാസ ഓണറേറിയം ആവശ്യപ്പെടുന്ന മിനിമം വേതനത്തേക്കാൾ വളരെ കുറവാണ്, അതായത് വര്‍ക്കേഴ്സിന് പ്രതിമാസം 32,000 രൂപയും ഹെൽപ്പർമാർക്ക് 26,000 രൂപയും ആണ് മിനിമം വേതനം നൽകേണ്ടത്. ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം, AWW-നു 12000 രൂപയും AWH-നു 8000 രൂപയും ഓണറേറിയം ലഭിക്കുന്നു, ഇതും യൂണിയനുകൾ ആവശ്യപ്പെടുന്ന മിനിമം വേതനത്തിന് താഴെയാണ്. തുച്ഛമായ വേതനത്തില്‍ അമിതജോലിഭാരം, പലതും ICDS ഉത്തരവാദിത്തങ്ങള്‍ക്ക് പുറമേ നിരന്തരം ഏറ്റെടുക്കേണ്ടിവരുന്നവര്‍ ആണിവര്‍.
വർഷങ്ങളായി, അംഗൻവാടി ജീവനക്കാരുടെ പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം ഒരു വർക്കറുടെ പദവിയാണ്; അല്ലാതെ ഒരു സാമൂഹിക പ്രവർത്തകന്റെയോ ഓണററി വർക്കറുടെയോ സന്നദ്ധ പ്രവർത്തകന്റെയോ പദവിയല്ല. വര്‍ക്കേഴ്സിനെയും ഹെൽപ്പർമാരെയും ക്രമപ്പെടുത്തുന്നതിനും മിനിമം വേതനം നൽകുന്നതിനും സാമൂഹിക സുരക്ഷാ നടപടികൾ നൽകുന്നതിനുമുള്ള ഈ സമരങ്ങള്‍ അടിയന്തരമായി അഭിസംബോധന ചെയ്യപ്പെടണം. രാജ്യത്ത് പോഷകാഹാരക്കുറവ് രൂക്ഷമായ സാഹചര്യത്തിൽ ഐസിഡിഎസ് സേവനങ്ങൾ സ്ഥിരമായി ലഭ്യമാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നു.
ഇവ കൂടാതെ ഈ അടുത്ത കാലത്ത്, ‘പോഷൻ ട്രാക്കർ’ എന്ന പേരിൽ അംഗൻവാടി സേവനങ്ങളുടെ realtime നിരീക്ഷണത്തിനും ട്രാക്കിംഗിനുമുള്ള പുതിയ മൊബൈൽ അധിഷ്‌ഠിത ആപ്ലിക്കേഷനെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയര്‍ന്നുവരുന്നു. അംഗൻവാടി സേവനങ്ങളുടെ realtime നിരീക്ഷണം അതിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. പോഷൻ ട്രാക്കറിന്റെ വെബ്സൈറ്റ് പ്രകാരം, “ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും 6 വയസ്സുവരെയുള്ള കുട്ടികളും കൗമാരക്കാരായ പെൺകുട്ടികളും ഗുണഭോക്താക്കളായി പോഷൻ ട്രാക്കറിനെ കേന്ദ്രമാക്കി ചുറ്റും പോഷൻ അഭിയാൻ ഗുണഭോക്താക്കളുടെ വലയം സൃഷ്ടിച്ചു. ഇന്ത്യയെ പോഷകാഹാരക്കുറവ് മുക്തമാക്കാൻ സഹായിക്കുന്ന അംഗൻവാടി ഹെൽപ്പർമാരുടെ സഹായത്തോടെ അംഗൻവാടി വർക്കർമാർ ഇതിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നു. AWW-കൾ ഗുണഭോക്താക്കൾക്ക് സാധ്യമായ ഇടപെടൽ നൽകുന്നു, കൂടാതെ അവരുടെ പുരോഗതി സൂപ്പർവൈസർമാർ, സിഡിപിഒമാർ, ഡിപിഒമാർ എന്നിവർ ദൈനംദിന, പ്രതിമാസ റിപ്പോർട്ടുകളിലൂടെ കൂടുതൽ നിരീക്ഷിക്കുന്നു.”
അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പർമാരുടെ വേതനവും ഗുണഭോക്താക്കളുടെ പോഷകാഹാരത്തിനുള്ള വകയിരുത്തലും പോഷൻ ട്രാക്കർ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏതൊരു നിർദ്ദേശത്തിനെതിരെയും ഓൾ-ഇന്ത്യ ഫെഡറേഷൻ ഓഫ് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പർ (എഐഎഫ്എഡബ്ല്യുഎച്ച്)-സിഐടിയു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പോഷൻ ട്രാക്കർ പരിപാലിക്കുന്നതിലെ കാലതാമസം മെമ്മോയ്ക്കും, അംഗൻവാടി ജീവനക്കാരുടെ നിർവഹണം തടയപ്പെടുത്തുന്നതിനും കാരണമായതായി യൂണിയൻ പറയുന്നു. ഇന്റർനെറ്റിന്റെ ലഭ്യത കണക്കിലെടുത്ത്, realtime ഡാറ്റാ മാനേജ്‌മെന്റിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നുവരുന്നു.
പോഷൻ ട്രാക്കറിന്റെ പ്രായോഗികത, ഡിജിറ്റലൈസ്ഡ് മോണിറ്ററിംഗിലേക്കുള്ള പെട്ടെന്നുള്ള മാറ്റം, ഡിജിറ്റലൈസേഷൻ പ്രക്രിയയിലെ തൊഴിലാളികളുടെ കൂലിയില്ലാത്ത അധ്വാനം എന്നിവയാണ് പരിഹരിക്കപ്പെടാത്ത ആശങ്കകൾ. മൂന്ന് വർഷത്തിനുള്ളിൽ രണ്ട് വ്യത്യസ്ത മൊബൈൽ ആപ്ലിക്കേഷനുകൾക്കിടയിൽ പെട്ടെന്നുള്ളതും വിശദീകരിക്കപ്പെടാത്തതുമായ മാറ്റവും ഉണ്ടായിട്ടുണ്ട്. 2018-ന്റെ ആദ്യ മാസങ്ങളിൽ, ICDS-CAS (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസ്- കോമൺ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ) എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ സമാരംഭിച്ചു. തുടർന്ന് 2021 ജനുവരിയിൽ ഐസിഡിഎസ്-സിഎഎസ് പഴയപടിയാക്കി ‘പോഷൻ ട്രാക്കർ’ എന്ന പുതിയ ആപ്പ് പുറത്തിറക്കി. ICDS-CAS ആപ്ലിക്കേഷൻ ഉപയോഗിച്ച് ശേഖരിച്ച ഡാറ്റയ്ക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചും പുതിയ ആപ്ലിക്കേഷനിലേക്ക് മാറിയത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ചും പൊതുജനത്തിന് മുമ്പാകെ വളരെ കുറച്ച് വിവരങ്ങൾ മാത്രമേയുള്ളൂ. ചുരുക്കത്തിൽ, കഴിഞ്ഞ 3 വർഷത്തിനുള്ളിൽ, മഹാമാരിയുടെ സമയത്ത്, താങ്ങാനാവാത്ത ജോലിഭാരത്തിനിടയിലും അംഗൻവാടി ജീവനക്കാർക്ക് രണ്ട് വ്യത്യസ്ത സ്മാർട്ട്ഫോൺ അധിഷ്ഠിത ആപ്ലിക്കേഷനുകൾ പഠിക്കണ്ടതയും ഉപയോഗിക്കേണ്ടതായും വന്നു. മാത്രമല്ല, പോഷൻ ട്രാക്കറിന്റെ തുടരെ തുടരെയുള്ള പുതിയ അപ്‌ഡേറ്റുകൾ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ഇപ്പോള്‍ Version 19.1 ആണ് ഉപയോഗത്തില്‍ ഉള്ളത്. ഈ വെര്‍ഷന്‍ പ്രകാരം ദിവസത്തില്‍ മൂന്നുതവണ ഓരോ കുട്ടികളുടെയും വിവരങ്ങള്‍ ചേര്‍ക്കണം.
ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് കവറേജിന്റെ അഭാവം realtime dataentryയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. മിനിമം വേതനത്തേക്കാൾ താഴെ വരുമാനം ലഭിക്കുന്ന ഒരു അംഗൻവാടി ജീവനക്കാരി ഇപ്പോൾ പതിനൊന്ന് രജിസ്റ്ററുകൾ പരിപാലിക്കുന്നതിനു പുറമേ ആപ്ലിക്കേഷന്‍ ബേസ്ഡ് ഡാറ്റ ലോഗ് ചെയ്യണം. ഫിസിക്കൽ രജിസ്റ്ററുകൾ ഒഴിവാക്കരുതെന്ന് തൊഴിലാളികളോട് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. സ്‌മാർട്ട്‌ഫോണുകളുടെ വിഹിതം, ഡാറ്റ റീചാർജുകൾക്കുള്ള ഫണ്ട് ക്രമപ്പെടുത്തൽ എന്നിവയും ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു. ഡാറ്റ റീചാർജിനായി സ്വന്തം പോക്കറ്റിൽ നിന്നുള്ള അധിക ചെലവുകളെക്കുറിച്ചും തൊഴിലാളികൾ സംസാരിക്കുന്നു. കൂടാതെ, ആപ്ലിക്കേഷന്‍ ഡാറ്റ നൽകുന്നതിന് അവരിൽ ചിലർ അർദ്ധരാത്രി വരെ ഇരിക്കുന്ന, സമയപരിധിയില്ലാതെ ജോലിഭാരം സമയം വർദ്ധിക്കുന്നതായി തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. ICDS സൂപ്പർവൈസർമാർ, അമിതസമയ ജോലിയെടുത്ത് ചിലപ്പോഴൊക്കെ മുതിർന്ന തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പരിശീലനം നല്‍കുന്നതിനെക്കുറിച്ചും പങ്കുവെക്കുന്നു.
മുഴുവൻ പ്രക്രിയയുടെയും മറ്റൊരു നിഗൂഢവശം ആപ്ലിക്കേഷനിലൂടെ ശേഖരിക്കുന്ന ഡാറ്റയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളുടെ പോഷകാഹാരത്തെക്കുറിച്ചുള്ള പതിവ് ഡാറ്റയുടെ ലഭ്യത പോഷകാഹാര സാഹചര്യത്തിലെ പുരോഗതി വിലയിരുത്തുന്നതിന് സഹായിക്കുന്നു. എന്നിരുന്നാലും, ഡാറ്റ പരസ്യമാക്കിയിട്ടില്ല. വെബ്‌സൈറ്റിലെ പോഷൻ ട്രാക്കറിന്റെ നിലവിലുള്ള ഡാഷ്‌ബോർഡ് ആപ്ലിക്കേഷന്റെ കവറേജിനെക്കുറിച്ച് മാത്രമേ അറിയിക്കൂ, അതിന്റെ അടിസ്ഥാനത്തിൽ പോഷകാഹാരത്തിന്റെ അവസ്ഥയെക്കുറിച്ച് വ്യക്തമായ അനുമാനം എടുക്കാൻ കഴിയില്ല. അംഗൻവാടി സംവിധാനങ്ങളിലൂടെ സേവനം അനുഷ്ഠിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യത കാത്തുസൂക്ഷിക്കുക എന്നതാണ് വിവരങ്ങൾ പരസ്യമാക്കാത്തതിന് കാരണമായി പറയുന്നത്. എന്നിരുന്നാലും, ഡാറ്റ മാനേജ്‌മെന്റിന്റെ മുഴുവൻ പ്രക്രിയയിലും സുതാര്യതയുടെയോ ഉത്തരവാദിത്തത്തിന്റെയോ ഒരു സംവിധാനം എങ്ങനെ നിലനിർത്താമെന്ന് വ്യക്തമാക്കേണ്ടതുണ്ട്. രഹസ്യാത്മകതയും സ്വകാര്യതയും വെളിപ്പെടുത്താതെതന്നെ സംക്ഷിപ്‌തരൂപം പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഐസിടി അധിഷ്‌ഠിത ആപ്ലിക്കേഷനുകൾക്കായി ആയിരം കോടി രൂപയിലധികം ചെലവഴിക്കുമ്പോഴും, അംബ്രല്ല ഐസിഡിഎസിനുള്ള ബജറ്റ് വിഹിതം 2020‐-21 മുതൽ 2021-‐22 വരെ 30% കുറഞ്ഞു. അംഗൻവാടി സേവനങ്ങളുടെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനും മൊത്തം ബജറ്റ് വിഹിതത്തിൽ കുറവുണ്ടായതും ഇതേ കാലയളവിലാണ്.
കൂടുതൽ അടിസ്ഥാനപരമായി പറഞ്ഞാല്‍, അംഗൻവാടി സേവനങ്ങളുടെ സുതാര്യതയും കാര്യക്ഷമതതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനാണ് പോഷൻ ട്രാക്കർ ഊന്നൽ നൽകുന്നത്. ഡിജിറ്റലൈസേഷനിലേക്കുള്ള മാറ്റവും നിർബന്ധിത real time നിരീക്ഷണവും ഇന്ത്യയിലെ കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ഒരു പരിഹാരമായി കാണാനാകില്ല. ഡിജിറ്റലൈസേഷനിലേക്കുള്ള ത്വരിതഗതിയിലുള്ള മാറ്റം, ഈ പ്രക്രിയയിലേക്ക് പോകുന്ന അംഗൻവാടി വര്‍ക്കർമാരുടെ യഥാർത്ഥ അധ്വാനത്തെ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. പോഷന്‍ ട്രാക്കര്‍ കൂടാതെ, ഈ കൊല്ലം മുതല്‍ പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജനയുടെ (PMMVY) ഡാറ്റാ എൻട്രി ചെയ്യുന്നതും AWW ആണ്. മുന്നേ ഡാറ്റാഎണ്ട്രി തൊഴിലാളികളെ നിയമിച്ച പതദ്ധി ആയിരുന്നു PMMVY. ഈ തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടാണ് ഇപ്പോള്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ഈ അമിതജോലി നല്കിയിരിക്കുന്നത്. അംഗൻവാടി ജീവനക്കാരുടെ വർധിച്ച ജോലിഭാരം പരിഹരിക്കുന്നതിനുള്ള ഉപാധിയായി കണ്ടിരിക്കുന്നത് സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷന്റെ ഉപയോഗത്തിന് പ്രോത്സാഹനം നൽകുക, പ്രേത്യേക സേവനാധിഷ്ഠിത പ്രോത്സാഹനം നല്കുക എന്നിവയാണ്. അംഗൻവാടി ജീവനക്കാരുടെ ആവശ്യങ്ങൾ മിനിമം വേതനവും തൊഴിലാളിയെന്ന അടിസ്ഥാന അംഗീകാരവുമാണ്. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്ക് സ്ഥിരമായ തൊഴിലവസരത്തിന്റെ പ്രധാന സ്രോതസ്സായി ഐസിഡിഎസ് തുടരുന്നു എന്നതും യാഥാർത്ഥ്യമാണ്. അടിസ്ഥാന മിനിമം വേതനമോ സാമൂഹിക സുരക്ഷാ നടപടികളോ നൽകാത്തതിനാൽ, ലക്ഷക്കണക്കിന് സ്കീം വർക്കർമാരുടെ കൂലിയില്ലാത്ത അധ്വാനത്തിന്റെയും നേട്ടം സർക്കാരിനാണ്. പോഷകാഹാര വിതരണ നിരീക്ഷണ സംവിധാനത്തിന്റെ സുതാര്യത ഉറപ്പുവരുത്താതെ, അംഗൻവാടി വർക്കർമാരിൽ നിന്നും ഹെൽപ്പർമാരിൽ നിന്നും വേതനമില്ലാത്ത അധ്വാനത്തെ ചോർത്തിയെടുക്കുക വഴി കാര്യങ്ങള്‍ കൂടുതൽ വഷളാക്കുകയേയുള്ളൂ. ♦