Thursday, September 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെരാജസ്താനിൽ കുടിവെള്ളത്തിനായി പ്രക്ഷോഭം

രാജസ്താനിൽ കുടിവെള്ളത്തിനായി പ്രക്ഷോഭം

നിരഞ്ജന ദാസ്

രാജസ്താൻ എന്നു കേട്ടാൽ ഓർമവരിക ഡസനോളം കലങ്ങൾ തലയിലേന്തിയ സ്ത്രീരൂപങ്ങളാണ്. മരുഭൂമി താണ്ടി തങ്ങളാലാവും വിധം ജലം സംഭരിച്ചെത്തുന്ന സ്ത്രീകൾ യഥാർഥത്തിൽ രാജസ്താൻ എന്ന സംസ്ഥാനം എത്രത്തോളം ജലദൌർലഭ്യം അനുഭവിച്ചിരുന്നു എന്നതിന്റെ നേരടയാളമാണ്, ഇന്നതൊരു കലയായി, നൃത്തരൂപമായി മാറപ്പെട്ടെങ്കിലും. എന്തായാലും ജലക്ഷാമത്തിന്റെ കാര്യത്തിൽ ഈ സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതത്തിന്‌ കാലമേറെയായിട്ടും വലിയ മാറ്റമൊന്നും എടുത്തുപറയാനില്ല എന്നാണ് മനുഷ്യന്റെ ഏറ്റവും അടിസ്ഥാനാവശ്യമായ കുടിവെള്ളത്തിനുവേണ്ടി അവിടുത്തെ ജനങ്ങൾ ഇന്നും സമരം ചെയ്യേണ്ട അവസ്ഥ വിരൽചൂണ്ടുന്നത്. ഈയടുത്തിടെ രാജസ്താനിലെ ഹനുമാൻഗഢ്, ശ്രീഗംഗാനഗർ എന്നീ ജില്ലകളിൽ വ്യത്യസ്തമായൊരു സമരം നടന്നു. ഏതെങ്കിലും ആവശ്യം സാധിച്ചുകിട്ടുന്നതിനായി ഉയരത്തിലുള്ള ജലസംഭരണിയിൽ കയറിനിന്ന് പ്രതിഷേധിക്കുന്ന ‘വിരുഗിരി’ എന്നറിയപ്പെടുന്ന പ്രതിഷേധ മുറ വർഷങ്ങൾക്കുശേഷം ഹനുമാൻഗഢിൽ അരങ്ങേറി. ഇവിടത്തെ ഗ്രാമവാസികൾക്ക് ഒട്ടേറെ പരാതികളുണ്ട്. ഗ്രാമങ്ങളിൽ കുടിവെള്ള വിതരണം ക്രമമായി നടക്കുന്നില്ല. റേഷൻ വിതരണം വൈകുന്നു. കനത്ത മഴ വന്നാൽ വെള്ളപ്പൊക്കം ആണ്. എന്നിട്ടും കൃഷിക്കാവശ്യമായ ജലസേചനത്തിനും കുടിക്കാനും വെള്ളമില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് മറ്റേതെങ്കിലും തരത്തിൽ ശബ്ദമുയർത്തിയാൽ ആരും ശ്രദ്ധിക്കില്ല. എന്നാൽ വാട്ടർ ടാങ്കിനു മുകളിൽ കയറി പ്രതിഷേധിച്ചാൽ പൊലീസും ബന്ധപ്പെട്ട അധികാരികളും ഓടിയെത്തും. ആരെങ്കിലും മുകളിൽ നിന്നു ചാടിയാലുണ്ടാകാവുന്ന ഭവിഷ്യത്താലോചിച്ചാണ് ഈ മുൻകരുതലെന്ന് ഹനുമാൻ ഗഢിലെ സിപിഐഎം നേതാവ് രാമേശ്വർ വർമ പറയുന്നു. ശുചീകരണ പ്രശ്നത്തിലും അഴിമതി അവസാനിപ്പിക്കുന്നതിനും വേണ്ടി മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിൽ പിലിബിംഗ ടൗണിൽ നടന്ന സമരം 17 ദിവസം പിന്നിട്ടിട്ടും അധികാരികൾ കണ്ടമട്ട് കാണിച്ചില്ല. അങ്ങനെയാണ്‌ കൗൺസിലറും മറ്റ് നാലുപേരും ചേർന്ന് വാട്ടർടാങ്കിനു മുകളിൽ കയറി പ്രതിഷേിച്ചത്‌. ഉടൻ തന്നെ തഹസിൽദാരും സബ് ഡിവിഷണൽ മജസ്ട്രേറ്റും സ്ഥലത്തെത്തി. അതോടെ ഭരണസമിതി അടിയന്തര നടപടികൈക്കൊള്ളാൻ നിർബന്ധിതരായി.

ഇങ്ങനെ രാജസ്താനിലെ നൂറുകണക്കിന് വാട്ടർടാങ്ക് ടവറുകൾ പ്രതിഷേധവേദികളാവുകയാണ്. ശ്രീ ഗംഗാനഗറിൽ ഒരു കർഷകൻ തന്റെ കൃഷിഭൂമിയിൽ ജലസേചനസൗകര്യം വേണമെന്നാവശ്യപ്പെട്ട് ഇതേ സമരമുറയിൽ പ്രതിഷേധിച്ചു. ഹനുമാൻഗഢിലെ ബദ്ബിരാന ജില്ലയിൽ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ ദുരിതത്തിലായ കർഷകർ വാട്ടർടാങ്ക് ടവറിൽ കയറി പ്രതിഷേധിച്ചു. പ്രശ്നം പരിഹരിക്കാമെന്ന് ജലസേചന വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പുനൽകിയതിനുശേഷമാണ്‌ അവർ പ്രതിഷേധം അവസാനിപ്പിച്ചത്‌. എന്നാൽ ആ വാഗ്ദാനം നിറവേറപ്പെട്ടില്ല. അങ്ങനെ പഞ്ചായത്ത് കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ കർഷകർ വീണ്ടും അതേ സമരമുറതന്നെ ആവർത്തിച്ചു. 17 ദിവസം അവർ കൊടുതണുപ്പിലും വെയിലിലും ടവറിൽ തന്നെയിരുന്നു. എന്നാൽ സമരം ചെയ്ത 22 കർഷകർക്കെതിരെ പൊലീസ് കേസെടുക്കുകയാണുണ്ടായത്.

ഇങ്ങനെ രാജസ്താനിൽ വിവിധ ജില്ലകളിൽ സാധാരണക്കാരും കർഷകരും കുടിവെള്ളത്തിനായി ജീവൻ തൃണവൽഗണിച്ചും സമരം ചെയ്യുന്നത് തുടർക്കഥയാവുകയാണ്. പ്രധാനമന്ത്രിയുടെ ജലജീവൻ പദ്ധതിയുൾപ്പെടെ പല പദ്ധതികളും ഏട്ടിലൊതുങ്ങുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − 2 =

Most Popular