Friday, May 17, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്മുതലാളിത്തത്തിന്റെ ആദിപാപം

മുതലാളിത്തത്തിന്റെ ആദിപാപം

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക് നോട്ട് ബുക്ക് –8

സ്വതന്ത്രമായ സാമൂഹികബന്ധങ്ങളും ജനാധിപത്യവും ആവിർഭവിച്ചത് മുതലാളിത്ത ഉല്പാദന സമ്പ്രദായത്തിന്റെ കടന്നുവരവോടെയാണ് എന്നാണ് മുഖ്യധാരാ രാഷ്ട്രമീമാംസ നമ്മെ പഠിപ്പിക്കുന്നത്. വികസിത രാജ്യങ്ങളിൽ മൂലധനത്തിന് അനുവദിക്കപ്പെട്ടിരിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യവും സ്വതന്ത്ര മത്സരത്തിലധിഷ്ഠിതമായ കമ്പോളവ്യവസ്ഥയുമാണ് ഈ വാദത്തിനാധാരമായി പൊതുവെ ചൂണ്ടിക്കാട്ടുന്നത്. പ്രത്യക്ഷമായും പരോക്ഷമായും വികസിത രാഷ്ട്രങ്ങൾ ആശ്രിത രാജ്യങ്ങളിൽ ചെലുത്തുന്ന സാമ്പത്തിക മേൽക്കോയ്മയും രാഷ്ട്രീയ അഭിപ്രായവ്യത്യാസമുള്ള രാജ്യങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന ബഹുമുഖ ഉപരോധങ്ങളും ഈ ജനാധിപത്യ കണക്കെടുപ്പുകളിൽ പക്ഷേ പെടാറില്ല. തങ്ങളുടെ വറുതിയിൽ നിൽക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന പരോക്ഷ നിയന്ത്രണങ്ങളും ഇതിൽ പെടാറില്ല . ഇത് വർത്തമാനകാലത്തെ കഥ. ആ വിശദാംശങ്ങളിലേക്കു കടക്കാതെ മുതലാളിത്ത വ്യവസ്ഥയുടെ ആരംഭദശയിലേക്ക് തിരിഞ്ഞുനോക്കിയാൽ കാണുന്ന കാഴ്ചകളെന്താണ് ? സമുദ്രാന്തര അടിമവ്യാപാരങ്ങളും കൊളോണിയൽ കൊള്ളകളും കമ്പോളങ്ങൾക്കായുള്ള യുദ്ധങ്ങളും. മുതലാളിത്തത്തിന്റെ ആദിപാപങ്ങൾ എന്നാണ് മൂലധനത്തിൽ മാർക്സ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ആദിമ സഞ്ചയത്തിലൂടെ സമാഹരിച്ച മൂലധനത്തിന്റെ അടിത്തറയിലാണ് 17‐ാം നൂറ്റാണ്ടിൽ വ്യാവസായിക വിപ്ലവത്തിന് യൂറോപ്പിൽ തിരശീല ഉയരുന്നത്. ഇതിനു ഏറ്റവുമധികം വിലകൊടുക്കേണ്ടിവന്നത് ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളാണ്. അടിമവ്യാപാരത്തിലൂടെ ആഫ്രിക്കൻ കാർഷിക സമൂഹങ്ങളെ തകർത്ത യൂറോപ്യന്മാർ അതിനു സമാന്തരമായി ഏഷ്യാറ്റിക് സമൂഹങ്ങളിലെ പരമ്പരാഗത കൈത്തൊഴിൽ സമൂഹങ്ങളെയും കർഷക ജനതയെയും നൂറ്റാണ്ടുകൾ നീളുന്ന സ്തംഭനാവസ്ഥയിലേക്ക് തള്ളിയിട്ടു. ഈ കൊള്ളകളുടെ അർത്ഥശാസ്ത്രത്തിലേക്കുള്ള എത്തിനോട്ടമാണ് ഈ കുറിപ്പ്.

18‐ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ യൂറോപ്പിലെ കാർഷിക- വ്യവസായ മേഖലകളിൽ വമ്പിച്ച കുതിപ്പുണ്ടായി. സാങ്കേതികതയുടെ കണ്ണിലൂടെ മാത്രം ഈ മുന്നേറ്റത്തെ വിലയിരുത്തുന്നവർ വ്യവസായവിപ്ലവത്തിന്റെ സംഭാവനയായിട്ടാണ് ഇതിനെ കാണുന്നത് .വൻകിട വ്യവസായ ശാലകളുടെ ആവിർഭാവം, കാർഷിക മേഖലയിലെ യന്ത്രവൽക്കരണം ഇതൊക്കെയായിരുന്നു ആർക്കും പ്രകടമായി കാണാവുന്ന മാറ്റങ്ങൾ. ഉല്പാദന പ്രവർത്തനങ്ങളിൽ വന്ന കാതലായ നവീകരണങ്ങളും ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളും യൂറോപ്പിന്റെ സാമൂഹിക സാമ്പത്തിക രംഗത്തെ മാറ്റിമറിച്ചു. 17‐ാം നൂറ്റാണ്ടിനു മുൻപ് അര ശതമാനത്തിനു താഴെ മാത്രമുണ്ടായിരുന്ന പ്രതിവർഷ സാമ്പത്തിക വളർച്ച 18‐ാം നൂറ്റാണ്ടിൽ 20 ഇരട്ടി വർധിച്ച് 10 ശതമാനത്തിനു മീതെയായി. കുമിഞ്ഞുകൂടിയ ലാഭം വീണ്ടുംവീണ്ടും പുതിയ മൂലധന നിക്ഷേപമായി മാറി . സാർവത്രികമായ ചരക്കുല്പാദന വ്യവസ്ഥയിൽ, പണം ആദ്യം ചരക്കായും പിന്നീടത് വീണ്ടും പണമായും മാറുന്നു. പണത്തിന്റെ ഈ ഓരോ പരിക്രമണത്തിലും മിച്ചമൂല്യം അധികരിക്കുകയും ,പണത്തിന്റെ അഥവാ മൂലധനത്തിന്റെ അളവ് കൂടുകയും ചെയ്യും (M – C – M ). മുതലാളിത്ത ഉല്പാദന വ്യവസ്ഥയിലെ ക്രമാനുഗതമായ ഈ വളർച്ചയെ മാർക്സിയൻ അർത്ഥശാസ്ത്രം മൂലധന സഞ്ചയം എന്ന് വിളിക്കുന്നു. ഇവിടെ നാം ഒരു ദൂഷിത വലയത്തിലാണ്. പക്ഷേ അതിനകത്തേക്ക് മുതലാളിത്ത സമൂഹം എങ്ങിനെ ആദ്യം കടന്നുകയറി. വൻകിട ഉല്പാദന സമ്പ്രദായത്തിന് ആവശ്യമായ വൻതോതിലുള്ള മൂലധനം തുടക്കത്തിൽ എവിടെ നിന്നും വന്നു? മുതലാളിത്ത ഉല്പാദന സമ്പ്രദായത്തിന്റെ ആവിർഭാവത്തിനു മുൻപേതന്നെ ഇത് സമാഹരിക്കപ്പെട്ടേ പറ്റൂ . മാർക്സിന്റെ വാക്കുകളിൽ പറഞ്ഞാൽ “മൂലധനസഞ്ചയത്തിന് മിച്ചമൂല്യം അനിവാര്യമാണ് .മിച്ചമൂല്യത്തിന്റെ മുന്നുപാധി മുതലാളിത്തവ്യവസ്ഥയാണ്. ഗണ്യമായ തോതിലുള്ള മൂലധനത്തിന്റെയും തൊഴിൽ ശക്തിയുടെയും ലഭ്യത മുതലാളിത്ത ഉല്പാദന സമ്പ്രദായത്തിന് അനിവാര്യമാണ്. ഇതൊരു ദൂഷിത വലയമാണ്. ആദിമമായ ഒരു മൂലധനസഞ്ചയം ഉണ്ടാകാതെ മുതലാളിത്ത വ്യവസ്ഥയ്ക്ക് പ്രാരംഭം കുറിക്കാനാവില്ല. ഇതാകട്ടെ മുതലാളിത്ത ഉല്പാദന സമ്പ്രദായത്തിന്റെ ഭാഗമായുള്ള മൂലധന സഞ്ചയമല്ല, അതിനു തുടക്കം കുറിച്ച ഒന്നാണ് ….” (മൂലധനം- ഒന്നാം വോള്യം)

മുതലാളിത്തത്തിന്റെ മറ്റൊരു മുന്നുപാധി ആവശ്യത്തിനുള്ള തൊഴിൽ ശക്തിയാണ്. മാർക്സിന്റെ ഭാഷയിൽ പറഞ്ഞാൽ യാതൊരു കെട്ടുപാടുമില്ലാതെ കമ്പോളത്തിൽ തന്റെ അധ്വാനം വിൽക്കാൻ തയ്യാറായി നിൽക്കുന്ന തൊഴിലാളി. ഭൂപ്രഭുവിന്റെ പുരയിടത്തിൽ ബന്ധനസ്ഥനാക്കപ്പെട്ട അടിയാളനല്ല ആധുനിക തൊഴിലാളി. തത്വത്തിൽ അവന് എവിടേക്കും സഞ്ചരിക്കാം, ഏതു കമ്പോളത്തിൽ പോയും വേണമെങ്കിൽ തന്റെ അധ്വാനശക്തി വിൽക്കാൻ ശ്രമിക്കാം. യൂറോപ്പിലെ നേർത്ത ജനസംഖ്യയുടെ സാഹചര്യങ്ങളിൽ 17‐ാം നൂറ്റാണ്ടിൽ മുതലാളിത്തത്തിന് കുതിക്കാൻ ഇതുമൊരു പരിമിതിയായിരുന്നു. ആഫ്രിക്കയിൽ നിന്നും കടത്തിക്കൊണ്ടുവന്ന അടിമകൾ ആദ്യഘട്ടത്തിൽ ഉപയോഗിക്കപ്പെട്ടത് തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലുമുള്ള വൻകിട തോട്ടങ്ങളിലേക്കായിരുന്നുവെങ്കിലും ഈ അടിമകളുടെ പിൻതലമുറകൾ മുതലാളിത്ത വളർച്ചയ്ക്കാവശ്യമായ തൊഴിൽസേനയുടെ അടിത്തറയായി മാറി. ആവശ്യമായ തൊഴിൽശക്തിയുടെ ലഭ്യത ഉറപ്പു വരുത്തുക, അതിന്റെ വില ഗണ്യമായ തോതിൽ കുറച്ചുനിർത്തുക ഇത്തരത്തിൽ ഇരട്ട നേട്ടങ്ങളാണ് ആഫ്രിക്കൻ അടിമ വ്യാപാരം യൂറോപ്യൻ മൂലധനത്തിന് നൽകിയത് .

കോടിക്കണക്കിന് വരുന്ന കറുത്ത വംശജരുടെ ജീവിതത്തെ നരകതുല്യമാക്കിക്കൊണ്ടാണ് ആധുനിക യൂറോപ്പ് അതിന്റെ എല്ലാ സൗഭാഗ്യങ്ങളും കെട്ടിപ്പടുത്തത്. ആധുനിക ജനാധിപത്യ രാഷ്ട്രീയ സ്ഥാപനങ്ങൾക്കെല്ലാം പ്രാരംഭം കുറിച്ചത് തങ്ങളാണെന്ന വെള്ളക്കാരന്റെ അവകാശവാദങ്ങളുടെ ആവരണം മാറ്റിനോക്കിയാൽ ദൃശ്യമാകുക ആദിമ മൂലധന സഞ്ചയത്തിനു വേണ്ടി അത് നടത്തിയ ഈ കൊടും കൃത്യങ്ങളാണ്‌. അതുവഴി ദരിദ്രമാക്കപ്പെട്ട ആഫ്രിക്കൻ ഏഷ്യൻ സമൂഹങ്ങളാണ്.

അടിമവ്യാപാരത്തിലൂടെ ആഫ്രിക്കയ്ക്ക് നഷ്ടപ്പെട്ട തൊഴിൽ ശക്തി ഭീമമാണ്, അത് അവിടെയേൽപിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ ഏറെ ഗുരുതരവുമാണ്. 15നും 35നുമിടയ്‌ക്ക്‌ വയസുള്ള, നല്ല ആരോഗ്യമുള്ള ആഫ്രിക്കൻ വംശജരെയാണ് അടിമവ്യാപാരികൾ ലക്ഷ്യമിട്ടിരുന്നത്. മധ്യവയസ്കരും എന്തെങ്കിലും രോഗബാധകൾക്കിരയായവരും ഒഴിവാക്കപ്പെട്ടിരുന്നു. കൃഷിയിടങ്ങളിൽ പണിയെടുക്കാൻ ശേഷിയുള്ള ആഫ്രിക്കൻ ജനതയുടെ അംഗബലത്തിലുണ്ടായ കുറവ് ആഫ്രിക്കൻ കാർഷികോല്പാദനത്തെ കാര്യമായി തളർത്തി. അടിമകളാക്കപ്പെട്ട്‌ കടത്തിക്കൊണ്ടുപോയ ആൾക്കാരുടെ എണ്ണത്തെ സംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നും നിലവിൽ ലഭ്യമല്ല. പക്ഷേ അടിമവ്യാപാരം ആരംഭിച്ചതിനുശേഷമുള്ള നൂറ്റാണ്ടുകളിൽ ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ ജനസംഖ്യയിലുണ്ടായ വളർച്ചയില്ലായ്മ കൃത്യമായും ഇതിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നാണ്. 1650 മുതൽ 1850 വരെയുള്ള കാലയളവിൽ 100 ദശലക്ഷത്തിൽ തന്നെ സ്ഥിരമായി തുടർന്നു. ഈ കാലയളവിൽ യൂറോപ്യൻ ജനസംഖ്യ 103 ദശലക്ഷത്തിൽനിന്ന് 274 ദശലക്ഷമായും ഏഷ്യയിലേത് 653 ദശലക്ഷമായും ഉയർന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആഫ്രിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും ജനസംഖ്യ യഥാക്രമം 120ഉം 423ഉം 857ഉം ആയിരുന്നു. എന്തുകൊണ്ട് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ മാത്രം ജനസംഖ്യാവർദ്ധന ഉയർന്നില്ല എന്നതിന് ഉത്തരം അവിടെനിന്നും അടിമവേലയ്ക്കായി കടത്തികൊണ്ടുപോയ ആരോഗ്യമുള്ള സ്ത്രീപുരുഷന്മാർ എന്നത് മാത്രമാണ്‌.

അതല്ലാതെ മറ്റൊരു കാരണവും ഇതിനു കണ്ടെത്താനാവില്ല. ഭൂമിയും തൊഴിൽശക്തിയും ഏറ്റവും നിർണായക ഉല്പാദനഘടകങ്ങളായി നിലകൊള്ളുന്ന വ്യാവസായിക പൂർവ സമ്പദ്‌വ്യവസ്ഥയിൽ തൊഴിൽ ശക്തിയുടെ ഗുരുതരമായ ശോഷണം ഉല്പാദന മുരടിപ്പിന് വഴിവെക്കും എന്നതിന് സംശയമൊന്നുമില്ല.

രണ്ടു നൂറ്റാണ്ടിനു ശേഷവും അടിമവ്യാപാരം വ്യാവസായിക കുതിപ്പ് നടത്തിയ യൂറോപ്പിന്റെ ജീവവായുവായി തുടർന്നു. 18‐ാം നൂറ്റാണ്ടിന്റെ അവസാനം പുകയിലക്കൃഷി നടത്താൻ പറ്റിയ പുതിയ ഭൂമി ഏതാണ്ട് ഇല്ലാതായി. അടിമവ്യവസ്ഥയെ ആസ്പദമാക്കി നിലനിന്നിരുന്ന തെക്കനമേരിക്കൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലായി. ഇതേ കാലയളവിലാണ് ഇംഗ്ലണ്ടിൽ നെയ്ത്തുവ്യവസായം യന്ത്രവല്ക്കരിക്കപ്പെടുന്നത്. ഇത് അമേരിക്കൻ പരുത്തിയുടെ ഡിമാൻഡ് വലിയതോതിൽ വർധിപ്പിച്ചു. പക്ഷേ പരുത്തിയിൽ നിന്നും കുരു വേർപെടുത്തുക വൻതോതിൽ മനുഷ്യാധ്വാനം ആവശ്യമുള്ള വളരെ ദുഷ്കരമായ പ്രവൃത്തിയായിരുന്നു. 1793ലാണ് ഇതിനു പറ്റുന്ന യന്ത്രം – കോട്ടൺ ജിൻ – കണ്ടുപിടിക്കുന്നത് . ഈ ലളിതമായ യന്ത്രം വളരെ പെട്ടെന്ന് വ്യാപകമായി. ഇതോടെ തെക്കേ അമേരിക്കയിലെ പുകയിലപ്പാടങ്ങൾ വ്യാപകമായി പരുത്തികൃഷിയിലേക്ക് തിരിഞ്ഞു .ഇത് വീണ്ടും വൻതോതിലുള്ള തൊഴിൽ ശക്തിയുടെ ആവശ്യകത സൃഷ്ടിച്ചു. സ്വാഭാവികമായും ആഫ്രിക്കയിൽ നിന്നുമുള്ള അടിമവ്യാപാരം വീണ്ടും ശക്തമായി. അക്കാലത്ത് വടക്കേ അമേരിക്കയിൽ അടിമവ്യാപാരം അത്രവ്യാപകമായിരുന്നില്ല എങ്കിലും അടിമകളെ ആശ്രയിച്ചു നിലനിന്നിരുന്ന തെക്കേ അമേരിക്കയിലെ വൻകിട തോട്ടങ്ങളുടെ ഉടമകൾ അധികവും വടക്കേ അമേരിക്കയിലെ മുതലാളിമാരായിരുന്നു. സ്ഥാപനവല്കരിക്കപ്പെട്ട അടിമവ്യവസ്ഥയുടെ മുകളിലാണ് യൂറോപ്പിലെയും അമേരിക്കയിലെയും മുതലാളിത്തം വളർന്നു വലുതായത് . കൊടും ക്രൂരതയുടെ ആ കഥകൾ ഇന്ന് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അപ്പോസ്തലന്മാർ പക്ഷേ സൗകര്യപൂർവം വിസ്മരിക്കുന്നു എന്നുമാത്രം.

 

 

 

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − ten =

Most Popular