“നിങ്ങളൊരു സത്യവാനായ മനുഷ്യനായിരുന്നു.വയലുഴുമ്പോൾ സൂര്യപ്രകാശം നിങ്ങൾക്കു ചൂടുപകർന്നു. പക്ഷികൾ നിങ്ങൾക്കു വേണ്ടി ശബ്ദിച്ചു.പ്രഭാതത്തിൽ അരുണിമ കലർന്ന കുന്നുകൾക്കപ്പുറത്തേയ്ക്ക് നിങ്ങൾ നോക്കിനിന്നു. ദിനാന്ത്യത്തിൽ നീലത്താഴ് വരകളുടെ അകലത്തിലെ അസ്തമനത്തിലേയ്ക്കും………..”
(നാടകത്തിൽ നിന്നുള്ള തെണ്ടിയുടെ ഭാഷണം)
അമേരിക്കയിലെ ലിറ്റിൽ തിയേറ്റർ പ്രസ്ഥാനത്തിന് തുടക്കമിട്ട നാടകകൃത്തും സംവിധായകനുമാണ് കെന്നത്ത് സോയർ ഗുഡ്മാൻ (Kenneth Saw Yer Goodman ) അദ്ദേഹത്തിന്റെ ഓർമ്മയക്കായി ചിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പിൽക്കാലത്ത് “ഗുഡ് മാൻ തിയേറ്റർ’ നിർമ്മിക്കപ്പെട്ടു. അതിന്റെ പ്രവേശന ദ്വാരത്തിൽ ഗുഡ്മാന്റെ വാക്കുകൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. “പഴയദർശനങ്ങളെ സംരക്ഷിയ്ക്കാനും പുതിയവയെ കണ്ടെടുക്കാനും’ ഇതാണ് നാടകത്തെപ്പറ്റിയുള്ള ഗുഡ്മാന്റെ വാക്കുകൾ.
1918-ൽ മുപ്പത്തഞ്ചാമത്തെ വയസ്സിൽ മരിച്ച അദ്ദേഹത്തിന്റെ വിഖ്യാതമായ ഏകാങ്ക നാടകങ്ങളിൽ ഒന്നാണ് “ഡസ്‌റ്റ് ഓൺ ദി റോഡ്’ ഇതിന്റെ മലയാള പരിഭാഷയാണ് “പാതയിലെ മണ്ണ്’. മലയാളത്തിലേക്ക് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരാണ്.
ഒരു മറുഭാഷാ നാടകം സ്വഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്ന സാഹിത്യകാരന് പരിഭാഷ ശക്തമാകാൻ അരങ്ങിനെക്കുറിച്ചുള്ള അറിവും പ്രയോഗിക്കേണ്ട ഭാഷയുടെ ആവിഷ്കാരശക്തിയും പ്രധാനം വേണ്ടതാണ്.
ഒപ്പം മൂലകൃതിയിലെ സംഭാഷണ ശക്തിയുടെ കരുത്ത് നഷ്ടപ്പെടുകയും ചെയ്യരുത്. അരങ്ങിലേക്ക് നടീനടന്മാർക്ക് ഏതുവിധമുള്ള ശബ്ദക്രമീകരണമാണ് ആവിഷ്കരിക്കേണ്ടതെന്നും അത് അവരുടെ അഭിനയങ്ങൾക്ക് ഏതു രീതിയിൽ തുണയാകുമെന്നുമുള്ള വ്യക്തമായ അറിവും വേണം. സംഭാഷണങ്ങളിലൂടെയാണ് നാടകത്തിന്റെ ഉള്ളറിയാൻ പ്രേക്ഷകന് സാധിക്കുക. ഇതൊക്കെ വ്യക്തമായി അറിയാവുന്ന, അരങ്ങിനെക്കുറിച്ച് തികഞ്ഞ ബോധമുള്ള ഒരാളാണ് ഈ നാടകത്തിന്റെ പരിഭാഷ നിർവ്വഹിച്ച എം ടി എന്ന് നാടകം തെളിയിക്കുന്നു.
ആധുനിക നാടക സങ്കല്പ രീതിക്കിണങ്ങും വിധം ‘ഗോപുരനടയിൽ’ എന്ന സ്വതന്ത്ര നാടകരചന നിർവ്വഹിച്ചിട്ടുള്ള എം ടിയുടെ ശക്തമായ പരിഭാഷയാണ് എന്ന് നാടകം കാണുന്ന, വായിക്കുന്ന ആർക്കും വ്യക്തമാവും. മൂലകൃതിയുടെ ഉള്ളറിഞ്ഞ എഴുത്ത്. ശക്തവും രസകരവും മൂർച്ചയുള്ളതുമായ ഭാഷാ പ്രയോഗം. ഇതൊക്കെയാണ് നാടകത്തിന്റെ മേന്മ.
മുഖ്യ പ്രമേയമായ “വിശ്വാസവും, ചതിയും’ നാടകമാകെ നിറസാന്നിധ്യമായി നിലകൊള്ളുന്നു. ഇതിന്റെ സാമൂഹ്യപ്രാധാന്യം പ്രേക്ഷകരിലെത്തിക്കാൻ ശക്തമാകും വിധമുള്ള കഥാപാത്രങ്ങൾ. ബൈബിൾ പശ്ചാത്തലമായിട്ടുള്ള ഈ നാടകം ഒറ്റരംഗത്തിൽ ഒരു ക്രിസ്മസ്സ് രാത്രിയിൽ പ്രൂഡൻസ്, പീറ്റർ ദമ്പതികളുടെ കാർഷിക ഭവനത്തിലാണ് അരങ്ങേറുന്നത്. വിശ്വാസവഞ്ചനയുടെ കഥ പറയുന്ന നാടകത്തിൽ നാടകീയ വികാസത്തിന്റെ പൂർണതയ്ക്കു വേണ്ടി അടിസ്ഥാന ഇതിവൃത്തവുമായി ബന്ധപ്പെട്ട പ്രധാന കഥാപാത്രമാണ് തെണ്ടി. ഇതിവൃത്ത വികാസത്തിന് നാടകീയ അനുഭൂതി സൃഷ്ടിക്കാൻ കരുത്തുറ്റ കഥാപാത്രം.
കഥാഗതിക്ക് വഴിത്തിരിവുണ്ടാക്കാൻ ശ്രമിക്കുന്ന ഈ കഥാപാത്രത്തിന്റെ കടന്നുവരവ് ചില സന്ദർഭങ്ങളിൽ വൈകാരിക മൂർച്ച വർദ്ധിപ്പിക്കാനും, നാടകീയ മുഹൂർത്തങ്ങളുടെ തീയിൽ എണ്ണ ഒഴിക്കാൻ സഹായിക്കും വിധമുള്ള വിസ്താരങ്ങളും എടുത്തു പറയേണ്ടവ തന്നെ.
സ്വപ്നവും യാഥാർത്ഥ്യവും ഇടകലർന്ന രംഗാവതരണത്തിൽ തെണ്ടി എന്ന കഥാപാത്രത്തിന്റെ പ്രവേശനം മുതൽ ശുഭാന്തംവരെ പ്രേക്ഷക മനസ്സിൽ ഉടയാതെ നിലനില്ക്കും വിധമുള്ള സൂക്ഷ്മതയോടെയുള്ള എടുത്തു പറയേണ്ടതു തന്നെ. തനിക്കു കിട്ടിയ മുപ്പതു വെള്ളിക്കാശിന്മേൽ പുരണ്ട രക്തത്തിന്റെ നിലവിളിയാൽ ഭ്രാന്തനായി ആത്മഹത്യയിൽ അഭയം തേടിയ യൂദാസ് എന്ന ബൈബിൾ കഥാപാത്രമാണ് നാടകത്തിൽ തെണ്ടിയായി എത്തുന്നത്. ഗലീലിക്കാരനായ യൂദാസ് സ്കറിയോത്ത യേശുവിന്റെ ശിഷ്യന്മാരിലൊരാളാണ്. യേശുക്രിസ്തുവിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് ബൈബിൾ പറയുന്നു. ക്രിസ്തുവിനെ യഹൂദർ ശിക്ഷയ്ക്കു വിധിച്ചപ്പോൾ അതിൽ മനംനൊന്ത യൂദാസ് ആത്മഹത്യ ചെയ്തതായി മത്തായിയുടെ സുവിശേഷം പറയുന്നു.
ഈ നാടകത്തിലെ പ്രധാന കഥാപാത്രമായ തെണ്ടിയായ യൂദാസ് നന്മയിലേക്കാണ് മനുഷ്യരെ സ്വാഗതം ചെയ്യുന്നത്. പീറ്ററിന്റെ പട്ടാളക്കാരനായ ചങ്ങാതി യുദ്ധഭൂമിയിലേക്ക് പോകുംമുമ്പ് മുപ്പത് നൂറു ഡോളർ നോട്ടുകൾ വിശ്വസ്തനായ പീറ്ററെ ഏല്പിച്ചു.തിരിച്ചു വന്നില്ലെങ്കിൽ തന്റെ മകന് സ്വന്തമായി ഒരു ജീവിതം തുടങ്ങാൻ മറ്റാരെയും ആശ്രയിക്കാനിടവരരുതെന്നു പറഞ്ഞാണ് പണം ഏല്പിക്കുന്നത്. മകന് ഇരുപത്തൊന്ന് വയസ്സാകുമ്പോൾ അപ്രതീക്ഷിതമായി കിട്ടണമെന്നും പറഞ്ഞു. പക്ഷേ, വിശ്വസ്തതയോടെ പണം കൈപ്പറ്റിയ പീറ്റർ വാക്കുപാലിച്ചില്ല. പട്ടാളക്കാരന്റെ മകന് അവകാശപ്പെട്ട പണം തിരികെനൽകാതെ അതിന്റെ പലിശ കണക്കു കൂട്ടി ഞെട്ടി. ഒരു രേഖയുമില്ലാതെ പണം എന്തിന് തിരികെ കൊടുക്കണം എന്നു ചിന്തിച്ചു. അവകാശപ്പെട്ടവർക്കുള്ള പണം തിരികെ കൊടുക്കാൻ പീറ്ററെ ഉപദേശിക്കുന്ന നല്ലവനായ കഥാപാത്രമാണ് തെണ്ടി. മുപ്പത് വെള്ളിപ്പണത്തിന് ജീവിതത്തിന്റെ ആനന്ദം മുഴുവൻ പണയപ്പെടുത്താൻ എങ്ങനെ തോന്നിയെന്ന് പീറ്ററോട് ചോദിക്കുന്ന നല്ലവനായ കഥാപാത്രം. സ്വന്തം കടത്തിന്റെ കണക്കിൽ ഒരല്പം കുറവുണ്ടാവാൻ രക്ഷകനായി വരുന്ന യൂദാസ്.
വളരെ പ്രസക്തമായ നാടക ഇതിവൃത്തം ലളിതസുന്ദരമായി നാടകകൃത്ത് നിർവ്വഹിച്ചിരിക്കുന്നു. അത് ഹൃദയസ്പർശിയാം വിധം മനോഹരമായ കാവ്യഭാഷയിൽ വളരെ അർത്ഥവത്തായി എം ടിയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പുതിയ പ്രഭാതത്തിലേക്ക്, നന്മയിലേക്ക് പ്രേക്ഷക മനസ്സുകളെ എത്തിക്കുന്ന അതിസുന്ദരമായ നാടകമാണിത്. ♦