തുലാമാസത്തിന്റെ ആരംഭത്തിലാണ് കോതാമൂരിയാട്ടം എന്ന നാടൻ കലാ അവതരണം സാധാരണയായി കെട്ടിയാടാറുള്ളത്. ഏതാണ്ട് ഇരുപത് ദിവസത്തോളം കോതാമൂരി കോലം കെട്ടിയാടുന്ന നില തുടരാറുണ്ട്. മരംകൊണ്ടുണ്ടാക്കിയ പശുമുഖമുള്ള രൂപത്തിനകത്ത് കയറിനിന്ന് കോതാമൂരിക്ക് രൂപംനൽകുന്നു. മൃഗരൂപത്തോടൊപ്പമുള്ള മനുഷ്യനും തെയ്യത്തിന്റെ ചമയങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ തെയ്യത്തിന് ഉപയോഗിക്കുന്ന രീതിയിൽ ചമയത്തിൽ സൂക്ഷ്‌മാംശത്തിലേക്ക് ഇറങ്ങാറില്ല. ഇതോടൊപ്പം നാലഞ്ചാളുകൾ കൂടി ഉണ്ടാകും. ഒരാൾ വീക്ക് ചെണ്ട കൊട്ടി ഒന്നിച്ചുചേരുമ്പോൾ മറ്റുള്ളവർ പാട്ടുപാടി ഒന്നിക്കുകയാണ് പതിവ്. പാട്ടിന്റെ അവസാനത്തോടെ ചുവന്ന കുരുതിയുണ്ടാക്കി ഉഴിഞ്ഞ് നടുമുറ്റത്തേക്ക് ഒഴിക്കും.
നെല്ല്, പണം, തോർത്തുമുണ്ട് തുടങ്ങിയവയാണ് കോതാമൂരിയാട്ടത്തിന് ശേഷം പ്രതിഫലമായി സ്വീകരിക്കുക. ഗോപൂജയാണ് കോതാമൂരിയാട്ടത്തിന്റെ അടിസ്ഥാനമായി പരിഗണിക്കുന്നത്. സ്വർഗ്ഗലോകത്താണ് പശുവെന്നും അതിനെ വേദനിപ്പിച്ചാൽ ദുരന്തം ഏറ്റുവാങ്ങേണ്ടിവരുമെന്നും തോറ്റങ്ങളിലൂടെ ഓർമിപ്പിക്കുന്നുണ്ട്.
കോതാമൂരിയാട്ടത്തിന്റെ പാട്ടിൽ പറയുന്നത് ഇപ്രകാരമാണ്
എന്തെല്ലാം വിത്ത് പൊലിക‐ നല്ല
ചെന്നെല്ല് വിത്ത് പൊലിക
ചെന്നെല്ല് വിത്ത് പൊലിക‐ നല്ല
കുഞ്ഞിക്കയമ പൊലിക.
തൃച്ചെങ്ങൻ വിത്തു പൊലിക
വിരിപ്പ് നെല്ല് പൊലിക‐ നല്ല
എണ്ണക്കുഴമ്പൻ പൊലിക‐ നല്ല
നാരകൻ വിത്ത് പൊലിക
പൊൻകിളിവാലി പൊലിക‐ നല്ല
മുണ്ടകൻ നെല്ല് പൊലിക.
നവര പുഞ്ച പൊലിക‐ നല്ല
ചിറ്റേനി വിത്ത് പൊലിക
നാളികൻ വിത്ത് പൊലിക‐ നല്ല
പാൽക്കഴമ വിത്ത് പൊലിക
ഉണ്ണിക്കറുവ പൊലിക‐ നല്ല
കോയിവാലൻ വിത്ത് പൊലിക
ജീരകശാല പൊലിക.
ഇങ്ങനെ നമ്മുടെ കാർഷിക സംസ്‌കൃതിയുടെ ശീലങ്ങൾ ആകെയും പാട്ടിൽ പ്രതിഫലിക്കുന്നത് കാണാം. ഗോദാവരി പശു വന്ന ഇടങ്ങളിലെല്ലാം ധാന്യങ്ങളും ധനവും കുഞ്ഞുങ്ങളും പൊലിയട്ടെ എന്നാണ് പ്രാർഥന.
മലയസമുദായത്തിലെ അംഗങ്ങളാണ് സാധാരണയായി കോതാമൂരിയാട്ടവുമായി ഇറങ്ങാറ്. അത്യുത്തര കേരളത്തിൽ കെട്ടിയാടിയിരുന്ന നാടൻ കലാരൂപമായ കോതാമൂരിയാട്ടം ഇപ്പോൾ അത്യപൂർവമായേ കാണാനുള്ളൂ. തുലാം, വൃശ്ചിക മാസങ്ങളിൽ മലയസമുദായക്കാരായ തെയ്യം കലാകാരന്മാരാണ് കോതാമൂരിയാട്ടം എന്ന നാടോടി നൃത്തരൂപത്തിന്റെ അവതാരകർ. ഉർവതാനുഷ്‌ഠാനങ്ങളുമായി ഏറെ അടുത്തുനിൽക്കുന്ന നാടൻ കലാരൂപമായ കോതാമൂരിയാട്ടം ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽനിന്നും ആരംഭിച്ച് പ്രദേശത്തെ വീട്ടുമുറ്റങ്ങളിത്തിയാണ് അവതരണം നടത്തുന്നത്.
ഗോദാവരി എന്ന ശബ്ദത്തിന്റെ നാടൻ ഉച്ചാരണ രൂപം കോതാരിയായി പരിണമിക്കുന്നു. കോതാരി എന്നാൽ പശു അഥവാ പശുക്കൂട്ടം എന്നൊക്കെയാണ് അർഥം. കോതാരിയാട്ടം പരിഷ്‌കരിച്ച് കോതാമൂരിയാട്ടമായി രൂപാന്തരപ്പെട്ടുവെന്ന് ഗണിച്ചുപോരുന്നു.
ഗോദാവരി തീരത്തുനിന്നും വടക്കൻ കേരളത്തിൽ എത്തിച്ചേർന്ന ഗോപാലകർ അഥവാ കോലയന്മാർ ആരാധിച്ചുപോന്നിരുന്ന ദിവ്യമായ പശുവായിരിക്കും കോതാമൂരിയായതെന്ന് കരുതപ്പെടുന്നു. കന്നുകാലികൾക്കും സന്താനങ്ങൾക്കും കൃഷിക്കും ബാധിച്ചിരിക്കുന്ന ആധിവ്യാധികൾ അകറ്റി ക്ഷേമം കൈവരണമെന്ന ഉദ്ദേശ്യത്തോടെയാണ് ഗൃഹസന്ദർശനവും ആട്ടവും നടത്തിയിരുന്നതെന്ന് കരുതപ്പെടുന്നു. കർഷകർ നെല്ലളന്ന് പത്തായത്തിൽ നിറയ്‌ക്കുന്നതിനു മുമ്പേ കോതാമൂരിയാട്ടത്തിനു ചെന്നാലേ നന്നായി സഹായം കിട്ടൂവെന്നാണ് അത് കെട്ടിയാടുന്നവർ കരുതുന്നത്.
-
-
- *************
-
പൊതുവിൽ തുലാമാസം പത്തിന് ആരംഭിക്കുന്ന കോതാമൂരിയാട്ടം ആൺകുട്ടികൾ മാത്രമേ കെട്ടാറുള്ളൂ. കൂടെ രണ്ട് മാരിയപ്പന്മാർ കൂടി ചുരുങ്ങിയത് ഉണ്ടാകും. ചിലയിടങ്ങളിൽ അത് നാലുവരെ ഉണ്ടായേക്കും. പാട്ടുപാടി സഹായിക്കാനായി ചിലയിടങ്ങളിൽ ഒന്നിച്ച് സ്‌ത്രീകളും ഉണ്ടാകാറുണ്ട്. ചില സ്ഥലങ്ങളിൽ തൃച്ചംബരത്തപ്പൻ ഗോക്കളെക്കുറിച്ച് പാടും. പശുക്കളുടെ ആലയ്‌ക്ക് ചുറ്റും ചെന്ന് കോതാമൂരിയുടെ ആട്ടമുണ്ടാകും. വീടുകളിൽ കോതാമൂരി എത്തുമ്പോഴേക്കും വിളക്കും തളികയും നിറനാഴിയും മുറത്തിൽ നെൽവിത്തും ഒരുക്കിവെച്ച് സ്വീകരിക്കുകയാണ് പതിവ്. ശ്രീകൃഷ്‌ണസ്‌തുതിയിൽ തുടങ്ങി തൃച്ചംബരത്തപ്പൻ, അഗ്രശാലാമാതാവ് എന്നിവരെയും സ്‌തുതിക്കുന്നുണ്ട് പാട്ടുകളിൽ. ഈ നാടോടി കലയിലെ പ്രധാനപ്പെട്ട ഭാഗം പനിയരുടേതാണ്. ഹാസ്യാത്മക വേഷം ഇവർ സാധാരണ കൈകാര്യം ചെയ്യാറുണ്ട്. വീടുകളിൽ സ്വീകരിക്കാനായി ഒരുക്കിവെക്കുന്ന വിഭവങ്ങൾക്ക് ചുറ്റും കോതാമൂരിയും സംഘവും വലംവെക്കാറുണ്ട്. കോതാരിപ്പശുവിന്റെ പരിചാരകരാണത്രെ പനിയർ. പനിയരുടെ സാന്നിധ്യം ആദ്യാവസാനം ഉണ്ടാകും‐ ഗൃഹനായകനെയും നായികയെയും ആവോളം സ്‌തുതിച്ച് പുകഴ്‌ത്തി സ്വാധീനമുണ്ടാക്കി പ്രതിഫലത്തുക സ്വീകരിക്കുക എന്ന തന്ത്രം ഇവർ സ്വീകരിക്കുന്നു. എന്തും പറയാനുള്ള ഇവരുടെ സ്വാതന്ത്ര്യം കാരണം ‘കണ്ണന്പാളകെട്ടിയ പനിയരെപ്പോലെ’ എന്ന ശൈലിതന്നെയുണ്ടായി. ഭാവിയിൽ നല്ല സന്പത്തും നല്ല നാളും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവർ കോതാമൂരിയാട്ടം നടത്താറുണ്ട്. കാർഷികപ്രധാനമായ ജീവിതം നിലനിൽക്കുന്ന ഏതൊരു ഗ്രാമത്തിലും ഇത്തരം നാടോടി കലാരൂപവുമായി എത്തുന്നവർക്ക് പ്രതിഫലമായി നൽകാൻ നെല്ല് ഉൾപ്പെടെയുള്ള ധാന്യങ്ങൾ ഉണ്ടാകുമെന്നത് തർക്കമറ്റ കാര്യമാണ്.
മാത്രവുമല്ല, തെയ്യക്കോലം കെട്ടുന്നത് ഇല്ലാത്ത നാളുകളിൽ മലയ സമുദായക്കാർക്ക് നേരിയ ആശ്വാസവുമായിരുന്നു ഇത്തരം കലാ അവതരണങ്ങൾ. ഏകദേശം മുപ്പതുകൊല്ലം മുമ്പേ, തുലാമാസത്തിൽ ഉത്തര മലബാറിലെ വയൽവരന്പുകളിലൂടെയും ഇടവഴികളികളിലൂടെയും പ്രത്യക്ഷപ്പെട്ടിരുന്ന വീക്ക് ചെണ്ടയുടെ ശബ്ദം ഏതാണ്ട് നിലച്ച മട്ടാണ്. വിസ്‌മൃതിയിലാണ്ടുപോകുന്നു നാടോടി കലാരൂപത്തിന്റെ ഉണർത്തുപാട്ടുകൾ. ♦