മുറിവേറ്റവരുടെ പാതകൾ
എന്റെ യൂറോപ്യൻ രേഖാചിത്രങ്ങൾ
ഹരിത സാവിത്രി
പ്രസാധകർ: ഗ്രീൻ ബുക്‌സ്
വില: 200/‐ രൂപ
യാത്രകൾ നമുക്ക് എപ്പോഴും ആഹ്ലാദം നൽകുന്നതാണ്. പ്രകൃതിയുടെ വൈവിധ്യങ്ങളിലേക്ക്, ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്‌ത്രപരമായ സവിശേഷതകളിലേക്ക്, ജനജീവിതത്തിലേക്കും സംസ്‌കാരത്തിലേക്കുമുള്ള നേർക്കാഴ്‌ചകളാണ് യാത്രകൾ. അതുപോലെ തന്നെ നല്ല യാത്രാവിവരണങ്ങളും അത്തരത്തിലുള്ള ഒരനുഭൂതിയാണ് നമുക്ക് നൽകുക. മലയാളസാഹിത്യം മികച്ച നിരവധി യാത്രാവിവരണ കൃതികളാൽ സന്പന്നമാണ്.
എന്നാൽ നിലവിലുള്ള യാത്രാവിവരണങ്ങളുടെ പൊതു ശൈലിയിൽനിന്ന് തികച്ചും വേറിട്ടതാണ് ഹരിത സാവിത്രിയുടെ ‘‘മുറിവേറ്റവരുടെ പാതകൾ’’ എന്ന കൃതി. ഒരേസമയം മനുഷ്യമനസ്സുകളിലൂടെയും മണ്ണിലൂടെയുമുള്ള യാത്രയാണ് ഈ കൃതി. ഒപ്പം ഭരണകൂട ഭീകരതയോട് ഏറ്റുമുട്ടി മുറിവേൽക്കുന്നവരുടെ വേദനകളും ഈ കൃതി അടയാളപ്പെടുത്തുന്നു. ഏതെങ്കിലുമൊരു ഭൂപ്രദേശത്തിലേക്കുള്ള യാത്രയുടെ പുസ്‌തകമല്ലത്. മറിച്ച് ഗ്രന്ഥകാരി പരിചയപ്പെടുന്ന വ്യക്തികളുടെ ജീവിതപരിസരത്തിൽ നിന്നുകൊണ്ട് അവരുമായി ബന്ധപ്പെട്ട വിവിധ ഭൂവിഭാഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ് അവതരിപ്പിക്കുന്നത്. ഒപ്പം മനുഷ്യജീവിതത്തിന്റെ സുഖദുഃഖങ്ങളും കയറ്റിറക്കങ്ങളും ഇഴചേർന്ന് കാണാവുന്നതാണ്. അങ്ങനെയാണ് ഈ കൃതി മണ്ണിന്റെയും മനുഷ്യന്റെയും കഥയായി മാറുന്നത്. എന്നാൽ ഇത് ഓരോരുത്തരുടെയും ജീവിതകഥയല്ല, ജീവിതം തന്നെയാണ്.
സ്വന്തം ജീവിതംതന്നെ കേരളത്തിൽനിന്ന് സ്‌പെയിനിലേക്ക്, അതും ആ രാജ്യത്തെ ഒരുൾനാടൻ ഗ്രാമത്തിലേക്ക് പറിച്ചുനട്ട എളുത്തുകാരി തന്നെപ്പോലെ പ്രവാസജീവിതം നയിക്കുന്നവരുടെ ജീവിതമാണ് ഈ കൃതിയിൽ അനാവരണം ചെയ്യുന്നത്. ഒപ്പം അവരുടെ ജീവിതദുരിതങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും കൂടി നമ്മെ കൈപിടിച്ച് കൊണ്ടുപോവുകയാണ് ഹരിത.
കഥകളിയുടെ നാട്ടിൽനിന്ന് കാളപ്പോരിന്റെ നാട്ടിലേക്ക് ചേക്കേറിയ ഹരിത സാവിത്രി അവിടെ ഇരുന്നുകൊണ്ട് ആ നാട്ടുവിശേഷങ്ങൾക്കൊപ്പം മഞ്ഞുമൂടിയ ഫിൻലന്റിലേക്കും തുർക്കിയിലെ കുർദ് മേഖലകളിലേക്കും അർജന്റീനയിലെ സൈനിക സ്വേച്ഛാധിപത്യ കാലത്തേക്കുമെല്ലാം നമ്മെ നയിക്കുകയാണ്. അതീവ സുക്ഷ്‌മതയോടെയാണ് ഓരോ ജീവിതത്തെയും അടയാളപ്പെടുത്തുന്നത്. ഈ കൃതി ആരംഭിക്കുന്നത് ‘‘ഒരു ഹണിമൂൺ യാത്ര’’ എന്ന അധ്യായത്തോടെയാണ്. അത് തുടങ്ങുന്നതുതന്നെ ഇങ്ങനെ: ‘‘വിവാഹത്തിനു മുന്പുതന്നെ അച്ഛന്റെ അമ്മയായ ഔറിയയെക്കുറിച്ച് ഇവാൻ ഇടയ്‌ക്ക് പറയാറുണ്ടായിരുന്നു. ഞങ്ങൾ കണ്ടുമുട്ടുന്നതിനു തൊട്ടുമുന്പുള്ള തണുപ്പുകാലത്ത് ആ അമ്മുമ്മ മരിച്ചുപോയിരുന്നു’’. ഇവിടെ വായന തുടങ്ങുമ്പോൾ ഇതൊരു ഓർമപ്പുസ്‌തകമാണോയെന്ന് നമ്മൾ സംശയിച്ചുപോകും.
എന്തിനാണ് ഈ വരികൾ കുറിച്ചത് എന്നല്ലേ? വിവാഹം കഴിഞ്ഞ നാളുകളിൽ ഹരിതയും ഇവാനും തങ്ങളുടെ ഹണിമൂൺ ട്രിപ്പ് എവിടേക്കാവണമെന്ന ചർച്ച തുടങ്ങിയപ്പോൾ തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ഹരിതയ്‌ക്ക് പറയാൻ കഴിഞ്ഞത് ആ യാത്ര അമ്മുമ്മയുടെ നാടായ ലിയോണിലേക്കാകട്ടെ എന്നായിരുന്നു. ഇവാനും അക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടായില്ല. എന്നാൽ 800 കിലോമീറ്ററോളം വരുന്ന ആ യാത്ര വിമാനത്തിൽ വേണ്ടെന്നു മാത്രമല്ല, ബാഴ്‌സലോണയിൽനിന്ന് ലിയോണിലേക്കുള്ള ഹൈവേയിലൂടെയും വേണ്ട എന്ന കാര്യത്തിൽ തുടക്കത്തിൽതന്നെ ആ ദന്പതികൾ ധാരണയിലെത്തി. ആധുനിക സൗകര്യങ്ങളുള്ള കാറിലല്ല, മറിച്ച് ഔറിയയുടെയും ജീവിതപങ്കാളി എസ്‌തേവയുടെയും (ഇവാന്റെ അപ്പൂപ്പൻ) വയസ്സൻ ആമയെപ്പോലെ പൊടിപിടിച്ച് സുഷുപ്‌തിയിലായിരുന്ന കാരവനിൽ തന്നെയായിരിക്കണം യാത്രയെന്ന കാര്യത്തിൽ ഹരിതയ്‌ക്ക് നിർബന്ധമായിരുന്നു. ഔറിയയും അമ്മയും ലിയോണിൽനിന്ന് ബാഴ്‌സലോണയിലേക്ക് ഒരു ട്രക്കിൽ കയറി വന്നതിന്റെ ഓർമയാണ് ദശകങ്ങൾക്കുശേഷം അവരുടെ കൊച്ചുമകന്റെ ജീവിതപങ്കാളി പുനരാവിഷ്‌കരിക്കാൻ ശ്രമിച്ചത്. യാത്രയെക്കുറിച്ച് ഹരിത എഴുതുന്നു‐ ‘‘യാത്ര, ഇവാൻ പറഞ്ഞതുപോലെ നരകമായിരുന്നു. തീപോലെ പൊള്ളുന്ന ചൂടിൽ മരുഭൂമിയിലൂടെയുള്ള വഴിയിലുടനീളം ആ പഴഞ്ചൻ കാരവൻ മുക്കിയും മൂളിയും പ്രതിഷേധമറിയിച്ചുകൊണ്ടേയിരുന്നു. സൂര്യതാപത്തിൽനിന്ന് സംരക്ഷണമേകാനുള്ള ക്രീമുകൾ തേച്ചുപിടിപ്പിച്ചിട്ടും എന്റെ ശരീരമാകെ ചുവന്നു കരുവാളിച്ചു….. പക്ഷേ, മരുഭൂമി കഴിഞ്ഞതോടെ യാത്ര രസകരമായിത്തുടങ്ങി’’. ഒടുവിൽ അമ്മൂമ്മയുടെ നാട് തേടിപ്പിടിച്ച് ആ നാട്ടുകാരുടെ ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങി അവർ മടങ്ങി.
അതിവൈകാരികതയിൽ ചാലിക്കാതെ, കാടുംപടലും വലിച്ചിടാതെ സംഭവത്തിന്റെ സത്തമാത്രം മനോഹരമായി അവതരിപ്പിക്കുന്ന ഹരിതയുടെ ശൈലി അതീവ ഹൃദ്യമാണ്. ഈ ആദ്യ അധ്യായംതന്നെ തുടർന്നങ്ങോട്ടുള്ള പേജുകൾ വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
ഇവാന്റെ സഹപാഠിയായ ആന്ദ്രേയെന്ന ചെറുപ്പക്കാരൻ താമസിക്കുന്ന, അയാൾ അതിനായി സ്വയം തെരഞ്ഞെടുത്ത കൊടുംതണുപ്പുള്ള ധ്രുവപ്രദേശത്ത് സാന്താക്ലോസിന്റെ നാടായി അറിയപ്പെടുന്ന ലാപ്പ്‌ലാന്റിലെ ഒരു ചെറുഗ്രാമത്തിൽ റെയിൻഡിയറുകളെയും വളർത്തി ജീവിക്കാൻ തീരുമാനിച്ചതെന്തുകൊണ്ട് എന്നാണ് ‘‘ധ്രുവമനുഷ്യൻ’’ എന്ന അധ്യായത്തിൽ വിവരിക്കുന്നത്. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇവിടെ ഇങ്ങനെ കഴിയുന്നത് എന്ന ഹരിതയുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് ആന്ദ്രേയുടെ മറുപടി അയാൾ അവിടെയെത്തിയ കാലത്തെ ഡയറിക്കുറിപ്പുകൾ ആയിരുന്നു. ആ ഡയറിക്കുറിപ്പുകൾ മലയാളത്തിലാക്കി അയാളുടെ ജീവിതവും ധ്രുവപ്രദേശത്തെ പ്രകൃതിയെയും മനുഷ്യരെയും അവതരിപ്പിക്കുകയാണ് എഴുത്തുകാരി. ഫിൻലാൻഡിലെ ആ ഉൾനാടൻ ഗ്രാമത്തിലേക്കുള്ള യാത്രയെക്കുറിച്ചും എഴുതുന്നുണ്ട്. ആ ധ്രുവപ്രദേത്ത്, ധ്രുവക്കരടികൾ ഭയപ്പാടായി വന്നെത്തുന്ന പ്രദേശത്ത്, അവിടെത്തെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകുന്ന, നേരം ഇരുട്ടാകുമ്പോൾ മുയലുകളെയും കാട്ടുകോഴികളെയും നീർനായയെയും പിടിക്കാനുള്ള കെണികളുമായി കാട്ടിലേക്ക് പോകുന്ന ആന്ദ്രേയെയും അയാളെ അവിടെ എത്തിച്ച ദാരിദ്ര്യത്തെയും ഉള്ളിൽ തട്ടുംവിധമാണ് ഈ ഡയറിക്കുറിപ്പുകളിലൂടെ ഹരിത നമുക്കു മുന്നിൽ തുറന്നുവയ്‌ക്കുന്നത്.
സ്വാതന്ത്ര്യത്തിനായി പൊരുതുന്ന അടിച്ചമർത്തപ്പെട്ട ബാസ്‌ക് ജനതയുടെ ജീവിതവും ഒപ്പം ബാഴ്‌സിലോണയിൽനിന്ന് ബാസ്‌ക് കൗണ്ടിയിലേക്കുള്ള കൂട്ടുകാരി ആഗയുമൊത്തുള്ള യാത്രയുമാണ് ‘‘യോയെസ്’’ എന്ന അധ്യായത്തിൽ അടയാളപ്പെടുന്നത്തുന്നത്. ‘‘നീലനിറത്തിലുള്ള ആകാശവും ആട്ടിൻപറ്റങ്ങളെപ്പോലെയുള്ള മേഘങ്ങളെയും’’ പിന്നിട്ട് ‘‘പിരമിഡ് രൂപത്തിലുള്ള പർവത’’ത്തെയും കടന്ന് യോയെസ് എന്ന പേരിൽ പ്രശസ്‌തയായ വിപ്ലവ വനിതയുടെ നാട്ടിലാണെത്തുന്നത്.
ഫാസിസ്റ്റ് സ്വേച്ഛാധിപതിയായ ഫ്രാങ്കോയുടെ അടിച്ചമർത്തലിനെതിരെ പൊരുതിയ ‘എത്ത’ എന്ന വിപ്ലവസംഘത്തെയും അതിലംഗമായി ജനിച്ച, മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി യുദ്ധംചെയ്‌ത് ഒടുവിൽ ഒരു സാധാരണ ജീവിതം കൊതിച്ച കുറ്റത്തിന് അതേ വിപ്ലവസംഘത്തിലെ സമരസഖാക്കളുടെ വെടിയുണ്ടയേറ്റ് മൂന്നുവയസ്സുള്ള സ്വന്തം കുഞ്ഞിന്റെ മുന്നിൽ പിടിഞ്ഞുവീണു മരിക്കേണ്ടിവന്ന ഡോളോറൈസ് ഗോൺസാലെസ് കാതറൈൻ എന്ന യോയെസിന്റെ ജീവിതത്തെയും ഹരിത ഇതിൽ അടയാളപ്പെടുത്തുന്നു. സ്വയം നിർണയാവകാശത്തിനായി ബാസ്‌ക് ജനതയുടെ സ്വത്വം ഉയർത്തിപ്പിടിച്ച് ഫ്രാങ്കോ സ്വേച്ഛാധിപത്യത്തിനെതിരെയും ഫ്രാങ്കോയുടെ മരണാനന്തരം പുതിയ ഭരണാധികാരികൾക്കെതിരെയും നടത്തുന്ന പോരാട്ടങ്ങളെയും അതിൽ മുറിവേറ്റു വീഴുന്നവരുടെയും ജീവിതം അടയാളപ്പെടുത്തുന്നതിനൊപ്പം അവിടത്തെ മണ്ണിലേക്കും പ്രകൃതിയിലേക്കും കൂടി ഹരിത നമ്മെ എത്തിക്കുന്നു.
‘‘മമ്മാസിത്ത’’ എന്ന അധ്യായത്തിൽ ജൂലിയൻ എന്ന അർജന്റീനക്കാരന്റെ ജീവിതത്തിലൂടെ ഹരിത 1970‐1980കളിൽ ആ രാജ്യത്ത് നിലനിന്ന പട്ടാള സ്വേച്ഛാധിപത്യവാഴ്‌ചയുടെ നിഷ്‌ഠുരതകളിലേക്കും അതിനെതിരെ നടന്ന അമ്മമാരുടെ പോരാട്ടത്തിലേക്കും നമ്മെ എത്തിക്കുന്നു. ‘‘മരണം അർജന്റീനയിലെ കാറ്റിൽപോലും അന്ന് തങ്ങിനിന്നിരുന്നു’’ എന്ന അടയാളപ്പെടുത്തലിൽ തന്നെയുണ്ട് അക്കാലത്തെ ഭീകരമായ അവസ്ഥയെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ. ഭീകരവാദബന്ധം ആരോപിച്ച് പെൺകുട്ടികളെ പിടികൂടി തടങ്കലിലാക്കുകയും പട്ടാളക്കാർ പലർ ചേർന്ന് പീഡിപ്പിക്കുകയും ഗർഭിണിയായാൽ പ്രസവം കഴിഞ്ഞും ഇല്ലെങ്കിൽ താൽപര്യമില്ലാതാകുമ്പോഴും കൊന്നുകളഞ്ഞിരുന്ന ആ ആസുരകാലത്ത് പട്ടാള ക്യാന്പിൽ ജന്മംകൊണ്ടവനാണ് ജൂലിയൻ. ഡിഎൻഎ ടെസ്റ്റ് നടത്തി സ്വന്തം മാതാവിനെ കണ്ടെത്താൻ വിധിക്കപ്പെട്ട ഹതഭാഗ്യൻ.
ലിലാൻ എന്ന കുർദ് പെൺകുട്ടിയുടെ ജീവിതത്തിലൂടെ തുർക്കിയിലെ കുർദുകൾ നേരിടുന്ന പീഡനങ്ങളിലേക്കും അതിനെതിരെ പൊരുതിയിരുന്ന വൈപിജെ എന്ന പെൺ ഗറില്ലാസംഘടനയുടെ പോരാട്ടങ്ങളിലേക്കും വിരൽചൂണ്ടുന്നു ‘‘ലിലാൻ’’ എന്ന അധ്യായത്തിൽ.
മിനിസ്‌ട്രോളിലേക്കുള്ള കാർയാത്രയ്‌ക്കിടെ ‘‘ആരെയും ഉന്മത്തരാക്കുന്ന വന്യസൗന്ദര്യവും ഭയപ്പെടുത്തുന്ന കാഴ്‌ചകളും കണ്ട് നീങ്ങിയ ഹരിത വഴിയിൽ ഒരു പർവതാരോഹകസംഘത്തിലെ ഒരാൾ കൈതെറ്റി കൊക്കയിലേക്ക് വീണതും ഒരു ഹെലികോപ്‌റ്റർ പൈലറ്റ് സാഹസികമായി പലവട്ടം ശ്രമിച്ച് ഒടുവിൽ മൃതപ്രായനായ ആ മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നതും അപ്പോഴും തങ്ങളുടെ ദൗത്യം തുടരുന്ന മറ്റു പർവതാരോഹകരുടെ ദൃഢനിശ്ചയവും അവതരിപ്പിക്കുമ്പോഴും പ്രകൃതിയുടെ മനോഹാരിതയെയും മനുഷ്യന്റെ ഇച്ഛാശക്തിയെയുമാണ് ഹരിത വ്യക്തമാക്കുന്നത്.
പാരീസിലെ സീൻ നദിക്കരയിലൂടെയുള്ള യാത്രക്കിടയിൽ ആ നദിയിലാകെ കലർന്ന മാലിന്യങ്ങൾ കാണുമ്പോൾ കേരളത്തിൽ തന്റെ ഗ്രാമത്തിലൂടെ ഒഴുകിയിരുന്ന പുഴയിലെ തെളിനീരിനെക്കുറിച്ചും പിന്നീടത് മലിനമാക്കപ്പെട്ടതിനെക്കുറിച്ചും ഓർക്കുന്ന ഹരിത, അവിടെ കണ്ടുമുട്ടുന്ന ബോയെന്ന വൃദ്ധനായ വയലിനിസ്റ്റിന്റെ അന്തരിച്ച ജീവിതപങ്കാളി മാലിനിയെന്ന ഇന്ത്യക്കാരിയാണെന്ന് അത്ഭുതത്തോടെ തിരിച്ചറിയുന്നു.
സ്‌പെയിനിലെ മരിനാലോദയെന്ന കമ്യൂണിസ്റ്റ് ഗ്രാമത്തെയും അതിന്റെ മേയർ ജുവാൻ മാനുവൽ സാഞ്ചസ് ഗോർദില്ലോയെയും പരിചയപ്പെടുത്തുന്ന ഹരിത സ്വന്തം പ്രദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന കാറ്റലോണിയൻ ജനതയുടെ സമാധാനപരമായ, ഗാന്ധിയൻ മാർഗത്തിലൂടെയുള്ള സമരത്തെയും ഈ കൃതിയിൽ അടയാളപ്പെടുത്തുന്നുണ്ട്.
‘‘മിരയ്യ എന്നെയും യോഹാനെയും സ്‌നേഹിക്കുന്നു; ഞാൻ അവളെയും അവനെയും സ്‌നേഹിക്കുന്നു. യോഹാൻ ഞങ്ങളെ രണ്ടുപേരെയും സ്‌നേഹിക്കുന്നു’’ എന്ന് പറയുന്ന ക്ലാരയുടെ കഥയിലൂടെ മനുഷ്യബന്ധങ്ങളുശട വൈചിത്ര്യത്തെയാണ് ഹരിത വെളിപ്പെടുത്തുന്നത്.
ഇത്തരത്തിൽ വിവിധങ്ങളായ വിഷയങ്ങളിലൂടെ മനുഷ്യമനസ്സുകളിലേക്കും പ്രകൃതിയിലേക്കും കന്നുപോകുന്ന എഴുത്തുകാരി മനുഷ്യപക്ഷ രാഷ്‌ട്രീയത്തെയും മനുഷ്യന്റെ അദമ്യമായ സ്വാതന്ത്ര്യദാഹത്തെയും അതിമനോഹരമായ ഭാഷയിൽ അവതരിപ്പിക്കുന്നു. യാത്രാവിവരണം എന്ന സാഹിത്യശാഖയുടെ വേറിട്ടൊരു ശൈലിയും മുഖവുമാണ് ഹരിത സാവിത്രിയുടെ ‘‘മുറിവേറ്റവരുടെ പാതകൾ’’. വായന തുടങ്ങിയാൽ അവസാനത്തെ വരിയെത്താതെ അവസാനിപ്പിക്കാൻ കഴിയാത്തത്ര ഹൃദ്യമാണ് ഇതിന്റെ ആഖ്യാനശൈലി. ♦